Tuesday 19 June 2012

ശരീഅത്ത്‌, ജിഹാദ്‌, ഭരണകൂടം 3 ശരീഅത്തും സായുധ സമരവും

ശരീഅത്തിന്റെ പ്രായോഗികവല്‍ക്കരണത്തെക്കുറിച്ച ചര്‍ച്ചയില്‍ സുപ്രധാനമായതാണ്‌ ജിഹാദ്‌. അനു യായികളുടെ അജ്ഞതയും, അന്യരുടെ അബദ്ധധാരണകളും, പ്രതിയോഗികളുടെ അപകടകരമായ കുപ്ര ചാരണങ്ങളും നിമിത്തം ജിഹാദിനെക്കുറിച്ച്‌ വികലമായ സങ്കല്‍പ്പമാണ്‌ ഇന്ന്‌ സമൂഹത്തില്‍ നിലനില്‍ക്കു ന്നത്‌.
ജിഹാദ്‌ എന്നാല്‍ യുദ്ധമാണെന്നും, അമുസ്‌ലിംകളോട്‌ യുദ്ധംചെയ്‌ത്‌ അവരെ മതപരിവര്‍ത്തനത്തിന്‌ നിര്‍ബന്ധിക്കുവാന്‍ ഇസ്‌ലാം കല്‍പ്പിക്കുമെന്നും ശത്രുക്കള്‍ നിരന്തരം പ്രചരിപ്പിക്കുകയും, തങ്ങള്‍ക്ക്‌ ആളെ കൂട്ടുവാനുള്ള ആയുധമാക്കി അതിനെ ഉപയോഗിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. അതേസമയം സംഘ്‌പരിവാര്‍ ഫാഷിസം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുനേരെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ ഉന്‍മൂലന ശ്രമങ്ങളെ ക്ഷമയോടെ തരണംചെയ്യുവാനും യുക്തിപൂര്‍വ്വം ചെറുത്ത്‌ തോല്‍പ്പിക്കുവാനും ത്രാണി യില്ലാത്ത ചെറിയൊരു ന്യൂനപക്ഷം സായുധരീതിയില്‍ അവരെ നേരിടണമെന്ന്‌ വാദിക്കുകയും അതിനായി ജിഹാദിനെ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സായുധ ജിഹാദിന്റെ കാരണങ്ങള്‍ എന്തൊക്കെ, അതിന്റെ സന്ദര്‍ഭങ്ങള്‍ ഏതെല്ലാം, ആര്‍ക്കെതിരെ ആരാണത്‌ സംഘടിപ്പിക്കേണ്ടത്‌, അതിന്റെ ഉപാധികള്‍ എന്തൊക്കെ? തുടങ്ങിയ വിഷയങ്ങളെക്കുറിച്ച ഒരു അന്വേഷണ മാണ്‌ ഇനി ഉദ്ദേശിക്കുന്നത്‌.

ജിഹാദ്‌ യുദ്ധമല്ല
വിശാലമായ ആദര്‍ശതലങ്ങളുള്ള ഒരു പദമാണ്‌ ജിഹാദ്‌. പരിശ്രമം, ക്ലേശം, ബുദ്ധിമുട്ട്‌ എന്നെല്ലാമാണ്‌ അതിന്റെ ഭാഷാര്‍ത്ഥം. കഴിവ്‌ എന്ന്‌ അര്‍ത്ഥമുള്ള ജുഹദും, പ്രയാസം എന്ന്‌ അര്‍ത്ഥമുള്ള ജഹ്‌ദും കൂടിച്ചേര്‍ന്ന താണ്‌ ജിഹാദ്‌. പ്രയാസങ്ങള്‍ സഹിച്ചുകൊണ്ട്‌ ലക്ഷ്യസാധ്യത്തിനായി കഴിവുകള്‍ വിനിയോഗിക്കുക. (ബദ്‌ലുത്ത്വാഖ: വഹ്‌തിമാലുല്‍ മശഖ:) എന്നാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അല്ലാഹുവിന്റെ ദീന്‍ സ്ഥാപിച്ച്‌ നിലനിര്‍ത്തുന്നതിനായി വിശ്വാസി നടത്തുന്ന ആര്‍ത്ഥികവും, ബൗദ്ധികവും ശാരീരികവുമായ സകലവിധ ത്യാഗ പരിശ്രമങ്ങളുമാണ്‌ ശരീഅത്തിന്റെ സാങ്കേതിക ഭാഷയില്‍ ജിഹാദ്‌. ഇത്‌ വൈജ്ഞാനിക രംഗത്താവുമ്പോള്‍ ഇജ്‌തിഹാദ്‌ എന്നും, ആത്മസംസ്‌കരണ മേഖലയിലാകുമ്പോള്‍ മുജാഹദ: എന്നും, തിന്‍മകള്‍ തടയുവാനും സാമൂഹിക പരിവര്‍ത്തനത്തിനുമുള്ള പരിശ്രമങ്ങളാകുമ്പോള്‍ ജിഹാദ്‌ എന്നും പറയുന്നു. (18)

വിശുദ്ധയുദ്ധം, ഭീകരത, ചാവേര്‍ ആക്രമണം തുടങ്ങിയ പ്രചരിതാര്‍ത്ഥങ്ങള്‍ക്ക്‌ ജിഹാദുമായി യാതൊരു ബന്ധവുമില്ല. യുദ്ധത്തെ സൂചിപ്പിക്കുവാന്‍ ഹര്‍സ്‌, മഅ്‌റക എന്നീ പദങ്ങളും പ്രതിരോധത്തിന്‌ ദിഫാഅ്‌ എന്ന വാക്കുമാണ്‌ അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്‌. ഖുര്‍ആനാകട്ടെ, യുദ്ധത്തെ കുറിക്കുവാന്‍ �ഖിതാല്‍� എന്ന പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ജിഹാദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, യുദ്ധമെന്ന ആശയത്തെയല്ല സമരമെന്ന ആശയത്തെയാണ്‌ അത്‌ ഉള്‍ക്കൊള്ളുന്ന തെന്ന്‌ മനസ്സിലാക്കാം. കാരണം, സായുധ സമരം വിലക്കപ്പെട്ട മക്കയില്‍ ജിഹാദിന്ന്‌ ആഹ്വാനംചെയ്യുന്ന ആയത്തുകള്‍ അവതരിക്കുകയുണ്ടായി (19). എന്നിട്ടും നബി (സ) യുദ്ധം ചെയ്യാതിരുന്നത്‌ ജിഹാദ്‌ യുദ്ധമല്ല എന്നതുകൊണ്ടാണ്‌. ഖുര്‍ആന്‍കൊണ്ടുള്ള പ്രബോധനവും ആ മാര്‍ഗ്ഗത്തിലുള്ള ത്യാഗവും സഹനവുമാണ്‌ നബി (സ) മക്കയില്‍ നിര്‍വ്വഹിച്ച ജിഹാദ്‌. അല്ലാഹു പറയുന്നു: അതുകൊണ്ട്‌ സത്യനിഷേധികള്‍ക്ക്‌ വഴങ്ങി പ്പോകരുത്‌. ഈ ഖുര്‍ആന്‍ മുഖേന താങ്കള്‍ അവരോട്‌ ശക്തമായ സമരം ചെയ്യുക (അല്‍ഫുര്‍ഖാന്‍: 52) വാള്‍പ്രയോഗവും, യുദ്ധവും വിലക്കപ്പെട്ട ഘട്ടത്തിലെ ജിഹാദിനെ വലിയ ജിഹാദ്‌ എന്ന്‌ വിശേഷിപ്പിച്ചത്‌ ശ്രദ്ധേയമാണ്‌.
ജിഹാദിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാക്ഷാത്‌കരിച്ച പ്രവാചകന്മാരില്‍ പ്രമുഖരാണ്‌. ഖുര്‍ആന്‍ ഉലുല്‍ അസ്‌മ്‌ - നിശ്ചയദാര്‍ഢ്യമുള്ളവര്‍ - എന്ന്‌ വിശേഷിപ്പിച്ച നൂഹ്‌, ഇബ്രാഹിം, മൂസാ, ഈസാ, മുഹമ്മദ്‌ (സ) എന്നിവര്‍. ഇവരില്‍ മുഹമ്മദ്‌ (സ) ഒഴിച്ചുള്ള നാലുപേരും സായുധസമരം നടത്താത്തവരാണ്‌. മാത്രമല്ല ഖുര്‍ആന്‍ യഥാര്‍ത്ഥ ജിഹാദ്‌ -ഹഖ ജിഹാദിഹി - എന്ന്‌ പരിചയപ്പെടുത്തിയത്‌ വാളെടുക്കാതെയും, രക്തം ചിന്താതെയും ഇബ്രാഹിം നബി (അ) നടത്തിയ ജിഹാദിനെയാണ്‌. (20). ജിഹാദിന്‌ യുദ്ധമെന്ന്‌ അര്‍ത്ഥം കല്‍പിക്കുന്നവരും, ഇസ്‌ലാം വാളുകൊണ്ടാണ്‌ പ്രചരിച്ചതെന്ന്‌ വാദിക്കുന്നവരും വാള്‍ എന്ന്‌ അര്‍ത്ഥംവരുന്ന �സൈഫ്‌� എന്ന പദം ഒറ്റത്തവണപോലും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടില്ലെന്ന വസ്‌തുത അടിവരയിട്ട്‌ മനസ്സിലാക്കേണ്ടതാണ്‌. ഹസന്‍ ബസ്വരി (റ) യുടെ വാക്കുകള്‍ ഇതോട്‌ ചേര്‍ത്ത്‌ വായിക്കുക: മനുഷ്യന്‍ തീര്‍ച്ചയായും സമരം ചെയ്യുന്നുണ്ട്‌. അവനൊരിക്കലും വാളെടുത്തിട്ടില്ലെങ്കിലും (21). എന്നാല്‍, ജിഹാദിനെ വിശാലമായ അര്‍ത്ഥത്തി ലെടുക്കുമ്പോള്‍, യുദ്ധവും - ഖിതാല്‍ - അതിന്റെ ഭാഗമാണ്‌. പക്ഷേ, ജിഹാദെന്നാല്‍ ഖിതാലല്ല. ഖിതാലും ജിഹാദാകാം. ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കപ്പെടുന്ന ജിഹാദിന്റെ അവസാനത്തെ ഘട്ടം മാത്രമാണ്‌, സായുധ സമരം.

യുദ്ധം അക്രമികള്‍ക്കെതിരെ
ആര്‍ക്കെതിരിലാണ്‌ ഇസ്‌ലാം യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്‌? അവിശ്വാസികള്‍ക്കെതിരിലോ, അക്രമികള്‍ ക്കെതിരിലോ? സായുധ ജിഹാദിനെക്കുറിച്ച ചര്‍ച്ചയില്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. വിശുദ്ധഖുര്‍ ആനും, നബിചര്യയും പരിശോധിക്കുമ്പോള്‍ അക്രമികള്‍ക്കും, കലാപകാരികള്‍ക്കും എതിരിലാണ്‌. ഇസ്‌ലാ മിലെ യുദ്ധമെന്നും, അവിശ്വാസമോ, ദൈവനിഷേധമോ അതിന്റെ കാരണമല്ലെന്നും സംശയലേശമന്യേ ബോദ്ധ്യപ്പെടുന്നതാണ്‌. അല്ലാഹു പറയുന്നു: നിങ്ങളോട്‌ യുദ്ധംചെയ്യുന്നവരോട്‌ നിങ്ങളും യുദ്ധംചെയ്യുക. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. (അല്‍ബഖറ: 190). അതുകൊണ്ട്‌ വല്ലവരും നിങ്ങളോട്‌ അതിക്രമം ചെയ്‌താല്‍, നിങ്ങളോട്‌ അതിക്രമം ചെയ്‌ത പ്രകാരം അവരോട്‌ നിങ്ങളും അതിക്രമം ചെയ്യുക. എന്നാല്‍ അല്ലാഹുവെ സൂക്ഷിക്കുക. (അല്‍ബഖറ: 194). �എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ� എന്ന ആയത്തിന്റെ രണ്ട്‌ അര്‍ത്ഥങ്ങളിലൊന്ന്‌ ശത്രുക്കള്‍ ഇങ്ങോട്ട്‌ അക്രമിക്കുംവരെ നിങ്ങള്‍ അങ്ങോട്ട്‌ യുദ്ധം ചെയ്യരുത്‌ എന്നാണ്‌ (22). ഇതിന്‌ പുറമെ സൂറത്തുന്നഹ്‌ല്‍: 126, അത്തൗസ: 13 എന്നീ ആയത്തുകളും പരിശോധിക്കുക. അക്രമികള്‍ ക്കെതിരെ മാത്രമാണ്‌ ഇസ്‌ലാമിലെ യുദ്ധമെന്ന്‌ ഈ സൂക്തങ്ങള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം തെളിയി ക്കുന്നു. അല്ലാമാ ഇബ്‌നുല്‍ഖയ്യിം, ഇസ്‌ലാമിലെ യുദ്ധത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ മറുപടിയായി എഴുതിയ �ഹിദായത്തുല്‍ ഹയാറാ ഫി അജ്‌വിസത്തില്‍ യഹൂദിവന്നസ്വാറാ� എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്‌. �ദീന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്‌ ദീനിനെതിരെ യുദ്ധത്തിന്‌ വരുന്നവരോട്‌ മാത്രമാണ്‌. എന്നാല്‍ സന്ധിയാവുകയും സമാധാനമാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ആയുധമെടുക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കുന്നില്ല. ദീനില്‍ പ്രവേശിക്കാന്‍ അവരെ നിര്‍ബ്ബന്ധിക്കുന്നുമില്ല� (23). ഇമാം ഇബ്‌നു തൈമിയ്യ അസ്സിയാത്തുശ്ശര്‍ഇയ്യ: എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്‌. നിഷേധികള്‍ക്കെതിരെ ആയുധമെ ടുക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്‌ അവര്‍ നമ്മോട്‌ യുദ്ധംചെയ്യുന്നതു കൊണ്ടാണ്‌. അവിശ്വാസം - കുഫ്‌ര്‍ - കാരണമാ ണെന്ന്‌ പറയുന്നത്‌ ശരിയല്ല. അത്‌ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നതിന്‌ എതിരാണ്‌. ഇഖാമത്തുദ്ദീനിന്‌ വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെ തടയുന്നവരോട്‌ മാത്രമേ നാം യുദ്ധംചെയ്യൂ. പ്രബോധനരംഗത്ത്‌ ഒരു മുസ്‌ലിമിനെ തടയാത്തവന്റെ അവിശ്വാസം - കുഫ്‌റ്‌ - അവന്ന്‌ മാത്രമേ ദ്രോഹംചെയ്യൂ. (24).
അക്രമികളല്ലാത്ത, നിരപരാധികളായ അവിശ്വാസികളോട്‌ കുഫ്‌റിന്റെ പേരില്‍ ബന്ധം വിഛേദിക്കുവാനോ, യുദ്ധംചെയ്യുവാനോ ഇസ്‌ലാം കല്‍പ്പിക്കുന്നില്ല. അവരോട്‌ നീതിയില്‍ വര്‍ത്തിക്കണമെന്നും നന്‍മചെയ്യണ മെന്നുമാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. �മതത്തിന്റെ പേരില്‍ നിങ്ങളോട്‌ യുദ്ധംചെയ്‌തിട്ടില്ലാത്തവരും, നിങ്ങളെ വീടുകളില്‍നിന്ന്‌ ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട്‌ നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത്‌ അല്ലാഹു വിലക്കുകയില്ല. നിശ്ചയം നീതിനിഷ്‌ടയുള്ളവരെ അല്ലാഹു സ്‌നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യുകയും, നിങ്ങളുടെ ഭവനങ്ങളില്‍നിന്ന്‌ ആട്ടിയോടിക്കുകയും ചെയ്‌തവരോട്‌ നിങ്ങള്‍ മൈത്രി പുലര്‍ത്തുന്നത്‌ മാത്രമാണ്‌ അല്ലാഹു വിലക്കുന്നത്‌. അത്തരക്കാരുടെ മിത്രങ്ങളാകുന്നവര്‍ അതിക്രമ കാരികള്‍ തന്നെ. (അല്‍മുംതഹീന-8, 9) അവിശ്വാസമല്ല ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കും എതിരിലുള്ള ശാത്രവവും അക്രമവുമാണ്‌ നിഷേധികളോടുള്ള ബന്ധവിഛേദത്തിന്റെയും യുദ്ധത്തിന്റെയും കാരണമെന്ന്‌ ഈ ആയത്തുകള്‍ തെളിയിക്കുന്നു. അതിനാല്‍ അവിശ്വാസികളില്‍പ്പെട്ട, ശത്രുക്കളെയും അല്ലാത്തവരെയും വേര്‍ത്തിരിച്ച്‌ കാണേണ്ടതുണ്ട്‌.
എന്നാല്‍ അവിശ്വാസമാണ്‌ (കുഫ്‌ര്‍) നിഷേധികളോടുള്ള യുദ്ധത്തിന്റെ കാരണമെന്നും, അതുകൊണ്ട്‌ ഇസ്‌ലാം സ്വീകരിക്കുംവരെ അവരോട്‌ യുദ്ധം ചെയ്യണമെന്നും വിസമ്മതിക്കുന്നവരെ വധിക്കണമെന്നും ഇസ്‌ലാം കല്‍പിച്ചിട്ടുണ്ടെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. �ഒരു കയ്യില്‍ വാളും മറുകയ്യില്‍ ഖുര്‍ആനും പിടിച്ച്‌� ഒന്നുകില്‍ ഇസ്‌ലാം അല്ലെങ്കില്‍ മരണം എന്നാക്രോശിക്കുന്ന നിര്‍ബന്ധമതപരിവര്‍ത്തന രീതി ഇസ്‌ലാമി നന്യമാണ്‌. ഇസ്‌ലാമിന്റെ യുദ്ധ സമീപനത്തെക്കുറിച്ച അജ്ഞതയാണ്‌ ഇത്തരമൊരു തെറ്റിദ്ധാരണക്ക്‌ കാരണം. അതിനാല്‍ ഇവ്വിഷയകമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുള്ള ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്‌.
1. ഫിത്‌ന അവസാനിക്കുകയും ദീന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. അഥവാ അവര്‍ വിരമിക്കുന്നുവെങ്കില്‍ അറിയുക അക്രമികളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല. (2:193)
2. ഫിത്‌ന ഇല്ലാതാവുകയും ദീന്‍ പൂര്‍ണ്ണമായും അല്ലാഹുവിനാവുകയും ചെയ്യുന്നത്‌വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. അഥവാ അവര്‍ ഫിത്‌നയില്‍ നിന്ന്‌ വിരമിക്കുകയാണെങ്കില്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കു ന്നതെല്ലാം കാണുന്നവനത്രെ. (8:39)
ഈ രണ്ട്‌ ആയത്തുകളിലും �ഫിത്‌ന ഇല്ലാതാകുക� ദീന്‍ അല്ലാഹുവിനാവുക� എന്നീ പ്രയോഗങ്ങളുടെ അര്‍ത്ഥം എല്ലാവരെയും മുസ്‌ലിംകളാവാന്‍ നിര്‍ബന്ധിക്കുകയും തയ്യാറാകാത്തവരോട്‌ യുദ്ധം ചെയ്യുകയും അങ്ങനെ എല്ലാ മതങ്ങളും നശിപ്പിച്ച്‌ ലോകത്ത്‌ ഇസ്‌ലാം മാത്രം നിലനില്‍ക്കുന്ന അവസ്ഥ സൃഷ്‌ടിക്കുകയുമാ ണെന്ന്‌ പലരും പ്രചരിപ്പിക്കാറുണ്ട്‌. അതു ശരിയല്ല.
സ്വര്‍ണ്ണവും വെള്ളിയും തീയില്‍വെച്ച്‌ ഉരുക്കി ശുദ്ധീകരിക്കുക എന്നതാണ്‌ �ഫിത്‌ന� യുടെ അടിസ്ഥാന അര്‍ത്ഥം. കലാപം, അതിക്രമം, പീഡനം തുടങ്ങിയ അര്‍ത്ഥങ്ങളിലാണ്‌ �ഫിത്‌ന� മുന്‍ചൊന്ന ആയത്തുകളില്‍ പ്രയോഗിച്ചിട്ടുള്ളത്‌. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ ശത്രുക്കള്‍ നടത്തിയ മര്‍ദ്ദന ങ്ങള്‍, ദീനില്‍നിന്ന്‌ ആളുകളെ അകറ്റാനായി നടത്തിയ കുപ്രചാരണങ്ങള്‍, നബി (സ) യെയും സഹാബിമാ രെയും മക്കയില്‍നിന്ന്‌ പുറത്താക്കിയത്‌, മസ്‌ജിദുല്‍ ഹറാമില്‍നിന്ന്‌ അവരെ തടഞ്ഞത്‌ തുടങ്ങിയ കാര്യങ്ങ ളാണ്‌ ഫിത്‌ന കൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ ഇമാം സമഖ്‌ശരി വിശദീകരിച്ചിട്ടുണ്ട്‌ (25). ഫിത്‌ന വധത്തേക്കാള്‍ കഠിനമാണ്‌ (2:191), ഞങ്ങള്‍ വിശ്വസിച്ചു എന്ന്‌ പറഞ്ഞതിന്റെ പേരില്‍ പരീക്ഷിക്കപ്പെടാതെ (ഫിത്‌ന) രക്ഷപ്പെടാമെന്ന്‌ ജനങ്ങള്‍ക്ക്‌ വിചാരമുണ്ടോ? (അല്‍-അന്‍കബൂത്ത്‌:2) എന്നീ സൂക്തങ്ങള്‍ ഇതേ ആശയമാണ്‌ സൂചിപ്പിക്കുന്നത്‌. സയ്യിദ്‌ റശീദ്‌ റിദാ എഴുതുന്നു. ദീനിന്റെ പേരില്‍ യാതൊരുനാശവും ഇല്ലാതിരിക്കുക. അതായത്‌ ദീന്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും, പ്രചരിപ്പിക്കുന്നതില്‍ നിന്നും, നിങ്ങളെ തടയുവാനും ദ്രോഹിക്കു വാനുമുള്ള ശക്തികള്‍ ഇല്ലാതിരിക്കുക. �ദീന്‍ അല്ലാഹുവിനാവുക� എന്നതിന്റെ ഉദ്ദേശ്യം ദീനിന്റെ കാര്യത്തില്‍ മറ്റൊരാളെയും ഭയപ്പെടേണ്ടാത്തവിധം എല്ലാവര്‍ക്കും നിഷ്‌കളങ്കരായി അല്ലാഹുവില്‍ വിശ്വസിക്കാന്‍ കഴിയുക എന്നതാണ്‌. ദീന്‍ അനുസരിക്കാന്‍ ആരെയും പ്രീണിപ്പിക്കേണ്ടി വരികയോ, രഹസ്യമായി ചെയ്യേണ്ടിവരികയോ അരുത്‌ (26). ഇതേ ആശയംതന്നെയാണ്‌ അധിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സൂചിപ്പിച്ചിട്ടുള്ളത്‌. ശഹീദ്‌ സയ്യിദ്‌ ഖുതുബ്‌ ഇസ്‌ലാമിനെതിരിലുള്ള കമ്മ്യൂണിസത്തിന്റെ പ്രവര്‍ത്തനങ്ങളെ �ഫിത്‌ന�ക്ക്‌ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. (27).
രണ്ട്‌ ആയത്തുകളും അവസാനിപ്പിച്ചുകൊണ്ട്‌ �അഥവാ അവര്‍ വിരമിക്കുന്നുവെങ്കില്‍ അറിയുക അക്രമിക ളോടല്ലാതെ ആരോടും കയ്യേറ്റം പാടില്ല.� (2: 193), �അഥവാ അവര്‍ ഫിത്‌നയില്‍നിന്ന്‌ വിരമിക്കുകയാണെങ്കില്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം വ്യക്തമായി അറിയുന്നവനാണ്‌� (8: 193), �അഥവാ അവര്‍ ഫിത്‌ന യില്‍നിന്ന്‌ വിരമിക്കുകയാണെങ്കില്‍ അല്ലാഹു അവര്‍ പ്രവര്‍ത്തുക്കുന്നതെല്ലാം വ്യക്തമായി അറിയുന്നവനാണ്‌� (8: 39). എന്ന്‌ പറഞ്ഞതില്‍നിന്ന്‌ യുദ്ധത്തിന്റെ കാരണം കുഫ്‌റല്ല അക്രമമാണെന്ന്‌ വ്യക്തമാണ്‌. കുഫ്‌റായി രുന്നു കാരണമെങ്കില്‍, അവര്‍ യുദ്ധം നിര്‍ത്തിയാലും നിങ്ങള്‍ നിര്‍ത്തരുത്‌, ഇസ്‌ലാം സ്വീകരിക്കുന്നതുവരെ അവരോട്‌ യുദ്ധംചെയ്യുക എന്നായിരുന്നു പറയേണ്ടിയിരുന്നത്‌. സയ്യിദ്‌ മൗദൂദി (റ) എഴുതുന്നു: വിരമിക്കുക യെന്നാല്‍ കാഫിറുകള്‍ കുഫ്‌റില്‍നിന്നും വിരമിക്കുകയെന്നല്ല ഫിത്‌നയില്‍നിന്നും വിരമിക്കുകയെന്നാണ്‌. കാഫിര്‍, മുശ്‌രീക്ക്‌, നിരീശ്വരവാദി തുടങ്ങിയ ആര്‍ക്കും ഇഷ്‌ടമുള്ള ഏത്‌ ദര്‍ശനവും പുലര്‍ത്താന്‍ അധികാര മുണ്ട്‌. ആരെ വേണമെങ്കിലും പൂജിക്കാനും, ആരെയും പൂജിക്കാതിരിക്കുവാനും അവര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. ഈവക ദുര്‍മാര്‍ഗ്ഗത്തില്‍നിന്ന്‌ അവരെ മോചിപ്പിക്കുവാന്‍ നാം ഉപദേശവും ഉല്‍ബോധനവും നടത്തുമെങ്കിലും അതിന്റെ പേരില്‍ നാം അവരോട്‌ യുദ്ധംചെയ്യുകയില്ല (28). ശഹീദ്‌ സയ്യിദ്‌ ഖുതുബ്‌ എഴുതുന്നു:
അക്രമികള്‍ അവരുടെ അക്രമപ്രവര്‍ത്തനങ്ങളില്‍നിന്ന്‌ പിന്തിരിയുകയും ദൈവത്തിനും മനുഷ്യര്‍ക്കുമിട യില്‍ മറയാകുന്നത്‌ ഒഴിവാക്കുകയും ചെയ്‌താല്‍ പിന്നെ അവരോട്‌ ശത്രുതയില്ല. എന്നുവെച്ചാല്‍ പിന്നെ അവരോട്‌ യുദ്ധമുണ്ടാവുകയില്ല. കാരണം ജിഹാദ്‌ അക്രമത്തിനും അക്രമികള്‍ക്കുമെതിരെ മാത്രമാണ്‌ (29).
(തുടരും)

സൂചിക:
18. സാദുല്‍ മആദ്‌ 3/5-9, അല്‍ മുഅ്‌ജമുല്‍ വസ്വീത്വ്‌ 1/142.
19. അല്‍ഫുര്‍ഖാന്‍: 52, അല്‍ ഹജ്ജ്‌: 78, അല്‍ അന്‍കബൂത്ത്‌: 6, 69.
20. അല്‍ ഹജ്ജ്‌ - 78.
21. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 3/645.
22. തഫ്‌സീറുല്‍ മറാഗി 1/88.
23. അല്‍ജിഹാദുല്‍ മശ്‌റൂഅ്‌ 1/22.
24. അതേ പുസ്‌തകം 1/25.
25. അല്‍ കശ്ശാഫ്‌ 1/342.
26. മുഖ്‌തസ്വറു തഫ്‌സീറി ഇബ്‌നികസീര്‍ 1/148.
27. ഖുര്‍ആന്റെ തണലില്‍ 1/189-195.
28. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 1/171.
29. ഖുര്‍ആന്റെ തണലില്‍ 1/372, 1/195, സ്വഹ്‌വത്തുത്തഫാസീര്‍ 1/112 തഫ്‌സീറുല്‍ മറാഗി 1/88-89.

1 comments:

mdharan puthanmadom said...

ഈ ലേഖനം വായിച്ചതില്‍നിന്നും ജിഹാദ് എന്നവാക്കിന് 'യുദ്ധം' എന്ന അര്‍ത്ഥം ഇല്ലെങ്കില്‍പോലും 'സമരം' എന്ന അര്‍ത്ഥം ഉള്ളതായി മഹനസ്സിലാക്കുന്നു.തെറ്റുണ്ടെക്കില്‍ ദയവായിതിരുത്തുക.

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates