Wednesday 25 July 2012

മുജാഹിദ്‌ പ്രസ്ഥാനവും തൗഹീദിലെ ആശയക്കുഴപ്പവും


മുജാഹിദ്‌ പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍ ഭാഗം രണ്ടു 



            സംശുദ്ധമായൊരു സംസ്‌കാര നിര്‍മിതിയുടെ അടിസ്ഥാനമാണ്‌ ഇസ്‌ലാമിന്റെ മൂലശിലയായ തൗഹീദ്‌-ഏകദൈവസിദ്ധാന്തം. വ്യക്തിയുടെ വിശ്വാസവും ആരാധനയും മുതല്‍, കലയും സാഹിത്യവും ഉള്‍പ്പെടെ, നിയമവും ഭരണവും വരെ സാമൂഹിക ജീവിതമാകെ പരന്നൊഴുകുകയും എല്ലാ രംഗങ്ങളിലും സമൂലമായ പരിവര്‍ത്തനം സൃഷ്‌ടിക്കുകയും ചെയ്യുന്ന ആദര്‍ശം മൂലമാണത്‌. മനുഷ്യ സമൂഹത്തിന്റെ വിശ്വാസവും സംസ്‌കാരവും നാഗരികതയുമൊന്നാകെ ദൈവകിമൂല്യങ്ങളില്‍ പൊളിച്ചെഴുതുകയാണ്‌ തൗഹീദിന്‌ ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ദൗത്യം. വരണ്ടുണങ്ങിയ അക്കാദമിക്‌ ചര്‍ച്ചകള്‍ക്കും അരോചകമായ അക്ഷരവായനകള്‍ക്കും കള്ളിയും കളവും തിരിച്ച ഗണിതശാസ്‌ത്ര ക്രിയകള്‍ക്കും വിഷയമാകേണ്ട കേവലമൊരു തത്ത്വശാസ്‌ത്രമല്ല, ജീവിതഗന്ധിയായ ആശയസംഹിതയും വിപ്ലവോര്‍ജവുമാണ്‌ അത്‌. ആകാശ ത്തിന്റെ അനന്തതയിലിരിക്കുന്ന ഏകനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം തൗഹീദിന്റെ ആണിക്കല്ലാകുമ്പോഴും മണ്ണിലെ മനുഷ്യജീവിതത്തില്‍ സക്രിയമായി ഇടപെടാനുള്ള കരുത്ത്‌ ഏകദൈവ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നു.


വിശുദ്ധ ഖുര്‍ആനില്‍ `തൗഹീദ്‌' എന്ന പദം പ്രയോഗിച്ചിട്ടേയില്ല. പക്ഷേ, തൗഹീദിന്റെ സംസ്‌കാരം ഖുര്‍ആനിലാകെ നിറഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനമായ, ഇത്രയേറെ പ്രാധാന്യമുള്ള ഒരു പദം എന്തുകൊണ്ട്‌ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടില്ല? അക്ഷരങ്ങളിലും വാക്കുകളിലും ഒതുക്കിയും കുരുക്കിയും ചര്‍വ്വിത ചര്‍വ്വണം ചെയ്യേണ്ടതല്ല അതെന്നായിരിക്കും ജഗന്നിയന്താവിന്റെ തീരുമാനം!


`തൗഹീദിന്റെ പ്രബോധകര്‍' എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ പക്ഷേ, തൗഹീദിന്റെ സൗന്ദര്യാത്മകവും സൃഷ്‌ട്യുന്മുഖവുമായ ജൈവികവശം മനസിലാക്കാനൊ പ്രബോധനം ചെയ്യാനൊ സാധിക്കാതെ പോയത്‌ ദുഃഖകരമാണ്‌. തൗഹീദിനെ കുറിച്ച്‌ അറ്റമില്ലാത്ത ഗവേഷണങ്ങളും, തലനാരിഴ കീറിയ ചര്‍ച്ചകളും നടത്തിയിട്ടും അതിന്റെ അകക്കാമ്പ്‌ കാണാനൊ ഭൂമിയിലെ മനുഷ്യജീവിതത്തെ തൗഹീദ്‌ എങ്ങിനെ അഭിമുഖീകരിക്കുന്നുവെന്ന്‌ മനസിലാക്കാനൊ പ്രസ്ഥാനത്തിന്‌ കഴിഞ്ഞില്ല. വിശുദ്ധ ഖുര്‍ആനിലെ തൗഹീദിന്റെ വിവരണവും മുജാഹിദുപ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചരീതിയും തമ്മില്‍ അന്തരങ്ങളുണ്ട്‌. ഖുര്‍ആനിലെ തൗഹീദ്‌ ജീവിതത്തെ ഒന്നാകെ അഭിമുഖീകരിക്കുന്നതാണ്‌. എന്നാല്‍, ആരാധനാ-അനുഷ്‌ടാനങ്ങളിലും, പ്രാര്‍ത്ഥന-സഹായം തേടലിലും പരിമിതമായ രീതിയിലാണ്‌ മുജാഹിദ്‌ പ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചത്‌. തൗഹീദിന്റെ ഭാഷാര്‍ഥം, വര്‍ഗീകരണം, മൂന്ന്‌ ഇനങ്ങളുടെ വിശദീകരണം, ഇഹലോകത്തും പരലോകത്തും അല്ലാഹുവിനെ ദര്‍ശിക്കല്‍, അല്ലാഹു സര്‍വവ്യാപിയാണെന്നു പറയുന്നതിലെ ആപത്ത്‌, അല്ലാഹുവോടു മാത്രമുള്ള പ്രാര്‍ഥനയും അതിന്റെ നിയമങ്ങളും, ഇടതേട്ടത്തെ കുറിച്ച തര്‍ക്കം, ഖബ്‌റാരാധകര്‍, മക്കാ മുശ്‌രിക്കുകളുടെ തൗഹീദ്‌, മക്കാ മുശ്‌രിക്കുകളും ഇന്നത്തെ ഖുബൂരികളും തമ്മിലുള്ള ബന്ധം, ഖുബൂരികളും തൗഹീദ്‌ വാദികളും തമ്മിലുള്ള സംഘട്ടനം.......സലഫികളുടെയും മുജാഹിദുകളുടെയും തൗഹീദ്‌ ചര്‍ച്ച ഇങ്ങിനെയാണ്‌ പൊതുവെ മുന്നോട്ടുപോകുന്നത്‌ (തൗഹീദിന്റെ പ്രാധാന്യം, മുഹമ്മദ്‌ അഹ്‌മദ്‌ ബാശമീല്‍, കെ.എന്‍.എം പ്രസിദ്ധീകരണ വിഭാഗം, മുജാഹിദ്‌ സെന്റര്‍ കോഴിക്കോട്‌. തൗഹീദിന്റെ മൗലിക തത്ത്വങ്ങള്‍ - ഡോ.ബിലാല്‍ ഫിലിപ്‌സ്‌, യുവത ബുക്‌ ഹൗസ്‌, കോഴിക്കോട്‌ തുടങ്ങിയ കൃതികള്‍ ഉദാഹരണം). പ്രാര്‍ഥന-സഹായം തേടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്നും അതുസംബന്ധിച്ച്‌ `ഖുബൂരികളും' മുവഹിദുകളും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നും മുന്നോട്ടുപോകാന്‍ തൗഹീദിന്‌ ഗതിയില്ല! എന്നാല്‍, ഈ വിഷയത്തില്‍ പോലും ആശയവ്യക്തത കൈവരിക്കാന്‍ മുജാഹിദുകളില്‍ ചിലര്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ ജിന്ന്‌ വിവാദം നല്‍കുന്ന സന്ദേശം. ജിന്നുകളോട്‌ സഹായം തേടാമോ, അത്‌ പ്രാര്‍ഥനയാകുമോ, ശിര്‍ക്കാകുമോ എന്നൊക്കെയുള്ള തര്‍ക്കങ്ങളില്‍ നിന്ന്‌ ഇതാണ്‌ മനസിലാകുന്നത്‌? തൗഹീദിന്റെ വിവക്ഷ, വിഭജനം, വിശദീകരണം, എണ്ണി പറയണോ എണ്ണാതെ പറയണോ, തൗഹീദിന്റെ പരിധി, തൗഹീദുല്‍ അസ്‌മാഇ വസ്വിഫാത്ത്‌ ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ടോ, തൗഹീദും ഈമാനും ഒന്നാണോ, ഹാകിമിയ്യത്ത്‌ തൗഹീദിന്റെ ഭാഗമാണോ തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദു പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആശയഭിന്നതയുണ്ട്‌. 2002ലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ പുറത്തിറങ്ങിയ പുസ്‌തകങ്ങളിലെ ചില ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണ്‌. (ഡോ.ഹുസൈന്‍ മടവൂരിന്റെ, `ആദര്‍ശവ്യതിയാനം ഒരു പുകമറ' എന്ന പുസ്‌തകത്തിലെ തൗഹീദ്‌ ചര്‍ച്ച ഉദാഹരണം.


മറ്റെല്ലാം മാറ്റിവെച്ച്‌, തൗഹീദ്‌ പ്രബോധനത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തിട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ തൗഹീദ്‌ ശരിയായവിധം മനസിലായില്ല എന്നാണോ ഇതെല്ലാം സൂചിപ്പിക്കുന്നത്‌! ഇത്‌ ഈ ലേഖകന്റെ വിമര്‍ശനമല്ല, പ്രമുഖ മുജാഹിദ്‌ പണ്ഡിത നേതാവ്‌ ഡോ. ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബിന്റെ ആത്മഗതമാണ്‌. പുതുതായി മുജാഹിദ്‌ സംഘടനയിലേക്ക്‌ വന്ന ആളല്ല, പ്രസ്ഥാനത്തില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള വ്യക്തിയും, സ്ഥാപനനേതാക്കളിലൊരാളായ മര്‍ഹൂം ഇ.കെ മൗലവി സാഹിബിന്റെ മകനുമാണ്‌ അഹ്‌മദ്‌കുട്ടി സാഹിബ്‌. ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ``അല്ലാഹുവിനു മാത്രം കീഴ്‌പ്പെടുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യമനസുകളെ വിമലീകരിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ട തൗഹീദ്‌ എന്ന മഹത്തായ തത്ത്വത്തിന്റെ വക്‌താക്കളും പ്രയോക്താക്കളുമായ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്ക്‌ അവര്‍ നയിക്കുന്ന തൗഹീദ്‌ സംഘടനയെ വെറും അഞ്ച്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച്‌ രണ്ട്‌ തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന്‌ ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍, അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ടവിധം മനസിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഔലിയാക്കളെയും പുണ്യപുരുഷന്മാരെയും മണ്‍മറഞ്ഞുപോയ മറ്റു മഹാന്മാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌ എന്നു പഠിപ്പിക്കുന്നതില്‍ മാത്രം അവര്‍ തങ്ങളുടെ തൗഹീദ്‌ പ്രബോധനം ഒതുക്കി. മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും സ്‌പര്‍ശിക്കുകയും സ്വാധീനിക്കുകയും ധാര്‍മികമായി പരിവര്‍ത്തപ്പിക്കുകയും ചെയ്യുന്ന സമഗ്രജീവിത ദര്‍ശനമെന്ന നിലയില്‍ അവര്‍ തൗഹീദ്‌ പ്രബോധനം ചെയ്‌തില്ല. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാതിരുന്നാല്‍ മതി, ധാര്‍മിക-സദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തു തിന്മകളും തെറ്റുകളും ചെയ്‌താലും കുഴപ്പമില്ല. അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി. മനുഷ്യഹൃദയത്തെ സാന്മാര്‍ഗികമായും ധാര്‍മികമായും സംസ്‌കരിച്ച്‌ നന്നാക്കുകയെന്നത്‌ ഈമാനിന്റെയും തൗഹീദിന്റെയും താല്‍പര്യങ്ങളില്‍ പെട്ടതാണെന്ന സത്യം അവര്‍ മറന്നുകളഞ്ഞു. വിശാലമായ അര്‍ഥത്തില്‍ തൗഹീദ്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതു മാത്രമല്ല. മനുഷ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ ബാധിക്കുന്ന ഏകനായ അല്ലാഹുവിന്റെ ആജ്ഞകളും നിര്‍ദേശങ്ങളും അനുസരിച്ച്‌ ജീവിക്കുന്നതും കുടിയാണ്‌ എന്ന കാര്യം ബോധപൂര്‍വമല്ലെങ്കിലും ആ പണ്ഡിതന്മാര്‍ അവഗണിച്ചു'' (മാധ്യമം ദിനപത്രം, 22-08-2002).


``അല്ലാഹുവല്ലാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കാതിരുന്നാല്‍ മതി. ധാര്‍മികസദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തുതെറ്റു ചെയ്‌താലും കഴുപ്പമില്ല, അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി'' - എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ചിന്തനീയമാണ്‌. തങ്ങള്‍ മനസിലാക്കിയ തൗഹീദിന്‌ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കി പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തീരുമാനിച്ചപ്പോള്‍ വന്‍പാപങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ ലഘൂകരിക്കുന്ന സമീപനം വന്നുപോയി. `തൗഹീദ്‌ ശരിയായാല്‍ മതി, ശിര്‍ക്ക്‌ ചെയ്യാതിരുന്നാല്‍ മതി, മദ്യവും വ്യഭിചാരവും മോഷണവുമൊക്കെ പശ്ചാത്തപിച്ചാല്‍ പൊറുക്കപ്പെടും' എന്നൊക്കെ ഫത്‌വ നല്‍കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന്‌ ചിന്തിക്കേണ്ടിയിരുന്നു. തൗഹീദിന്റെ പ്രബോധനം ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന്‌ മനസിലാകാതെ പോയതാണ്‌ കാരണം; തൗഹീദിനെ ആരാധനകളില്‍ ഒതുക്കിയതിന്റെ അനിവാര്യ ദുരന്തം. പ്രമുഖ സലഫി പണ്ഡിതന്‍ സ്വാലിഹ്‌ബ്‌നുല്‍ ഫൗസാന്‍ അല്‍ ഫൗസാന്റെ ഈ ഫത്‌വയൊന്ന്‌ വായിച്ചു നോക്കൂ: ``പ്രബോധകന്മാര്‍ അവരുടെ ദഅ്‌വത്തില്‍ പ്രാമുഖ്യം നല്‍കേണ്ടത്‌ നിര്‍ബന്ധമായും ശിര്‍ക്കിനെതിരെയും തൗഹീദിന്‌ വേണ്ടിയുമായിരിക്കണം. ഇത്‌ മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യമുള്ളതാണ്‌. അല്ലാത്ത പക്ഷം അവരുടെ ദഅ്‌വത്ത്‌ നബി(സ)യുടെ മന്‍ഹജിലായിരിക്കുകയില്ല. അല്ലാഹു പ്രവാചകനെ നിയോഗിച്ചത്‌ ശിര്‍ക്കിനെതിരെ താക്കീത്‌ നല്‍കുവാനും തൗഹീദിലേക്ക്‌ ക്ഷണിക്കുവാനുമാണ്‌. ആയതിനാല്‍ ആദ്യമായി അടിസ്ഥാനം ഇതിന്മേല്‍ ആവണം കെട്ടിപ്പടുക്കേണ്ടത്‌. ശേഷം മറ്റുള്ള വിഷയങ്ങളിലേക്കും പ്രബോധനം വ്യാപിപ്പിക്കാവുന്നതാണ്‌. എന്നാല്‍ തൗഹീദ്‌ നേരെയായില്ലെങ്കില്‍ മറ്റെന്ത്‌ തന്നെ നന്നാക്കിയിട്ടും കാര്യമില്ലല്ലൊ. ലോകത്തിലുള്ള സര്‍വ മനുഷ്യരും വ്യഭിചാരവും മദ്യവും കളവും എല്ലാം ഉപേക്ഷിക്കുകയും ഏറ്റവും ഉല്‍കൃഷ്‌ടമായ സ്വഭാവങ്ങള്‍ പ്രകടമാക്കുകയും അതേ സമയം ശിര്‍ക്ക്‌ ഒഴിവാക്കാതെയിരിക്കുകയും ചെയ്‌താല്‍ അവരുടെ സല്‍സ്വഭാവം കൊണ്ട്‌ അവര്‍ക്ക്‌ യാതൊരു പ്രയോജനമോ നേട്ടമോ ലഭിക്കുവാനില്ല. എന്നാല്‍ ശിര്‍ക്കില്‍ നിന്നും പൂര്‍ണമായും മോചിതരായ ജനം വന്‍ പാപങ്ങള്‍ ചെയ്യുന്നവരായിരുന്നാലും അവര്‍ക്ക്‌ അല്ലാഹുവിന്റെ കാര്യണ്യത്തില്‍ ഒരുവേള പൊറുത്ത്‌ കിട്ടിയേക്കാം, അല്ലെങ്കില്‍ അവന്‍ നിശ്ചയിച്ച അവധി വരെ ശിക്ഷയനുഭവിച്ച്‌ അവന്റെ മഗ്‌ഫിറത്തിലേക്ക്‌ മടങ്ങാം എന്ന്‌ പ്രതീക്ഷിക്കാം. എന്തുതന്നെയായാലും തൗഹീദിന്റെ ആളെന്ന നിലക്ക്‌ അന്തിമമായി അവന്‍ സ്വര്‍ഗാവകാശി തന്നെയാണ്‌. തൗഹീദ്‌ ആണ്‌ അടിസ്ഥാനപരമായും മനുഷ്യന്‌ ഉണ്ടാകേണ്ടത്‌. തൗഹീദിന്റെ അഭാവത്തില്‍ ഒരുവന്‌ മോക്ഷമില്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ശ്രദ്ധ ഊന്നുക എന്നത്‌ നിര്‍ബന്ധ കാര്യമാണ്‌. മാത്രവുമല്ല, ജനങ്ങളെ ഇതിലേക്കാണ്‌ ഒന്നാമതായി ക്ഷണിക്കേണ്ടതും. അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കേണ്ടതും വിശദീകരിച്ചു കൊടുക്കേണ്ടതും എന്താണ്‌ തൗഹീദ്‌, എന്താണ്‌ ശിര്‍ക്ക്‌ എന്നതാവണം. മുസ്‌ലിംകള്‍ ഇവയെക്കുറിച്ച്‌ ബോധവാന്മാരാകേണ്ടതുണ്ട്‌. മാത്രവുമല്ല, ഈ വിഷയങ്ങളില്‍ അവന്‌ നല്ല ഉറപ്പും (വിശ്വാസപരമായ ദൃഢത) ഉണ്ടായിരിക്കേണ്ടതുണ്ട്‌. ഇക്കാര്യം ഓരോരുത്തരും സ്വയം പരിശോധിക്കുകയും ഉറപ്പ്‌ വരുത്തുകയും വേണം, അത്‌ അവന്‍ അപകടങ്ങളില്‍ ചെന്നു ചാടുന്നതില്‍ നിന്നും രക്ഷയാവുന്നതാണ്‌. ഈ കാര്യം അനിവാര്യവും ദഅ്‌വത്തിന്റെ മുന്‍നിരയിലുണ്ടായിരിക്കുകയും വേണ്ടതുണ്ട്‌'' (ശറഹുല്‍ ഉസൂലിസ്സലാസ-സ്വാലിഹ്‌ബ്‌നു ഫൗസാന്‍. ഉദ്ധരണം: ഇസല്‍സബീല്‍, ജമാദുല്‍ ആഖിര്‍ - 1433).


തൗഹീദിന്‌ പരമപ്രാധാന്യം നല്‍കാന്‍ വേണ്ടി സാമൂഹിക തിന്മകളോട്‌ സ്വീകരിച്ച ഈ ലാഘവത്വത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തന്നെയാണ്‌ വിലയൊടുക്കേണ്ടി വന്നത്‌. തൗഹീദിന്റെ പൂര്‍ണതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോഴും, തിന്മകളില്‍നിന്ന്‌ ആളുകളെ സ്‌ഫുടം ചെയ്‌തെടുക്കാനാവശ്യമായ ആത്മസംസ്‌കരണം (തസ്‌കിയ) സംഘടനക്കകത്ത്‌ വേണ്ടത്ര പരിഗണന കിട്ടാതെ അവഗണിക്കപ്പെട്ടു. തൗഹീദിനെ കുറിച്ച്‌ ഘോരമായി പ്രസംഗിക്കുന്നതിനിടയില്‍ `തഖ്‌വ' ചോര്‍ന്നുപോകുന്നത്‌ അറിയാനായില്ല. സംഘടനാ പിളര്‍പ്പിന്‌ മുമ്പും ശേഷവും എഴുത്തിലും പ്രസംഗത്തിലും ഉപയോഗിക്കുന്ന ഭാഷയുടെയും ശൈലിയുടെയും നിലവാരം, അസഭ്യവര്‍ഷങ്ങള്‍, ഉദ്ധരണികളിലും ക്ലിപിംഗുകളിലും കാണിക്കുന്ന കൃത്രിമങ്ങള്‍, കള്ളവാദങ്ങളും ദുഷ്‌പ്രചാരണങ്ങളും, അധികാരമോഹവും അനഭിലഷണീയമായ ഗ്രൂപ്പ്‌ പ്രവര്‍ത്തനവുമൊക്കെ `ഉയര്‍ന്ന തട്ടിലുള്ള' ഇതിന്റെ അടയാളങ്ങളാണ്‌. `ദീനിന്‌ പുറത്തുള്ള' രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ടുറപ്പിക്കാന്‍ വേണ്ടി നടത്തുന്ന `രഹസ്യനീക്കങ്ങള്‍' താഴെ തട്ടിലുള്ള ഉദാഹരണങ്ങളിലൊന്നാണ്‌. തൗഹീദീ പ്രവര്‍ത്തനത്തിനിടയില്‍ `തസ്‌കിയ' മറന്നുപോയതും `തഖ്‌വ' ചോര്‍ന്നുപോയതുമാണിതിന്റെ കാരണങ്ങളെന്ന്‌ വിലയിരുത്തുന്നതും ഡോ.ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബ്‌ തന്നെയാണ്‌. നേതൃമോഹം, സാമ്പത്തിക താല്‍പര്യങ്ങള്‍, യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അസൂയ, സലഫീ മന്‍ഹജില്‍ നിന്നുള്ള വ്യതിയാനാരോപണം തുടങ്ങിയ പിളര്‍പ്പിന്റെ കാരണങ്ങള്‍ സൂചിപ്പിച്ചശേഷം അദ്ദേഹം എഴുതുന്നു, ``പരസ്‌പരം ബന്ധപ്പെട്ട ഈ കാരണങ്ങളുടെയും അതുപോലുള്ള മറ്റു ചില ഘടകങ്ങളുടെയും ഫലമാണ്‌ ഇപ്പോഴത്തെ മുജാഹിദ്‌ പ്രതിസന്ധി. എന്നാല്‍ ഇതെല്ലാം ചില നിമിത്തങ്ങളാണ്‌. ഒരു മൂലകാരണത്തിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ മാത്രം. എന്താണ്‌ ആ മൂലകാരണം? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അത്‌ ദൈവഭക്തിയില്‍ നിന്നും പരലോക ഭയത്തില്‍ നിന്നും ഉത്ഭൂതമാകേണ്ട ആത്മീയ-ധാര്‍മിക-മാനസിക സംസ്‌കരണത്തിന്റെയും നിയന്ത്രണത്തിന്റെറയും അഭാവമാണെന്നും പറയാം. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ തഖ്‌വയുടെ അഭാവം.....എന്നാല്‍ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഇതെല്ലാം പഠിച്ചുറപ്പിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരാണ്‌ സ്ഥാനമോഹത്തിന്റെയും ഭൗതികസുഖാസക്തിയുടെയും വ്യക്തിവൈരാഗ്യങ്ങളുടെയും പ്രതികാരവാഞ്‌ചയുടെയും മദമാത്സര്യങ്ങളുടെയും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ, സ്വഭാവശുദ്ധിയും ധാര്‍മിക ഔന്നിത്യവും പാലിക്കാതെ ആത്മനിയന്ത്രണം കൈവിട്ട്‌, തോന്നിയതു പോലെ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ട്‌ അവസാനം മുജാഹിദ്‌ പ്രസ്ഥാനത്തെ നാശഗര്‍ത്തത്തില്‍ തള്ളിയട്ടത്‌, എന്തൊരു ദയനീയ പതനം!'' (മാധ്യമം, 25-08-2002).


തൗഹീദും ഈമാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഒരു ചര്‍ച്ച മുജാഹിദു പ്രസ്ഥാനത്തില്‍ നടക്കുകയുണ്ടായി. `തൗഹീദ്‌ ഈമാനാണോ അല്ലേ' എന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മ്മം. ബഹുമാന്യനായ പണ്ഡിതന്‍ മൗലവി പി. മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഒരു പ്രബന്ധത്തിലെ വരികളാണ്‌ ഇതിന്‌ അടിസ്ഥാനമായത്‌. ``തൗഹീദല്ല ഈമാന്‍, ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും ഒഴിവായി എന്നതുകൊണ്ട്‌ ഈമാന്‍ ഉണ്ടായിരിക്കുകയില്ല. ഈമാന്‍ ഉള്ളില്‍ നിറഞ്ഞാല്‍ അല്ലാഹുവല്ലാത്ത മറ്റൊന്നിനോട്‌ പ്രാര്‍ഥിക്കേണ്ടിവരികയില്ല'' (ശബാബ്‌, സെമിനാര്‍ പതിപ്പ്‌ 1998, പുറം 21) ഇതിനെതിരെ ഒരു വിഭാഗം പണ്ഡിതര്‍ ഉന്നയിച്ച വിമര്‍ശമിങ്ങനെ, ``ഇവിടെ തൗഹീദ്‌ ഈമാനാണെന്നും ഈമാനിന്റെ കാതലാണെന്നും സമര്‍ഥിക്കാന്‍ തെളിവുകള്‍ നിരത്തേണ്ടതില്ല. ഇസ്‌ലാമിക പാഠമറിയുന്ന ഏതൊരാള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌ തൗഹീദ്‌ ഈമാനാണെന്നും ഈമാന്റെ കാതലാണെന്നും. ഈ പരമാര്‍ഥത്തെ തന്നെയാണ്‌ ഇവിടെ നിഷേധിച്ചിരിക്കുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം രക്തം നല്‍കി വളര്‍ത്തിയ അടിസ്ഥാന സിദ്ധാന്തത്തെയാണ്‌ ഇവിടെ വില കുറച്ച്‌ കാണിക്കുന്നത്‌, തൗഹീദിന്റെ മഹത്വത്തെയാണ്‌ ഇവിടെ ഇടിച്ചു താഴ്‌ത്തുന്നത്‌...'' (കെ.എന്‍.എം കോര്‍ഡിനേഷന്‍ കമ്മിറ്റി 16-05-2001 നു ബുധനാഴ്‌ച മുജാഹിദ്‌ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധം, പേജ്‌ - 15) ഇതിന്‌ നല്‍കപ്പെട്ട മറുപടികളിലൊന്ന്‌ ഇങ്ങനെ: ``തൗഹീദ്‌ ജീവിതദര്‍ശനമായി സ്വീകരിച്ച്‌ പോരുന്നര്‍, അധാര്‍മികവും അനാശാസ്യപരവുമായ പ്രവര്‍ത്തികളില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുന്ന ഒരു ലേഖനമാണ്‌ മൗലവി കുട്ടശേരിയുടേത്‌. .........ഖാദിയാനികള്‍ കാഫിറുകളാണെന്ന്‌ മുസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിച്ചുകൊണ്ടോ അല്ലാഹുവേതരരെ ആരാധിച്ചതുകൊണ്ടോ അല്ല കാഫിറുകളായത്‌. മറിച്ച്‌ തൗഹീദുണ്ടായിട്ടും അവര്‍ക്ക്‌ ഈമാനുണ്ടായിരുന്നില്ല. ഇതില്‍ നിന്ന്‌ തൗഹീദല്ല ഈമാന്‍ എന്ന്‌ വ്യക്തമാകുന്നു. ഇപ്രകാരം തൗഹീദുള്ള ഒരാള്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെ നിഷേധിക്കുകയാണെങ്കില്‍ അവന്‍ കാഫിറാണ്‌. എന്തിനധികം ഇബ്‌ലീസിനെ നിഷേധിക്കുന്നവന്‍ വരെ കാഫിറാണ്‌. തൗഹീദുള്ളവന്‌ ഈമാനുണ്ടാകണമെന്നതിന്‌ ഇതിലെറെ മറ്റെന്ത്‌ തെളിവ്‌ വേണം. ഒരാള്‍ മുഅ്‌മിനാകണമെങ്കില്‍ തൗഹീദ്‌ അനിവാര്യമാണ്‌, എന്നാല്‍ തൗഹീദുള്ളവരെല്ലാം മുഅ്‌മിനാകണമെന്നില്ല'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌ കാരണങ്ങളും വസ്‌തുതകളും, അല്‍ അന്‍വാര്‍ പബ്ലിക്കേഷന്‍സ്‌, കുനിയില്‍, 


തൗഹീദ്‌ മാത്ര പ്രബോധകസംഘത്തില്‍, തൗഹീദിനെകുറിച്ച്‌ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ സൂചന മാത്രമല്ല ഈ വിമര്‍ശനവും മറുപടിയും. തൗഹീദിനെ സംബന്ധിച്ച്‌ മുജാഹിദുകള്‍ നടത്തുന്ന ചര്‍ച്ചയുടെ സ്വഭാവം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌. വാക്കുകളില്‍ കടിച്ചു തൂങ്ങിയും അര്‍ഥമില്ലാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടും തൗഹീദിന്റെ അന്തസത്ത കളഞ്ഞുകളിച്ചും വികലമാക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. അതുകൊണ്ടാകണം ബഹുമാന്യനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിക്ക്‌ തന്നെ ഇങ്ങനെ എഴുതേണ്ടിവന്നത്‌. .......നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌ വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല (മുസ്‌ലിം) എന്ന്‌ നബി(സ) പറഞ്ഞപ്പോള്‍, ഇതിന്ന്‌ വിപരീതമായി, ഒരു വിശ്വാസിയോട്‌ അസൂയയോ വെറുപ്പോ തോന്നിയാല്‍ അത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കാന്‍ മാത്രം ഗുരുതരമായ കുറ്റമാണോ എന്ന്‌ സഹാബികളാരും ചോദിക്കുകയുണ്ടായില്ല. വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപേക്ഷ്യമായ സഹോദരസ്‌നേഹത്തിന്റെ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കാനുള്ള പ്രചോദനമാണ്‌ ഈ തിരുവചനങ്ങള്‍ അവരുടെ മനസുകളില്‍ ഉളവാക്കിയത്‌ എത്ര തര്‍ക്കങ്ങള്‍ക്ക്‌ ആ വചനങ്ങള്‍ക്ക്‌ പഴുതുണ്ടെന്ന്‌ അന്വേഷിച്ച്‌ നോക്കുകയല്ല അവര്‍ ചെയ്‌തത്‌.'' (ശബാബ്‌ വാരിക 2002 മാര്‍ച്ച്‌ 2, വെള്ളി) മറ്റൊരു വിലയിരുത്തല്‍ ഇങ്ങനെ. ``പ്രവാചകന്റെ ഈ വചനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്താണ്‌? വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപക്ഷ്യമായ സഹോദരസ്‌നേഹത്തിന്‌ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കുക എന്നതാണ്‌. അതല്ലാതെ അവന്‍ കാഫിറാണോ മുശ്‌രിക്കാണോ എന്ന്‌ തര്‍ക്കിക്കാനുള്ള പഴുതുണ്ടാക്കുകയല്ല.'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌, കാരണങ്ങളും വസ്‌തുതകളും - 95).
തൗഹീദും ഈമാനും ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും രണ്ടാകാമെങ്കിലും അവ തമ്മിലുള്ള ബന്ധത്തെ മുറിച്ചു മാറ്റാനാകില്ല. ഏകദൈവത്വത്തെ ഒരു സിദ്ധാന്തം മാത്രമായി അംഗീകരിക്കുന്നതിന്‌ പകരം അതിലേക്ക്‌ ആഴവും കരുത്തുമുള്ള ഈമാനിനെ സന്നിവേശിപ്പിക്കുമ്പോഴാണ്‌ വിശുദ്ധനായ വിശ്വാസി ജനിക്കുന്നത്‌. തൗഹീദിനെ ജീവിതഗന്ധിയായ ഒരു ആശയമായി കാണാന്‍ കഴിയാതെ വരികയും, തൗഹീദി പ്രബോധനവും സാമൂഹിക പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ലെന്നു വിധിയെഴുതുയും ചെയ്‌തതുകൊണ്ടാണ്‌, വിദ്യാഭ്യാസവും അനാഥ സംരക്ഷണവും വരെ നിര്‍ത്തിവെച്ച്‌ `തൗഹീദ്‌മാത്ര' ബോധകരായി മാറാന്‍ സംഘടന ആഹ്വാനം ചെയ്‌തത്‌! ഒരു സംഘം പ്രമുഖ മുജാഹിദു പണ്ഡിതര്‍ അവതരിപ്പിച്ച പ്രബന്ധത്തിലെ വരികള്‍ കാണുക: ``നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ്‌ ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ കുറച്ചുകാലത്തേക്ക്‌ നാം തൗഹീദ്‌ പ്രബോധനവുമായി മാത്രം മുന്നോട്ടുപോകണം. പ്രസ്ഥാനത്തിനനകത്തുതന്നെ വ്യതിയാനം സംഭവിച്ചവരുണ്ടായ സാഹചര്യത്തില്‍ അത്‌ തികച്ചും പ്രസക്തവുമാണ്‌. നിര്‍ബന്ധമായും പറയേണ്ട ഒരു കാര്യമാണത്‌'' (രണ്ടാം പ്രബന്ധം, പേജ്‌: 8, ഉദ്ധരണം: മുജാഹിദുകള്‍ക്ക്‌ ആദര്‍ശവ്യതിയാമോ? - എ. അബ്‌ദുസലാം സുല്ലമി, പേജ്‌: 41) ഇതേ പ്രബന്ധത്തില്‍ തന്നെ തുടര്‍ന്ന്‌ പറയുന്നു: ``ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ തൗഹീദി പ്രബോധനത്തിന്‌ വിപരീതമായിട്ടാണ്‌ ബാധിക്കുന്നത്‌. തൗഹീദ്‌ പ്രബോധനത്തിന്‌ ചെലവഴിക്കേണ്ട ഊര്‍ജവും സമയവും സമ്പത്തും മറ്റു മാര്‍ഗങ്ങളിലേക്കാണ്‌ തിരിച്ചു വിടുന്നത്‌.'' (രണ്ടാം പ്രബന്ധം, പേജ്‌: 10, ഖണ്ഡിക: 3).
അറിവും അനാഥരും എങ്ങിനെയാണ്‌ തൗഹീദ്‌ പ്രബോധനത്തിന്‌ തടസമാകുന്നത്‌? ഖുര്‍ആന്‍ പഠനം തൗഹീദി പ്രബോധനത്തിന്റെ പ്രധാന മാര്‍ഗങ്ങളിലൊന്നല്ലേ? ഖുര്‍ആന്‍ പഠനം നിര്‍ത്തിവെച്ചും അനാഥ സംരക്ഷണം സ്റ്റേ ചെയ്‌തും പ്രചരിപ്പിക്കേണ്ടതാണ്‌ തൗഹീദെങ്കില്‍, എന്താണ്‌ സുഹൃത്തുക്കളെ ആ തൗഹീദ്‌!
മനുഷ്യ ജീവിതത്തെ മുച്ചൂടും മാറ്റി പണിയുന്ന ഒരു ഏകദൈവ വിശ്വാസത്തെക്കുറിച്ചാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്‌. തൗഹീദിനെ സംബന്ധിച്ച അനാവശ്യ തര്‍ക്കങ്ങളും സംശയം ജനിപ്പിക്കുന്ന വാദങ്ങളും ഖുര്‍ആന്‍ മാറ്റിവെക്കുകയും ചെയ്യുന്നു. ആ ദിവ്യ സൂക്തങ്ങളില്‍ തെളിയുന്ന തൗഹീദി ദര്‍ശനത്തില്‍ ഏകനായ അല്ലാഹുവോടു കണ്ണീരോടെ നടത്തുന്ന പ്രാര്‍ഥനയുണ്ട്‌, അനാഥ കുഞ്ഞിന്റെ കണ്ണുനീര്‍ തുടക്കുന്ന കാരുണ്യ സ്‌പര്‍ശമുണ്ട്‌. സ്‌പോര്‍ട്‌സ്‌ മീറ്റിലെ തൗഹീദ്‌, സലഫീ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ എന്നു തന്നെ പേര്‌ വെക്കണോ, ഇല്ലെങ്കില്‍ സലഫീ മന്‍ഹജില്‍ നിന്ന്‌ പുറത്തുപോകുമോ എന്ന വിധത്തിലൊക്കെയുള്ള ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക്‌ പക്ഷേ, തൗഹീദും മനുഷ്യജീവിതവുമായുള്ള ബന്ധം കാണാന്‍ കഴിയുന്നില്ല.

8 comments:

Backer said...

തൌഹീദ് ആരാധനയില്‍ മാത്രം ഒതുക്കിയതിന്റെ ഫലം

meheren said...

താങ്കളുടെ ലേഖനങ്ങളും ബ്ലോഗില്‍ ചേര്‍ത്ത മറ്റു ലേഖനങ്ങളും മുമ്പ് പ്രസിധീകരിച്ചവയാനെങ്കില്‍ അതിന്റെ ''ക്രെഡിറ്റ്‌'' (പ്രസിദ്ധീകരണ വിവരം) നല്‍കുന്നത് ലേഖനങ്ങള്‍ക്ക് കുറച്ചുകൂടി ആധികാരിത നല്‍കും എന്ന് തോന്നുന്നു. അത് വായനക്കാര്‍ക്ക് രഫരെന്സിനു ഉപകരിക്കും.

Anonymous said...

Mujahid movement has completed its historic duty of emancipating idiots from Khurafat and giving a vision to Kerala Muslims. Now it must give way to Islamists to establish tenets of practical Islam in toto in their lives and in the social life. To establish interest free banks, to enjoin righteousness, to propagate deen among non-muslims, to ban lottery, to work for prohibition of alcohol.... 51% of MLAs in kerala assembly today, can abolish liqour from our state. Raise our voice for the sidelined poor millions... this is Islam.

Anonymous said...

Let there be a faction from among you who will enjoin righteousness and forbid evil --- they are the successful.. the only sect who will enter paradise from 73 factions or groups.

സദ്‌റുദ്ദീന്‍ വാഴക്കാട്‌ said...

എല്ലാ വായനക്കാര്‍ക്കും നന്ദി ,abhipraയങ്ങള്‍ പരിഗണിക്കാം

vallithodika said...

വിഭവങ്ങള്‍ ഇനിയും വരട്ടെ.

സദ്‌റുദ്ദീന്‍ വാഴക്കാട്‌ said...

ഗുണകാംക്ഷയുള്ള വിമര്‍ശനം
കെ. എ ജബ്ബാര്‍ അമ്പലപ്പുഴ

'മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയുടെ വേരുകള്‍' (ലക്കം 6) എന്ന സദ്റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം സഹോദര സംഘടനയോടുള്ള ഗുണകാംക്ഷയായി വിലയിരുത്താം. നിലവിലുള്ള ഒരു സംഘടനയും വിമര്‍ശനത്തിനതീതമല്ല. അതംഗീകരിച്ചാല്‍ ഗുണകാംക്ഷയുള്ളതും സൃഷ്ടിപരവുമായ ഏതു വിമര്‍ശനത്തെയും സ്വാഗതം ചെയ്യാനുള്ള വിശാലതയുണ്ടാവുകയും പരസ്പര സഹകരണത്തിനും ഐക്യത്തിനുമുള്ള വഴിയൊരുങ്ങുകയും ചെയ്യും. വിമര്‍ശനങ്ങളെയും മറ്റു സംഘടനകളുടെ പരിപാടികളെയും അസഹിഷ്ണുതയോടെ കാണുകയും ഇസ്ലാമിക സംസ്കൃതിക്ക് അന്യമായ ശൈലി സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ട് അനുയായികളെ ആവേശപ്പെടുത്താനോ അംഗസംഖ്യ വര്‍ധിപ്പിക്കാനോ കഴിഞ്ഞെന്ന് വരാം; പക്ഷേ ഗുണനിലവാരം വളരെ താണുപോയിരിക്കും.


മുജാഹിദുകളുടെ പിളര്‍പ്പിനു ശേഷമുള്ള പരസ്പര പോര്‍ വിളി ഇതിന് തെളിവാണ്. ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണെന്ന് അടിക്കടി കാമ്പയിന്‍ നടത്തുമ്പോഴും സ്വന്തം കര്‍മങ്ങളില്‍ സമാധാനവും സഹിഷ്ണുതയും ഇല്ലാതാകുന്നതിന്റെ വൈരുധ്യം കാണാതെ പോകുന്നു.

ഇസ്ലാമിലെ സാമൂഹികവശത്തിനു ഊന്നല്‍ നല്‍കുന്നതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമിയെ മതരാഷ്ട്രവാദികള്‍ എന്ന മുദ്ര ചാര്‍ത്തി പരിഹസിക്കുന്നവര്‍ തന്നെ പലിശരഹിത ബാങ്കിംഗിനെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. അറബ് വസന്തവും വാള്‍സ്ട്രീറ്റ് പ്രക്ഷോഭവുമൊക്കെ പല ചിന്താ മാറ്റങ്ങള്‍ക്കും കാരണമായേക്കാം. ഒരു സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയോടുള്ള അന്ധമായ വിധേയത്വം കൊണ്ടു മാത്രം ജമാഅത്തിന്റെ നിലപാടുകളെ മുന്‍ പിന്‍ നോക്കാതെ എതിര്‍ക്കേണ്ടിവരുന്ന പതിവു രീതി മാറ്റേണ്ടിയിരിക്കുന്നു. ഏതൊരു സംഘടനയുടെയും അന്തഃഛിദ്രം കൂടിയ അളവില്‍ ശബ്ദമലിനീകരണത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നതോടൊപ്പം നമ്മുടേതുപോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കാനും ഇടവരുത്തും എന്ന യാഥാര്‍ഥ്യം എല്ലാവരും ഓര്‍ക്കുന്നത് നന്ന്.



വി.എം ഷാനവാസ് പെരിങ്ങോട്ടുകര(433റമദാന്‍ 8
2012 ജൂലൈ 28
പുസ്തകം 69 ലക്കം 9
പ്രബോധനം

pkdfyz said...

ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates