Tuesday 26 June 2012

ആരുടെ നവോത്ഥാനം? ആരുടെ പാരമ്പര്യം?



ബസുമതി നമുക്ക്‌ സുപരിചിതമായ അരിയിനമാണ്‌. കാലങ്ങളായി കൃഷിചെയ്‌തുവരുന്ന 27 തരം ബസുമതിയുണ്ട്‌. ഇന്ത്യയിലെയും പാകിസ്‌താനിലെയും കര്‍ഷകരുടെ പരമ്പരാഗത അറിവിന്റെ ഫലങ്ങളാണവ. 1997 സെപ്‌റ്റംബര്‍ 2-ന്‌ ടെക്‌സാസ്‌ കേന്ദ്രമായുള്ള `റൈസ്‌ടെക്‌' എന്ന കമ്പനി ബസുമതിയുടെ പേറ്റന്റ്‌ സ്വന്തമാക്കി ടെക്‌സ്‌മതി, ജസ്‌മതി, കസ്‌മതി എന്നീ പേരുകളില്‍ രജിസ്റ്റര്‍ ചെയ്‌തു. നമ്മുടെ സ്വന്തം ബസുമതി അങ്ങനെ അമേരിക്കന്‍ കമ്പനി കവര്‍ന്നെടുത്തു.
പ്രപഞ്ചരഹസ്യങ്ങളിലേക്ക്‌ അന്വേഷണത്വരയോടെ ഊളിയിട്ടും അപൂര്‍വഗ്രന്ഥങ്ങള്‍ അവലംബിച്ച്‌ ഗഹനമായ ഗവേഷണപഠനങ്ങള്‍ നടത്തിയും മധ്യകാല മുസ്‌ലിം ശാസ്‌ത്രജ്ഞരും ചിന്തകരും നേടിയ അമൂല്യങ്ങളായ കണ്ടുപിടിത്തങ്ങളും ജ്ഞാനദര്‍ശനങ്ങളും യൂറോപ്യര്‍ തങ്ങളുടേതാക്കി അവതരിപ്പിച്ചതിന്‌ ചരിത്രം സാക്ഷി. ഇബ്‌നുസീനയെയും ഇബ്‌നുറുശ്‌ദിനെയും പോലുള്ളവരെ `മതംമാറ്റി' അവിെസന്നയും അവറോസുമാക്കി അവര്‍. പ്രശസ്‌ത ചിന്തകന്‍ ലെയിന്‍പൂള്‍ പറഞ്ഞതുപോലെ മുസ്‌ലിംകളില്‍നിന്ന്‌ കടംവാങ്ങിയ വെളിച്ചം കൊണ്ടാണ്‌ യൂറോപ്പ്‌ പ്രകാശിക്കാന്‍ തുടങ്ങിയത്‌. എന്നാല്‍, കടംവാങ്ങിയതും അപഹരിച്ചതും മുഴുവന്‍ യൂറോപ്യര്‍ സ്വന്തം ലേബലില്‍ ലോകത്തിന്‌ പരിചയപ്പെടുത്തി. മറ്റൊരു ക്രൂരത കൂടി ചെയ്‌തു അവര്‍. തങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും കാരണമായ വിജ്ഞാനീയങ്ങള്‍ക്ക്‌ അടിത്തറയിട്ട മുസ്‌ലിംകളെ അപരിഷ്‌കൃതരായും ഇസ്‌ലാമിനെ കാടന്‍ മതമായും മുദ്രകുത്തി, ഇസ്‌ലാമികചരിത്രത്തെ വികൃതമാക്കി. ഇത്തരം അട്ടിമറിനീക്കങ്ങള്‍ ചരിത്രത്തില്‍ പലപ്പോഴും നടന്നിട്ടുണ്ട്‌.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുത്തും മുസ്‌ലിംകളുടെ നേതൃത്വത്തില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ മഹത്തായ പാരമ്പര്യം അവകാശപ്പെട്ടും ചിലര്‍ ഇപ്പോള്‍ രംഗത്തുവരുന്നുണ്ട്‌. ചരിത്രവസ്‌തുതകളെ കീഴ്‌മേല്‍ മറിക്കാനും ദുര്‍വ്യാഖ്യാനിക്കാനും എന്നത്തെയും പോലെ അവര്‍ ധൃഷ്‌ടരാകുന്നു. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ പുതുതലമുറയും അവരുടെ കൂലിക്കാരും ചേര്‍ന്ന്‌ പോസ്റ്റ്‌ മോഡേണ്‍ ചിന്തകളുടെ അകമ്പടിയോടെ വിചിത്രമായ `തീസീസുകള്‍' അവതരിപ്പിക്കുന്നു. ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ സകല നേട്ടങ്ങളുടെയും പേറ്റന്റ്‌ അപഹരിക്കാന്‍ നെട്ടോട്ടമോടുന്നു. ഒപ്പം നവോത്ഥാനത്തെത്തന്നെ നിരാകരിക്കുന്നു! നവോത്ഥാനപ്രസ്ഥാനങ്ങളെ പാരമ്പര്യത്തിന്റെ ഘാതകരായും സാമ്രാജ്യത്വ ഏജന്റുമാരായും മുദ്രകുത്തി വിരട്ടുന്നു. തങ്ങളുടെ വിശ്വാസവ്യതിയാനങ്ങളും ആചാരവൈകൃതങ്ങളും ആത്മീയവ്യവസായങ്ങളുമാണ്‌ ശരിയായ ഇസ്‌ലാമെന്ന്‌ വലിയവായില്‍ വിളിച്ചുകൂവുന്നു.
നേരത്തേ സൂചിപ്പിച്ച യു.എസ്‌ കമ്പനിയുടെയും യൂറോപ്പിന്റെയും ഉദാഹരണങ്ങളും യാഥാസ്ഥിതികരുടെ അവകാശവാദവും തമ്മില്‍ ഒട്ടേറെ സമാനതകളും ഒപ്പം ഒരു വ്യത്യാസവുമുണ്ട്‌. യു.എസ്‌ കമ്പനിയുടെയും യൂറോപ്പിന്റെയും അപഹരണനീക്കങ്ങള്‍ വിജയിച്ചപ്പോള്‍, യാഥാസ്ഥിതികര്‍ തങ്ങളുടെ വിഫലശ്രമങ്ങളില്‍ ആത്മസായൂജ്യമടയുകയാണ്‌ എന്നതാണ്‌ വ്യത്യാസം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ച്‌ ഇസ്‌ലാമിന്റെ വിമോചനവശവും ശക്തിസൗന്ദര്യങ്ങളും മുസ്‌ലിംസമൂഹത്തിന്‌ നിഷേധിച്ചവര്‍, ഭൗതികവിദ്യാഭ്യാസവും ശരിയായ മതവിദ്യാഭ്യാസവും വിലക്കി സമുദായപുരോഗതിക്ക്‌ വിലങ്ങുതടിയായി നിന്നവര്‍, സ്‌ത്രീകള്‍ക്ക്‌ പള്ളിയും പള്ളിക്കൂടവും വിലക്കിയവര്‍, ബ്രിട്ടീഷ്‌ അധിനിവേശശക്തികള്‍ക്ക്‌ റാന്‍മൂളി സ്വാതന്ത്ര്യസമരം നയിച്ച മുസ്‌ലിംകള്‍ക്കെതിരെ `കുഫ്‌റ്‌ ഫത്‌വ' ഇറക്കിയവര്‍ നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പാരമ്പര്യം അവകാശപ്പെട്ട്‌ തലപൊക്കുമ്പോള്‍ ഇവരുടെ കഴുത്തില്‍ ജോക്കര്‍ കാര്‍ഡ്‌ തൂക്കി ആദരിക്കലാണ്‌ ഉചിതം. ഒരു സമൂഹത്തെ മൊത്തം അന്ധകാരം ഗ്രസിച്ചുനിന്ന കാലത്ത്‌, അവര്‍ ദീനും ദുന്‍യാവും അറിയാതെ ഉഴറിനടക്കുകയും ഒരുഭാഗത്ത്‌ പാരമ്പര്യ ഖുറാഫാത്തുകള്‍ക്കും മറുഭാഗത്ത്‌ ആധുനിക ജാഹിലിയ്യത്തുകള്‍ക്കും കഴുത്തു നീട്ടിക്കൊടുക്കുകയും ചെയ്‌ത ചരിത്രസന്ധിയില്‍ വിളക്കു കൊളുത്തി വെളിച്ചം കാണിച്ചത്‌ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളാണ്‌. അന്ന്‌, ഉള്ളംകൈയില്‍ രോമം മുളച്ച്‌ ബഗ്‌ദാദോളം നീണ്ടാല്‍ വുദൂ ചെയ്യുമ്പോള്‍ അതിന്റെ അറ്റം കഴുകേണ്ടതുണ്ടോ എന്ന്‌ ചര്‍ച്ചനടത്തിയ, പള്ളിക്കകത്ത്‌ മരം വളര്‍ന്ന്‌ അതിന്റെ കൊമ്പ്‌ പുറത്തേക്കു നീണ്ടാല്‍ അതിന്മേല്‍ ഇഅ്‌തികാഫ്‌ ഇരിക്കാമോ എന്ന്‌ `ഗവേഷണം' നടത്തിയ ഒരു വിഭാഗമുണ്ടായിരുന്നിവിടെ. അവരുടെ പിന്മുറക്കാരാണ്‌ (ഈ ഉത്തരാധുനികസന്തതികളെ `നവയാഥാസ്ഥിതികര്‍' എന്നു വിളിക്കാം) ഇപ്പോള്‍ ഇസ്‌ലാമികപ്രസ്ഥാനങ്ങള്‍ക്ക്‌ നവോത്ഥാനവും സാമ്രാജ്യത്വവിരുദ്ധതയും പഠിപ്പിക്കാന്‍ പത്തുവക ഏടുകളും മന്ത്രിച്ചൂതിയ വെള്ളവും ഐക്കല്ലുകളുമൊക്കെയായി എഴുന്നള്ളുന്നത്‌! തങ്ങളുടെ കൈവശമുള്ള പുഴുവരിക്കുന്ന ഈത്തപ്പഴം ബസ്വറയിലേക്ക്‌ കയറ്റിയയക്കാനുള്ള അപഹാസ്യ ശ്രമമാണിത്‌. കൊടിയ മര്‍ദനങ്ങള്‍ സഹിച്ച്‌, പ്രതിസന്ധികളുടെ പര്‍വതനിരകള്‍ താണ്ടിക്കടന്ന്‌ വിശുദ്ധ പ്രവാചകനും സ്വഹാബിവര്യന്മാരും നേടിയ വിജയത്തിന്റെ ആനുകൂല്യം പറ്റാന്‍ വന്ന കാട്ടറബികളോട്‌ ഖുര്‍ആന്‍ ചോദിച്ച ചോദ്യം പല രീതിയിലും ഇവരോടും പ്രസക്തമാണ്‌: ``നീ ചോദിക്കുക; നിങ്ങള്‍ നിങ്ങളുടെ ദീന്‍ അല്ലാഹുവിനെ പഠിപ്പിക്കുകയാണോ?'' (അല്‍ഹുജുറാത്ത്‌ 16).
നവോത്ഥാനത്തിന്റെ പുത്തന്‍ `റിസര്‍ച്ച്‌ പേപ്പറുകള്‍' അവതരിപ്പിക്കുമ്പോള്‍ സ്വന്തം ഭൂതകാലം, വര്‍ത്തമാനം തന്നെയും യാഥാസ്ഥിതികരെ നോക്കി പല്ലിളിക്കുന്നുണ്ട്‌. വാടകമസ്‌തിഷ്‌കങ്ങളില്‍ രൂപംകൊള്ളുന്ന `മൗലിക'ചിന്തകളെ ദഫ്‌മുട്ടി ഇവര്‍ ആനയിക്കുമ്പോള്‍ സ്വന്തം അനുയായികള്‍ തന്നെ അവ മനസ്സിലാക്കാനാകാതെ മിഴിച്ചിരിക്കുന്നു, ഉള്‍ക്കൊള്ളാനാകാതെ അന്തംവിട്ട്‌ നില്‍ക്കുന്നു! പ്രബുദ്ധരായ മുസ്‌ലിംതലമുറക്ക്‌ നവയാഥാസ്ഥിതികരുടെ ഈ കിഞ്ചന വര്‍ത്തമാനങ്ങള്‍ ഫലിതരസം പകരുന്നു.
ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ ഇന്ന്‌ കുടില്‍കെട്ടി പാര്‍ക്കാനും വിളവെടുക്കാനും ഒരുങ്ങിപ്പുറപ്പെടുന്നവര്‍ സര്‍വ മേഖലകളിലും പിന്മടക്കവും പിന്തിരിപ്പത്തവും അസഹിഷ്‌ണുതയുമാണ്‌ സമുദായത്തെ പഠിപ്പിച്ചത്‌/പഠിപ്പിക്കുന്നത്‌. പഴയതും പുതിയതുമായ സകല ജാഹിലിയ്യത്തുകളെയും പാരമ്പര്യത്തിന്റെ കുപ്പായമിട്ട്‌, ഉത്തരാധുനിക വ്യാഖ്യാനങ്ങള്‍ നല്‍കി ഇവര്‍ കെട്ടിയെഴുന്നള്ളിക്കുന്നു. സ്വതന്ത്ര ബുദ്ധിജീവി പട്ടമുള്ളവരാണവയുടെ ഉല്‍പാദകരും പ്രമോട്ടര്‍മാരും. നവയാഥാസ്ഥിതിക പുരോഹിതര്‍ വെറും പ്രചാരകര്‍ മാത്രം.
ഒരുഭാഗത്ത്‌ നവോത്ഥാനമെന്ന ആശയത്തെ അടിസ്ഥാനപരമായിത്തന്നെ നിരാകരിക്കുന്നു. മറുഭാഗത്ത്‌ പാരമ്പര്യം മുറുകെപ്പിടിക്കലാണ്‌ നവോത്ഥാനമെന്ന്‌ സിദ്ധാന്തിക്കുന്നു. ശേഷം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പാരമ്പര്യത്തിന്റെയും സാംസ്‌കാരികചിഹ്നങ്ങളുടെയും അന്തകരാണെന്ന്‌ പ്രചരിപ്പിക്കുന്നു. ഇസ്‌ലാമിന്റെ `ജൈവികതയെയും സൗന്ദര്യത്തെയും തൊട്ടുണര്‍ത്തുന്ന' ആചാരങ്ങളെയും പൈതൃകങ്ങളെയും ചരിത്രസ്‌മാരകങ്ങളെയും ശിര്‍ക്ക്‌-ബിദ്‌അത്ത്‌ മുദ്രകുത്തി തകര്‍ത്തുവെന്നു പറഞ്ഞ്‌ നവോത്ഥാന പ്രസ്ഥാനങ്ങളെ ചിത്രവധം നടത്തുകയും സാമ്രാജ്യത്വത്തിന്റെ ഏജന്റുകളെന്ന്‌ ആരോപിക്കുകയും ചെയ്യുന്നു -ഇതാണ്‌ പുതിയ നവോത്ഥാനവാദത്തിന്റെ ചുരുക്കം.
ഇസ്‌ലാമിക വിപ്ലവപ്രസ്ഥാനങ്ങളുടെ കടുത്ത വെല്ലുവിളികള്‍ക്കു മുന്നില്‍ പത്തിമടക്കിയ ഇസ്‌ലാംവിരുദ്ധരുടെ അജണ്ടകളാണ്‌ നവോത്ഥാനത്തിന്‌ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകവഴി നവയാഥാസ്ഥിതികര്‍ ബോധപൂര്‍വമോ അല്ലാതെയോ നടപ്പിലാക്കുന്നത്‌. ഇസ്‌ലാമികനവോത്ഥാനത്തെ സംബന്ധിച്ച സാമ്രാജ്യത്വവീക്ഷണങ്ങളും യാഥാസ്ഥിതികവാദങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടുന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌. മനുഷ്യരാശി പൊതുവിലും മുസ്‌ലിംസമൂഹം പ്രത്യേകിച്ചും കടുത്ത വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടമാണിത്‌. അവയെയെല്ലാം അരികുകളിലേക്ക്‌ മാറ്റിവെച്ച്‌ ജനപക്ഷത്തുനിന്ന്‌ പോരാടുന്ന ഇസ്‌ലാമികപ്രസ്ഥാനങ്ങളെ സാമ്രാജ്യത്വചാരന്മാരെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയും വിശ്വാസവൈകല്യങ്ങളെയും അനാചാരങ്ങളെയും ജൈവികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ പുനഃപ്രതിഷ്‌ഠിക്കണമെന്ന്‌ വാദിക്കുകയും ചെയ്യുന്ന പ്രതിലോമചിന്തകള്‍ നവയാഥാസ്ഥിതികര്‍ അമര്‍ത്തി അവതരിപ്പിക്കുന്നതിനു പിന്നിലെ രാഷ്‌ട്രീയമെന്തെന്നും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. തൗഹീദ്‌ അംഗീകരിച്ചിട്ടും ശിര്‍ക്കുപരമായ കാര്യങ്ങള്‍ കൈയൊഴിയാതെയും വിശ്വാസ-ആരാധനാ രംഗങ്ങളിലെ വൈകല്യങ്ങള്‍ തിരുത്താതെയും സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ മതത്തിന്റെ പേരില്‍ മുദ്രാവാക്യം മുഴക്കുന്നത്‌ അടിത്തറയിടാത്ത കെട്ടിടനിര്‍മാണം പോലുള്ള വിഡ്‌ഢിത്തമാണ്‌.
ഇസ്‌ലാമികനവോത്ഥാനം യാഥാസ്ഥിതികത്വത്തിന്റെ ഇരുട്ടറകളില്‍നിന്ന്‌ ചൂഷിതരായ വിശ്വാസികളെ രക്ഷപ്പെടുത്തി. തദ്‌ഫലമായി ആത്മീയവ്യവസായത്തിന്‌ തിരിച്ചടിയേറ്റു. അന്ധവിശ്വാസങ്ങളുടെ വിറ്റുവരവ്‌ കുറഞ്ഞു. തിരുവായ്‌ക്കെതിര്‍വായില്ലാത്തത്ര `ഗംഭീരരായ' പുരോഹിതരുടെ ഫത്‌വകള്‍ക്ക്‌ മാര്‍ക്കറ്റ്‌ നഷ്‌ടപ്പെട്ടു. അഭ്യസ്‌തവിദ്യരില്‍ മാത്രമല്ല സാധാരണക്കാരിലും വലിയൊരളവില്‍ പരിവര്‍ത്തനങ്ങളുണ്ടായി. അതിന്റെ രോഷം തീര്‍ക്കലാണീ പുത്തന്‍വാദങ്ങള്‍. യാഥാസ്ഥിതികരുടെ പുതിയ തലമുറക്ക്‌- നവയാഥാസ്ഥിതികര്‍ക്ക്‌- തങ്ങളുടെ പൂര്‍വികരിലേക്ക്‌ തിരിഞ്ഞുനോക്കിയപ്പോള്‍, മുമ്പുണ്ടായിരുന്ന ധാരാളം വരുമാനസ്രോതസ്സുകള്‍ അറിയാനിടയായി. ഇന്ന്‌ അടഞ്ഞുകിടക്കുന്ന അവയില്‍ ചിലതെങ്കിലും വീണ്ടും തുറന്നുകിട്ടിയാലുള്ള സുഖവാസസ്വപ്‌നമാണ്‌ മനസ്സുനിറയെ.
ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരിലുള്ള അവയുടെ പോരാട്ടങ്ങളെയും ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലത്തോടെ നേരിടാന്‍ നവയാഥാസ്ഥിതികര്‍ക്ക്‌ സാധിക്കുന്നില്ല. നാലില്‍ ഒരു മദ്‌ഹബിനെ അന്ധമായി പിന്തുടരേണ്ടത്‌ നിര്‍ബന്ധമാണെന്ന്‌ വാദിക്കുന്നവര്‍ക്ക്‌ പല വിവാദവിഷയങ്ങളിലും ഒരു മദ്‌ഹബിന്റെയും പിന്‍ബലം ലഭിക്കുന്നില്ല. അതുകൊണ്ടാണ്‌ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെതിരെ പുതിയ പുതിയ വിമര്‍ശനങ്ങള്‍ കൊണ്ടുവരുന്നതും ശിര്‍ക്ക്‌-ബിദ്‌അത്ത്‌-ഖുറാഫാത്തുകളെ ഉത്തരാധുനിക വിശകലനം വഴി ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും. ശിര്‍ക്കുപരമായ ഇസ്‌തിഗാസയും, തവസ്സുലും എതിര്‍ക്കപ്പെടുന്നതിനെ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായി ചിത്രീകരിക്കുന്നതിന്റെ സാഹചര്യമിതാണ്‌. പാരമ്പര്യത്തെ അതിജീവനത്തിന്റെ മൃതസഞ്‌ജീവനിയായി ഉപയോഗിക്കുന്ന പോസ്റ്റ്‌മോഡേണ്‍ ഉദ്യമമാണിത്‌. അതുകൊണ്ടാണ്‌ ഖുര്‍ആന്റെയും ഹദീസിന്റെയും പിന്‍ബലമില്ലാത്ത ജാറം നേര്‍ച്ചകള്‍ക്കും ഉത്സവങ്ങള്‍ക്കും മറ്റും തെളിവായി നവയാഥാസ്ഥിതികര്‍ക്ക്‌ പടിഞ്ഞാറന്‍ എഴുത്തുകാരായ മിഖായേല്‍ ബക്‌തിനെയും ഫ്രെഡറിക്‌ ജെയിംസിനെയും കമ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്‍ പി.കെ. പോക്കറിനെയും പോലുള്ളവരെ ഉദ്ധരിക്കേണ്ടിവരുന്നത്‌.
സാമ്രാജ്യത്വവിരോധം വ്യാപകമായി പടര്‍ന്നുപിടിക്കുന്ന പുതിയ കാലത്ത്‌ ഇത്തരം ആരോപണങ്ങള്‍ എളുപ്പത്തില്‍ വിറ്റുപോകും എന്നാണിവര്‍ വ്യാമോഹിക്കുന്നത്‌. പക്ഷേ, ജനങ്ങള്‍ക്ക്‌ പഴയ കാലത്തെപ്പോലെ പിഞ്ഞാണമെഴുതിക്കുടിച്ച വിവരവും അറബിമലയാളത്തില്‍ `ഡോക്‌ടറേറ്റെ'ടുത്ത അറിവുമല്ല ഇന്നുള്ളതെന്നതിനാല്‍ കണക്കുകൂട്ടലുകള്‍ക്ക്‌ ഫലം നാസ്‌തി! യഥാര്‍ഥത്തില്‍ ഇവര്‍ക്ക്‌ നവോത്ഥാനത്തെയും സാമ്രാജ്യത്വത്തെയും കുറിച്ച്‌ അഞ്‌ജനം-മഞ്ഞള്‍ അറിവാണുള്ളത്‌.
ഉത്തരാധുനികത
ഉത്തരാധുനികതക്ക്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്‌. തനിമാവാദത്തിന്റെ, സ്വത്വബോധത്തിന്റെ പേരില്‍ നന്മ-തിന്മ വിവേചനമില്ലാതെ സകല പാരമ്പര്യങ്ങളെയും ഉത്തരാധുനികത പുനഃപ്രതിഷ്‌ഠിക്കുന്നു. ശരി-തെറ്റ്‌ ചിന്തക്ക്‌ ഒട്ടും സ്ഥാനമില്ല. ചോദ്യങ്ങള്‍ക്ക്‌ പ്രസക്തിയില്ല. പുതിയതെല്ലാം തെറ്റും പഴയതെല്ലാം ശരിയും. പൗരാണികവും ആധുനികവുമായ സകല അന്ധവിശ്വാസങ്ങളെയും ഉത്തരാധുനികത രംഗത്തവതരിപ്പിക്കുന്നു. കടുത്ത ജീര്‍ണതകളെയും ദുരാചാരങ്ങളെയും മുരത്ത പിന്തിരിപ്പന്‍ ചിന്തകളെയും വരട്ടുവാദങ്ങളെയും എല്ലാം മഹത്വവത്‌കരിക്കുന്നു, വാണിജ്യവത്‌കരിക്കുന്നു.
കഥകളിയും തെയ്യവും `ദൈവങ്ങള്‍'ക്കു മുകളില്‍ പ്രതിഷ്‌ഠിക്കപ്പെടുകയും അവ ടൂറിസവ്യവസായത്തിന്റെ മുഖ്യ മൂലധനമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യം പാരമ്പര്യങ്ങളെ എങ്ങനെയെല്ലാം വ്യാപാരവത്‌കരിക്കാമെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌. അറിവുകളെയും പാരമ്പര്യങ്ങളെയും പിടിച്ചടക്കുന്ന, അപഹരിക്കുന്ന, ശേഷം സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഉയര്‍ത്തിപ്പിടിക്കുന്ന കാലമാണ്‌ ഉത്തരാധുനികഘട്ടം. മുതലാളിത്തവും പാരമ്പര്യത്തെ മികച്ച വിപണനവസ്‌തുവായി കാണുന്നു. സ്‌ത്രീയുടെ വെളുത്ത അര്‍ധ നഗ്നമേനിയില്‍നിന്ന്‌, ആദിവാസിയുടെ കറുത്ത മേനിയിലേക്കും കടുക്കനിട്ട കാതിലേക്കും സ്വര്‍ണപരസ്യം പുരോഗമിക്കുന്ന കാലമാണിത്‌! പാരമ്പര്യചിഹ്നങ്ങളെ സമര്‍ഥമായി ഉപയോഗിക്കാന്‍ ഹിന്ദുത്വ ഫാഷിസവും മിടുക്ക്‌ കാണിക്കുന്നു. പൈതൃകങ്ങളെ അവര്‍ പ്രതീകവത്‌കരിക്കുന്നു. പാരമ്പര്യ ഉത്സവങ്ങളും കാര്‍ണിവലുകളുമെല്ലാം സംഘ്‌പരിവാര്‍ ഏറ്റെടുത്ത്‌ ആസൂത്രിതമായും ആകര്‍ഷകമായും ഉപയോഗിക്കുന്നു. ഉത്തരേന്ത്യയില്‍, രോഗാവസ്ഥയെ മറികടക്കാന്‍ മകളെ നായക്ക്‌ വിവാഹം ചെയ്‌തുകൊടുത്തിരുന്നു അന്ധവിശ്വാസിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ശ്വാനവിവാഹത്തെ വിശ്വാസത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്‌തു. നേരത്തേ നമ്മുടെ നാട്ടില്‍ വ്യാപകമായിരുന്നു ദേവദാസി സമ്പ്രദായം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ `ദൈവങ്ങളെ സാക്ഷിനിര്‍ത്തി' വ്യഭിചരിക്കാനുള്ള സംവിധാനമാണത്‌. ആധുനികത സൃഷ്‌ടിച്ച ഫ്രീസെക്‌സിനു ബദലായി `ദേവദാസ്യ'ത്തെ അവതരിപ്പിച്ച്‌ പാരമ്പര്യത്തിന്റെ പേരില്‍ പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിയും ഉത്തരാധുനികതക്ക്‌. കൊടിയ പാപമായ വേശ്യാവൃത്തി ഐ.ടിക്ക്‌ തുല്യമായ ലൈംഗികതൊഴിലാവുകയും അത്തരം `തൊഴിലാളി'കളുടെ ആത്മകഥകള്‍ക്ക്‌ മികച്ച മാര്‍ക്കറ്റ്‌ ലഭിക്കുകയും ചെയ്യുന്നത്‌ നമുക്ക്‌ അറിയാവുന്നതാണ്‌. ഏതു വൃത്തികേടിനെയും അന്ധവിശ്വാസത്തെയും എങ്ങനെയെല്ലാം മഹത്വവത്‌കരിക്കാം എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ ഇതെല്ലാം. ഉത്തരാധുനികതയുടെ ഇതേ വിശകലന രീതിശാസ്‌ത്രം ഉപയോഗിച്ച്‌ മുസ്‌ലിംസമൂഹത്തില്‍ അവശേഷിക്കുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ഖുറാഫാത്തുകളെയും മഹത്വവത്‌കരിക്കാനും സാംസ്‌കാരികചിഹ്നങ്ങളും പാരമ്പര്യ പ്രതീകങ്ങളുമാക്കി അവതരിപ്പിക്കാനും സാധിക്കും. അതിനാണിപ്പോള്‍ നവയാഥാസ്ഥിതികര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്‌.
ഖബ്‌ര്‍പൂജ, ഉറൂസുകള്‍, വാണിഭ നേര്‍ച്ചകള്‍, മാലമൗലിദുകള്‍, സ്വലാത്ത്‌ ജാഥ, കുത്ത്‌റാത്തീബ്‌, ചാവടിയന്തരം, പത്തുവക ഏടുകള്‍, പിഞ്ഞാണമെഴുത്ത്‌ തുടങ്ങി എന്തിനെയും ഉത്തരാധുനികതയുടെ ആശയ-ഭാഷാ ഭൂമികയില്‍നിന്നുകൊണ്ട്‌ ആദര്‍ശവത്‌കരിക്കാനും പ്രതീകവത്‌കരിക്കാനുമുള്ള ശ്രമങ്ങളാണ്‌ പുത്തന്‍ നവോത്ഥാനവാദത്തിന്റെ മറവില്‍ നടക്കുന്നത്‌. കോമരം തുള്ളലും കുത്ത്‌റാത്തീബും ഒരേപോലെ പാരമ്പര്യ പ്രതീകങ്ങളാകുന്നു ഉത്തരാധുനിക കാലത്ത്‌. മുഹ്‌യിദ്ദീന്‍ ശൈഖ്‌ ചത്ത കോഴിയുടെ എല്ലുകള്‍ക്ക്‌ ജീവന്‍ നല്‍കിയെന്ന കാവ്യഭാവന ക്ലോണിംഗിനുള്ള ഇസ്‌ലാമിക അടിത്തറയായി അവതരിപ്പിക്കുവോളം ഇവര്‍ `വളര്‍ന്നിരിക്കുന്നു'. ഈ വിധം തങ്ങളുടെ കൈയിലുള്ള ദ്രവിച്ച അസ്ഥിപഞ്‌ജരങ്ങള്‍ക്ക്‌ പുതിയ `ദാര്‍ശനികാടിത്തറകള്‍' ഒരുക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളപൂശുകയും ചെയ്യുകയാണ്‌ നവയാഥാസ്ഥിതികര്‍. ആകര്‍ഷകവും വിഭ്രമാത്മകവുമായ വര്‍ണങ്ങളോടെ, പരസ്യങ്ങളുടെ അകമ്പടിയോടെ, തെരുവു കച്ചവടക്കാരെ തോല്‍പിക്കുന്ന വാക്‌വൈഭവത്തോടെ അവയെല്ലാം മാര്‍ക്കറ്റിലെത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക്‌ ശരിയെന്ന്‌ തോന്നാവുന്നവിധം നിഷ്‌കളങ്കാവബോധം സൃഷ്‌ടിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്‌ ഇക്കാലത്ത്‌ നടക്കുന്നത്‌. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈയിടെ മുംബൈയില്‍ നടന്നത്‌. മാഹിമിലെ കടല്‍വെള്ളത്തിന്‌ മധുരമുണ്ടെന്നും ദര്‍ഗയിലെ സ്വൂഫിവര്യന്‍ മഖ്‌ദൂം ഷായുടെ അത്ഭുതസിദ്ധിയാണിതിന്‌ കാരണമെന്നും പ്രചരിച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെ കടല്‍തീരത്തേക്കൊഴുകി. വെള്ളം കോരി കുടിക്കാനും സംഭരിച്ചുവെക്കാനും തുടങ്ങി. ഭീകരമായ അളവില്‍ ബാക്‌ടീരിയ അടങ്ങിയ മലിനജലമാണ്‌ അതെന്നും മാലിന്യത്തിന്റെ കൂടിയ അളവാണ്‌ ഉപ്പുരസം കുറച്ചതെന്നും തെളിഞ്ഞതോടെ അന്ധവിശ്വാസവിപണനത്തിന്റെ വലിയൊരു സാധ്യത നഷ്‌ടപ്പെട്ടു. യാഥാര്‍ഥ്യം അനാവരണം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, കൊക്കക്കോള തുടങ്ങിയ വിഷപാനീയങ്ങള്‍ക്കുള്ള `ആത്മീയ ബദലാ'യി `സാമ്രാജ്യത്വവിരുദ്ധരായ' പാരമ്പര്യവാദികള്‍ ഈ മലിനജലത്തെ പ്രതിഷ്‌ഠിക്കുമായിരുന്നു!
നവയാഥാസ്ഥിതികരുടെ അടുക്കളയിലെ ഗസ്റ്റ്‌ കുശിനിക്കാരായ `സ്വതന്ത്ര ബുദ്ധിജീവികളാ'ണ്‌ ഇത്തരം ചിന്തകളുടെ പാചകക്കാര്‍. വിശുദ്ധ ഖുര്‍ആന്‍ അനേകം ആയത്തുകളിലായി നഖശിഖാന്തം എതിര്‍ത്ത, നബി(സ) സമുദായത്തിന്‌ ഗൗരവപൂര്‍വം മുന്നറിയിപ്പ്‌ നല്‍കിയ പാപമാണ്‌ ശിര്‍ക്ക്‌. അതിന്റെ വകഭേദങ്ങള്‍ പേറിനടക്കുന്ന യാഥാസ്ഥിതികരെ അത്തരം വിഷയങ്ങളില്‍ ബോധവത്‌കരിക്കാതെ, ഇസ്‌ലാമിക നവോത്ഥാന-വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കെതിരെ `ആയുധം' നല്‍കി ഒരുക്കിയിറക്കുന്ന കാപട്യത്തിലെ ദീനീ താല്‍പര്യമെന്തെന്ന്‌ വാടക പെയിന്റിംഗുകാര്‍ ചിന്തിക്കേണ്ടതുണ്ട്‌. ഇവര്‍ക്കൊക്കെ യഥേഷ്‌ടം കയറിയിറങ്ങാവുന്ന തട്ടുകടകളെപ്പോലെയാണ്‌ നവയാഥാസ്ഥിതികരുടെ പ്രസിദ്ധീകരണങ്ങള്‍.
സത്യവിശ്വാസവും അന്ധവിശ്വാസങ്ങളും, ആചാരങ്ങളും അനാചാരങ്ങളും, സുന്നത്തും ബിദ്‌അത്തും എല്ലാം മിക്‌സ്‌ ചെയ്‌ത്‌ അവതരിപ്പിക്കുകയാണ്‌ യാഥാസ്ഥിതികരുടെ മറ്റൊരു രീതി. ബിദ്‌അത്തുകളെ സുന്നത്തിന്റെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു. ശേഷം അവയാണ്‌ യഥാര്‍ഥ സുന്നത്തെന്നും പാരമ്പര്യമെന്നും വാദിക്കുന്നു. യാഥാസ്ഥിതികരുടെ പാരമ്പര്യവാദം യഥാര്‍ഥ പ്രവാചകപാരമ്പര്യ(സുന്നത്ത്‌)ത്തെയോ മൂല്യങ്ങളെയോ അല്ല, പാരമ്പര്യങ്ങളിലെ വ്യതിയാനങ്ങളെയും വൈകല്യങ്ങളെയും വൈകൃതങ്ങളെയുമാണ്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. `ആഴ്‌ചചന്തകള്‍, വെള്ളിയാഴ്‌ച ജുമുഅ, ജാറങ്ങളിലുള്ള നേര്‍ച്ച' എന്നിവയെ ഒരേ ഈണത്തില്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുപോകുമ്പോഴും `റമദാന്‍, സ്വലാത്ത്‌ ജാഥ, ഈദ്‌' തുടങ്ങിയവയെ ഒരേചരടില്‍ കോര്‍ത്തു കെട്ടുമ്പോഴും ഇസ്‌ലാമിയ്യത്തും അല്ലാത്തതും കൂടിച്ചേരുന്ന അപകടമാണ്‌ സംഭവിക്കുന്നത്‌. ഇവയെ ഇഴപിരിച്ചെടുക്കാനും വിവേചിച്ച്‌ മനസ്സിലാക്കാനും സാധിക്കുകയെന്നതാണ്‌ പാരമ്പര്യവാദത്തിന്റെ കതിരും പതിരും വേര്‍തിരിക്കാനുള്ള വഴി.
ഉദാഹരണമായി, ഖബ്‌ര്‍സന്ദര്‍ശനവും ഖബ്‌ര്‍പൂജയും ഒരുപോലെയല്ല. പ്രത്യക്ഷത്തില്‍ രണ്ടും ഒന്നാണെന്ന്‌ തോന്നുമെങ്കിലും സത്യത്തില്‍ രണ്ടും രണ്ടുതന്നെയാണ്‌. ഖബ്‌ര്‍ സന്ദര്‍ശകര്‍ ഖബ്‌റിലുള്ളവര്‍ക്കു വേണ്ടി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നു. അത്‌ ശരിയാണ്‌. പ്രബല സുന്നത്തും പ്രതിഫലാര്‍ഹവുമാണ്‌. ഖബ്‌ര്‍പൂജകര്‍ തങ്ങള്‍ക്കുവേണ്ടി ഖബ്‌റിലുള്ള ആളുകളോട്‌ പ്രാര്‍ഥിക്കുകയോ, അല്ലാഹുവില്‍നിന്ന്‌ കാര്യങ്ങള്‍ സാധിച്ചുതരാന്‍ അവരോട്‌ ആവശ്യപ്പെടുകയോ ചെയ്യുന്നു. ഇത്‌ തെറ്റാണ്‌, ശിര്‍ക്കിന്റെ ഭാഗവും ശിക്ഷാര്‍ഹവുമാണ്‌. രണ്ടു പേരും നില്‍ക്കുന്നത്‌ ഖബ്‌റിന്‌ സമീപമാണ്‌. അതുകൊണ്ട്‌ രണ്ടിനെയും `ഒന്നായി' അവതരിപ്പിക്കുന്ന യാഥാസ്ഥിതികബുദ്ധി സാധാരണക്കാരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നു.
വിവേചനമില്ലാതെ, സകലവിധ ജാഹിലിയ്യത്തുകളെയും പാരമ്പര്യവാദത്തിന്റെ പേരില്‍ ന്യായീകരിക്കുകയും `തെളിവുകള്‍' പടച്ചുണ്ടാക്കി അവയെ സംരക്ഷിക്കാന്‍ തുനിയുകയും ചെയ്യുന്നതാണ്‌ യാഥാസ്ഥിതികസമീപനം. ഇവിടത്തെ ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ തങ്ങളുടെ വിശ്വാസ-ആരാധനാ രീതികള്‍ ഉപേക്ഷിച്ച്‌ ദീനിന്റെ വിശ്വാസവും ആരാധനകളും സ്വീകരിച്ചു. പക്ഷേ, ഹിന്ദുമതത്തിലുള്ളതും തദ്ദേശീയവുമായ പരമ്പരാഗത ആചാരങ്ങള്‍ മുഴുവന്‍ അവരില്‍ പലരും കൈയൊഴിച്ചില്ല. അതിനു പുറമെ ഇതര മതവിഭാഗങ്ങളില്‍ പുതുതായി മുളച്ചുപൊന്തുന്ന അനാചാരങ്ങള്‍ക്ക്‌ `ഇസ്‌ലാമികബദല്‍' സൃഷ്‌ടിക്കാനും പൗരോഹിത്യം ഉത്സാഹിച്ചു. തദ്‌ഫലമായി മുസ്‌ലിംസമുദായത്തില്‍ അനിസ്‌ലാമികമായ പല ആചാരങ്ങളും കടന്നുകൂടിയിട്ടുണ്ട്‌. `ക്രിസ്‌ത്യാനിയെ ഒന്ന്‌ പോറിനോക്കൂ, അവനില്‍ ഒരു ഹിന്ദുവിനെ കാണാം' എന്ന ചരിത്രകാരന്റെ വാക്കുകള്‍ ഈ പാരമ്പര്യക്കാരെ സംബന്ധിച്ചും കുറേയൊക്കെ ശരിയാണ്‌. അതുകൊണ്ടുതന്നെ പാരമ്പര്യങ്ങളെ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതും ഇസ്‌ലാമികപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കണം.
ഏതെങ്കിലുമൊരു വിശ്വാസവും ആചാരവും ചിഹ്നവും സ്വീകരിക്കാനോ തിരസ്‌കരിക്കാനോ ഉള്ള അടിസ്ഥാന മാനദണ്ഡം ഇസ്‌ലാം അതിനെ എങ്ങനെ വീക്ഷിക്കുന്നുവെന്നതാണ്‌. ഖുര്‍ആനിലും പ്രവാചകചര്യയിലും അതിന്‌ എന്ത്‌ സ്ഥാനമാണ്‌ ഉള്ളതെന്ന്‌ നോക്കിയാണ്‌. സാമ്രാജ്യത്വമോ മറ്റുള്ളവരോ അതിനെ എങ്ങനെ സമീപിക്കുന്നു എന്ന്‌ നോക്കിയല്ല. ഇസ്‌ലാമിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ പുനഃസ്ഥാപിക്കാനോ നിഷ്‌കാസനം ചെയ്യാനോ ആഹ്വാനം ചെയ്‌ത വിശ്വാസങ്ങളും തത്ത്വങ്ങളും മൂല്യങ്ങളും അനുഷ്‌ഠാനങ്ങളും ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളുടെ ഭൂമികയില്‍നിന്നുകൊണ്ടാണ്‌ വിലയിരുത്തേണ്ടത്‌, പാരമ്പര്യവാദത്തിന്റെ അടിസ്ഥാനത്തിലല്ല. നവോത്ഥാനത്തെ ഇസ്‌ലാമികവിരുദ്ധമായി ചിത്രീകരിക്കുന്നത്‌ പൈതൃകങ്ങളെയും ചിഹ്നങ്ങളെയും തകര്‍ത്തുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ്‌. എന്നാല്‍ പത്തുവക ഏടുകളും മുഹ്‌യിദ്ദീന്‍ മാലയുമല്ല, ഖുര്‍ആനും സുന്നത്തുമാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അവ രണ്ടിനോടും നവോത്ഥാനം എന്ത്‌ സമീപനം സ്വീകരിച്ചുവെന്നാണ്‌ വിലയിരുത്തേണ്ടത്‌. ഖബ്‌ര്‍പൂജയും ചന്ദനക്കുടം ഉത്സവങ്ങളും നടക്കുന്ന മഖ്‌ബറകളല്ല, തൗഹീദിന്റെ നാദം മുഴങ്ങുന്ന മസ്‌ജിദുകളും അറിവിന്റെ സംസമൊഴുക്കുന്ന വിജ്ഞാനകേന്ദ്രങ്ങളും മറ്റുമാണ്‌ ഇസ്‌ലാമിന്റെ സാംസ്‌കാരികചിഹ്നങ്ങള്‍. നവോത്ഥാനക്കാര്‍ അവയെ നിര്‍മിക്കുകയും സംരക്ഷിക്കുകയുമാണോ, അതല്ല തള്ളിപ്പറയുകയും തകര്‍ക്കുകയുമാണോ ചെയ്‌തതെന്നാണ്‌ പരിശോധിക്കേണ്ടത്‌.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്‌ടിക്കുന്ന ചിഹ്നങ്ങളെയും പ്രതീകങ്ങളെയും കശക്കിയെറിഞ്ഞ മഹത്തായ പാരമ്പര്യമാണ്‌ ഇസ്‌ലാമിന്റെ ഉത്തമ നൂറ്റാണ്ടിന്റേത്‌. ഖലീഫ ഉമറി(റ)ന്റെ ഒരു നടപടി ഉദാഹരണം. ഒരു നിര്‍ണായകഘട്ടത്തില്‍ ഹുദൈബിയയില്‍ നബി(സ) അനുചരന്മാരില്‍നിന്ന്‌ പ്രത്യേകമായി അനുസരണ പ്രതിജ്ഞ സ്വീകരിച്ചു. ഒരു മരത്തിന്റെ ചുവട്ടില്‍ വെച്ചായിരുന്നു സംഭവം. `വിശ്വാസികളില്‍ അല്ലാഹു സംപ്രീതനായിരിക്കുന്നു; ആ മരച്ചുവട്ടില്‍വെച്ച്‌ അവര്‍ താങ്കള്‍ക്ക്‌ അനുസരണ പ്രതിജ്ഞ ചെയ്‌തപ്പോള്‍' എന്ന്‌ ഖുര്‍ആന്‍ (അല്‍ഫത്‌ഹ്‌ 19) പ്രാധാന്യപൂര്‍വം പ്രസ്‌തുത സംഭവം പരാമര്‍ശിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത്‌, ഉമറി(റ)ന്റെ ഭരണകാലത്ത്‌ വിശ്വാസികളില്‍ ചിലര്‍ക്ക്‌ ആ മരത്തോട്‌ പ്രത്യേകമായ സ്‌നേഹവും ആദരവും തോന്നിത്തുടങ്ങി. ആളുകള്‍ അതിന്റെ അടുത്തുപോയി നമസ്‌കരിക്കുക പതിവാക്കി. ഉമര്‍(റ) ആ വിവരമറിഞ്ഞു. അദ്ദേഹം ആളുകളെ ശാസിച്ചു. ആ വൃക്ഷം മുറിച്ചുകളയുകയും ചെയ്‌തു (ത്വബഖാത്‌ ഇബ്‌നുസഅ്‌ദ്‌ ഭാഗം 2, പേജ്‌ 100). ജനങ്ങള്‍ വൃക്ഷത്തെ പൂജിക്കുകയും അതുവഴി ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്യുമെന്ന്‌ ആശങ്കിച്ചാണ്‌ ഉമര്‍(റ) പ്രസ്‌തുത മരം മുറിച്ചുകളഞ്ഞത്‌. ഖുര്‍ആനില്‍ പരാമര്‍ശിച്ച മരമല്ലേ, അതിന്‌ മഹത്വമില്ലേ, നമ്മുടെ പാരമ്പര്യത്തിന്റെ ചിഹ്നവും പ്രതീകവുമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ അവിടെ പ്രസക്തിയുണ്ടായില്ല. ഉമര്‍(റ) ഇസ്‌ലാമിന്റെ മഹത്തായ സാംസ്‌കാരികപൈതൃകത്തെ നശിപ്പിച്ചുവെന്ന്‌ നവയാഥാസ്ഥിതികര്‍ക്ക്‌ വാദമുണ്ടോ?
ഇസ്‌ലാമിന്റെ അടിസ്ഥാന സ്‌തംഭങ്ങളില്‍ മൂന്നാമത്തേതും, പ്രവാചകനും ഖലീഫമാരും പ്രാധാന്യപൂര്‍വം സ്ഥാപിച്ചതുമായ ഇസ്‌ലാമിന്റെ ചിഹ്നമാണ്‌ സകാത്ത്‌. അബൂബക്‌ര്‍(റ) യുദ്ധം ചെയ്‌ത്‌ സംരക്ഷിച്ച പാരമ്പര്യം. എന്നാല്‍, സാമ്പത്തിക-സാമൂഹികമാനങ്ങളും വിമോചനാത്മക ഉള്ളടക്കവുമുള്ള സകാത്തിനില്ലാത്ത പ്രാധാന്യം സ്വലാത്ത്‌ ജാഥകള്‍ക്കും സ്വലാത്ത്‌ നഗരിക്കും കൈവരുന്ന പാരമ്പര്യവാദമാണ്‌ തിരിച്ചറിയപ്പെടേണ്ടത്‌. മുതലാളിത്ത സാമ്രാജ്യത്വവും വ്യവസായ ദുഷ്‌പ്രഭുത്വവും പാരമ്പര്യങ്ങളെ കച്ചവടവത്‌കരിച്ചതുപോലെ നവ പൗരോഹിത്യവും `പാരമ്പര്യങ്ങള്‍' സ്വന്തമായി സൃഷ്‌ടിച്ചും പഴയതിനെ പൊടിതട്ടിയെടുത്തും പുതിയവ പടച്ചുണ്ടാക്കിയും എല്ലാം വ്യാപാരവത്‌കരിച്ചും തങ്ങളുടെ കീശയും മേശയും വീര്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.

2 comments:

pkdfyz said...

ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

MM said...

അല്ല പാലക്കാടാ ..വിവാഹം ഇസ്ലാം ഇൻറെ പകുതി എന്നാന്നു
അപ്പൊ വിവാഹം കഴിക്കാത്തവർ മുശ്രിക് ആവോ ??
പകുതി ഇസ്ലാം പാടില്ലല്ലോ ...
ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആണ് എന്നാണു പറഞ്ഞത് . അല്ലാതെ തൗഹീദ് ആണ് എന്നല്ല ...

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates