Wednesday, 20 June 2012

ആത്മീയതയുടെ അതിര്‍വരമ്പുകള്‍


മിതത്വവും സന്തുലിതത്വവും ഇസ്‌ലാമിന്റെ മൗലിക ഗുണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. രണ്ട്‌ അറ്റങ്ങളില്‍ നില്‍ക്കുന്നതിനെ, തീവ്രതയെയും ജീര്‍ണതയെയും ദീന്‍ വെറുക്കുന്നു. വിശ്വാസം, ആരാധന, അനുഷ്‌ഠാനങ്ങള്‍, ഭക്തി, സ്വഭാവം, പെരുമാറ്റം, ഭക്ഷണം തുടങ്ങി സര്‍വ രംഗങ്ങളിലും മധ്യമനിലപാടാണ്‌ കൈക്കൊള്ളേണ്ടതെന്ന്‌ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളതുതന്നെ `മധ്യമ മാര്‍ഗം' എന്നാണ്‌: `ഞങ്ങളെ നീ ഋജുവായ വഴിയിലൂടെ നയിക്കേണമേ' (അല്‍ഫാതിഹ 5). ചൊവ്വായ, നേരായ എന്നൊക്കെ പരിഭാഷപ്പെടുത്താറുള്ള മുസ്‌തഖീം എന്ന വാക്കിന്‌ മുഅ്‌തദില്‍  എന്നാണ്‌ അര്‍ഥം. ഇസ്‌തഖാമ  ക്ക്‌ ഇഅ്‌തദല എന്ന വിശദീകരണമാണ്‌ നിഘണ്ടുക്കളില്‍ നല്‍കിയിട്ടുള്ളത്‌. മധ്യമനിലപാട്‌ കൈക്കൊള്ളുക, മിതവാദിയാവുക എന്നെല്ലാമാണ്‌ ആ വാക്കിന്റെ അര്‍ഥം.
ഇസ്‌ലാമിന്റെ മുഖമുദ്രയായ മിതത്വം മുസ്‌ലിം സമൂഹത്തിന്റെ സവിശേഷതയും ഇതര ജനവിഭാഗങ്ങളില്‍നിന്ന്‌ അവരെ വേര്‍തിരിക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്നുമാണ്‌. അല്ലാഹു പറയുന്നു: ``ഈ വിധം നാം നിങ്ങളെ ഒരു മധ്യമസമുദായം ) ആക്കിയിരിക്കുന്നു; നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളാകാന്‍ വേണ്ടി'' (അല്‍ബഖറ 143). വസത്വ്‌ എന്ന വാക്കിന്‌ നബി(സ) നല്‍കിയിട്ടുള്ള വിശദീകരണം അദ്‌ല്‍ ) എന്നാണ്‌. മധ്യമം, മിതം എന്നൊക്കെയാണതിന്റെ വിവക്ഷ. ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദുബ്‌നു അഹ്‌മദുല്‍ ഖുര്‍ത്വുബി എഴുതുന്നു: ``കഅ്‌ബ ഭൂമിയുടെ മധ്യത്തിലാണ്‌. അതുപോലെ നിങ്ങളെ മധ്യമസമുദായമാക്കിയിരിക്കുന്നു. വസത്വ്‌ എന്നാല്‍ അദ്‌ല്‍ എന്നാണ്‌ അര്‍ഥം. കാര്യങ്ങളില്‍ ഏറ്റവും സ്‌തുത്യര്‍ഹമായത്‌ മധ്യമനിലയിലുള്ളതായിരിക്കും. നബി(സ)യില്‍നിന്ന്‌ അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു: `നാം നിങ്ങളെ മധ്യമസമുദായമാക്കി', അതായത്‌ `മിതനിലപാട്‌ കൈക്കൊള്ളുന്നവര്‍'. മധ്യമമായത്‌ എന്നാല്‍ നീതിപൂര്‍വകമായത്‌ എന്നാണര്‍ഥം. തീവ്രതയില്‍നിന്നും ജീര്‍ണതയില്‍നിന്നും അകന്നുനില്‍ക്കലാണത്‌. അതുകൊണ്ടാണത്‌ പ്രശംസനീയമാകുന്നത്‌. മുസ്‌ലിംകള്‍, ക്രൈസ്‌തവരെപ്പോലെ പ്രവാചകന്മാരുടെ കാര്യത്തില്‍ അതിരുകവിയുകയോ ജൂതരെപ്പോലെ തെറ്റുകള്‍ ചെയ്യുകയോ അരുത്‌. കാര്യങ്ങളില്‍ ഉത്തമമായത്‌ മധ്യമനിലപാടിലുള്ളതാണെന്ന്‌ ഹദീസില്‍ വന്നിട്ടുണ്ട്‌. അലി(റ) പറഞ്ഞിരിക്കുന്നു: നിങ്ങള്‍ മധ്യമനിലപാട്‌ സ്വീകരിക്കുക. മുകളിലുള്ളവര്‍ക്ക്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ സാധിക്കും. താഴെയുള്ളവര്‍ക്ക്‌ അതിലേക്ക്‌ ഉയരാനും കഴിയും'' (ഖുര്‍ത്വുബി 2/154). ഇസ്‌ലാമിനെക്കുറിച്ച്‌ മുസ്‌തഖീം, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ വസത്വ്‌ എന്നീ പ്രയോഗങ്ങളുടെ അര്‍ഥങ്ങള്‍ തമ്മിലുള്ള സമാനത സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
1. ആത്മീയതയിലെ മധ്യമമാര്‍ഗം
ഇസ്‌ലാം ആത്മീയതക്ക്‌ വലിയ പ്രാധാന്യവും പരിഗണനയും നല്‍കിയിട്ടുണ്ട്‌. അല്ലാഹുവും മനുഷ്യനും തമ്മില്‍ ബന്ധം സ്ഥാപിക്കുകയും ദൃഢീകരിച്ച്‌ നിലനിര്‍ത്തുകയും ചെയ്യാനുള്ള മുഖ്യമാര്‍ഗമാണത്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും നാനാവശങ്ങളെയും പരിശുദ്ധവും ചൈതന്യവത്തുമാക്കിത്തീര്‍ക്കുന്നത്‌ ആത്മീയതയാണ്‌. ആത്മീയതയില്ലാത്ത വ്യക്തിയും സമൂഹവും ഊഷരവും അസ്വസ്ഥപൂര്‍ണവുമായിരിക്കും. പ്രശ്‌ന സങ്കീര്‍ണതകള്‍ അവരെ അലട്ടിക്കൊണ്ടേയിരിക്കും. ആത്മീയശൂന്യത അനുഭവിക്കുന്ന വ്യക്തിക്കും ജനതക്കും മറ്റെന്ത്‌ ഭൗതിക വിഭവങ്ങളുണ്ടെങ്കിലും ക്ഷേമപൂര്‍ണമായ ജീവിതം നയിക്കാനോ ഉന്നതമായൊരു സംസ്‌കാരവും നാഗരികതയും കെട്ടിപ്പടുക്കാനോ സാധ്യമാവുകയില്ല. ആത്മീയ ഔന്നത്യം പ്രാപിക്കാനുള്ള പ്രധാനമാര്‍ഗം ആരാധനകള്‍ കൃത്യമായും പൂര്‍ണമായും അനുഷ്‌ഠിക്കലാണ്‌. അതുവഴി ആത്മീയോല്‍ക്കര്‍ഷത്തിന്റെ ഉന്നത വിതാനത്തിലേക്ക്‌ മനുഷ്യന്‌ നടന്നുകയറാനാകും. വ്യക്തിജീവിതത്തിന്റെ സര്‍വരംഗങ്ങളെയും, സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക-രാഷ്‌ട്രീയ മേഖലകളെയും വിശുദ്ധവും മൂല്യവത്തുമാക്കിത്തീര്‍ക്കാനും സാധിക്കും. പരലോകമോക്ഷം മാത്രമല്ല ഇഹലോകക്ഷേമവും ആരാധനകളിലൂടെ നേടിയെടുക്കാം (സൂറത്തുന്നൂഹ്‌ 10-12). അതുകൊണ്ട്‌ ആരാധനകളില്‍ കണിശത പുലര്‍ത്താന്‍ ഇസ്‌ലാം കല്‍പിക്കുന്നു. വീഴ്‌ചയും ഉപേക്ഷയും വരുത്തുന്നത്‌ കുറ്റകരമാണെന്ന്‌ ദീന്‍ പഠിപ്പിക്കുന്നു.
എന്നാല്‍ മിതത്വം, മധ്യമനിലപാട്‌ എന്നീ സവിശേഷതകള്‍ ഇസ്‌ലാമിന്റെ മറ്റു വശങ്ങള്‍ക്കെന്നപോലെ ആത്മീയതക്കും ബാധകമാണ്‌. അമിതമായ ഭൗതികാസക്തിയെ ഇസ്‌ലാം വിലക്കുന്നതു പോലെ, അനിയന്ത്രിതമായ ആത്മീയതയെയും ദീന്‍ തടയുന്നു. ആരാധനകളില്‍ തീവ്രതയും അമിതത്വവും കാണിക്കുന്നത്‌ ശക്തിയായി വിരോധിച്ചിരിക്കുന്നു. ആരാധനകള്‍ ഉപേക്ഷിക്കുന്നത്‌ കുറ്റകരമാണ്‌; അമിതത്വം പുലര്‍ത്തുന്നതും തെറ്റാണ്‌. ഇതാണ്‌ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്‌. ഈ അടിസ്ഥാന തത്ത്വങ്ങളില്‍ ഭേദഗതി വരുത്താന്‍ ആര്‍ക്കും അധികാരമില്ല. `ഞങ്ങള്‍ ചെയ്യുന്നത്‌ അല്ലാഹുവിന്‌ വേണ്ടിയാണെന്നും അതു മുഖേന കൂടുതല്‍ പുണ്യം ലഭിക്കുമെന്നു'മുള്ള വാദങ്ങള്‍ സ്വീകാര്യമല്ല. പ്രത്യക്ഷത്തില്‍ നന്മയായിരിക്കാം, പുണ്യം ലഭിക്കുമെന്നു തോന്നിയേക്കാം, ഉദ്ദേശ്യം പരിഗണിക്കുമ്പോള്‍ അല്ലാഹുവിനുവേണ്ടി മാത്രമുള്ളതുമായേക്കാം. പക്ഷേ, അത്‌ അല്ലാഹു കല്‍പിച്ചതും പ്രവാചകന്‍ വിശദീകരിച്ചു പഠിപ്പിച്ചതുമായ ദീനിന്റെ മൗലിക സ്വഭാവത്തിലും യഥാര്‍ഥ വിഭാവനകളിലും മാറ്റം വരുത്തലാണ്‌. അതിന്‌ വിപരീത ഫലമാണുണ്ടാവുക. ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രകൃതി നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ആത്മീയ ഔന്നത്യത്തിനുവേണ്ടി ശ്രമിക്കാവൂ. ആരാധനകള്‍ക്ക്‌ ഇസ്‌ലാം നിശ്ചയിച്ചതിലുമധികം പ്രാധാന്യം നല്‍കാവതല്ല. ഒരു ആരാധനക്ക്‌ മറ്റു ആരാധനകളേക്കാള്‍ അനുവദിക്കപ്പെട്ടതിലേറെ പ്രാമുഖ്യം നല്‍കാനും പാടില്ല. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ നമസ്‌കാരമാണ്‌. നിര്‍ണിത രൂപവും രീതിയുമുണ്ടെന്നതുപോലെ നിശ്ചിത എണ്ണവും പരിധിയും നമസ്‌കാരത്തിന്‌ ദീന്‍ നിശ്ചയിച്ചിട്ടുണ്ട്‌. ആ പരിധികള്‍ ലംഘിച്ച്‌ കല്‍പിക്കപ്പെട്ടതിലേറെ എണ്ണമോ സമയമോ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. പ്രാധാന്യത്തില്‍ നമസ്‌കാരത്തോടൊപ്പം നില്‍ക്കുന്നതാണ്‌ സകാത്ത്‌. നോമ്പിനും ഹജ്ജിനും സകാത്തിനേക്കാള്‍ പ്രാധാന്യം നല്‍കാവതല്ല. പക്ഷേ, പൊതുവെ സമൂഹത്തില്‍ സകാത്തിന്‌ ലഭിക്കാത്ത പ്രാധാന്യമാണ്‌ ഹജ്ജിന്‌ ലഭിക്കുന്നത്‌. ഇത്‌ ദീനിന്റെ താല്‍പര്യത്തിന്‌ വിരുദ്ധമാണ്‌.
`ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതും വീഴ്‌ച വരുത്തുന്നതുമാണ്‌ തെറ്റ്‌. കല്‍പിക്കപ്പെട്ടതിലേറെ പ്രാധാന്യത്തോടെ അവ അനുഷ്‌ഠിക്കുന്നതോ, അല്ലാഹുവും പ്രവാചകനും നല്‍കിയ ഇളവുകള്‍ തിരസ്‌കരിക്കുന്നതോ കുറ്റമല്ല. തഖ്‌വയും ദൈവസാമിപ്യവും വര്‍ധിപ്പിക്കാനാണ്‌ കൂടുതല്‍ നിര്‍വഹിക്കുന്നത്‌. അതുകൊണ്ടത്‌ പുണ്യകരമാണ്‌, എന്ന്‌ ചിലയാളുകള്‍ ധരിക്കുന്നു. ത്വരീഖത്തുകള്‍ പഠിപ്പിക്കുന്ന അനേകം ആരാധനാ രീതികളുടെയും പരിശീലനമുറകളുടെയും അടിസ്ഥാനം ഈ ചിന്തയാണ്‌. പക്ഷേ, ഈ കാഴ്‌ചപ്പാട്‌ ദീന്‍ ശക്തിയായി വിരോധിച്ചതാണെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. അല്ലാഹു പറയുന്നു: ``വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിര്‍കവിയരുത്‌. സത്യമല്ലാത്തതൊന്നും അല്ലാഹുവെക്കുറിച്ച്‌ പറയുകയുമരുത്‌'' (അന്നിസാഅ്‌ 17). ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഖുര്‍ത്വുബി പറയുന്നത്‌ ശ്രദ്ധേയമാണ്‌: ``കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നതും, അതിര്‍കവിയുന്നതും തെറ്റും നിഷേധവുമാണ്‌. അതുകൊണ്ടാണ്‌ മുത്വര്‍രിഫ്‌ബ്‌നു അബ്‌ദില്ല പറഞ്ഞത്‌: രണ്ട്‌ തിന്മകള്‍ക്ക്‌ (തീവ്രതക്കും ജീര്‍ണതക്കും) ഇടയിലാണ്‌ ഒരു നന്മയുള്ളത്‌'' (ഖുര്‍ത്വുബി 6/21). ``ദീനില്‍ എന്തെങ്കിലും വര്‍ധിപ്പിക്കുന്നത്‌ അതിലുള്ള ഒന്ന്‌ ഉപേക്ഷിക്കുന്നതു പോലെത്തന്നെയാണ്‌. രണ്ടും ദീനിന്റെ യാഥാര്‍ഥ ഘടനയില്‍ മാറ്റം വരുത്തലാണ്‌'' (തഫ്‌സീറുല്‍ ഖുര്‍ആനില്‍ ഹകീം 6/81).
അല്ലാഹുവില്‍നിന്ന്‌ വേദഗ്രന്ഥങ്ങള്‍ ലഭിച്ച മുന്‍ സമൂഹങ്ങള്‍ക്ക്‌ സംഭവിച്ച അബദ്ധമായിരുന്നു ആത്മീയതയോടുള്ള അമിതാസക്തിയും തീവ്രവാദവും. മനുഷ്യപുത്രനായ ഈസാ(അ)യെ ക്രൈസ്‌തവര്‍ ദൈവപുത്രനും ദൈവവുമാക്കി. ഈസാ നബിയോടുള്ള വെറുപ്പോ ശത്രുതയോ അല്ല, അമിതഭക്തിയും ബഹുമാനവുമാണ്‌ അദ്ദേഹത്തെ ദൈവമാക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌. പക്ഷേ അത്‌ സന്മാര്‍ഗത്തില്‍നിന്നുള്ള വ്യതിചലനമായി മാറി. ആത്മീയരംഗത്തുള്ള തീവ്രവാദത്തെ വിലക്കിയ ഖുര്‍ആന്‍ വേദക്കാരോട്‌ പറയുന്നു: ``പറയുക, അല്ലയോ വേദക്കാരേ, നിങ്ങള്‍ സ്വന്തം മതത്തില്‍ അന്യായമായി മിതത്വം കാണിക്കാതിരിക്കുക. (അല്‍ മാഇദ 77)
ഇതേ വിഷയം തന്നെയാണ്‌ സൂറത്തുന്നിസാഇലും(171) സൂചപ്പിച്ചിട്ടുള്ളത്‌(171-ാം സൂക്തം). ഈ ആയത്തുകള്‍ക്ക്‌ ഇമാം ഇബ്‌നു കസീര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ സംഗ്രഹിക്കാം: ``ഏതെങ്കിലുമൊരു കാര്യത്തിന്‌ അല്ലാഹു നല്‍കിയിട്ടുള്ളതിലേറെ ഉയര്‍ന്ന സ്ഥാനം നല്‍കലാണ്‌ അതിര്‍കവിയല്‍ . ക്രൈസ്‌തവര്‍ യേശുവിനെ ദൈവമാക്കി. യേശുവിന്റെ പിന്തുടര്‍ച്ചക്കാരെന്ന്‌ വാദിച്ചവര്‍ക്ക്‌ പാപസുരക്ഷിതത്വം  ഉണ്ടെന്ന്‌ വിശ്വസിച്ചു. അവര്‍ പറഞ്ഞതെല്ലാം നന്മ, തിന്മ വിവേചനമില്ലാതെ, ഹലാല്‍-ഹറാം വേര്‍തിരിവില്ലാതെ ക്രൈസ്‌തവര്‍ അംഗീകരിച്ചു. നബി(സ) പറഞ്ഞിട്ടുണ്ട്‌: `ക്രൈസ്‌തവര്‍ ഈസായെ പുകഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്‌ത്തരുത്‌. ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌. അതിനാല്‍ അല്ലാഹുവിന്റെ അടിമയും അവന്റെ പ്രവാചകനും എന്ന്‌ പറയുക' (ബുഖാരി). സത്യത്തെ പിന്തുടരുന്നതിലും പരിധിവിടരുത്‌. നേതാക്കന്മാരെ അതിരുവിട്ട്‌ പുകഴ്‌ത്തരുത്‌. നിങ്ങള്‍ പല ശൈഖുമാരെയും പിന്തുടരും. അവര്‍ സ്വയം വഴിതെറ്റിയവരും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരുമായിരിക്കും' (ഇബ്‌നു കസീര്‍ 1/467-68, 1/537).
വേദക്കാര്‍ക്ക്‌ നല്‍കിയിട്ടുള്ള ഈ മുന്നറിയിപ്പുകള്‍ മുസ്‌ലിംകള്‍ക്കും ബാധകമാണ്‌. അവര്‍ക്ക്‌ സംഭവിച്ച അപചയങ്ങള്‍ മുസ്‌ലിംകള്‍ക്കും സംഭവിക്കുമെന്ന്‌ മുന്‍കൂട്ടി കണ്ടിട്ടെന്നവണ്ണം നബി(സ) ഇങ്ങനെ പറഞ്ഞു: ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: ``നിങ്ങള്‍ മതത്തില്‍ അതിരുകവിയുന്നത്‌ കരുതിയിരിക്കുക. അതാണ്‌ പൂര്‍വികരെ നശിപ്പിച്ചത്‌'' (അഹ്‌മദ്‌, ഇബ്‌നുമാജ). ഈ കല്‍പന ചിലരെങ്കിലും ലംഘിക്കുമെന്ന്‌ മനസ്സിലാക്കിയ നബി(സ) ഇങ്ങനെയൊരു പ്രവചനവും നടത്തി: അബ്‌ദുല്ലാഹിബ്‌നു അംറ്‌ ഉദ്ധരിക്കുന്നു: ``തിരുമേനി അരുളി: ഇസ്‌മാഈല്‍ സമൂഹത്തിന്‌ വന്നുപെട്ട അതേ ദുര്‍ഗതി എന്റെ സമൂഹത്തിനും വന്നുപെട്ടു: ചെരുപ്പ്‌ ചെരുപ്പിന്‌ ഒക്കും വിധം. അവരിലൊരാള്‍ പരസ്യമായി മാതാവിനെ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ എന്റെ സമുദായത്തിലുണ്ടാകും'' (തിര്‍മിദി).
2. അമിത ഭക്തി
അമിതഭക്തി ആഗ്രഹിച്ചുകൊണ്ട്‌, അനിയന്ത്രിതമായി ആരാധനകളില്‍ മുഴുകാനും അതിരുവിട്ട്‌ ആത്മീയ മേഖലകളില്‍ വിഹരിക്കാനും പഠിപ്പിക്കുന്നുവെന്നതാണ്‌ ത്വരീഖത്തുകളുടെ പ്രധാന ദൂഷ്യങ്ങളിലൊന്ന്‌. ത്വരീഖത്ത്‌ചിന്ത ഊന്നി നില്‍ക്കുന്നതുതന്നെ ആത്മീയ തീവ്രവാദത്തിലാണ്‌. കൂടുതല്‍ ആരാധനകള്‍ നിര്‍വഹിക്കുകയും തീവ്രമായി പരിശീലനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിലൂടെ തഖ്‌വയുടെ അത്യുന്നത വിതാനത്തിലേക്കുയരാനും, അല്ലാഹുവിലേക്കടുക്കാനും സാധിക്കുമെന്നത്രെ ത്വരീഖത്തുകാര്‍ വാദിക്കുന്നത്‌. അതിനുവേണ്ടി ദീന്‍ പഠിപ്പിച്ചിട്ടുള്ള ആരാധനകള്‍ നബി(സ) പഠിപ്പിച്ചിട്ടുള്ള പരിധികള്‍ പാലിക്കാതെ, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാടുപെട്ട്‌ അനുഷ്‌ഠിക്കുന്നു. അതുകൊണ്ടും മതിയാകാതെ ഓരോ `ശൈഖും' പുതിയ പുതിയ ആരാധനാരീതികളും പരിശീലന മുറകളും രിയാളകളും സ്വന്തമായി രൂപപ്പെടുത്തിയെടുത്ത്‌ മുരീദുമാര്‍ക്ക്‌ നല്‍കുന്നു. സ്വന്തമായി നിര്‍മിക്കാന്‍ പ്രത്യേക പദവിയില്‍ എത്തിച്ചേര്‍ന്ന `ശൈഖി'ന്‌ മാത്രമേ അധികാരമുള്ളൂ. പുതുതായി ആവിഷ്‌കരിക്കുന്ന പരിശീലനമുറകള്‍ കഠിനവും പ്രയാസപൂര്‍ണവുമായിരിക്കും. `ഈമാനും തഖ്‌വയും വര്‍ധിപ്പിക്കാനും അല്ലാഹുവില്‍ വിലയം പ്രാപിക്കാനും സഹായിക്കുന്നതാണല്ലോ' എന്ന വാദംകൊണ്ടാണവയെ ന്യായീകരിക്കുക. പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും അവക്കുണ്ടാവില്ല.
നബി(സ) അനേകം ഹദീസുകളിലൂടെ വിലക്കിയത്‌ ഇതേ `ആത്മീയ തീവ്രവാദ'മായിരുന്നുവെന്നത്‌ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്‌. തങ്ങള്‍ക്ക്‌ നബി(സ) അനുഷ്‌ഠിക്കുന്ന ആരാധനകള്‍ പോരെന്നും കൂടുതല്‍ തഖ്‌വയുണ്ടാകണമെന്നും ആഗ്രഹിച്ച്‌ ആരാധനകളില്‍ അമിതത്വം പുലര്‍ത്തിയവരെയും ദീര്‍ഘനേരം നമസ്‌കരിച്ച്‌ ശരീരം ക്ഷീണിച്ച്‌ നില്‍ക്കാന്‍ സാധിക്കാതെവന്നപ്പോള്‍, പള്ളിയില്‍ കയര്‍കെട്ടി അതില്‍ പിടിച്ചുനിന്ന്‌ നമസ്‌കാരം തുടരാന്‍ ശ്രമിച്ചവരെയും നബി(സ) ശകാരിച്ചത്‌ ത്വരീഖത്തുകാര്‍ കാണാതെ പോവുകയാണോ?
വിടവാങ്ങല്‍ ഹജ്ജില്‍ മിനയില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കവെ നബി(സ) കല്ലുകളുടെ വലിപ്പത്തിലുള്ള അതിര്‍കവിച്ചിലിനെക്കുറിച്ച്‌ നല്‍കിയ മുന്നറിയിപ്പ്‌ ഏറെ ശ്രദ്ധേയമാണ്‌. ആരാധനാ തീവ്രതയുടെ തുടക്കം ചെറിയൊരു ബിന്ദുവില്‍നിന്നായിരിക്കുമെന്നും പിന്നീടത്‌ ദീനിനെത്തന്നെ നശിപ്പിച്ചുകളയുമെന്നും നബി(സ) സൂചിപ്പിക്കുന്നു.
ഇബ്‌നു അബ്ബാസ്‌(റ) നിവേദനം ചെയ്യുന്നു: അഖബയില്‍വെച്ച്‌ ഒരു പ്രഭാതത്തില്‍ ഒട്ടകപ്പുറത്തിരുന്നുകൊണ്ട്‌ നബി(സ) എന്നോട്‌ പറഞ്ഞു: `എനിക്ക്‌ കല്ലുകള്‍ പെറുക്കിത്തരൂ.' ഞാന്‍ തിരുമേനിക്ക്‌ ഏഴു കല്ലുകള്‍ എടുത്തുകൊടുത്തു. അവ ചെറിയ കല്ലുകളായിരുന്നു. അവ കൈകളിലിട്ട്‌ ഇളക്കി നോക്കിയ ശേഷം നബി(സ) പറഞ്ഞു: `ഇതേപോലുള്ളവകൊണ്ട്‌ എറിയുക. നിങ്ങള്‍ മതത്തില്‍ അതിരുകവിയുന്നത്‌ സൂക്ഷിക്കുക. കാരണം നിങ്ങള്‍ക്ക്‌ മുമ്പുള്ളവരെ നശിപ്പിച്ചത്‌ ദീനിലുള്ള അതിര്‍കവിച്ചിലായിരുന്നു. (ഇബ്‌നുമാജ). ഇബ്‌നുതൈമിയ്യ പറയുന്നു: ``നബി(സ)യുടെ ഈ താക്കീത്‌ വിശ്വാസപരവും കര്‍മപരവുമായ എല്ലാവിധ അതിര്‍കവിയലുകള്‍ക്കും ബാധകമാണ്‌. വിശ്വാസത്തിലും കര്‍മത്തിലും ഇതര വിഭാഗങ്ങളേക്കാള്‍ അതിരുകവിഞ്ഞവരാണ്‌ ക്രിസ്‌ത്യാനികള്‍. `നിങ്ങള്‍ സ്വന്തം മതത്തില്‍ അമിതത്വം കാണിക്കരുതെ'ന്ന്‌ (അന്നിസാഅ്‌ 117) അല്ലാഹു അവരെ വിലക്കി'' (ഉദ്ധരണം, അസ്സഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ ബൈനല്‍ ജുഹൂദി വത്തഅര്‍റുഫ്‌ - ഡോ. യൂസുഫുല്‍ ഖറദാവി, പേജ്‌ 26)
ദീന്‍ അനുവദിച്ച കാര്യങ്ങളില്‍ ഭക്തിയുടെ പേരിലാണെങ്കിലും പരിധിക്കപ്പുറം പോകുന്നത്‌ പല അപകടങ്ങള്‍ക്കും കാരണമാകും. എളുപ്പമുള്ള കര്‍മങ്ങള്‍ പ്രയാസപൂര്‍ണമാവുക, മടുപ്പുളവാകുകയും സ്ഥിരമായി അനുഷ്‌ഠിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുക, സമൂഹത്തിന്‌ മതനിയമങ്ങള്‍ ഭാരമാവുക തുടങ്ങിയവ സംഭവിക്കും. സ്‌ത്രീകള്‍ക്ക്‌ നല്‍കേണ്ട വിവാഹ മൂല്യത്തിന്റെ (മഹ്‌ര്‍) കാര്യത്തില്‍ അതിരുകവിയുന്നത്‌ വിലക്കിക്കൊണ്ടുള്ള നബിവചനം തീവ്രനിലപാടുകളെ ശക്തിയായി വിലക്കിയിട്ടുണ്ട്‌. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ല്‍നിന്ന്‌ നിവേദനം: നിങ്ങള്‍ സ്‌ത്രീകളുടെ മഹ്‌റിന്റെ കാര്യത്തില്‍ അതിര്‍കവിയരുത്‌. അത്‌ ദുന്‍യാവില്‍ ആദരണീയമോ അല്ലാഹുവിങ്കല്‍ തഖ്‌വയുള്ളതോ ആയിരുന്നെങ്കില്‍ അത്‌ ചെയ്യാന്‍ നിങ്ങളില്‍ ഏറ്റവും അര്‍ഹതയും അവകാശവുമുള്ളവര്‍ മുഹമ്മദ്‌(സ) ആയിരുന്നു. നബി(സ)തന്റെ ഭാര്യമാര്‍ക്കോ, നബിയുടെ പെണ്‍മക്കള്‍ക്കോ 12 ഊഖിയയിലധികം മഹ്‌ര്‍ നല്‍കിയിട്ടില്ല. തീര്‍ച്ചയായും ഒരാള്‍ക്ക്‌ ഭാര്യയുടെ മഹ്‌ര്‍ ഒരു ഭാരമായിത്തീരും. അയാള്‍ക്കവളോട്‌ മനസ്സില്‍ ശത്രുതയുണ്ടാകാനും അതിടവരുത്തും (ഇബ്‌നുമാജ - കിത്താബുന്നികാഹ്‌ 1-2/602).
അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദില്‍നിന്ന്‌ നിവേദനം. തിരുമേനി പറഞ്ഞു: `കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ നശിക്കട്ടെ.' മൂന്നുതവണ തിരുമേനിയിത്‌ ആവര്‍ത്തിച്ചു. (മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌) വാക്കിലും പ്രവൃത്തിയിലും അമിതത്വം കാണിക്കുന്നവരും പരിധിലംഘിക്കുന്നവരുമാണ്‌ കാര്‍ക്കശ്യക്കാര്‍ എന്ന്‌ ഇമാം നവവി വിശദീകരിച്ചിട്ടുണ്ട്‌. അനസുബ്‌നു മാലിക്‌ നിവേദനം ചെയ്യുന്നു: നബി(സ) പറയാറുണ്ടായിരുന്നു: ``നിങ്ങള്‍ സ്വയം വിഷമിപ്പിക്കുന്ന തീവ്രനിലപാട്‌ കൈക്കൊള്ളരുത്‌. അങ്ങനെ ചെയ്‌താല്‍ നിങ്ങള്‍ക്ക്‌ തീവ്രത വിധിക്കപ്പെടും. നിങ്ങള്‍ക്ക്‌ മുമ്പൊരു ജനത സ്വയം കര്‍ശന നിലപാട്‌ കൈക്കൊണ്ടും. അതുവഴി അവര്‍ക്കത്‌ പീഡനമായി. അവരുടെ ശേഷിക്കുന്ന തലമുറയാണിന്ന്‌ മഠങ്ങളിലും പര്‍ണശാലകളിലും കഴിഞ്ഞുകൂടുന്നത്‌. ഖുര്‍ആന്‍ പറഞ്ഞു: അവര്‍ സ്വയം നിര്‍മിച്ച പൗരോഹിത്യം നാം വിധിച്ചതായിരുന്നില്ല.'' (ഖറദാവി 27, ഇബ്‌നുകസീര്‍-അല്‍ഹമീദ്‌)
പക്ഷേ ഇതൊന്നും അംഗീകരിക്കാത്ത, ഇന്നത്തെ ത്വരീഖത്തുകാരെപ്പോലെ ചിന്തിച്ച ചിലര്‍ നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നു. അവര്‍ നബി(സ)യേക്കാള്‍ വലിയ ഭക്തരാകാന്‍ ശ്രമിച്ചു. ആത്മീയതക്ക്‌ അവര്‍ നല്‍കിയ അമിതത്വം പക്ഷേ നബി(സ) അംഗീകരിച്ചില്ല. അവരെ തന്റെ സുന്നത്ത്‌ അനുധാവനം ചെയ്യുന്നവരായല്ല തിരസ്‌കരിക്കുന്നവരായാണ്‌ നബി(സ) വിശേഷിപ്പിച്ചത്‌. ആഇശ (റ) നിവേദനം ചെയ്യുന്നു: ചില സ്വഹാബിമാര്‍ തിരുമേനിയുടെ പത്‌നിമാരോട്‌, അദ്ദേഹം രഹസ്യമായി അനുഷ്‌ഠിക്കാറുള്ള ആരാധനകളെക്കുറിച്ച്‌ ചോദിച്ചു. അതറിഞ്ഞപ്പോള്‍ അവര്‍ക്കത്‌ വളരെ കുറവായി തോന്നി. ഒരാള്‍ പറഞ്ഞു: `ഞാന്‍ ഇനി മാംസം ഭക്ഷിക്കില്ല. മറ്റൊരാള്‍: ഞാന്‍ വിവാഹം കഴിക്കില്ല', മൂന്നാമത്തെയാള്‍ ഞാനിനി വിരിപ്പില്‍ ഉറങ്ങില്ലെന്നും പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ നബി(സ) ഇങ്ങനെ പ്രതികരിച്ചു: ഇങ്ങനെയെല്ലാം പറയാന്‍ അവര്‍ക്ക്‌ എന്തുപറ്റി? ഞാനാകട്ടെ, നോമ്പെടുക്കുന്നു, എടുക്കാതിരിക്കുന്നു, ഉറങ്ങുന്നു, ഉറങ്ങാതിരിക്കുന്നു, മാംസം തിന്നുന്നു, വിവാഹം കഴിക്കുന്നു. എന്റെ സുന്നത്തിനെ വെറുത്തവന്‍ എന്റെ അനുയായിയല്ല (അസ്സഹ്‌വത്തുല്‍ ഇസ്‌ലാമിയ്യ). നബി(സ) അനുഷ്‌ഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആരാധനകള്‍ അനുഷ്‌ഠിക്കണമെന്ന്‌ തീരുമാനിച്ച ഒരു സംഘത്തെ നബി(സ) വിലക്കി. അതേ ആരാധനാ തീവ്രവാദം തന്നെയാണ്‌ ത്വരീഖത്തുകാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഈ വിഷയത്തില്‍ വന്ന ചില ഹദീസുകള്‍ കൂടി ശ്രദ്ധിക്കുക. ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: പ്രവാചകന്റെ ഒരു സേവകന്‍ പകല്‍ നോമ്പെടുക്കുകയും രാത്രിമുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിവരമറിഞ്ഞ നബി(സ) പറഞ്ഞു: ``ഏതു പ്രവര്‍ത്തിനത്തിനും ഒരു ഊക്കും ഉന്മേഷവുമുണ്ട്‌. ആ ഇടവേളയെ എന്റെ സുന്നത്തനുസരിച്ച്‌ ഉപയോഗിക്കുന്നവന്‍ സന്മാര്‍ഗത്തിലാണ്‌. മറിച്ച്‌ ഉപയോഗിക്കുന്നവന്‍ വഴിതെറ്റി'' (അസ്സ്വഹ്‌വ). അബ്‌ദുല്ലാഹിബ്‌നു അംറ്‌(റ) പറയുന്നു: ഏറെ പ്രയാസങ്ങള്‍ സഹിച്ച്‌ ആരാധനയില്‍ മുഴുകുന്ന ചില അനുചരന്മാരെക്കുറിച്ച്‌ നബി(സ)ക്ക്‌ വിവരം ലഭിച്ചു. തിരുമേനി പറഞ്ഞു: ഇസ്‌ലാമിക വികാരത്തിന്റെ പാരമ്യമാണത്‌ കാണിക്കുന്നത്‌. ഏതൊരു കാര്യത്തിന്റെ പാരമ്യതയില്‍ ഊര്‍ജസ്വലത പ്രകടമാകും. തുടര്‍ന്ന്‌ വിശ്രാന്തിയുടെ ഒരു ഇടവേളയുണ്ടാകും. ആ ഇടവേള ഖുര്‍ആനും നബിചര്യയുമനുസരിച്ചാണ്‌ ഉപയോഗിക്കുന്നതങ്കില്‍ നല്ലത്‌. അതല്ല, കുറ്റകര്‍മങ്ങളില്‍ മുഴുകുകയാണെങ്കില്‍ അവനാണ്‌ നശിച്ചവന്‍ (അഹ്‌മദ്‌). അവന്‍ നശിച്ചതുതന്നെ (അസ്സ്വഹ്‌വ). ഈ ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ അല്ലാമാ മുനാവി പറയുന്നു: ``അതായത്‌ പുരോഹിതന്മാരെ പോലെ സമൂഹത്തില്‍നിന്ന്‌ ഒറ്റപ്പെട്ട്‌ ആരാധനകളില്‍ മുഴുകുന്നവര്‍ അവശരായി ഒടുവില്‍ പരാജയപ്പെടുകയേ ഉള്ളൂ. അതിനാല്‍ മിതത്വം കൈക്കൊള്ളുക. കാര്യങ്ങള്‍ പൂര്‍ണതോതില്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതിനോടടുത്ത തോതിലെങ്കിലും ചെയ്യുക. കുറഞ്ഞ വിധത്തിലാണെങ്കിലും മുടങ്ങാതെ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ പ്രതിഫലമോര്‍ത്ത്‌ സന്തുഷ്‌ടരാവുക'' (അസ്സ്വഹ്‌വ).
3. ഇളവുകളുടെ തിരസ്‌കാരവും ശരീര പീഡനവും
പല സന്ദര്‍ഭങ്ങളിലും ആരാധനാ കര്‍മങ്ങളില്‍ അല്ലാഹു ഇളവുകള്‍ നല്‍കിയിട്ടുണ്ട്‌. വിശ്വാസികളുടെ മാനുഷിക ദൗര്‍ബല്യങ്ങളും പ്രയാസങ്ങളും പരിഗണിച്ചാണത്‌. യാത്രക്കാര്‍ക്ക്‌ രണ്ട്‌ നമസ്‌കാരങ്ങള്‍ ഒരുമിച്ച്‌ (��L) നിര്‍വഹിക്കാനും നാല്‌ റക്‌അത്തുള്ളവ ചുരുക്കി (���b) രണ്ട്‌ റക്‌അത്താക്കി നിര്‍വഹിക്കാനുമുള്ള അനുവാദം ഉദാഹരണം. മറ്റ്‌ ആരാധനകളിലും ഇതുപോലുള്ള ഇളവുകളുണ്ട്‌. അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവുമായി നല്‍കിയിട്ടുള്ള പ്രസ്‌തുത ഇളവുകള്‍ സ്വീകരിക്കാതിരിക്കുന്നുവെന്നതാണ്‌ ത്വരീഖത്തുകാരുടെ ഒരു സവിശേഷത. `സാധാരണക്കാരായ സത്യവിശ്വാസികള്‍ ഇളവുകള്‍ സ്വീകരിക്കുന്നു. അതുവഴി ഈമാനും തഖ്‌വയും കുറയാനിടവരും. ത്വരീഖത്തുകാര്‍ ഇളവുകള്‍ തിരസ്‌കരിക്കുന്നു. പ്രയാസപ്പെട്ടും ആരാധനകള്‍ പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുന്നു'- ഇതാണ്‌ വാദം. എന്നാല്‍ ഈ ത്വരീഖത്ത്‌ വാദവും നബി(സ)യുടെ സുന്നത്തിന്റെ നിഷേധമായിത്തീരുന്നുവെന്നതാണ്‌ സത്യം. ഇളവുകള്‍ സ്വീകരിക്കുന്നത്‌ ശ്രഷ്‌ഠതക്കുറവാണെന്ന വാദവും ധാരണയും തെറ്റാണെന്ന്‌ നിരവധി നബിവചനങ്ങള്‍ വ്യക്തമാക്കുന്നു.
നബി(സ) പറഞ്ഞു: ``വിലക്കപ്പെട്ടത്‌ നിര്‍വഹിക്കുന്നത്‌ അല്ലാഹു വെറുക്കുന്നു. അപ്രകാരം ഇളവുകള്‍ സ്വീകരിക്കുന്നത്‌ അല്ലാഹു ഇഷ്‌ടപ്പെടുകയും ചെയ്യുന്നു'' (അഹ്‌മദ്‌).
സ്വഹീഹു മുസ്‌ലിമില്‍ നോമ്പിന്റെ അധ്യായത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ നോമ്പു മുറിക്കാന്‍ നല്‍കിയ അനുവാദം സ്വീകരിക്കുകയും തിരസ്‌കരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നുണ്ട്‌. നബി(സ) യാത്രയില്‍ നോമ്പ്‌ അനുഷ്‌ടിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതേസമയം ഇളവുകള്‍ സ്വീകരിക്കാതെ പ്രയാസപ്പെട്ട്‌ അനുഷ്‌ഠിക്കുന്നതിനെ കഠിനമായി വിലക്കുകയും ചെയ്‌തിട്ടുണ്ട്‌. ജാബിറുബ്‌നു അബ്‌ദില്ലയില്‍നിന്ന്‌ നിവേദനം: നബി(സ) മക്കാ ഫത്‌ഹിന്റെ സന്ദര്‍ഭത്തില്‍ റമദാനില്‍ മക്കയിലേക്ക്‌ പുറപ്പെട്ടു. കുറാഅല്‍ നമീമിലെത്തുന്നതുവരെ അദ്ദേഹം നോമ്പെടുത്തു. അപ്പോള്‍ ജനങ്ങളും നോമ്പെടുത്തു. പിന്നീട്‌ നബി(സ) ഒരു പാത്രത്തില്‍ വെള്ളംകൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ജനങ്ങള്‍ കാണത്തക്കവിധം അത്‌ ഉയര്‍ത്തുകയും പിന്നീട്‌ കുടിക്കുകയും ചെയ്‌തു. അതിനുശേഷം ചില ആളുകള്‍ നോമ്പു നോറ്റിട്ടുണ്ടെന്ന്‌ നബിയോട്‌ ആരോ പറഞ്ഞു. അവരാണ്‌ ധിക്കാരികള്‍, അവരാണ്‌ ധിക്കാരികള്‍ എന്നായിരുന്നു തിരുമേനിയുടെ പ്രതികരണം (മുസ്‌ലിം-കിതാബുസ്സ്വിയാം 7/232). ജാബിറുബ്‌നു അബ്‌ദില്ലയില്‍നിന്ന്‌ നിവേദനം: നബി(സ) ഒരു യാത്രക്കിടയിലായിരുന്നു. അപ്പോള്‍ ഒരാള്‍ക്കു ചുറ്റും ജനങ്ങള്‍ ഒരുമിച്ചുകൂടിനില്‍ക്കുന്നത്‌ നബി(സ) കണ്ടു. അയാള്‍ക്ക്‌ ചിലര്‍ തണലിട്ടുകൊടുക്കുന്നുണ്ടായിരുന്നു. അയാള്‍ക്കെന്തുപറ്റിയെന്ന്‌ നബി അന്വേഷിച്ചു: നോമ്പുകാരനാണെന്ന്‌ അവര്‍ മറുപടി പറഞ്ഞു. ഇതുകേട്ട്‌ നബി(സ) പറഞ്ഞു: `യാത്രയില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ പണ്യമല്ല.' മറ്റൊരു നിവേദനത്തില്‍ നബി(സ) ഇത്രകൂടി പറഞ്ഞതായി വന്നിട്ടുണ്ട്‌: `അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഇളവുകള്‍ നിങ്ങള്‍ സ്വീകരിക്കണം' (മുസ്‌ലിം-കിതാബുസ്സ്വിയാം). ഇളവുകള്‍ തിരസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ ഒരു ഹദീസില്‍ വന്നിട്ടുണ്ട്‌. ഉഖ്‌ബത്തുബ്‌നുല്‍ ആമിറുല്‍ ജുഹ്‌നിയില്‍നിന്ന്‌ നിവേദനം: നബി(സ)പറഞ്ഞു: `ആരെങ്കിലും അല്ലാഹുവിന്റെ ഇളവുകള്‍ സ്വീകരിക്കാതിരിക്കുന്നുവെങ്കില്‍ അവക്ക്‌ അറഫാമലയെപ്പോലെയുള്ള പാപമാണുള്ളത്‌' (അഹ്‌മദ്‌ കിതാബുല്‍ ജിഹാദ്‌ - 9903 13/70). അബൂതുഅ്‌മ(റ) പറയുന്നത്‌ ശ്രദ്ധിക്കുക: ഞാന്‍ ഇബ്‌നു ഉമറിന്റെ അടുത്തായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന്‌ പറഞ്ഞു: ഞാന്‍ യാത്രയിലും അത്യന്തം പ്രയാസപ്പെട്ട്‌ നോമ്പനുഷ്‌ഠിക്കാറുണ്ട്‌.' ഇതുകേട്ട്‌ ഇബ്‌നുഉമര്‍ പറഞ്ഞു: നബി(സ) ഇങ്ങനെ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌: അല്ലാഹുവിന്റെ ഇളവുകള്‍ സ്വീകരിക്കാത്തവര്‍ക്ക്‌ അറഫാമലയുടെയത്ര പാപമുണ്ട്‌' (അഹ്‌മദ്‌ - കിതാബുസ്സ്വിയാം - 7652 10/380).

ശരീരപീഡനം നടത്തി ആത്മീയ ഔന്നത്യം നേടാന്‍ ശ്രമിച്ചവരെ കഠിനമായി ശാസിച്ചിരുന്നു നബി(സ). ദീര്‍ഘനേരം നമസ്‌കരിച്ചതിന്റെ ഫലമായി, ശരീരം ക്ഷീണിച്ച്‌ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാതെ വന്നിട്ടും നമസ്‌കാരം തുടര്‍ന്നവരെ നബി(സ) ശക്തമായി വിലക്കിയത്‌ ഹദീസുകളില്‍ കാണാം. `ആരാധനകളില്‍ തീവ്രത പുലര്‍ത്തുന്നത്‌ വെറുക്കപ്പെട്ടതാണെ'ന്ന തലക്കെട്ടില്‍ ഒരു അധ്യായമുണ്ട്‌ സ്വഹീഹുല്‍ ബുഖാരിയില്‍. അനസുബ്‌നു മാലികി(റ)ല്‍നിന്ന്‌ നിവേദനം: നബി(സ) പള്ളിയിലേക്ക്‌ പ്രവേശിച്ചപ്പോള്‍ രണ്ട്‌ തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ കെട്ടിയിരിക്കുന്നതായി കണ്ടു. അതെന്തിനാണെന്ന്‌ നബി(സ) അന്വേഷിച്ചു. ആളുകള്‍ പറഞ്ഞു: `അത്‌ സൈനബ്‌(റ) കെട്ടിയകയറാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്‌ നില്‍ക്കാന്‍ പ്രയാസം വന്നാല്‍ അതില്‍ പിടിച്ചാണ്‌ നില്‍ക്കുക.' അതുകേട്ട്‌ നബി(സ) പറഞ്ഞു: `പാടില്ല. അതഴിച്ചുകളയുക. നിങ്ങള്‍ ഉന്മേഷത്തോടെ നമസ്‌കരിക്കുക. ക്ഷീണിച്ചാല്‍ ഇരിക്കുക.' ആഇശ(റ) പറയുന്നു: എന്റെ അടുത്ത്‌ ബനൂ അസദ്‌ ഗോത്രക്കാരിയായ ഒരു സ്‌ത്രീയുണ്ടായിരുന്നു. നബി(സ) ചോദിച്ചു: `അതാരാണ്‌?' ഞാനവരെക്കുറിച്ച്‌ പറഞ്ഞു: `അവര്‍ രാത്രി ഉറങ്ങാറില്ല'. രാത്രി മുഴുവന്‍ നമസ്‌കരിക്കുന്നുവെന്നാണ്‌ ആഇശ(റ) ഉദ്ദേശിച്ചത്‌. അതുകേട്ട്‌ നബി(സ) പറഞ്ഞു: അരുത്‌. നിങ്ങള്‍ സാധ്യമാകുന്നത്രമാത്രം കര്‍മങ്ങള്‍ ചെയ്യുക. നിങ്ങള്‍ മടുക്കുവോളം അല്ലാഹുവിനും മടുക്കുകയില്ല'' (ബുഖാരി - കിത്താബുത്തഹജ്ജുദ്‌ - 18-ാം അധ്യായം).
ഇളവുകള്‍ തിരസ്‌കരിച്ച്‌ നോമ്പെടുക്കുന്നത്‌ നബി(സ) വിലക്കിയ ഹദീസ്‌ നാം വിവരിക്കുകയുണ്ടായി. ഒരാള്‍ നോമ്പെടുത്ത്‌ ശരീരപീഡനം നടത്തിയപ്പോഴാണ്‌ നബി(സ) അത്‌ പറഞ്ഞതെന്നും ഫത്‌ഹുല്‍ബാരിയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഹുമൈദ്‌ബ്‌നു ഖൈസില്‍നിന്ന്‌ നിവേദനം: സൂര്യനു താഴെ നില്‍ക്കുന്ന ഒരാളെ നബി(സ) കണ്ടു. ജനങ്ങള്‍ പറഞ്ഞു: തണലത്ത്‌ നില്‍ക്കുകയോ സംസാരിക്കുകയോ ഇരിക്കുകയോ ചെയ്യാതെ നോമ്പെടുക്കുമെന്ന്‌ നേര്‍ച്ചയാക്കിയിരിക്കുകയാണയാള്‍. അബൂ ഇസ്‌റാഈല്‍ ഖുറൈശി ആയിരുന്നു അയാള്‍ എന്നും നോമ്പു നോറ്റ്‌ വെയിലത്ത്‌ നില്‍ക്കാന്‍ അദ്ദേഹം നേര്‍ച്ചയാക്കിയിരിക്കുന്നുവെന്നും മറ്റൊരു നിവേദനത്തില്‍ വന്നിട്ടുണ്ട്‌ (ഫത്‌ഹുല്‍ ബാരി 4/219). മറ്റൊരു സംഭവം ഇപ്രകാരമാണ്‌: മദീനക്കുപുറത്ത്‌ താമസിച്ചിരുന്ന ഒരു സ്വഹാബി ഒരിക്കല്‍ നബിയെ സന്ദര്‍ശിച്ച്‌ സ്വദേശത്തേക്ക്‌ തിരിച്ചുപോയി. ഒരു വര്‍ഷം കഴിഞ്ഞ്‌ അദ്ദേഹം തിരുസന്നിധിയില്‍ വീണ്ടും വന്നു. രണ്ടാമത്തെ തവണ വന്നപ്പോള്‍ സ്വഹാബിയുടെ ദേഹപ്രകൃതിയില്‍ മാറ്റം വന്നിരുന്നു. അദ്ദേഹം ചോദിച്ചു: `പ്രവാചകരേ, അങ്ങ്‌ എന്നെ തിരിച്ചറിഞ്ഞില്ലേ?' നബി: `താങ്കളാരാണ്‌?' സ്വഹാബി പറഞ്ഞു: `കഴിഞ്ഞവര്‍ഷം വന്ന അതേ ആള്‍ തന്നെയാണ്‌.' നബി ചോദിച്ചു: `എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക്‌ വല്ലാതെ രൂപമാറ്റം സംഭവിച്ചത്‌? എത്രനല്ല ശരീരപ്രകൃതിയുള്ള ആളായിരുന്നു താങ്കള്‍!' അദ്ദേഹം പറഞ്ഞു: `(കഴിഞ്ഞവര്‍ഷം) തിരുമേനിയുമായി പിരിഞ്ഞതു മുതല്‍ ഇന്നുവരെ രാത്രികാലത്തല്ലാതെ ഞാന്‍ ഒരു ആഹാരവും കഴിക്കുകയുണ്ടായില്ല' (എല്ലാ ദിവസങ്ങളിലും നോമ്പനുഷ്‌ഠിക്കുകയായിരുന്നുവെന്നര്‍ഥം). മറുപടി കേട്ട നബി(സ) ചോദിച്ചു: `താങ്കള്‍ എന്തിനാണ്‌ താങ്കളുടെ ശരീരത്തെ പീഡിപ്പിച്ചത്‌?' (അബൂദാവൂദ്‌ - കിതാബുസ്സ്വിയാം). ഇന്ന്‌ ത്വരീഖത്തുകാര്‍ അവലംബിക്കുന്നതുപോലുള്ള ചില രീതികള്‍, `ശരീരത്തെ കീഴ്‌പ്പെടുത്താനും വികാരങ്ങള്‍ നശിപ്പിക്കാനും തഖ്‌വ വര്‍ധിപ്പിക്കാനും വേണ്ടി' നബി(സ)യുടെയും സ്വഹാബിമാരുടെയും കാലത്തും പലരും സ്വീകരിച്ചിരുന്നു. പക്ഷേ, നബി(സ)യും സ്വഹാബത്തും അതെല്ലാം വിലക്കുകയാണ്‌ ചെയ്‌തത്‌. ജനങ്ങളിലേറ്റവും തഖ്‌വയുള്ളവന്‍ താനാണെന്നും, തന്റെ സുന്നത്തിലില്ലാത്ത ആരാധനാരീതികള്‍ പാടില്ലെന്നും പറഞ്ഞ്‌ നബി(സ) ആത്മീയ തീവ്രവാദത്തിന്‌ തടയിടുകയാണുണ്ടായത്‌.
ഇതുപോലുള്ള അനേകം ഹദീസുകള്‍ ഉണ്ടായിരിക്കെയാണ്‌ ത്വരീഖത്തുകാര്‍ ഇളവുകളുടെ തിരസ്‌കാരവും ശരീര പീഡനവും തഖ്‌വയുടെ ഔന്നത്യമായി കാണുന്നത്‌. ഇത്‌ ഒരുതരം ആത്മീയ രോഗമാണ്‌. ഇതിനെയും നബി(സ) ചികിത്സിച്ചിട്ടുണ്ട്‌: ആഇശ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) ഒരുകാര്യം ചെയ്‌തു. അതില്‍ എളുപ്പമുള്ളത്‌ തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇത്‌ ചിലസ്വഹാബിമാര്‍ അറിഞ്ഞു: അതവര്‍ വെറുക്കുകയും കൂടുതല്‍ പരിശുദ്ധരാകാന്‍ ശ്രമിക്കുകയും ചെയ്‌തു. ഇത്‌ നബി(സ) അറിയാനിടവന്നു. ഉടനെ നബി(സ) എഴുന്നേറ്റു നിന്ന്‌ പറഞ്ഞു: ചിലരുടെ അവസ്ഥയെന്താണ്‌? ഞാന്‍ ചില കാര്യങ്ങള്‍ ചെയ്‌തതായും അതില്‍ എളുപ്പമുള്ളത്‌ സ്വീകരിച്ചതായും അവരറിഞ്ഞിട്ടുണ്ട്‌. എന്നിട്ട്‌, അവരത്‌ വെറുക്കുകയും കൂടുതല്‍ പരിശുദ്ധരാവുകയും ചെയ്യുന്നു. അല്ലാഹുവാണ! എനിക്കാണ്‌ അവരേക്കാളധികം അല്ലാഹുവിനെക്കുറിച്ചറിയുക. അവനോട്‌ അവരേക്കാള്‍ ഭക്തികാണിക്കുന്നതും ഞാനാണ്‌' (മുസ്‌ലിം, ഫദാഇല്‍ 1/127, വാള്യം 15/106). മറ്റൊരു നിവേദനത്തില്‍ `എനിക്ക്‌ ഇളവുകള്‍ നല്‍കപ്പെട്ടതിനെ ചിലര്‍ വെറുക്കുന്നു' വെന്നാണ്‌ വന്നിട്ടുള്ളത്‌. നബി(സ)യുടെ മുമ്പില്‍ അനുഷ്‌ഠിക്കേണ്ട രണ്ടുകര്‍മങ്ങള്‍ വന്നാല്‍ ഏറ്റവും എളുപ്പമുള്ളതായിരുന്നു അവിടുന്ന്‌ തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ രണ്ടുകാര്യങ്ങളില്‍ ഏറ്റവും പ്രയാസമുള്ളതാണ്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ ത്വരീഖത്തുകാര്‍ സിദ്ധാന്തിക്കുന്നു. ഇളവുകളുടെ തിരസ്‌കാരം, പ്രയാസമുള്ളത്‌ തെരഞ്ഞെടുക്കല്‍ എന്നീ ത്വരീഖത്ത്‌ രീതികള്‍, നബിയുടെ സുന്നത്തിന്‌ വിരുദ്ധമാണെന്നര്‍ഥം. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്‌: നബി(സ)ക്ക്‌ രണ്ടു കര്‍മങ്ങളിലൊന്ന്‌ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അവയിലേറ്റവും എളുപ്പമുള്ളതായിരുന്നു അവിടുന്ന്‌ സ്വീകരിച്ചിരുന്നത്‌ (ബുഖാരി - മനാബിഖ്‌ 23, അദബ്‌ 80).
4. അസന്തുലിതത്വം
ദീനിലെ ഏതെങ്കിലുമൊരു മേഖലക്കോ അനുഷ്‌ഠാനത്തിനോ അര്‍ഹിക്കുന്നതിലേറെ പ്രാധാന്യം നല്‍കുന്നത്‌ മറ്റ്‌ രംഗങ്ങള്‍ അവഗണിക്കപ്പെടാനും ദീനിന്റെ സന്തുലിതത്വം നഷ്‌ടപ്പെടാനും കാരണമാകും. ഒരു ആരാധനക്ക്‌ നിശ്ചയിക്കപ്പെട്ടതിലേറെ സമയം നീക്കിവെച്ചാല്‍ പ്രധാനപ്പെട്ട മറ്റൊരു കര്‍മത്തിനുള്ള സമയം നഷ്‌ടപ്പെടുകയും ആ ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്‌ച സംഭവിക്കുകയും ചെയ്യും. ഇത്തരമൊരവസ്ഥ ദീന്‍ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ഒരാള്‍ തഖ്‌വ വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ രാത്രിമുഴുവന്‍ നമസ്‌കരിക്കുകയാണെങ്കില്‍ സ്വന്തം ശരീരത്തിന്റെയും ഭാര്യയുടെയും അവകാശങ്ങള്‍ അയാള്‍ ഹനിക്കുകയാണ്‌. ഇത്‌ അല്ലാഹുവിന്റെ കല്‍പനകളുടെ ലംഘനമാണ്‌. പണ്ഡിതനായ സ്വഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസി(റ) അബുദ്ദര്‍ദാഇ(റ)നെ തിരുത്തിയ സംഭവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരുദിവസം സല്‍മാന്‍(റ) അബുദ്ദര്‍ദാഇന്റെ വീട്ടിലെത്തി. അപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി ഉമ്മുദ്ദര്‍ദാഅ്‌ പാറിപ്പറിഞ്ഞ്‌ വസ്‌ത്രം ധരിച്ചതുകണ്ട്‌ ചോദിച്ചു: `നിങ്ങള്‍ക്കെന്തുപറ്റി?' അവര്‍ മറുപടി പറഞ്ഞു: `താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ്‌ രംഗത്തെത്തി. സല്‍മാനെ അഭിവാദ്യം ചെയ്‌ത്‌ കൂട്ടിക്കൊണ്ടുപോയി സല്‍ക്കരിച്ചു. ഭക്ഷണമെത്തിയപ്പോള്‍ അത്‌ സല്‍മാന്റെ അടുത്തേക്ക്‌ നീക്കിവെച്ചുകൊണ്ടു പറഞ്ഞു: `താങ്കള്‍ കഴിക്ക്‌, എനിക്ക്‌ നോമ്പാണ്‌! താങ്കളും കഴിക്കുന്നതുവരെ ഞാന്‍ കഴിക്കുന്ന പ്രശ്‌നമില്ല.' - സല്‍മാന്‍ നിര്‍ബന്ധം പിടിച്ചു. അബുദ്ദര്‍ദാഅ്‌ വഴങ്ങി. ഭക്ഷണം കഴിച്ച്‌ രാത്രി പതിവുപോലെ അബുദ്ദര്‍ദാഅ്‌ നമസ്‌കരിക്കാനൊരുങ്ങി. അപ്പോള്‍ സല്‍മാന്‍ പറഞ്ഞു: `പോയി ഉറങ്ങ്‌.' അബുദ്ദര്‍ദാഅ്‌ ഉറങ്ങാന്‍ പോയി. കുറേ കഴിഞ്ഞ്‌ വീണ്ടും എഴുന്നേറ്റു. അപ്പോഴും സല്‍മാന്‍ ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. രാത്രിയുടെ അവസാനമായപ്പോള്‍ സല്‍മാന്‍ പറഞ്ഞു: `ഇനി എഴുന്നേറ്റ്‌ നമസ്‌കരിക്കുക.' അങ്ങനെ ഇരുവരും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ സല്‍മാന്‍ അബുദ്ദര്‍ദാഇനോട്‌ പറഞ്ഞു. `താങ്കള്‍ക്ക്‌ അല്ലാഹുവോട്‌ കടപ്പാടുണ്ട്‌. സ്വന്തം ശരീരത്തോട്‌ കടപ്പാടുണ്ട്‌. കുടുംബത്തോടും കടപ്പാടുണ്ട്‌. ഓരോ അവകാശിക്കും അവന്റെ അവകാശം വകവെച്ചുകൊടുക്കുക.' പിന്നീടൊരിക്കല്‍ അബുദ്ദര്‍ദാഅ്‌ പ്രവാചകസന്നിധിയിലെത്തി ഈ സംഭവങ്ങളത്രയും വിവരിച്ചു. `സല്‍മാന്‍ പറഞ്ഞതത്രെ സത്യം' എന്നായിരുന്നു നബിയുടെ പ്രതികരണം. ഇബ്‌നു സഅ്‌ദിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ `സല്‍മാന്‌ വിജ്ഞാനത്താല്‍ വയറു നിറഞ്ഞിരിക്കുന്നു' എന്നാണ്‌ നബി(സ) പറഞ്ഞത്‌ (ബുഖാരി-കിതാബുല്‍ അദബ്‌).
ഇബ്‌നു അബ്ബാസില്‍നിന്ന്‌ നിവേദനം: അബ്‌ദുല്ലാഹിബ്‌നു അംറ്‌ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: നബി(സ) എന്നോട്‌ ചോദിച്ചു: `നീ പകല്‍ മുഴുവന്‍ നോമ്പെടുക്കുകയും രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും ചെയ്യുന്നതായി ഞാന്‍ കേട്ടല്ലോ?' ഞാന്‍ പറഞ്ഞു. `അതേ, ഞാനപ്രകാരം ചെയ്യാറുണ്ട്‌.' നബി(സ) പറഞ്ഞു. `നീ അങ്ങനെ ചെയ്യുമ്പോള്‍ നിന്റെ കണ്ണുകള്‍ നശിച്ച്‌ (കുഴിയില്‍) പോകും. നിന്റെ ശരീരത്തോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌, നിന്റെ കുടുംബത്തോട്‌ നിനക്ക്‌ ഉത്തരവാദിത്വങ്ങളുണ്ട്‌. അതിനാല്‍ നീ നോമ്പെടുക്കുകയും എടുക്കാതിരിക്കുകയും ചെയ്യുക. നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക' (ബുഖാരി-കിത്താബുത്തഹജ്ജുദ്‌ 20). മറ്റൊരു നിവേദനത്തില്‍ `നിന്റെ അതിഥിയോട്‌ നിനക്ക്‌ ബാധ്യതയുണ്ട്‌' എന്നും വന്നിട്ടുണ്ട്‌. ഈ ഹദീസിന്റെ വിശദീകരണത്തില്‍ ഇബ്‌നു ഹജറില്‍ അസ്‌ഖലാനി പറയുന്നു: ``ആരാധനകളില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഐഛികകര്‍മങ്ങളേക്കാള്‍ മുന്‍ഗണന നല്‍കലാണ്‌. നിശ്ചയിക്കപ്പെട്ടതിലും കൂടുതല്‍ ആരാധനകള്‍ പ്രയാസപ്പെട്ട്‌ നിര്‍വഹിക്കുന്നവര്‍ക്ക്‌ അധികപക്ഷവും അത്‌ നാശമായി മാറും. ആരാധനകളില്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത്‌ വെറുക്കുകയും, മിതത്വം പാലിക്കാന്‍ കല്‍പിക്കുകയും ചെയ്‌ത നബി, ചെയ്യുന്ന കര്‍മങ്ങള്‍ സ്ഥിരമായി നിര്‍വഹിക്കാനും പ്രേരിപ്പിക്കുന്നു'' (ഫത്‌ഹുല്‍ ബാരി 3/47). ദീനിന്റെ മിതത്വവും ലാളിത്യവും വിസ്‌മരിച്ച്‌ ആരാധനയില്‍ തീവ്രതകാണിക്കുന്നവര്‍ക്ക്‌ സംഭവിക്കാവുന്ന പരാജയത്തെക്കുറിച്ച്‌ ഹദീസില്‍ വന്നിട്ടുണ്ട്‌. അബൂഹുറൈറയില്‍നിന്ന്‌ നിവേദനം: നബി പറഞ്ഞു: ``ദീന്‍ ലളിതമാണ്‌. ദീനില്‍ അമിതത്വം കാണിച്ചവന്‍ പരാജയപ്പെട്ടതുതന്നെ. അതിനാല്‍ മിതത്വം പാലിക്കുക. സാധ്യമാകുന്നത്ര അനുഷ്‌ഠിക്കുക. സന്തുഷ്‌ടരാവുക'' (ബുഖാരി, നസാഈ).
ആരുടെയെങ്കിലും അവകാശങ്ങള്‍ ഹനിച്ചുകൊണ്ട്‌ ആരാധനയില്‍ മാത്രം മുഴുകിക്കഴിയുന്ന രീതി നബി(സ) പലരീതിയിലും വിലക്കിയതായി ഈ ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഐഛികകര്‍മങ്ങള്‍ക്കുവേണ്ടി നിര്‍ബന്ധ ബാധ്യതകളില്‍ വീഴ്‌ച വരുത്തുന്നത്‌ തെറ്റാണെന്നും നബി(സ) പഠിപ്പിക്കുന്നു. ആളുകളുടെ പ്രയാസങ്ങളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കിയ നബി(സ) നിര്‍ബന്ധ ആരാധനകള്‍ പോലും ലഘൂകരിച്ചിച്ചിട്ടുണ്ട്‌. ഏറെ പ്രതിഫലം ലഭിക്കുന്ന ശ്രഷ്‌ഠകര്‍മമാണ്‌ നമസ്‌കാരം. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്‌ത്‌ നമസ്‌കരിക്കാനാഗ്രഹിച്ച്‌ നമസ്‌കാരത്തില്‍ പ്രവേശിച്ച നബി(സ) പിന്നില്‍നിന്ന്‌ കുഞ്ഞുങ്ങള്‍ കരയുന്നത്‌ കേട്ടാല്‍ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറക്കാറുണ്ടായിരുന്നുവെന്ന്‌ ഹദീസുകളില്‍ കാണാം. ഒരു കുഞ്ഞ്‌ കരയുമ്പോള്‍ മാതാവിന്റെ മനസ്സിലുണ്ടാകുന്ന വേദനയും പ്രയാസവും മനസ്സിലാക്കി നബി(സ) പ്രധാനപ്പെട്ട ഇബാദത്തായ നമസ്‌കാരം തന്നെ ചുരുക്കിയെങ്കില്‍ ആത്മീയതീവ്രവാദത്തിന്‌ ദീനില്‍ എന്ത്‌ സ്ഥാനമാണുള്ളത്‌? അനസുബ്‌നു മാലികില്‍നിന്ന്‌ നിവേദനം. നബി(സ) പറഞ്ഞു: ``ഞാന്‍ ദീര്‍ഘിച്ച്‌ നമസ്‌കരിക്കാമെന്ന ആഗ്രഹത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കും. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ നമസ്‌കാരം ചുരുക്കും. കാരണം കുട്ടി കരയുമ്പോള്‍ അതിന്റെ മാതാവിന്റെ വേദനയുടെ കാഠിന്യം എനിക്കറിയാം'' (ബുഖാരി- ബാബുല്‍ അവഫ്‌ഫസ്സ്വലാത്ത ഇന്‍ദ ബുകാഇസ്സ്വബ്‌യി-കിതാബുല്‍ അദാന്‍). പിന്നില്‍നിന്ന്‌ നമസ്‌കരിക്കുന്നവര്‍ക്ക്‌ പ്രയാസമുണ്ടാക്കുംവിധം നമസ്‌കാരം ദീര്‍ഘിപ്പിച്ച മുആദുബ്‌നു ജബലിനെ നബി(സ) കഠിനമായി ശാസിച്ചതായും ഹദീസുകളില്‍ കാണാം. മുആദി(റ)നോട്‌ `നിങ്ങള്‍ ജനങ്ങളെ ശിക്ഷിക്കുകയാണോ' എന്ന്‌ ചോദിച്ച നബി(സ), `ജനങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദീനിനോട്‌ വെറുപ്പുണ്ടാകാന്‍' അത്‌ കാരണമാകുമെന്നും വിശദീകരിച്ചിട്ടുണ്ട്‌ (ബുഖാരി-കിതാബുല്‍ അദാന്‍-ഫത്‌ഹുല്‍ ബാരി 2/228).
നോക്കുക, ആത്മീയതയില്‍ അമിതത്വവും തീവ്രവാദവും കടന്നുവരുന്നത്‌ എത്ര കര്‍ശനമായാണ്‌ നബി(സ) തടഞ്ഞത്‌. എന്നിട്ടും നബി(സ)യുടെ വിലക്കുകള്‍ ലംഘിച്ച്‌ അതിരുകളില്ലാത്ത `ആത്മീയത'യിലേക്ക്‌ ആളെക്കൂട്ടുന്ന ത്വരീഖത്തുകള്‍ക്ക്‌ ആരുടെ സുന്നത്തിന്റെ മാതൃകയാണുള്ളത്‌?
ആരാധനകളില്‍ അമിതത്വം വരുന്നത്‌ തടയുകയും ആത്മീയതയിലെ സന്തുലിതത്വം പഠിപ്പിക്കുകയും ചെയ്‌തതിന്റെ മികച്ച ഉദാഹരണമാണ്‌ റമദാനിലെ രാത്രികളില്‍ ദമ്പതികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്‌ നല്‍കിയിട്ടുള്ള അനുവാദം. ആത്മീയത മൂര്‍ത്തരൂപം പ്രാപിക്കുന്ന സമയമാണ്‌ റമദാന്‍. വ്രതമനുഷ്‌ഠിക്കുമ്പോള്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ശാരീരിക ബന്ധം പാടുള്ളതല്ല. എന്നാല്‍ സൂര്യാസ്‌തമനത്തോടെ, നോമ്പ്‌ അവസാനിപ്പിച്ചു കഴിഞ്ഞാലും ശാരീരികബന്ധം പാടില്ലെന്ന്‌ ചിലര്‍ ധരിച്ചിരുന്നു. അത്‌ പാപാമാണെന്നാണവര്‍ കരുതിയിരുന്നത്‌. പക്ഷേ, വ്രതമാസരാവുകളിലെ ലൈംഗിക ബന്ധം ആത്മീയതക്ക്‌ ഹാനിവരുത്തുമെന്ന കാഴ്‌ചപ്പാട്‌ അല്ലാഹു തിരുത്തുകയാണ്‌ ഉണ്ടായത്‌. പകല്‍ ലൈംഗിക ബന്ധം പാടില്ല, പക്ഷേ രാത്രിയില്‍ ആകാം: ``വ്രതകാലത്തെ രാത്രികളില്‍ സ്വപത്‌നിമാരെ പ്രാപിക്കുന്നത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കു വസ്‌ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കുള്ള വസ്‌ത്രവും'' (ഖുര്‍ആന്‍ 2: 187). ആരാധനകള്‍ക്ക്‌ പരിധിയുണ്ട്‌. ശാരീരിക വികാരങ്ങള്‍ തടഞ്ഞുവെക്കുന്നതിനും പരിധിയുണ്ട്‌ - ഇതാണ്‌ സന്തുലിതമായ വീക്ഷണം.
നോമ്പിലെ അത്താഴത്തെയും നോമ്പുതുറയെയും കുറിച്ച പ്രവാചകാധ്യാപനങ്ങളും ഇതുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌. അത്താഴം കഴിക്കണമെന്നും അതില്‍ പുണ്യമുണ്ടെന്നും നബി(സ) പഠിപ്പിച്ചു. മാത്രമല്ല `വൈകി അത്താഴം കഴിക്കലാണ്‌ ഉത്തമമെന്നും തിരുമേനി അരുളിയിട്ടുണ്ട്‌. `നോമ്പുതുറക്കേണ്ട സമയമായാല്‍, വേഗത്തില്‍ അത്‌ നിര്‍വഹിക്കണം. ധൃതിയില്‍ നോമ്പുതുറക്കുന്നതാണ്‌ അല്ലാഹുവിന്‌ ഏറെ ഇഷ്‌ടം' എന്നും ഹദീസില്‍ കാണാം. നേരത്തേ അത്താഴം കഴിച്ചും, വൈകി നോമ്പുതുറക്കുന്നതും പുണ്യകരമല്ല. നോമ്പിന്റെ സമയം ദീര്‍ഘിപ്പിച്ച്‌ കൂടുതല്‍ ഭക്തി നേടാന്‍ ശ്രമിക്കേണ്ടതില്ലെന്നും അതല്ല ഉത്തമമെന്നുമാണ്‌ നബി(സ) ഇതിലൂടെ പഠിപ്പിക്കുന്നത്‌. ശുദ്ധാത്മാക്കളുടെ അതിരുകവിച്ചിലുകളും തീവ്രതയും മതത്തെ മലിനമാക്കിയ പൂര്‍വകാല ചരിത്രം കൂടി മുമ്പില്‍ വെച്ചുകൊണ്ടാണ്‌ ഈ നിര്‍ദേശങ്ങള്‍ നബി(സ) നല്‍കിയിട്ടുള്ളത്‌. അതിരുകവിച്ചിലിന്‌ ഏറ്റവുമധികം സാധ്യതയുള്ളത്‌ നോമ്പാണ്‌. നിരന്തര പട്ടിണിയാണ്‌ വ്രതമെന്നും പട്ടിണി നീളുന്നതിനനുസരിച്ച്‌ പുണ്യം കൂടുമെന്നുമുള്ള വികലധാരണകളെ നബി(സ) തിരുത്തുന്നു. ശരീരപീഡനം, സന്യാസം, സുഖഭോഗവിരക്തി, വികാരനിഗ്രഹം തുടങ്ങിയവക്ക്‌ വ്രതത്തെ മറയാക്കുന്നതിനെയാണ്‌ നബി വിലക്കുന്നത്‌. അല്ലാഹു നിര്‍ണയിച്ച തുടക്കവും ഒടുക്കവും പാലിക്കലാണ്‌, പുണ്യത്തിന്റെയും ഭക്തിയുടെയും പേരുപറഞ്ഞ്‌ അത്‌ ലംഘിക്കലല്ല തഖ്‌വയെന്നാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.
ഭാര്യയോടും കുട്ടികളോടും കുടുംബാംഗങ്ങളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതെ, അയല്‍വാസികളോടും സമൂഹത്തോടുമുള്ള ബന്ധങ്ങളെല്ലാം വിഛേദിച്ച്‌ ആത്മീയ ഔന്നത്യം തേടി അലഞ്ഞുനടക്കുന്ന വരെയാണ്‌ ത്വരീഖത്തുകള്‍ സൃഷ്‌ടിക്കുന്നത്‌. കുടുംബാംഗങ്ങളെ പെരുവഴിയിലാക്കി കാടുകയറിപ്പോകുന്നവര്‍ നബി(സ)യുടെ കല്‍പനകളെ ധിക്കരിക്കുകയാണ്‌ ചെയ്യുന്നത്‌. ഏകാന്തതകളില്‍ ഭക്തിയുടെ ലഹരിതേടി സഞ്ചരിക്കുന്നവരെ സൃഷ്‌ടിക്കുന്ന ത്വരീഖത്തുകാര്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന ദീനില്‍നിന്ന്‌ ബഹുദൂരം അകന്നാണ്‌ സഞ്ചരിക്കുന്നത്‌.
5. സമൂഹത്തില്‍നിന്നുള്ള ഒളിച്ചോട്ടം
വ്യക്തിയേയും സമൂഹത്തേയും സംസ്‌കരിക്കാനുള്ള മാര്‍ഗമായ ആരാധനകളില്‍ ചിലത്‌ വ്യക്തിനിഷ്‌ഠമായിരിക്കും; ചിലത്‌ സാമൂഹികവും. വ്യക്തിനിഷ്‌ഠമായതു തന്നെ സാമൂഹികമായിരിക്കും. സമൂഹത്തില്‍നിന്ന്‌ മുറിച്ചുമാറ്റിയ ഒരു ആത്മീയത ഇസ്‌ലാമിന്‌ അന്യമാണ്‌. മനുഷ്യജീവിതത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയം തുടങ്ങി പൊതുവെ ഭൗതികമെന്ന്‌ വിവക്ഷിക്കപ്പെടാറുള്ള ഒരു വിഷയവും ഇസ്‌ലാമിക വീക്ഷണത്തില്‍ ആത്മയതയില്‍നിന്ന്‌ മുക്തമല്ല. ആത്മീയതയുടെ വളര്‍ച്ചയും അതിന്റെ മാര്‍ഗമായ ആരാധനകളും സമൂഹത്തില്‍നിന്ന്‌ അകലാനല്ല സമൂഹത്തോട്‌ അടുക്കാനാണ്‌ കാരണമാകേണ്ടത്‌. അല്ലാഹുവോട്‌ എത്രമാത്രം അടുക്കുന്നുവോ അത്രയും ജനങ്ങളില്‍ നിന്നകലുകയെന്നത്‌ ഇസ്‌ലാമിന്റെ രീതിയല്ല. അല്ലാഹുവോട്‌ അടുക്കുംതോറും ജനങ്ങളോട്‌ അടുക്കുക, ജനങ്ങളോട്‌ അടുത്തുകൊണ്ടു അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടു അല്ലാഹുവോട്‌ അടുക്കുകയും അവന്റെ പ്രീതിനേടുകയും ചെയ്യുക. ഇതാണ്‌ ഇസ്‌ലാമിന്റെ രീതി.
ആരാധനകളില്‍ പ്രധാനപ്പെട്ട നമസ്‌കാരം ഉദാഹരണം. `നമസ്‌കാരം സത്യവിശ്വാസിയുടെ ആകാശയാത്ര (മിഅ്‌റാജ്‌) ആണെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌. നമസ്‌കാരത്തിലൂടെ ആകാശത്തിലേക്ക്‌, അല്ലാഹുവിലേക്ക്‌ കയറിപ്പോവുകയാണ്‌ വിശ്വാസി ചെയ്യുന്നതെന്നര്‍ഥം. എന്നാല്‍ നമസ്‌കാരം കഴിഞ്ഞാല്‍ പിന്നെ മന്ത്രം ജപിച്ച്‌ പള്ളിയില്‍ ചടഞ്ഞിരിക്കാനല്ല ജനങ്ങളിലേക്ക്‌ ഇറങ്ങാനാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. അല്ലാഹു പറയുന്നു: നമസ്‌കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിക്കുക. അല്ലാഹുവിന്‍രെ ഔദാര്യം തേടിക്കൊള്ളുക (അല്‍ ജുമുഅ: 10).
ആത്മീയ ഔന്നിത്യം നേടാനും അല്ലാഹുവോട്‌ അടുക്കാനുമുള്ള പ്രധാനപ്പെട്ട വഴിയാണ്‌ ആരാധനകള്‍. നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ എന്നിവ അവയില്‍ പ്രഥമസ്ഥാനമുള്ളവയാണ്‌. എന്നാല്‍, ഈ ആരാധനകള്‍ അനുഷ്‌ഠിക്കുന്ന ഒരു ഭക്തന്‍ സമൂഹത്തില്‍നിന്ന്‌ അകലുകയോ ഖാന്‍ഖാഹുകളിലേക്ക്‌ ഒളിച്ചോടുകയോ അല്ല ചെയ്യേണ്ടത്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിവരുകയും അവരോട്‌ കൂടുതല്‍ അടുക്കുകയുമാണ്‌. ഉദാഹരണമായി നമസ്‌കാരം കൂടുതല്‍ ഫലപ്രദവും പ്രതിഫലാര്‍ഹവുമാകുന്നത്‌ സമൂഹത്തില്‍നിന്ന്‌ വേര്‍പെട്ട്‌ ഒറ്റക്ക്‌ നിര്‍വഹിക്കുമ്പോഴല്ല, സംഘടിതമായി അനുഷ്‌ഠിക്കുമ്പോഴാണ്‌. സംഘടിത നമസ്‌കാരത്തിന്‌ തനിച്ചുള്ള നമസ്‌കാരത്തേക്കാള്‍ 27 ഇരട്ടി പ്രതിഫലമാണുള്ളത്‌. നമസ്‌കാരത്തോളം തന്നെ പ്രാധാന്യമുള്ളതാണ്‌ സകാത്ത്‌. അല്ലാഹുവിനുള്ള ആരാധനയായ സകാത്ത്‌ മനുഷ്യര്‍ക്ക്‌ സമ്പത്തിന്റെ വിഹിതം നല്‍കികൊണ്ടാണ്‌ അനുഷ്‌ടിക്കുന്നത്‌. അതായത്‌, നമസ്‌കാരം മുഖേന അല്ലാഹുവിലേക്ക്‌ കയറിപോകുന്ന സത്യവിശ്വാസി, സകാത്തു വഴി മനുഷ്യരിലേക്ക്‌ ഇറങ്ങിവരികയാണ്‌ ചെയ്യുന്നത്‌. ഇതേ ആശയത്തിന്റെ നിരവധി തലങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌ റമദാനിലെ വ്രതാനുഷ്‌ഠാനം. ആത്മീയതയുടെ പാരമ്യമാണ്‌ റമദാന്‍. നോമ്പിന്റെ ലക്ഷ്യംതന്നെ തഖ്‌വയാണ്‌ (ഖുര്‍ആന്‍ 2:......). തറാവീഹും ലൈലത്തുല്‍ ഖദ്‌റും ഇഅ്‌തികാഫും മറ്റു ആത്മീയതക്ക്‌ കൂടുതല്‍ മിഴിവേകുന്നു. ഇഅ്‌തികാഫിനെക്കുറിച്ച്‌ നാം ചിന്തിക്കുക. മറ്റു ജീവിത വ്യവഹാരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന്‌ ആരാധനകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്‌ലാം നിശ്ചയിച്ചതാണത്‌. റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളാണ്‌ ഇഅ്‌തികാഫിന്റെ കാലാവധി. പക്ഷേ, അതുപോലും ജനങ്ങളില്‍ നിന്നകന്ന്‌ ഏകാന്തവാസമനുഷ്‌ഠിച്ച്‌ ധ്യാനത്തിലിരിക്കാനുള്ള സന്ദര്‍ഭമല്ല. ഇഅ്‌തികാഫ്‌ ഇരിക്കുന്നത്‌ പള്ളിയിലാണ്‌. പള്ളി ഇസ്‌ലാമിന്റെ കേന്ദ്രമാണ്‌. ആരാധനകള്‍ക്കും മറ്റുമായി വരുന്നവരാല്‍ സജീവമായിരിക്കും പലപ്പോഴും പള്ളി റമദാനില്‍ പൊതുവെയും അവസാന പത്തു ദിനങ്ങളില്‍ പ്രത്യേകമായും പള്ളികള്‍ ജനനിബിഡമായിത്തീരുന്നു. ഇഅ്‌തികാഫ്‌ അനുഷ്‌ഠിക്കുന്ന ഭക്തന്റെ ധ്യാന നിമഗ്നത ജനങ്ങള്‍ക്കു നടുവിലായിത്തീരുന്നു.
റമദാനിലെ ആരാധനകളിലൂടെ ഭക്തിയുടെ കൊടുമുടിയിലേക്ക്‌ കയറിപ്പോകുന്ന വിശ്വാസി ഒരിക്കലും സമൂഹത്തില്‍ നിന്നകലുന്നില്ല. ഏകാന്തതയില്‍ അഭയം തേടുന്നുമില്ല. മറിച്ച്‌, ജനങ്ങളിലേക്ക്‌ ഇറങ്ങി വരുന്നു. `തഖ്‌വ' നേടിയവരെല്ലാം ഈദ്‌ഗാഹുകളില്‍ ഭജനമിരിക്കലല്ല ഇസ്‌ലാമിന്റെ ആധ്യാത്മിക മാര്‍ഗമെന്നത്‌ നോമ്പും ഈദും തെളിയിക്കുന്നു. ഹജ്ജിന്റെ ജനകീയതയെക്കുറിച്ച്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്‌ ചിലപ്പോള്‍ ആരാധനയെക്കാള്‍ പ്രാധാന്യമുള്ളതായിരിക്കും. പിണങ്ങിക്കഴിയുകയോ, ശണ്ഡകൂടുകയോ ചെയ്യുന്ന രണ്ടുപേര്‍ക്കിടയില്‍ ഐക്യമുണ്ടാകുന്നത്‌ ഒരു സുന്നത്ത്‌ നമസ്‌കാരത്തേക്കാള്‍ പ്രാധാന്യമുള്ളതാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും സമൂഹത്തിലുള്ള തിന്മകള്‍ തടയാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കുമാണ്‌ തസ്‌ബീഹ്‌ മാലയും പിടിച്ച്‌ ദിക്‌ര്‍ ചൊല്ലിക്കൊണ്ടിരിക്കുന്നതിനെക്കാള്‍ എത്രയോ പ്രാധാന്യം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തലാണ്‌ ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഐഛിക ആരാധനകളെക്കാള്‍ മഹത്വമുള്ളത്‌. അനസ്‌, അബൂ സഈദുല്‍ ഖുദ്‌രി(റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ട്‌ ഹദീസുകളില്‍ ഇങ്ങനെ കാണാം: നബി(സ)യും അനുചരന്മാരും ഒരു യുദ്ധയാത്രയിലായിരുന്നു. നോമ്പെടുത്തവരും, എടുക്കാത്തവരും സംഘത്തിലുണ്ടായിരുന്നു. നോമ്പുകാര്‍ക്ക്‌ ക്ഷീണം ബാധിച്ചു. നോമ്പെടുക്കാത്തവര്‍ ടെന്റുകള്‍ കെട്ടിയും മറ്റും സജീവരായി. ഇത്‌ കണ്ട്‌ നബി(സ) പറഞ്ഞു: നോമ്പെടുക്കാത്തവര്‍ ഇന്ന്‌ പ്രതിഫലമെല്ലാം കരസ്ഥമാക്കിയിരിക്കുന്നു. മക്കയിലേക്കെത്താറായപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ ശത്രുവിനോട്‌ അടുത്തിരിക്കുന്നു. അതിനാല്‍ നോമ്പ്‌ മുറിക്കുന്നതാണ്‌ ശക്തിദായകം (മുസ്‌ലിം-കിതാബുസ്സിയാം 7/236-237).
തിന്മകളെ എതിര്‍ക്കാന്‍ രംഗത്തിറങ്ങാതെ ആരാധനകളില്‍ നിമഗ്നരാവുകയും സ്വന്തം തഖ്‌വ കാത്തുസൂക്ഷിക്കാന്‍ വേണ്ടി സമൂഹത്തില്‍നിന്ന്‌ ഓടിയൊളിക്കുകയും ചെയ്യുകയെന്നതാണല്ലോ ത്വരീഖത്തിന്റെ മുഖമുദ്ര. ഈ ഉള്‍വലിയലിനെ നബി(സ) കഠിനമായി വിലക്കിയിട്ടുണ്ട്‌.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: സ്വഹാബിമാരില്‍ ഒരാള്‍ തെളിനീര്‍ തടാകമുള്ള മനോഹരമായ ഒരു മലഞ്ചെരുവിലൂടെ കടന്നു പോവാനിടയായി. അയാള്‍ക്ക്‌ ആ ചുറ്റുപാടും പരിസരവും വളരെ ഇഷ്‌ടപ്പെട്ടു. ഞാന്‍ ജനങ്ങളില്‍ നിന്നെല്ലാം അകന്ന്‌ ഈ മലഞ്ചെരുവില്‍ താമസമുറപ്പിക്കുകയാണെന്ന്‌ അയാള്‍ തീരുമാനിച്ചു. നബി(സ)യോട്‌ സമ്മതം ചോദിക്കാന്‍ ചെന്നു. റസൂലിന്റെ പ്രതികരണമിതായിരുന്നു; ഈ ചിന്ത ഉപേക്ഷിക്കണം. അങ്ങനെ ചെയ്യരുത്‌. തന്റെ വീട്ടില്‍ എഴുപത്‌ വര്‍ഷം നമസ്‌കരിക്കുന്നതിനേക്കാള്‍ ശ്രേഷ്‌ടമാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളിലൊരാള്‍ നിലയുറപ്പിക്കുന്നത്‌. അല്ലാഹു നിങ്ങളോട്‌ പൊറുക്കണമെന്നും നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര നിമിഷം സമരം ചെയ്‌താല്‍ അവന്‌ സ്വര്‍ഗം ലഭിച്ചതുതന്നെ (തിര്‍മിദി).
സമൂഹത്തോട്‌ ഇടപഴകാതെ പടര്‍ന്നു പിടിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ പടവെട്ടാതെ, ആത്മീയതയുടെ സ്വകാര്യ ലോകത്ത്‌ സ്വയമേവ തടവില്‍ കഴിയാനാഗ്രഹിച്ച ചിലര്‍ പ്രവാചക വിയോഗാനന്തരം രംഗത്തുവരികയുണ്ടായി. നബി(സ)യുടെ അധ്യാപനങ്ങളില്‍നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) അവര്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിക്കുകയുണ്ടായി. ഇറാഖിലെ കൂഫയില്‍ ജീവിച്ച താബിഈ ആമിറുശ്ശഅബി ഒരു സംഭവം വിവരിക്കുന്നത്‌ കാണുക: കുറേയാളുകള്‍ കൂഫയില്‍ നിന്ന്‌ യാത്രതിരിച്ച്‌ അകലെയൊരിടത്ത്‌ താമസമുറപ്പിച്ചു ആരാധനകളില്‍ മുഴുകിയ സന്യാസ ജീവിതമായിരുന്നു അവരുടെ ലക്ഷ്യം. അബ്‌ദില്ലാഹിബ്‌നു മസ്‌ഊദ്‌ വിവരമറിഞ്ഞു. അദ്ദേഹം അവരെ സമീപിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തില്‍ അവര്‍ക്ക്‌ വലിയ സന്തോഷം തോന്നി. നിങ്ങളെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്താണ്‌? അദ്ദേഹം ചോദിച്ചു. `ജനമധ്യത്തില്‍ നിന്നകന്ന്‌ ഇബാദത്തുമായി കഴിഞ്ഞു കൂടാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നത്‌ കൊണ്ടാണിങ്ങനെ ചെയ്യുന്നത്‌. അവര്‍ പറഞ്ഞു. ഇതുകേട്ട ഇബ്‌നു മസ്‌ഊദ്‌ അവരോട്‌ പ്രതികരിച്ചു: ജനങ്ങളെല്ലാവരും നിങ്ങളെ പിന്‍പറ്റി നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്‌തു തുടങ്ങിയാല്‍ പിന്നെ ശത്രുക്കളോട്‌ പടവെട്ടാന്‍ ആരാണ്‌? നിങ്ങള്‍ തിരിച്ചുപോകുവോളം ഞാന്‍ ഇവിടെത്തന്നെ നില്‍ക്കുകയാണ്‌'' (കിതാബുസ്സുഹ്‌ദ്‌ 390). തിന്മകളില്‍നിന്ന്‌ രക്ഷപെടാനെന്ന വണ്ണം ജനങ്ങളില്‍ നിന്നകന്ന്‌ ജീവിക്കുന്നത്‌ മഹത്തായ ഇബാദത്തായി കാണുകയും അങ്ങനെയുള്ള കുറേ ആബിദുകലെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുള്ള ത്വരീഖത്തുകാരെ കണ്ടാല്‍ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ എന്ത്‌ നിലപാടാണ്‌ സ്വീകരിക്കുകയെന്ന്‌ ഇതില്‍നിന്ന്‌ വ്യക്തമാണ്‌. പ്രമുഖരായ സ്വഹാബിവര്യന്മാര്‍ പോലും അംഗീകരിച്ചിട്ടില്ലാത്ത സ്വയംകൃതമായ ആത്മീയമാര്‍ഗത്തിലൂടെ ചരിക്കുകയും അതിന്റെ മഹത്വങ്ങള്‍ വിവരിച്ച്‌ ആളുകളെ ആകര്‍ഷിക്കുകയും അതുവഴി ഇസ്‌ലാമിക പ്രബോധനരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജസ്വലരായ നിരവധി പേരെ നിഷ്‌ക്രിയരാക്കി മാറ്റുകയും ചെയ്യുന്ന ത്വരീഖത്തുകള്‍ക്ക്‌ ഏത്‌ സുന്നത്തിന്റെ പിന്‍ബലമാണ്‌ അവകാശപ്പെടാനാവുക?
സ്വഹാബിമാരില്‍ പ്രമുഖനായിരുന്നു ത്വല്‍ഹത്‌ബ്‌നു ഉബൈദില്ല. തന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിച്ച ഒരാളെകാണണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ത്വല്‍ഹയെ നോക്കിക്കൊള്ളട്ടെ എന്നാണ്‌ നബി(സ) അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌ (ത്വബഖാത്ത ഇബ്‌നു അംറ്‌ 3/219). സ്വര്‍ഗം ലഭിക്കുമെന്ന്‌ നബി(സ) സൂചന നല്‍കിയ ത്വല്‍ഹ(റ) സാമൂഹിക വിരക്തിയെക്കുറിച്ച്‌ പറഞ്ഞതിപ്രകാരമാണ്‌: വീട്ടിലിരുന്ന്‌ കാലം കഴിക്കുന്നത്‌ ആണുങ്ങള്‍ക്ക്‌ ചേരാത്ത ന്യൂനതയാകുന്നു (ത്വബഖാത്ത്‌ ഇബ്‌നു സഅദ്‌ 3/221) സാമൂഹിക ബാധ്യതകള്‍ വിസ്‌മരിച്ച കുടുംബത്തോടൊപ്പം വീട്ടില്‍മാത്രം ഒതുങ്ങിക്കൂടുന്നതുതന്നെ ആക്ഷേപാര്‍ഹമെങ്കില്‍, ത്വരീഖത്തുകള്‍ പഠിപ്പിക്കുന്നതു പ്രകാരം ഭാര്യയെയും കുട്ടികളെയും മാതാപിതാക്കളെയുമെല്ലാം ഉപേക്ഷിച്ച്‌ സ്വൂഫീഖാന്‍ഖാനുകളിലും വനാന്തരങ്ങളിലും ഭക്തി തേടി അലയുന്നത്‌ എത്രമാത്രം വെറുക്കപ്പെട്ടതായിരിക്കും?
ഇസ്‌ലാമിലെ യഥാര്‍ഥ തസ്വവ്വുഫിനെ അംഗീകരിച്ച മഹാനായ പണ്ഡിതന്‍ ഇമാം ഗസ്സാലി. സ്വൂഫികള്‍ ഭൗതിക വിരക്തരായി ഖാന്‍ഗാഹുകളില്‍ ചടഞ്ഞുകൂടുന്നതിനെയും വിമര്‍ശിച്ചിട്ടുണ്ട്‌: അറിയുക വീടിന്റെ അകത്തളങ്ങളില്‍ ചടഞ്ഞിരിക്കുന്നവന്‍, അവന്‍ എവിടെയായാലും ഈ കാലത്ത്‌ അവന്‍ തെറ്റില്‍ നിന്ന്‌ ഒഴിവാകുകയില്ല. ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുകയും അവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുകയെന്ന കര്‍ത്തവ്യം നിര്‍വഹിക്കാതെ ഒഴിഞ്ഞിരിക്കുകയെന്ന കുറ്റമാണവര്‍ ചെയ്യുന്നത്‌ (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2/342)
സമൂഹത്തില്‍ തിന്മകള്‍ പെരുകുകയും ജനങ്ങള്‍ ദുശിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഈമാനിന്റെയും തഖ്‌വയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വേണ്ടി ഗുഹകളിലേക്കും വനാന്തരങ്ങളിലേക്കും ഒളിച്ചോടാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ആത്മീയതയുടെ ഗിരിശ്രൃംഖങ്ങളില്‍നിന്ന്‌ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി വരാനും തിന്മകള്‍ തടഞ്ഞ്‌ നന്മകള്‍ പ്രചരിപ്പിക്കാനുമാണ്‌. നന്മകള്‍ കല്‍പിക്കുക, തിന്മ തടയുക എന്ന കല്‍പന ഖുര്‍ആന്‍ നിരവധി തവണ നടത്തിയിട്ടുണ്ടെന്ന്‌ ഓര്‍ക്കുക. ജീര്‍ണതകള്‍ തടയാന്‍ കരുത്തില്ലെന്നും ഞങ്ങള്‍ ആത്മീയതയിലേക്കുള്‍വലിഞ്ഞ്‌ സ്വയം രക്ഷ ഉറപ്പുവരുത്തുകയാണെന്നുള്ള വാദം ഒരിക്കലും അംഗീകരിക്കാനാവില്ല. തിന്മകള്‍ക്കെതിരായ പ്രതികരണത്തിന്റെ ഒരു രൂപമാണ്‌ ആത്മീയതയിലേക്കുള്ള ഉള്‍വലിയലുകളെങ്കില്‍ പിറന്ന തിന്മക്കെതിരായി പോരാടുവാനുള്ള ഖുര്‍ആനികാഹ്വാനങ്ങള്‍ക്ക്‌ എന്തര്‍ഥമാണുള്ളത്‌! അത്തരമൊരാത്മീയത ഇസ്‌ലാമിനന്യമാണ്‌. വേദക്കാരുടെ ആത്മീയ നേതാക്കന്മാര്‍ക്കെതിരെ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇങ്ങനെ കാണാം: അവര്‍ ചെയ്‌തിരുന്ന തിന്മകളൊന്നും അവര്‍ തടയാറുണ്ടായിരുന്നില്ല (ഖുര്‍ആന്‍ 5: 79).
ആരാധനകളെക്കുറിച്ച്‌ സ്വയം നന്നാവുകയെന്നതു മാത്രമല്ല, മറ്റുള്ളവരെ നന്നാക്കുകയെന്നതും തുല്യപ്രാധാന്യമുള്ളതാണ്‌. എന്നാല്‍ ഈ തത്വത്തിന്‌ വിരുദ്ധമായി, സ്വയം രക്ഷ മാത്രം മതിയെന്ന ത്വരീഖത്തു വാദത്തിന്‌ ഒരു ആയത്ത്‌ തെളിവുദ്ധരിക്കാറുണ്ട്‌. സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുക: മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിങ്ങള്‍ക്ക്‌ ഒരു ദോഷവും ചെയ്യില്ല. നിങ്ങള്‍ സ്വയം സന്മാര്‍ഗത്തിലാണെങ്കില്‍ (അല്‍ മാഇദ 105).
സ്വന്തം രക്ഷാമാര്‍ഗം മാത്രം അന്വേഷിക്കുകയും സമൂഹത്തിന്റെ സംസ്‌കരണ ദൗത്യം അവഗണിക്കുകയും ചെയ്യണമെന്നാണ്‌ ഈ ആയത്തിന്റെ ആശയമെന്ന്‌ ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്‌. ആ തെറ്റുധാരണ ഹസ്രത്ത്‌ അബൂബക്‌ര്‍(റ) തിരുത്തുകയും ചെയ്‌തിട്ടുണ്ട്‌: ജനങ്ങളേ നിങ്ങളീ ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്‌ത്‌ അതിനു ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടോ? റസൂല്‍(സ) അരുള്‍ ചെയ്യുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. `തിന്മ ചെയ്യുന്നത്‌ കണ്ടിട്ടും അത്‌ തടയാതിരിക്കുകയും അക്രമിയുടെ അക്രമം കാണുമ്പോള്‍ അവനെ തടയാതിരിക്കുകയും ചെയ്യുകയെന്ന ഒരു അവസ്ഥ ജനങ്ങളിലുളവാകുകയും ചെയ്യുന്ന പക്ഷം സകലരെയും അല്ലാഹു അവന്റെ ശിക്ഷക്ക്‌ വിധേയരാക്കിയേക്കും. ദൈവത്താണ നിങ്ങള്‍ നന്മ ആജ്ഞാപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകതന്നെ വേണം അല്ലാത്ത പക്ഷം നിങ്ങളുടെ മേല്‍ ഏറ്റവും ദുഷ്‌ടന്മാരായ ആളുകളെ അല്ലാഹു അധികാരപ്പെടുത്തും. അവന്‍ നിങ്ങളെ കടുത്ത യാതനകളും വേദനകളും അനുഭവിപ്പിക്കും. അപ്പോള്‍ നിങ്ങളില്‍ ശേഷിക്കുന്നവര്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചു നോക്കും. പക്ഷേ അവനത്‌ സ്വീകരിക്കുകയില്ല (അഹ്‌മദ്‌, ഇബ്‌നുമാജ).
അബൂ ഉമയ്യത്തു ശ്ശഅ്‌ബാനി പറയുന്നു: ഈ ആയത്തിനെക്കുറിച്ച്‌ ഞാനൊരിക്കല്‍ അബൂസഅ്‌ലബത്തുല്‍ ഖുശ്‌നിയോട്‌ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞ മറുപടിയിതാണ്‌: ഈ ആയത്തിനെക്കുറിച്ച്‌ ഞാന്‍ നബി(സ) യോട്‌ ചോദിക്കുകയുണ്ടായി. അവിടുന്ന്‌ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്‌: നിങ്ങള്‍ നന്മകല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുക. പിശുക്കന്മാരെ അനുസരിക്കുകയും ദേഹേഛയെ പിന്തുടരുകയും ദുനിയാവിന്‌ മുന്‍ ഗണന നല്‍കുകയും ഓരോരുത്തരും സ്വന്തം അഭിപ്രായത്തില്‍തന്നെ മികവ്‌ നടിക്കുക (.......) യും ചെയ്‌തുത തുടങ്ങിയാല്‍ നീ സ്വന്തം ജീവിതത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക, പൊതു സമൂഹത്തെ വിട്ടേക്കുക. നിങ്ങള്‍ക്കു ശേഷം ഒരു കാലം വരും. അന്ന്‌ ക്ഷമയവലംബിച്ച്‌ നിലകൊള്ളുന്നവന്‍ തീക്കനലില്‍ പിടിക്കുന്നവനെ പോലെയായിരിക്കും. അന്ന്‌ കര്‍മനിരതരാകുന്ന ഒരാള്‍ക്ക്‌ നിങ്ങളെപോലെ പ്രവര്‍ത്തിക്കുന്ന അന്‍പത്‌ പേരുടെ പ്രതിഫലമാണ്‌ ലഭിക്കുക (തിര്‍മിദി). ഈ സൂക്തത്തെ ആത്മീയ ഒളിച്ചോട്ടത്തിന്‌ തെളിവാക്കി ദുര്‍വ്യാഖ്യാനം ചെയ്‌തവരെ, ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ ദീര്‍ഘമായി വിശദീകരിച്ചുകൊണ്ട്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) കഠിനമായി ശാസിച്ചിട്ടുണ്ട്‌. ഇബ്‌നു മസ്‌ഊദും കുറച്ചാളുകളും ഒരിടത്തിരിക്കുകയായിരുന്നു. രണ്ട്‌ പേര്‍ തമ്മില്‍ ശണ്‌ഠകൂടുന്നത്‌ കണ്ട്‌ ഇബ്‌നു മസ്‌ഊദിന്റെ കൂടെയിരുന്നവരിലൊരാള്‍ അത്‌ തടയാനായി എഴുന്നേറ്റു. പക്ഷേ, തടയാന്‍ ശ്രമിച്ചയാളെ വിലക്കിക്കൊണ്ട്‌ മറ്റൊരാള്‍ രംഗത്തുവന്നു. അയാള്‍ പറഞ്ഞു: `നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുക'യെന്നാണ്‌ അല്ലാഹു കല്‍പിച്ചിട്ടുള്ളത്‌. അതിനാല്‍ ശണ്‌ഠകൂടുന്നവരെ തടയേണ്ടതില്ലെന്നര്‍ഥം. ഖുര്‍ആന്‍ ആയത്തിനെ ഇപ്രകാരം ദുര്‍വ്യാഖ്യാനിക്കുന്നത്‌ കേട്ട ഇബ്‌നുമസ്‌ഊദ്‌ അയാളോട്‌ നിര്‍ത്താനാവശ്യപ്പെടുകയായിരുന്നു. ഈ വിവരണങ്ങളില്‍നിന്ന്‌ മനസ്സിലാകുന്നത്‌ രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌, സമൂഹം ദുശിക്കുമ്പോള്‍ അവരുടെ ജീര്‍ണതകള്‍ തങ്ങളെ ബാധിക്കാതിരിക്കാനും സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്താനും ഓരോ വ്യക്തിയും ശ്രദ്ധിക്കണം. രണ്ട്‌, അതോടൊപ്പം പൊതുസമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതുകയും വേണം. എന്നിട്ടും അവര്‍ നന്നാകുന്നില്ലെങ്കില്‍ അതിന്‌ തനിക്ക്‌ ഉത്തരവാദിത്തമുണ്ടായില്ല. സഈദുബ്‌നു മുസയ്യബിന്റെ വിശദീകണം ശ്രദ്ധേയമാണ്‌: നീ തിന്മ തടയുകയും നന്മ കല്‍പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ, നീ നേര്‍ വഴിയിലാണെങ്കില്‍ മറ്റുള്ളവരുടെ മാര്‍ഗഭ്രംശം നിന്നെ പ്രയാസപ്പെടുത്തില്ല (ഇബ്‌നു കസീര്‍ 1/557).
പുണ്യവും (�dG) ഭക്തിയും (iIJ�dG) ധ്യാനകേന്ദ്രങ്ങളിലെ ഏകാന്തവാസത്തിലൂടെയും, മന്ത്രോച്ചാരണങ്ങളിലൂടെയും മാത്രമേ നേടാന്‍ കഴിയുകയുള്ളൂവെന്നും, ജനങ്ങള്‍ക്കിടയിലുള്ള ജീവിതവും, സമൂഹസേവനവും ആത്മീയതയുടെ മോക്ഷമാര്‍ഗങ്ങളിലെന്നും, അതെല്ലാം ആത്മീയ വളര്‍ച്ചക്ക്‌ വിഘാതമാണെന്നുമുള്ള ത്വരീഖത്തു ജല്‍പന്നങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്‌. ജീവിതകാലം മുഴുവനും അല്ലെങ്കില്‍ ദീര്‍ഘമായ ഒരു കാലയളവെങ്കിലും മനുഷ്യരുമായുള്ള ബന്ധം വിഛേദിച്ച ലോക പരിത്യാഗിയായി ഏകാന്തവാസമനുഷ്‌ഠിക്കലാണ്‌ തഖ്‌വയും ബിര്‍റും നേടാനുള്ള ഉപാധിയെന്നുള്ള ത്വരീഖത്തു കാഴ്‌ചപ്പാടിനെ തിരുത്തുന്ന ഖുര്‍ആന്‍ വാദ്യങ്ങള്‍ എത്രയെങ്കിലുമുണ്ട്‌. അല്ലാഹു പറയുന്നു: നിങ്ങള്‍ കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ മുഖം തിരിക്കുക എന്നതല്ല പുണ്യം (�dG). പക്ഷേ, അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദങ്ങളിലും പ്രവാചന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുക, അല്ലാഹുവോടുള്ള സ്‌നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമമോചനത്തിനും ചെലവഴിക്കുക, നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത്‌ നല്‍കുകയും ചെയ്യുക, ഇതാണ്‌ പുണ്യം. കരാര്‍ പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുക്കളിലും സത്യാസത്യ സംഘടനവേളകളിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ പുണ്യവാന്മാര്‍. അവരാണ്‌ സത്യവാന്മാര്‍. അവര്‍ തന്നെയാണ്‌ ഭക്‌തര്‍. (�IJ��G) അല്‍ബഖറ : 177)
ബിര്‍റ്‌, തഖ്‌വ എന്നീ രണ്ടുപദങ്ങള്‍ ഉപയോഗിച്ച്‌ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്‌ എന്താണെന്നും ആദ്യഭാഗത്ത്‌ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞുള്ള ആത്മീയതയുടെ കേവല നാട്യങ്ങളെ നിരാകരിച്ചതിന്റെ പൊരുളെന്താണെന്നും നന്നായി ഗ്രഹിച്ചിരിക്കേണ്ടതാണ്‌. ഭക്തിയും പുണ്യവും ജനങ്ങളു#ായി ബന്ധപ്പെടുന്നതും അവരെ സേവിക്കുന്നതില്‍കൂടി കരസ്ഥമാകുന്നതുമാണെന്ന്‌ വ്യക്തമാകുന്ന വേറെയും ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം.
വിശ്വാസികളുടെ എതിരാളികളോടു പോലുള്ള നീതി (അല്‍മാഇദ : 8) അശരണര്‍ക്കുവേണ്ടി നല്‍കുന്ന ദാനം (അദ്ദാരിയാത്ത്‌: 15-19) വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ മനുഷ്യരുമായി ചെയ്‌ത കരാറിന്റെ പൂര്‍ത്തീകരണം (ആലുഇംറാന്‍ - 76, അത്തൗബ - 4) വിവാഹമോചിതയായ ഗര്‍ഭിണിയെ ഭര്‍ത്താവായിരുന്ന വ്യക്തി സ്വന്തം വീട്ടില്‍ നിര്‍ത്തി സംരക്ഷിക്കുകയും ചെലവിന്‌ നല്‍കുകയും ചെയ്യുക. (അത്ത്വലാഖ്‌ - 4) തുടങ്ങിയ സമസൃഷ്‌ടികളുടമായി ബന്ധപ്പെട്ടതും ജനസേവന പരവുമായ കര്‍മങ്ങളെ തഖ്‌വയുടെ നിദര്‍ശനങ്ങളായി ഖുര്‍ആന്‍ എടുത്തുപറഞ്ഞിട്ടുണ്ട്‌. എന്നാല്‍ തഖ്‌വയെക്കുറിച്ച സ്വൂഫി സങ്കല്‍പങ്ങള്‍ ഈ തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നുമാത്രമല്ല, ഇത്തരം ഖുര്‍ആനിക ആഹ്വാനങ്ങളെ ആത്മീയോന്നതിക്ക്‌ വിഘാതം നില്‍ക്കുന്നവയെന്നാരോപിച്ച്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ത്വരീഖത്തുകള്‍ ചെയ്യുന്നത്‌.

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates