Sunday 17 June 2012

സലഫിസം - ചരിത്രത്തിന്റെ അനിവാര്യതയും വര്‍ത്തമാന അപചയങ്ങളും



പ്രമാദമായ പ്രയോഗമാണ് സലഫിസം; ചരിത്രത്തിലും അതിലേറെ വര്‍ത്തമാനകാലത്തും. അനുയായികളുടെ 'ആരാധനാ'ത്മകമായ അപദാനങ്ങളും എതിരാളികളുടെ നീതിരഹിതമായ വിമര്‍ശനങ്ങളും അതുവഴി സൃഷ്ടിക്കപ്പെട്ട തെറ്റിദ്ധാരണകളും സലഫിസത്തെ ഒരു സമസ്യയാക്കി മാറ്റുന്നു. ചരിത്രത്തിലെ സുവര്‍ണ ശോഭ മായ്ച്ചുകൊണ്ട് സമകാലിക സലഫി ലോകത്ത് ഉരുണ്ടുകൂടുന്നതാകട്ടെ ആശങ്കാജനകമായ കാര്‍മേഘങ്ങളും. ഒറ്റപ്പെട്ട ആശാകിരണങ്ങള്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്നത് നിഷേധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വഴിതെറ്റിപ്പോകുന്ന അനുധാവനത്തിനും ശത്രുതാപരമായ വിമര്‍ശനത്തിനും അതീതമായി നിതീപൂര്‍വകമായ ഒരു വിശകലനം സലഫിസം അര്‍ഹിക്കുന്നുണ്ട്.
അവഗണിക്കാനാകാത്ത സംഭാവനകള്‍ ഇസ്‌ലാമിക ലോകത്തിന് സലഫിസം നല്‍കിയിട്ടുണ്ട്. പക്ഷേ, വര്‍ത്തമാനകാലത്ത് സലഫിസം എന്ന പ്രയോഗം പ്രതിലോമപരമായ മതപ്രവര്‍ത്തനത്തെയാണ് ഏറിയ പങ്കും പ്രതിനിധീകരിക്കുന്നത്. മതപരമായ അതിവാദത്തിന്റെയും (Religious extremism) കുടുസ്സാര്‍ന്ന സമീപനത്തിന്റെയും പര്യായപദമായി 'സലഫിസം' പരിഗണിക്കപ്പെടുന്നു. ഇസ്‌ലാമിന്റെ വികാസക്ഷമതയുടെ നിരാകരണം, മുസ്‌ലിം സമൂഹത്തിനകത്തും പുറത്തുമുള്ള ബഹുസ്വരതയോടു പുലര്‍ത്തുന്ന അലര്‍ജി, പാരമ്പര്യ യാഥാസ്ഥിതിക ധാരയെ തോല്‍പിക്കും വിധത്തില്‍ പഴഞ്ചന്‍ ചിന്താഗതികളിലേക്കുള്ള പിന്‍മടക്കം തുടങ്ങിയവ സലഫിസത്തിന്റെ ദൗര്‍ബല്യങ്ങളായി എണ്ണപ്പെടുന്നു. യഥാര്‍ഥ ഇസ്‌ലാമിന്റെ ഏക വക്താക്കളും വിജയിക്കുന്ന ഒരേയൊരു കക്ഷിയും (അല്‍ഫിര്‍ഖത്തുന്നാജിയ) എന്ന അവകാശവാദം, അന്ധമായ അനുകരണവും നിശ്ചലാവസ്ഥയും, പ്രമാണങ്ങളുടെ അക്ഷരവായന, ലോകത്തെ മുസ്‌ലിം തീവ്രവാദ സംഘങ്ങളെ പ്രമോട്ട് ചെയ്യുന്ന വഹാബി-സലഫി ഭീകരത, സലഫി മന്‍ഹജ് പിന്തുടരാത്ത മുസ്‌ലിം ഭരണാധികാരികളെ 'സമീപ ശത്രു'വായി കണ്ട് അവര്‍ക്കെതിരെ ആയുധമെടുക്കണമെന്ന വാദം, സുന്നത്തിന്റെ വ്യാപ്തി ചുരുക്കല്‍, ബിദ്അത്തിന്റെ മണ്ഡലം വികസിപ്പിച്ചുകൊണ്ടിരിക്കല്‍, നിരന്തരം ഹറാം ഫത്‌വകള്‍ ഉല്‍പാദിപ്പിക്കല്‍, തഖ്‌ലീദിനോടുള്ള വിരോധത്തിന്റെ പേരില്‍ മുസ്‌ലിം സമൂഹത്തിന്റെ നീണ്ട വൈജ്ഞാനിക പാരമ്പര്യങ്ങളെ നിരാകരിക്കല്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് സലഫിസം ചര്‍ച്ചകളില്‍ പ്രധാനമായും കടന്നുവരാറുള്ളത്. ഇത്തരം വിമര്‍ശനങ്ങള്‍ ഒരുപോലെ ശരിയെന്നോ തെറ്റെന്നോ വിധിയെഴുതാനാവില്ല. ആരോപണങ്ങളില്‍ ചിലത് ദുരുദ്ദേശ്യപരമാണെങ്കില്‍, ചിലത് വസ്തുതാപരമായ നിരൂപണങ്ങള്‍ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സലഫിസം പൊതുവെ തെറ്റിദ്ധരിക്കപ്പെടുക സ്വാഭാവികം. വിമര്‍ശകര്‍ക്കും സമൂഹത്തിനും മാത്രമല്ല, സലഫിസത്തിന്റെ അനുയായികളില്‍ തന്നെ വലിയൊരു വിഭാഗത്തിനും എന്താണ് യഥാര്‍ഥ സലഫിസമെന്നും അതിന്റെ മഹത്തായ പൈതൃകമെന്നും അറിയില്ല. അതിന്റെ പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും അനുഭവിക്കുന്നുമുണ്ട്.

സലഫുസ്സ്വാലിഹ്
കഴിഞ്ഞുപോവുക, മുന്‍ഗാമികളാവുക തുടങ്ങിയ അര്‍ഥങ്ങളുള്ള 'സലഫ' എന്ന അറബി പദത്തില്‍ നിന്നാണ് 'സലഫി, സലഫിയ്യ' എന്നീ പ്രയോഗങ്ങള്‍. 'സലഫ്' എന്ന വാക്കിന് മുന്‍ഗാമി, പൂര്‍വികന്‍, കഴിഞ്ഞ തലമുറയുടെ മാര്‍ഗം എന്നൊക്കെയാണ് അര്‍ഥം. പഴത്തില്‍ നിന്ന് ആദ്യം പിഴിഞ്ഞെടുക്കുന്ന നീരിന് 'സുലാഫ്' എന്നു പറയും. വിശിഷ്ട ഭാഗം, മുന്നണി സൈന്യം എന്നീ അര്‍ഥങ്ങളിലും 'സുലാഫ്' പ്രയോഗിക്കാറുണ്ട്. മനുഷ്യന്‍ ചെയ്തുകഴിഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും 'സലഫ്' എന്നു പറയും. ഈ ഭാഷാ പ്രയോഗം ഖുര്‍ആനിലും ഹദീസിലും വന്നിട്ടുണ്ട്. ''നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തു കഴിഞ്ഞിട്ടുള്ള സ്ത്രീകളെ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കരുത്; പക്ഷേ, മുമ്പ് നടന്നിട്ടുള്ളത് (സലഫ) ഒഴികെ'' (അന്നിസാഅ് 22). ''അന്നാളില്‍ ഓരോ മനുഷ്യനും അവനവന്‍ ചെയ്തതിന്റെ (മാ അസ്‌ലഫത്ത്) രുചി ആസ്വദിക്കുന്നതാകുന്നു'' (യൂനുസ് 30). ''പില്‍ക്കാലക്കാര്‍ക്ക് മുന്‍ഗാമികളും (സലഫ്) പാഠമാകുന്ന ഉദാഹരണങ്ങളും ആക്കിവെക്കുകയും ചെയ്തു'' (അസുഖുറുഫ് 56). ഹദീസുകളിലും ഇത്തരം പ്രയോഗങ്ങള്‍ കാണാം. നബി(സ) രോഗം ബാധിച്ച് മരണാസന്നനായി കിടക്കവെ പ്രിയ പുത്രി ഫാത്വിമയോട് പറഞ്ഞു: എന്റെ അവധി എത്തിയിരിക്കുന്നു. എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം എന്നോട് ചേരുക നീയായിരിക്കും. ഞാന്‍ നിനക്ക് എത്ര നല്ല മുന്‍ഗാമി (സലഫ്) ആണ്!''
പ്രത്യേക അര്‍ഥവും ലക്ഷ്യവുമുള്ള ദീനിന്റെ സാങ്കേതിക ശബ്ദമായി വിശുദ്ധഖുര്‍ആനിലോ ഹദീസിലോ ഉപയോഗിച്ചിട്ടില്ലെങ്കിലും പില്‍ക്കാലത്ത് ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെടുകയും സ്വീകാര്യത നേടുകയും ചെയ്ത പ്രയോഗമാണ് 'സലഫ്'. സച്ചരിതരായ പൂര്‍വികര്‍ (അസ്സലഫുസ്വാലിഹ്) ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച സത്യവിശ്വാസികളുടെ സമൂഹമാണ്. മുഹമ്മദ് നബിയോടൊപ്പം ജീവിച്ച അനുചരന്മാരും അവരുടെ അടുത്ത രണ്ട് തലമുറയും-അഥവാ സ്വഹാബികള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരാണ് ഈ വിശേഷണത്തിന് അര്‍ഹരാകുന്നത്.  നബി(സ) പറയുകയുണ്ടായി: ''തലമുറകളില്‍ ഏറ്റവും നല്ലത് എന്റെ തലമുറയാണ്. പിന്നെ അതിനടുത്തത്, ശേഷം അതിനുമടുത്ത് വരുന്നത്.'' ഈ നബിവചനത്തെ ആധാരമാക്കി ഹിജ്‌റയുടെ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളാണ് സലഫുസ്വാലിഹുകളുടെ കാലമായി പരിഗണിക്കുന്നത് . 
അതിനര്‍ഥം ഈ മൂന്ന് നൂറ്റാണ്ടുകളിലെ എല്ലാ ഓരോരുത്തരും മാതൃകാ പുരുഷന്മാരായിരുന്നുവെന്നോ അവരുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായും ശരിയായിരുന്നുവെന്നോ അല്ല. വിപരീത വഴികള്‍ തെരഞ്ഞെടുത്തവരും ആ കാലഘട്ടങ്ങളില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഖവാരിജുകള്‍, ശീഈ, മുഅ്തസില വിഭാഗങ്ങള്‍ സലഫുസ്വാലിഹുകളുടെ ഗണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. പക്ഷേ, പൊതുവെ ശ്രേഷ്ഠ സമൂഹമായിരുന്നു ആ കാലഘട്ടത്തില്‍ ജീവിച്ച സത്യവിശ്വാസികള്‍. 
സ്വഹാബിമാരുടെ പിന്തുടര്‍ച്ചക്കാരായി വന്ന താബിഉകളിലും താബിഉത്താബിഉകളിലും ഇസ്‌ലാമിന് മഹത്തായ സംഭാവനകളര്‍പ്പിച്ച മാതൃകാ വ്യക്തിത്വങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദുബ്‌നു ഹമ്പല്‍, സുഫ്‌യാനുസ്സൗരി, ഔസാഈ, സുഫ്‌യാനുബ്‌നു ഉയൈന, ലൈസ്ബ്‌നു സഅദ്, മുബാറക് തുടങ്ങിയവര്‍ ഈ തലമുറയിലെ സലഫുസ്വാലിഹുകളില്‍ പ്രമുഖരാണ്. ഇവരുടെയെല്ലാം ചര്യയാണ് യഥാര്‍ഥത്തില്‍ മന്‍ഹജുസലഫ്-സലഫീ സരണി എന്ന് അറിയപ്പെടുന്നത്. അതുകൊണ്ട് യഥാര്‍ഥ സലഫിസരണി വളരെ സൗന്ദര്യാത്മകമാണ്. അടിസ്ഥാനങ്ങളിലെ മൗലികതയും വിശദാംശങ്ങളിലെ വൈവിധ്യതയും പൂര്‍ണതയുമാണ് അതിന്റെ സവിശേഷത.

എന്താണ് സലഫിസം?
വിശ്വാസ (അഖീദ), കര്‍മശാസ്ത്ര (ഫിഖ്ഹ്) വിഷയങ്ങളില്‍ പ്രകടമായ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തു തുടങ്ങിയത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ അത് കുറേകൂടി വിപുലമായിത്തീര്‍ന്നു. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ അടിസ്ഥാനങ്ങളില്‍ നിലകൊള്ളുന്ന വിശ്വാസ കാര്യങ്ങള്‍ (അഖീദ), നിത്യജീവിതത്തിലെ ആരാധനാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ (ഫിഖ്ഹ്) എന്നിവയിലാണ് അഭിപ്രായ ഭിന്നതകള്‍ ശക്തിപ്പെട്ടത്. ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളെ-ഖുര്‍ആനെയും സുന്നത്തിനെയും- എങ്ങനെ വായിക്കണം, മനസ്സിലാക്കണം, വ്യാഖ്യാനിക്കണം എന്നതായിരുന്നു ചര്‍ച്ചകളുടെ മറ്റൊരു മുഖം. മുഅ്തസില, ഹനാബില, അശ്അരിയ്യ, മാതുരീദിയ തുടങ്ങിയ ധാരകള്‍ വിശ്വാസമണ്ഡലത്തിലും, ശാഫിഈ, ഹനഫി, മാലികി, ഹമ്പലി, ളാഹിരി മദ്ഹബുകള്‍ കര്‍മശാസ്ത്ര മേഖലയിലും രൂപപ്പെട്ടുവന്നത് അത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ്.
വിശ്വാസ കാര്യങ്ങളില്‍ ഉയര്‍ന്നുവന്ന അഭിപ്രായ ഭിന്നതകളില്‍ എന്തു നിലപാടെടുക്കണമെന്ന ചര്‍ച്ചയിലാണ്, പൂര്‍വികരായ മഹത്തുകള്‍ സ്വീകരിച്ച ആശയാദര്‍ശങ്ങള്‍ പുലര്‍ത്തുക, അഥവാ 'മന്‍ഹജുസലഫ്' പിന്തുടരുകയെന്ന കാഴ്ചപ്പാട് രൂപപ്പെട്ടത്. ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെ കടന്നുകയറ്റവും ഇല്‍മുല്‍ കലാമിന്റെ ചര്‍ച്ചകളും ഇസ്‌ലാമിക വിശ്വാസമണ്ഡലത്തില്‍ ദുഃസ്വാധീനം ചെലുത്തുകയും തെറ്റായ ആശയങ്ങളും അബദ്ധ വ്യാഖ്യാനങ്ങളും പ്രചാരം നേടാന്‍ തുടങ്ങുകയും മുഅ്തസില എന്ന പേരില്‍ ഒരു വിഭാഗം അതിനായി രൂപം കൊള്ളുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ വിശുദ്ധിയും മൗലികതയും കാത്തുസൂക്ഷിക്കുക എന്ന ആഹ്വാനവുമായി 'അഹ്‌ലുസുന്ന' രംഗത്തുവന്നത്. അഹ്മദ്ബ്‌നു ഹമ്പലി(റ)നായിരുന്നു ഇതിന്റെ നായകത്വം. അനിസ്‌ലാമിക തത്ത്വചിന്തകളുടെ സ്വാധീനഫലമായി വിശ്വാസ കാര്യങ്ങളില്‍ പുതുതായി ഉണ്ടായ വ്യാഖ്യാനങ്ങള്‍ നിരാകരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. സച്ചരിതരായ മുന്‍ഗാമികളുടെ വിശ്വാസ പാരമ്പര്യം (അഖീദത്തുസലഫിസ്വാലിഹ്) പിന്തുടരലാണ് ശരിയായ രീതിയെന്ന് സമര്‍ഥിച്ചു. പ്രമാണ വായനയില്‍ ചിന്താപരവും ബൗദ്ധികവുമായ ഇടപെടലുകളെയും ദാര്‍ശനിക വ്യാഖ്യാനങ്ങളെയും നിരാകരിച്ചുകൊണ്ട് ബാഹ്യാര്‍ഥ കേന്ദ്രീകൃതമായ രീതിയാണ് ഈ ധാര കൈക്കൊണ്ടത്. അഹ്‌ലുസുന്ന, അഹ്‌ലുല്‍ ഹദീസ്, ളാഹിരിയ്യ, അഹ്‌ലുല്‍ അസര്‍, അന്‍സ്വാറുസുന്ന എന്നൊക്കെ ഈ ചിന്താധാര അറിയപ്പെട്ടു. മുഅ്തസിലത്തുമായും പിന്നീട് അശ്അരിയത്തുമായും അവര്‍ ഏറ്റുമുട്ടി.
ഹിജ്‌റ നാലാം നൂറ്റാണ്ടിലാണ് ഈ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സലഫിയ്യ രംഗത്തുവരുന്നത്. സലഫുകളുടെ അഖീദ ഉയര്‍ത്തിപ്പിടിച്ച അഹ്മദ്ബനു ഹമ്പലിന്റെ ചിന്താസരണിയാണ് തങ്ങള്‍ മുറുകെ പിടിക്കുന്നതെന്ന് അവര്‍ അവകാശപ്പെട്ടു. സലഫുകളുടെ പാത പിന്‍പറ്റുന്നവന്‍ എന്ന അര്‍ഥത്തില്‍ 'സലഫി' എന്നും അത്തരമൊരു ആശയധാരയെ 'സലഫിയ്യ' എന്നും വിശേഷിപ്പിച്ചു. കൃത്യമായ ഒരു കാലഗണന സാധ്യമല്ലെങ്കിലും ഹിജ്‌റ ഏഴാം നൂറ്റാണ്ടിലാണ് മദ്ഹബുസലഫ്,സലഫിയ്യ തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് പ്രചുര പ്രചാരം ലഭിക്കുന്നതും സലഫി ആശയധാരയില്‍ പുതിയ ഉണര്‍വുകള്‍ ഉണ്ടാകുന്നതും. പ്രായോഗിക രംഗത്ത് സലഫിയ്യത്തിന് ശക്തമായ വേരോട്ടം ലഭിച്ചത് ഹിജ്‌റ 12-ാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപദ്വീപിലായിരുന്നു.
മുഅ്തസില, അശ്അരിയ്യ, മാതുരീദിയ ദൈവശാസ്ത്ര സരണികളോടൊപ്പം അഖീദയിലെ മറ്റൊരു മദ്ഹബാണ് സലഫിയ്യ. ഇമാം അഹ്മദുബ്‌നു ഹമ്പല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ഇബ്‌നു ഖയ്യിം ജൗസിയ്യ, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് എന്നിവരാണ് സലഫിയ്യത്തിന്റെ നായകന്മാരായി അംഗീകരിക്കപ്പെടുന്നത്. മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിലേക്ക് ചേര്‍ത്ത് വഹാബിയ്യ എന്നും, 'തൗഹീദില്‍' സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ മുന്‍നിര്‍ത്തി 'മുവഹിദൂന്‍' എന്നും സലഫിയ്യ അറിയപ്പെട്ടു. വഹാബിയ്യത്തും സലഫിയ്യത്തും തത്ത്വത്തില്‍ ഒന്നാണെങ്കിലും പ്രയോഗത്തില്‍ രണ്ടും തമ്മില്‍ ചില അന്തരങ്ങളുണ്ട്.

സലഫിസത്തിന്റെ നിര്‍വചനം
എന്താണ് സലഫിസം എന്ന ചോദ്യത്തിന് സലഫി പണ്ഡിതന്മാര്‍ നല്‍കുന്ന മറുപടിയുടെ ചുരുക്കമിതാണ്: സച്ചരിതരായ പൂര്‍വികര്‍ ഉള്‍ക്കൊണ്ടതുപോലെ ഇസ്‌ലാമിക വിശ്വാസം ഉള്‍ക്കൊള്ളുക, അവര്‍ മനസ്സിലാക്കിയതുപോലെ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കുക, അവര്‍ നല്‍കിയ വിശദീകരണങ്ങള്‍ സ്വീകരിക്കുക, പ്രമാണങ്ങളെ പ്രത്യക്ഷാര്‍ഥത്തില്‍ മാത്രം വായിക്കുക, യുക്തിപരമായ വ്യാഖ്യാനങ്ങള്‍ ഉപേക്ഷിക്കുക, നബിയുടെ സുന്നത്തിനെ സ്വഹാബിമാര്‍ പിന്തുടര്‍ന്നതുപോലെ പകര്‍ത്തുക, ദീനിന്റെ ആദിമ വിശുദ്ധി കാത്തുസൂക്ഷിക്കുക, പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നിരാകരിക്കുക- ഇതാണ് യഥാര്‍ഥ സലഫി സരണി.
സലഫിസം ഒരു ജീവിതരീതിയാണ്, ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് മുന്‍ഗാമികളായ സത്യവിശ്വാസികളുടെ മാര്‍ഗം പിന്തുടരലാണ്. യഥാര്‍ഥത്തില്‍ അതൊരു സംഘടനയോ കര്‍മശാസ്ത്ര മദ്ഹബോ അല്ല-സലഫിസത്തിന് പൊതുവെ നല്‍കപ്പെടുന്ന നിര്‍വചനമാണിത്. ഉസ്താദ് മുഹമ്മദ് അബ്ദ (ഹി. 1223-1266, ക്രി. 1849-1905) സലഫിസത്തിന് നല്‍കുന്ന നിര്‍വചനം ഇപ്രകാരമാണ്: ''ഭിന്നതകള്‍ പ്രത്യക്ഷപ്പെടും മുമ്പ്, മുസ്‌ലിം ഉമ്മത്തിലെ സലഫുസ്വാലിഹുകള്‍ മനസ്സിലാക്കിയ പോലെ ദീന്‍ മനസ്സിലാക്കുക, ഇസ്‌ലാമിക വിഷയങ്ങളെ കുറിച്ച ജ്ഞാനം അതിന്റെ അടിസ്ഥാന ഉറവിടങ്ങളില്‍ നിന്നുതന്നെ സ്വീകരിക്കുക...'' (അല്‍ അഅ്മാലുല്‍ കാമില 2/318). ''പ്രവാചകത്വ കാലം മുതലുള്ള സലഫുസ്വാലിഹുകളുടെ ചര്യകളിലേക്കുള്ള മടക്കമാണ് സലഫിസം. പ്രമാണങ്ങളില്‍ ഒരു പദം ഉപയോഗിക്കപ്പെട്ടത് എന്തിനാണോ അതില്‍ നിന്ന് വ്യതിചലിക്കാതെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോകലാണ് അവരുടെ മാര്‍ഗം'' (അശ്‌റഫ് ത്വാഹാ അബൂദ്ദഹബ്- അല്‍മുഅ്ജമുല്‍ ഇസ്‌ലാമി- 324). ''രാഷ്ട്രീയമായ ചിന്താധാരയാണ് സലഫിസം. ഭൂതകാലത്തേക്ക് തിരിച്ചുപോകണം എന്നാണ് അത് ആഹ്വാനം ചെയ്യുന്നത്. സലഫുസ്വാലിഹുകളുടെ നടപടിക്രമങ്ങള്‍ പിന്തുടരുക, അവരുടെ ചര്യകള്‍ക്കുള്ള മഹത്വം അംഗീകരിക്കുകയും സമൂഹ സംസ്‌കരണത്തിനും പരിവര്‍ത്തനത്തിനും നിര്‍ബന്ധമായും അവലംബിക്കേണ്ട മാതൃകയായി അത് സ്വീകരിക്കുകയും ചെയ്യുക'' (അബ്ദുല്‍ വഹാബ് അല്‍കാമിലി- മൗസൂഅത്തു സിയാസ 3/229). ''പില്‍ക്കാലക്കാര്‍ ദീനില്‍ ആരുടെ മദ്ഹബ് അനുകരിക്കുകയും പൈതൃകം പിന്തുടരുകയും ചെയ്യുന്നുവോ അവരാണ് സലഫ്. അബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദ്ബുനു ഹമ്പല്‍ തുടങ്ങിയവര്‍ ഉദാഹരണം. ഇവര്‍ നമുക്ക് 'സലഫ്' ആണ്. സ്വഹാബികളും താബിഉകളുമാകട്ടെ ഈ നാലു പേര്‍ക്കും 'സലഫ്' ആണ്'' (ഡോ. സയ്യിദ് അശ്ശീലി- അല്‍ അഖീദത്തു സലഫിയ്യ ബൈന ഇബ്‌നു തൈമിയ്യ വ ഇബ്‌നു ഹമ്പല്‍ 25,26).
മുഹമ്മദുല്‍ ഗസാലി, സലഫിസത്തെ വിലയിരുത്തുന്നത് ഇപ്രകാരമാണ്: ''അറേബ്യന്‍ ഉപദ്വീപില്‍ താമസിക്കുകയും നിര്‍ണിതമായ സാമൂഹികക്രമം പിന്തുടരുകയും ചെയ്യുന്ന ഒരു ജനവിഭാഗമല്ല സലഫിയ്യ.... മുസ്‌ലിം ഉമ്മത്തിലെ ഉത്തമ നൂറ്റാണ്ടുകളുമായി ബുദ്ധിപരവും വൈകാരികവുമായ ബന്ധം പുലര്‍ത്തുക, അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ സുന്നത്തും സ്‌നേഹാതിരേകത്തോടെ ഉള്‍ക്കൊള്ളുക, ദീനിന്റെ ഔന്നത്യത്തിനു വേണ്ടിയുള്ള മുസ്‌ലിം സമൂഹത്തിന്റെ പരിശ്രമങ്ങളെ വര്‍ണവും വംശവും പരിഗണിക്കാതെ പിന്തുണക്കുക-ഇതാണ് സലഫിയ്യ'' (ദസ്തൂറുല്‍ വഹ്ദത്തിസഖാഫിയ ബൈനല്‍ മുസ്‌ലിമീന്‍ 90,91). ആരാണ് സലഫികള്‍ എന്ന ചോദ്യത്തിന് മുഹമ്മദ് അബൂസുഹ്‌റ നല്‍കുന്ന മറുപടി ഇതാണ്: ''സ്വയം തന്നെ സലഫികളെന്ന വിശേഷണം സ്വീകരിക്കുന്നവര്‍... ഹമ്പലി സരണിയിലുള്ളവരാണവര്‍. തങ്ങളുടെ കാഴ്ചപ്പാടുകളെല്ലാം അഹ്മദുബ്‌നു ഹമ്പലില്‍ നിന്ന് ലഭിച്ചിട്ടുള്ളതാണെന്ന് അവര്‍ വാദിക്കുന്നു'' (താരീഖുല്‍ മദാഹിബില്‍ ഇസ്‌ലാമിയ്യ /176).
സലഫിസത്തിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും സൂചിപ്പിക്കുന്നതാണ് ഈ നിര്‍വചനങ്ങളത്രയും. പല കാലങ്ങളില്‍ സലഫിസം നടത്തിയ ക്രിയാത്മക ഇടപെടലുകളുടെയും അത് പ്രകടിപ്പിച്ച ദൗര്‍ബല്യങ്ങളുടെയും വര്‍ത്തമാനകാലത്ത് സലഫി സംഘങ്ങള്‍ അകപ്പെട്ടിരിക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളുടെയും വേരുകളും ഇതില്‍ നിന്ന് വായിച്ചെടുക്കാം.


അടിസ്ഥാന തത്ത്വങ്ങളും 
പ്രബോധനവും
അഖീദയില്‍ പ്രത്യേകമായ സരണി രൂപപ്പെടുത്തിയ സലഫിസത്തിന് തൗഹീദ്, ഇല്‍മുല്‍ കലാം, വിധിവിശ്വാസം (ഖദ്ര്‍), വിശ്വാസം (ഈമാന്‍), പ്രവാചകത്വം, ഇസ്‌ലാമിക ശരീഅത്തനുസരിച്ച വിധിതീര്‍പ്പും ഭരണവും (ഹുക്മ്), സുന്നത്ത്, ബിദ്അത്ത്, സ്വഹാബികള്‍, ഫിഖ്ഹ്, ഇജ്തിഹാദ്, തഖ്‌ലീദ്, ജിഹാദ്, ഇസ്തിഗാസ, തവസ്സുല്‍, ശഫാഅത്ത്, തബര്‍റുക്, ജിന്ന്, സിഹ്‌റ തുടങ്ങിയ വിഷയങ്ങളിലെല്ലാം സവിശേഷമായ സമീപന രീതികളുണ്ട്. ജനാധിപത്യം, മതവിരുദ്ധമായ മതേതരത്വം, മതാത്മക ബഹുസ്വരത, നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയ ആധുനിക പ്രശ്‌നങ്ങളെയും ഭിന്ന തലത്തില്‍ സലഫിസം അഭിമുഖീകരിക്കുന്നു. രാഷ്ട്രീയവും ഭരണവും ഇസ്‌ലാമിന് പുറത്തുള്ള ഭൗതിക വിഷയമായല്ല, അടിസ്ഥാനപരമായ ദീനീവിഷയമായിത്തന്നെയാണ് സലഫിസം പരിഗണിക്കുന്നത്. മറ്റു പല വിഷയങ്ങളിലുമെന്ന പോലെ സലഫികള്‍ പൊതുവെ അതില്‍ കര്‍ക്കശ നിലപാടെടുക്കുമ്പോള്‍, സലഫി പൈതൃകം അവകാശപ്പെടുന്ന ചില മത സംഘടനകള്‍ മാത്രമാണ് അതില്‍ നിഷേധാത്മക സമീപനം പുലര്‍ത്തുന്നത്.
സലഫിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. വിശുദ്ധ ഖുര്‍ആനാണ് ദീനിന്റെ ഒന്നാം പ്രമാണം. അത് അല്ലാഹുവിന്റെ വചനമാണ്, സൃഷ്ടിയല്ല. പ്രവാചകന്‍ വിശദീകരിച്ചുതന്ന പോലെയും സ്വഹാബികള്‍ മനസ്സിലാക്കിയതനുസരിച്ചും മാത്രം ഖുര്‍ആന്‍ ആയത്തുകളെ, വാക്കുകളെ ബാഹ്യാര്‍ഥത്തില്‍ സമീപിക്കുക, യുക്തിയധിഷ്ഠിത വ്യാഖ്യാനങ്ങള്‍ ഉപേക്ഷിക്കുക.
2. സുന്നത്ത്- പ്രവാചകചര്യയാണ് രണ്ടാം പ്രമാണം. നബിയുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും സമ്മതങ്ങളും സ്വഭാവപരവും സൃഷ്ടിപരവുമായ സവിശേഷതകളും സുന്നത്താണ്. ബലമുള്ളതും (സ്വഹീഹ്), ദുര്‍ബലവും (ളഈഫ്) ഹദീസുകളിലുണ്ട്. സ്വഹീഹ് മാത്രമേ സ്വീകരിക്കാവൂ. മുതവാതിറും ആഹാദും സ്വീകാര്യമാണ്.
3. ഇജ്മാഅ്-മുജ്തഹിദുകളായ പണ്ഡിതന്മാര്‍ ഏകകണ്ഠമായി ഒരു നിയമം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കുക. ഇജ്മാഅ് അവലംബാര്‍ഹമാണ്.
ദീനീ വിധികളുടെ കാര്യത്തില്‍ സലഫിസം അംഗീകരിക്കുന്ന ഈ മൂന്ന് അടിസ്ഥാനങ്ങളുമായി യോജിച്ചാലല്ലാതെ ഒരു പണ്ഡിതാഭിപ്രായമോ ഇജ്തിഹാദോ സ്വീകാര്യമല്ല. ഈ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമായി ആശയമോ (റഅ്‌യ്), ചിന്തയോ (അഖ്ല്‍), തുലനമോ (ഖിയാസ്) അംഗീകരിക്കാന്‍ പാടില്ല.
4. ഖിയാസ്-സലഫികളില്‍ വലിയൊരു വിഭാഗം പ്രത്യക്ഷമോ പരോക്ഷമോ ആയ ഖിയാസിനെ തെളിവായി അംഗീകരിക്കുന്നു. ളാഹിരികള്‍, പ്രത്യക്ഷ ഖിയാസിനെ മാത്രമേ അംഗീകരിക്കുന്നുള്ളൂ.
5. ഏതൊരു ദീനീ പ്രവര്‍ത്തനത്തിനും അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യക്തമായ തെളിവ് ഉണ്ടായിരിക്കണം.
6. ശരിയായ പ്രമാണങ്ങള്‍ക്ക് (നഖ്ല്‍ സ്വഹീഹ്) തീര്‍ത്തും യോജിച്ചതാകണം ബുദ്ധിപരമായ അഭിപ്രായങ്ങള്‍ (അഖ്ല്‍). 'നഖ്‌ലി'നേക്കാള്‍ 'അഖ്‌ലി'ന് മുന്‍ഗണന നല്‍കരുത്. ഈയടിസ്ഥാനത്തിലാണ് ഇബ്‌നു തൈമിയ്യ തന്റെ സലഫി ചിന്തകള്‍ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളത്. 'നഖ്‌ലി'നേക്കാള്‍ 'അഖ്‌ലി'ന് പ്രാധാന്യം നല്‍കുന്ന ഇല്‍മുല്‍ കലാമിന്റെ വ്യാഖ്യാനങ്ങള്‍ നിരാകരിക്കണം.
7. ബുദ്ധിയില്‍ (അഖ്ല്‍) സലഫിയ്യ വിശ്വസിക്കുന്നില്ല; പ്രമാണങ്ങളില്‍ മാത്രമാണ് വിശ്വാസം. പ്രമാണങ്ങളെ സത്യപ്പെടുത്തുക എന്നതാണ് ബുദ്ധിയുടെ ദൗത്യം; ബുദ്ധിശാസ്ത്രങ്ങളെ പ്രമാണ ജ്ഞാനത്തോട് അടുപ്പിക്കലും.
8. തൗഹീദാണ് ദീനില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതിന് എതിരാണ് ശിര്‍ക്ക്-ബഹുദൈവത്വം. തൗഹീദിലേക്ക് ക്ഷണിക്കുകയും ശിര്‍ക്ക് തടയുകയുമായിരുന്നു പ്രവാചകന്മാരുടെ ദൗത്യം. അതാണ് സലഫിസത്തിന്റെ അടിസ്ഥാന പ്രബോധനം.
9. നബിയുടെ സുന്നത്താണ് പൂര്‍ണാര്‍ഥത്തില്‍ പിന്തുടരേണ്ടത്, അതല്ലാത്തതെല്ലാം പുത്തനാചാരങ്ങള്‍ (ബിദ്അത്ത്). എല്ലാ ബിദ്അത്തുകളും കൈവെടിയണം. എല്ലാ ബിദ്അത്തുകളും വഴികേടും, എല്ലാ വഴികേടുകളും നരകത്തിലുമാണ്.
10. അഹ്‌ലുസുന്നത്തിലെ പണ്ഡിതന്മാരോട് ആദരവ് പുലര്‍ത്തുക. ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും വക്താക്കളില്‍ നിന്ന് അകന്നുനില്‍ക്കുക. അഹ്‌ലുസുന്നത്തിന്റെ പണ്ഡിതന്മാരെ പുകഴ്ത്തുകയും ബിദ്അത്തിന്റെ നേതാക്കളെ ആക്ഷേപിക്കുകയും ചെയ്യുക.
11. ശരീഅത്ത് പ്രബോധനം ചെയ്യുക. പുതിയ രീതികള്‍ അവലംബിച്ച് നൂതന ശൈലികള്‍ രൂപപ്പെടുത്താതിരിക്കുക.
12. സലഫുകള്‍ ചെയ്തതു പോലെ തന്നെ നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക. എല്ലാ മുസ്‌ലിമിനോടും ശര്‍ഇയായ ഗുണകാംക്ഷ പുലര്‍ത്തുക.
13. ഭരണാധികാരികളെ നന്മയില്‍ അനുസരിക്കുക. രഹസ്യമായി അവരോട് ശര്‍ഇയായ ഗുണകാംക്ഷ പുലര്‍ത്തുക.
14. മുസ്‌ലിംകളെ ഏക അഖീദയില്‍ ഒരുമിപ്പിക്കുക, ഒരു നേതാവിന് കീഴില്‍ അണിനിരക്കാവുന്നവിധം ഒരേ ശരീഅ സരണിയിലേക്ക് അവരെ കൊണ്ടുവരിക.
15. ശിര്‍ക്ക്-ബിദ്അത്തുകള്‍, ഖുറാഫാത്ത്, പക്ഷപാതിത്വം തുടങ്ങിയവയില്‍ നിന്ന് മുക്തരും വിശുദ്ധരും മുവഹിദുകളും (കറകളഞ്ഞ ഏകദൈവവിശ്വാസികള്‍)ആയ സത്യവിശ്വാസികളെ രൂപപ്പെടുത്തുക.
16. മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ച് യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുന്ന ദൈവനിഷേധം, കമ്യൂണിസം പോലുള്ള ആശയങ്ങള്‍ക്കെതിരെ സമരം ചെയ്യുക.
17. ഇസ്‌ലാമിന്റെ ശത്രുക്കളില്‍ നിന്ന് മുസ്‌ലിം ലോകത്തെ രക്ഷപ്പെടുത്തുക. മുസ്‌ലിം വീടുകള്‍ നശിപ്പിക്കുകയും ഐക്യം തകര്‍ക്കുകയും രാജ്യം ശിഥിലീകരിക്കുകയും ചെയ്ത ശത്രുക്കളെ തുരത്തുക. മുസ്‌ലിം ഉമ്മത്തിന്റെ അസ്തിത്വവും അജയ്യമായ രാഷ്ട്രവും പുനഃസ്ഥാപിക്കുക.
18. കര്‍മശാസ്ത്ര സരണികള്‍ക്ക് അപ്രമാദിത്വം കല്‍പിക്കാതിരിക്കുക. അന്ധമായ തഖ്‌ലീദിന് പകരം ഇജ്തിഹാദിന്റെ വാതിലുകള്‍ തുറന്നുവെക്കുക.*
സലഫി സരണികള്‍ പൊതുവെ പുലര്‍ത്തുന്ന അടിസ്ഥാന തത്ത്വങ്ങളും പ്രബോധനങ്ങളുമാണ് ഇത്. ഭിന്നവിരുദ്ധ കാഴ്ചപ്പാടുകള്‍ ഉള്ള ലോകത്തെ സലഫി വിഭാഗങ്ങള്‍ക്ക് ഇതില്‍ പലതിലും പലവിധ അഭിപ്രായാന്തരങ്ങളുമുണ്ട്. അവ പ്രത്യേകം വിശകലനവിധേയമാക്കേണ്ടതുണ്ട്.

പരിവര്‍ത്തനങ്ങള്‍
ദൈവശാസ്ത്ര സരണിയായാണ്  സലഫിയ്യത്തിന്റെ തുടക്കം. ഇസ്‌ലാമിക വിശ്വാസമണ്ഡലം (അഖീദ) ആയിരുന്നു അതിന്റെ ചര്‍ച്ചാ വിഷയം. വിശ്വാസത്തിന്റെ വിശുദ്ധി കാത്തുരക്ഷിക്കുകയും കലര്‍പ്പുകള്‍ തടയുകയുമായിരുന്നു അതിന്റെ അടിസ്ഥാന ദൗത്യം. പിന്നീട് ജീവിത രീതികളില്‍ (ആദാത്ത്) കൂടി 'സലഫിസം' ഇടപെടാന്‍ തുടങ്ങി. 'ആദാത്തുക'കളില്‍ സുന്നത്ത്-ബിദ്അത്ത്, ഹലാല്‍-ഹറാം വേര്‍തിരിവുകള്‍ ശക്തമാക്കി. ശേഷം കര്‍ശാസ്ത്രത്തിലും പ്രത്യേക സമീപനം പുലര്‍ത്താന്‍ തുടങ്ങി. കര്‍മശാസ്ത്ര വിഷയങ്ങളില്‍ പ്രത്യേക നിലപാടുള്ള ഫിഖ്ഹീ മദ്ഹബായിരുന്നില്ല സലഫിയ്യ. കര്‍മശാസ്ത്ര സരണികളെ അത് പാടെ നിരാകരിച്ചിരുന്നുമില്ല. സലഫി ദൈവശാസ്ത്ര സരണിയുടെ തുടക്കക്കാരനായി വിശേഷിപ്പിക്കപ്പെടുന്ന അഹ്മദുബ്‌നു ഹമ്പല്‍ തന്നെ ഒരു കര്‍മശാസ്ത്ര സരണിയുടെ നായകനായിരുന്നുവല്ലോ. ഫിഖ്ഹില്‍ ഇമാമുകളുടെ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും പ്രമാണങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നതിനെ ഗൗരവത്തില്‍ കണ്ട അഹ്മദ്ബ്‌നു ഹമ്പല്‍ കര്‍മശാസ്ത്രത്തില്‍ ഹദീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. കര്‍മശാസ്ത്രകാരന്‍ (ഫഖീഹ്) എന്നതിനെക്കാള്‍ ഹദീസ് വിശാരദന്‍ (മുഹദ്ദിസ്) എന്ന വിശേഷണമാണ് അഹ്മദുബ്‌നു ഹമ്പലിന് നല്‍കപ്പെട്ടിരുന്നത്. ഫിഖ്ഹിലെ ഈയൊരു സമീപനം, അഖീദയിലും ആദാത്തിലുമെന്ന പോലെ പില്‍ക്കാലത്ത് സലഫിസരണിയെ സ്വാധീനിച്ചിട്ടുണ്ട്.
അഖീദയില്‍നിന്ന് ആദാത്തുകളിലേക്കും പിന്നീട് ഫിഖ്ഹിലേക്കും സലഫിസത്തിന്റെ ഇടപെടലുകള്‍ വിപുലപ്പെടുകയായിരുന്നു. പല ഘട്ടങ്ങളിലായാണ് ഈ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചത്. ഇസ്‌ലാമിക വിഷയങ്ങളിലെല്ലാം പ്രത്യേക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന, ഒട്ടേറെ കൈവഴികളും ഉള്‍പിരിവുകളുമുള്ള ആശയധാരയായി കാലാന്തരത്തില്‍ സലഫിസം രൂപം പ്രാപിച്ചു. ഈ പരിവര്‍ത്തനങ്ങളില്‍ ഗുണകരവും ദോഷകരവുമായ വശങ്ങളുണ്ട്.  ഗുണകരമായ മാറ്റം ഏറ്റവുമധികം നടന്നത് ഈജിപ്ഷ്യന്‍ സലഫി ധാരയിലാണ്; പിന്‍മടക്കമാകട്ടെ സുഊദി സലഫിസത്തിലും. ഇന്ന് സലഫിസം മുസ്‌ലിം സമൂഹത്തിലെ പല ചിന്താധാരകളിലൊന്നാണ്. ആദ്യകാലത്ത്, അംഗത്വമെടുക്കാവുന്ന ഒരു മത സംഘടനയായിരുന്നില്ല, അനുധാവനം ചെയ്യേണ്ടുന്ന ജീവിതമാതൃകയായിരുന്നു സലഫിസം. 
'സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗം' (മന്‍ഹജുസ്സലഫ്) പിന്തുടരുകയെന്ന ചിന്ത ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ടത് ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. അനിസ്‌ലാമിക സിദ്ധാന്തങ്ങളുടെ അധിനിവേശത്തെ പ്രതിരോധിച്ചും, വിശ്വാസ കാര്യങ്ങളുടെ വിശുദ്ധി സംരക്ഷിച്ചും കര്‍മശാസ്ത്ര മദ്ഹബുകളെ അന്ധമായി അനുകരിക്കുന്നതിനു പകരം ഇജ്തിഹാദി വഴികള്‍ തുറന്നുവെച്ചും അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് ഗൗരവപൂര്‍വം ബോധവത്കരിച്ചും 'സലഫി സരണി' അതിന്റെ ചരിത്ര ദൗത്യം നിര്‍വഹിച്ചു. അന്ധവിശ്വാസങ്ങളില്‍നിന്നും ആചാരാനുഷ്ഠാനങ്ങളിലെ ജീര്‍ണതകളില്‍ നിന്നും മുസ്‌ലിം ഉമ്മത്തിനെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ചില പ്രദേശങ്ങളില്‍ നടന്നസമരങ്ങള്‍, യാഥാസ്ഥിതിക വിഭാഗങ്ങളുടെ കൈകളില്‍ മൃതപ്രായമായി കിടന്ന ദീനീപഠനത്തിന്റെയും ഇസ്‌ലാമികാനുഷ്ഠാനങ്ങളുടെയും പുനരുജ്ജീവനം, കണ്ണിയറ്റുപോയ മുസ്‌ലിം ലോകത്തെ ഐക്യപ്പെടുത്താനും ഭരണ- രാഷ്ട്രീയ മണ്ഡലങ്ങളിലുള്‍പ്പെടെ ഇസ്‌ലാമിനെ പുനഃസ്ഥാപിക്കാനുമുള്ള പരിശ്രമങ്ങള്‍, 20-ാം നൂറ്റാണ്ടില്‍ ലോകത്ത് അലയടിച്ചുയര്‍ന്ന ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങളില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനം തുടങ്ങിയവ തീര്‍ച്ചയായും സലഫിസരണിയുടെ സമ്പന്നമായ ഭൂതകാലത്തെ അടയാളപ്പെടുത്തുന്നുണ്ട്.
ഇങ്ങനെ മഹത്തായ പല ദൗത്യങ്ങളും നിര്‍വഹിച്ച 'സലഫി മന്‍ഹജ്' കാലാന്തരത്തില്‍ 'സലഫി മദ്ഹബാ'യി മാറി. മന്‍ഹജിനും മദ്ഹബിയ്യത്തിനുമിടക്ക് പല വ്യത്യാസങ്ങളും വിടവുകളുമുണ്ട് (അസ്സലഫിയ- മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി 221-257). അതോടെ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും സലഫിസം പ്രകടിപ്പിച്ചുവന്ന ദൗര്‍ബല്യങ്ങള്‍ പ്രതിലോമ രൂപം പൂണ്ടതായി അനുഭവപ്പെടുന്നു. സലഫിസം ഒരു മദ്ഹബായി രൂപപ്പെടുകയും ഉപരിപ്ലവവും കുടുസാര്‍ന്നതുമായ മതപ്രതലം സൃഷ്ടിച്ചെടുക്കുകയും ചെയ്തതാണ് ഇന്ന് സലഫി ധാരകളില്‍ കാണുന്ന ആഴമുള്ള പ്രതിസന്ധികള്‍ക്ക് കാരണം. അക്ഷരവായനയും മുന്‍ഗാമികളുടെ ജീവിതം അപ്പടി പകര്‍ത്താനുള്ള തീവ്ര ശ്രമങ്ങളും സുന്നത്തിന്റെ സംസ്ഥാപനത്തിനുള്ള സ്ഥലകാല ബന്ധിതമല്ലാത്ത അതിവാദങ്ങളും സലഫിസത്തെ ഭൂതകാലത്തിന്റെ തടവറയിലേക്ക് തള്ളുകയാണുണ്ടായത്. 
നബിയുടെയും സ്വഹാബിമാരുടെയും മാതൃക പിന്തുടരുകയെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ അറേബ്യന്‍ ഗോത്ര രീതികള്‍ വാശിയോടെ നടപ്പിലാക്കുന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. ലോകമെങ്ങും സലഫി ധാരകളില്‍ കണ്ടുവരുന്ന, പ്രതിലോമകരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രവണതയുടെ ചില അടയാളങ്ങളാണ് കേരളത്തിലും പ്രത്യക്ഷപ്പെടുന്നത്. ഇമാം മുഹമ്മദ് അബ്ദ സൂചിപ്പിച്ചത് ശ്രദ്ധേയമാണ്: ''വഹാബിസം സമൂഹ സംസ്‌കരണത്തിന് വേണ്ടിയാണ് രംഗത്തുവന്നത്. അവരുടെ സരണി നല്ലതായിരുന്നു; അതിവാദങ്ങളും തീവ്ര നിലപാടുകളുമുണ്ടായിരുന്നില്ലെങ്കില്‍! പ്രവാചകന്റെ ഖുബ്ബ തകര്‍ക്കണമെന്ന് പറയുന്നത് എന്തിനാണ്? മുസ്‌ലിംകളെയെല്ലാം കാഫിറാക്കുന്നതിന്, അല്ലെങ്കില്‍ വാളുകൊണ്ട് അവരെ കീഴ്‌പ്പെടുത്തുകയോ ആട്ടിയോടിക്കുകയോ ചെയ്യുന്നതിന് എന്താണ് ന്യായം?''
പ്രമാണപഠനത്തിന് സലഫിസം നല്‍കിയ പ്രാധാന്യം പിന്നീട് അക്ഷര പൂജയിലേക്കും അന്ധവിശ്വാസങ്ങളോടുള്ള കടുത്ത എതിര്‍പ്പ് പുതിയ അന്ധവിശ്വാസങ്ങളിലേക്കും വഴിമാറി. കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളും ആശയകാലുഷ്യങ്ങളും ലോകത്തെങ്ങുമുള്ള സലഫി അവാന്തര വിഭാഗങ്ങളില്‍ അസ്വസ്ഥതയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.  ഓരോ വിഭാഗവും മറു വിഭാഗങ്ങളെ 'സലഫി' വൃത്തത്തില്‍ നിന്ന് പുറംതള്ളുകയും തങ്ങള്‍ മാത്രമാണ് യഥാര്‍ഥ സലഫികള്‍ എന്ന് വാദിക്കുകയും ചെയ്യുന്നു. മതസംഘടനകള്‍ പാടില്ലെന്ന് പറയുന്നവരും കടുത്ത സംഘടനാ സങ്കുചിതത്വമുള്ളവരും, മലമുകളില്‍ ആടിനെ മേയ്ച്ചും ഭജനമിരുന്നും നബിയുടെ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുന്നവരും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പൊളിറ്റിക്കല്‍ പാര്‍ട്ടികളും. ഇസ്‌ലാമിക ഭരണത്തിന്റെയും ഹാകിമിയ്യത്തിന്റെയും കാര്യത്തില്‍ കര്‍ക്കശ നിലപാടുള്ളവരും ഭരണത്തെയും രാഷ്ട്രീയത്തെയും മതത്തിന് പുറത്ത് നിര്‍ത്തുന്നവരും, സ്ത്രീ നവോത്ഥാനത്തിന്റെ മാതൃക കാണിച്ചവരും സ്ത്രീകളെ വീടകങ്ങളിലും മുഖാവരണത്തിനകത്തും അടച്ചുപൂട്ടണമെന്ന് ശഠിക്കുന്നവരും, തഖ്‌ലീദിനെ പൂര്‍ണമായി നിരാകരിക്കുന്നവരും തഖ്‌ലീദിന്റെ തെറ്റായ വഴിയില്‍ രൂപം കൊള്ളുന്ന വ്യക്തി കേന്ദ്രിതമായ ഗ്രൂപ്പുകളും.......... ഇങ്ങനെ ഭിന്ന വിരുദ്ധമായ കാഴ്ചപ്പാടുകളും കര്‍മരീതികളും സലഫിസത്തിനകത്ത് ഏറ്റുമുട്ടുകയാണ്. ആശയപരമായ ദൗര്‍ബല്യങ്ങളെയും കര്‍മമണ്ഡലത്തിലെ പാകപ്പിഴകളെയും പക്വമായ ആത്മവിമര്‍ശനത്തിലൂടെ കണ്ടെത്തിയും ചടുലമായ സ്വയം നവീകരണത്തിന് വിധേയമാക്കിയും കാലത്തോടൊപ്പം വളരാന്‍ കഴിയാതെ പോയതാണ് സലഫിസത്തിന്റെ പില്‍ക്കാല അപചയങ്ങളുടെ മുഖ്യ ഹേതു. അതിന് പര്യാപ്തമായ ഘടനയോ വൃത്തമോ നേതൃത്വമോ ഇല്ലാത്ത അമൂര്‍ത്തമായ ഒന്നാണ് താനും സലഫിസം. ഒരു ആശയം എന്നതിലുപരി സുചിന്തിതവും ആസൂത്രിതവും അതേസമയം നിരന്തരം പരിഷ്‌കരിക്കപ്പെടുന്നതുമായ പ്രയോഗവത്കരണ സംവിധാനങ്ങള്‍, അഥവാ പ്രസ്ഥാന ഘടന സലഫിസത്തിനില്ലാതെ പോയി.
(തുടരും)

* അസ്സലഫു വസ്സലഫിയ്യ- ഡോ. മുഹമ്മദ് ഇമാറ, അസലഫിയ്യ- മര്‍ഹലസമനിയ്യ മുബാറക ലാ മദാഹിബുന്‍ ഇസ്‌ലാമിയ്യ- മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി, അദ്ദഅ്‌വത്തുസലഫിയ്യ- അശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, മാഹിയല്‍ ഉമൂറുല്‍ അസാസിയ്യ അല്ലത്തി യഹ്ത്തമ്മുബി ഹല്‍ മന്‍ഹജു സലഫി- അശൈഖ് അബ്ദുല്ല അല്‍ഗാമിദി തുടങ്ങിയവയില്‍നിന്ന് സമാഹരിച്ചത്.


0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates