Tuesday 19 June 2012

ശരീഅത്ത്‌, ജിഹാദ്‌, ഭരണകൂടം 4 രാഷ്‌ട്രത്തിന്റെ അനിവാര്യത





സായുധ ജിഹാദിന്റെ ഒന്നാമത്തെ ഘട്ടത്തെകുറിച്ചാണ്‌ നാമിതുവരെ ചര്‍ച്ചചെയ്‌തത്‌.
2 - അനുവദനീയ ഘട്ടം
ജിഹാദിന്റെ ദ്വിതീയാവസ്ഥകളില്‍ രണ്ടാമത്തേത്‌ മുസ്‌ലിംകള്‍ക്ക്‌ ഭൂരിപക്ഷവും, അധികാരവുമുള്ള സമൂഹമാണ്‌. ഇത്തരമൊരു സന്ദര്‍ഭത്തില്‍ മാത്രമേ സായുധ ജിഹാദ്‌ അനുവദിക്കപ്പെടുകയുള്ളൂ. അഥവാ അടിയുറച്ച ആദര്‍ശബോധമുള്ള ഭദ്രമായൊരു സമൂഹം കരുത്തുറ്റൊരു നേതൃത്വത്തിന്ന്‌ കീഴില്‍ സുസംഘ ടിതമായി നിലവില്‍ വരികയും ശത്രുക്കളോട്‌ ഏറ്റുമുട്ടാന്‍ പരിമിതമായ അര്‍ത്ഥത്തിലെങ്കിലും സാമ്പത്തിക- സൈനികശേഷിയുള്ള ഒരു രാഷ്‌ട്രം സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അക്രമികളെ പ്രതിരോധി ക്കാനായി സായുധ സമരം നടത്തുവാന്‍ പാടുള്ളൂ. അതുകൊണ്ടാണ്‌ മക്കയില്‍ സായുധ പ്രതിരോധത്തെ വിലക്കിയ ഖുര്‍ആന്‍ മദീനയില്‍ ചെറുതെങ്കിലും ഒരു ഇസ്‌ലാമിക രാഷ്‌ട്രം നിലവില്‍വന്നശേഷം മാത്രം അതിന്‌ അനുവാദം നല്‍കിയത്‌. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.
സായുധ ജിഹാദുമായി ബന്ധപ്പെട്ട്‌ ആദ്യമായവതരിച്ചത്‌ സൂറത്തുല്‍ ഹജ്ജിലെ മുപ്പത്തിയൊമ്പതാം സൂക്തമാണ്‌. �ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ, അവര്‍ക്ക്‌ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദ്ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കുവാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ.� ഈ ആയത്ത്‌ വിശദീകരിച്ചുകൊണ്ട്‌ ഇമാം അഹ്‌മദ്‌മുസ്‌ത്വഫാ മറാഗി പറയുന്നു: അതായത്‌ മുശ്‌രിക്കുകളുടെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ക്ക്‌ ഇളവും അനുവാദവും നല്‍കപ്പെട്ടിരിക്കുന്നു. ഇതിന്‌ മുമ്പ്‌ സ്വഹാബിമാര്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയാവുകയുണ്ടായി. പലപ്പോഴും രക്തമൊലിക്കുന്ന ശിരസ്സു മായി അവര്‍ പ്രവാചകനോട്‌ പരാതിപറയാറുണ്ടായിരുന്നു. പക്ഷേ, �നിങ്ങള്‍ ക്ഷമിക്കുക എനിക്ക്‌ യുദ്ധത്തിന്‌ അനുമതി ലഭിച്ചിട്ടില്ല� എന്ന മറുപടിയാണ്‌ നബി (സ) അവര്‍ക്ക്‌ നല്‍കിയത്‌. ഹിജ്‌റവരെ ഈ നില തുടര്‍ന്നു. ശേഷം ഈ ആയത്ത്‌ ഇറങ്ങി. എഴുപതിലധികം ആയത്തുകളിലായി യുദ്ധം വിലക്കപ്പെട്ടശേഷം, അനുവാദം നല്‍കിക്കൊണ്ട്‌ ഇറങ്ങിയ ആദ്യത്തെ സൂക്തമാണിത്‌. മദീനാ പാലായനത്തിനുശേഷമാണ്‌ സായുധ സമരം നിയമമാക്കപ്പെട്ടത്‌. കാരണം മക്കയില്‍ മുശ്‌രിക്കുകള്‍ മുസ്‌ലിംകളെക്കാള്‍ എത്രയോ കൂടുതലായിരുന്നു. അങ്ങനെ അവര്‍ നബി (സ) യെ വധിക്കാന്‍ തീരുമാനിക്കുകയും, അതില്‍നിന്ന്‌ രക്ഷപ്പെട്ട അദ്ദേഹവും അനുയായികളും മദീനയിലെത്തി ഒരു ഇസ്‌ലാമിക ഗേഹം സ്ഥാപിക്കുകയും ചെയ്‌തു. ഈ ഘട്ടത്തിലാണ്‌ സായുധസമരം അനുവദിച്ചുകൊണ്ട്‌ ആയത്ത്‌ ഇറങ്ങിയത്‌. (53) ഇമാം ഇസ്‌നുല്‍ ഖയിമും (54) (റ) ഇമാം ഇബ്‌നുകസീറും (55) (റ) ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്‌. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: മുസ്‌ലിംകള്‍ ബലഹീനരും പലേടത്തുമായി ചിതറിക്കിടന്നവരുമായിരുന്ന കാലമത്രയും, ഇസ്‌ലാമിന്റെ പ്രബോധനത്തിനും പ്രചാരണത്തിനും മാത്രമാണ്‌ അല്ലാഹു കല്‍പിച്ചിരുന്നത്‌. എതിരാളികളുടെ അക്രമ- മര്‍ദ്ദനങ്ങള്‍ ക്ഷമിക്കുവാനും സഹിക്കുവാനുമാണ്‌ അവരോട്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. ഇപ്പോള്‍ മദീനയില്‍ ചെറുതെങ്കിലും ഒരു ഇസ്‌ലാമികഗേഹം സ്ഥാപിതമായതിനുശേഷം അവരോട്‌ കല്‍പിക്കുന്നത്‌ ഈ സംസ്‌കരണമാര്‍ഗ്ഗത്തില്‍ വാളുകൊണ്ട്‌ തടസ്സമുണ്ടാക്കുന്നവര്‍ക്ക്‌ വാളുകൊണ്ടുതന്നെ മറുപടി നല്‍ക ണമെന്നാണ്‌. (56).
സായുധ ജിഹാദുമായി ബന്ധപ്പെട്ട എല്ലാ ആയത്തുകളും മക്കയിലും-മദീനയിലുമാണ്‌ അവതരി ച്ചിട്ടുള്ളതെന്നും അവ ഇസ്‌ലാമിക രാഷ്‌ട്രത്തെയും അതിലെ മുസ്‌ലിംകളെയുമാണ്‌ അഭിസംബോധനം ചെയ്യുന്നതെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പ്രസ്‌തുത സൂക്തങ്ങള്‍ ഒരിക്കലും ഒരു അനിസ്‌ലാ മിക രാഷ്‌ട്രത്തില്‍ ദുര്‍വ്യാഖ്യാനംചെയ്യപ്പെടാവതല്ല. 
എന്നാല്‍ ഈ സൂക്തം മക്കിയാണെന്നും, മക്കയില്‍തന്നെ സായുധജിഹാദിന്ന്‌ അനുവാദം നല്‍കിയിട്ടു ണ്ടെന്നും ചിലര്‍ വാദിക്കുന്നുണ്ട്‌. ഈ അഭിപ്രായത്തെ നിരവധി തെളിവുകള്‍ നിരത്തി ഇമാം ഇബ്‌നുഖയിം ഖണ്ഡിച്ചിട്ടുണ്ട്‌. (57). സായുധ ജിഹാദിന്‌ അനുവാദം നല്‍കുന്ന ആയത്തുകള്‍ ഹിജ്‌റക്ക്‌ശേഷമുള്ള രണ്ടാമത്തെ ഹജ്ജ്‌കാലത്താണ്‌ അവതരിക്കുന്നതെന്ന കാര്യം വ്യക്തമായി ഓര്‍ത്തിരിക്കേണ്ടതുണ്ടെന്ന്‌ സയ്യിദ്‌ മൗദിയും രേഖപ്പെടുത്തിയിട്ടുണ്ട്‌. (58).
സായുധ ജിഹാദുമായി ബന്ധപ്പെട്ട എല്ലാ ആയത്തുകളും മക്കയിലും-മദീനയിലുമാണ്‌ അവതരിച്ചിട്ടു ള്ളതെന്നും അവ ഇസ്‌ലാമിക രാഷ്‌ട്രത്തെയും അതിലെ മുസ്‌ലിംകളെയുമാണ്‌ അഭിസംബോധനം ചെയ്യുന്ന തെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. പ്രസ്‌തുത സൂക്തങ്ങള്‍ ഒരിക്കലും ഒരു അനിസ്‌ലാമിക രാഷ്‌ട്രത്തില്‍ ദുര്‍വ്യാഖ്യാനംചെയ്യപ്പെടാവതല്ല. ഉദാഹരണമായി സൂറത്തിന്നാസാഇലെ, പീഡിതരും അടിച്ചമര്‍ത്ത പ്പെടുന്നവരുമായ സ്‌ത്രീ - പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യാതിരിക്കുന്നതിന്‌ എന്തുണ്ട്‌ ന്യായം? അവരോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. നാഥാ മര്‍ദ്ദകരായ നിവാസികളുള്ള ഈ പട്ടണത്തില്‍നിന്ന്‌ ഞങ്ങളെ നീ മോചിപ്പിക്കേണമേ.....എന്ന ആയത്ത്‌ (അന്നിസാഅ്‌: 75) മദീനയില്‍, ഹി: മൂന്നാംവര്‍ഷം ഉഹ്‌ദ്‌ യുദ്ധത്തിന്ന്‌ ശേഷമാണ്‌ ഇത്‌ അവതരിക്കുന്നത്‌. ഇതിലെ ഗ്രാമം കൊണ്ടുദ്ദേശിക്കുന്നത്‌ മക്കയാണ്‌. ഇസ്‌ലാം അംഗീകരിച്ചതിന്റെ പേരില്‍ മര്‍ദ്ദനം അനുഭവിച്ചിരുന്നുവെങ്കിലും ഹിജ്‌റ പോകാന്‍ കഴിവില്ലാത്ത മക്കയിലെയും മറ്റു പ്രദേശങ്ങളിലെയും ദുര്‍ബലരായ വിശ്വാസികള്‍ ശത്രുക്ക ളുടെ മര്‍ദ്ദനത്തില്‍നിന്ന്‌ രക്ഷിക്കാനായി അല്ലാഹുവോട്‌ സദാ പ്രാര്‍ത്ഥിച്ചിരുന്നു. അവരുടെ മോചനത്തിനായി മുശ്‌രിക്കുകള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ മദീനയിലെ ഇസ്‌ലാമിക രാഷ്‌ട്രത്തോട്‌ കല്‌പിക്കുകയാണ്‌ ഈ സൂക്തത്തില്‍. അതും, ബദ്‌റും ഉഹ്‌ദും കഴിഞ്ഞ ശേഷം മാത്രവും. (59). (ഇത്‌ സായുധ ജിഹാദിന്റെ നാലാമത്തെ ഘട്ടമാണ്‌. -വഴിയെ വിവരിക്കുന്നുണ്ട്‌.) യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഇസ്‌ലാമിക ഭരണകൂടത്തോ ടുള്ള ഈ കല്‍പനയെ യാതൊരു വിവേകവുമില്ലാതെ ഒരു അനിസ്‌ലാമിക രാഷ്‌ട്രത്തില്‍ സായുധ ജിഹാദ്‌ നടത്താനായി ദുര്‍വ്യാഖ്യാനിക്കുന്നത്‌, ഖുര്‍ആനെകുറിച്ചും, ജിഹാദിനെകുറിച്ചുമുള്ള തികഞ്ഞ അജ്ഞതയ ല്ലാതെ മറ്റെന്താണ്‌?
പ്രവാചകന്‍ നടത്തിയ യുദ്ധങ്ങള്‍ പരിശോധിക്കുക. അവയൊക്കെയും ഹിജ്‌റക്ക്‌ശേഷം മദീനയിലെ ഭരണകൂടത്തിന്റെ കൊടിക്കൂറക്ക്‌ കീഴിലാണ്‌ നടന്നിട്ടുള്ളത്‌. രാഷ്‌ട്രം നിലവില്‍വരുന്നതിന്‌ മുമ്പ്‌ ശത്രുക്കളെ ആയുധമുപയോഗിച്ച്‌ പ്രതിരോധിച്ചതിന്‌ ഒരു തെളിവ്‌ പോലും നബിചര്യയില്‍ കാണുക സാധ്യമല്ല. വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ മറ്റു പ്രവാചകന്മാരുടെ ജീവിതം പരിശോധിക്കുക. അവരില്‍ സായുധ സമരരംഗത്ത്‌ പ്രവേശിച്ചവര്‍ മൂന്ന്‌ പേര്‍ മാത്രമാണ്‌. ദാവൂദ്‌, സുലൈമാന്‍, മൂസാ എന്നിവരാണവര്‍. ആദ്യത്തെ രണ്ടുപേര്‍ സ്വന്തമായി ഭരണവും അധികാരവുമുള്ളവരായിരുന്നുവെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. (60). മൂസാനബി യുദ്ധത്തിനൊരുങ്ങുന്നത്‌ ഫറോവയുടെ ഈജിപ്‌തിലല്ല. അവിടെനിന്ന്‌ രക്ഷപ്പെട്ട്‌ ചെങ്കടല്‍ കടന്ന്‌ സീനാമരുഭൂമിയിലെത്തുകയും സ്വന്തമായി അധികാരം കയ്യില്‍വരികയും ചെയ്‌തപ്പോള്‍ മാത്രമാണ്‌. (ഖുര്‍ആന്‍) എന്തുകൊണ്ടാണ്‌ മറ്റു പ്രവാചകന്മാര്‍ ആരുംതന്നെ പ്രബോധന ദൗത്യാ പൂര്‍ത്തീകരിക്കപ്പെട്ടിട്ടും സായുധ ജിഹാദ്‌ നടത്താതിരുന്നത്‌. അവര്‍ക്ക്‌ അക്രമങ്ങളും മര്‍ദ്ദനങ്ങളും നേരിടേണ്ടി വരാത്തതിനാലാണോ? അല്ല; മറിച്ച്‌ അവര്‍ക്ക്‌ രാഷ്‌ട്രവും ഭരണവും ഉണ്ടായിരുന്നില്ല എന്നത്‌തന്നെ കാരണം. (62).
അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ ആയുധമെടുത്ത ഹുസൈന്‍ (റ), അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ (റ) തുടങ്ങിയവരുടെയും അധിനിവേശശക്തികള്‍ക്കെതിരെ പോരാടിയ ഉമര്‍ മുഖ്‌താര്‍, അബ്‌ദുല്‍ ഖാദിര്‍ അല്‍ ജസാഇരി, ദിര്‍ബിത്ത്വാ തുടങ്ങിയവരുടെയും ചരിത്രം പരിശോധിക്കുക. എല്ലാവരും മുസ്‌ലിം കള്‍ക്ക്‌, ഭൂരിപക്ഷമുള്ള നാടുകളിലാണ്‌ സമരം നയിച്ചതെന്ന്‌ കാണാന്‍ കഴിയും. വര്‍ത്തമാനകാല സായുധ സമരം നടക്കുന്ന ബോസ്‌നിയ, ഫലസ്‌തീന്‍, ചെച്‌നിയ തുടങ്ങിയ രാജ്യങ്ങളിലെ ചെറുത്ത്‌ നില്‌പ്‌ സമരങ്ങളുടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്‌ നടക്കുന്നത്‌.
വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളും ഹദീസുകളും മറ്റ്‌ ചരിത്രവസ്‌തുതകളും അടിസ്ഥാനമായി സായുധ ജിഹാദ്‌ അനുവദനീയമാകണമെങ്കില്‍ ഇസ്‌ലാമികതയും അനിവാര്യമാണെന്ന്‌ പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജിഹാദിന്റെ ശര്‍ത്വുകളില്‍ ഒന്ന്‌ രാഷ്‌ട്രം നിലവില്‍വരലാണെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഭരണാധികാരിയില്‍ നിക്ഷിപ്‌തമാണെന്നും അദ്ദേഹം തന്റെ ഇജ്‌തിഹാദനുസരിച്ച്‌ കൂടിയാലോചനയിലൂടെയാ ണത്‌ തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. (63).
ശത്രുക്കള്‍ക്കെതിരായ ഏതൊരു സായുധ നടപടി നിയമങ്ങളിലാണ്‌ (അല്‍ ഖാനൂനുല്‍ ജിനാഈ) ഉള്‍പെടുക എന്നതും, അവ നടപ്പിലാക്കാന്‍ ഭരണാധികാരിക്കുമാത്രമേ അനുവാദമുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
രാഷ്‌ട്രം സ്ഥാപിക്കപ്പെട്ടാലും ഭരണാധികാരിയുമായി സായുധ ജിഹാദില്‍ ഏര്‍പ്പെടാവതല്ല. ഭരണാധികാരി യുടെ തീരുമാനവും, അറിവും സമ്മതവും അതിന്‌ ആവശ്യമാണ്‌. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ യുദ്ധം നടത്തുന്നതും ഗനീമത്ത്‌ ശേഖരിക്കുന്നതും തെറ്റാണ്‌. ഇസ്‌ലാമിക ചരിത്രത്തില്‍ വിശ്രുതമായ ഹദ്‌റമിയുടെ വധവും അതിനോടുള്ള പ്രവാചകന്റെ സമീപനവും ഇതിന്റെ വ്യക്തമായ തെളിവാണ്‌. മുസ്‌ലിംകള്‍ക്കെതിരെ ഖുറൈശികള്‍ ഗൂഢാലോചന നടത്തുന്നുവെന്നറിഞ്ഞ നബി (സ), ഹിജ്‌റ 2-ാം വര്‍ഷം റജബില്‍ അബ്‌ദുല്ലാ ഹിബ്‌നു ജഹ്‌ശിന്റെ നേതൃത്വത്തില്‍ ഒരു പന്ത്രണ്ടംഗ സംഘത്തെ മക്കക്കും ത്വാഇഫിനും ഇടക്കുള്ള നഖ്‌ല താഴ്‌വരയിലേക്ക്‌ അയച്ചു. �രണ്ട്‌ ദിവസത്തിന്‌ശേഷം തുറന്ന്‌ നോക്കുക� എന്ന നിര്‍ദ്ദേശത്തോടെ ഒരു കത്തും നബി (സ) അബ്‌ദുല്ലക്ക്‌ നല്‍കിയിരുന്നു. നിര്‍ദ്ദേശാനുസാരം അദ്ദേഹം കത്ത്‌ പൊട്ടിച്ചു. നഖ്‌ലയില്‍ നിന്നു കൊണ്ട്‌ ഖുറൈശികളുടെ സ്ഥിഗതികള്‍ മനസ്സിലാക്കി വിവരം അറിയിക്കുക എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്‌. ഖുറൈശികളില്‍പെട്ട ചില ആളുകള്‍ സിറിയയില്‍നിന്ന്‌ കച്ചവടച്ചരക്കുമായി അപ്പോള്‍ ആ വഴിക്ക്‌ വരുന്നുണ്ടായിരുന്നു. അബ്‌ദുല്ല അവരെ അക്രമിച്ചു. അവരില്‍ അംറ്‌ബ്‌നുഹദ്‌റമിയെ വധിക്കുകയും മറ്റ്‌ രണ്ടുപേരെ ബന്ധനസ്ഥരാക്കുകയും ചെയ്‌തു. ഗനീമത്തും ലഭിച്ചു. അബ്‌ദുല്ലാ (റ) മദീനയില്‍ചെന്ന്‌ ഈ വിവരങ്ങള്‍ അറിയിക്കുകയും യുദ്ധമുതലുകള്‍ നബി (സ) യുടെ സന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. പക്ഷേ, തിരുമേനി ഈ സംഭവത്തില്‍ അത്യന്തം നീരസം പ്രകടിപ്പിക്കുകയാണ്‌ ഉണ്ടായത്‌. ഞാന്‍ നിങ്ങള്‍ക്ക്‌ ഇതിന്‌ അനുവാദം തന്നിരുന്നില്ല എന്ന്‌ പറഞ്ഞ്‌ യുദ്ധമുതലുകള്‍ നബി (സ) തിരസ്‌കരിച്ചു. (64).
ഖുറൈശി സംഘത്തെ കണ്ടപ്പോള്‍ മക്കയില്‍ മുസ്‌ലിംകള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും, തടഞ്ഞു വെക്കപ്പെട്ട സമ്പത്തും സംബന്ധിച്ച സ്‌മരണയാണ്‌ അബ്‌ദുല്ലയെയും കൂട്ടരേയും അക്രമത്തിന്ന്‌ പ്രേരിപ്പിച്ചത്‌. പക്ഷേ, പ്രവാചകന്‍ അതംഗീകരിക്കാതെ അവരെ ആക്ഷേപിക്കുകയും യുദ്ധമുതലുകള്‍ സ്വീകരിക്കാതി രിക്കുകയും ചെയ്‌തതിലെ പാഠമെന്ത്‌? ഭരണാധികാരിയുടെ അനുവാദമില്ലാതെ സായുധ ജിഹാദ്‌ അനുവദനീയ മല്ല എന്നുതന്നെയാണ്‌. നിരവധി പണ്ഡിതന്മാര്‍ ഈ വിഷയം വിശദീകരിച്ചിട്ടുണ്ട്‌. (65).
ഒരു ഹദീസ്‌
സായുധ ജിഹാദിന്‌ രാഷ്‌ട്രം അനിവാര്യമാണ്‌ എന്ന അടിസ്ഥാന നിയമത്തെ ഖണ്ഡിച്ചുകൊണ്ട്‌ പ്രതിരോധ പരമായ സായുധസമരത്തെ ന്യായീകരിക്കാനായി പലപ്പോഴും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാറുള്ള ഒരു പ്രവാചക വചനമുണ്ട്‌. അബൂസഈദില്‍ ഖുദ്‌രി ഉദ്ധരിക്കുന്നു; നബി (സ) പറഞ്ഞു: നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ അത്‌ കൈകൊണ്ട്‌ മാറ്റണം. സാധ്യമല്ലെങ്കില്‍ നാവുകൊണ്ട്‌. അതിനും സാധ്യമായില്ലെങ്കില്‍ മനസ്സുകൊണ്ട്‌. ഏറ്റവും ദുര്‍ബലമായ വിശ്വാസമാണത്‌. (മുസ്‌ലിം). �ഈ ഹദീസിന്റെ മുന്‍ഗണനാക്രമ ത്തില്‍നിന്ന്‌ തിന്മകാണുന്നവന്‍ കൈകൊണ്ടുതന്നെ അത്‌ തടയണമെന്നാണ്‌ മനസ്സിലാകുന്നത്‌: അതിന്‌ രാഷ്‌ട്രം വേണമെന്ന നിബന്ധനവെച്ചിട്ടുമില്ല. എന്നിട്ടും നാവുകൊണ്ടും, മനസ്സുകൊണ്ടും തിന്മ തടയാന്‍ ശ്രമിച്ചാല്‍ മതിയെന്ന വാദം ഹദീസ്‌ അനുസരിച്ച്‌ ദുര്‍ബലമായ ഈമാനാണ്‌ നമ്മുടേത്‌ എന്നതിന്റെ തെളിവല്ലേ!�
ഉദ്ധ്യത ഹദീസിനെകുറിച്ച്‌ ഉപരിപ്ലവമായ ചിന്തയുടെ അടിസ്ഥാനത്തിലുള്ള ഈ വീക്ഷണം തികച്ചും അബദ്ധവും അടിസ്ഥാനരഹിതവുമാണെന്ന്‌ ഹദീസ്‌ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. �രിയാളുസ്വാ ലിഹീന്‍� എന്ന വിഖ്യാത ഹദീസ്‌ സമാഹാരത്തില്‍ ഇതിന്‌ നല്‍കിയ വിശദീകരണം കാണുക: സാധിക്കുന്ന വന്‍ കൈകൊണ്ട്‌ തിന്മ തടയണം. എന്നാല്‍ അതിനൊരു നിബന്ധനയുണ്ട്‌. അതായത തിന്മ തടയുന്നത്‌ സമൂഹത്തില്‍ കുഴപ്പവും കലാപവും സൃഷ്‌ടിക്കുന്നതിലേക്ക്‌ നയിക്കരുത്‌. അത്തരമൊരവസ്ഥ ഭയപ്പെട്ടാല്‍ പൊതുജനത്തിനല്ല ഭരണാധികാരിക്ക്‌ മാത്രമേ അതിന്‌ അനുവാദമുണ്ടാവുകയുള്ളു. ഇബ്രാഹിം മത്‌ബലിയുടെ അഭിപ്രായത്തില്‍ കൈകൊണ്ട്‌ തിന്മ തടയുവാനുള്ള അധികാരം ഭരണാധികാരിക്കും അവരോട്‌ അടുത്ത വര്‍ക്കും മാത്രമാണ്‌. നാവുകൊണ്ട്‌ തടയേണ്ടത്‌ പണ്ഡിതന്മാരും അറിവുള്ളവരുമാണ്‌. എന്നാല്‍ മനസ്സുള്ള വരെല്ലാം മനസ്സുകൊണ്ട്‌ തിന്മയെ അറിയണം (66). ഇമാം ഇബ്‌നു തൈമിയ്യ. �തിന്മകള്‍ തടയുന്ന ഓരോരുത്തര്‍ക്കും അവരുടെ കഴിവും സാധ്യതയുമനുസരിച്ചാണെന്നും തിന്മ തടയുന്നത്‌ സമൂഹത്തെ നാശ ത്തില്‍നിന്ന്‌ രക്ഷിക്കാനാണ്‌, എന്നാല്‍ കൈകൊണ്ടോ നാവുകൊണ്ടോ തടയാന്‍ ശ്രമിക്കുന്നത്‌ കൂടുതല്‍ അനര്‍ത്ഥങ്ങള്‍ക്ക്‌ ഇടയാക്കുമെന്നും� വിശദീകരിച്ചത്‌ ശ്രദ്ധേയമാണ്‌. വിവേകവും ക്ഷമയും യുക്തിയുമില്ലാതെ വൈകാരികമായി ചിന്തിച്ച്‌ തിന്മക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക്‌ ഖവാരിജുകള്‍, മുഅ്‌തസിലികള്‍, റാഫിള: തുടങ്ങിയവരുടെ ചരിത്രം ചൂണ്ടിക്കാണിച്ച്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. (67).
ഇമാം ഖുര്‍തുബിയുടെ വിശദീകരണം ശ്രദ്ധിക്കുക: നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും എല്ലാ ഓരോരു ത്തര്‍ക്കും യോജിച്ചതല്ല. ഭരണാധികാരിയാണത്‌ നിര്‍വ്വഹിക്കേണ്ടത്‌. വിവിധ ശിക്ഷകള്‍, ശിക്ഷണങ്ങള്‍, കുറ്റവാളികളെ തടവിലിടലും മോചിപ്പിക്കലും നാടുകടത്തലും അദ്ദേഹത്തിന്റെ ബാധ്യതയാണ്‌. അതിനായി അദ്ദേഹം ഓരോ പ്രദേശത്തും സത്യസന്ധനും വിശ്വസ്‌തനുമായ പ്രതിനിധികളെ നിശ്ചയിക്കേണ്ടതും ഏറ്റക്കുറച്ചിലുകളില്ലാതെ അത്‌ നടപ്പിലാക്കാന്‍ കല്‍പിക്കേണ്ടതുമാണ്‌. അല്ലാഹു പറയുന്നു: നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്‌കാരം നിലനിര്‍ത്തുകയും സക്കാത്ത്‌ നല്‍കുകയും നന്മകല്‍പിക്കു കയും തിന്മ വിലക്കുകയും ചെയ്യുന്നവരാണവര്‍ (68).
ഇനി വ്യക്തികള്‍ക്ക്‌ അതാകാമെന്ന്‌ വാദിച്ചാല്‍തന്നെ, മദീന രാഷ്‌ട്രത്തിലെ പ്രജകള്‍ക്ക്‌ ഭരണാധികാരി എന്ന നിലക്ക്‌ നബി (സ) നല്‍കിയ ഒരു അനുവാദമാകാം ഇത്‌. കാരണം പ്രതിരോധം വിലക്കപ്പെട്ട മക്കയില്‍ ഇത്തരമൊരു കല്‍പന നല്‍കുക സംഭവ്യമല്ലല്ലോ. (69). മാത്രമല്ല, കൈകൊണ്ട്‌ തടയുക എന്നതിന്റെ ഉദ്ദേശ്യം, കുറ്റവാളികളെ പിടികൂടി ഭരണാധികാരിക്ക്‌മുമ്പില്‍ ഹാജരാക്കലാകാം. കൂടാതെ, ഓരോരുത്തര്‍ക്കും തങ്ങളുടെ കീഴിലുള്ളവര്‍ തെറ്റ്‌ ചെയ്യുമ്പോള്‍ കൈകൊണ്ട്‌ തടയാനുള്ള അനുവാദമുണ്ട്‌ എന്നതും ഓര്‍ക്കേണ്ടതാണ്‌. (70). എന്നാല്‍ പൊതു സമൂഹത്തിലെ തിന്മകള്‍ ശക്തി ഉപയോഗിച്ച്‌ തടയാന്‍ വ്യക്തികള്‍ക്കോ അനുവാദമില്ല. ഇത്തരം നിയമങ്ങളെ സ്വതന്ത്രമായി കൈകാര്യംചെയ്യുന്നത്‌ വമ്പിച്ച അനര്‍ത്ഥങ്ങള്‍ക്ക്‌ കാരണമാകും.
(തുടരും)

സൂചിക:
53. തഫ്‌സീറുല്‍ മറാഗി 6/117-118
54. സാദുല്‍മആദ്‌ 3/70-71 
55. മുഖ്‌തസ്വറുതഫ്‌സീറി ഇബ്‌നു കസീര്‍ 2/546
56. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 1/169
57. സാദുല്‍ മആദ്‌ 3/69-71
58. തഫ്‌ഹീമുല്‍ ഖുര്‍ആന്‍ 3/224
59. മുഖ്‌തസ്വറുതഫ്‌സീരി ഇബ്‌നു കസീര്‍ 1/413
60. അല്‍ബഖറ: 251, സ്വാദ്‌: 26, അന്നംല്‌: 16-44
61. അല്‍മാഇദ: 20-26
62. ഇസ്‌ലാം ഒറ്റനോട്ടത്തില്‍ 242
63. അല്‍ മുഗ്‌നി 8/352, ഇസ്‌ലാം ഒറ്റനോട്ടത്തില്‍ 241-242
64. നബിയുടെ ജീവിതം 92-92, മുഹമ്മദ്‌ (സ) 280-281
65. അല്‍ മുഗ്‌നി: 8/368
66. ദലീലുല്‍ ഫാലിഹീന്‍ ലിത്വുറുഖിരിയാദിസ്സ്വാലിഹീന്‍ 1/265-68
67. ഫതാവാ ഇബ്‌നു തൈമിയ: 8/131
അല്‍ അംറുബിന്‍ മഅ്‌റുഫി വന്നഹ്‌യു അനില്‍ മുന്‍കര്‍: 121
68. അല്‍ ജാമിഉ ലി അഹ്‌കാമില്‍ ഖുര്‍ആന്‍ 4/47
69. അല്‍ അംറുബില്‍ മഅ്‌റൂഫി വന്നഹ്‌യു അനില്‍ മുന്‍കര്‍ 147
70. സുബ്‌ലുസ്സലാം ശറഹുബുലൂഗില്‍ മറാം 3/233-234
അല്‍ ഫിഖ്‌ഹു അലല്‍ മദാഹിബില്‍ അര്‍ബഅ: 5/124

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates