Monday 15 October 2012

ഈ മര്യാദകള്‍ പാലിച്ചുകൂടേ നമുക്ക്‌

സത്യം അറിയാനും അറിയിക്കാനുമാണ്‌ ആശയ സംവാദങ്ങള്‍. ജയിക്കാനും തോല്‍പിക്കാനും വേണ്ടിയല്ല. തെറ്റില്‍ നിന്ന്‌ ശരിയിലേക്കും ശരിയില്‍ നിന്ന്‌ കൂടുതല്‍ ശരിയിലേക്കുമുള്ള വളര്‍ച്ചയാകണമതിന്റെ ലക്ഷ്യം. അതിന്‌ സഹായകമാകുന്ന ഭാഷയും ശൈലിയും ഉപയോഗിക്കണം. അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയും വേണം. മറ്റുള്ളവരെ തോല്‍പിക്കുക സംവാദത്തിന്റെ ലക്ഷ്യമാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്‌ഫലമായിത്തീരുക മാത്രമല്ല, വഴിതെറ്റിപ്പോകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അന്തസുള്ള ആശയ സംവാദത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്‌.

1) സത്യസന്ധത മുറുകെ പിടിക്കുക. സത്യവിശ്വാസിയുടെ മുഖമുദ്രയാണ്‌ സത്യസന്ധത. `എത്ര കയ്‌പേറിയതാണെങ്കിലും സത്യം പറയുക' എന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. നമ്മുടെ വാദങ്ങള്‍ക്ക്‌ അടിസ്ഥാനമായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ പൂര്‍ണമായും ശരിയാണെന്ന്‌ ഉറപ്പു വരുത്തണം. ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികള്‍, പ്രസംഗഭാഗങ്ങള്‍, സംഭവ വിവരണങ്ങള്‍ തുടങ്ങിയവയില്‍ കണിശമായും സത്യസന്ധത പാലിക്കണം. വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി കളവു പറയരുത്‌. കൃത്യമായി ബോധ്യപ്പെടാത്ത തെളിവുകള്‍ അവതരിപ്പിക്കരുത്‌. ഒരു ഉദ്ധരണിയില്‍ നിന്ന്‌ തനിക്ക്‌ എതിരുള്ള ഭാഗം വെട്ടിക്കളഞ്ഞ്‌ അനുകൂലമായവ മാത്രം ഉദ്ധരിക്കുന്നത്‌ സത്യസന്ധതയല്ല. ഇന്ന്‌ വിമര്‍ശനങ്ങളില്‍ പലരും സ്വീകരിക്കാറുള്ള തെറ്റായ തന്ത്രമാണിത്‌. ഇമാം വകീഉബ്‌നുല്‍ജര്‍റാഹ്‌ പറയുകയുണ്ടായി: ``ജ്ഞാനികള്‍ തങ്ങള്‍ക്ക്‌ അനുകൂലമായതും പ്രതികൂലമായതും ഉദ്ധരിക്കും. എന്നാല്‍ സ്വാര്‍ഥികള്‍ തങ്ങള്‍ക്ക്‌ അനുകൂലമായതു മാത്രം പകര്‍ത്തിയെഴുതും'' (അസ്സിയറു ലിദ്ദാറഖുത്‌നി-10/249). പ്രസംഗത്തില്‍ ഒരിക്കല്‍ മാത്രം പറഞ്ഞ വാചകം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പലതവണ ആവര്‍ത്തിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്‌. പലഭാഗങ്ങള്‍ മുറിച്ചെടുത്ത്‌ ഒന്നിച്ചുചേര്‍ത്ത്‌ വീഡിയോകള്‍ നിര്‍മിക്കുന്നു ചിലര്‍. എല്‍.സി.ഡി പ്രൊജക്‌ടറുകള്‍ ഉപയോഗിച്ചു നടത്തുന്ന വിമര്‍ശന പ്രസംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുള്ള വീഡിയോകളില്‍ കാണിക്കുന്ന കൃത്രിമങ്ങളും കള്ളത്തരങ്ങളും ഏറെയാണ്‌. ഒരു പുസ്‌തകത്തിലെ ഉദ്ധരണിയില്‍ കാണിക്കാന്‍ കഴിയുന്ന കൃത്രിമങ്ങളെക്കാള്‍ വളരെ കൂടുതലാണിത്‌. ഇതൊക്കെ ഇസ്‌ലാം വിലക്കിയ കളവിന്റെ പരിധിയില്‍ വരുമെന്ന ബോധം ചിലര്‍ക്കെങ്കിലും ഇല്ലാതെ പോകുന്നു. ഇമാം കൗസരി പറയുകയുണ്ടായി: ``ഒരു പണ്ഡിതന്റെ ഒന്നാമത്തെ നിര്‍ബന്ധ ബാധ്യതയാണ്‌ ഉദ്ധരണികളിലെ വിശ്വസ്‌തത'' (മഖാലാത്തുല്‍ കൗസരി-പേജ്‌:38).

2) നീതി പാലിക്കുക. ഏറ്റവും വലിയ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ്‌ നീതി. വിമര്‍ശനങ്ങളില്‍ പലപ്പോഴും നഷ്‌ടപ്പെടുന്നതും അതുതന്നെ. ``അല്ലാഹു നീതിയും നന്മയും കല്‍പിക്കുന്നു....'' (ഖുര്‍ആന്‍) എന്ന ആയത്ത്‌ ആശയസംവാദങ്ങളില്‍ ഏറെ പ്രസക്തമാണ്‌. സഹോദരന്റെ അവകാശങ്ങള്‍ അവന്‌ നല്‍കുന്നതാണ്‌ നീതി. ഒരാളുടെ വിശ്വാസങ്ങളും വാദങ്ങളും എന്താണെന്ന്‌ പറയാനുള്ള അവകാശം അയാള്‍ക്കുതന്നെ വകവെച്ചുകൊടുക്കുക, തന്റെ വാദങ്ങള്‍ ഒരാള്‍ വിശദീകരിച്ചു കഴിഞ്ഞാല്‍ അത്‌ മുഖവിലക്കെടുക്കുക, ഒരാള്‍ക്ക്‌ ഇല്ലാത്ത വാദങ്ങള്‍ അയാളില്‍ ആരോപിക്കാതിരിക്കുക, ഉദ്ധരണികളില്‍ കൃത്രിമം കാണിക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയവ സംവാദത്തിലെ നീതിയില്‍പെട്ടതാണ്‌. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലും എതിരാളികളുടെ വിമര്‍ശനങ്ങളെ ആധാരമാക്കിയും ഒരാളുടെ വാദങ്ങളെക്കുറിച്ച്‌ നിലപാട്‌ എടുക്കുന്നതും വിമര്‍ശിക്കുന്നതും അനീതിയാണ്‌. ലഭ്യമായ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക, സാധ്യമാകുന്നിടത്തോളം ആളുകളില്‍നിന്ന്‌ നേരിട്ടുതന്നെ അവരുടെ നിലപാട്‌ മനസിലാക്കുക, മൂലഗ്രന്ഥങ്ങള്‍ പരിശോധിക്കുക, വാക്കുകള്‍ വളച്ചൊടിക്കാതിരിക്കുക തുടങ്ങിയവ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിലെ നീതിയില്‍പ്പെടുന്നു. വ്യക്തികളോ സംഘടനകളോ തത്ത്വത്തിലോ പ്രയോഗത്തിലോ തിരുത്തിക്കഴിഞ്ഞ പഴയ നിലപാടുകളുടെ പേരില്‍ അവരെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്‌ അനീതിയാണ്‌.
ഒരു വ്യക്തിയോടോ സംഘടനയോടോ നമുക്കുള്ള വിയോജിപ്പ്‌ അവരോട്‌ അനീതി കാണിക്കാന്‍ കാരണമാകരുത്‌. അത്തരം അനീതികള്‍ തഖ്‌വ ചോര്‍ന്നു പോകുന്നതിന്റെ അടയാളമാണ്‌. ഖുര്‍ആന്‍ പറയുന്നു: ``ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോട്‌ അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്‌. നിങ്ങള്‍ നീതി കാണിക്കുക. അതാണ്‌ തഖ്‌വയോട്‌ ഏറ്റവും അടുത്ത്‌ നില്‍ക്കുന്നത്‌'' (5:8). ഹമ്പലി മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുഅബ്‌ദില്‍ ഹാദി പറയുന്നു: ``പക്ഷപാതിത്വം ഉപേക്ഷിക്കുകയും നീതിപാലിക്കുകയും ചെയ്യുന്നത്‌ അറിവ്‌ അന്വേഷിക്കുന്നവന്റെ ഏറ്റവും വലിയ അലങ്കാരമാണ്‌'' (നസ്വ്‌ബുര്‍റായ 1/355). സംസാരത്തിലും എഴുത്തിലുമുള്ള വൈകല്യങ്ങളില്‍ നിന്ന്‌ നീതിബോധം വ്യക്തികളെ സംരക്ഷിക്കുന്നു. ഒരാള്‍ക്കുള്ള അറിവും സ്ഥാനവും വകവെച്ചുകൊടുക്കണം. നമുക്ക്‌ വിയോജിപ്പുള്ളതുകൊണ്ട്‌ അദ്ദേഹത്തെ വിഡ്‌ഢി, തീവ്രവാദി എന്നൊക്കെ വിളിക്കുന്നത്‌ അനീതിയാണ്‌. ഇമാം അബൂഹനീഫയോട്‌ വിയോജിക്കുന്ന ഹമ്പലി പക്ഷക്കാരുടെ നേതാവായിരുന്ന ഇമാം യഹ്‌യബ്‌നു സഈദല്‍ഖത്വാന്‍ പറയുകയുണ്ടായി: ``ഞങ്ങള്‍ അല്ലാഹുവെ കളവാക്കുകയില്ല. ഇമാം അബൂഹനീഫയുടെ അഭിപ്രായങ്ങളില്‍ നിന്ന്‌ നല്ലതെന്ന്‌ തോന്നുന്നത്‌ ഞങ്ങള്‍ അംഗീകരിക്കും'' (താരീഖുഇബ്‌നു മുഈന്‍ 2/607). ഇമാം യഹ്‌യബ്‌നു മുഈന്‍ പറയുന്നു: ``മാലികിനെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം ഇമാം ആയിരുന്നു. ശാഫിഈയെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു. അബൂഹനീഫക്ക്‌ അല്ലാഹു കരുണ ചൊരിയട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു'' (അതേ പുസ്‌തകം 2/163, അല്‍ഇന്‍തിഖാഅ്‌-67).

3) വിയോജിപ്പിന്റെ മേഖല നിര്‍ണയിക്കുക. എതിരഭിപ്രായങ്ങളുള്ള വിഷയങ്ങള്‍ ഏതൊക്കെയാണെന്നും, അതില്‍ തന്നെ ഏതേതു പോയിന്റുകളിലാണ്‌ ഭിന്നതയുള്ളതെന്നും കൃത്യമായി നിര്‍ണയിച്ചശേഷമേ ആശയസംവാദങ്ങളില്‍ ഏര്‍പ്പെടാവൂ. അത്‌ ചര്‍ച്ചകള്‍ സുഗമവും സുതാര്യവുമാക്കും. യോജിപ്പുള്ള വിഷയങ്ങളില്‍ സഹകരിക്കാവുന്ന അവസ്ഥ സൃഷ്‌ടിക്കും. കൃത്യത വരുത്താതെ വിമര്‍ശിക്കാന്‍ തുനിയുന്നതാണ്‌ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ പലപ്പോഴും കാരണമാകുന്നത്‌. ചര്‍ച്ചകള്‍ കാടുകയറിപ്പോകാനും പുതിയ വിയോജിപ്പുകള്‍ സൃഷ്‌ടിക്കപ്പെടാനും ഇത്‌ വഴിവെക്കുന്നു. നിര്‍ണിത വിഷയങ്ങളില്‍നിന്ന്‌ ചര്‍ച്ചകള്‍ വഴിമാറിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിഷയങ്ങള്‍ ബോധപൂര്‍വം വഴിതിരിച്ചുവിടുന്നത്‌ ആരോഗ്യകരമായ സംവാദരീതിയല്ല.

4) ഉദ്ദേശ്യ ശുദ്ധിയെ നിഷേധിക്കരുത്‌. നമ്മുടെ വിയോജിപ്പ്‌ ആളുകളുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കാരണമാകരുത്‌. തെറ്റായ കാര്യങ്ങള്‍ എന്ന്‌ നാം കരുതുന്ന പലതും ശരിയായ ദീനീ പ്രവര്‍ത്തനം എന്ന നിലയിലും ആത്മാര്‍ഥതയോടെയുമായിരിക്കും പലരും നിര്‍വഹിക്കുന്നുണ്ടാവുക. ചിലരില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും അത്‌ വിയോജിപ്പുള്ള എല്ലാവരുടെയും ഉദ്ദേശ്യശുദ്ധിയെ ഒരുപോലെ നിഷേധിക്കാന്‍ കാരണമാക്കാവതല്ല. നാം മറ്റൊരാളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ തിരിച്ച്‌ ഇങ്ങോട്ടും അതേ നിലപാട്‌ സ്വീകരിക്കാം. അത്‌ വെറുപ്പിനും ശത്രുതക്കും കാരണമാകും. അതുകൊണ്ട്‌, സ്വന്തം ഉദ്ദേശ്യശുദ്ധി മറുപക്ഷക്കാരെ ബോധ്യപ്പെടുത്തുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെ നിഷേധിക്കാതിരിക്കുകയും ചെയ്യുക. ഇഖ്‌ലാസ്വ്‌ എല്ലാറ്റിന്റെയും അടിസ്ഥാനമാണല്ലോ. ``ദീന്‍ അല്ലാഹുവിന്‌ മാത്രമാക്കികൊണ്ട്‌ ആത്മാര്‍ഥതയോടെ അവന്‌ ഇബാദത്ത്‌ ചെയ്യുക'' (ഖുര്‍ആന്‍: 98/5).
5) തുല്യാവസരം നല്‍കുക. തന്റെ പക്ഷം വിശദീകരിക്കാന്‍ എടുക്കുന്ന അത്രയും സമയമോ അതിലേറെയോ മറുവീക്ഷണം പ്രകടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക്‌ നല്‍കണം. ഇടക്കു കയറി സംസാരിക്കുക, ബഹളം വെച്ചുകൊണ്ട്‌ സംസാരം തടസപ്പെടുത്തുക തുടങ്ങിയവ മാന്യതക്ക്‌ നിരക്കാത്തതാണ്‌. നാം പറയുന്നത്‌ മറ്റുള്ളവര്‍ ശ്രദ്ധിച്ചു കേള്‍ക്കണം എന്ന്‌ ആഗ്രഹിക്കുന്നപോലെ, മറ്റുള്ളവര്‍ പറയുന്നത്‌ നാമും സൂക്ഷ്‌മതയോടെ കേള്‍ക്കണം. ഇത്‌ മറുവീക്ഷണക്കാരോട്‌ കാണിക്കുന്ന നീതിയും ആദരവുമാണ്‌.

6) അനാവശ്യ പ്രയോഗങ്ങള്‍ ഉപേക്ഷിക്കുക. വിഷയങ്ങള്‍ വൈജ്ഞാനികമായും അവധാനതയോടെയും അവതരിപ്പിക്കുക. അധിക്ഷേപം, വ്യക്തിഹത്യ, പരിഹാസം, നിന്ദ തുടങ്ങി ഇസ്‌ലാം വിലക്കിയ ദുഃസ്വഭാവങ്ങള്‍ തീര്‍ത്തും വര്‍ജിക്കുക. വലിയ മതപണ്ഡിതരെന്ന്‌ സ്വയം അവകാശപ്പെടുന്നവരും അനുയായികള്‍ പുകഴ്‌ത്തുന്നവരും സ്റ്റേജിലും പേജിലും നടത്തുന്ന വാക്‌പ്രയോഗങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മുടെ തൊലിയുരിഞ്ഞ്‌ കളയുംവിധം തരംതാഴ്‌ന്നുപോകാറുണ്ട്‌. ഇങ്ങനെയൊക്കെ തര്‍ക്കിച്ചു കൊണ്ട്‌ മതസംഘടനകള്‍ ഏതു ദീനാണ്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌? അഭിപ്രായ ഭിന്നത ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഹസ്രത്ത്‌ ബിലാലിനെ, `കറുത്തവളുടെ മകനേ' എന്നുവിളിച്ച സ്വഹാബിയെ നബി കടുത്ത ഭാഷയില്‍ ശാസിക്കുകയുണ്ടായി. `നിന്നില്‍ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശമുണ്ട്‌' എന്നാണ്‌ നബി(സ) പറഞ്ഞത്‌. ഇതിലേറെ കടുത്ത പ്രയോഗങ്ങള്‍ മതവേദികളില്‍ കേള്‍ക്കേണ്ടിവരാറുണ്ട്‌, അതൊഴിവാക്കണം. ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ പേറി നടക്കുന്നത്‌ മതപണ്ഡിതര്‍ക്ക്‌ ചേര്‍ന്നതല്ലല്ലോ.

7) സാഹോദര്യം കാത്തു സൂക്ഷിക്കുക. ഒരു സത്യവിശ്വാസിയോടുള്ള സാഹോദര്യ ബന്ധത്തിന്‌ സംവാദത്തിലൂടെ കോട്ടം തട്ടരുത്‌. ബന്ധങ്ങള്‍ മുറിച്ചു കളയരുത്‌. സ്‌നേഹവും സൗഹാര്‍ദവും വിയോജിപ്പികള്‍ക്കിടയിലും കാത്തുസൂക്ഷിക്കണം. ഇമാം ശാഫിഈയുടെ മഹത്തായ മാതൃക കാണുക. യൂനുസുബ്‌നു അബ്‌ദില്‍ അഅ്‌്‌ലാ പറയുന്നു; ഒരിക്കല്‍ ഇമാം ശാഫിഈയുമായി ഞാന്‍ സംവാദം നടത്തി. അദ്ദേഹത്തെക്കാള്‍ ബുദ്ധിമാനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പിന്നീട്‌ ഞങ്ങള്‍ പിരിഞ്ഞു. ശേഷം എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചുകൊണ്ടു പറഞ്ഞു: ``ചില വിഷയങ്ങളില്‍ നാം ഭിന്നാഭിപ്രായക്കാരാണെങ്കിലും നമുക്ക്‌ സാഹോദര്യബന്ധം നിലനിര്‍ത്തണം'' (സിയറുഅഅ്‌ലാമിന്നുബലാഅ്‌: 10/16). അലിയ്യുബ്‌നു മദീനിയും ഇമാം അഹ്‌മദുബ്‌നു ഹമ്പലും തമ്മില്‍ ചില വിഷയങ്ങളില്‍ സംവദിക്കുകയുണ്ടായി. രണ്ടു പേരും ശബ്‌ദമുയര്‍ത്തി സംസാരിച്ചു. അലി യാത്ര പറഞ്ഞ്‌ പോകാനിറങ്ങിയപ്പോള്‍ ,ഇമാം അഹ്‌മദ്‌ എഴുന്നേറ്റു ചെന്ന്‌ അദ്ദേഹം വന്ന മൃഗത്തിന്റെ മൂക്കുകയര്‍ പിടിച്ച്‌ കൂടെ ചെന്നു (അസ്സുന്ന ലില്‍ഖല്ലാല്‍ 355-369).

8) നന്മകള്‍ എടുത്ത്‌ പറയുക. മറുപക്ഷത്തിന്റെ വൈകല്യങ്ങളെ വിമര്‍ശിക്കുമ്പോഴും അവരുടെ നന്മകള്‍ എടുത്തുപറയുകയും ഗുണങ്ങളെ പ്രശംസിക്കുകയും ചെയ്യുക. നന്മകള്‍ ഒന്നും കാണാതെ, തെറ്റുകള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ കുറ്റപ്പെടുത്തുന്ന ദോഷൈകദൃക്കുകളും വിമര്‍ശനത്തൊഴിലാളികളുമാകരുത്‌ ദീനീ പ്രവര്‍ത്തകര്‍. നല്ല മനസോടെ സമീപിച്ചാല്‍, മിക്കവരിലും വിമര്‍ശിക്കേണ്ട തിന്മകളെക്കാള്‍ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതല്‍. അതുകൊണ്ട്‌ അടച്ചാക്ഷേപിക്കുന്ന ശൈലി പ്രബോധകന്‌ ഒരിക്കലും ഭൂഷണമല്ല. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി മരണപ്പെട്ടപ്പോള്‍, ചന്ദ്രികയില്‍ ആദരണീയനായ എം.ഐ തങ്ങള്‍ എഴുതിയ പ്രൗഢലേഖനം അനുകരണീയ മാതൃകയാണ്‌. മൗലാനയുടെ ചില ചിന്തകളോടുള്ള വിയോജിപ്പ്‌ സൂചിപ്പിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കുകയും വൈജ്ഞാനിക സംഭാവനകളെ ആവോളം പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്‌ ബഹുമാന്യനായ എം.ഐ തങ്ങള്‍.
മഹാനായ ഇബ്‌നുല്‍ ഖയ്യിമിന്റെ മാതൃകയുണ്ട്‌ ചരിത്രത്തില്‍. പണ്ഡിത ശ്രേഷ്‌ഠനായ ഹര്‍വിയുടെ `മനാസിലുസാഇരീന്‍' എന്ന ഗ്രന്ഥത്തിന്‌ `മദാരിജുസാലികീന്‍' എന്ന പേരില്‍ വിശദീകരണമെഴുതിയിട്ടുണ്ട്‌ ഇബ്‌നുല്‍ ഖയ്യിം. ഗ്രന്ഥകാരനോട്‌ ചില വിഷയങ്ങളില്‍ ഇബ്‌നുല്‍ ഖയ്യിം വിയോജിക്കുന്നു. അവയില്‍ ചിലതിന്‌ ഹര്‍വിക്കുവേണ്ടി ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നു. വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടിയ ശേഷം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ``ശൈഖ്‌ ഹര്‍വിയുടെ ഈ പിഴവുകളൊന്നും അദ്ദേഹത്തിന്റെ നന്മകള്‍ നിഷേധിക്കാനോ അദ്ദേഹത്തെ തെറ്റിദ്ധരിക്കാനോ കാരണമാകുന്നില്ല. അറിവിലും നേതൃത്വത്തിലും സ്വഭാവ ഗുണങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്‌. പ്രവാചകന്റേതൊഴികെയുള്ളവരുടെയെല്ലാം അഭിപ്രായങ്ങളില്‍ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമുണ്ടാകും'' (മദാരിജുസാലികീന്‍).

9) സത്യം അംഗീകരിക്കുക. വിമര്‍ശനങ്ങളിലൂടെ വ്യക്തമാകുന്ന സത്യം അംഗീകരിക്കുകയും സ്വന്തം തെറ്റുകള്‍ തിരുത്തുകയും ചെയ്യുക. തെറ്റുകള്‍ ബോധ്യപ്പെട്ടിട്ടും സംഘടനാ വാശിയും പരാജയ ഭീതിയും മൂലം അതില്‍തന്നെ കടിച്ചു തൂങ്ങുന്നത്‌ സത്യവിശ്വാസികള്‍ക്ക്‌ ഭൂഷണമല്ല. ഇമാം ശാഫിഈ പറയുകയുണ്ടായി: ``ഒരാള്‍ ശരിയിലേക്ക്‌ വരാനും, അല്ലാഹുവിന്റെ സംരക്ഷണവും സഹായവും അയാള്‍ക്ക്‌ ലഭിക്കാനും ആഗ്രഹിച്ചുകൊണ്ടല്ലാതെ ഞാനൊരാളോടും ആശയസംവാദത്തില്‍ ഏര്‍പ്പെടാറില്ല. സത്യം എന്റെയോ അപരന്റെയോ നാവിലൂടെ അല്ലാഹു വെളിപ്പെടുത്തട്ടെ എന്ന്‌ പ്രതീക്ഷിച്ചു കൊണ്ടല്ലാതെ ഞാന്‍ സംവാദം നടത്താറില്ല'' (സ്വിഫത്തുല്‍ഫത്‌വ വല്‍മുഫ്‌തി വല്‍മുസ്‌തഫ്‌തി 2/251). തെറ്റുകള്‍ മനുഷ്യ സഹജമാണ്‌, തിരുത്തുകയും പശ്ചാത്തപിക്കുകയുമാണ്‌ വിശ്വാസികള്‍ ചെയ്യേണ്ടത്‌. തെറ്റുകള്‍ തുറന്നു സമ്മതിച്ചുകൊണ്ടോ, പ്രയോഗത്തില്‍ തിരുത്തികൊണ്ടോ ശരികള്‍ സ്വീകരിക്കാനുള്ള ആര്‍ജവവും വിശാല മനസും പണ്ഡിതരും സംഘടനകളും കാണിക്കണം. അതുപോലെ പ്രധാനമാണ്‌ തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക എന്നത്‌. കേരളത്തിലെ മതസംഘടനാ പരിസരത്തിന്റെ ഒരു വലിയ പോരായ്‌മയാണ്‌ തെറ്റുകള്‍ തിരുത്താനുള്ള അവസരവും അനുവാദവും പരസ്‌പരം വകവെച്ചുനല്‍കുന്നില്ല എന്നത്‌. വീഴ്‌ചകളും വൈകല്യങ്ങളും തിരുത്താന്‍ ശ്രമിക്കുന്നവരെ മാത്രമല്ല, ഒരു കാലത്ത്‌ ശരിയായിരുന്ന പഴയ നിലപാടില്‍ നിന്ന്‌ ഇക്കാലത്ത്‌ ശരിയായ പുതിയ നിലപാടിലേക്ക്‌ മാറുന്നതിനെ പോലും പരിഹാസത്തോടെയാണ്‌ മതവൃത്തങ്ങള്‍ സമീപിക്കാറുള്ളത്‌.
ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ തനിക്ക്‌ പിണഞ്ഞ തെറ്റ്‌ സന്തോഷത്തോടെ തിരുത്തിയ സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിച്ചിട്ടുണ്ട്‌ (അര്‍റൂഹ്‌-18). അബ്‌ദുല്ലാഹിബ്‌നുല്‍ ഹസനുല്‍ അമ്പരി തന്റെ തെറ്റായ നിലപാട്‌ തിരുത്തിക്കൊണ്ട്‌, അത്‌ ചൂണ്ടിക്കാണിച്ചവരോട്‌ പറഞ്ഞതിപ്രകാരമാണ്‌: ``അല്ലാഹു താങ്കള്‍ക്ക്‌ നന്മ വരുത്തട്ടെ, ഞാന്‍ തെറ്റ്‌ സമ്മതിച്ച്‌ എന്റെ അഭിപ്രായത്തില്‍നിന്ന്‌ പിന്‍വാങ്ങുന്നു. തെറ്റായ കാര്യത്തില്‍ തലയാകുന്നതിനെക്കാള്‍, ശരിയില്‍ ഒരു വാലാകുന്നതാണ്‌ എനിക്കിഷ്‌ടം'' (തഹ്‌ദീബുത്തഹ്‌ദീബ്‌ 7/17). തെറ്റ്‌ ചൂണ്ടിക്കാണിച്ചവനോട്‌, തിരുത്തുന്നയാള്‍ നന്ദി കാണിക്കുന്നതോടൊപ്പം തന്റെ അഭിപ്രായം സ്വീകരിച്ച്‌ ശരിയിലേക്ക്‌ വന്നവനോട്‌ തിരിച്ചും നന്ദി പ്രകടിപ്പിക്കണം.

10) പരസ്‌പരം ആദരിക്കുക. ആദരവും ബഹുമാനവും ഓരോ മനുഷ്യനും അര്‍ഹിക്കുന്നു. ആദര്‍ശമാര്‍ഗത്തിലെ സഹോദരന്മാരായ സത്യവിശ്വാസികള്‍ പ്രത്യേകിച്ച്‌. മറ്റു സംഘടനകളിലെ പണ്ഡിത നേതാക്കളോടു മാത്രമല്ല, സാധാരണ പ്രവര്‍ത്തകരോടും ആദരവു പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം.
ഇമാം മാലികിനോട്‌ ഒട്ടേറെ വിഷയങ്ങളില്‍ വിയോജിപ്പുണ്ടായിരുന്ന ഇമാം ശാഫിഈയുടെ പെരുമാറ്റരീതി നോക്കുക. ``മാലികിനെ ആദരിച്ചുകൊണ്ട്‌ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പേജുകള്‍ വളരെ പതുക്കെ മാത്രമേ മറിക്കാറുണ്ടായിരുന്നുള്ളൂ; പേജുകള്‍ മറിഞ്ഞു വീഴുന്ന ശബ്‌ദം അദ്ദേഹം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്‌'' (അല്‍ മജ്‌മൂഉശര്‍ഹുല്‍മുഹദ്ദബ്‌ 1/66). ഇമാം ശാഫിഈ അബൂഹനീഫയോടുള്ള ആദരവു കാരണം സ്വന്തം അഭിപ്രായം മാറ്റിവെച്ച്‌ ഖുനൂത്‌ ഓതാതെ സ്വുബ്‌ഹ്‌ നമസ്‌കരിച്ച സംഭവം പ്രസിദ്ധമാണല്ലോ. അബൂഹനീഫയുടെ നന്മകള്‍ പുകഴ്‌ത്തിക്കൊണ്ട്‌ ഇമാം ശാഫിഈ പറഞ്ഞതിങ്ങനെ: ``ഞാന്‍ ബഗ്‌ദാദില്‍ നിന്നാണ്‌ വരുന്നത്‌. ഇമാം അബൂ ഹനീഫയെക്കാള്‍ ഭക്തിയും സൂക്ഷ്‌മതയും പാണ്ഡിത്യവും ഗ്രാഹ്യശേഷിയുമുള്ള ഒരാളെയും എനിക്ക്‌ കാണാനായിട്ടില്ല'' (സ്വിഫത്തുല്‍ഫത്‌വാ വല്‍ മുഫ്‌തി വല്‍മുസ്‌തഫ്‌തി-76).

11) പരസ്‌പരം പ്രാര്‍ഥിക്കുക. സത്യവിശ്വാസികള്‍ക്ക്‌ അന്യോന്യമുള്ള ബാധ്യതയാണ്‌ പ്രാര്‍ഥന. മതസംഘടനാ നേതാക്കളും പ്രഭാഷകരും മറുവീക്ഷണക്കാരായ നേതാക്കള്‍ക്കും അനുയായികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രാര്‍ഥിക്കുന്ന മാതൃക സ്വീകരിച്ചാല്‍ പരസ്‌പര ബന്ധങ്ങള്‍ വലിയൊരളവോളം മെച്ചപ്പെടും. അനഭിലഷണീയ വികാരങ്ങളില്‍ നിന്ന്‌ മനസിനെ ശുദ്ധീകരിക്കാന്‍ അത്‌ ഏറെ സഹായകമാകും. ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ മാതൃക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്‌. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ``ഇമാം ശാഫിഈക്ക്‌ വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവും കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നിര്‍വഹിച്ചിട്ടില്ല!'' മകന്‍ അബ്‌ദുല്ല ചോദിച്ചു: ``ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രം ആരാണ്‌ ശാഫിഈ?'' ഇമാം അഹ്‌മദ്‌(റ) വിശദീകരിച്ചു: ``മകനേ, ശാഫിഈ ഭൂമിക്ക്‌ സൂര്യനെപ്പോലെയാണ്‌. ജനങ്ങള്‍ക്ക്‌ ആശ്വാസമാണ്‌. പിന്മുറക്കാരില്‍ ഈ രണ്ട്‌ ഗുണങ്ങളുമുണ്ടോ എന്ന്‌ നീ നോക്ക്‌'' (ഇഹ്‌യാഉലൂമിദ്ദീന്‍: 1/45). ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ വീക്ഷണ വ്യത്യാസമുള്ള ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിക്കുക മാത്രമല്ല, ആ മാതൃക തന്റെ മകന്‌ പകര്‍ന്നു കൊടുക്കുകയും ചെയ്‌തു! നമ്മുടെ മതസംഘടനാ നേതാക്കള്‍ സ്വയം ഇത്തരം ഉദാത്ത മാതൃകകള്‍ പാലിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്‌താല്‍ അതില്‍പരം നേട്ടമെന്തുണ്ട്‌; ഇഹലോകത്തും പരലോകത്തും! 

ആശയസംവാദത്തിന്റെ അന്തസ്സുള്ള വഴികള്‍

``അബ്‌ദുല്ലാഹിബ്‌നു ഉമറിന്‌ അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹം കളവു പറഞ്ഞതല്ല. മറവിയോ അബദ്ധമോ സംഭവിച്ചതാണ്‌.'' നബി പത്‌നി ആഇശ(റ)യുടെതാണ്‌ ഈ വാക്കുകള്‍. ഒരു ഹദീസ്‌ വിശദീകരിക്കവെ, ബന്ധുക്കള്‍ കരഞ്ഞാല്‍ മരിച്ചയാള്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടും എന്ന അഭിപ്രായം ഇബ്‌നുഉമര്‍(റ) പ്രകടിപ്പിക്കുകയുണ്ടായി. ഇതിനെ ഖണ്ഡിച്ചുകൊണ്ട്‌ തന്റെ നിലപാട്‌ വ്യക്തമാക്കുമ്പോഴാണ്‌ ആഇശ(റ) ഇങ്ങനെ പറഞ്ഞത്‌. അതിനവര്‍ സ്വീകരിച്ച ഭാഷയും ശൈലിയും ശ്രദ്ധേയമാണ്‌. ഇബ്‌നുഉമറിന്റെ വീക്ഷണം തെറ്റാണെന്ന്‌ പറയുമ്പോഴും അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ഥിക്കുന്നു. കളവു പറഞ്ഞുവെന്നാരോപിച്ച്‌ അദ്ദേഹത്തെ ഇകഴ്‌ത്താനോ അപമാനിക്കാനോ മുതിര്‍ന്നില്ല. മറവിയോ അബദ്ധമോ സംഭവിച്ചതാകാം എന്ന്‌ ന്യായവും ഇളവും കണ്ടെത്തുന്നു. അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ആശയസംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ പുലര്‍ത്തേണ്ട ഉന്നത സംസ്‌കാരത്തെയാണ്‌ ആഇശ(റ) ഇതിലൂടെ പഠിപ്പിക്കുന്നത്‌.

വീക്ഷണ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും, തന്നെക്കാള്‍ ഉത്തമനാണ്‌ ഉമര്‍(റ) എന്ന്‌ പറഞ്ഞ അബൂബക്കര്‍(റ), ഖലീഫയായിരിക്കെ സ്വാഭിപ്രായം ഉപേക്ഷിച്ച്‌ അലി(റ)യുടെ അഭിപ്രായം സ്വീകരിച്ച ഉമര്‍(റ), ജമല്‍ യുദ്ധത്തില്‍ തന്നോട്‌ ഏറ്റുമുട്ടിയവരെയും സ്വര്‍ഗത്തില്‍ സഹോദരന്മാരായി കാണാന്‍ കൊതിച്ച അലി(റ), ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിച്ച അഹ്‌മദ്‌ബ്‌നുഹമ്പല്‍, തന്റെ ഗ്രന്ഥമായ മുവത്വ മാത്രം പിന്തുടരാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ഖലീഫയോട്‌ ആവശ്യപ്പെട്ട ഇമാം മാലിക്ക്‌(റ), ആദരവോടെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ച്‌ ഇമാം മാലിക്കിന്‌ കത്തയച്ച ലൈഥ്‌ബ്‌നുസഅദ്‌.......അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സ്‌നേഹ സാഹോദര്യത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാഴ്‌ചവെച്ച ശ്രേഷ്‌ഠ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്‌.
എന്നാല്‍, ആ മഹാരഥന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന മതപണ്ഡിതര്‍ക്കും സംഘടനകള്‍ക്കും അവരുടെ ഉയര്‍ന്ന മാതൃകകള്‍ എത്രത്തോളം പകര്‍ത്താന്‍ കഴിയുന്നുണ്ട്‌? സലഫുസ്സ്വാലിഹുകളുടെ വിശാല മനസ്‌കതയും സാംസ്‌കാരിക ഔന്നിത്യവും നമുക്ക്‌ കൈമോശം വന്നുപോകുന്നുണ്ടോ?

സംഭവലോകത്തെ മൗലിക പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ വില കുറഞ്ഞ മതതര്‍ക്കങ്ങളുടെ ഉല്‍പാദകരും പ്രചാരകരുമായി മതസംഘടനകള്‍ മാറാന്‍ പാടില്ല. ഒരിക്കലും അവസാനിക്കാത്തതും തീരുമാനങ്ങളിലെത്താന്‍ കഴിയാത്തതുമായ ഇജ്‌തിഹാദീ വിഷയങ്ങളില്‍ തര്‍ക്കിച്ച്‌ സമയവും ഊര്‍ജവും പാഴാക്കുന്നവര്‍, ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാവുന്ന ജനക്ഷേമ അജണ്ടകള്‍ അവഗണിച്ചു തള്ളുകയാണ്‌. തര്‍ക്കിക്കാന്‍ പഴുത്‌ തേടി നടക്കലും വിമര്‍ശനം സ്ഥിരം തൊഴിലാക്കലും മതവേദികളുടെ അലങ്കാരമായിത്തീരുന്നു. വലിയ നന്മകള്‍ പോലും കാണാതെ പോകുന്നവര്‍ ചെറിയ വീഴ്‌ചകള്‍ വരെ പൊലിപ്പിച്ചവതരിപ്പിക്കുന്നു. കാര്‍ക്കശ്യവും തീവ്രതയും ആദര്‍ശ പ്രതിബദ്ധതയായി വാഴ്‌ത്തപ്പെടുന്നു. മറുവീക്ഷണക്കാരെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്നവര്‍ക്ക്‌ സംഘടനകളില്‍ ഉയര്‍ന്ന സ്ഥാനവും അണികള്‍ക്കിടയില്‍ `ജനപ്രിയത'യും ലഭിക്കുന്നു. ആശയസംവാദങ്ങള്‍ കലഹത്തിനും കൊലപാതകത്തിനും വരെ കാരണമാകുന്നു. `മതപണ്ഡിതര്‍' നേതൃത്വം നല്‍കുന്ന സംവാദസദസുകള്‍ നിയന്ത്രിക്കാന്‍ ഒടുവില്‍ പട്ടാളവും പോലീസും ഇടപെടേണ്ടി വരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ തമ്മിലടിയും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച്‌ പ്രചരിപ്പിക്കുന്ന ഇമേജുകളും വീഡിയോകളും പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്‌. വ്യക്തിഹത്യ നടത്താനും പരിഹസിക്കാനും വാക്കുകളും ഉദ്ധരണികളും വളച്ചൊടിക്കാനും ചീത്തപ്പേരുകള്‍ വിളിക്കാനും കളവു പറയാനുമൊന്നും മടിയില്ലാത്തവര്‍ മതസംഘടനകള്‍ക്ക്‌ വേണ്ടി ജിഹാദിനിറങ്ങുന്നു! വാദപ്രതിവാദങ്ങളിലെ ജയം മാത്രമാണ്‌ പലപ്പോഴും ലക്ഷ്യം. പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാത്തവയാണ്‌ പലരുടെയും വിമര്‍ശനങ്ങള്‍. മതസംഘടനകള്‍ക്കിടയിലെ വാദപ്രതിവാദങ്ങള്‍ കണ്ടാല്‍ പലപ്പോഴും നാം സ്‌തബ്‌ധരായി നിന്നുപോകും; അല്ലാഹുവേ ഇതാണോ ഇസ്‌ലാം എന്ന്‌ ചോദിച്ചു പോകും!

എന്തുകൊണ്ട്‌ ഇങ്ങനെ?

സ്റ്റേജുകളിലും പേജുകളിലും നടക്കുന്ന ആശയ സംവാദങ്ങളില്‍ അനഭിലഷണീയവും ആക്ഷേപകരവുമായ സമീപനങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1) ആത്മാര്‍ഥതയുടെ അഭാവം. ദീനീ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാകേണ്ട യഥാര്‍ഥ വിശ്വാസവും (ഈമാന്‍) ഉദ്ദേശ്യ ശുദ്ധിയും (ഇഖ്‌ലാസ്‌) ചോര്‍ന്നു പോയാല്‍ തെറ്റായ വികാരങ്ങളും പ്രചോദകങ്ങളും തല്‍സ്ഥാനം കൈയടക്കും. സംഘടനാ മാത്സര്യം, നേതൃമോഹം, സാമ്പത്തിക നേട്ടം, രാഷ്‌ട്രീയ വളര്‍ച്ച തുടങ്ങിയ ഭൗതിക താല്‍പര്യങ്ങളുടെയും അസൂയ, പക, വിദ്വേഷം തുടങ്ങിയ മലിന വികാരങ്ങളുടെയും സ്വാധീനം ഉണ്ടാകുന്നതോടെ കര്‍മ്മങ്ങളില്‍നിന്ന്‌ ദീനീ സംസ്‌കാരം ചോര്‍ന്നു പോകും. ``സ്വാര്‍ഥത വിജയിച്ചാല്‍ അഭിപ്രായങ്ങള്‍ പിഴച്ചുപോകും'' എന്ന്‌ അബ്ബാസി ഖലീഫ മുഅ്‌തസ്വിം പറയുകയുണ്ടായി (താരീഖുബഗ്‌ദാദ്‌-2/311).

2) അല്‍പജ്ഞാനം. അറിവു നേടിയ പണ്ഡിതനെയും അറിവില്ലാത്ത പാമരനെയും പോലെയല്ല അല്‍പജ്ഞന്‍. അവിവേകവും അഹങ്കാരവും അയാളുടെ കൂടപ്പിറപ്പായിരിക്കും. അത്തരക്കാര്‍ മതനേതാക്കളാവുകയും പ്രസംഗപീഠങ്ങള്‍ പതിച്ചുകിട്ടുകയും ചെയ്‌താല്‍ `സംഘടന' മാത്രമല്ല ദീന്‍ തന്നെയും അപകടത്തിലാകും. ദീനിന്റെ യാഥാര്‍ഥ്യമറിയാത്ത, വിശുദ്ധ ഖുര്‍ആനിലും ഹദീസിലും സമഗ്രജ്ഞാനമില്ലാത്ത, നിദാന ശാസ്‌ത്രങ്ങളും നിയമനിര്‍ധാരണത്തിന്റെ ചരിത്രവും വികാസവും മറ്റും അറിയാത്ത ആളുകള്‍ ദീനീ വിഷയങ്ങളിലെ ആധികാരിക ശബ്‌ദങ്ങളായാല്‍ എന്തു സംഭവിക്കുമെന്നതിന്‌ മുസ്‌ലിം കേരളത്തിന്റെ വര്‍ത്തമാനം സാക്ഷി! `മുറി വൈദ്യന്‍ ആളെക്കൊല്ലും' എന്നാണല്ലോ!

3) അപ്രമാദിത്വം കല്‍പിക്കല്‍. മദ്‌ഹബിനും സംഘടനക്കും പണ്ഡിതാഭിപ്രായങ്ങള്‍ക്കും അപ്രമാദിത്വം കല്‍പിക്കുന്നു ചിലര്‍. ഒരിക്കലും തെറ്റുപറ്റാത്തവരാണ്‌ തങ്ങളെന്ന വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) പലതരം ദുഷ്‌പ്രവണതകളും സൃഷ്‌ടിക്കുന്നു. സംഘടനാ സങ്കുചിതത്വം, മതതീവ്രവാദം, മറ്റുള്ളവരെ പിഴച്ചവരും ശത്രുക്കളുമായി കാണല്‍, മതവൃത്തത്തില്‍നിന്ന്‌ പുറത്താക്കല്‍, കുടുംബബന്ധങ്ങള്‍ പോലും വിഛേദിക്കല്‍, സംഘടനക്ക്‌ വേണ്ടി കളവു പറയല്‍, അന്ധമായ അനുകരണം (തഖ്‌ലീദ്‌) തുടങ്ങിയവ ഉദാഹരണം. ഇജ്‌തിഹാദിന്‌ പ്രാമുഖ്യം നല്‍കുന്നവര്‍ക്കിടയില്‍തന്നെ ഒരുതരം വ്യക്തിപൂജാ സ്വഭാവമുള്ള തഖ്‌ലീദ്‌ കടന്നുവരുന്നത്‌ അതുകൊണ്ടാണ്‌. തങ്ങളുടെ നിലപാട്‌ മാത്രം ശരിയെന്ന്‌ വിശ്വസിക്കുന്നവരില്‍ `അതിര്‍കവിഞ്ഞ ആത്മാര്‍ഥത' കൂടിയുണ്ടായാല്‍ ചിത്രം പൂര്‍ണമാകുന്നു.

4) ആത്‌മസംസ്‌കരണത്തിന്റെ അഭാവം. ആത്മസംസ്‌കരണ പ്രക്രിയ (തര്‍ബിയ്യ, തസ്‌കിയ) നൈരന്തര്യം നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്‌ചവരുത്തുകയോ, അതൊരു അജണ്ടയായി എടുക്കാതെ അവഗണിച്ചു തള്ളുകയോ ചെയ്യുന്നവരില്‍, സാംസ്‌കാരിക-സദാചാര നിലവാരം ക്രമേണ കുറഞ്ഞുവരും. ഒരു ഘട്ടത്തില്‍ തിരിച്ചുപിടിക്കാനാകാത്തവിധം നന്മകള്‍, പരലോക ബോധം, തഖ്‌വ, ലജ്ജ തുടങ്ങിയവ നഷ്‌ടപ്പെടുകയും ചെയ്യും. എത്ര പ്രധാനപ്പെട്ട ഇസ്‌ലാമിക തത്ത്വം പ്രബോധനം ചെയ്യുന്നവരാണെങ്കിലും തര്‍ബിയ്യത്ത്‌ ചോര്‍ന്നുപോയാല്‍ പിന്നെ വ്യക്തിക്കോ സംഘടനക്കോ ഏറെ നാള്‍ മുന്നോട്ടുപോകാനാവില്ല. `പുറമെ വെള്ളതേച്ച ശവക്കല്ലറകള്‍ പോലെ' എന്ന്‌ യേശുക്രിസ്‌തു പറഞ്ഞ അവസ്ഥ വന്നുചേരും. മതപ്രവര്‍ത്തനങ്ങളുടെ പുറംമോടികളും ബഹളങ്ങളും കടന്ന്‌ അകത്തുചെന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന സംഘടനാ പരിസരമാണ്‌ കാണാനാവുക. ഇമാം മാലിക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``സഹോദരാ, അറിവു നേടുന്നതിന്‌ മുമ്പ്‌ നീ ശ്രേഷ്‌ടസ്വഭാവങ്ങള്‍ സ്വായത്തമാക്കുക'' (അല്‍ഹുല്‍യ്യ 6/330). ഇബ്‌റാഹീമുബ്‌നു ഹബീബിനോട്‌, ഹദീസ്‌ നിവേദകനായ പിതാവ്‌ ഉപദേശിച്ചത്‌ ഇപ്രകാരമാണ്‌: ``മകനേ, നീ പണ്ഡിതന്മാരെ സമീപിക്കുക, അവരില്‍ നിന്ന്‌ അറിവ്‌ നേടുക. അവരുടെ സംസ്‌കാരവും സ്വഭാവവും മാതൃകകളും പകര്‍ത്തുക. ധാരാളം ഹദീസുകള്‍ ലഭിക്കുന്നതിനെക്കാളും എനിക്കിഷ്‌ടമതാണ്‌'' (അല്‍ ജാമിഉ ലില്‍ ഖത്വീബ്‌ 1/80).

5) ആള്‍ക്കൂട്ട മനഃശാസ്‌ത്രം. പരിഹാസോക്തികളും രൂക്ഷമായ പ്രയോഗങ്ങളും ചേരുവകളാകുമ്പോള്‍ വിമര്‍ശനങ്ങള്‍ വികാരജീവികളായ അണികള്‍ക്ക്‌ പ്രിയങ്കരമായിത്തീരും. പ്രസംഗകന്‍ സദസിനെ സ്വാധീനിക്കുക മാത്രമല്ല, ജനസഞ്ചയം പ്രസംഗകനെയും വികാരം കൊള്ളിക്കും. ഈ ആള്‍ക്കൂട്ട മനഃശാസ്‌ത്രം തെറ്റായ ശൈലികള്‍ സ്വീകരിക്കാന്‍ പലപ്പോഴും വിമര്‍ശന പ്രസംഗകരെ പ്രേരിപ്പിക്കുന്നു. അണികളുടെ ആവേശം പ്രസംഗങ്ങളിലേക്ക്‌ ആവാഹിക്കപ്പെടുമ്പോഴാണ്‌ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാത്ത വികാരപ്രകടനങ്ങള്‍ സ്റ്റേജില്‍ നടത്തിപോകുന്നത്‌. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പറഞ്ഞത്‌ നിഷേധിക്കാനും മാറ്റിപറയാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ മതനേതാക്കളുടെ കാര്യം അതല്ലല്ലോ. മറുകക്ഷികള്‍ സൂക്ഷ്‌മദര്‍ശിനികളുമായി തക്കംപാര്‍ത്തിരിക്കുന്ന എല്‍.സി.ഡി പ്രൊജക്‌ടറുകളുടെ വര്‍ത്തമാനകാല മതപരിസരത്ത്‌ വിശേഷിച്ചും.

6) സ്വത്വപ്രതിസന്ധി. സംഘടനകള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ മറുപക്ഷക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച്‌ ബഹളം സൃഷ്‌ടിക്കുന്നത്‌ ചിലര്‍ സ്വീകരിക്കാറുള്ള അതിജീവനതന്ത്രമാണ്‌. അകത്തുള്ള സംഘര്‍ഷങ്ങളില്‍നിന്ന്‌ അണികളെ തല്‍ക്കാലം മോചിപ്പിക്കാനും ജനശ്രദ്ധതിരിച്ചുവിടാനും മറ്റുള്ളവരെ ഇരകളാക്കുന്ന സമീപനം ചിലര്‍ സ്വീകരിക്കുന്നു.

7) ശരിയുടെ അഭാവം. സ്വന്തം വിശ്വാസങ്ങളിലും വാദങ്ങളിലും ശരി ഇല്ലാതിരിക്കുകയും തെറ്റുകള്‍ മറ്റുള്ളവര്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോള്‍, തിരുത്താനുള്ള മനസില്ലെങ്കില്‍ തെറ്റായ സംവാദരീതികള്‍ സ്വീകരിക്കേണ്ടി വരും. രണ്ടു വീക്ഷണമുള്ളവര്‍ ഒരേ വേദിയില്‍ സംവാദത്തിലേര്‍പ്പെടുകയും ഒരു കക്ഷി `അകപ്പെടുകയും' ചെയ്യുമ്പോള്‍, പിടിച്ചുനില്‍ക്കാനും ജയിച്ചുകയറാനും പ്രയോഗിക്കപ്പെടുന്ന പത്തൊന്‍പതാം അടവില്‍ അസഭ്യവര്‍ഷവും അടിപിടിയും വരെ ഉള്‍പ്പെടുന്നു.

എങ്ങനെ മറികടക്കാം

അപകടകരമായ വിതാനത്തിലേക്ക്‌ തരംതാഴ്‌ന്നു കഴിഞ്ഞ വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും കൈയൊഴിഞ്ഞ്‌, ഇസ്‌ലാമിക സംസ്‌കാരം പ്രതിഫലിക്കുന്ന സംവാദരീതി വളര്‍ത്തിക്കൊണ്ടുവരാന്‍ മതസംഘടനകള്‍ മനസുവെക്കണം. ആദരവും പ്രതിപക്ഷ ബഹുമാനവും ഉള്‍ച്ചേര്‍ന്ന വിമര്‍ശനം ശീലിക്കണം. അത്തരമൊരു ഉയര്‍ന്ന നിലപാടിലേക്ക്‌ മതസംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും വളരാന്‍ കഴിയണമെങ്കില്‍, സംഘടനാ വാശിക്കിടയില്‍ മറന്നുപോയ ഇസ്‌ലാമിന്റെ ചില മൗലിക യാഥാര്‍ഥ്യങ്ങള്‍ നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്‌.

1) വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) ഉപേക്ഷിക്കുക. ഖുര്‍ആനും സുന്നത്തും മാത്രമാണ്‌ തെറ്റുപറ്റാത്ത വിശുദ്ധപദവിക്ക്‌ അര്‍ഹതയുള്ളത്‌. മതസംഘടനകള്‍ `ഇസ്‌ലാമിന്റെ പര്യായ പദം' അല്ല, പണ്ഡിതരും നേതാക്കളും നബിയോ അമീറുല്‍ മുഅ്‌മിനീനോ അല്ല. നൂറ്‌ ശതമാനം ശരിയുള്ള ഒരു പണ്ഡിതനും സംഘടനയും ലോകത്തില്ല. എന്റെ അഭിപ്രായം ശരിയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതോടൊപ്പം അത്‌ തെറ്റാകാനുള്ള സാധ്യതയും അംഗീകരിക്കണം. മറുവീക്ഷണം തെറ്റാണെന്ന്‌ കരുതുന്നതോടൊപ്പം അത്‌ ശരിയാകാനുള്ള സാധ്യത വകവെച്ചുകൊടുക്കുകയും വേണം. മുഹമ്മദ്‌ നബിക്ക്‌ ശേഷം, പണ്ഡിതന്മാര്‍ക്കോ സംഘടനകള്‍ക്കോ `വഹ്‌യ്‌' ഇറങ്ങുന്നില്ല! ഇമാം ശാഫിഈ പറയുന്നു: ``പ്രവാചകനെപ്പോലെ അനുസരിക്കപ്പെടേണ്ടവനും അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടേണ്ടവനുമാണ്‌ താനെന്ന്‌ അവകാശപ്പെടുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല. അത്തരമൊരു വിശുദ്ധപദവി മുഹമ്മദ്‌ നബിക്ക്‌ ശേഷം ആര്‍ക്കും അല്ലാഹു നല്‍കിയിട്ടില്ല'' (ഈഖാളു ഹിമമി ഉലില്‍ അബ്‌സ്വാര്‍-സ്വാലിഹ്‌ ബിന്‍ മുഹമ്മദ്‌ അല്‍ ഉമരി-104). ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ അനുഗൃഹീത മാതൃക കാണുക. ത്വലാഖുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സംശയം ചോദിച്ചയാള്‍ക്ക്‌, `അപ്രകാരം ചെയ്യുന്നത്‌ ശരിയല്ല' എന്ന്‌ ഇമാം അഹ്‌മദ്‌ബ്‌നുഹമ്പല്‍ ഫത്‌വ നല്‍കി. അയാള്‍ ചോദിച്ചു: `അങ്ങനെ ചെയ്‌താല്‍ ശരിയാകുമെന്ന്‌' മറ്റൊരു പണ്ഡിതന്‍ എനിക്ക്‌ ഫത്‌വ തന്നാലോ?' ഇമാമിന്റെ മറുപടി വ്യക്തമായിരുന്നു: `എങ്കില്‍ നിനക്കത്‌ സ്വീകരിക്കാം.' എന്നു മാത്രമല്ല ശരിയാണെന്ന്‌ ഫത്‌വ നല്‍കുന്ന ഒരു പണ്ഡിതനെ ഇമാം അഹ്‌മദ്‌(റ) തന്നെ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്‌തു (സ്വിഫതുല്‍ ഫത്‌വാ വല്‍ മുഫ്‌തി വല്‍ മുസ്‌തഫ്‌തി-ഹംദാനുല്‍ ഹര്‍റാനി പേജ്‌:82, അല്‍മക്‌തബുല്‍ ഇസ്‌ലാമി, ബൈറൂത്ത്‌).
ഈ മാതൃക സ്വീകരിക്കാന്‍ മതസംഘടനകള്‍ക്ക്‌ കഴിഞ്ഞാല്‍, സ്വന്തം വഴി മാത്രം ശരി, മറ്റുള്ളവയെല്ലാം പിഴച്ചവ എന്ന സങ്കുചിത കാഴ്‌ചപ്പാടില്‍ നിന്ന്‌ ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയും. ഖാദീ ഇബ്‌നു അബ്‌ദില്‍ ഇസ്സിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``മുഹമ്മദ്‌ നബിയല്ലാത്ത ആര്‍ക്കെങ്കിലും ഒരാള്‍ അപ്രമാദിത്വം കല്‍പിക്കുകയും മാലിക്‌, അബൂഹനീഫ, ശാഫിഈ, അഹ്‌മദ്‌ബ്‌നുഹമ്പല്‍(റ) തുടങ്ങിയവരില്‍ ഒരാളുടെ അഭിപ്രായം നിര്‍ബന്ധമായും പിന്തുടരേണ്ട ശരിയും മറ്റുള്ളവരുടേത്‌ തെറ്റുമാണെന്ന്‌ വാദിക്കുകയും ചെയ്യുന്നവന്‍ വിഡ്‌ഢിയും വഴിതെറ്റിയവനുമാണ്‌. മറ്റുള്ളവരെ ഉപേക്ഷിച്ച്‌ ഒരാളെത്തന്നെ പിന്തുടരല്‍ നിര്‍ബന്ധമാണെന്ന്‌ വിശ്വസിക്കുന്നവനെ ഭയപ്പെടണം. പ്രവാചകനല്ലാത്ത ഒരാള്‍ക്കും ആ പദവിയില്ലെന്ന്‌ പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന പറഞ്ഞിട്ടുണ്ട്‌. ഇമാമുമാരിലൊരാളോട്‌ പക്ഷപാതിത്വം കാണിക്കുന്നത്‌ ഒരു സ്വഹാബിയെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ നിരാകരിക്കുകയും ചെയ്യുന്നതുപോലെയാണ്‌. മൂന്ന്‌ ഖലീഫമാരെ നിരാകരിച്ച്‌ അലിയെ മാത്രം അംഗീകരിച്ച ശിയാക്കള്‍ക്ക്‌ സംഭവിച്ചത്‌ അതാണ്‌. ഇത്തരം സമീപനത്തില്‍നിന്ന്‌ അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ'' (അല്‍ഇത്തിബാഅ്‌-79, 80). മഹാന്മാരായ ഇമാമുമാരുടെ അവസ്ഥ ഇതാണെങ്കില്‍, അവര്‍ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ രംഗത്തുവന്ന സംഘടനാ പണ്ഡിതരുടെ സ്ഥിതിയെന്തായിരിക്കും.!

2) വൈവിധ്യം അംഗീകരിക്കുക. ഗവേഷണാത്മക (ഇജ്‌തിഹാദ്‌) വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന്‌ പണ്ഡിതരും സംഘടനകളും അംഗീകരിക്കണം. ഇസ്‌ലാം അനുവദിച്ചിട്ടുള്ള വീക്ഷണവ്യത്യാസങ്ങളെ നിഷേധിക്കുകയോ അസഹിഷ്‌ണുതയോടെ കാണുകയോ അരുത്‌. അഭിപ്രായവ്യത്യാസങ്ങള്‍ അല്ലാഹുവിനും റസൂലിനും വിടുക എന്നാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഖുര്‍ആനിലും സുന്നത്തിലും അതിന്‌ പരിഹാരം അന്വേഷിക്കുക. എന്നിട്ടും ഏകാഭിപ്രായത്തിലെത്താനാകുന്നില്ലെങ്കിലോ? ഓരോരുത്തരും അവരവരുടെ ഇജ്‌തിഹാദ്‌ അനുസരിച്ച്‌ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുക. അത്തരം വിഷയങ്ങളില്‍ അവസാന വിധി അല്ലാഹുവിന്‌ വിടുക. ``അവര്‍ ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാണ്‌'' (ഖുര്‍ആന്‍). 
എല്ലാ പണ്ഡിതരും സംഘടനകളും ഒരേ മേഖലയില്‍തന്നെ പ്രവര്‍ത്തിക്കണമെന്നും ഒരേ വിഷയം തന്നെ ഊന്നണമെന്നും നിര്‍ബന്ധമില്ലല്ലോ. മറ്റുള്ളവരെ നമ്മളാക്കാന്‍ വാശി പിടിക്കരുത്‌. ഗവേഷണം തെറ്റായാലും പ്രതിഫലമുണ്ടെന്ന പ്രവാചക വചനത്തിന്റെ ആനൂകൂല്യം മറുവീക്ഷണക്കാര്‍ക്ക്‌ വകവെച്ചുകൊടുക്കണം. അല്ലാഹു പ്രതിഫലം നല്‍കുന്ന ഒരാളെ നാം ആക്ഷേപിക്കുന്നത്‌ എന്തര്‍ഥത്തിലാണ്‌? ഇമാം അബൂഹാമിദില്‍ ഗസാലിയുടെ വാക്കുകള്‍: ``ഗവേഷകരും അവരെ പിന്തുടരുന്നവരും ന്യായങ്ങള്‍ ഉള്ളവര്‍ (മഅ്‌ദൂറൂന്‍) ആണ്‌. ചിലര്‍ അല്ലാഹുവിങ്കല്‍ ശരിയായ ഗവേഷണത്തിന്റെ പ്രതിഫലം ലഭിക്കുന്നവരാകും. മറ്റുചിലര്‍ രണ്ടു പ്രതിഫലങ്ങളില്‍ ഒന്നിന്‌ അര്‍ഹരും. ഒന്നാം വിഭാഗത്തോടൊപ്പം, പ്രതിഫലം ലഭിക്കുന്നതില്‍ രണ്ടാം വിഭാഗവും പങ്കാളികളാണ്‌. അതുകൊണ്ട്‌ ഇരുവിഭാഗത്തിനും അടുത്തടുത്ത സ്ഥാനമാണുള്ളത്‌. എങ്കില്‍ അവര്‍ പരസ്‌പരം ശത്രുത പുലര്‍ത്താവതല്ല, പക്ഷപാതിത്വം കാണിക്കാനും പാടില്ല. ശരി ആരുടെ പക്ഷത്താണെന്ന്‌ നിര്‍ണയിക്കപ്പെടാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും. രണ്ടു യാത്രികര്‍ക്ക്‌ ഖിബ്‌ലയെക്കുറിച്ച്‌ സംശയമായി. ഗവേഷണത്തില്‍ രണ്ടുപേരും രണ്ടു ദിശയാണ്‌ മനസിലാക്കിയത്‌. ഓരോരുത്തര്‍ക്കും അവര്‍ക്ക്‌ ശരിയെന്ന്‌ തോന്നുന്ന ദിശയിലേക്ക്‌ തിരിഞ്ഞ്‌ നമസ്‌കരിക്കാം. എന്നാല്‍ മറുവീക്ഷണക്കാരനെ ആക്ഷേപിക്കാനോ, എതിര്‍ക്കാനോ പാടില്ല. യഥാര്‍ഥത്തില്‍ ഖിബ്‌ല ഏതു ഭാഗത്തായിരുന്നുവെന്ന്‌ അല്ലാഹുവിനു മാത്രമല്ലേ അറിയൂ.'' (അല്‍ഖിസ്‌ത്വാസുല്‍ മുസ്‌തഖീം 78, സില്‍സിലത്തുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ-വാള്യം:37, 1960). പല തലങ്ങളില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മതസംഘടനകളുടെ കാര്യത്തില്‍ ഏറെ പരിഗണനീയമാണ്‌ ഈ വസ്‌തുത.

3) ചരിത്രബോധം വളര്‍ത്തുക. ഇസ്‌ലാം, ചരിത്രത്തിലെ ഒരു മഹാപ്രവാഹമാണ്‌. ആദം നബി മുതല്‍ ലക്ഷത്തിലേറെ പ്രവാചകന്മാരിലൂടെ വിവിധ ദേശങ്ങളിലും കാലങ്ങളിലും ഒരേ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടു തന്നെ, വ്യത്യസ്‌തമായ ആവിഷ്‌കാരങ്ങളിലൂടെയാണ്‌ ഇസ്‌ലാം അന്ത്യപ്രവാചകന്റെ മുമ്പിലെത്തിയത്‌. മുഹമ്മദ്‌ നബിക്കു ശേഷം, വികാസ-സങ്കോചങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും നിരവധി ഘട്ടങ്ങള്‍ പിന്നിട്ടാണ്‌ അല്ലാഹുവിന്റെ ദീന്‍ നമ്മുടെ കൈകളില്‍ വന്നുചേര്‍ന്നത്‌. ഖലീഫമാര്‍, കര്‍മശാസ്‌ത്ര പണ്ഡിതര്‍, തത്ത്വചിന്തകന്മാര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരും അവരുടെ വൈജ്ഞാനിക-നാഗരിക സംഭാവനകളും ഇസ്‌ലാമിന്റെ ഒഴുക്കിന്‌ ഗതിവേഗം പകര്‍ന്നിട്ടുണ്ട്‌. അതൊരു വലിയ ലോകമാണ്‌. അതിലെ, ഈ കാലത്തെ തീരെ ചെറിയൊരു കണ്ണി മാത്രമാണ്‌ നമ്മള്‍. അതുകൊണ്ട്‌, മുഹമ്മദ്‌ നബിക്ക്‌ ശേഷം ഇസ്‌ലാം നേരിട്ടു പതിച്ചു കിട്ടിയത്‌ തനിക്കാണെന്ന്‌ ഒരു പണ്ഡിതനും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച്‌, വിസ്‌മയിപ്പിക്കുന്ന വൈവിധ്യങ്ങളുള്ള ഈ മഹാപ്രവാഹത്തെക്കുറിച്ച ചരിത്രബോധം സ്വന്തം മനസിലും സമൂഹത്തിലും വളര്‍ത്തുക. അത്‌ വലിയ തോതില്‍ മഞ്ഞുരുക്കത്തിന്‌ കാരണമാകും.

4) ശത്രുതാപരമായ നിലപാടുകള്‍ ഒഴിവാക്കുക. മുസ്‌ലിം സമുദായത്തിനകത്ത്‌ ആഭ്യന്തര ശത്രുക്കളെ തെരയുന്ന പണി മതസംഘടനകള്‍ അവസാനിപ്പിക്കണം. മറുവീക്ഷണക്കാരെ സഹോദരങ്ങളായിക്കണ്ട്‌ സഹിഷ്‌ണുതയോടെ പെരുമാറാന്‍ ഓരോരുത്തരും മനസുവെക്കണം. ഭിന്നാഭിപ്രായങ്ങള്‍ക്ക്‌ തടസം നില്‍ക്കരുത്‌. അവ പ്രയോഗവല്‍ക്കരിക്കാന്‍ അനുവദിക്കാതെ ആരെയും ആട്ടിയോടിക്കരുത്‌. ഇമാമുമാരുടെ കാലശേഷം മദ്‌ഹബിന്റെ അനുയായികള്‍ മറ്റുള്ളവരോട്‌ കാണിച്ച അനീതിയും അക്രമവും മതസംഘടനകള്‍ പകര്‍ത്താന്‍ ശ്രമിക്കരുത്‌. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുക, ശാരീരികമായി കൈയേറ്റം ചെയ്യുക, സ്ഥാപനങ്ങളും പ്രചാരണ മാധ്യമങ്ങളും നശിപ്പിക്കുക, പരസ്‌പരം ഒറ്റു കൊടുക്കുക, ഭരണ-രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക... ഇതൊന്നും ദീനീ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവര്‍ക്ക്‌ ഒരിക്കലും ഭൂഷണമല്ല.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുന്നു: ``നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിനെക്കുറിച്ച്‌ പറയവെ ശാഫിഈ പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കാണാം: `ഇജ്‌തിഹാദീ വിഷയങ്ങളിലുള്ള അഭിപ്രായാന്തരങ്ങളെ കൈയ്യൂക്കുകൊണ്ട്‌ തിരുത്താന്‍ ശ്രമിക്കരുത്‌. തന്നെ പിന്തുടരണമെന്ന്‌ ഒരാളും ജനങ്ങളെ നിര്‍ബന്ധിക്കുകയുമരുത്‌. വൈജ്ഞാനികമായി തെളിവുകള്‍ നിരത്തി സംഭാഷണം നടത്താം. സത്യാവസ്ഥ ബോധ്യപ്പെടുന്നവര്‍ അംഗീകരിക്കും. മറുവീക്ഷണം തന്നെ വെച്ചുപുലര്‍ത്തുന്നവനെ അധിക്ഷേപിക്കാനോ ശത്രുത കാണിക്കാനോ പാടില്ല'' (മജ്‌മൂഉല്‍ ഫാതാവാ-30/79-81). ഏകോപിതാടിസ്ഥാനങ്ങള്‍ നിഷേധിക്കുന്നതു മാത്രമേ പണ്ഡിതന്മാര്‍ ആക്ഷേപകരമായി കണ്ടിരുന്നുള്ളൂ. ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ പരസ്‌പരം ശത്രുത കാണിക്കാന്‍ പാടില്ല എന്ന്‌ ഇമാം നവവി പറഞ്ഞിട്ടുണ്ട്‌ (സ്വഹീഹു മുസ്‌ലിം-ശറഹുന്നവവി-2/23). ഇമാം ഗസാലിയുടെ വാക്കുകള്‍: ``പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു. ചിലര്‍ ചിലര്‍ക്ക്‌ മറുപടിയും പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പണ്ഡിതന്മാരെ സ്വാര്‍ഥികളും വിഡ്‌ഢികളുമെന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കാറുണ്ടായിരുന്നില്ല'' (അദബുല്‍ ഇഖ്‌തിലാഫ്‌ ഫീമസാഇലില്‍ ഇല്‍മി വദ്ദീന്‍-ദാറുല്‍ യൂസുര്‍-83). മുഹമ്മദ്‌ നബിയുടെ താക്കീത്‌ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്‌: ``നിങ്ങള്‍ പരസ്‌പരം വിദ്വേഷം പുലര്‍ത്തരുത്‌, പരസ്‌പരം അസൂയ കാണിക്കരുത്‌, അന്യോന്യം ശത്രുക്കളാവുകയുമരുത്‌. സഹോദരന്‍മാരായ അല്ലാഹുവിന്റെ ദാസന്മാരാവുക.''

5) വിനാശകരമായ നിലപാടുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കുക. സമൂഹത്തില്‍ നാശവും കുഴപ്പവും സൃഷ്‌ടിക്കുമെന്ന്‌ ആശങ്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടതാണ്‌. വിമര്‍ശനം ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകും. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സാമൂഹിക സാഹചര്യങ്ങളുണ്ടാകും. ചില തെറ്റുകള്‍ക്കുനേരെ, അതിലേറെ ഗുരുതരമായ പരിണതി സൃഷ്‌ടിക്കപ്പെടുമെന്ന്‌ ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ നിശബ്ദരാകേണ്ടി വരും. സാഹചര്യങ്ങള്‍ പരിഗണിക്കാതെയും യാഥാര്‍ഥ്യബോധമില്ലാതെയും നടത്തുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും വൈകൃതങ്ങളെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. പ്രബോധനരംഗത്ത്‌ മുറുകെപിടിക്കേണ്ട യുക്തിദീക്ഷ പ്രസക്തമാകുന്ന സന്ദര്‍ഭമാണിത്‌.
ഇമാം അബൂബകറുല്‍ ആജിരി പറയുന്നു: ``മുസ്‌ലിം സമൂഹത്തിനകത്ത്‌ നാശവും ശത്രുതയും സൃഷ്‌ടിക്കുംവിധം ഒരു വിഷയം ചര്‍ച്ചക്കുവന്നാല്‍ അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കേണ്ടത്‌ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അതിലേറെ ഉത്തമമായ കാര്യങ്ങളിലേക്ക്‌ തിരിച്ചുവിടണം'' (അഖ്‌ലാഖുല്‍ ഉലമാഅ്‌-35). `ഫിത്‌ന' ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിശ്ശബ്‌ദത പാലിക്കേണ്ടി വരുമെന്നും അങ്ങനെ മൗനമവംബിക്കുന്നവരെ ആക്ഷേപിക്കരുതെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ വിശദീകരിച്ചിട്ടുണ്ട്‌ (മജ്‌മൂഉഫതാവാ 24/253). സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍വേണ്ടി ഏറ്റവും ഉത്തമമായത്‌ (അഫ്‌ദല്‍) ഉപേക്ഷിച്ച്‌ അനുവദനീയം (ജാഇസ്‌) മാത്രമായത്‌ സ്വീകരിക്കാമെന്നും പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഉത്തമമായത്‌ ചെയ്യുന്നതിലേറെ പ്രധാനമാണ്‌ ഐക്യവും ഒരുമയും കാത്തുസൂക്ഷിക്കുന്നത്‌. ഖുറൈശികളില്‍ അകല്‍ച്ച സൃഷ്‌ടിക്കും എന്നു ഭയന്ന്‌ നബി(സ) കഅ്‌ബ പൊളിച്ചു പണിയാതിരുന്നത്‌ ഇതിന്ന്‌ തെളിവായി ഇബ്‌നുതൈമിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. നബി(സ) ആഇശ(റ)യോട്‌ പറഞ്ഞു: ജാഹിലിയ്യാ കാലത്തോട്‌ അടുത്ത്‌ നില്‍ക്കുന്നവരായിരുന്നില്ല നിന്റെ ജനമെങ്കില്‍, ഇബ്‌റാഹീം നബി സ്ഥാപിച്ച തൂണുകളില്‍ ഞാന്‍ കഅ്‌ബ പുതുക്കിപ്പണിയുമായിരുന്നു'' (ബുഖാരി). ജനങ്ങളെ മാനസികമായി അകറ്റാതിരിക്കാന്‍ വേണ്ടി നമസ്‌കാരത്തില്‍ `ബിസ്‌മി...' ഉറക്കെ ചൊല്ലാമെന്നും ഇബ്‌നുതൈമിയ ഫത്‌വ നല്‍കിയിട്ടുണ്ട്‌ (മജ്‌മുഉല്‍ ഫതാവാ 22/406, 407). ജനങ്ങളെ അടുപ്പിച്ചു നിര്‍ത്താനും മനസിണക്കാനും വേണ്ടി ഉത്തമമായത്‌ ഉപേക്ഷിച്ച്‌ അനുവദനീയമായത്‌ സ്വീകരിക്കാം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ഖുനൂത്വിനെക്കുറിച്ച്‌ അല്ലാമ ഇബ്‌നുല്‍ ഖയ്യിമും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌. സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്‌ ഇല്ല എന്നതാണ്‌ ശരിയായ നിലപാടെന്ന്‌ വിശദീകരിച്ച ശേഷം, എന്നാല്‍ സ്ഥിരമായി ഖുനൂത്‌ ഓതുന്നത്‌ വെറുക്കപ്പെടേണ്ട ബിദ്‌അത്തല്ല എന്ന്‌ അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്‌തയാള്‍ സുന്നത്തിന്‌ എതിര്‌ പ്രവര്‍ത്തിച്ചവനാവുകയുമില്ല എന്നാണ്‌ ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം (സാദുല്‍മആദ്‌ 1/144).

6) പൊതു ഇടങ്ങള്‍ സൃഷ്‌ടിക്കുക. ഭിന്ന വീക്ഷണക്കാര്‍ക്ക്‌ ഒന്നിച്ചിരിക്കാനും, സ്‌നേഹത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കഴിയുന്ന പൊതുഇടങ്ങള്‍ സൃഷ്‌ടിക്കണം. യോജിപ്പുള്ള കാര്യങ്ങള്‍ ഒരുമിച്ചുനിന്ന്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതു വേദികള്‍ അകല്‍ച്ച കുറക്കാന്‍ സഹായിക്കും. ആഘോഷവേളകളില്‍ പങ്കാളികളാവുക. വിവാഹം, സമ്മേളനങ്ങള്‍ തുടങ്ങിയവയിലേക്ക്‌ മറു വീക്ഷണക്കാരെയും ക്ഷണിക്കുക. രോഗസന്ദര്‍ശനം നടത്തുക, മരണാനന്തര കര്‍മങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുക. സംഘടനാപ്രസിദ്ധീകരണങ്ങളില്‍ ഇതര സംഘടനയിലെ എഴുത്തുകാര്‍ക്ക്‌ വിയോജിപ്പില്ലാത്ത എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതാന്‍ അവസരം നല്‍കുക (സംഘടനകളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മാത്രമാണ്‌ ഇപ്പോള്‍ പൊതുവെ അനുവാദം നല്‍കപ്പെടുന്നത്‌). 

സ്‌നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്‌

ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഒരേ ലക്ഷ്യത്തിലേക്കാണ്‌ ഒഴുകി പോകുന്നത്‌. ആ കൈവഴികളെല്ലാം അടച്ചുപൂട്ടി ഒറ്റ നദി മാത്രമാക്കുക അസാധ്യമാണ്‌. ഒരുപാട്‌ നദികള്‍ ഒഴുകിച്ചേരുമ്പോഴാണ്‌ സമുദ്രമുണ്ടാകുന്നത്‌. ഇസ്‌ലാമിക വിജ്ഞാന മണ്ഡലം സാഗരസമാനം തിരയടിക്കുന്നതും അതുകൊണ്ടുതന്നെയാണ്‌.

വായന, പഠനം, ചിന്ത, ഗവേഷണം എന്നിവക്ക്‌ ഇസ്‌ലാം നല്‍കിയ പ്രാധാന്യവും പ്രോത്സാഹനവും വൈജ്ഞാനിക വികാസത്തിനും സാംസ്‌കാരിക വളര്‍ച്ചക്കും വലിയ തോതില്‍ വഴി തുറക്കുകയുണ്ടായി. ആശയ വൈവിധ്യതയും വീക്ഷണ വൈജാത്യങ്ങളും കാഴ്‌ചപ്പാടുകളിലെ അന്തരങ്ങളും അതിന്റെ അനിവാര്യതയെന്നോണം പ്രത്യക്ഷപ്പെടുകയും ചെയ്‌തു. ചിന്താ-കര്‍മ മണ്ഡലങ്ങളില്‍ ഇങ്ങനെ രംഗത്തുവന്ന ഒട്ടേറെ ധാരകളും കൈവഴികളും ഇസ്‌ലാമിക ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. ഇസ്‌ലാമിക നാഗരികതയുടെ വികാസത്തോടൊപ്പം അവയും വളര്‍ച്ച പ്രാപിച്ചു. അനിവാര്യ കാരണങ്ങളാല്‍ ചിലത്‌ തളരുകയും രംഗം വിടുകയും ചെയ്‌തിട്ടുമുണ്ട്‌.
ഇസ്‌ലാമിക സംസ്‌കാരത്തെ സമ്പന്നമാക്കുന്ന ചിന്താധാരകളും കര്‍മശാസ്‌ത്ര സരണികളും നവോത്ഥാന പ്രസ്ഥാനങ്ങളും, സാഗരസമാനം പരന്നു കിടക്കുന്ന ഗ്രന്ഥശേഖരങ്ങളും ദീനീ മണ്ഡലത്തിലെ ആശയ വൈവിധ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്‌. വൈരുധ്യങ്ങളുടെയും ഭിന്നതകളുടെയും കേദാരമാണ്‌ അവയെന്ന്‌ പ്രത്യക്ഷ വായനയില്‍ ചിലര്‍ക്ക്‌ തോന്നാമെങ്കിലും ബഹുസ്വരതയുടെ ഒരു അഭൗമ സൗന്ദര്യം വിശാല മനസ്‌കരായ വിവേകമതികള്‍ക്ക്‌ അവയില്‍ ദര്‍ശിക്കാനാകും. അങ്ങനെവരുമ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹത്തിനകത്തെ അഭിപ്രായാന്തരങ്ങളെ ആരോഗ്യകരമായി സമീപിക്കാനും നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താനും സാധിക്കുകയുള്ളൂ.

ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനെ കുറിച്ചുതന്നെ ചിന്തിക്കുക. 14 നൂറ്റാണ്ടുകള്‍ പിന്നിട്ട്‌ നമ്മുടെ കൈകളില്‍ എത്തിനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്ന്‌ ഉണ്ടായിട്ടുള്ള വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എത്രയേറെയാണ്‌! പലതലങ്ങളില്‍, വ്യത്യസ്‌ത ഊന്നലുകളില്‍, വേറിട്ട ശൈലികളില്‍ വിരചിതമായ നൂറുകണക്കിന്‌ തഫ്‌സീറുകള്‍ ഖുര്‍ആന്‍ വിജ്ഞാനീയത്തിലെ അതുല്യ സംഭാവനകളാണ്‌. എന്തുകൊണ്ട്‌ ഇത്രയേറെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായി! `അഹുലുസുന്നത്തി വല്‍ ജമാഅ' അംഗീകരിക്കുന്ന തഫ്‌സീറുകള്‍ തന്നെ നിരവധിയാണ്‌. തഫ്‌സീറുത്ത്വബ്‌രി, തഫ്‌സീറു ഇബ്‌നുഅത്വിയ്യ, തഫ്‌സീറുല്‍ ഖുര്‍ത്വുബി, തഫ്‌സീറു ഇബ്‌നു കഥീര്‍, തഫ്‌സീറുല്‍ ജലാലൈനി, തഫ്‌സീറു ഇബ്‌നുല്‍ ജൗസി, ഫത്‌ഹുല്‍ ഖദീര്‍... ഈ പട്ടികക്ക്‌ ഒരുപാട്‌ നീളമുണ്ട്‌. ഇവയെല്ലാം ഒരേ സ്വഭാവത്തിലുള്ളവയല്ല. നിയമ വ്യാഖ്യാനം, ചരിത്രം, പ്രബോധനം, ഭാഷാപഗ്രഥനം, സാഹിത്യം, വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി, ആത്മസംസ്‌കരണം തുടങ്ങി പലതലങ്ങളില്‍ ഊന്നല്‍ നല്‍കുന്ന തഫ്‌സീറുകളുണ്ട്‌. നിയമവിശകലനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന തഫ്‌സീറുകള്‍ തന്നെ, ഒരു ആയത്തിന്‌ ഒരൊറ്റ വിശദീകരണമല്ല നല്‍കുന്നത്‌. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്ത്‌ ജീവിച്ചിരുന്ന, അറബി ഭാഷയില്‍ പ്രാവീണ്യമുള്ള സ്വഹാബികള്‍ക്കിടയില്‍ തന്നെ ഖുര്‍ആനിലെ ചില ആയത്തുകള്‍ വിശദീകരിക്കുന്നതില്‍ ഭിന്നവിരുദ്ധമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്‌. അഹ്‌ലുസുന്നത്ത്‌ അംഗീകരിച്ച തഫ്‌സീറുകളില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ കാണാം. എങ്ങനെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌? ഖുര്‍ആന്‍ സൂക്തങ്ങളില്‍ പലവിധ വായനകള്‍ക്കുമുള്ള സാധ്യത പ്രകൃത്യാ അന്തര്‍ലീനമാണ്‌. അതുകൊണ്ട്‌, ഒരു ഖുര്‍ആന്‍ വ്യഖ്യാനം മതി, അതുമാത്രം ശരി, മറ്റുള്ളതെല്ലാം തെറ്റ്‌ എന്ന്‌ ശഠിക്കാന്‍ കഴിയില്ല. പല വ്യാഖ്യാനങ്ങളില്‍ ഖുര്‍ആനിന്റെ ആത്മാവിനോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്നതും തെളിവുകളുടെ പിന്‍ബലമുള്ളതും നമുക്ക്‌ ശരിയെന്ന്‌ തോന്നുന്നതുമായ വീക്ഷണം നല്ല ഉദ്ദേശ്യത്തോടെ സ്വീകരിക്കുക. വ്യാഖ്യാന ഭേദങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതക്കുള്ള തെളിവുകളില്‍ ഒന്നായി കാണുകയും ചെയ്യാം: ``ഭൂമിയിലെ മരങ്ങളെല്ലാം പേനകളാവുകയും സമുദ്രം (മഷിയായിത്തീരുകയും) വേറെ ഏഴു സമുദ്രങ്ങള്‍ മഷിയായി അതിനെ പോഷിപ്പിക്കുകയും ചെയ്യട്ടെ, എന്നാല്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല'' (ലുഖ്‌മാന്‍ 27).

ഹദീസാണ്‌ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം. പ്രവാചകന്‍ വിടപറഞ്ഞ്‌ ഏതാനും വര്‍ഷങ്ങള്‍ക്കകം ഹദീസ്‌ സമാഹാരങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഇമാം അഹ്‌മദ്‌, ഇമാം മാലിക്‌, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ തുടങ്ങി ഒട്ടേറെ പ്രമുഖ പണ്ഡിതരുടെ ഹദീസ്‌ ഗ്രന്ഥങ്ങളുണ്ട്‌. അവക്കെല്ലാം നിരവധി വിശദീകരണ കൃതികളുമുണ്ടായി. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത്‌ ഒരേ രീതിയിലല്ല. വിഷയാധിഷ്‌ഠിതം, വ്യക്ത്യാധിഷ്‌ഠിതം, ഭാഷാവിശകലനം, ബലാബലം, ഫിഖ്‌ഹീ വീക്ഷണം... ഇങ്ങനെ വ്യത്യസ്‌ത മാനദണ്ഡങ്ങളില്‍ ഹദീസുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. ജാമിഅ്‌, മുസ്‌നദ്‌, സുനന്‍, മുസ്വ്‌ഹഫ്‌, അഹ്‌കാം, മുസ്‌തദ്‌റക്‌, മുജ്‌മഅ്‌ തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെടുന്നു. പല ഹദീസുകളുടെയും വിശദീകരണങ്ങളിലാകട്ടെ, അഭിപ്രായ ഭിന്നതകളുടെ വലിയൊരു ലോകം തന്നെയുണ്ട്‌. മുഹമ്മദ്‌ നബിയോടൊപ്പം ജീവിച്ച സ്വഹാബികള്‍ക്കിടയില്‍, നബി ജീവിച്ചിരിക്കെത്തന്നെ ഹദീസുകള്‍ മനസിലാക്കുന്നതില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. ബനൂഖുറൈദയിലെ നമസ്‌കാരത്തെ സംബന്ധിച്ച ഹദീസ്‌ വിശ്രുതമാണല്ലോ. നബിയുടെ കാലശേഷം ഹദീസുകളില്‍നിന്ന്‌ നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതില്‍ പ്രമുഖ സ്വഹാബിമാര്‍ക്കിടയിലുണ്ടായ വ്യത്യസ്‌താഭിപ്രായങ്ങള്‍ പ്രമുഖ ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്‌.

സ്വഹാബിമാര്‍ക്കിടയിലും, താബിഉകള്‍ക്കും അവരുടെ അടുത്ത തലമുറക്കുമിടയിലും ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നതിലുണ്ടായ അഭിപ്രായാന്തരങ്ങള്‍ പ്രമാണങ്ങളുടെ വ്യത്യസ്‌ത വായനകള്‍ക്കുള്ള സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. പരസ്‌പരം അധിക്ഷേപിക്കാനോ ദുഷ്‌പ്രചാരണം നടത്താനോ മറുവീക്ഷണക്കാരെ ദീനീ വൃത്തത്തില്‍ നിന്ന്‌ പുറത്താക്കാനോ വിവേകമതികളായ പൂര്‍വികമഹത്തുക്കള്‍ അതിനെ ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ദീനിന്റെ വിശാലതയുടെ സാക്ഷ്യങ്ങളായി അവയെ അടയാളപ്പെടുത്തുകയാണ്‌ അവര്‍ ചെയ്‌തത്‌. ഖലീഫ ഉമറുബ്‌നുഅബ്‌ദില്‍ അസീസിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്‌. ``പ്രവാചകന്റെ സ്വഹാബിമാര്‍ക്കിടയില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഇല്ലാതിരിക്കുന്നത്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. കാരണം, ഒരേ ഒരു അഭിപ്രായമേ ഉള്ളുവെങ്കില്‍ ജനങ്ങള്‍ പ്രയാസപ്പെട്ടു പോകും. നാം പിന്തുടരേണ്ട നേതാക്കളാണ്‌ സ്വഹാബിമാര്‍. അവരിലൊരാളുടെ അഭിപ്രായം ഒരു വ്യക്തിക്ക്‌ പിന്തുടരാന്‍ സാധിച്ചാല്‍ അതില്‍ ഒരു വിശാലതയുണ്ടാകും.'' (ജാമിഉബയാനില്‍ ഇല്‍മി വ ഫള്‌ലുഹു 2/9). ഖാസിമുബ്‌നു മുഹമ്മദ്‌ പറഞ്ഞതിപ്രകാരമാണ്‌: ``സ്വഹാബിമാര്‍ക്കിടയിലെ വീക്ഷണ വൈജാത്യങ്ങള്‍ വഴി തീര്‍ച്ചയായും അല്ലാഹു നമുക്ക്‌ പ്രയോജനകരമായ കാര്യമാണ്‌ ചെയ്‌തിരിക്കുന്നത്‌. സ്വഹാബിമാരിലൊരാളെ പിന്‍പറ്റി ഒരു പ്രവൃത്തി ചെയ്യുന്ന വ്യക്തിക്ക്‌ അതിലൊരു വിശാലത അനുഭവപ്പെടും. ഒരു സ്വഹാബിയില്‍ കണ്ട നന്മയാണല്ലോ അയാള്‍ ചെയ്‌തിരിക്കുന്നത്‌.'' (Ibid 2/78) ഇമാം ബൈഹഖി സ്വഹാബിവര്യനായ അനസി(റ)ല്‍ നിന്ന്‌ ഉദ്ധരിക്കുന്നതിങ്ങനെ; അനസ്‌(റ) പറയുന്നു: ``ഞങ്ങള്‍, പ്രവാചകന്റെ സഖാക്കള്‍ യാത്ര പോകും, നോമ്പെടുത്തവനും നോമ്പുപേക്ഷിച്ചവനും ഞങ്ങളിലുണ്ടാകും. നമസ്‌കാരം പൂര്‍ത്തിയായി ചെയ്യുന്നവരും, ചുരുക്കി നിര്‍വഹിക്കുന്നവരും ഞങ്ങളിലുണ്ടാകും. നോമ്പെടുക്കുന്നവന്‍ നോമ്പുപേക്ഷിച്ചവനെ ആക്ഷേപിക്കില്ല; തിരിച്ചും. നമസ്‌കാരം ചുരുക്കിയവന്‍ പൂര്‍ണമായി നിര്‍വഹിക്കുന്നവനെയോ തിരിച്ചോ ആക്ഷേപിക്കില്ല'' (സുനനുല്‍ കുബ്‌റ).

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തും വീക്ഷണവ്യത്യാസങ്ങളും
വിശ്വാസകാര്യങ്ങളുടെ വിശദാംശങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ ഭിന്നനിലപാടുകളുണ്ട്‌. അഖീദയില്‍, അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത്‌ അംഗീകരിച്ച അശ്‌അരി, മാതുരീദി, ഹമ്പലി സരണികള്‍ തമ്മില്‍ പല വ്യത്യാസങ്ങളും കാണാം. അശ്‌അരിയ്യത്തിന്‌ അകത്തുള്ള പണ്ഡിതന്മാര്‍ക്കു തന്നെ എല്ലാ വിഷയങ്ങളിലും ഒരേ നിലപാടല്ല ഉള്ളത്‌. ഹമ്പലിയത്തും അശ്‌അരിയത്തും തമ്മിലും പ്രകടമായ അന്തരങ്ങളുണ്ട്‌. ഇതൊന്നും പക്ഷേ, ദീനില്‍ നിന്ന്‌ പുറത്തുപോകും വിധം അടിസ്ഥാനങ്ങളെ നിഷേധിക്കുന്നതല്ല; അടിസ്ഥാനങ്ങളുടെ വിശദീകരണങ്ങളിലും വ്യാഖ്യാനങ്ങളിലുമാണ്‌.
കര്‍മശാസ്‌ത്രത്തില്‍ (ഫിഖ്‌ഹ്‌) ഉള്ള അഭിപ്രായാന്തരങ്ങളാകട്ടെ ഇതിലേറെയുണ്ട്‌. അഹ്‌ലുസുന്നത്ത്‌ അംഗീകരിച്ചിട്ടുള്ള പ്രമുഖമായ നാലു മദ്‌ഹബുകള്‍ മാലികി, ഹമ്പലി, ശാഫിഈ, ഹനഫി എന്നിവയാണ്‌. അവക്കു പുറമെ ളാഹിരി, ഇബാദി തുടങ്ങി വേറെയും മദ്‌ഹബുകളുണ്ട്‌. ഒരേ വിഷയത്തില്‍ തന്നെ പരസ്‌പരവിരുദ്ധ നിലപാടുകളുണ്ട്‌ നാല്‌ പ്രമുഖ മദ്‌ഹബുകള്‍ക്കും. സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌, ആഭരണങ്ങളുടെ സകാത്ത്‌, രക്തമൊലിച്ചാല്‍ വുദൂവിന്റെ സാധുത തുടങ്ങിയ വിഷയങ്ങളില്‍ ഇമാം ശാഫിഈ, അബൂഹനീഫ, മാലിക്‌(റ) തുടങ്ങിയവര്‍ പുലര്‍ത്തുന്ന വിരുദ്ധ നിലപാടുകള്‍ ഉദാഹരണം. സ്വഹാബിമാര്‍ക്കിടയില്‍ കര്‍മശാസ്‌ത്ര വിഷയങ്ങളിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയാണ്‌ ഇത്‌. ഒരു മദ്‌ഹബില്‍ തന്നെ പിന്നീട്‌ രംഗത്ത്‌ വന്ന പണ്ഡിതന്മാര്‍ക്കിടയില്‍ പല വിഷയങ്ങളിലും അഭിപ്രായാന്തരങ്ങള്‍ കാണാം. ഗുരുനാഥന്മാരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ച ശിഷ്യഗണങ്ങള്‍ മദ്‌ഹബുകള്‍ക്കകത്തു തന്നെയുണ്ട്‌. എന്നിട്ടും അവരെല്ലാം അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്‌ ഉള്ളില്‍ തന്നെയാണ്‌ (വിശദാംശങ്ങള്‍ക്ക്‌ ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച കര്‍മശാസ്‌ത്ര ഭിന്നതകള്‍ ചരിത്രവും സമീപനവും, മുസ്‌ലിം ഐക്യം സാധ്യതയും സാധുതയും എന്നീ കൃതികള്‍ കാണുക).

കര്‍മശാസ്‌ത്രത്തിലെ ഭിന്നവീക്ഷണങ്ങളില്‍ ഏതെങ്കിലുമൊരു അഭിപ്രായം മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെല്ലാം തെറ്റെന്നു പറഞ്ഞ്‌ തള്ളിപ്പറയുകയും എതിര്‍വീക്ഷണക്കാരെ തങ്ങളുടെ വൃത്തത്തിന്‌ പുറത്തു നിര്‍ത്തുകയുമല്ല അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ സമീപനം. മറിച്ച്‌ വീക്ഷണ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുകയാണ്‌. അതുകൊണ്ടാണ്‌ പരസ്‌പരവിരുദ്ധമായ കര്‍മശാസ്‌ത്ര നിലപാടുള്ള ശാഫി, ഹനഫി, ഹമ്പലി, മാലികി മദ്‌ഹബുകള്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിന്‌ അകത്തുതന്നെ നിലകൊള്ളുന്നത്‌, ഫിഖ്‌ഹില്‍ ഒരഭിപ്രായം മാത്രം അംഗീകരിക്കുക എന്നതാണ്‌ നിലപാടെങ്കില്‍ ഒരു മദ്‌ഹബ്‌ സ്വീകരിച്ച്‌ മറ്റു മൂന്ന്‌ മദ്‌ഹബുകളെയും അഹ്‌ലുസുന്നയുടെ വൃത്തത്തില്‍നിന്ന്‌ പുറത്താക്കേണ്ടതാണ്‌. ഇമാം അബൂഹനീഫയും അനുയായികളും അഹ്‌ലുസുന്നയുടെ പുറത്താണെന്ന്‌ ശാഫിഈ മദ്‌ഹബുകാര്‍ക്കോ, തിരിച്ചോ അഭിപ്രായമില്ലല്ലോ. കര്‍മശാസ്‌ത്രത്തിന്റെ വിശദാംശങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിശാലവീക്ഷണങ്ങള്‍ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കുകയും അത്തരം ധാരകളെയെല്ലാം ഒരേ സമയം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്‌ചപ്പാട്‌ അതുകൊണ്ട്‌ തന്നെ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ശരിയായ നിലപാടാണെന്ന്‌ മനസിലാക്കാം. മാത്രമല്ല, വിവിധ കര്‍മശാസ്‌ത്രസരണികളെയെല്ലാം, ഇജ്‌തിഹാദിന്റെ പേരില്‍ അപ്പാടെ നിരാകരിക്കുന്നത്‌ ഇസ്‌ലാമിക സമൂഹത്തിന്റെ നീണ്ട വൈജ്ഞാനിക പാരമ്പര്യത്തെ തള്ളിപ്പറയലാണ്‌.അത്തരമൊരു നിഷേധാത്മക സമീപനത്തോടെ ആരംഭിക്കുന്ന `സ്വതന്ത്ര ഇജ്‌തിഹാദാ'കട്ടെ പലപ്പോഴും അരാജകത്വത്തിനു കാരണമാവുകയും ചെയ്യുന്നു. കേരളത്തിലെ പല മതസംഘടനകളെയും ആഭ്യന്തര ശൈഥില്യത്തിലേക്ക്‌ നയിച്ചതില്‍ `സ്വതന്ത്ര ഇജ്‌തിഹാദി'ലൂടെ ഉണ്ടായ അരാജകത്വം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.
അഭിപ്രായാന്തരങ്ങളെയെല്ലാം നിഗ്രഹിച്ചുകൊണ്ട്‌, ഒരേയൊരു കാഴ്‌ചപ്പാടും വ്യാഖ്യാനവും ശരി എന്ന ഏകശിലാത്മകവാദം ഇസ്‌ലാമിക ദര്‍ശനം തിരസ്‌കരിക്കുന്നുവെന്നാണ്‌ ഈ ചരിത്ര വസ്‌തുതകള്‍ അടിവരയിടുന്നത്‌. ഒരു ചെടി മാത്രം വളരുകയും ഒരേ പൂവു മാത്രം വിരിയുകയും ചെയ്യുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനാകര്‍ഷകമാണെന്ന പോലെയാണ്‌ ഏകശിലാത്മകതയെ ഇസ്‌ലാം കാണുന്നത്‌. മൗലിക വിഷയങ്ങള്‍ അംഗീകരിച്ച ശേഷം വിശാദംശങ്ങളിലെ വീക്ഷണ വൈജാത്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ആശയവൈവിധ്യതയെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്ന വൈരുധ്യങ്ങളായല്ല, സൗന്ദര്യാത്മക നാനാത്വമായാണ്‌ ഇസ്‌ലാം കാണുന്നത്‌. ``സ്വഹാബികളുടെ ഏകോപിതാഭിപ്രായങ്ങള്‍ (ഇജ്‌മാഅ്‌) ഖണ്ഡിതമായ തെളിവാണ്‌. അവരുടെ വീക്ഷണ വ്യത്യാസങ്ങള്‍ അനുഗ്രഹവും വിശാലതയുമാണ്‌'' എന്ന്‌ പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെ. ഈ യാഥാര്‍ഥ്യം ചരിത്രത്തിലെ മഹാരഥന്മാരായ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്‌. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ``നാശത്തിനും കുഴപ്പത്തിനും കാരണമാകാതിരിക്കുകയും ഉദ്ദേശ്യം അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കലുമാണെങ്കില്‍ വീക്ഷണവ്യത്യാസങ്ങള്‍ ഉപദ്രവകരമല്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ അത്‌ അനിവാര്യമാണ്‌. അടിസ്ഥാനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തെരഞ്ഞെടുക്കുന്ന വഴികളും ഒന്നായാല്‍ അഭിപ്രായ ഭിന്നത ഉണ്ടാകില്ല. എന്നാല്‍, അഭിപ്രായ ഭിന്നതകള്‍ സംഭവിച്ചാല്‍ അത്‌ സ്വഹാബികള്‍ക്കിടയിലെ വീക്ഷണ വ്യത്യാസങ്ങള്‍പോലെയാണ്‌, അത്‌ ഉപദ്രവകരമാവുകയുമില്ല'' (അസ്വവാഇഖുല്‍ മുര്‍സല: 2/519). ഈ തിരിച്ചറിവും യാഥാര്‍ഥ്യബോധവുമാണ്‌ ഇസ്‌ലാമിനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്‌. ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഒരേ ലക്ഷ്യത്തിലേക്കാണ്‌ ഒഴുകി പോകുന്നത്‌. ആ കൈവഴികളെല്ലാം അടച്ചുപൂട്ടി ഒറ്റ നദി മാത്രമാക്കുക അസാധ്യമാണ്‌. ഒരുപാട്‌ നദികള്‍ ഒഴുകിച്ചേരുമ്പോഴാണ്‌ സമുദ്രമുണ്ടാകുന്നത്‌. ഇസ്‌ലാമിക വിജ്ഞാന മണ്ഡലം സാഗരസമാനം തിരയടിക്കുന്നതും അതുകൊണ്ടുതന്നെ.

അഭിപ്രായ ഭിന്നതകള്‍ രണ്ടു വിധം

ഇസ്‌ലാമിക സമൂഹത്തിനകത്തെ അഭിപ്രായ ഭിന്നതകള്‍ രണ്ടുവിധത്തിലുള്ളവയാണ്‌. ഒന്ന്‌, അനുവദനീയം (അല്‍ ഇഖ്‌തിലാഫുല്‍ മശ്‌റൂഅ്‌) രണ്ട്‌, ആക്ഷേപാര്‍ഹം (അല്‍ ഇഖ്‌തിലാഫുല്‍ മദ്‌മൂം).
പ്രമാണങ്ങളിലൂടെ ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതും ചരിത്രത്തിലുടനീളം മുസ്‌ലിം ഉമ്മത്ത്‌ ഏക കണ്‌ഠമായി അംഗീകരിച്ചതുമായ അടിസ്ഥാന വിഷയങ്ങളില്‍ (ഉസ്വൂല്‍) അഭിപ്രായാന്തരങ്ങള്‍ക്ക്‌ പഴുതില്ല. എന്നാല്‍ ഗവേഷണത്തിന്‌ (ഇജ്‌തിഹാദ്‌) അനുവാദമുള്ള ശാഖാ പ്രശ്‌നങ്ങളില്‍ (ഫുറൂഅ്‌) ഭിന്നവീക്ഷണങ്ങള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്‌. കര്‍മശാസ്‌ത്രത്തിലും (ഫിഖ്‌ഹ്‌) ചിന്താപരവും (ഫിക്‌രിയ്യ), രാഷ്‌ട്രീയപരവും (സിയാസിയ്യ) ആയ വിഷയങ്ങളിലും ഉള്ള അഭിപ്രായാന്തരങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. അഖീദയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലും വീക്ഷണവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിയമനിര്‍മാണത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാന സ്രോതസ്‌ അല്ലാഹുവിന്റെ നിയമങ്ങളാണ്‌ എന്ന്‌ അംഗീകരിച്ച ശേഷം, തെരഞ്ഞെടുപ്പ്‌, ഭരണ നിര്‍വഹണം തുടങ്ങിയ വിഷയങ്ങളിലെ വ്യത്യസ്‌ത സമീപനങ്ങളാണ്‌ രാഷ്‌ട്രീയത്തില്‍ ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളത്‌.
ഇജ്‌തിഹാദിന്‌ അനുവാദമുള്ള കര്‍മശാസ്‌ത്ര പ്രശ്‌നങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്‌. സ്വഹാബികള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യത്യസ്‌ത വീക്ഷണങ്ങള്‍, താബിഉകളുടെയും അവരുടെ അടുത്ത തലമുറയുടെയും കാലത്തോടെ കൂടുതല്‍ വളരുകയാണുണ്ടായത്‌. പിന്നീട്‌, നാഗരിക വികാസത്തോടെ അഭിമുഖീകരിക്കേണ്ടിവന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ വിധി കണ്ടെത്താനായി നടത്തിയ ഗവേഷണങ്ങളും അഭിപ്രായാന്തരങ്ങള്‍ക്ക്‌ കാരണമായി. ഇന്ന്‌ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍മശാസ്‌ത്ര പണ്ഡിതര്‍ നല്‍കുന്ന ഫത്‌വകളില്‍ പല അന്തരങ്ങളും കാണാനാകും. ഇജ്‌തിഹാദീ വിഷയങ്ങളിലുള്ള ഈ വൈജാത്യങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ ദീന്‍ അത്‌ അനുവദിക്കുകയും ചെയ്‌തു. സര്‍വാംഗീകൃതമായ തത്ത്വമാണിത്‌. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരാളും മറ്റൊരാളെ ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ തെറ്റു ചെയ്‌തവനായി മുദ്രകുത്താനോ പാടില്ല. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ``വിധികളില്‍(അഹ്‌കാം) ഉള്ള ഭിന്നാഭിപ്രായങ്ങള്‍ എണ്ണി കണക്കാക്കാനാകത്തത്രയുമുണ്ട്‌. രണ്ട്‌ മുസ്‌ലിം സഹോദരന്മാര്‍ ഒരു വിഷയത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുകയും അതിന്റെ പേരില്‍ പരസ്‌പരം അധിക്ഷേപിക്കുകയുമാണെങ്കില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരുമയും സാഹോദര്യവും നിലനില്‍ക്കുകയില്ല'' (മജ്‌മൂഉല്‍ ഫതാവാ 24/173). മദീനയിലെ ഏഴ്‌ പ്രമുഖ പണ്ഡിതരിലൊരാളായിരുന്ന ഖാസിമുബ്‌നു മുഹമ്മദ്‌ നമസ്‌കാരത്തില്‍ ഇമാമിനു ശേഷം ഫാത്തിഹ ഓതുന്ന വിഷയത്തില്‍ പറയുകയുണ്ടായി, ``നീ ഫാത്തിഹ ഓതിയാല്‍, പ്രവാചകന്റെ സഖാക്കളില്‍ നിനക്ക്‌ മാതൃകയുണ്ട്‌. നീ ഫാത്തിഹ ഓതുന്നില്ലെങ്കിലും സ്വഹാബികളില്‍ നിനക്ക്‌ തെളിവുണ്ട്‌'' (ജാമിഉ ബയാനില്‍ ഇല്‍മ്‌ 2/80).

എന്നു മാത്രമല്ല, ഒരു വിഷയത്തില്‍ ഒരഭിപ്രായം പുലര്‍ത്തുന്ന പണ്ഡിതന്‍, അതേ വിഷയത്തില്‍ മറ്റൊരു വീക്ഷണമുള്ള മദ്‌ഹബ്‌ പിന്തുടരാന്‍ അനുവാദം നല്‍കിയതും കാണാം. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ``വലിയ അശുദ്ധി ഉള്ളവനാണെന്ന കാര്യം മറന്നുകൊണ്ട്‌ ഒരാള്‍ ഇമാമായി നമസ്‌കരിച്ചു. പിന്നീട്‌ അത്‌ ഓര്‍മ വരികയും ചെയ്‌തു. എങ്കില്‍ ഇമാം വീണ്ടും നമസ്‌കരിക്കണം, മഅ്‌മൂമുകള്‍ നമസ്‌കരിക്കേണ്ടതില്ല. ഇതാണ്‌ മദീനക്കാരുടെ മദ്‌ഹബ്‌. എന്നാല്‍, അബൂഹനീഫയുടെ വീക്ഷണമനുസരിച്ച്‌ ഇമാമും മഅ്‌മൂമും നമസ്‌കാരം വീണ്ടും നിര്‍വഹിക്കണം. ഇമാം അബൂഹനീഫയുടെ പക്ഷക്കാരനായ അബൂയൂസുഫിന്‌ ഇത്തരമൊരു അനുഭവമുണ്ടായി. ഖലീഫയുടെ പകരക്കാരനായി ഒരിക്കല്‍ അദ്ദേഹം ജുമുഅ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി. തനിക്ക്‌ വലിയ അശുദ്ധി ഉണ്ടായിരുന്നുവെന്ന കാര്യം പിന്നീടാണ്‌ അദ്ദേഹം ഓര്‍ത്തത്‌. അദ്ദേഹം വീണ്ടും നമസ്‌കരിച്ചു. പക്ഷേ, ജനങ്ങളോട്‌ നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടില്ല. എന്തുകൊണ്ട്‌ ജനങ്ങളോട്‌ നിര്‍ദേശിച്ചില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: നമുക്ക്‌ ഒരു കാര്യം പ്രയാസകരമായിത്തീര്‍ന്നാല്‍ നാം മദീനക്കാരായ നമ്മുടെ സഹോദരങ്ങളുടെ അഭിപ്രായം സ്വീകരിക്കും'' (മജ്‌മൂഉല്‍ ഫതാവ 20/364,365).

സ്വന്തം വീക്ഷണം മാറ്റിവെച്ചുകൊണ്ട്‌ ഇമാം ശാഫിഈ കാണിച്ച മാതൃക മഹത്തരമാണ്‌. ഇറാഖില്‍ ചെന്നപ്പോള്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായം മാനിച്ച്‌ സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌ ഉപേക്ഷിക്കുകയായിരുന്നു ഇമാം ശാഫിഈ. ഇജ്‌തിഹാദീ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ക്ക്‌ അത്ര ഗൗരവമേ അവര്‍ നല്‍കിയിരുന്നുള്ളൂ. എന്നാല്‍, കര്‍മശാസ്‌ത്രത്തിലെ അനുവദിക്കപ്പെട്ട അഭിപ്രായ ഭിന്നതകള്‍ പോലും അംഗീകരിക്കാനും സഹിഷ്‌ണുതയോടെ കാണാനും കഴിയാത്ത സങ്കുചിതത്വവും പക്ഷപാതിത്വവും ചിലര്‍ പുലര്‍ത്തുന്നു. മദ്‌ഹബിന്റെ മഹാന്മാരായ ഇമാമുമാര്‍ക്ക്‌ ശേഷം രംഗത്തുവന്ന ചില അനുയായികള്‍ കടുത്ത മദ്‌ഹബ്‌ പക്ഷപാതികളും എതിര്‍ വീക്ഷണക്കാരോട്‌ വിരോധമുള്ളവരുമായി മാറിയതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്‌. വര്‍ത്തമാനകാലത്താകട്ടെ, അതിന്റെ അപകടകരമായ ആവര്‍ത്തനമാണ്‌ ചില മത സംഘടനകളില്‍നിന്നും നേതാക്കളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. നിര്‍വഹിച്ചാലും ഉപേക്ഷിച്ചാലും നമസ്‌കാരത്തിന്‌ ഭംഗം വരാത്ത സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്തിനെക്കുറിച്ച്‌, അത്‌ ചൊല്ലുന്നത്‌ വ്യഭിചാരത്തേക്കാള്‍ വലിയ പാപമാണെന്ന്‌ പ്രസംഗിക്കാന്‍ മത പ്രഭാഷകര്‍ ധൃഷ്‌ടരാകുന്നത്‌ എന്തുമാത്രം വേദനാജനകമാണ്‌.
അഭിപ്രായാന്തരങ്ങള്‍ ഇല്ലാത്തതും ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതുമായ ദീനിന്റെ അടിസ്ഥാന വിഷയങ്ങള്‍ നിഷേധിക്കുന്നത്‌ അധിക്ഷേപാര്‍ഹമായ മാര്‍ഗഭ്രംശമായിത്തീരും. എന്നാല്‍, അടിസ്ഥാന വിഷയങ്ങള്‍ അംഗീകരിച്ച ശേഷം അവയുടെ വിശദാംശങ്ങളിലും പ്രയോഗവത്‌കരണത്തിലും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. ചിലത്‌ ഏറെ ഗൗരവമുള്ള തെറ്റും തിരുത്തപ്പെടേണ്ടതുമായിരിക്കും. എന്നാല്‍, അവയെ എങ്ങനെ തിരുത്തണം എന്നത്‌ പ്രധാനപ്പെട്ട വിഷയമാണ്‌. മുസ്‌ലിം സമൂഹത്തിനകത്തുള്ള ഗൗരവതരമായ പിഴവുകളെ സമീപിക്കേണ്ട രീതി എന്താണെന്ന്‌ ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ചിട്ടുണ്ട്‌. അത്‌ നയപരമായ വിഷയമാണ്‌. മൗലികമായി ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ അംഗീകരിച്ച ശേഷം സംഭവിക്കുന്ന വിശ്വാസപരവും കര്‍മപരവുമായ വൈകല്യങ്ങള്‍ തിരുത്തുന്നതില്‍ തികഞ്ഞ ജാഗ്രതയും കവിഞ്ഞസൂക്ഷ്‌മതയും പുലര്‍ത്തേണ്ടതുണ്ട്‌. ഖുര്‍ആന്‍ പറയുന്ന യുക്തിബോധവും സദുപദേശവും മുറുകെപ്പിടിക്കണം. തെറ്റു ചെയ്യുന്നവരെ കൂടുതല്‍ തെറ്റിലേക്ക്‌ തള്ളിവിടുന്ന വിധം പ്രകോപനപരമായ ശൈലി സ്വീകരിക്കരുത്‌. അവരെ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി കണ്ട്‌ സാഹോദര്യം നിലനിര്‍ത്തി വേണം മുന്നോട്ടുപോകാന്‍. സത്യനിഷേധവും വ്യതിചലനവും രണ്ടാണെന്നോര്‍ക്കണം. മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിനും ശത്രുതാപരമായ കക്ഷിത്വത്തിനും നാശഹേതുവാകുന്ന കലഹത്തിനും കാരണമാകുന്ന വിധം പ്രവര്‍ത്തിക്കരുത്‌. സാഹോദര്യവും സ്‌നേഹബന്ധവും തകര്‍ക്കുംവിധം പെരുമാറരുത്‌. അപ്പോഴാണ്‌ വിയോജിപ്പുകള്‍ അധിക്ഷേപാര്‍ഹമാകുന്നത്‌.

തെറ്റ്‌ തിരുത്തുന്നതില്‍ അനുകരണീയ മാതൃകയാണ്‌ പ്രവാചകന്‍ ഹാറൂന്‍ (അ) സ്വീകരിച്ചിരുന്നതെന്ന്‌ ഖുര്‍ആന്‍ പറയുന്നു. മൂസാ നബി(അ) തൗറാത്ത്‌ വാങ്ങാന്‍ പോയപ്പോള്‍ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി ബനൂ ഇസ്രാഈല്യരിലെ ചില മുസ്‌ലിംകള്‍. ഹാറൂന്‍ നബിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്‌. മൂസാ തിരിച്ചുവന്നപ്പോള്‍ രംഗം കണ്ട്‌ ക്ഷുഭിതനായി. ഖുര്‍ആന്‍ സംഭവം വിവരിക്കുന്നതിങ്ങനെ: ``മൂസാ ചോദിച്ചു: ഹാറൂന്‍, ഇവര്‍ വഴിപിഴച്ചു പോകുന്നത്‌ കണ്ടപ്പോള്‍ എന്നെ പിന്തുടരുന്നതില്‍ നിന്ന്‌ നിന്നെ തടഞ്ഞതെന്ത്‌? നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ? ഹാറൂന്‍ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചു വലിക്കല്ലേ. `നീ ഇസ്രാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, എന്റെ വാക്കിന്‌ കാത്തിരുന്നില്ല' എന്ന്‌ പറയുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു.'' (ത്വാഹാ 93,94).

അടിസ്ഥാനപരമായി തൗഹീദ്‌ അംഗീകരിച്ച മുസ്‌ലിംകളില്‍നിന്ന്‌ സംഭവിച്ച വിശ്വാസ വൈകല്യം നിസ്സാരമായിരുന്നില്ല. സാമിരിയുടെ ദുര്‍ബോധനത്തില്‍ പെട്ട്‌, പ്രത്യക്ഷത്തില്‍ ശിര്‍ക്കുതന്നെയാണവര്‍ ചെയ്‌തത്‌. പക്ഷേ, മുസ്‌ലിംകളുടെ ഗുരുതരമായ ഒരു വൈകല്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതായിരുന്നു പ്രശ്‌നം. ഭിന്നിപ്പ്‌ (ഫിര്‍ഖത്ത്‌) ഉണ്ടാക്കാതെ തെറ്റ്‌ തിരുത്താന്‍ ശ്രമിക്കുക എന്നതായിരുന്നു ഹാറൂന്‍ നബിയുടെ സമീപനം. മൂസാ അത്‌ അംഗീകരിച്ചതായാണ്‌ ഖുര്‍ആന്‍ വിവരണത്തില്‍നിന്ന്‌ മനസ്സിലാകുന്നത്‌. അത്‌ തെറ്റായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നുമില്ല. അതേസമയം, ഹാറൂന്‍ അതിനെതിരെ നിശ്ശബ്‌ദനായിരുന്നുമില്ല. ``ഹാറൂന്‍ നേരത്തേ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു. എന്റെ ജനമേ, ഈ കാളക്കിടാവ്‌ വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്‌. നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്‌. അതിനാല്‍ എന്നെ പിന്‍പറ്റുക. തന്റെ കല്‍പനയനുസരിക്കുക'' (ത്വാഹാ 90). വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നതിലും തെറ്റുതിരുത്തുന്നതിലും സഹിഷ്‌ണുതാ പൂര്‍ണവും ഗുണകാംക്ഷാ നിര്‍ഭരവുമായ ഇത്തരം ശൈലികളാണ്‌ വിവേകം. അതിനപ്പുറം സമുദായത്തിന്റെ കെട്ടുറപ്പ്‌ തകര്‍ത്ത്‌ ശൈഥില്യം വിതക്കുന്ന രീതി അധിക്ഷേപാര്‍ഹമാണ്‌. ``തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്‌തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്‌'' (അല്‍അന്‍ആം 159).
അഭിപ്രായാന്തരങ്ങള്‍ അധിക്ഷേപാര്‍ഹമായി മാറുന്നത്‌, സ്വാര്‍ഥ താല്‍പര്യങ്ങള്‍ കടന്നുവരികയും തദടിസ്ഥാനത്തില്‍ കക്ഷി മാത്സര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുമ്പോഴാണ്‌. സംഘടനാ സങ്കുചിതത്വം, മേധാവിത്വത്തിനു വേണ്ടിയുള്ള മാത്സര്യം, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍, പണ്ഡിതന്മാര്‍ക്കിടയിലെ അസൂയ, മറു വീക്ഷണക്കാരെ അപഹസിച്ച്‌ പരാജയപ്പെടുത്താനുള്ള വാശി, അതിനുവേണ്ടിയുള്ള കുതന്ത്രങ്ങളും ദുഷ്‌പ്രചാരണങ്ങളും... ഇത്യാദി ദുഷ്‌പ്രവണതകള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സ്വാധീനം നേടുന്നത്‌ ഏറെ അപകടകരമാണ്‌. ശാഖാപരമായ വിഷയങ്ങള്‍ക്ക്‌ അടിസ്ഥാനങ്ങളുടെയോ അതിലേറെയോ സ്ഥാനം നല്‍കി സ്വാഭിപ്രായം സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും അധിക്ഷേപാര്‍ഹമായ ഭിന്നതയാണ്‌. ഇമാം ശാഫിഈയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ``ഒരാള്‍ എന്നോട്‌ ചോദിച്ചു: പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാര്‍ ചില വിഷയങ്ങളില്‍ ഭിന്നിച്ചിരിക്കുന്നതായി കാണുന്നു. അതിനവര്‍ക്ക്‌ അനുവാദമുണ്ടോ? ഞാന്‍ പറഞ്ഞു: അഭിപ്രായ ഭിന്നത രണ്ടു വിധമുണ്ട്‌. ഒന്ന്‌, നിഷിദ്ധമായത്‌. അയാള്‍ ചോദിച്ചു: എന്താണ്‌ നിഷിദ്ധമായ ഭിന്നത? ഞാന്‍ പറഞ്ഞു: അല്ലാഹു ഖുര്‍ആനിലോ പ്രവാചകന്‍ മുഖേനയോ വ്യക്തമായ പ്രമാണം വഴി ഒരു കാര്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ അതറിഞ്ഞവന്‌ പിന്നെ അതില്‍ ഭിന്നിക്കാന്‍ അനുവാദമില്ല. എന്നാല്‍ ചിലത്‌, വ്യാഖ്യാനത്തിനും തുലനത്തിനും (ഖിയാസ്‌) സാധ്യതയുള്ളതാണ്‌. അത്തരം വിഷയങ്ങളില്‍ ഒരു പണ്ഡിതന്‍ വ്യാഖ്യാനത്തിനും ഖിയാസിനും സാധ്യതയുള്ള ഒരു അഭിപ്രായത്തിലെത്താം. അതില്‍ മറ്റൊരാള്‍ക്ക്‌ ഭിന്നാഭിപ്രായം ഉണ്ടാകാം. പ്രമാണ വായനയിലുണ്ടായ ഈ ഭിന്നത അദ്ദേഹത്തിന്‌ പ്രയാസകരമായിത്തീരും എന്ന്‌ എനിക്ക്‌ അഭിപ്രായമില്ല.' അയാള്‍ ചോദിച്ചു: ഇങ്ങനെ രണ്ടുതരം ഭിന്നതകള്‍ എന്ന്‌ വേര്‍തിരിക്കാന്‍ താങ്കള്‍ക്ക്‌ വല്ല തെളിവുമുണ്ടോ? ഞാന്‍ വിശദീകരിച്ചു: കക്ഷിത്വത്തെ (ഫിര്‍ഖ) അധിക്ഷേപിച്ചുകൊണ്ട്‌ അല്ലാഹു പറഞ്ഞിട്ടുണ്ട്‌. ``വ്യക്തമായ പ്രമാണം വന്ന ശേഷമല്ലാതെ വേദക്കാര്‍ ഭിന്നിച്ചിട്ടില്ല'' (അല്‍ബയ്യിന 4). ``വ്യക്തമായ പ്രമാണം വന്ന ശേഷം ഭിന്നിച്ചവരെ പോലെ നിങ്ങള്‍ ആകരുത്‌'' (ആലുഇംറാന്‍ 105). വ്യക്തമായ തെളിവുള്ള കാര്യത്തിലെ ഭിന്നതയെയാണ്‌ അല്ലാഹു അധിക്ഷേപിച്ചിട്ടുള്ളത്‌. എന്നാല്‍, ഇജ്‌തിഹാദ്‌ നിയമവിധേയമായിട്ടുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയാകാം'' (അര്‍രിസാല, ഇമാം ശാഫിഈ).
ദൗര്‍ഭാഗ്യകരമെന്നു പറയാം കേരളീയ മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ ഭിന്നതകളെച്ചൊല്ലിയുള്ള വാദകോലാഹലങ്ങള്‍ ചിലപ്പോള്‍ അനഭിലഷണീയവും ആക്ഷേപകരവുമായ വിതാനത്തിലേക്ക്‌ ആപതിക്കുന്നു. മതമാത്സര്യത്തിന്റെ ഘോരഗര്‍ജനങ്ങള്‍ മുഴങ്ങുന്ന സംഘടനാ വേദികളും `ശത്രുവിനെ'തിരെ വില്ല്‌ കുലച്ചുനില്‍ക്കുന്ന മത നേതാക്കളും മനസ്സില്‍ ഭീതി പടര്‍ത്താന്‍ പോന്നതാണ്‌. വിവേകത്തോടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്ന ഹാറൂന്‍ നബിയെ പോലുള്ള പക്വമതികള്‍ എത്ര പേരുണ്ട്‌? മറു വീക്ഷണക്കാരോടുള്ള ആദരവുകൊണ്ട്‌ സ്വാഭിപ്രായം മാറ്റിവെച്ച ഇമാം ശാഫിഈയെ പോലെ വിശാല മനസ്‌കരായ പണ്ഡിത നേതൃത്വത്തെ എവിടെ കാണാം? ഇമാം ഗസാലി താക്കീത്‌ നല്‍കിയ ദുഷ്‌ട പണ്ഡിതന്മാര്‍ (ഉലമാഉ സൂഅ്‌) രംഗം കൈയടക്കുന്നതിനെ നാം പേടിക്കണം. സമുദായത്തിലെ ഓരോ വിഭാഗവും മറുവിഭാഗങ്ങള്‍ക്കെതിരെ സത്യനിഷേധി (കാഫിര്‍), ബഹുദൈവാരാധകന്‍ (മുശ്‌രിക്‌), പുത്തന്‍വാദി (മുബ്‌തദിഅ്‌), ഹദീസ്‌ നിഷേധി തുടങ്ങിയ മുദ്രകള്‍ ചാര്‍ത്താനും ദീനില്‍നിന്ന്‌ പുറത്താക്കാനും ധൃഷ്‌ടരാകുമ്പോള്‍ ആരാണ്‌ സഹോദരാ, മുസ്‌ലിം സമുദായത്തില്‍ പിന്നെ ബാക്കിയുണ്ടാവുക? ഈ കാളപ്പോരും കോഴിപ്പോരും അവസാനിപ്പിച്ച്‌ നമുക്കെന്നാണ്‌ സ്‌നേഹത്തോടെ സംവദിക്കാനാവുക? 

Sunday 5 August 2012

മുജാഹിദ്‌ നേതൃത്വത്തോട്‌ മുപ്പത്‌ ചോദ്യങ്ങള്‍



1. ഇബാദത്തിന്‌ `അനുസരണം', `അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന്‌ ചില മുജാഹിദ്‌ പണ്ഡിതന്മാര്‍ പറയുന്നു (ഉദാ: സല്‍സബീല്‍ 1996 മെയ്‌ 20, നവംബര്‍ 20). `അനുസരണം, അടിമത്തം എന്നിങ്ങനെ അര്‍ഥമുണ്ടെന്ന്‌ മറ്റു ചില മുജാഹിദ്‌ പണ്ഡിതന്മാരും പറയുന്നു (ഉദാ: എ. അലവി മൗലവി, പി.കെ മൂസ മൗലവി, മുഹമ്മദ്‌ അമാനി മൗലവി- വിശുദ്ധ ഖുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാള്യം 2, പേജ്‌ 504). മുജാഹിദ്‌ പണ്ഡിതന്മാരുടെ ഈ വിരുദ്ധ നിലപാടുകളെക്കുറിച്ച്‌ എന്തു പറയുന്നു?
2. ഇബാദത്തിന്‌ അര്‍ഥം പറയുന്ന വിഷയത്തില്‍ ഇമാം റാസിക്കും ഇമാം ത്വബ്‌രിക്കും തെറ്റുപറ്റിയതായി മുജാഹിദ്‌ നേതാക്കള്‍ എഴുതിയിട്ടുണ്ട്‌ (സല്‍സബീല്‍ 1998 ഫെബ്രുവരി, സല്‍സബീല്‍ പുസ്‌തകം 2, ലക്കം 8, പേജ്‌ 45,46). യഥാര്‍ഥത്തില്‍ ഇമാം റാസിക്കും ത്വബ്‌രിക്കും ഈ വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ മുജാഹിദുകാര്‍ വിശ്വസിക്കുന്നുണ്ടോ?
3. അല്ലാഹുവിന്റെ `ഹാകിമിയ്യത്ത്‌' തൗഹീദിന്റെ ഭാഗമാണോ? ദീനീവിഷയങ്ങളിലെ ഹാകിമിയ്യത്ത്‌, ദുനിയാ കാര്യങ്ങളിലെ ഹാകിമിയ്യത്ത്‌ എന്നിങ്ങനെ രണ്ട്‌ ഹാകിമിയ്യത്തുകള്‍ ഉണ്ടോ? ഏതു പണ്ഡിതനാണ്‌ ഇങ്ങനെ വിഭജിച്ചിട്ടുള്ളത്‌?
4. പ്രമുഖ സലഫി പണ്ഡിതനായ അബുല്‍ കലാം ആസാദ്‌ ഹുകൂമത്തെ ഇലാഹിയെക്കുറിച്ച്‌ (ദൈവിക ഭരണത്തെക്കുറിച്ച്‌) ശക്തമായി എഴുതിയിട്ടുണ്ട്‌. ഹുകൂമത്തെ ഇലാഹിയുടെ ശക്തനായ വക്താവായിരുന്ന ആസാദിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? ആസാദിന്റെ ഹുകൂമത്തെ ഇലാഹിയും മൗദൂദിയുടെ ഹുകൂമത്തെ ഇലാഹിയയും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ എന്തൊക്കെ?
5. ഇസ്‌ലാമിന്‌ രാഷ്‌ട്രീയമുണ്ടോ? `ഇസ്‌ലാമിക രാഷ്‌ട്രം' എന്ന കാഴ്‌ചപ്പാട്‌ മുജാഹിദുകള്‍ അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയില്‍ എങ്ങനെയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രീയം പ്രയോഗവല്‍കരിക്കേണ്ടത്‌?
6. `ഭരണമില്ലാതെ ദീനിന്‌ നിലനില്‍പില്ലെന്ന്‌' സലഫി പണ്ഡിതനായ ഇബ്‌നു തൈമിയ്യ അസ്സിയാസത്തുശ്ശര്‍ഇയ്യ എന്ന പുസ്‌തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദുകാര്‍ അംഗീകരിക്കുന്നുണ്ടോ?
7. ഇന്ത്യയിലെയും പാകിസ്‌താനിലെയും അഹ്‌ലെ ഹദീസ്‌ സംഘടനകള്‍ സലഫികളാണോ? അഹ്‌ലെ ഹദീസിന്റെ കര്‍മശാസ്‌ത്ര, രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച്‌ കെ.എന്‍.എമ്മിന്റെ അഭിപ്രായമെന്താണ്‌?
8. പാകിസ്‌താനിലെ സലഫി സംഘടനയായ ജംഇയ്യത്തു അഹ്‌ലെ ഹദീസ്‌, പാക്‌ ജമാഅത്തെ ഇസ്‌ലാമിയോടൊന്നിച്ച്‌ എം.എം.എ (മുത്തഹിദ മജ്‌ലിസെ അമല്‍) എന്ന രാഷ്‌ട്രീയ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു?
9. ``മുഹമ്മദ്‌ നബി മക്കയില്‍തന്നെ രാഷ്‌ട്ര സ്ഥാപകനായിരുന്നു, മദീനയില്‍ മുഹമ്മദീയ ഭരണകൂടവും ഇസ്‌ലാമിക സാമ്രാജ്യവും സ്ഥാപിച്ചു, ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ പുരുഷനാകില്ലായിരുന്നു അദ്ദേഹം'' എന്ന്‌ മുജാഹിദ്‌ പാഠപുസ്‌തകമായ `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തില്‍ (പേജ്‌ 134,135) എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദ്‌ വീക്ഷണമാണോ?
10. ശബാബ്‌ വാരിക (1996 മാര്‍ച്ച്‌ 15) `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തിലെ മുകളിലുദ്ധരിച്ച ഭാഗം ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ എഴുതിയിട്ടുണ്ട്‌. മുജാഹിദ്‌ പിളര്‍പ്പിനും വര്‍ഷങ്ങള്‍ മുമ്പാണിത്‌. ഈ വൈരുധ്യത്തെക്കുറിച്ച്‌ എന്തു പറയുന്നു?
11. ഇന്ത്യയിലെ മുസ്‌ലിംകള്‍ അക്രമികളെ പ്രതിരോധിക്കാന്‍ സായുധ ഗ്രൂപ്പ്‌ ഉണ്ടാക്കണം എന്ന്‌ മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1967 ജൂലൈ) ഇതില്‍നിന്നല്ലേ കേരളത്തിലെ മുസ്‌ലിം തീവ്രവാദിഗ്രൂപ്പുകള്‍ പ്രചോദനം ഉള്‍ക്കൊണ്ടത്‌?
12. മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇന്ത്യ വിഭജിച്ച്‌ പാകിസ്‌താന്‍ സ്ഥാപിക്കണം എന്ന ദ്വിരാഷ്‌ട്രവാദം ഉയര്‍ത്തിയപ്പോഴാണ്‌ മുജാഹിദുകാര്‍ ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവായി പുകഴ്‌ത്തിയതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആഫിയത്തിനും വേണ്ടി പ്രാര്‍ഥിച്ചതും. (1947ല്‍ ജംഇയ്യത്തുല്‍ ഉലമായുടെ യോഗത്തിന്റെ മിനുട്‌സില്‍ ഇത്‌ കാണാം). അതുവഴി ജിന്നയുടെ ഇന്ത്യാ വിഭജനവാദത്തെ പിന്തുണക്കുകയല്ലേ മുജാഹിദുകള്‍ ചെയ്‌തത്‌?
13. ഖുര്‍ആനും ഹദീസും പഠിച്ചിട്ടില്ലാത്തയാളെന്ന്‌ പലരും എഴുതിയിട്ടുള്ള `ശീഈ' വിഭാഗക്കാരനായ മുഹമ്മദലി ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവെന്ന്‌ മുജാഹിദ്‌ പണ്ഡിതസംഘടന വിശേഷിപ്പിച്ചതിന്റെ ന്യായം എന്താണ്‌? മുജാഹിദുകള്‍ ശീഈകളെ നേതാവാക്കുകയല്ലേ ചെയ്‌തത്‌?
14. ഇസ്‌ലാം ശക്തമായ ഭാഷയില്‍ വിലക്കിയ പലിശയെന്ന വന്‍പാപത്തെ ഹലാലാക്കുകയല്ലേ മുജാഹിദ്‌ നേതാക്കള്‍ ചെയ്‌തത്‌ (മൗലവിയുടെ ആത്മകഥ- ഇ. മൊയ്‌തു മൗലവി പേജ്‌ 125, നാഷ്‌നല്‍ ബുക്‌സ്റ്റാള്‍) മുസ്‌ലിം ഐക്യസംഘം തകര്‍ന്നതും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഐക്യസംഘം വിട്ടതും അക്കാരണത്താലല്ലേ? അല്ലാഹു ഹറാമാക്കിയ പലിശ ഹലാലാക്കാന്‍ മുഹാജിദ്‌ പണ്ഡിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌?
15. പാകിസ്‌താന്‍വാദമുയര്‍ത്തിയിരുന്ന കാലത്ത്‌, മുസ്‌ലിം ലീഗില്‍ ചേരല്‍ വാജിബാണെന്ന്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കിയിരുന്നു (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌). ഇത്‌ പാകിസ്‌താനെ അനുകൂലിക്കുന്ന, ഇന്ത്യാ വിരുദ്ധ ഫത്‌വയല്ലേ? ലീഗില്‍ ചേരുന്നത്‌, ജമാഅത്ത്‌ നമസ്‌കാരവും സകാത്തും പോലെ ഫര്‍ദാണെന്ന അന്നത്തെ ഫത്‌വ മുജാഹിദുകാര്‍ ഇന്നും പിന്തുടരുന്നുണ്ടോ? കോണ്‍ഗ്രസ്‌ സോഷ്യലിസം പ്രചരിപ്പിച്ചതുകൊണ്ടാണ്‌ ലീഗില്‍ ചേരാന്‍ മുജാഹിദുകാര്‍ ഫത്‌വയിറക്കിയതെങ്കില്‍ 1967ല്‍ കമ്യൂണിസത്തോടൊപ്പം ലീഗ്‌ മുജാഹിദ്‌ നേതാക്കള്‍ കേരളം ഭരിച്ചതിനെ എന്തുകൊണ്ട്‌ എതിര്‍ത്തില്ല.'' ഇപ്പോഴും `മുജാഹിദ്‌ മാര്‍ക്‌സിസ്റ്റു'കാര്‍ ധാരാളമുണ്ടല്ലോ? അവരെകുറിച്ച്‌ എന്തു പറയുന്നു?
16. `കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ത്യയെ മഹാ നാശത്തിലേക്കാണ്‌ നയിക്കുന്നത്‌, മുസ്‌ലിംകള്‍ കോണ്‍ഗ്രസിനോടും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോടും ഒരേ നിലയില്‍ എതിര്‍ത്തുനിന്ന്‌ സമരം ചെയ്യണം' എന്ന്‌ മുജാഹിദുകാര്‍ എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌, 1938 ഏപ്രില്‍). സ്വാതന്ത്ര്യ സമരം നയിച്ച കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ഇന്ത്യയുടെ ശത്രുക്കളായിരുന്ന ബ്രിട്ടനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണുകയും ചെയ്‌തതു വഴി സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന്‌ കുത്തുകയല്ലേ മുജാഹുദുകള്‍ ചെയ്‌തത്‌? അത്‌ ദേശദ്രോഹമല്ലേ?
17. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയെ ഇസ്‌ലാമിന്റെ ശക്തനായ പോരാളിയായി വിശേഷിപ്പിച്ചുകൊണ്ട്‌ കെ.എം മൗലവി അദ്ദേഹത്തെ പുകഴ്‌ത്തി ലേഖനമെഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 ഡിസംബര്‍). മുജാഹിദ്‌ നേതാവ്‌ കെ.എം മൗലവി പറഞ്ഞത്‌ തെറ്റായിരുന്നോ?
18. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഹസനുല്‍ ബന്നാ, സയ്യിദ്‌ ഖുത്വ്‌ബ്‌ തുടങ്ങിയ ഇഖ്‌വാന്‍ നേതാക്കളെയും അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസിദ്ധീകരണത്തില്‍ മുജാഹിദ്‌ നേതാക്കള്‍ തന്നെ എഴുതിയ ലേഖനത്തെക്കുറിച്ച്‌ (അല്‍മുര്‍ശിദ്‌ 1966 സെപ്‌റ്റംബര്‍, ജൂണ്‍, 1967 മാര്‍ച്ച്‌)) എന്തു പറയുന്നു?
19. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എടവണ്ണ ജാമിഅ നദ്‌വിയ്യ 2005ല്‍ പ്രസിദ്ധീകരിച്ച `അസ്സ്വലാഹ്‌' അറബി മാഗസിനില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും വളരെയേറെ പുകഴ്‌ത്തിയിട്ടുണ്ട്‌. മലയാള പ്രസിദ്ധീകരണങ്ങളില്‍ അവരെ ആക്ഷേപിക്കുകയും അറബി പ്രസിദ്ധീകരണത്തില്‍ പുകഴ്‌ത്തുകയും ചെയ്യുന്ന വൈരുധ്യത്തെ എങ്ങനെ കാണുന്നു? 
20. ജനാധിപത്യവ്യവസ്ഥയെ ആക്ഷേപിക്കുകയും ഇസ്‌ലാമിക ഭരണത്തെ മികച്ച മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്ന ലേഖനം മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി സ്വതന്ത്ര ഇന്ത്യയില്‍ എഴുതിയിട്ടുണ്ട്‌ (ചന്ദ്രിക നബിദിന വിശേഷാല്‍ പ്രതി, 1950 ജനുവരി 2) ഇതിനെക്കുറിച്ച്‌ മുജാഹിദുകാരുടെ അഭിപ്രായം എന്താണ്‌?
21. താറാവീഹ്‌ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം, സുബ്‌ഹിയിലെ ഖുനൂത്ത്‌ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ഭിന്ന വിരുദ്ധ വീക്ഷണങ്ങളുണ്ടായതെങ്ങനെ? കേരളത്തിലെ മുജാഹിദുകളും ഗള്‍ഫ്‌ സലഫികളും തമ്മിലും അനേകം വിഷയങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായതെങ്ങനെ? ശാഖാപരമായ വിഷയങ്ങളില്‍ ഇത്തരം അഭിപ്രായഭിന്നത ആകാമോ?
22. സലഫി പണ്ഡിതന്മാര്‍ പിന്തുണക്കുന്ന സലഫി രാജ്യമായി അറിയപ്പെടുന്ന സുഊദി അറേബ്യയുടെ ഭരണഘടന, ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ശരീഅത്തും അനുസരിച്ചുള്ള ഭരണമാണ്‌ സുഊദിയുടേതെന്ന്‌ പ്രഖ്യാപിക്കുന്നു. ഇത്‌ `മതരാഷ്‌ട്രവും രാഷ്‌ട്രീയ ഇസ്‌ലാമു'മല്ലേ?
23. സലഫി ഭീകരതയും വഹാബി തീവ്രവാദവുമാണ്‌ ഇന്ന്‌ ലോകമെങ്ങും അറിയപ്പെടുന്ന മുസ്‌ലിംഭീരതയും തീവ്രവാദവുമെന്ന്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഉസാമ ബിന്‍ലാദിനും പാകിസ്‌താനിലെ ജമാഅത്തുദ്ദവയും അനേകം മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും സലഫികളാണത്രെ. `സലഫി' തീവ്രവാദത്തെക്കുറിച്ച്‌ എന്തു പറയുന്നു?
24. കൊല്ലം ജില്ലയിലെ പറവൂരില്‍ മുജാഹിദുകളിലെ മടവൂര്‍ വിഭാഗം പള്ളി നിര്‍മിക്കാന്‍ ശ്രമം നടത്തിയപ്പോള്‍, പള്ളിക്കെതിരെ ആര്‍.എസ്‌.എസ്സുകാര്‍ക്ക്‌ കത്തയക്കുകയും അല്ലാഹുവിന്റെ ഭവനമായ പള്ളിയുടെ നിര്‍മാണം തടയുകയും ചെയ്‌തില്ലേ കെ.എന്‍.എം? കത്തിന്റെ കോപ്പി ശബാബ്‌ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിനെതിരായ ഗൂഢാലോചനയോളം അധഃപതിക്കാമോ?
25. `ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന ആദര്‍ശവാക്യം ദൈവരാജ്യം സ്ഥാപിക്കാനുള്ള ഏറ്റവും വമ്പിച്ച അഭൗതിക ഉപകരണമാണ്‌ (അത്തൗഹീദ്‌ പേജ്‌ 7,8). ജമാഅത്ത്‌ നമസ്‌കാരം പട്ടാള പരിശീലനവും ഗ്രാമപഞ്ചായത്തുമാണ്‌ (നമസ്‌കാര ചൈതന്യം- ഐ.എസ്‌.എം കൊച്ചിശാഖ 10.5.1968, പേജ്‌ 29-31) തുടങ്ങിയ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഈ വിവരണങ്ങളെക്കുറിച്ച്‌ എന്തു പറയുന്നു?
26. ഗള്‍ഫ്‌ സലഫികളും സുഊദി അറേബ്യയും അഫ്‌ഗാനിലെ താലിബാനെ അംഗീകരിക്കുന്നുണ്ടോ? കെ.എന്‍.എം, ഹുസൈന്‍ മടവൂരിനെതിരെ അറബിയില്‍ തയാറാക്കി ഗള്‍ഫില്‍ പ്രചരിപ്പിച്ച ലഘുലേഖകളില്‍, ഹുസൈന്‍ മടവൂര്‍ താലിബാനെ എതിര്‍ക്കുന്നതായും ത്വാഗൂത്തിന്റെ കോടതികളില്‍ കേസ്‌ കൊടുക്കുന്നതായും പറയുന്നു (ആദര്‍ശവ്യതിയാനം ഒരു പുകമറ, പേജ്‌ 102-107). ഗള്‍ഫ്‌ സലഫികള്‍ താലിബാനെ അംഗീകരിക്കുകയും ത്വാഗൂത്തിയന്‍ കോടതികളെ എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ ഇത്തരമൊരു പ്രചാരണം നടത്തിയത്‌? കേരള മുജാഹിദുകള്‍ക്ക്‌ ഇങ്ങനെയൊരു വിശ്വാസം ഉണ്ടോ?
27. ജിന്ന്‌ ബാധയുടെ വിഷയത്തില്‍ മുജാഹിദുകാര്‍ ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തി. പിന്നീട്‌ ഞങ്ങള്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ പ്രഖ്യാപിച്ചു. ഗൗരവപ്പെട്ട ഒരു വിഷയം വേണ്ടത്ര പഠിക്കാതെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയല്ലേ മുജാഹിദുകള്‍ ചെയ്യുന്നത്‌? ജിന്ന്‌ ബാധ വിഷയങ്ങളില്‍ പ്രചണ്ഡമായ പ്രചാരം നടത്തിയപോലെ, അതില്‍ കുടുങ്ങി തെറ്റായവിശ്വാസത്തിലെത്തിയവരെ മോചിപ്പിക്കാന്‍ പ്രചാരണം നടത്താത്തതെന്ത്‌? ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി ചെലവഴിക്കേണ്ട പണവും സമയവും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുംവിധം വിനിയോഗിക്കുകയല്ലേ ചെയ്‌തത്‌? മുസ്‌ലിംകള്‍ക്കിടയില്‍ അനാവശ്യ ചര്‍ച്ചകള്‍ സൃഷ്‌ടിക്കുകയെന്ന ജൂതഗൂഢാലോചനയുടെ വിജയമല്ലേ ജിന്ന്‌ വിവാദം?
28. പലിശാധിഷ്‌ഠിത ബാങ്കുകളുടെ ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നവരും, മതവിരുദ്ധമെന്ന്‌ നിങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമായ മുജാഹിദുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
29. സമസ്‌ത ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മില്‍ വിശ്വാസപരമോ കര്‍മശാസ്‌ത്രപരമോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി അറിയില്ല. പക്ഷേ, സമസ്‌ത എ.പി വിഭാഗവുമായി നിരന്തര വാദപ്രതിവാദത്തിലേര്‍പ്പെടുന്ന മുജാഹിദുകാര്‍ എന്തുകൊണ്ട്‌ എ.പി വിഭാഗത്തോട്‌ നടത്തുന്നതുപോലെ ഇ.കെ വിഭാഗവുമായി നിരന്തരം അത്തരം വാദപ്രതിവാദങ്ങള്‍ നടത്താത്തത്‌? മുജാഹിദുകാരും ഇ.കെ സുന്നികളും മുസ്‌ലിം ലീഗുകാരായതുകൊണ്ടാണോ?
30. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ ആത്മസുഹൃത്തുക്കളാക്കരുതെന്നും ഓണത്തിന്‌ ഹിന്ദുവിന്റെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കരുതെന്നും മുജാഹിദ്‌ നേതാവ്‌ ജുമുഅ ഖുത്വ്‌ബ നടത്തി. മാതൃഭൂമി വാരികയില്‍ (2006 നവംബര്‍ 12-18). എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ലേഖനം എഴുതി. മുഹാജിദ്‌ നേതാവിന്റെ ഈ വീക്ഷണം മുജാഹിദ്‌ പ്രസ്ഥാനം അംഗീകരിക്കുന്നുണ്ടോ? ഇത്‌ ഇസ്‌ലാമികമാണോ? ബഹുസ്വര സമൂഹത്തില്‍ സാമുദായികതയും വര്‍ഗീയതയും വളര്‍ത്തുകയല്ലേ ഇത്‌ ചെയ്യുന്നത്‌?

Tuesday 31 July 2012

ഈജിപ്‌ത്‌ എങ്ങോട്ട്‌...?/ഒരു പഴയ ലേഖനം



പല കാരണങ്ങളാലും ഈജിപ്‌ത്‌ ഇപ്പോള്‍ ലോക മുസ്‌ലിംകളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്‌. നിര്‍ദ്ദിഷ്‌ടമായ ഇസ്‌ലാമിക ഉച്ചകോടി സമ്മേളനത്തെ പ്രസിഡന്റ്‌ ജമാല്‍ അബ്‌ദുന്നാസിര്‍ എതിര്‍ത്തതോടെ വിശേഷിച്ചും.

എന്താണ്‌ ഈജിപ്‌തില്‍ നടക്കുന്നത്‌? ഭരണാധികാരികളുടെ വീക്ഷണമെന്ത്‌-? ഈ ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ പലര്‍ക്കും ജിജ്ഞാസയുണ്ടാവും. സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചിരിക്കുകയാണ്‌ അവിടെ. കമ്മ്യൂണിസ്റ്റ്‌ പാളയത്തിലേക്കാണ്‌ ഭരണാധികാരികള്‍ നടന്നടുക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളോടാണ്‌ അവരുടെ കൂട്ടുകെട്ടും. നിരീശ്വരത്വത്തിന്റെ വിള ഭൂമിയായ സോവിയറ്റ്‌ റഷ്യയിലെ പ്രധാനമന്ത്രി മി: അലക്‌സി കോസിജിനും, ഇസ്‌ലാമിന്റെ ബദ്ധവൈരിയും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനുമായ യുഗോസ്ലാവ്‌ പ്രസിഡണ്ട്‌ മി: ടിറ്റോവും ഈജിപ്‌ത്‌ സന്ദര്‍ശിച്ചിട്ട്‌ ആഴ്‌ചകളേ ആയുള്ളൂ. ആയിടക്കാണല്ലോ മുസ്‌ലിം ഉച്ചകോടി സമ്മേളനത്തെ നാസിര്‍ എതിര്‍ത്തത്‌. 
രാഷ്‌ട്ര പുരോഗതിക്ക്‌ ആധുനികവും പുരോഗമനോന്മുഖവുമായ പ്രവര്‍ത്തനമാര്‍ഗങ്ങളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, കേവലം ഭൗതികത്വമാവരുത്‌ ലക്ഷ്യം. ഇസ്‌ലാമിന്റെ അന്തസ്സത്തക്കു നിരക്കും വിധം നയങ്ങള്‍ രൂപീകരിക്കുകയും ലക്ഷ്യങ്ങള്‍ നിര്‍വചിക്കുകയും വേണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ ഭൌതികപുരോഗതിയാര്‍ജ്ജിക്കാനുള്ള പ്രവണത ആപല്‌ക്കരമാണ്‌. അപലനീയമാണ്‌.


കണ്ണടവെച്ച കുതിരയെപോലെ ഇരുപുറവും നോക്കാതെ ഭൌതികപുരോഗതിയിലേക്കാണ്‌ ഈജിപ്‌ത്‌ ഇപ്പോള്‍ കുതിക്കുന്നത്‌. അതിന്നിടയില്‍ മതവും, മതനിര്‍ദേശങ്ങളും ചതച്ചരക്കപ്പെടുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ കുറിക്കാം.
ബഹുഭാര്യത്വം നിരുപാധികം നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ്‌ ഇയ്യിടെ നാസിര്‍ ഗവര്‍മ്മെണ്ട്‌ കൊണ്ടുവരികയുണ്ടായി. ഔദ്യോഗിക-അര്‍ദ്ധ ഔദ്യോഗിക പത്രങ്ങള്‍ ഇതിനെ പിന്താങ്ങുക സ്വാഭാവികമാണല്ലോ. ആ തിരക്കില്‍ ഈജിപ്‌തിലെ ഏറ്റവും പ്രചാരമുള്ള ഒരു ഔദ്യോഗിക ദിനപത്രം അതിന്റെ ഒന്നാംപേജില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തി. ഒരു പൂവന്‍കോഴിയും, ഒമ്പത്‌ പിടക്കോഴികളും. പൂവന്‍കോഴിക്ക്‌ കാമം കൂടുമെന്നാണല്ലോ വെപ്പ്‌. കാര്‍ട്ടൂണിന്റെ ചുവടെ ``മുഹമ്മദ്‌! നീ ഒമ്പത്‌ പെണ്ണുകെട്ടി; അല്ലേ?'' എന്നു എഴുതിയിരുന്നു. ബഹുഭാര്യത്വം സ്വീകരിച്ച മുഹമ്മദുനബി(സ)യെ അവഹേളിക്കുകയായിരുന്നു പത്രത്തിന്റെ ഉദ്ദേശ്യം. ഇതു മുസ്‌ലിംലോകത്ത്‌ വമ്പിച്ച കോളിളക്കം സൃഷ്‌ടിക്കുകയുണ്ടായി.

ദേശീയ സംയോജനത്തിന്ന്‌ എന്തു വൃത്തികെട്ട മാര്‍ഗവും അവലംബിക്കാന്‍ നാസിറും കൂട്ടുകാരും സന്നദ്ധരാണ്‌. അതിന്നുവേണ്ടി അനിസ്‌ലാമികത്വത്തെ കെട്ടിപ്പുണരുന്നതില്‍ അവര്‍ക്കു സന്തോഷമേയുള്ളു. നരകവാസികളായിത്തീരാന്‍ അവര്‍ക്കു മടിയില്ല. നാസിര്‍ സമ്മാനാര്‍ഹമായി തിരഞ്ഞെടുത്ത ഒരു കവിതയുടെ പ്രസക്തഭാഗം കേള്‍ക്കൂ.
(എല്ലാ മാര്‍ഗത്തെക്കാളും നിന്റെ നാട്ടിന്നു നീ മുന്‍ഗണന നല്‍കണം. നാട്ടിന്നുവേണ്ടി നീ വ്രതമനുഷ്‌ഠിക്കണം; വ്രതം ഭഞ്‌ജിക്കണം. ഞങ്ങളെ ഏകീകരിക്കുന്നത്‌ കുഫ്‌റാണെങ്കില്‍ ആ കുഫ്‌റ്‌ നീണാള്‍ വാഴട്ടെ. ഏകീകരണത്തിന്നുവേണ്ടി നരകത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.) ഈജിപ്‌ത്‌ പോലെ പ്രാബല്യവും പാരമ്പര്യവുമുള്ള ഒരു മുസ്‌ലിംരാഷ്‌ട്രം ഈ നിലപാട്‌ അംഗീകരിക്കുന്നത്‌ കഷ്‌ടംതന്നെ.

കുറേ പണ്ഡിതന്മാരെ പാട്ടിലാക്കാന്‍ നാസിറിന്നു കഴിഞ്ഞിട്ടുണ്ട്‌. അദ്ദേഹത്തിന്റെ തലതിരിഞ്ഞ നയങ്ങളെ ന്യായീകരിക്കുന്നതിലും പിന്താങ്ങുന്നതിലുമാണ്‌ അവരുടെ ശ്രദ്ധ. നാസിറിനെ പുകഴ്‌ത്തുന്ന ബദ്ധപ്പാടില്‍ മുഹമ്മദ്‌ നബിയെപോലും താഴ്‌ത്തിക്കാണിക്കാന്‍ ചിലര്‍ ധൈര്യപ്പെടുന്നു. `മജല്ലത്തുല്‍ അസ്‌ഹറി'ന്റെ പത്രാധിപരും പ്രമുഖ പണ്ഡിതനുമായ അഹ്‌മദ്‌ഹസനുസ്സയ്യാത്ത്‌ ഒരിക്കല്‍ എഴുതിയതെന്താണെന്നോ? ``മുഹമ്മദ്‌നബി ആദര്‍ശത്തിലൂടെയാണ്‌ ഏകീകരണമുണ്ടാക്കിയത്‌. പക്ഷെ, ഈ ആദര്‍ശം ചിലപ്പോള്‍ ദുര്‍ബലമാവുകയോ അന്തര്‍ദ്ധാനം ചെയ്യുകയോ ചെയ്‌തേക്കാം. എന്നാല്‍ നാസിറിന്റെ ഏകീകരണം അങ്ങിനെയല്ല, അത്‌ നിലനില്‍ക്കും; വളരും. എന്തുകൊണ്ടെന്നാല്‍ നാസിറിന്റെ ഏകീകരണത്തിനു നിദാനം സാമ്പത്തിക സമത്വം, അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യഭരണം എന്നിവയാണ്‌. ഈ മൂന്നു ഘടകങ്ങളുണ്ടായാല്‍ സ്ഥായിയായ ഐക്യം നിലവില്‍ വരുമെന്നുറപ്പിക്കാം'' (മജല്ലത്തുല്‍ അസ്‌ഹര്‍, മുഹര്‍റം 1333).

ഇത്തരം വൃത്തികെട്ട ചെയ്‌തികള്‍ക്ക്‌ ഈജിപ്‌ഷ്യന്‍ജനത അനുകൂലമാണെന്നു ധരിക്കരുത്‌. ഭരണാധികാരികളുടെയും സില്‍ബന്തികളുടെയും നയം മാത്രമാണിത്‌. നിസ്വാര്‍ഥരായ പണ്ഡിതന്മാരും മതസ്‌പിരിറ്റുള്ള ബഹുജനങ്ങളും നാസിറിന്റെ ചിന്താഗതികളെ അനുകൂലിക്കുന്നില്ല. അനിസ്‌ലാമിക പ്രവണതകളെ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്‌ അവര്‍. ഇതിന്റെ പേരില്‍ അവര്‍ കിരാതമായി മര്‍ദ്ദിക്കപ്പെടുകയാണ്‌.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നേരെ നാസിര്‍ കൈക്കൊള്ളുന്ന മര്‍ദനനടപടികള്‍ പ്രസിദ്ധമാണല്ലോ. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ മുസ്‌ലിം വേള്‍ഡ്‌ലീഗുപോലും ഇതിനെ അപലപിക്കുകയുണ്ടായി. ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍ സംഘടനക്കു ഇപ്പോള്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. നിരപരാധരായ ആയിരക്കണക്കിനു പ്രവര്‍ത്തകന്മാര്‍ കാരിരുമ്പഴികള്‍ക്കുള്ളില്‍ ശ്വാസംമുട്ടിക്കഴിയുകയാണ്‌. ഇവരില്‍ പ്രമുഖ പണ്ഡിതന്മാരും, നേതാക്കളും ഉള്‍പ്പെടും. വിചാരണപോലും ചെയ്യാതെയാണ്‌ അവരെ ജയിലിലടച്ചത്‌.
മതപ്രചരണരംഗത്ത്‌ സേവന പാരമ്പര്യമുള്ള ഒരു മുസ്‌ലിംസംഘടനയാണ്‌ ഇഖ്‌വാനുല്‍മുസ്‌ലിമൂന്‍. ചിലര്‍ തെറ്റിദ്ധരിച്ചിട്ടുള്ളതുപോലെ ജമാഅത്തെ ഇസ്‌ലാമിയുമായി ഇതിന്നു വിശേഷിച്ച്‌ ബന്ധമൊന്നുമില്ല. സയ്യിദ്‌ അബുല്‍ അഅ്‌ലാമൌദൂദിയല്ല അവരെ നയിക്കുന്നതും. ഇസ്‌ലാമികാദര്‍ശങ്ങളില്‍ ഉറച്ചുനിന്നു സേവനം ചെയ്യുന്ന ഒരു മുസ്‌ലിം സംഘടനയെന്നതില്‍കവിഞ്ഞ്‌ മറ്റൊരു വിശേഷണവും ഇഖ്‌വാനുല്‍മുസ്‌ലിമൂനില്ല.
നാസിറിന്റെ ഭൌതികഭൂമത്തെ അനുകൂലിച്ചില്ല; അനിസ്‌ലാമിക പ്രവണതകളെ ചങ്കൂറ്റത്തോടെ എതിര്‍ത്തു- ഇതാണ്‌ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകര്‍ ചെയ്‌ത തെറ്റ്‌. അവരുടെ വ്യക്തിസ്വാതന്ത്യത്തെ ഹനിച്ചതും അവരെ ജയിലിലടച്ചതും മൃഗീയമായി മര്‍ദിക്കുന്നതും ഇതേ കാരണംകൊണ്ടാണ്‌.

ചുരുക്കത്തില്‍ ഭൌതികവും അഭൌതികവും തമ്മിലുള്ള സമരമാണ്‌ ഈജിപ്‌തില്‍. നാസിര്‍ എന്തു തന്നെ ചെയ്‌താലും മതാവേശമുള്ള ഈജിപ്‌ഷ്യന്‍ ജനതയെ കീഴടക്കാന്‍ സാധ്യമല്ല. ആ പ്രാചീന മുസ്‌ലിം കേന്ദ്രത്തെ മലിനപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു കരുത്തുണ്ട്‌. ഇസ്‌ലാമിനെ അവഗണിച്ചു കൊണ്ട്‌ പ്രതാപം നടിച്ച ഭൌതികനേതാക്കള്‍ ഒരു കാലത്തും വിജയിച്ചിട്ടില്ല. ഈജിപ്‌തിന്റെ ചരിത്രം തന്നെ അതിന്നു സാക്ഷിയാണ്‌. ഈ പരമാരഥം അവിടത്തെ ഭരണാധികാരികള്‍ എത്ര വേഗത്തില്‍ മനസിലാക്കുന്നുവോ അത്രയും നന്ന്‌. ( പത്രാധിപക്കുറിപ്പ്‌ അല്‍ മുര്‍ശിദ്‌ മാസിക- 1966, ജൂണ്‍ പേജ്‌: 2-4)

ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില/ ഇ.കെ. മൗലവി

[മുജാഹിദ്‌ നേതാവും പണ്ഡിതനുമായ മര്‍ഹൂം ഇ.കെ. മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദില്‍ `ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനം.]

ഈ ലോകത്തില്‍ മുസ്‌ലീംകളുടെ നില എന്താണെന്നോ എന്തിന്നായിട്ടാണ്‌ അവര്‍ ഈ ലോകത്തില്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നതെന്നോ അവരുടെ കര്‍ത്തവ്യം എന്താണെന്നോ അവരില്‍ അധികപേരും അറിയുന്നില്ല. മുസ്‌ലിമിന്ന്‌ ഈ ലോകത്ത്‌ വളരെ അധികം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്‌. മുസ്‌ലിമിന്റെ ഇവിടെയുള്ള ഓരോ പ്രവൃത്തിയും പരലോകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അവന്റെ വിചാരങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഇതില്‍ ഓരോന്നിനെപറ്റിയും അവന്‍ പരലോകത്ത്‌വെച്ച്‌ ചോദ്യം ചെയ്യപ്പെടുന്നതാണ്‌. ഈ ബോധം ഓരോ മുസ്‌ലിമിന്നും ഉണ്ടായിരിക്കേണ്ടതാണ്‌. ഇത്തരം ചിന്തകളോടുകൂടിയ വ്യക്തികളാല്‍ സമ്മേളിക്കപ്പെട്ട ഒരു സമുദായമായിരിക്കണം മുസ്‌ലിം സമുദായം. അപ്പോഴാണ്‌ മുസ്‌ലിം സമുദായം ഒരു മാതൃകാ സമ്പ്രദായമായിത്തീരുന്നത്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍) മുസ്‌ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ജനങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത്‌ നല്ല കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുകയും ചീത്ത പ്രവൃത്തികളില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. ഈ മഹത്തായ ഗുണങ്ങള്‍കൊണ്ട്‌ തന്നെയാണ്‌ അവര്‍ ഉത്തമ സമുദായമായിത്തീരുന്നത്‌.
ഈ ലോകത്ത്‌ കേവലം സുഖലോലുപന്മാരായി മൃഗപ്രായന്മാരായി ജീവിക്കുവാന്‍ വന്നവരല്ല മുസ്‌ലിംകള്‍. ഈ ലോകത്ത്‌ അവര്‍ സ്വാധീനശക്തി സ്ഥാപിക്കുകയും അവരുടെ ആ കഴിവിനെ അല്ലാഹുവിന്റെ ആജ്ഞകളെ നടപ്പില്‍ വരുത്തുന്നതിനായി വിനിയോഗിക്കുകയും ചെയ്യുകയത്രെ അവരുടെ കര്‍ത്തവ്യം.
അല്ലാഹു പറയുന്നു: അവര്‍ക്ക്‌ നാം ഭൂമിയില്‍ സ്വാധീനശക്തി നല്‍കിയാല്‍ അവര്‍ നമസ്‌കാരത്തെ നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. കാര്യങ്ങളുടെ പരിണാമം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്‌'' (അല്‍ഹജ്ജ്‌)0)00 0
ഈ ലോകത്ത്‌ തങ്ങളുടെ സ്വാധീനത സ്ഥാപിക്കുകയാണ്‌ മുസ്‌ലിംകളുടെ ചുമതല. അത്‌ അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്നതിനല്ല; അല്ലാഹുവിന്റെ സന്ദേശങ്ങളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിനാണ്‌ അവര്‍ ഈ ഭൂമിയില്‍ സ്വാധീനശക്തി സ്ഥാപിക്കുന്നത്‌. എന്ത്‌കൊണ്ടെന്നാല്‍ അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷ്യം വഹിക്കേണ്ടവരാണ്‌. 
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും ആയിരക്കുന്നതിന്‌ വേണ്ടി നാം നിങ്ങളെ ഒരു മിതനിലയിലുള്ള സമുദായമാക്കിയിരിക്കുന്നു.'' (അല്‍ബഖറഃ). പരലോകത്തേക്ക്‌ വേണ്ടുന്ന വിജയവും സൗഭാഗ്യവും സമ്പാദിക്കുന്നതിന്ന്‌ ഈ ലോകത്തുള്ള വിജയവും സൗഭാഗ്യവും എതിരാകുന്നതല്ല. രണ്ടും ഒരേ അവസരത്തില്‍ സമ്പാദിക്കുന്നതിന്ന്‌ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.
അല്ലാഹു പറയുന്നു: നിങ്ങളില്‍ നിന്നുള്ള വിശ്വസിച്ചവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ പ്രതിനിധികളാക്കുമെന്നു അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.(അന്നൂര്‍)

ഇനിയും അല്ലാഹു പറയുന്നു: ``അല്ലാഹു കാഫിറുകള്‍ക്ക്‌ മുഅ്‌മിനുകളുടെ മേല്‍ യാതൊരധികാരവും നല്‍കീട്ടില്ല'' (നിസാഅ്‌). വീണ്ടും അല്ലാഹു പറയുന്നു:``നിങ്ങള്‍ അശക്തരാകരുത്‌, നിങ്ങള്‍ ദുഖിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉയര്‍ന്നവര്‍'' (ആലുഇംറാന്‍). 
നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത്‌ അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അതു ഭൗതികശക്തികൊണ്ടേ സാധിക്കുകയുള്ളു. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല. നാം ആജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം. അതിനുള്ള കഴിവ്‌ സമ്പാദിക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഈ സംഗതി മേല്‍ ഉദ്ധരിച്ച ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്‌....
സഹോദരന്മാരെ ഉണരുവിന്‍! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കുന്നതിനും ഖുര്‍ആന്റെ ആജ്ഞകളെ പ്രചരിപ്പിക്കുന്നതിനുമായി പരിശ്രമിക്കുവിന്‍. (അല്‍ മുര്‍ശിദ്‌ പു: 4 ലക്കം 12 പേജ്‌ 44 ഏപ്രില്‍ 1939).

Wednesday 25 July 2012

ജിഹാദ്‌ അണ്‍ലിമിററഡ് /സി .ദാവൂദ്‌





തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തിപ്പെടുകയും ബാബരിമസ്‌ജിദിന്റെ തകര്‍ച്ചയോടുകൂടി പാരമ്യത്തിലെത്തുകയും ചെയ്‌ത ഹിന്ദുത്വ ഫാഷിസത്തിന്റെ രക്ത രഥയോട്ടം ഇന്ത്യയിലെ മുസ്‌ലിം മനസ്സില്‍ സൃഷ്‌ടിച്ച ആഘാതം ബഹുദിശയിലുള്ളതായിരുന്നു. മാപ്പുസാക്ഷിത്വവും ഭീതിയും ഉള്‍വലിയലുമാണ്‌ അത്‌ ഒരു വിഭാഗത്തില്‍ സൃഷ്‌ടിച്ച പ്രതികരണമെങ്കില്‍ തിരിച്ചടിയുടെയും പ്രതികാരത്തിന്റെയും സമീപനം സ്വീകരിക്കണമെന്ന ആശയം പങ്കുവെക്കുന്നവരും വ്യാപകമായി ഉയര്‍ന്നുവന്നു. ഈ വികാരം പങ്കുവെക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുമുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത്‌, വൈകാരിക അവസ്ഥയെ സംഘടിത രൂപമാക്കിമാറ്റി സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്‌ത കേരളത്തിലെ സംഘടനകളില്‍ പ്രധാനമാണ്‌ ദേശീയ വികസന മുന്നണി.
എന്‍.ഡി.എഫ്‌ സ്ഥാപിക്കുന്നതിന്റെയും അതിന്റെ ആശയരൂപീകരണത്തിന്റെയും പശ്ചാത്തലത്തെയും പ്രയോഗരീതികളെയും കുറിച്ച്‌ പ്രബോധനത്തിന്റെ കോളത്തിലൂടെ തന്നെ പലതവണ വിശദീകരിക്കപ്പെട്ടതാണ്‌. നാഥനില്ലാതെ പോകുന്നു എന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക്‌ മുന്നില്‍ നെഞ്ച്‌ വിരിച്ച ധീരപൗരുഷത്തിന്റെ പ്രതീകമായി സ്വയം അവതരിക്കുകയായിരുന്നു എന്‍.ഡി.എഫ്‌. നാളെമറ്റന്നാള്‍ കൂട്ടക്കശാപ്പിന്‌ ഇരയാകാന്‍ പോകുന്ന ഈ സമുദായത്തെ രക്ഷിക്കാന്‍ നമുക്ക്‌ എന്‍.ഡി.എഫ്‌ അല്ലാതെ മറ്റു വഴികളില്ല എന്ന്‌ നിശ്ചയിച്ചുറപ്പിക്കുന്നതായിരുന്നു ആശയപ്രചാരണങ്ങള്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രങ്ങളെ മുടിനാരിഴ കീറി ഗവേഷണം നടത്തി, അത്‌ വിശദീകരിക്കാന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച്‌, സമ്മേളനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞ്‌, അവയെല്ലാം സീഡിയിലാക്കി എല്‍.സി.ഡിയില്‍ പ്രദര്‍ശിപ്പിച്ച്‌ മതനേതൃത്വം സ്വയം അഭിരമിച്ചുകൊണ്ടിരിക്കെ ചടുലതയുള്ള ചെറുപ്പക്കാരായ അനുയായികളില്‍ നല്ലൊരു പങ്ക്‌ ഷൂസും കോട്ടുമണിഞ്ഞ്‌ ഫ്രീഡം പരേഡ്‌ നടത്താന്‍ പോയത്‌ പലരുമറിഞ്ഞില്ല. ആര്‍.എസ്‌.എസ്സിന്റെയും അനുബന്ധ ക്രിമിനല്‍ സംഘടനകളുടെയും മുസ്‌ലിംവിരുദ്ധ നീക്കങ്ങള്‍ക്ക്‌ എന്‍.ഡി.എഫ്‌ എന്ന ആശയരൂപീകരണത്തിന്‌ എത്രത്തോളം പങ്കുണ്ടോ അത്ര തന്നെ പങ്ക്‌ പരമ്പരാഗത മുസ്‌ലിം നേതൃത്വത്തിനുമുണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം. അണികളിലെ ആണ്‍കുട്ടികളില്‍ പലരെയും അടുത്ത ദിവസം കാണാതായപ്പോള്‍ തീവ്രവാദവിരുദ്ധ ഫത്‌വകളും പ്രസ്‌താവനകളുമായി രംഗത്തിറങ്ങുകയായിരുന്നു മതനേതൃത്വം. തുടക്കത്തില്‍ അതും മൗദൂദിയുടെ മേല്‍ കെട്ടിയേല്‍പിക്കാന്‍ പണിപ്പെട്ടു നോക്കിയെങ്കിലും മൗദൂദിയും പറഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലെന്ന്‌ കണ്ടപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക്‌ കടക്കുകയായിരുന്നു.

അപ്പുറത്ത്‌ എന്‍.ഡി.എഫ്‌ അതിന്റെ പ്രവര്‍ത്തനങ്ങളും സാമാന്യം ചിട്ടയായി സംഘടിപ്പിച്ചു. വെട്ടും കുത്തും കൊലപാതകവും ഒളിച്ചോട്ടവും എല്ലാം മുറക്ക്‌ നടന്നു. ചെറുതും വലുതുമായ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം കൊടുക്കേണ്ടത്‌ കുശാലായി കൊടുത്തു. പണം എങ്ങുനിന്നെല്ലാമോ ഒഴുകിയെത്തി. സാദാ പ്രവര്‍ത്തകന്‍ പോലും ബൈക്കും മൊബൈല്‍ ഫോണുമായി അങ്ങോട്ടുമിങ്ങോട്ടും പറപ്പിച്ച്‌ ജിഹാദ്‌ കലകലക്കി. സമുദായത്തിലെ പ്രമാണിമാര്‍ക്ക്‌ സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു. അന്യമതസ്ഥരോടൊപ്പം ഒളിച്ചോടിപ്പോകുന്ന മുസ്‌ലിം പെണ്‍കുട്ടികളെ സാഹസികമായി മോചിപ്പിച്ചു. ഒരേസമയം സേട്ടു സാഹിബിനെയും കുഞ്ഞാലിക്കുട്ടിയെയും മുരളീധരനെയും കൈയിലെടുക്കാനുള്ള അസാധാരണമായ മെയ്‌വഴക്കം സ്വായത്തമാക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തെ മതേതരദാസ്യം ബാധിച്ച എസ്റ്റാബ്ലിഷ്‌മെന്റേറിയന്‍സ്‌ എന്ന്‌ പരക്കെ ആക്ഷേപിക്കുമ്പോഴും ആണ്ടോടാണ്ട്‌ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക പൊക്കി കവാത്ത്‌ നടത്തി സല്യൂട്ടടിച്ച്‌ ജിഹാദിന്‌ പുതിയ നിര്‍വചനം നല്‍കി. 

ഖിതാലിനെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള പ്രമാണങ്ങള്‍ തങ്ങളുടെ കേരളാ ജിഹാദിനനുസരിച്ച്‌ നിര്‍ബാധം വ്യാഖ്യാനിച്ചു. യാഥാര്‍ഥ്യം അങ്ങനെയല്ലല്ലോ എന്ന്‌ ചൂണ്ടിക്കാണിച്ച പണ്ഡിതന്മാരെയും പ്രസ്ഥാനനേതാക്കളെയും പേടിത്തൊണ്ടന്‍ ഐസ്‌ക്രീം പണ്ഡിതന്മാര്‍ എന്ന പട്ടം നല്‍കി ആദരിച്ചു. അവരെ നവകൊളോണിയലിസത്തിന്റെ ദീനം ബാധിച്ചവരായി കണ്ടു; ജിഹാദിനെ മുക്കിയ മിര്‍സാ ഗുലാം ഖാദിയാനിയോട്‌ വരെ സമീകരിക്കുന്ന പ്രവണതയുണ്ടായി. `സ്വന്തം രാജ്യമില്ലാതെ, തകര്‍ന്ന സമൂഹങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഈ ജനവിഭാഗങ്ങള്‍ സ്വദേശത്തിന്‌ വേണ്ടി ഭരണകൂടത്തിന്റെ അഭാവത്തില്‍ പോരാടുന്നത്‌ കുറ്റകരമാണെന്ന ധാരണ പരത്താന്‍ പുതിയ പ്രത്യയശാസ്‌ത്രം ചമക്കുന്നവര്‍ ആരോടെങ്കിലും ധാരണയിലെത്തിയിട്ടുണ്ടോ ആവോ? സമാനമായ ഒരു രാഷ്‌ട്രീയ സാഹചര്യത്തിലായിരുന്നല്ലോ അഭിനവ വ്യാജന്‍ മിര്‍സാ ഗുലാം അഹ്‌മദ്‌ രംഗത്തുവന്നത്‌. ബ്രിട്ടീഷുകാര്‍ കനിഞ്ഞരുളിയ പ്രവാചകത്വത്തിന്റെ തിണ്ണബലത്തില്‍ അയാള്‍ ജിഹാദ്‌ ദുര്‍ബലമാക്കി. വെള്ളക്കാരന്‌ ഇന്നിപ്പോള്‍ ഒരു പ്രവാചകനെ കൊണ്ടുവരാനുള്ള അധ്വാനമൊന്നും വേണ്ട. ഖാദിയാനിയെ തള്ളിപ്പറയുന്നവര്‍ തന്നെ അയാളുടെ ആഗമനോദ്ദേശ്യം പൂര്‍ത്തിയാക്കിക്കൊടുക്കുന്നു' (എ. സഈദ്‌, തേജസ്‌ ദൈ്വവാരിക, ഒക്‌ടോബര്‍ 16-31, 2007)
ഹമാസ്‌, ഹിസ്‌ബുല്ല, ചെച്‌നിയന്‍ മുജാഹിദുകള്‍ എന്നിവരോടൊത്ത്‌ തങ്ങളെ സ്വയം പ്രതിഷ്‌ഠിക്കുന്ന സൈദ്ധാന്തിക കറിക്കൂട്ടുകള്‍ തയാറായി. അങ്ങനെ തങ്ങള്‍ ഖാലിദ്‌ മിശ്‌അല്‍, ഹസന്‍ നസ്വ്‌റുല്ല, ജൗഹര്‍ ദുദയേവ്‌ തുടങ്ങിയവരെപ്പോലെയാണെന്ന്‌ നേതാക്കള്‍ക്ക്‌ തോന്നിത്തുടങ്ങി. അതിനനുസരിച്ച സെക്യൂരിറ്റിയും വാഹന സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

`വര്‍ത്തമാനകാലത്തെ ചെറുത്തുനില്‍പിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മക്കാവാദത്തിന്റെ നവകൊളോണിയല്‍ അജണ്ട വ്യക്തമാവും. ഇന്ന്‌ ലോകത്തുള്ള എല്ലാ ചെറുത്തുനില്‍പുകളും അന്താരാഷ്‌ട്ര നിയമത്തിന്റെ സാങ്കേതിക പദമുപയോഗിച്ച്‌ പറഞ്ഞാല്‍ ഭരണകൂട ബാഹ്യമായ (നോണ്‍-സ്റ്റേറ്റ്‌ പാര്‍ട്ടീസ്‌) പ്രസ്ഥാനങ്ങളാണ്‌. റഷ്യന്‍ അധിനിവേശത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പടപൊരുതുന്ന ചെചന്‍കാരായാലും അഫ്‌ഗാനിസ്‌താനിലെ താലിബാനായിരുന്നാലും ഫലസ്‌ത്വീനിലെ ഹമാസാണെങ്കിലും ഇറാഖിലെ പ്രതിരോധ മുന്നണിയായാലും എല്ലാം നോണ്‍-സ്റ്റേറ്റ്‌ പാര്‍ട്ടികള്‍ തന്നെ. ഭരണകൂട ബാഹ്യമായ ഗ്രൂപ്പുകളോ സംഘടനകളോ ആണ്‌ പൊതുവില്‍ അധിനിവേശത്തിനെതിരില്‍ പോരാടുന്നതില്‍ മുമ്പും മുന്നില്‍ നിന്നത്‌. (കലീം, തേജസ്‌ ദൈ്വവാരിക, ഒക്‌ടോബര്‍ 16-31, 2007) നോണ്‍-സ്‌റ്റേറ്റ്‌ പാര്‍ട്ടിയായ ഞങ്ങളും ഇതാ ഹമാസിനൊപ്പം എന്നാണ്‌ ലേഖകന്‍ പറയുന്നത്‌. എന്നാല്‍ ഹമാസാകട്ടെ, ചെച്‌നിയന്‍ പോരാളികളാകട്ടെ, ഹിസ്‌ബുല്ലയാകട്ടെ, താലിബാനാകട്ടെ ആരും അവരുടെ ജിഹാദിനെ ഒരിക്കല്‍ പോലും പൊതുസമൂഹത്തിലോ മാധ്യമങ്ങള്‍ക്ക്‌ മുമ്പിലോ ഡിസ്‌ക്ലയിം ചെയ്‌തിട്ടില്ല എന്നതാണ്‌ യാഥാര്‍ഥ്യം. ഒരു ഓപറേഷന്‍ നടത്തിയാല്‍, അതില്‍ എത്ര പേര്‍ കൊല്ലപ്പെട്ടാലും ശരി, ധീരതയോടെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ്‌ മേല്‍ പറഞ്ഞവരെല്ലാം. ആണത്തവും ഉത്തരവാദിത്വവും സത്യസന്ധതയുമുള്ള ജിഹാദാണ്‌, വിമോചന സമരമാണ്‌ അത്‌. സാദാ കോണ്‍സ്റ്റബ്‌ള്‍ തൊട്ട്‌ ആഭ്യന്തരമന്ത്രി വരെയുള്ളവരെ പല വിധത്തില്‍ സ്വാധീനിച്ചും പ്രീണിപ്പിച്ചും കേസില്‍നിന്ന്‌ രക്ഷപ്പെടുന്ന, ഞങ്ങളൊന്നും ചെയ്‌തിട്ടില്ലേയെന്ന്‌ പത്രസമ്മേളനം വിളിച്ച്‌ പറയുന്ന ഭീരുത്വത്തെയും ഹമാസിന്റെ ജിഹാദിനെയും താരതമ്യം ചെയ്യുന്നത്‌ വല്ലാത്തൊരു തമാശ തന്നെ. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ അവരുടെ കൊടിപൊക്കി സല്യൂട്ടടിക്കുന്ന ഹമാസിനെയും നമ്മളിതുവരെ കണ്ടിട്ടില്ല. റഷ്യന്‍ പതാക ഉയര്‍ത്തി, റഷ്യന്‍ ദേശീയഗാനം ചൊല്ലി, റഷ്യന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുന്ന ഒരു സുപ്രീം കൗണ്‍സില്‍ അംഗവും ചെച്‌നിയന്‍ വിമോചന പ്രസ്ഥാനത്തിലുള്ളതായി അറിവില്ല. ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയാകാന്‍ പോകുന്നയാളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഹമാസിന്റെ ഒരു പത്രവും ബഹുവര്‍ണ മുഴുപ്പേജ്‌ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുണ്ടാവേണ്ട മുന്‍ഗണനകളെക്കുറിച്ച പാഠങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ ഇസ്‌ലാമിക പ്രസ്ഥാനം ഇവരുടെ ജിഹാദിന്റെ പൊള്ളത്തരം ജനങ്ങള്‍ക്ക്‌ മുമ്പാകെ അവതരിപ്പിച്ചത്‌. ഒരു ബഹുമത സമൂഹത്തില്‍ പാലിക്കേണ്ട സാമൂഹിക മര്യാദകളെക്കുറിച്ച്‌ അത്‌ ജനങ്ങളെ ബോധ്യപ്പെടുത്തി. ഇസ്‌ലാമിനെക്കുറിച്ച്‌ ബോധപൂര്‍വവും അല്ലാത്തതുമായ പലവിധ പ്രചാരണങ്ങള്‍ നടക്കവെ, ആ പ്രചാരണങ്ങള്‍ക്ക്‌ അടിപ്പെട്ട്‌ രൂപപ്പെട്ട അങ്ങേയറ്റം പ്രതിലോമപരമായ സാമൂഹിക മനസ്സും നാം കണക്കിലെടുക്കണം എന്ന്‌ അത്‌ ഓര്‍മപ്പെടുത്തി. അതോടൊപ്പം സൈദ്ധാന്തികമായും പ്രായോഗികമായും ഇസ്‌ലാമിനെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ചെറുസമൂഹത്തെയെങ്കിലും വളര്‍ത്തിയെടുത്തു. നീതിക്കു വേണ്ടി നിലകൊള്ളുന്നവര്‍, ജനങ്ങള്‍ക്ക്‌ മാതൃകാ സാക്ഷികള്‍ തുടങ്ങിയ മുസ്‌ലിംകളെക്കുറിച്ച ഖുര്‍ആന്റെ വിശേഷണങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഉയര്‍ന്നു നില്‍ക്കാന്‍ അത്‌ മുസ്‌ലിം സമൂഹത്തെ പ്രേരിപ്പിച്ചു. ജനാധിപത്യ സമൂഹത്തില്‍ എങ്ങനെയാണ്‌ നീതിയുടെ പോരാളിയാവുക എന്നതിന്റെ ഗ്രാമര്‍ സ്വയം ഉള്‍ക്കൊള്ളുന്ന സംവിധാനങ്ങളും സമരങ്ങളും രൂപപ്പെടുത്തി. നമ്മള്‍ ചില സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കണം. നില്‍ക്ക്‌, എല്ലാവരും ചാടി പെട്ടെന്നങ്ങ്‌ ഹമാസാകല്ലേ എന്ന്‌ ഓര്‍മപ്പെടുത്തി.
ഈ ആശയങ്ങളെയും പ്രായോഗിക പദ്ധതികളെയും കുറിക്കുന്നതിന്‌ ദഅ്‌വത്ത്‌ എന്ന ഇസ്‌ലാമിക ജ്ഞാനശാഖയിലെ പ്രചുരമായ പദാവലിയാണ്‌ പലപ്പോഴും ഉപയോഗിച്ചത്‌. നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥകളില്‍, ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ ഏറ്റവും ശരിയായ പ്രതിനിധാനം എന്നതാണ്‌ ദഅ്‌വത്ത്‌ എന്ന ആശയം കൊണ്ട്‌ ഇസ്‌ലാമിക പദാവലിയില്‍ ഉദ്ദേശിക്കപ്പെടുന്നത്‌. അതിനെ ആത്മാവില്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ളതാണ്‌ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍. അന്യമതസ്ഥര്‍ മാത്രമല്ല, സ്വസമുദായത്തില്‍ പിറന്ന്‌ ഭൗതിക ദര്‍ശനങ്ങളില്‍ പെട്ടുപോയ ആയിരങ്ങള്‍ക്കും സത്യദീനിന്റെ വെളിച്ചം കണ്ടെത്താന്‍ പര്യാപ്‌തമാകുന്നതായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍.

തമാശയെന്ന്‌ പറയട്ടെ, ദഅ്‌വത്ത്‌ എന്ന്‌ പറഞ്ഞാല്‍ ഹിന്ദുക്കളെ പിടിച്ച്‌ കലിമ ചൊല്ലിച്ച്‌ വിടുന്ന പണിയാണെന്ന്‌ ധരിച്ചു പോയ എന്‍.ഡി.എഫ്‌ സൈദ്ധാന്തികന്‍ അതിനെതിരെയും വില്ലുകുലച്ചിരിക്കുന്നു. `പ്രബോധനം മുസ്‌ലിമിന്റെ പ്രഥമ ബാധ്യതയാണോ എന്ന അക്കാദമികമായ തലത്തില്‍ ഒരു ചര്‍ച്ചക്കിവിടെ പ്രസക്തിയില്ല. എന്നാലും ഖുര്‍ആനില്‍ നമസ്‌കാരം, നിര്‍ബന്ധ ദാനം എന്നിവക്കോ വാളോ പേനയോ ഉപയോഗിച്ച്‌ നടത്തുന്ന സമരമോ വയലേലകളിലെ കഠിനാധ്വാനമോ ഏതുമാവട്ടെ, ജിഹാദിന്‌ നല്‍കുന്ന പ്രാധാന്യം പ്രബോധനത്തിനില്ല. ഖുര്‍ആനില്‍ സന്ദേശമെത്തിക്കുന്നതു സംബന്ധിച്ചു വന്നിരിക്കുന്ന മൂന്നോ നാലോ സൂക്തങ്ങള്‍ നേര്‍ക്കുനേരെയുള്ളതല്ല. അവസാന ഹജ്ജില്‍ പ്രവാചകന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒരു ഭാഗത്ത്‌, ഹാജരായിട്ടുള്ളവന്‍ ഹാജരില്ലാത്തവര്‍ക്ക്‌ എത്തിച്ചുകൊടുക്കട്ടെ എന്ന നിര്‍ദേശം തന്നെ പ്രബോധനം നിര്‍ബന്ധ ബാധ്യതയാണെന്ന്‌ സൂചിപ്പിക്കുന്നില്ല' (കലീം, തേജസ്‌ ദൈ്വവാരിക, ഏപ്രില്‍ 01-15, 2008)

അദ്ദേഹം അവിടം കൊണ്ടും നിര്‍ത്തിയില്ല. മുസ്‌ലിം സംഘടനാ ഓഫീസുകളിലേക്ക്‌ ഒരു കിടിലന്‍ ചോദ്യാവലി തയാറാക്കി അയച്ചു. തങ്ങളുടെ കീഴിലെ ഗവേഷണ സ്ഥാപനത്തിന്റെ വമ്പനൊരു ഗവേഷണ പദ്ധതിയെന്ന നിലക്കാണ്‌ ആസ്ഥാന ഗവേഷകനെക്കൊണ്ട്‌ ചോദ്യാവലി ഉണ്ടാക്കിപ്പിച്ച്‌ സംഘടനാ ഓഫീസുകളിലേക്ക്‌ അയച്ചത്‌. തമാശകളുടെ ഒരു സര്‍വവിജ്ഞാന കോശമാണ്‌ പ്രസ്‌തുത ചോദ്യാവലി. എത്ര പേരെ നിങ്ങള്‍ മുസ്‌ലിംകളാക്കി, 2001ല്‍ എത്ര? 2002ല്‍ എത്ര? 2003ല്‍ എത്ര?..... ഇസ്‌ലാം സ്വീകരിച്ചവരെ എവിടെ താമസിപ്പിക്കുന്നു? ആളുകളെ ഇസ്‌ലാമാക്കാന്‍ എത്ര പണം ചെലവഴിക്കുന്നു? അത്‌ നിങ്ങളുടെ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം വരും? ടോട്ടല്‍ സംഘടനാ ബജറ്റ്‌ എത്ര? എന്നു തുടങ്ങി ആളെ ശരിക്കും കുഴച്ചു കളയുന്ന ചോദ്യങ്ങള്‍. അത്യാവശ്യം കോമണ്‍ സെന്‍സുള്ളവരാണ്‌ സംഘടനാ ഓഫീസില്‍ ഇരിക്കുന്നത്‌ എന്നതിനാല്‍ സ്വാഭാവികമായും ഈ ചോദ്യാവലികള്‍ അവഗണിക്കപ്പെട്ടു. ഉടനെ വന്നു ഗവേഷണ ഫലം. ഈ ഇസ്‌ലാമിക പ്രസ്ഥാനമെന്നും ഇസ്‌ലാമിക പ്രബോധനമെന്നുമൊക്കെ ചുമ്മാ പറയുകയാണ്‌. എല്ലാവരും ആത്മവഞ്ചനയാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്‌ ദഅ്‌വത്ത്‌ എന്ന്‌ പേര്‌ വിളിക്കുന്നുവെന്നേയൂള്ളൂ! വല്ലതും ചെയ്യുന്നുണ്ടെങ്കില്‍ റസീതും വൗച്ചറും വെച്ച്‌ ഞങ്ങള്‍ക്കു മുമ്പില്‍ ബോധിപ്പിക്കണ്ടേ!

അത്‌ അവിടെയിരിക്കട്ടെ. നമുക്ക്‌ ഇങ്ങനെയും ഒരു ഗവേഷണം ആകാം. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒബ്‌ജക്‌റ്റീവ്‌ സ്റ്റഡീസ്‌ എന്നതു പോലെ നമ്മളും ഒരു ഗമണ്ടന്‍ ലെറ്റര്‍ പാഡുണ്ടാക്കുന്നു. അതിന്‌ ഒരു മുഴുസമയ ഗവേഷകനെ ശമ്പളം കൊടുത്തു നിര്‍ത്തുന്നു. അയാള്‍ ഒരു ചോദ്യാവലി ഉണ്ടാക്കി എന്‍.ഡി.എഫ്‌ ആപ്പീസിലേക്കയക്കുന്നു. നിങ്ങള്‍ ജിഹാദിന്റെ ഭാഗാമായി എത്ര പേരെ കൊന്നു? എത്ര പേരെ വെട്ടി? അതില്‍ ഹിന്ദുവെത്ര? ക്രിസ്‌ത്യനെത്ര? മറ്റു സംഘടനകളില്‍ പെട്ട മുസ്‌ലിംകളെത്ര? 2001 ല്‍ എത്ര? 2002-ല്‍?.... നിങ്ങള്‍ ബോംബിന്‌ ചെലവാക്കുന്ന തുക എത്ര? വാളിന്‌ ചെലവാക്കുന്നത്‌? ക്രിക്കറ്റ്‌ ബാറ്റിന്‌ ചെലവാക്കുന്നത്‌? അത്‌ ടോട്ടല്‍ സംഘടനാ ബജറ്റിന്റെ എത്ര ശതമാനം? ടോട്ടല്‍ സംഘടനാ ബജറ്റ്‌ എത്ര?... മറുപടി കിട്ടുമെങ്കില്‍ നല്ലത്‌. കിട്ടിയില്ലെങ്കില്‍, ങ്‌ഹാ! ഇവര്‍ ചുമ്മാ ജിഹാദെന്നും ഹമാസെന്നും പറഞ്ഞിരിക്കുക മാത്രമാണ്‌; ശരിക്കും കോംപ്ലാന്‍ ബോയ്‌സ്‌ എന്നൊരു ഗവേഷണ പ്രബന്ധം കവര്‍‌സ്റ്റോറിയായി കാച്ചിയാല്‍ എങ്ങനെയിരിക്കും! 

അതാണ്‌ സുഹൃത്തേ പുതിയ കാലത്തെ പത്രപ്രവര്‍ത്തനം. അതെക്കുറിച്ച്‌ അല്‍പം.
ജിഹാദിന്‌ വേണ്ടിയാണ്‌ ഉണ്ടാക്കിയതെങ്കിലും കൈയില്‍ പണവും പിന്നില്‍ അല്‍പം ആളുകളും വന്നു നിരന്നപ്പോള്‍ സംഗതി ഒരു സമ്പൂര്‍ണ സംഘടനയാക്കാം എന്നു തന്നെ അവര്‍ വെച്ചു. അങ്ങനെ കുട്ടികള്‍ക്കും പെണ്ണുങ്ങള്‍ക്കുമെല്ലാം സംഘടനയുണ്ടായി. ഉത്തരവാദപ്പെട്ട മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച്‌ നിന്ന്‌ ഗൗരവത്തില്‍ പ്രശ്‌നത്തെ സമീപിച്ചപ്പോള്‍ തോണ്ടല്‍ മാന്തല്‍ വെട്ടിപ്പാച്ചില്‍ ജിഹാദിന്‌ അല്‍പം ശമനം വന്നു. പിന്നെ കാര്യമായ ശ്രദ്ധ സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിലായി. അഖിലേന്ത്യാ-സംസ്ഥാന നേതാക്കളുടെ തന്നെ സാന്നിധ്യത്തില്‍ നാടുനീളെ വിവാഹമേളകള്‍ സംഘടിപ്പിച്ച്‌ പത്രത്തില്‍ കളര്‍ പടം കൊടുത്തു. കൂടുതല്‍ മുസ്‌ലിം പൊതുമനസ്സിലേക്ക്‌ കയറിപ്പറ്റാനുള്ള അല്‍പം കൂടി ഗൗരവമായ ശ്രമങ്ങള്‍. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഘടകങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടില്‍ സ്ഥാപകനേതാവ്‌ ഏതാനും മാസങ്ങള്‍ക്കകം രാജിവെച്ചുപോയെങ്കിലും കുഴപ്പമില്ലാതെ പിടിച്ചുനില്‍ക്കുന്നു. കൊടിക്കാല്‍ ശൈഖ്‌ അബ്‌ദുല്ലയെ പോലുള്ള വന്ദ്യവയോധികരെപ്പോലും സംഘടനയിലേക്ക്‌ ക്ഷണിച്ചെങ്കിലും ജിഹാദിന്റെ അര്‍ഥരാഹിത്യം പറഞ്ഞ്‌ അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. പ്രതിരോധ പ്രസ്ഥാനമായല്ല, നവസാമൂഹിക പ്രസ്ഥാനമായാണ്‌ പലേടത്തും സംഘടനയെ പരിചയപ്പെടുത്തുന്നത്‌.
എസ്റ്റാബ്ലിഷ്‌മെന്റിനെ എതിര്‍ത്തു കൊണ്ടാണ്‌ സംഘടന നിലവില്‍ വന്നതെങ്കിലും എങ്ങനെ ഏറ്റവും നല്ല എസ്റ്റാബ്ലിഷ്‌മെന്റാകാം എന്ന്‌ കുറഞ്ഞ കാലം കൊണ്ട്‌ തന്നെ അത്‌ തെളിയിച്ചു. അങ്ങനെ ആദിയില്‍ പത്രമുണ്ടായി. പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ നാടുകുലുക്കി പ്രചാരണം നടത്തി. പ്രചാരണം സ്വന്തം പത്രത്തെക്കുറിച്ചെന്നതിലുപരി മറ്റൊരു പത്രത്തിന്റെ വരാനിരിക്കുന്ന പരാജയത്തെക്കുറിച്ചായിരുന്നു. ആ പത്രത്തിന്റെ ആ എഡിഷന്‍ പൂട്ടും, ഈ എഡിഷന്‍ നിര്‍ത്തേണ്ടിവരും എന്നൊക്കെ പ്രചാരണം നടത്തി അണികളെ ആവേശം കൊള്ളിച്ചു. അവസാനം കുഞ്ഞ്‌ പിറന്നപ്പോള്‍ ജിഹാദ്‌ പോസ്റ്ററുകളുടെ വീര്യം പോലുമില്ല. നാട്ടിലും മറുനാട്ടിലും ഒരേ സമയം എഡിഷനുകള്‍ എന്ന്‌ പെരുമ്പറയടിച്ചാണ്‌ തുടങ്ങിയതെങ്കിലും, തുടങ്ങിയ മുംബൈ എഡിഷന്‍ വരെ ആഴ്‌ചകള്‍ കൊണ്ട്‌ പൂട്ടേണ്ടി വന്നു. ഡസ്‌കുകളില്ലാത്ത എഡിഷനുകളുമായി കാര്യം നടന്നു പോരുന്നു. പാര്‍ട്ടി സര്‍ക്കുലറിന്റെയും പത്രത്തിന്റെയും എണ്ണം ഏതാണ്ട്‌ തുല്യമായ അവസ്ഥയിലാണിപ്പോള്‍. ഈര്‍ഷ്യ തീര്‍ക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേക്കിട്ടു കയറുകയായിരുന്നു എപ്പോഴും. മുസ്‌ലിം ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുകയില്ല എന്ന്‌ പ്രചാരണം നടത്തിയാണ്‌ തുടങ്ങിയതെങ്കിലും അത്തരം കാര്യങ്ങളില്‍ നിര്‍ലോഭം ഇടപെടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അതില്‍ ഏറ്റവും മുന്തിയ ഇര ഇസ്‌ലാമിക പ്രസ്ഥാനം തന്നെയായിരുന്നു. അക്കാര്യത്തില്‍ മികച്ച ഒരു `അനിയന്‍ ചന്ദ്രിക' ആവാന്‍ പത്രത്തിന്‌ ശരിക്കും സാധിച്ചിട്ടുണ്ട്‌. അങ്ങനെയാണ്‌ ശാന്തപുരം മഹല്ല്‌ പിളരാന്‍ പോവുന്നു, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതൃത്വം പാരമ്പര്യവാദികള്‍ പിടിച്ചെടുത്തു തുടങ്ങിയ `സ്‌കൂപ്പു'കള്‍ ഉണ്ടാവുന്നത്‌. മലപ്പുറത്തെ ഒരു ബിസിനസ്‌ സംരംഭകന്റെ ദാരുണമായ അന്ത്യത്തെപ്പോലും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ നെറികെട്ട അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ നിരന്തരം ഉപയോഗിച്ചു. പക്ഷേ, ചന്ദ്രിക പത്രം, വലിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും പിന്തുണയോടെ ദശാബ്‌ദങ്ങള്‍ നടത്തിനോക്കിയിട്ടും പരാജയപ്പെട്ട ദൗത്യമാണ്‌ തങ്ങള്‍ നടത്തിനോക്കുന്നതെന്ന്‌ അവര്‍ അറിഞ്ഞില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തെ ധാര്‍മികമായി തകര്‍ക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ ആലോചന. പക്ഷേ കാര്യം നടന്നില്ല. പ്രസ്ഥാനത്തിന്റെ ജനകീയാടിത്തറ വിപുലപ്പെടുകയായിരുന്നു. അതിന്റെ മാധ്യമ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുക മാത്രമായിരുന്നു.

അങ്ങനെ ജിഹാദും പത്രപ്രവര്‍ത്തനവും വെച്ചടി മുന്നോട്ട്‌. സാധനം സുഊദി അറേബ്യയില്‍ വിതരണം ചെയ്യാന്‍ പറ്റുന്നില്ല. സുഊദി നമ്മുടെ നാടു പോലെയല്ലല്ലോ. നിയമ-ഔദ്യോഗിക തടസ്സങ്ങള്‍ ധാരാളം. സാധാരണ ഗതിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട്‌ പേപ്പറുകള്‍ നീക്കി സാധിക്കേണ്ട കാര്യം. പേപ്പറുകള്‍ നീക്കിയിട്ടും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും? ജിഹാദ്‌ തന്നെ. സുഊദിയോട്‌ ജിഹാദ്‌ ചെയ്യാന്‍ ധൈര്യം പോര. ഇവിടുത്തെപ്പോലെ മഹസര്‍ എഴുതുന്ന എ.എസ്‌.ഐക്കും കേസ്‌ അന്വേഷിക്കുന്ന എസ്‌.പിക്കും സംതിംഗ്‌ കൊടുത്താല്‍ നില്‍ക്കുന്ന കേസല്ല. അടിസ്ഥാന സിദ്ധാന്തമായ ജിഹാദ്‌ കൈയൊഴിക്കാനും പറ്റില്ല. അങ്ങനെയാണ്‌ കാര്യങ്ങള്‍ തെളിഞ്ഞുവരുന്നത്‌. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട രിയാദിലെ ഓഫീസില്‍ സാദാ ഉദ്യോഗസ്ഥന്റെ തസ്‌തികതയില്‍ ഒരു മലയാളി ഉണ്ട്‌. വായില്‍ വെള്ളം ചവച്ച്‌ കഴിക്കുന്ന ഒരു സാത്വികന്‍. അദ്ദേഹത്തെ വിളിച്ച്‌ പകുതി ഭീഷണിയില്‍ കാര്യം പറഞ്ഞു. നിയമത്തിന്‌ അപ്പുറം പോകാനറിയാത്ത ആ മനുഷന്‍ നിയമപ്രകാരം കാര്യങ്ങള്‍ ചെയ്‌തു. അപ്പോള്‍ പിന്നെ ജിഹാദ്‌ എങ്ങനെ മുന്നോട്ടു പോവും? സുപ്രീം കൗണ്‍സില്‍ ആലോചിച്ചു. പ്ലാന്‍ ഇങ്ങനെ; രണ്ട്‌ സുപ്രീം കൗണ്‍സിലുകള്‍ സുഊദിയില്‍ പോകുന്നു, ലോബീയിംഗ്‌ നടത്തുന്നു. വിഷയം മലയാള പത്രമാണല്ലോ. അതിനാല്‍ മലയാളമറിയുന്ന ഈ ഉദ്യോഗസ്ഥന്‍ അങ്ങോട്ടുവരാന്‍ പാടില്ല. അങ്ങനെ ജിഹാദ്‌ നെറ്റ്‌വര്‍ക്ക്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. കാസര്‍കോട്ടെ തൃക്കരിപ്പൂരുള്ള ഉദ്യോഗസ്ഥന്‍ കുടുംബ സമേതം രിയാദിലേക്ക്‌ തിരിക്കുമ്പോള്‍ നെടുമ്പാശ്ശേരിയില്‍ വെച്ച്‌ ഗുണ്ടാ ആക്രമണത്തിന്‌ വിധേയമാവുന്നു. പാസ്‌പോര്‍ട്ടും പണമടങ്ങിയ ബാഗും കവര്‍ച്ച ചെയ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ക്രിക്കറ്റ്‌ ബാറ്റു കൊണ്ട്‌ അടിച്ചു പരുവമാക്കി. രണ്ടു ദിവസത്തിനകം പ്രതികളെ പൊക്കി. എല്ലാവരും എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളില്‍നിന്നുള്ള എന്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍. തൃക്കരിപ്പൂരുള്ള ഗള്‍ഫുകാരനെ നെടുമ്പാശ്ശേരിയില്‍ വെച്ച്‌ എറണാകുളത്തെ എന്‍.ഡി.എഫുകാര്‍ ലക്ഷ്യം വെച്ച്‌ ആക്രമിച്ച്‌ കൊള്ളയടിക്കണമെങ്കില്‍ വളരെ കൃത്യമായ ആസൂത്രണവും മേലെ നിന്നുള്ള നിര്‍ദേശങ്ങളും വന്നിരിക്കണം. എന്നാല്‍ പോലീസ്‌ അന്വേഷണം ആ വഴിക്ക്‌ പോവില്ല. ഡയറക്‌റ്റ്‌ പ്രതികളില്‍ ഒന്നു രണ്ടെണ്ണത്തിനെ പൊക്കും. ബാക്കി കാര്യങ്ങള്‍ നോക്കാനുള്ള ജിഹാദീ ടെക്‌നിക്ക്‌ സംഘടന വശമാക്കിയിരിക്കുന്നു.

ഒരു സംഘടനക്ക്‌ വേണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, അതിന്‌ ഖുര്‍ആന്റെയും ഹദീസിന്റെയും അകമ്പടി നല്‍കുമ്പോഴാണ്‌ സംഗതി പ്രശ്‌നമാകുന്നത്‌. യുദ്ധത്തില്‍ പോലും സ്‌ത്രീകളെ ആക്രമിക്കരുതെന്നത്‌ ഇസ്‌ലാമിലെ നിയമമാണ്‌. സ്‌ത്രീകള്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ വനിതാ പോലീസ്‌ ഉണ്ടായിരിക്കണമെന്ന്‌ നമ്മുടെ നാട്ടിലെ സെക്യുലര്‍ നിയമവും കണിശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. എന്നാല്‍ നവസാമൂഹിക ജിഹാദിന്‌ ഇതൊന്നും ബാധകമല്ല. നടുറോഡില്‍ മുസ്‌ലിം സ്‌ത്രീയെ ക്രിക്കറ്റ്‌ ബാറ്റു കൊണ്ട്‌ അടിച്ചുവീഴ്‌ത്തി പണവും യാത്രാരേഖകളും കവര്‍ച്ച ചെയ്‌താലും പ്രശ്‌നമില്ല. അടുത്ത ആഴ്‌ച ആയത്തുകളുദ്ധരിച്ച്‌ ലേഖനങ്ങളിറങ്ങിക്കൊള്ളും. പാര്‍ട്ടി പത്രത്തിന്റെ ലേഖകര്‍ ആക്രമിക്കപ്പെട്ടവരെ അപമാനിച്ചും പച്ചക്കള്ളം പറഞ്ഞും ന്യായീകരണ വാര്‍ത്തകള്‍ നല്‍കും. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കരുനാഗപ്പള്ളിക്കാരനെയും ഭാര്യയെയും നടുറോഡില്‍ വെട്ടിവീഴ്‌ത്തിയവര്‍ക്ക്‌ സുഊദി ഉദ്യോഗസ്ഥന്റെ ഭാര്യയെ അടിച്ചുവീഴ്‌ത്താന്‍ എന്തിനാണ്‌ കയ്യറപ്പ്‌?
തീവ്രവാദ, രഹസ്യ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ധാരാളം സംസാരിച്ച ആളാണ്‌ മൗദൂദി. ഇത്തരം സംഘടനകളെക്കുറിച്ച്‌ അദ്ദേഹം ഉന്നയിച്ച പ്രധാന പ്രശ്‌നം സുത്യാര്യതയുടെയും ആഭ്യന്തരജനാധിപത്യത്തിന്റെയും അഭാവമാണ്‌. എന്തിനു വേണ്ടിയാണോ രൂപീകരിക്കപ്പെട്ടത്‌ അതിന്റെ നേര്‍ വിപരീത ലക്ഷ്യങ്ങളിലേക്ക്‌ സംഘടന പോകും. രഹസ്യാത്മകത, നേതാക്കന്മാര്‍ക്ക്‌ തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ നല്‍കും. ജിഹാദ്‌ സ്വന്തം മക്കളെത്തന്നെ കൊന്നു തിന്നുന്ന അവസ്ഥ കൈവരും. അതിന്റെ ചെറിയൊരു ലക്ഷണം മാത്രമാണ്‌ നെടുമ്പാശ്ശേരിയില്‍ കണ്ടത്‌. അത്‌ മുന്നോട്ടു നീങ്ങി സ്വന്തം സംഘടനക്കകത്ത്‌ തന്നെയുള്ള മറുശബ്‌ദങ്ങളെയും വേറിട്ട സ്വരങ്ങളെയും ഒതുക്കുന്നതിലേക്ക്‌ കാര്യങ്ങള്‍ നീങ്ങും. ഇത്തരം ജിഹാദില്‍നിന്ന്‌ ദൈവം നമ്മെ രക്ഷിക്കട്ടേയെന്ന്‌ പ്രാര്‍ഥിക്കുകയേ നമുക്ക്‌ നിര്‍വാഹമുള്ളൂ.
(പ്രബോധനം വാരിക 2008 ഏപ്രില്‍ 26)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates