Monday, 18 June 2012

കാവിഭീകരത സംഘ്പരിവാറിന് ഇനിയെന്ത് പറയാനുണ്ട്?ഓരോ ദിവസവും നടുക്കമുണ്ടാക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് സംഘ്പരിവാര്‍ ഭീകരതയെക്കുറിച്ച് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച സ്‌ഫോടന പരമ്പരകളില്‍ പലതും ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും 2007-2008 കാലത്താണ് അതിന് അന്വേഷണ ഏജന്‍സികളുടെ സ്ഥിരീകരണം ലഭിച്ചു തുടങ്ങിയത്. 2010 അവസാനിച്ചതും 2011 പിറന്നതും സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് മുഖം കൂടുതല്‍ അനാവരണം ചെയ്തുകൊണ്ടാണ്. സ്വാമിമാരും സാധ്വിമാരും സൈനികരും നേതൃത്വം നല്‍കിയ കാവി ഭീകരതയെക്കുറിച്ച അനിഷേധ്യമായ വസ്തുതകള്‍, പ്രതികള്‍ തന്നെ ഏറ്റുപറയുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിരിക്കുന്നു. മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിലൂടെ ഹേമന്ത് കര്‍ക്കരെ തുറന്നുവിട്ട സംഘ്പരിവാര്‍ കുടത്തില്‍ നിന്ന് സ്വാമി അസിമാനന്ദയും ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറും പോലുള്ള കൊമ്പന്‍ സ്രാവുകള്‍ പുറത്തുവന്നു കഴിഞ്ഞു. പിടിച്ചതിനേക്കാള്‍ വലുത് കുടത്തിനകത്ത് ഉണ്ടാകാനുള്ള സാധ്യകളിലേക്കാണ് വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത്.
അവസാനം പുറത്തുവന്ന അസിമാനന്ദയുടെ, 39 പേജുള്ള കുറ്റസമ്മത മൊഴി കൂടി മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ നാല് പ്രധാന വസ്തുതകളാണ് സംഘ്പരിവാര്‍ ഭീകരതയുടെ വിഷയത്തില്‍ ശ്രദ്ധേയമായിട്ടുള്ളത്.
1. തീവ്രവാദം, ഭീകരത, സ്‌ഫോടനങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പിയും ആര്‍.എസ്.എസ്സും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. സംഘ്പരിവാറിന് മുഖം നഷ്ടപ്പെടുകയും ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ വരെ പ്രതികരിക്കാനാകാതെ മൗനികളാവുകയും ചെയ്തിരിക്കുന്നു. 'സംഘ്പരിവാര്‍ കിമ്പളം' പറ്റുന്ന പത്രപ്രവര്‍ത്തകരുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും കള്ളപ്രചാരണങ്ങള്‍ പരിഹാസ്യമാംവിധം പൊളിഞ്ഞു വീഴുകയും ചെയ്തു.
2. പാക് തീവ്രവാദ ഗ്രൂപ്പുകളും പാക് ചാരസംഘടനയായ ഐ.എസ്.ഐയും ഇന്ത്യയിലെ വര്‍ഗീയവാദികളായ ഹിന്ദുത്വ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധവും, ആര്‍.എസ്.എസ്സിനു സ്‌ഫോടനങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തവും തെളിയിക്കപ്പെട്ടു. പാക് തീവ്രവാദികള്‍ക്കും ഐ.എസ്.ഐക്കും ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെങ്കിലും, അവര്‍ക്ക് സഹായം നല്‍കി സ്‌ഫോടനങ്ങളുടെ നടത്തിപ്പുകാരായത് സംഘ്പരിവാറാണെന്നത് ഗൗരവത്തോടെ ചര്‍ച്ചയാകേണ്ടതാണ്. 'ഇന്ത്യാ വിരുദ്ധര്‍, പാക് ചാരന്മാര്‍' തുടങ്ങിയ ആരോപണങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയാണ് സംഘ്പരിവാര്‍ ഇത്രയും കാലം ഉന്നയിച്ചിരുന്നത്. ആര്‍.എസ്.എസ്സിന്റെ ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്‌ഫോടനങ്ങളിലുള്ള പങ്കാളിത്തം തെളിഞ്ഞു കഴിഞ്ഞിരിക്കെ ഇനി എന്താണ് ആര്‍.എസ്.എസ്സിന് പറയാനുള്ളത്?
3. സംഘ്പരിവാര്‍ നടത്തിയ പല സ്‌ഫോടനക്കേസുകളിലും അറസ്റ്റിലായതും പീഡിപ്പിക്കപ്പെട്ടതും മുസ്‌ലിം യുവാക്കളാണ്. അവരും കുടുംബവും ഭീകരവാദികളായി മുദ്രകുത്തപ്പെട്ടു. നിരപരാധികളായ പലരും കുറ്റവാളികളെപ്പോലെ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നു. വിട്ടയക്കപ്പെട്ടവര്‍ക്കാകട്ടെ ജീവിതം തന്നെ വഴിമുട്ടിയിരിക്കുന്നു. അവരിപ്പോഴും സമൂഹത്തിന്റെ കണ്ണില്‍ ഭീകരവാദികള്‍ തന്നെ! മാധ്യമങ്ങളോ ഗവണ്‍മെന്റോ അവരോട് മാപ്പ് പറയാനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ തയാറായിട്ടില്ല.
4. പലപ്പോഴും മൃദുഹിന്ദുത്വം കളിക്കാറുള്ള കോണ്‍ഗ്രസ്, സമീപകാലത്ത് സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സന്നദ്ധമായി എന്നതാണ് സ്‌ഫോടന കേസുകളില്‍ ഈവിധം തുമ്പുണ്ടാക്കാനുള്ള ഒരു കാരണം. കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, കാവി ഭീകരത മുസ്‌ലിം തീവ്രവാദത്തേക്കാള്‍ രാജ്യത്തിനാപത്താണെന്ന് തുറന്നു പറഞ്ഞ രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച എ.ഐ.സി.സി, രാജസ്ഥാനിലെയും മറ്റും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ നിലപാടുകള്‍ പ്രശംസാര്‍ഹമാണ്.

അജ്മീര്‍: ആഘോഷ
വേളയിലെ സ്‌ഫോടനം
2007 ഒക്‌ടോബര്‍ 11ന് ഒരു പ്രത്യേകതയുണ്ട്. വിശുദ്ധ റമദാനിലെ 28-ാം ദിവസമായിരുന്നു അന്ന്. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങള്‍ ഏറ്റവും പുണ്യകരമായതുകൊണ്ട് വിശ്വാസികള്‍ പതിവിലുമേറെ പള്ളികളിലുണ്ടാകും. റമദാന്‍ 28-ന് നോമ്പ് തുറക്കാന്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു ചേര്‍ന്നിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം വന്നെത്തുന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി ധാരാളം മുസ്‌ലിംകള്‍ നഗരത്തിലെത്തിയിരുന്നതിനാല്‍, പതിവിലും കവിഞ്ഞ തിരക്കുണ്ടായിരുന്നു അന്ന് ദര്‍ഗയിലും പള്ളിയിലും.
മുസ്‌ലിംകളുടെ ഈ വിശേഷാവസരത്തില്‍ തന്നെ ദര്‍ഗയില്‍ ബോംബ് വെക്കാനായിരുന്നു സംഘ്ഭീകരരുടെ തീരുമാനം. സന്ധ്യാസമയത്ത് മഗ്‌രിബ് നമസ്‌കാരത്തിന് അയ്യായിരത്തോളം വിശ്വാസികള്‍ ഒത്തുകൂടിയ സന്ദര്‍ഭത്തിലാണ് സ്‌ഫോടനം നടത്തിയത്. 'മാലേഗാവ്' ഉള്‍പ്പെടെയുള്ള പല സ്‌ഫോടനങ്ങളും ഇത്തരം വേളകളില്‍ തന്നെയാണ് നടത്തിയിരുന്നത്. ടിഫിന്‍ പാത്രത്തില്‍ വെച്ച ബോംബുകള്‍ ദര്‍ഗക്ക് പുറത്താണ് സ്ഥാപിച്ചിരുന്നത്. ബോംബുകളില്‍ രണ്ടെണ്ണം പൊട്ടി. 3 പേര്‍ മരിക്കുകയും 20-ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ ആഘാതം സംഘ്പരിവാര്‍ പ്രതീക്ഷിച്ചപോലെ അത്ര ഭീകരമായില്ല. ആളുകള്‍ പുറത്തിറങ്ങുന്ന സമയത്തിന് മുമ്പേ സ്‌ഫോടനം നടന്നതാകാം കാരണം. പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങളില്‍നിന്ന് രണ്ട് സിം കാര്‍ഡുകള്‍ ലഭിച്ചു. മൊബൈലിന്റെ അവശിഷ്ടങ്ങളും കിട്ടുകയുണ്ടായി. പൊട്ടാത്ത ബോംബിലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുണ്ടായിരുന്നു. സ്‌ഫോടനത്തിനുള്ള ടൈമറായി ഉപയോഗിച്ചിരുന്നത് സിം കാര്‍ഡുകളായിരുന്നു.
ഇന്ത്യയെ നടുക്കിയ അജ്മീര്‍ സ്‌ഫോടനത്തിനു പിന്നിലെ കാവി കരങ്ങളെക്കുറിച്ച സൂചനകള്‍ വ്യക്തമായിരുന്നു. പക്ഷേ, സ്‌ഫോടനം നടന്ന ഉടന്‍ ഗവണ്‍മെന്റും പോലീസും മാധ്യമങ്ങളും വിരല്‍ ചൂണ്ടിയത് ഒരേ ദിശയിലേക്കായിരുന്നു; മുസ്‌ലിം ഭീകരരാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍. മറ്റൊരു സാധ്യതയിലേക്കും സംശയത്തോടെ പോലും ആരും സൂചനകള്‍ നല്‍കിയില്ല.
'സൂഫികള്‍ക്കെതിരെ തീവ്രവാദികള്‍ നടത്തിയ ആക്രമണം' എന്നായിരുന്നു പൊതു പ്രചാരണം. ചെറിയ എതിര്‍പ്പും വിയോജിപ്പുമുള്ളതിന്റെ പേരില്‍ ഇത്തരമൊരു സ്‌ഫോടനം ഒരു മുസ്‌ലിം സംഘം ആസൂത്രണം ചെയ്യുമോ എന്ന ചോദ്യം ഒരു മാധ്യമ പ്രവര്‍ത്തകനും ഉന്നയിച്ചില്ല. അന്ന് സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പി ഗവണ്‍മെന്റ്. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ. ആഭ്യന്തര വകുപ്പ് മന്ത്രി ഗുലാഭ് ചന്ദ് കതാരിയ. ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭരണം സംഘ്പരിവാറിന്റെ വഴി എളുപ്പമാക്കി. യഥാര്‍ഥ പ്രതികള്‍ മറച്ചുവെക്കപ്പെട്ടു. അവര്‍ക്ക് സംരക്ഷണം ലഭിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍, ലശ്കറെ ത്വയ്യിബ തുടങ്ങിയ സംഘടനകളുടെ പേരുകള്‍ സ്‌ഫോടനവുമായി ഘടിപ്പിക്കപ്പെട്ടു. അതിലൂടെ സംഘ്പരിവാറിന് ബഹുമുഖ നേട്ടങ്ങളുണ്ടായി. 1. സ്‌ഫോടനത്തിലൂടെ മുസ്‌ലിംകളെ വകവരുത്താന്‍ കഴിഞ്ഞു; വര്‍ഗീയ കലാപത്തിന്റെ പേരുദോഷമില്ലാതെ.
2. മുസ്‌ലിം യുവാക്കളെ 'പ്രതികളാക്കി' വേട്ടയാടി.
3. മുസ്‌ലിം തീവ്രവാദത്തെ കുറിച്ച കഥകള്‍ പ്രചരിപ്പിച്ചു. ഇതര മതവിഭാഗങ്ങള്‍ക്ക് ഭീഷണിയായ മുസ്‌ലിം തീവ്രവാദം മുസ്‌ലിംകളെത്തന്നെ വേട്ടയാടുന്നുവെന്ന പ്രചാരണം വ്യാപകമാക്കി.
വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ കഴിയുംവിധം മുസ്‌ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാം എന്ന് സംഘ്പരിവാര്‍ കണക്കുകൂട്ടിയിരുന്നു. ഇതൊഴികെ, മൂന്ന് ലക്ഷ്യങ്ങളും സംഘ്പരിവാറിന് നേടാന്‍ കഴിഞ്ഞു. മുസ്‌ലിംകളുടെ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായിട്ടും പ്രകോപിതരായി മുസ്‌ലിംകള്‍ തെരുവിലിറങ്ങിയില്ല. മുസ്‌ലിംകള്‍ പാലിച്ച സംയമനത്തെക്കുറിച്ച് മീഡിയ മിണ്ടിയതുമില്ല; അവ സ്‌ഫോടനത്തിനു പിന്നിലെ 'തീവ്രവാദി'കളെ തെരഞ്ഞുകൊണ്ടേയിരുന്നു! സ്‌ഫോടനം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച 'അന്വേഷണ' റിപ്പോര്‍ട്ടുകള്‍ മീഡിയ കാവിവത്കരിക്കപ്പെട്ടതിന്റെ ഉത്തമോദാഹരണമായിരുന്നു. ഇതു സംബന്ധിച്ച് പത്രപ്രവര്‍ത്തകയും മലയാളിയുമായ ഒ. നാജിയ ഒരു അന്വേഷണാത്മക ലേഖനം എഴുതിയിട്ടുണ്ട് (twocircles.net).

നിരപരാധികള്‍ വേട്ടയാടപ്പെടുന്നു
സ്‌ഫോടനം നടന്ന അന്നു തന്നെ മുസ്‌ലിം തീവ്രവാദികളിലേക്കാണ് ഉത്തരവാദപ്പെട്ടവരുടെ സൂചനകള്‍ പോയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ലശ്കറെ ത്വയ്യിബയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ 'സൂഫീ' വിരോധികളാണെന്നും പ്രഖ്യാപിച്ചതായി അടുത്ത ദിവസം പത്രങ്ങളില്‍ വാര്‍ത്തവന്നു. 2006-ലെ മാലേഗാവ് സ്‌ഫോടനം, 2007 മെയ് മാസത്തിലെ ഹൈദറാബാദ് സ്‌ഫോടനം എന്നിവയുമായി അജ്മീര്‍ സ്‌ഫോടനത്തിന് സാമ്യതയുണ്ടെന്നും ലശ്കറോ ജയ്‌ശേ മുഹമ്മദോ ഹര്‍ക്കത്തുല്‍ ജിഹാദോ ആകാം സ്‌ഫോടനത്തിന് പിന്നിലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത വന്നു. ഹൈദറാബാദ് -മാലേഗാവ് സ്‌ഫോടനം പോലെ ടിഫിന്‍ ബോക്‌സിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത് എന്നും സൂചനയുണ്ടായി.
മാലേഗാവ്-ഹൈദറാബാദ് സ്‌ഫോടന കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ, അതിലെ പ്രതികളാരെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടില്ലെന്നിരിക്കെ,  എങ്ങനെയാണ് ഇത്തരമൊരു പ്രസ്താവന അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്? അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണം തുടങ്ങുക പോലും ചെയ്യാതെ, പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ എന്തടിസ്ഥാനത്തിലാണ് ലശ്കറും ഹുജിയും പ്രതിസ്ഥാനത്ത് വന്നത്? ലശ്കറെ ത്വയ്യിബക്ക് സൂഫികളോട് ശത്രുതയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയെ പോലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന ഒരാള്‍ എന്തടിസ്ഥാനത്തിലാണ് പറഞ്ഞത്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടില്ലെങ്കിലും കൊണ്ടുപിടിച്ച പ്രചാരണത്തിന്റെ ഉന്നം കൃത്യമായിരുന്നു. യഥാര്‍ഥ പ്രതികളായ സംഘ്പരിവാറിനെ രക്ഷിക്കുക. നിരപരാധികളായ മുസ്‌ലിം യുവാക്കളെ വേട്ടയാടുക!
ബംഗ്ലാദേശ് സ്വദേശി ശാഹിദ് ബിലാലാണ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്നാണ് ആദ്യം വന്ന വാര്‍ത്ത. ഒന്നാമത്തെ മുസ്‌ലിം പേര് അതായിരുന്നു (Deccan Herald- Saturday October 13, 2007). അജ്മീര്‍ ദര്‍ഗക്കു മുമ്പില്‍ കച്ചവടം നടത്തിയിരുന്ന, സ്‌ഫോടനത്തില്‍ മരിച്ച സയ്യിദ് സലീം ആയിരുന്നു അടുത്ത ദിവസം വാര്‍ത്തയില്‍ നിറഞ്ഞ മറ്റൊരു 'പ്രതി'. അജ്മീര്‍ സ്‌ഫോടനത്തിന് ഹൈദറാബാദ് സ്‌ഫോടനവുമായി സാമ്യതയുണ്ട്, സയ്യിദ് സലിം ഹൈദറാബാദുകാരനാണ്, അദ്ദേഹത്തെ ഒരു സ്ത്രീ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു, സ്‌ഫോടനത്തിന് രണ്ടു ദിവസം മുമ്പ് സ്ത്രീ അപ്രത്യക്ഷയായി, അവള്‍ കൊണ്ടുവരുന്ന ബാഗിലാണ് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്... ഇതെല്ലാമായിരുന്നു പ്രചരിപ്പിക്കപ്പെട്ട കഥകള്‍.
മാധ്യമങ്ങള്‍ 'മുസ്‌ലിം തീവ്രവാദി'കളെ ഉന്നംവെച്ചുള്ള വാര്‍ത്തകള്‍ തുടരെ തുടരെ പ്രസിദ്ധീകരിച്ചു. 2007 ഒക്‌ടോബര്‍ 13-ന് ഹിന്ദു പത്രത്തില്‍ പ്രവീണ്‍ സ്വാമി എഴുതിയത്, 'മുസ്‌ലിം ഭീകരര്‍ മുസ്‌ലിം ആത്മീയ കേന്ദ്രം ഉന്നംവെക്കുന്നു' എന്നായിരുന്നു (www.hinduonnet.com/2007/10/12/stories). ഹര്‍ക്കത്തുല്‍ ജിഹാദിനെ കുറിച്ച കഥകളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചത് (15 October 2007).

പൂച്ച പുറത്തു ചാടുന്നു
മാലേഗാവ് സ്‌ഫോടനക്കേസില്‍ ലഫ്. കേണല്‍ പുരോഹിത് പോലീസ് പിടിയിലാവുകയും 2008-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ഭരണത്തില്‍നിന്ന് ബി.ജെ.പി പുറത്താവുകയും ചെയ്തതാണ് അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ബി.ജെ.പിക്ക് രാജസ്ഥാനില്‍ ഭരണം  നഷ്ടപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേലുണ്ടായിരുന്ന സംഘ്പരിവാറിന്റെ കൂച്ചുവിലങ്ങ് ഒരു പരിധിവരെ നീങ്ങി. അന്വേഷണം നേര്‍ദിശ പ്രാപിച്ചുതുടങ്ങി.
എന്നാല്‍, അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഗതിമാറ്റിയത് മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ലഫ്. കേണല്‍ പുരോഹിതിന്റെ മൊഴിയാണ്. അജ്മീര്‍-സംഝോത എക്‌സ്പ്രസ്-മാലേഗാവ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സംഘ്പരിവാറാണെന്ന് നാര്‍ക്കോ അനാലിസിസില്‍ പുരോഹിത് സമ്മതിച്ചു. സ്വാമി അസിമാനന്ദയെന്ന ദയാനന്ദ പാണ്ഡെയുടെ സ്‌ഫോടനത്തിലെ പങ്കാളിത്തവും പുരോഹിത് വെളിപ്പെടുത്തി. അജ്മീര്‍ ദര്‍ഗ-കര്‍ണാടക-ഓറീസ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ കേണല്‍ പുരോഹിതിന് പങ്കുണ്ടെന്ന്, സാധ്വി പ്രജ്ഞാ സിംഗും അഭിനവ് ഭാരതിന്റെ അജയ് റഹിര്‍ക്കറും സമ്മതിക്കുകയും ചെയ്തു. 'അഭിനവ് ഭാരത്' എന്ന സംഘ്പരിവാര്‍ സംഘടനയും സ്വാമി അസിമാന്ദയുള്‍പ്പെടെയുള്ള കാവി ഭീകരരുമാണ് മക്കാ മസ്ജിദ്-അജ്മീര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് രാജസ്ഥാന്‍ ഭീകരവിരുദ്ധ സംഘത്തിന് തെളിവുകള്‍ ലഭിച്ചു.
സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് കണ്ടെടുക്കപ്പെട്ട സിംകാര്‍ഡിനെ ചുറ്റിപറ്റി നടന്ന അന്വേഷണമാണ് ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകന്‍ ദേവേന്ദ്ര ഗുപ്തയുടെ അറസ്റ്റിന് വഴിയൊരുക്കിയത്. 2010 ഏപ്രില്‍ 30-നാണ് ഗുപ്ത പോലീസ് പിടിയിലായത്. അജ്മീര്‍ സ്‌ഫോടനക്കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. അജ്മീറിലെ ബിഹാരിഗഞ്ച് സ്വദേശിയാണ് ഗുപ്ത. മാലേഗാവ് സ്‌ഫോടന കേസിലെ പ്രധാന പ്രതി സാധ്വി പ്രജ്ഞാ സിംഗുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി  (Times of India- 2010 May 1, www.ndtv.com apr. 30, 2010).
മറ്റൊരു പ്രതിയായ വിഷ്ണു പ്രസാദ് അറസ്റ്റിലായത് മധ്യപ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നാണ്. പിടിയിലായ മറ്റൊരാള്‍ ചന്ദ്രശേഖര്‍ എന്ന സംഘ് പ്രവര്‍ത്തകനാണ്. അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകന്‍ ലോകേഷ് ശര്‍മ, മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള വ്യവസായി രാജേഷ് മിശ്ര എന്നിവരും തുടര്‍ ദിനങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സ്‌ഫോടനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചത് ലോകേഷ് ശര്‍മയില്‍ നിന്നാണ്. ഇന്‍ഡോര്‍ സ്വദേശിയായ ശര്‍മയെ ചിന്ത്‌വാര ജില്ലയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ ചന്ദ്രശേഖര്‍, ദേവേന്ദ്ര എന്നിവരുടെ സുഹൃത്താണ് ലോകേഷ് ശര്‍മ. മുകേഷ് വാസ്‌നി, ഹര്‍ഷദ് ബായ് സോളങ്കി എന്നിവരാണ് സ്‌ഫോടന കേസിലെ മറ്റു രണ്ട് പ്രതികള്‍. മുകേഷ് വാസനിയാണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്താന്‍ ബോംബ് സ്ഥാപിച്ചതെന്ന് രാജസ്ഥാന്‍ എ.ടി.എസ്സിലെ എസ്.പി സത്യേന്ദ്ര സിംഗ് റാണാവത്ത് വെളിപ്പെടുത്തുകയുണ്ടായി.
അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌ഫോടനങ്ങളില്‍ പങ്കുള്ളതായി പറഞ്ഞിട്ടുണ്ട്. 806 പേജ് വരുന്ന കുറ്റപത്രത്തില്‍ 213 രേഖകളും 133 സാക്ഷി മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജ്മീറിന് പുറമെ ദല്‍ഹി ജുമാമസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു സംഘ്പരിവാറിന്റെ പദ്ധതി. 2005 ഒക്‌ടോബര്‍ 13നു ജയ്പൂരിലെ ഗജറാത്ത് സമാജ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രഹസ്യ യോഗമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. ഈ യോഗത്തില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തിരുന്നു. ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലെവെ എന്നിവരാണ് സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരര്‍. മക്കാ മസ്ജിദ് സ്‌ഫോടനത്തിലെ പ്രതികളായ സന്ദീപ് ദാംഗെ, വാജി കല്‍സംഗാര എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. യോഗത്തില്‍ ഇന്ദ്രേഷ് കുമാറിന് പുറമെ പ്രജ്ഞാ സിംഗ് ഠാക്കൂര്‍, ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷി തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവിധ മത സംഘടനകളുമായി ചേര്‍ന്ന് സ്‌ഫോടനം വിജയിപ്പിക്കാനായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ നിര്‍ദേശം. വിശ്വാസികളുടെ രൂപത്തില്‍ വന്നാല്‍ സംശയമില്ലാതെ പദ്ധതി നടപ്പിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ഗയില്‍ ബോംബ് വെക്കാനുള്ള ഉത്തരവാദിത്വം സുനില്‍ ജോഷിക്കായിരുന്നു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉറപ്പാക്കേണ്ട ചുമതലയായിരുന്നു ശര്‍മക്കും കല്‍സംഗാരക്കും. വ്യാജ സിം കാര്‍ഡ് സംഘടിപ്പിക്കലായിരുന്നു ഗുപ്തയുടെ ചുമതല. സ്‌ഫോടനത്തിന് വേണ്ട പണം സ്വരൂപിക്കാന്‍ ദാംഗെയോട് നിര്‍ദേശിച്ചു. സ്‌ഫോടനത്തിന് ശേഷം മാധ്യമങ്ങളെ കൈകാര്യം ചെയ്യേണ്ട ബാധ്യതയായിരുന്നു പ്രജ്ഞാ സിംഗിന്. ഇന്‍ഡോറിലെ കല്‍സംഗാരെയുടെ ശാന്തിവിഹാര്‍ കോളനിയിലാണ് ബോംബ് നിര്‍മിച്ചത്. മൂന്ന് ബോംബുകള്‍ കൊണ്ടുവന്ന് അജ്മീര്‍ ദര്‍ഗയില്‍ സ്ഥാപിച്ചു. ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഒരു കാറിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലായി. സ്ഥാപിച്ച മൂന്ന് ബോംബുകളില്‍ ഒന്ന് പൊട്ടിയില്ല.

ഇന്ദ്രേഷ് കുമാറിന്റെ പങ്കാളിത്തം
സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ആര്‍.എസ്.എസ് പങ്കാളിത്തം കൃത്യമായി തെളിഞ്ഞുവെന്നതാണ് അജ്മീര്‍ സ്‌ഫോടനത്തിന്റെ പ്രത്യേകത. മധ്യപ്രദേശിലെ മല്‍വ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അജ്മീര്‍ സ്‌ഫോടന കേസിലെ പ്രതികളില്‍ ഭൂരിഭാഗവും. പരമ്പരാഗതമായി ആര്‍.എസ്.എസ് സ്വാധീനം ഏറെ ശക്തമായ പ്രദേശമാണ് ഇത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 'കാവിഭീകരത' തഴച്ചു വളരുന്നതെന്നും ഈ സ്‌ഫോടനങ്ങളില്‍നിന്ന് വ്യക്തമായി. അജ്മീര്‍-സംഝോത എക്‌സ്പ്രസ്- മക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ ഒരേ സംഘം തന്നെയാണ് ആസൂത്രണം ചെയ്തത്.
മോഹന്‍ ഭഗവത് ഉള്‍പ്പെടെ 21 അംഗ ആര്‍.എസ്.എസ് കേന്ദ്ര നിര്‍വാഹക സമിതിയില്‍ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് നേതൃത്വം ഇയാളെ തള്ളിപ്പറയാന്‍ തയാറായില്ല. സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ സുനില്‍ ജോഷിയുടെ ഡയറി മധ്യപ്രദേശിലെ ദേവാസില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സ്‌ഫോടനത്തില്‍ ഇന്ദ്രേഷ് കുമാറിനുള്ള പങ്ക് വെളിച്ചത്താകുന്നത്. സുനില്‍ ജോഷിയും ദേവേന്ദ്ര ഗുപ്തയും ആര്‍.എസ്.എസ് പ്രചാരക് ആണ്.
മോഹന്‍ ഭഗവതിന്റെ വലംകൈയായ ഇന്ദ്രേഷ് കുമാര്‍ 2008-ലെ അമര്‍നാഥ് സംഘര്‍ഷത്തിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 ഡിസംബര്‍ അവസാനത്തില്‍ ഇന്ദ്രേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്യുകയുണ്ടായി (2010 Dec 23, The Times of India). സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ദ്രേഷ് കുമാറിന്റെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച 806 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ്സിനെ കുറിച്ച് 20 സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്. സ്‌ഫോടനങ്ങളുടെ ഗൂഢാലോചനകളെക്കുറിച്ചും റിപ്പോര്‍ട്ട് വിശദമായി പരാമര്‍ശിക്കുന്നു. ഉജ്ജയിനില്‍ നടന്ന കുംഭമേളക്കിടെയാണ് കാവി ഭീകരതയുമായി ബന്ധപ്പെട്ട സംഘാംഗങ്ങള്‍ ആദ്യമായി ഒത്തുചേര്‍ന്നതത്രെ. 2004 മെയില്‍ ഝാര്‍ഖണ്ഡിലും 2005 ഒക്‌ടോബറില്‍ ജയ്പൂരിലും ഇവര്‍ യോഗം ചേര്‍ന്നു. ജയ്പൂരിലെ യോഗത്തില്‍ ഇന്ദ്രേഷ് കുമാര്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു. 2006 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ അസിമാനന്ദയുടെ ശബരി ധം ആശ്രമത്തിലാണ് മറ്റൊരു പ്രധാന യോഗം ചേര്‍ന്നത്. 2007-ല്‍ ഇന്‍ഡോറിലും ഝാര്‍ഖണ്ഡിലും വീണ്ടും യോഗം ചേര്‍ന്നിരുന്നു.
ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന പത്രറിപ്പോര്‍ട്ടുകള്‍ 2010 ഒക്‌ടോബറില്‍ പുറത്തുവന്നു (മാധ്യമം 2010 ഒക്‌ടോബര്‍ 25). മാലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ, രണ്ട് ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് വെളിപ്പെട്ടിരുന്നു. ''മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും മുന്‍ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ കേണല്‍ ശ്രീകാന്ത് പുരോഹിതാണ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമന്ദ് കര്‍ക്കരെയോട് ആര്‍.എസ്.എസ് നേതാക്കളുടെ ഐ.എസ്.ഐ ബന്ധം വെളിപ്പെടുത്തിയത്. ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനക്കിടയിലും നേതാക്കളുടെ പേരുകള്‍ പുരോഹിത് പറയുകയുണ്ടായി. ഇന്ദ്രേഷ് കുമാറിനോടൊപ്പം ആര്‍.എസ്.എസ് മേധാവിയായ മോഹന്‍ ഭഗവതിന്റെ പേരാണ് അന്ന് പുരോഹിത് പറഞ്ഞത്. ഐ.എസ്.ഐയില്‍ നിന്ന് മൂന്ന് കോടി രൂപ ഭഗവതും ഇന്ദ്രേഷും കൈപറ്റിയതായാണ് വെളിപ്പെടുത്തലുണ്ടായത്. ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റിയ നേതാക്കളെ വകവരുത്താന്‍ അവര്‍ക്കുള്ളില്‍ തന്നെ ആസൂത്രണം നടന്നിരുന്നുവത്രെ. ഇവരെ വധിക്കാന്‍ പദ്ധതിയിട്ട് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ, പൂനയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എസ്. ആപ്‌തെ, ദല്‍ഹിയിലെ ഡോ. ആര്‍.പി സിംഗ് ദയാനന്ദ് പാണ്ഡെ എന്നിവരായിരുന്നുവത്രെ. പുരോഹിത് എ.ടി.എസിനോട് വെളിപ്പെടുത്തിയതാണിത്.''
ആരാണ് രാജ്യത്തെ അസ്ഥിരതപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പാക്ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ളവര്‍ ആരൊക്കെയാണെന്നും ആര്‍.എസ്.എസ്-ഐ.എസ്.ഐ ബന്ധത്തെക്കുറിച്ച വെളിപ്പെടുത്തല്‍ തെളിയിക്കുന്നു. ഈ ഗൗരവപ്പെട്ട സത്യം പുറത്തുകൊണ്ടുവന്ന ഹേമന്ദ് കര്‍ക്കരെ കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെ പ്രാധാന്യത്തോടെ കാണേണ്ടതും ഈ പശ്ചാത്തലത്തില്‍ തന്നെ.

സുനില്‍ ജോഷിയുടെ
കൊലപാതകം
അജ്മീര്‍ സ്‌ഫോടനത്തിലെ മുഖ്യ പ്രതികളിലൊരാളായ സുനില്‍ ജോഷി എന്ന ആര്‍.എസ്.എസ്സുകാരന്‍ ഇന്‍ഡോറിന് സമീപം ദേവാസ് ടൗണില്‍ 2007 ഡിസംബര്‍ 30നാണ് ദുരൂഹമായി കൊലചെയ്യപ്പെട്ടത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെയും മകന്റെയും കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജോഷിയാണെന്ന് സൂചനകളുണ്ടായിരുന്നു. മധ്യപ്രദേശിലെ മാല്‍വ സ്വദേശിയായ സുനില്‍ ജോഷി ആര്‍.എസ്.എസ്സിന്റെ പ്രചാരക് ആയിരുന്നു, കാവി ഭീകരതയിലെ പ്രധാന കണ്ണിയും. ബി.ജെ.പി ഭരണത്തിലിരിക്കെയാണ് ജോഷിയുടെ ദുരൂഹ മരണം സംഭവിച്ചത്.
മുസ്‌ലിം ഭീകരരാണ് ജോഷിയുടെ കൊലക്ക് പിന്നിലെന്ന് പ്രചാരണം നടത്തിയിരുന്നെങ്കിലും അവസാനം ദുരൂഹതകളുടെ ചുരുളഴിഞ്ഞത് അജ്മീര്‍ സ്‌ഫോടന കേസ് അന്വേഷണത്തിലൂടെയായിരുന്നു. സ്‌ഫോടന കേസിലെ പ്രതികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകരുള്‍പ്പെടെ ആര്‍.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുനില്‍ ജോഷിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇല്ലാതാക്കിയതെന്ന സത്യം പുറത്തുവന്നു. കാരണം, അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളുടെ മുഖ്യ നടത്തിപ്പുകാരനായ ജോഷി ഇല്ലാതായാല്‍ തെളിവുകള്‍ നശിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നു. സുനില്‍ ജോഷിയുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.

സ്വാമി അസിമാന്ദയുടെ അറസ്റ്റ്
സംഘ്പരിവാറിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായക സംഭവമായിരുന്നു അജ്മീര്‍ സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ അറസ്റ്റിലായത്. 2010 നവംബര്‍ 18-നാണ് ഹരിദ്വാറില്‍ വെച്ച് അസിമാനന്ദ പോലീസ് പിടിയിലായത്. അജ്മീര്‍ ദര്‍ഗ - മക്കാ മസ്ജിദ് സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ത്തായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാളിലെ ഹുഗ്‌ളി ജില്ലക്കാരനായ അസിമാനന്ദ ഗുജറാത്തിലും മറ്റുമാണ് ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. 'ജതിന്‍ ചാറ്റര്‍ജി'യെന്നാണ് ശരിയായ പേര്. സന്യാസം സ്വീകരിച്ചാണ് അസിമാനന്ദയെന്ന് പേര് മാറ്റിയത്. ഗുജറാത്തിലെ ഡാംഗ്‌സില്‍ ഒരു ആശ്രമം നടത്തുന്നുണ്ട് അസിമാനന്ദ. ആദിവാസികള്‍ക്കിടയിലെ കാവിവത്കരണമാണ് അസിമാനന്ദയുടെ പ്രധാന പ്രവര്‍ത്തനം. വര്‍ഗീയ കലാപങ്ങളില്‍ ആദിവാസികളെ രംഗത്തിറക്കിയതില്‍ അസിമാനന്ദക്ക് വലിയ പങ്കുണ്ട്. കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ടുകള്‍ ഇതിനു വേണ്ടി ഇവര്‍ കൈപ്പറ്റുന്നുമുണ്ട്.
അജ്മീര്‍ സ്‌ഫോടനത്തിന്റെ മുഖ്യ ഗൂഢാലോചകന്‍ അസിമാനന്ദയാണെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. അസിമാനന്ദ അറസ്റ്റിലായതോടെ അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ വന്‍ പുരോഗതിയാണുണ്ടായതെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ശാന്തി ധരിവാള്‍ പ്രസ്താവിക്കുകയുണ്ടായി. മാലേഗാവ്-മക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിലും പ്രജ്ഞാ സിംഗ്, പുരോഹിത് തുടങ്ങിയവരോടൊപ്പം അസിമാനന്ദയും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. നരേന്ദ്ര മോഡി ഉള്‍പ്പെടെ മുതിര്‍ന്ന സംഘ്പരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആത്മീയ പുരുഷനാണ് അസിമാനന്ദ.
അജ്മീര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മറ്റൊരു സ്വാമിയാണ് അമൃതാനന്ദ് എന്നറിയപ്പെടുന്ന ദയാനന്ദ് പാണ്ഡെ. കേണല്‍ പുരോഹിതാണ് ദയാനന്ദ് പാണ്ഡെയുടെ പങ്കാളിത്തം വെളിപ്പെടുത്തിയത്. പ്രജ്ഞാ സിംഗുമായി അടുത്ത ബന്ധമുള്ള ദയാനന്ദ് നന്ദേഡ് സ്‌ഫോടനത്തിലും പങ്കാളിയാണത്രെ. മാലേഗാവ് സ്‌ഫോടന കേസിലാണ് കാണ്‍പൂരില്‍ വെച്ച് 2008 നവംബറില്‍ അമൃതാനന്ദയെ അറസ്റ്റ് ചെയ്തത്. സുധാകര്‍ ദ്വിവേദി, സ്വാമി അമൃതാനന്ദ്, ദേവതീര്‍ഥ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ദയാനന്ദ് പാണ്ഡെ രാഷ്ട്രീയ-മത- സാമൂഹിക രംഗങ്ങളിലെ ഉന്നതരുമായി ബന്ധമുള്ള ആളാണ്. സംഘ്പരിവാറിന്റെ ഉയര്‍ന്ന നേതാക്കളുമായും സര്‍വീസില്‍ നിന്ന് വിരമിച്ച സൈനികരുമായും അടുത്ത ബന്ധവും പാണ്ഡെക്കുണ്ട്. ദേശീയ പ്രതിരോധ അക്കാദമിയുടെ എയര്‍ഫോഴ്‌സ് വിംഗില്‍ ഇയാള്‍ ചേര്‍ന്നിരുന്നതായി പാണ്ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. 1989-ലായിരുന്നു ഇത്. 1990-ല്‍ അവിടെ ഒരു സര്‍വജന പീഠം എന്ന ആശ്രമം സ്ഥാപിച്ചു. ഫരീദാബാദില്‍ നിത്യ സന്ദര്‍ശകനായിരുന്ന പാണ്ഡെക്ക് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായും ബന്ധമുണ്ട്.

ഭീകര ശൃംഖലയിലെ മലയാളി
അജ്മീര്‍ സ്‌ഫോടനക്കേസ് അന്വേഷണം സംഘ്പരിവാര്‍ ഭീകരതയിലെ മലയാളി സാന്നിധ്യവും പുറത്തുകൊണ്ടുവന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരാണ് സ്‌ഫോടനക്കേസില്‍ പങ്കാളിയായ മലയാളി. രണ്ട് വയസ്സു മുതല്‍ ഗുജറാത്തിലാണ് സുരേഷ് നായരുടെ ജീവിതം. അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ കാറില്‍ കടത്തിയതില്‍ സുരേഷ് നായര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. സ്‌ഫോടനം നടത്താന്‍ ബോംബ് നിര്‍മിച്ച, ഗുജറാത്തിലെ ഗോധ്രയിലെ മുകേഷ് വാസനിയാണ് സുരേഷിന്റെയും മറ്റു മൂന്ന് കൂട്ടുകാരുടെയും പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്‍കിയത്.
നേരത്തെ സൂചിപ്പിച്ച സുനില്‍ ജോഷിയെന്ന ആര്‍.എസ്.എസ്സുകാരനെ കൊലപ്പെടുത്തിയ ആനന്ദ് രാജ് കട്ടാരിയുടെ കാര്‍ മധ്യപ്രദേശില്‍ നിന്ന് ഗുജറാത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചതായും വാസനിയുടെ മൊഴിയിലുണ്ട്. ഈ കാര്‍ മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാന്‍ എ.ടി.എസ് പിടിച്ചെടുത്തു. മേഹുല്‍ ഭവേഷ്, സണ്ണി തുടങ്ങിയവര്‍ക്കും ഇതില്‍ പങ്കുണ്ട്. അജ്മീറിലേക്ക് സര്‍ക്കാര്‍ ബസില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോയതിലും സുരേഷ് നായര്‍ക്ക് പങ്കുണ്ട്. മാത്രമല്ല, ബോംബുനിര്‍മാണ പരിശീലനത്തിനും സുരേഷ് നായര്‍ നേതൃത്വം നല്‍കിയതായി എ.ടി.എസ്സിന് വിവരം ലഭിക്കുകയുണ്ടായി.

സംഝോത എക്‌സ്പ്രസ് -മക്കാ മസ്ജിദ്
പാകിസ്താനിലേക്കുള്ള യാത്രക്കിടയിലാണ് 2007 ഫെബ്രുവരി 19-ന് ഹരിയാനയിലെ പാനിപത്തില്‍ സംഝോത എക്‌സ്പ്രസ്സില്‍ സ്‌ഫോടനമുണ്ടായത്. 68 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെയും പാകിസ്താനികള്‍. പാക് തീവ്രവാദികളാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ എന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രചാരണം.
ഒരു സൂട്ട്‌കേസില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സൈന്യത്തിന്റെ ആര്‍.ഡി.എക്‌സ് ആയിരുന്നു സ്‌ഫോടനത്തിന് ഉപയോഗിച്ചത്. തുടക്കത്തില്‍ മുസ്‌ലിം തീവ്രവാദികളിലേക്ക് ചൂണ്ടിയ സംശയത്തിന്റെ വിരലുകള്‍, ഹേമന്ത് കര്‍ക്കരെയുടെ മാലേഗാവ് കേസന്വേഷണത്തിലൂടെയാണ് സംഘ്പരിവാറില്‍ ചെന്നു നിന്നത്. മാലേഗാവ് സ്‌ഫോടന കേസില്‍ പിടിയിലായ ലഫ്. കേണല്‍ പുരോഹിതിനെ ബാംഗ്ലൂരില്‍ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയപ്പോഴാണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെയും ചുരുളഴിഞ്ഞത് (The Times of India, Pune 11 Nov. 2008, The Indian Express 14 Nov. 2008, Pune Mirror 19 Nov 2008). ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയാണ് സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയതെന്നാണ് എ.ടി.എസ് കണ്ടെത്തിയത്. സൈന്യത്തിന്റെ ആര്‍.ഡി.എക്‌സ് ആണ് കേണല്‍ പുരോഹിത് ഭീകര സംഘത്തിന് എത്തിച്ചുകൊടുത്തത്. ഇന്ത്യയിലെ ഭീകരാക്രമണ പരമ്പരയിലെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. രാജ്യസുരക്ഷക്ക് കാവലിരിക്കേണ്ടവരില്‍ ചിലര്‍ സൈന്യത്തിന്റെ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക! സൈന്യത്തില്‍നിന്ന് 60 കിലോ ആര്‍.ഡി.എക്‌സ് കേണല്‍ പുരോഹിത് കടത്തിയതായാണ് വാര്‍ത്തകള്‍ വന്നത്. സ്വാമി ദയാനന്ദ് പാണ്ഡെയുടെ നിര്‍ദേശാനുസാരമായിരുന്നു ഇത്. സ്‌ഫോടനത്തിനുപയോഗിച്ച പെട്ടിയും മറ്റു അവശിഷ്ടങ്ങളും ഇന്‍ഡോറിലേക്കും അതുവഴി ഹിന്ദുത്വവാദികളിലേക്കും വ്യക്തമായ സൂചനകള്‍ നല്‍കുകയും ചെയ്തു. പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചതിനു ശേഷമാണ് അജ്മീര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട സംഘം സംഝോത സ്‌ഫോടനവും നടത്തിയത്. മുസ്‌ലിംകളെ, പ്രത്യേകിച്ചും പാകിസ്താനികളെ കൊന്നൊടുക്കുക, വര്‍ഗീയ കലാപം സൃഷ്ടിക്കുക, ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് ഭീതി പരത്തുക, ഇന്ത്യാ-പാക് സംഘര്‍ഷം സൃഷ്ടിക്കുക എന്നിവയായിരുന്നു സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ ലക്ഷ്യങ്ങള്‍.
2007 മെയ് 18-നാണ് ഹൈദരാബാദിലെ പ്രസിദ്ധമായ മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന പോലീസ് വെടിവെപ്പില്‍ ഒമ്പത് പേരാണ് വധിക്കപ്പെട്ടത്. കൊല്ലപ്പെട്ട 14 പേരും മുസ്‌ലിംകളായിരുന്നു. പക്ഷേ, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മിനിറ്റുകള്‍ക്കകം മുസ്‌ലിം തീവ്രവാദ സംഘടനകളുടെ തലയില്‍ കെട്ടിവെക്കാന്‍ ചില മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും ധൃഷ്ടരായി. 'ശഹീദ് ബിലാല്‍' എന്നു പേരുള്ള മുസ്‌ലിം യുവാവാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ അതിനനുസരിച്ച കഥകള്‍ മെനഞ്ഞു. നിരവധി മുസ്‌ലിം യുവാക്കള്‍ അറസ്റ്റിലായി. 20 മുസ്‌ലിം ചെറുപ്പക്കാരാണ് പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടത്. സ്‌ഫോടനത്തിനും പോലീസ് വെടിവെപ്പിനും ശേഷമുള്ള ഭീകരതയായിരുന്നു ഈ പീഡനങ്ങള്‍. ആന്ധ്രയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് യാതൊരു തത്ത്വദീക്ഷയിലുമില്ലാതെയാണ് ഈ പീഡനത്തിന് കൂട്ടുനിന്നത്. മുസ്‌ലിം കേന്ദ്രത്തില്‍ സ്‌ഫോടനം നടക്കുകയും മുസ്‌ലിംകള്‍ വധിക്കപ്പെടുകയും ചെയ്തിട്ടും സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാറിന്റെ കൈകളുണ്ടോ എന്നന്വേഷിക്കാന്‍ ഗവണ്‍മെന്റോ പോലീസോ തുനിഞ്ഞില്ല.
മാലേഗാവ് കേസ് അന്വേഷണം തന്നെയാണ് മക്കാ മസ്ജിദ് സ്‌ഫോടന കേസിലും വഴിത്തിരിവായത്. നേരത്തെ സൂചിപ്പിച്ച സംഘ്പരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും തന്നെയാണ് മക്കാ മസ്ജിദ് സ്‌ഫോടനവും നടത്തിയതെന്ന് പ്രതികള്‍ ഏറ്റു പറയുകയായിരുന്നു. അതോടെ നിരപരാധികളായ മുസ്‌ലിം യുവാക്കളെ 2008 നവംബറില്‍ ആന്ധ്ര പ്രദേശ് പോലീസ് വിട്ടയച്ചു; ഏറെ നാളത്തെ ജയില്‍ വാസത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കും ശേഷം. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കള്ളക്കഥകളെല്ലാം അസ്ഥാനത്താക്കി, ഒടുവില്‍ സംഘ്പരിവാര്‍ ഭീകരരാണ് മക്കാ മസ്ജിദ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ഭീകരവിരുദ്ധ സംഘവും സി.ബി.ഐയും സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയും ചില ന്യൂനപക്ഷ സംഘടനകളും ഉയര്‍ത്തിയ മുറവിളികളും നടത്തിയ പ്രക്ഷോഭങ്ങളും ഫലം കണ്ടുവെന്ന് പറയാം. അജ്മീര്‍-സംഝോത - മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകള്‍ തെളിയിക്കപ്പെട്ടതോടെ സംഘ്പരിവാര്‍ ഭീകരതയുടെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് രാജ്യം കണ്ടത്.0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates