Tuesday, 26 June 2012

ഇസ്‌ലാമിക നവോത്ഥാനം എന്ത്‌?

ഇസ്‌ലാമിനോളം പഴക്കമുള്ളതും ചരിത്രത്തിലുടനീളം നൈരന്തര്യം നഷ്‌ടപ്പെടാതെ തുടര്‍ന്നുവന്നിട്ടുള്ളതുമായ ദീനിന്റെ അവിഭാജ്യഘടകമാണ്‌ തജ്‌ദീദ്‌ അഥവാ ഇസ്‌ലാമിക നവോത്ഥാനം. ഓരോ കാലഘട്ടത്തിലും ഇസ്‌ലാമും മുസ്‌ലിം സമൂഹവും നേരിടുന്ന വെല്ലുവിളികളോടുള്ള രചനാത്മക പ്രതികരണമാണത്‌. ഭൂതകാലത്തിലേക്ക്‌ വേരുകളാഴ്‌ത്തി, വര്‍ത്തമാനത്തിലേക്ക്‌ ചില്ലകള്‍ പടര്‍ത്തി ഭാവിയിലേക്ക്‌ വളര്‍ന്ന്‌ വികസിക്കുന്നുവെന്നതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ സവിശേഷത. ഇസ്‌ലാമിന്റെ മൗലികഗുണങ്ങളിലൊന്നായ സാര്‍വകാലികത ഉറപ്പുവരുത്തുന്നത്‌ തജ്‌ദീദ്‌ ആണ്‌. ഇസ്‌ലാമിന്റെ വിശുദ്ധഗാത്രത്തിനു നേരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കുക, കാലത്തിന്റെ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ച്‌ ദീനിന്‌ അതിജീവനത്തിന്റെ കരുത്ത്‌ പകരുക, ജാഹിലിയ്യത്തിന്റെ കടന്നുകയറ്റംവഴി നിറംകെട്ടുപോയ ദീനിന്റെ മുഖങ്ങള്‍ക്ക്‌ യഥാര്‍ഥ വര്‍ണം നല്‍കി തനിമ തിരിച്ചുപിടിക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ്‌ തജ്‌ദീദ്‌ വഴി നിര്‍വഹിക്കപ്പെടുന്നത്‌.
ജാഹിലിയ്യത്തിന്റെ ഒഴുക്കിനും ആക്രമണത്തിനും എതിരിലുള്ള ഇസ്‌ലാമിന്റെ ഉജ്ജ്വലമായ പ്രതിരോധമാണ്‌ തജ്‌ദീദ്‌. വരണ്ടുണങ്ങി വിണ്ടുകീറിയ ഊഷരഭൂമിയെ മഴ സജീവമാക്കുകയും കിളിര്‍പ്പിക്കുകയും ചെയ്യുന്നതുപോലെ നവോത്ഥാനം ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ജീവസ്സുറ്റതാക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നു. അതുവഴി ഏതൊരു കാലത്തും ഇസ്‌ലാം ഏറ്റവും പുതിയതായി അനുഭവപ്പെടുന്നു. ചെറുത്തുനില്‍പ്‌, ശുദ്ധീകരണം, വീണ്ടെടുപ്പ്‌, പുനഃസൃഷ്‌ടി എന്നീ നാല്‌ മുഖങ്ങളാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്‌ മുഖ്യമായും ഉള്ളത്‌.
തജ്‌ദീദിന്റെ പൊരുള്‍
തജ്‌ദീദ്‌ എന്ന അറബിപദത്തെയാണ്‌ `നവോത്ഥാനം' എന്ന്‌ ഭാഷാന്തരം ചെയ്യാറുള്ളത്‌. പുതിയതാക്കുക, പുനരുദ്ധരിക്കുക എന്നൊക്കെയാണ്‌ ആ വാക്കിന്റെ അര്‍ഥം. പഴകിദ്രവിച്ച ഒരു വസ്‌തുവിനെ പൂര്‍വാവസ്ഥയിലാക്കുകയെന്ന അര്‍ഥത്തില്‍ ഉപയോഗിക്കാറുള്ള ജദ്ദദ-യുടെ ക്രിയാധാതുവാണ്‌ തജ്‌ദീദ്‌. `ഒരാളുടെ വീട്‌ ദ്രവിച്ചു. അപ്പോള്‍ അയാളത്‌ പുനരുദ്ധരിച്ചു' (ബലിയ ബൈത്തു ഫുലാനിന്‍ സുമ്മ അജദ്ദ ബൈത്തന്‍) എന്ന്‌ അറബികള്‍ പറയാറുണ്ട്‌ (ലിസാനുല്‍ അറബ്‌ 3/111). രണ്ടു വ്യക്തികള്‍ തമ്മില്‍ മുമ്പ്‌ ഉണ്ടാക്കിയ കരാര്‍ പുതുക്കുക എന്ന അര്‍ഥത്തില്‍ അജദ്ദല്‍ അഹ്‌ദ എന്നും പ്രയോഗമുണ്ട്‌. കൂലങ്കശമായി പരിശോധിച്ച്‌ ഉറപ്പിക്കുക (ഹഃഖഖ), ശക്തിപ്പെടുത്തുക, നന്നായി ചെയ്യുക (അഹ്‌കമ) എന്നീ അര്‍ഥങ്ങളിലും അജദ്ദ ഉപയോഗിക്കുന്നു. മെലിയുക, ക്ഷീണിക്കുക തുടങ്ങിയ അര്‍ഥങ്ങളുള്ള ഹസല (��g)യുടെ വിപരീതപദമായും അജദ്ദ പ്രയോഗിക്കാറുണ്ട്‌ (അല്‍ മുന്‍ജിദ്‌ 78). ഇഹ്‌യാഅ്‌ (പുനരുജ്ജീവനം), ബഅ്‌സ്‌ (പുനരുത്ഥാനം), ഇആദത്ത്‌ (പൂര്‍വാവസ്ഥയിലേക്കുള്ള മടക്കം) എന്നീ അര്‍ഥങ്ങള്‍ ഭാഷാശാസ്‌ത്രത്തില്‍ തജ്‌ദീദിന്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. തജ്‌ദീദ്‌ ഉള്‍ക്കൊള്ളുന്ന സുപ്രധാനമായ ആശയമാണ്‌ ഇസ്വ്‌ലാഹ്‌-പരിഷ്‌കരണം. ഇസ്വ്‌ലാഹ്‌ എന്നാല്‍ കേടു തീര്‍ത്ത്‌ നന്നാക്കുക (Repair) എന്നതാണ്‌. റിപ്പയര്‍ ചെയ്യുകയെന്നാല്‍ പുതുതായി ഒന്ന്‌ സൃഷ്‌ടിക്കുക എന്നല്ലല്ലോ ഉദ്ദേശ്യം. മരിച്ചുപോയവരെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച്‌ പറയുന്നിടത്താണ്‌ വിശുദ്ധ ഖുര്‍ആന്‍ ജദീദ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌. (ഖാഫ്‌-15, അല്‍ ഇസ്രാഅ്‌ - 49)
ഒരു ആശയമോ വസ്‌തുവോ പുതുതായി നിര്‍മിക്കുകയല്ല, പഴയ ഒന്നിന്റെ ജീര്‍ണതകള്‍ മാറ്റി പുനരുദ്ധരിക്കുകയാണ്‌ മുഖ്യമായും തജ്‌ദീദ്‌ എന്ന്‌ ഈ ഭാഷാപ്രയോഗങ്ങളില്‍നിന്ന്‌ മനസ്സിലാക്കാം. മുമ്പേ ഉള്ള ഒന്ന്‌ കാലാന്തരത്തില്‍ പഴകുകയും പൂതലിക്കുകയും ചെയ്യുമ്പോള്‍ അതിനെ പുതിയ സാഹചര്യങ്ങളില്‍നിന്നുകൊണ്ട്‌ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുപോകലാണ്‌ തജ്‌ദീദ്‌ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.
ഇസ്‌ലാമികലോകത്ത്‌ പ്രചുരപ്രചാരം നേടിയിട്ടുള്ള സാങ്കേതികപ്രയോഗമാണ്‌ തജ്‌ദീദ്‌. `ഇസ്‌ലാമിക നവോത്ഥാനം' എന്ന അര്‍ഥത്തില്‍ തജ്‌ദീദ്‌ എന്ന പദം ഉപയോഗിക്കുമ്പോള്‍, വിശുദ്ധഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കിവേണം അതിനെ നിര്‍വചിക്കാനും മനസ്സിലാക്കാനും. ഭാഷാര്‍ഥത്തോട്‌ യോജിക്കുമ്പോള്‍തന്നെ കേവലഭാഷാര്‍ഥത്തിനുപരിയായി വിശാല നിര്‍വചനങ്ങളും ആശയതലങ്ങളും തജ്‌ദീദിന്‌ ഉണ്ടാകും. അക്ഷരാര്‍ഥങ്ങളെ മാത്രം വിലയിരുത്തി തജ്‌ദീദിനെ വിശകലനം ചെയ്യുന്നത്‌ നീതിയാവില്ല.
ദീനിനെ പൊളിച്ചെഴുതലോ മാറ്റിപ്പണിയലോ അല്ല നവോത്ഥാനം; കലര്‍പ്പുകളില്‍നിന്നും കൃത്രിമങ്ങളില്‍നിന്നും ദീനിനെ മോചിപ്പിച്ച്‌ ശുദ്ധീകരിച്ച്‌ അതിന്റെ തനിമ വീണ്ടെടുക്കലാണ്‌. ഒരു നബിവചനത്തില്‍ ഇങ്ങനെ വന്നിട്ടുണ്ട്‌: ``ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന്‌ ഉരുവിട്ടുകൊണ്ട്‌ നിങ്ങളുടെ ഈമാനിനെ പുതുക്കിക്കൊണ്ടിരിക്കുക'' (ജദ്ദിദൂ ഈമാനകും ബിഖൗലി ലാഇലാഹ ഇല്ലല്ലാഹ്‌). ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന ആദര്‍ശവാക്യം ആവര്‍ത്തിച്ചുരുവിടുക, അതിന്റെ അര്‍ഥവും ആശയവും ഗ്രഹിക്കുകയും ഉള്‍ക്കൊള്ളുകയും തദനുസൃതമായി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുക എന്നതാണതിന്റെ താല്‍പര്യം. ഈമാനിനെ തജ്‌ദീദ്‌ ചെയ്യുകയെന്നാല്‍ മറ്റൊരു രൂപത്തിലേക്ക്‌ മാറ്റലോ പൊളിച്ചെഴുതലോ ഏതെങ്കിലും ഒരു ഭാഗം മുറിച്ചുമാറ്റലോ ഒന്നുമല്ലെന്നു വ്യക്തം.
അബൂഹുറൈറ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: ``ഓരോ നൂറ്റാണ്ടിന്റെ പ്രധാനഘട്ടത്തിലും മുസ്‌ലിം സമൂഹത്തിനുവേണ്ടി അവരുടെ ദീനിനെ തജ്‌ദീദ്‌ ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു നിയോഗിക്കും'' (അബൂദാവൂദ്‌). ഈ ഹദീസിന്‌ അല്ലാമാ മനാവി നല്‍കുന്ന വിശദീകരണമിതാണ്‌: ``അപചയം സംഭവിച്ച ശരീഅത്ത്‌ നിയമങ്ങള്‍, നഷ്‌ടപ്പെട്ടുപോയ പ്രവാചകചര്യയുടെ അടയാളങ്ങള്‍, തിരോഭവിച്ച ആന്തരികവും ബാഹ്യവുമായ വിജ്ഞാനീയങ്ങള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ്‌ തജ്‌ദീദ്‌. നൂതനാചാരങ്ങളി(ബിദ്‌അത്ത്‌)ല്‍നിന്ന്‌ പ്രവാചകചര്യ(സുന്നത്ത്‌)യെ വേര്‍തിരിക്കുക, വിജ്ഞാനം പരിപോഷിപ്പിക്കുക, പണ്ഡിതന്മാരെ സഹായിക്കുക, ബിദ്‌അത്തുകാരെ തകര്‍ക്കുക തുടങ്ങിയവയാണ്‌ തജ്‌ദീദ്‌''(ഫൈദുല്‍ ഖദീര്‍ 1/10, 2/281, 282). അല്‍ഖമിയില്‍നിന്ന്‌ അല്‍ അസീസി ഉദ്ധരിക്കുന്നു: ``വിശുദ്ധഖുര്‍ആനും പ്രവാചകചര്യയുമനുസരിച്ച്‌ നിര്‍വഹിക്കേണ്ട കര്‍മങ്ങളില്‍ അപചയം സംഭവിക്കുമ്പോള്‍ അത്‌ പുനരുദ്ധരിക്കുകയും, ഖുര്‍ആന്റെയും സുന്നത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ കര്‍മങ്ങളനുഷ്‌ഠിക്കാന്‍ കല്‍പിക്കുകയുമാണ്‌ തജ്‌ദീദ്‌''(അസ്സിറാജുല്‍മുനീര്‍ ലില്‍ അസീസി 1/411). സാദുല്‍ അഖ്‌യാറില്‍ `വിശുദ്ധഖുര്‍ആനും തിരുസുന്നത്തും വിശദീകരിക്കുകയും പൂര്‍വികര്‍ ഉള്‍ക്കൊള്ളുകയും ചെയ്‌ത ദീനിന്റെ താത്ത്വികവും പ്രായോഗികവുമായ അധ്യാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയാണ്‌ തജ്‌ദീദ്‌' എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌ (സാദുല്‍ അഖ്‌യാര്‍ 8/241).
ഓരോ കാലഘട്ടത്തിന്റെയും പ്രശ്‌നങ്ങളും പ്രത്യേകതകളും മുന്നില്‍ വെച്ചുള്ള ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച വിശദീകരണങ്ങള്‍ ഈ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രൂപപ്പെടുത്തേണ്ടത്‌. തജ്‌ദീദിന്‌ ഇസ്‌ലാമിക നവോത്ഥാനനായകരും പ്രസ്ഥാനങ്ങളും നല്‍കുന്ന വിശദീകരണത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഇസ്‌ലാമിനെ മൗലിക പരിശുദ്ധിയില്‍ പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാണ്‌ നവോത്ഥാനം. ബാഹ്യശക്തികളുടെ സ്വാധീനവും ആഭ്യന്തര ദൗര്‍ബല്യങ്ങളും വഴി കാലപ്രവാഹത്തില്‍ മുസ്‌ലിം സമൂഹത്തില്‍ സന്നിവേശിപ്പിക്കപ്പെട്ട അനിസ്‌ലാമിക ആശയങ്ങളെയും ആചാരങ്ങളെയും നിഷ്‌കാസനം ചെയ്യുക, ദീനില്‍നിന്ന്‌ ബോധപൂര്‍വം മുറിച്ചുമാറ്റപ്പെടുകയോ അശ്രദ്ധയാല്‍ അവഗണിക്കപ്പെടുകയോ ചെയ്‌ത ഭാഗങ്ങള്‍ തിരിച്ചുപിടിക്കുക; അങ്ങനെ ഇസ്‌ലാമിനെ അതിന്റെ ആദിമവിശുദ്ധിയില്‍ പുനഃസ്ഥാപിക്കുക- ഇതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഒരു വശം. ഇസ്‌ലാമിക ആശയങ്ങള്‍ കൈയൊഴിക്കുകയോ ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാതെ ആദര്‍ശാപചയം നേരിട്ട മുസ്‌ലിം സമൂഹത്തെ ആദര്‍ശവല്‍ക്കരിച്ച്‌ ഖുര്‍ആന്‍ വിഭാവന ചെയ്‌ത ഖൈറു ഉമ്മത്തായി പുനഃസൃഷ്‌ടിക്കുക, പ്രവാചകപാരമ്പര്യത്തിലേക്ക്‌ അവരെ തിരിച്ചുകൊണ്ടുവന്ന്‌ ആദര്‍ശ പ്രബോധക സംഘമാക്കി വാര്‍ത്തെടുക്കുക- ഇതാണ്‌ രണ്ടാമത്തെ വശം. തജ്‌ദീദിന്റെ പുനഃസൃഷ്‌ടി, പുനരുജ്ജീവനം (ബഅ്‌സ്‌, ഇഹ്‌യാഅ്‌) എന്നീ വശങ്ങള്‍ മുസ്‌ലിം സമൂഹത്തിനാണ്‌ ബാധകമാകുന്നത്‌; ഇസ്‌ലാമിനല്ല. ആദര്‍ശപരമായ മരണം സംഭവിച്ച മുസ്‌ലിം സമൂഹത്തെ ഉത്തമ സമൂഹമായി (ഖൈറു ഉമ്മത്ത്‌) പുനഃസൃഷ്‌ടിക്കുകയാണ്‌ തജ്‌ദീദ്‌ ചെയ്യുന്നത്‌. `മനുഷ്യസമൂഹത്തിന്റെ' പുനരുജ്ജീവനവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ `ജദീദ്‌' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്‌ (ഖാഫ്‌ 15); ഒരു ആശയവും ആദര്‍ശവുമായി ബന്ധിപ്പിച്ചുകൊണ്ടല്ല. ഇസ്‌ലാം നശിച്ചുപോയി എന്നോ അതിനെ പുനഃസൃഷ്‌ടിക്കണമെന്നോ അല്ല തജ്‌ദീദ്‌ കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. കാരണം ഇസ്‌ലാമിന്‌ സമ്പൂര്‍ണമായ നാശമോ തകര്‍ച്ചയോ നേരിടില്ല. ഇസ്‌ലാമിനെ കാലത്തിന്റെ ഭാഷയിലും ശൈലിയിലും അവതരിപ്പിക്കുക, ജാഹിലിയ്യത്തിനോടുള്ള നിരന്തര സമരത്തില്‍ ഇസ്‌ലാമിന്‌ അതിജീവനത്തിന്റെ കരുത്തു പകരുക, ദീനിന്റെ പ്രസക്തിയും മേന്മയും ഭദ്രമായി അവതരിപ്പിച്ച്‌ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ആദര്‍ശസമരത്തിന്‌ പ്രായോഗികരൂപം നല്‍കുക, സമൂഹത്തെ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച്‌ പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുക- ഇതാണ്‌ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മൂന്നാമത്തെ വശം.
സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ പരിശ്രമമാണ്‌ ഇസ്‌ലാമികനവോത്ഥാനം. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോകാനുള്ള ആഹ്വാനമാണത്‌. ഖുര്‍ആനികാശയങ്ങള്‍ ആള്‍രൂപമണിഞ്ഞ്‌ ജീവിക്കുന്ന സമൂഹത്തെ സൃഷ്‌ടിക്കുക, യഥാര്‍ഥ പ്രവാചകപാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക (ഇഹ്‌യാഉസ്സുന്ന) എന്നിവ നവോത്ഥാനത്തിന്റെ പ്രധാന ദൗത്യങ്ങളാണ്‌. സമകാലിക സമൂഹത്തിന്റെ ഹൃദയമിടിപ്പുകളോടും പുതിയ ലോകസാഹചര്യങ്ങളോടും സര്‍ഗാത്മകമായി പ്രതികരിക്കുകയും സമൂഹത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും അനുസൃതമായി ഇസ്‌ലാമിന്റെ വികാസക്ഷമതയും ചലനാത്മകതയും ഉറപ്പുവരുത്തുകയും ചെയ്യുന്നത്‌ നവോത്ഥാനമാണ്‌.
മൗലികമായ മൂന്ന്‌ തത്ത്വങ്ങളിലാണ്‌ എല്ലാ കാലത്തെയും ഇസ്‌ലാമിക നവോത്ഥാനം ഊന്നിയിട്ടുള്ളത്‌: ഒന്ന്‌, ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനുള്ള ആഹ്വാനം. ഈ രണ്ട്‌ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നുള്ള വ്യതിചലനമാണ്‌ മുസ്‌ലിം സമൂഹത്തിന്റെ അധഃപതനത്തിനുള്ള മൂലകാരണം. രണ്ട്‌, ഇജ്‌തിഹാദ്‌. ഇസ്‌ലാമിക ചിന്തയുടെയും വിജ്ഞാനത്തിന്റെയും മുരടിപ്പിന്‌ കാരണം ഇജ്‌തിഹാദ്‌ കൈയൊഴിച്ച്‌ അന്ധമായ അനുകരണ(തഖ്‌ലീദ്‌)ത്തിലേക്ക്‌ കൂപ്പുകുത്തിയതാണ്‌. ഇസ്‌ലാമിക വ്യവസ്ഥ ചലനാത്മകമാകുന്നതും കാലപ്രവാഹത്തെ അതിജീവിക്കാനുള്ള കരുത്ത്‌ നേടുന്നതും ഇജ്‌തിഹാദ്‌ വഴിയാണ്‌. മൂന്ന്‌, അന്യസംസ്‌കാരങ്ങളില്‍നിന്നും ജീവിതരീതികളില്‍നിന്നും ഭിന്നമായി ഇസ്‌ലാമിക വ്യവസ്ഥക്കുള്ള അജയ്യതയും അപ്രമാദിത്വവും സ്ഥാപിക്കുക. ഇതര ദര്‍ശനങ്ങളുടെയും വ്യവസ്ഥകളുടെയും മുന്നില്‍ മാപ്പുസാക്ഷികളായി നില്‍ക്കാതെ ഇസ്‌ലാമിന്റെ അദ്വിതീയത ഉയര്‍ത്തിപ്പിടിക്കുക (ഇസ്‌ലാമിക വിജ്ഞാനകോശം 5/632).
പശ്ചാത്തലം
ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലുള്ള നിരന്തരസംഘട്ടനമാണ്‌ ചരിത്രം. അനേകം രൂപഭാവങ്ങളുണ്ടെങ്കിലും എല്ലാ കാലഘട്ടങ്ങളിലും ജാഹിലിയ്യത്തിന്‌ പ്രധാനമായും മൂന്ന്‌ മുഖങ്ങളുണ്ടാകും. താത്ത്വികമായി അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായോഗികജീവിതത്തില്‍ ദൈവവിശ്വാസത്തിനും പരലോകബോധത്തിനും ഇടനല്‍കാത്ത ശുദ്ധഭൗതികത മുഖമുദ്രയായി സ്വീകരിച്ച ഭൗതിക ജാഹിലിയ്യത്ത്‌, താത്ത്വികമായി ബഹുദൈവത്വമായിരിക്കുകയും പ്രായോഗിക ജീവിതത്തില്‍ ഭൗതികജാഹിലിയ്യത്തുമായി അനുരഞ്‌ജനം പുലര്‍ത്തുകയും ചെയ്യുന്ന ബഹുദൈവത്വ ജാഹിലിയ്യത്ത്‌, താത്ത്വികമായി ഭൗതികനിരാസം വാദിക്കുകയും പ്രായോഗികമായി ഭൗതികപൂജ നടത്തുകയും ചെയ്യുന്ന ജാഹിലിയ്യത്ത്‌ എന്നിവയാണവ. ഈ ജാഹിലിയ്യത്തുകള്‍ക്ക്‌ വിവിധ രീതികളിലുള്ള പ്രകാശനങ്ങള്‍ ഉണ്ടാകും. ദൈവത്തിന്റെ പരമാധികാരം നിഷേധിച്ച്‌ മനുഷ്യന്റെ പരമാധികാരത്തില്‍ അധിഷ്‌ഠിതമായി നിലകൊള്ളുന്ന ഭരണകൂടങ്ങള്‍, മതത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ മനുഷ്യന്‍ തന്നെ പരമാധികാരിയായി വാഴുന്ന മതാധിപത്യഭരണകൂടങ്ങള്‍, ഭൗതികരംഗം അധാര്‍മികശക്തികള്‍ക്ക്‌ വിട്ടുകൊടുത്ത സന്യാസം, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ ഇടയാളന്മാരായും ആത്മീയതയുടെ അപ്പോസ്‌തലന്മാരായും ചമയുകയും അതേസമയം, ആര്‍ത്തിയോടെ സമ്പത്തും സ്ഥാനമാനങ്ങളും കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൗരോഹിത്യം തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്‌. ജാഹിലിയ്യത്തിലധിഷ്‌ഠിതമായ ഒരു ജീവിതസംസ്‌കാരം തന്നെ തദടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടും.
ചരിത്രത്തിലുടനീളം ഈ ജാഹിലിയ്യത്തുകള്‍ ഏറിയോ കുറഞ്ഞോ വിവിധ പേരുകളിലും വേഷങ്ങളിലും രംഗത്തുണ്ടായിരുന്നു. ആധുനിക-ഉത്തരാധുനിക കാലഘട്ടങ്ങളിലും പുതിയ നാമങ്ങളും വിശേഷണങ്ങളും വര്‍ണങ്ങളും സ്വീകരിച്ച്‌ ആകര്‍ഷകങ്ങളായ ആശയങ്ങളുമായി അവ രംഗത്തെത്തുകയും ആധിപത്യം വാഴുകയും ചെയ്യുന്നു. സയന്‍സും ടെക്‌നോളജിയും അഭൂതപൂര്‍വമായ വികാസം പ്രാപിച്ചതിനാല്‍ അതിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുന്നുവെന്നതാണ്‌ ജാഹിലിയ്യത്തിന്റെ ഇന്നത്തെ സവിശേഷത. പെട്ടെന്ന്‌ തിരിച്ചറിയാനാകാത്തവിധം അവ മുസ്‌ലിം സമൂഹത്തിലേക്ക്‌ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ജാഹിലിയ്യത്തുമായുള്ള സംഘട്ടനത്തിന്‌ മൂര്‍ത്തരൂപം നല്‍കുന്നത്‌ ഇസ്‌ലാമിക നവോത്ഥാനമാണ്‌.
രണ്ടു ഘട്ടങ്ങള്‍
ഇസ്‌ലാമിക നവോത്ഥാനത്തിന്‌ പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്‌: ഒന്ന്‌, പ്രവാചകന്മാരുടെ ഘട്ടം. രണ്ട്‌, പ്രവാചകത്വാനന്തര ഘട്ടം. ജാഹിലിയ്യത്തിന്റെ വിവിധ രൂപങ്ങളുമായി സന്ധിയില്ലാത്തസമരം നടത്തിയവരാണ്‌ ആദം(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാര്‍. അവരുടെ എതിര്‍ക്കളത്തില്‍ നിന്നത്‌ തനി ജാഹിലിയ്യത്തോ, അതിന്റെ ഉല്‍പന്നങ്ങളോ കാവല്‍ക്കാരോ ആയിരുന്നു. ഇബ്‌ലീസുമായുള്ള സംഘട്ടനത്തിലൂടെ, ഭൂമിയിലെത്തുംമുമ്പുതന്നെ ആദം(അ) ഈ സമരം തുടങ്ങിവെച്ചുവെന്നു പറയാം. നൂഹ്‌(അ) മുതല്‍ മുഹമ്മദ്‌(സ) വരെയുള്ള പ്രവാചകന്മാര്‍ ഏറ്റവും വലിയ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകന്മാരുമായിരുന്നു. ആദം(അ) സമര്‍പ്പിച്ച മൗലികാടിത്തറകളില്‍ ഊന്നിനിന്നുകൊണ്ട്‌ സമൂഹത്തെ പരിഷ്‌കരിക്കുകയായിരുന്നു നൂഹ്‌(അ). അദ്ദേഹം, ആദം(അ) സമര്‍പ്പിച്ചതില്‍നിന്ന്‌ വ്യത്യസ്‌തമായ അടിത്തറകളില്‍ പുതിയൊരു ദീന്‍ സമര്‍പ്പിക്കുകയായിരുന്നില്ല. ആദം നബി(അ)യില്‍നിന്ന്‌ ഇസ്‌ലാം സ്വീകരിച്ച്‌ മുസ്‌ലിംകളായവര്‍ കാലക്രമത്തില്‍ വഴിതെറ്റിപ്പോയിരുന്നു. അവരെ ഇസ്‌ലാമിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ നൂഹ്‌(അ) പരിശ്രമിച്ചു. സമകാലിക പ്രശ്‌നങ്ങള്‍ മുന്നില്‍വെച്ച്‌ പുതിയ നിയമങ്ങള്‍ (ശരീഅത്ത്‌) അവതരിപ്പിക്കുകയും ചെയ്‌തു. ശേഷം, മുഹമ്മദ്‌(സ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാര്‍ നിര്‍വഹിച്ചതും ഇതേ ദൗത്യമാണ്‌. `എനിക്ക്‌ സാധ്യമാകുന്നത്ര നിങ്ങളെ സംസ്‌കരിക്കാന്‍ (ഇസ്വ്‌ലാഹ്‌) ആണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്‌' എന്ന ശുഐബ്‌ നബി(അ)യുടെ പ്രഖ്യാപനം (ഖുര്‍ആന്‍:11:88) ഇതിലേക്ക്‌ വിരല്‍ചൂണ്ടുന്നു. എല്ലാ പ്രവാചകന്മാരും ഒരേ അടിത്തറകളില്‍ നിലകൊള്ളുകയും കാലാനുസൃതം പുതിയ ശരീഅത്തുകള്‍ അവതരിപ്പിക്കുകയുമാണ്‌ ചെയ്‌തത്‌. മുഹമ്മദ്‌ നബി(സ)യോടെ ഈ ഘട്ടം അവസാനിച്ചു.
രണ്ടാമത്തെ ഘട്ടം ഉമറുബ്‌നു അബ്‌ദില്‍ അസീസി(റ)ന്റെ നവോത്ഥാന ശ്രമങ്ങളോടെയാണ്‌ ആരംഭിക്കുന്നത്‌. പിന്നീട്‌ വിവിധ രീതികളിലും സ്വഭാവങ്ങളിലും ഇന്നോളം നിലനില്‍ക്കുകയും തുടരുകയും ചെയ്യുന്നു. പ്രവാചകന്മാരുടെ ഘട്ടവുമായി ഈ രണ്ടാംഘട്ടത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. പ്രവാചകന്മാര്‍ നവോത്ഥാനത്തിനായി മാറ്റമില്ലാത്ത അടിത്തറകളും മാറിക്കൊണ്ടിരുന്ന പുതിയ ശരീഅത്തുകളുമായാണ്‌ നിയുക്തരായത്‌. അവര്‍ക്ക്‌ നുബുവ്വത്തും പ്രത്യേക വെളിപാടും (വഹ്‌യ്‌) നല്‍കപ്പെട്ടിരുന്നു. എന്നാല്‍ നബി(സ)ക്കുശേഷമുള്ള ഇസ്‌ലാമിക നവോത്ഥാനനായകന്മാര്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയാണ്‌ നവോത്ഥാനം നിര്‍വഹിക്കുന്നത്‌. ശരീഅത്തിനെ മാറ്റുകയല്ല, ഇജ്‌തിഹാദിലൂടെ അതിനെ കാലോചിതമായി വികസിപ്പിക്കുകയാണവര്‍ ചെയ്യുന്നത്‌.
പ്രവാചകപരമ്പരയുടെ തുടര്‍ച്ചയാണ്‌ നവോത്ഥാനമെന്ന്‌ മൗലികപ്രമാണങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നു. ചരിത്രത്തിന്റെ അനിവാര്യ സന്ദര്‍ഭങ്ങളില്‍ എല്ലാ ജനസമൂഹങ്ങളിലേക്കും പ്രവാചകന്മാരെ നിയോഗിച്ചിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. നുബുവ്വത്ത്‌ നിലച്ചതിനുശേഷം ഓരോ നൂറ്റാണ്ടിന്റെയും പ്രധാനഘട്ടങ്ങളില്‍ അല്ലാഹു നവോത്ഥാനനായകന്മാരെയും പ്രസ്ഥാനങ്ങളെയും നിയോഗിക്കുമെന്ന്‌ ഹദീസ്‌ പഠിപ്പിക്കുന്നു. നുബുവ്വത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയാണ്‌ തജ്‌ദീദ്‌ എന്ന്‌ ഇത്‌ തെളിയിക്കുന്നു. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി എല്ലാ സമൂഹങ്ങളിലേക്കും (ഉമ്മത്ത്‌) നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്‌'' (ഖുര്‍ആന്‍: 16:36). നബി(സ) പറഞ്ഞു: ``എല്ലാ നൂറ്റാണ്ടിന്റെയും (ഖര്‍ന്‌) പ്രധാനഘട്ടത്തില്‍ (റഅ്‌സ്‌) മുസ്‌ലിം സമൂഹത്തിന്‌ അവരുടെ ദീനിനെ സമുദ്ധരിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു നിയോഗിക്കും'' (അബൂദാവൂദ്‌). ഈ ഖുര്‍ആന്‍ സൂക്തവും ഹദീസും തമ്മിലുള്ള പരസ്‌പരബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
ഒന്നാമത്തെ നവോത്ഥാനനായകനായി എണ്ണപ്പെടുന്നത്‌ ഉമറുബ്‌നു അബ്‌ദില്‍ അസീസാ(റ)ണ്‌. എങ്കിലും നവോത്ഥാനത്തിന്റെ ആദ്യചലനങ്ങള്‍ അബൂബക്‌റി(റ)ന്റെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ടെന്നു പറയാം. അദ്ദേഹം ഖിലാഫത്ത്‌ ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ സകാത്ത്‌നിഷേധികളും മതപരിത്യാഗികളും രംഗത്തുവരികയുണ്ടായി. ഇതിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്‌. `അല്ലാഹുവാണ, റസൂലി(സ)ന്‌ നല്‍കിയിരുന്ന ഒരു ഒട്ടകക്കയറാണ്‌ എന്റെ ഗവണ്‍മെന്റിന്‌ നിഷേധിക്കുന്നതെങ്കില്‍പോലും അതിന്റെ പേരില്‍ ഞാന്‍ അവരോട്‌ യുദ്ധം ചെയ്യും' എന്നു പ്രസ്‌താവിച്ച അദ്ദേഹം സകാത്ത്‌നിഷേധികള്‍ക്കെതിരെ പൊരുതി. ഇസ്‌ലാമില്‍നിന്ന്‌ വ്യതിചലിക്കാന്‍ ശ്രമിച്ച സമൂഹത്തെ ദീനില്‍തന്നെ ഉറപ്പിച്ചുനിര്‍ത്തുകയും ഇസ്‌ലാമിനെ ആക്രമിക്കാന്‍ ശ്രമിച്ച ജാഹിലിയ്യത്തിനെ ചെറുത്തുതോല്‍പിക്കുകയും ചെയ്‌തുകൊണ്ട്‌ തന്റെ ആദ്യത്തെ നവോത്ഥാനശ്രമത്തില്‍തന്നെ അദ്ദേഹം വിജയിച്ചു.
മറ്റൊരു ഉദാഹരണം ഹുസൈനു ബ്‌നു അലി(റ)യുടേതാണ്‌. ഇസ്‌ലാമിക ഖിലാഫത്ത്‌ രാജാധിപത്യ(മുലൂകിയ്യത്ത്‌)ത്തിലേക്ക്‌ വഴിമാറിയ സന്ദര്‍ഭത്തില്‍ ഹുസൈന്‍(റ) അതിനെതിരെ ശക്തമായി രംഗത്തുവന്നു. പ്രവാചക പാരമ്പര്യത്തിലുള്ള ഖിലാഫത്തിനെ പുനഃസ്ഥാപിക്കാനായി അമവി രാജാവായിരുന്ന യസീദുബ്‌നു മുആവിയയോട്‌ അദ്ദേഹവും അനുയായികളും ഏറ്റുമുട്ടി. കര്‍ബലയില്‍ നടന്ന സായുധസംഘട്ടനത്തില്‍ അദ്ദേഹത്തെയും അനുയായികളെയും ഹജ്ജാജുബ്‌നു യൂസുഫിന്റെ നേതൃത്വത്തിലുള്ള അമവി സൈന്യം വധിച്ചുകളഞ്ഞു. യഥാര്‍ഥ പ്രവാചകപാതയില്‍നിന്ന്‌ വഴിതെറ്റിയ ഭരണസംവിധാനത്തെ പൂര്‍വാവസ്ഥയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനാണ്‌ ഹുസൈന്‍(റ) ശ്രമിച്ചത്‌. വിശാല തലങ്ങളുള്ള സമഗ്രമായ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചില വശങ്ങളാണ്‌ അബൂബക്‌ര്‍(റ), ഹുസൈന്‍(റ) എന്നിവര്‍ കൈകാര്യം ചെയ്‌തത്‌.

1 comments:

Musadhique Kottapramban said...

നന്ദി, ഒരു വിഞ്ജാന സദ്യ നല്‍കിയതിന്....

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates