Saturday 12 January 2013

മദ്‌ഹബ്‌ നിഷേധം/സലഫിസത്തിന്റെ സമീപനമെന്തു?


ഇസ്‌ലാമിക നിയമസംഹിതയുടെ വികാസ പ്രക്രിയയില്‍ ചരിത്രപരമായി രൂപംകൊണ്ട കര്‍മശാസ്‌ത്ര സരണികളോടും (അല്‍മദാഹിബുല്‍ ഫിഖ്‌ഹിയ്യ), ഗവേഷണാത്മകവും (ഇജ്‌തിഹാദി) ശാഖാപരവും (ഫുറൂഈ) ആയ വിഷയങ്ങളിലെ വീക്ഷണ വൈജാത്യങ്ങളോടും ഏറെക്കുറെ സന്തുലിതമായ സമീപനമാണ്‌ പൗരാണിക സലഫീധാര സ്വീകരിച്ചുവന്നത്‌. ഹമ്പലി സരണിയുടെ സ്വാഭാവികമായ കാര്‍ക്കശ്യം ഉണ്ടായിരുന്നുവെങ്കിലും മദ്‌ഹബുകളുടെ സാധുത അംഗീകരിക്കുകയും ഇമാമുമാരെ ആദരിക്കുകയും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കുകയും ചെയ്‌തവരായിരുന്നു ആദ്യകാലത്തെ സലഫീ നായകന്‍മാര്‍. മദ്‌ഹബുകളെ അവര്‍ നിഷേധിച്ചിരുന്നില്ല. ഹദീസുകളോട്‌ ഏറ്റവും യോജിച്ച വീക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ, ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന കര്‍മശാസ്‌ത്രത്തിലെ മറുവീക്ഷണങ്ങളെ അടച്ചാക്ഷേപിക്കുന്ന ശൈലി പൊതുവെ അവര്‍ക്കില്ലായിരുന്നു. ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍(റ), ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ, ഇബ്‌നുഖയ്യിമുല്‍ജൗസിയ്യ, മുഹമ്മദ്‌ബ്‌നുഅബ്‌ദില്‍ വഹാബ്‌ തുടങ്ങിയ സലഫി ധാരയില്‍ സര്‍വാംഗീകൃതരായ പണ്ഡിതന്മാരെല്ലാം ഈ വിഷയത്തില്‍ മാതൃകാപരമായ നിലപാടുള്ളവരായിരുന്നു. സലഫിധാര പൊതുവെ പ്രാമുഖ്യം നല്‍കിയിരുന്നത്‌ ഹമ്പലി മദ്‌ഹബിനായിരുന്നുതാനും.

എന്നാല്‍, മദ്‌ഹബ്‌ നിഷേധവും വീക്ഷണ വ്യത്യാസങ്ങളോടുള്ള കടുത്ത അസഹിഷ്‌ണുതയും ആധുനിക സലഫിസത്തിലെ ചില പണ്ഡിതന്മാരുടെ സംഭാവനയാണ്‌. പാരമ്പര്യ സലഫീധാരയുടെ ഏറെക്കുറെ സന്തുലിതമായ സമീപനങ്ങളെ പ്രയോഗത്തില്‍ തള്ളിപ്പറഞ്ഞുകൊണ്ടും, മദ്‌ഹബ്‌ നിഷേധപരമായ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടും ചില ആധുനിക സലഫീ പണ്ഡിതന്മാര്‍ പുതിയൊരു സരണി-മദ്‌ഹബ്‌-നിര്‍മിക്കുകയാണ്‌ ചെയ്‌തത്‌. പ്രമാണ വായനയിലും സ്വതന്ത്ര ഇജ്‌തിഹാദിലും അവര്‍ സ്വീകരിച്ച അപക്വമായ സമീപനങ്ങള്‍ മതസംഘടനകള്‍ക്കകത്തും മുസ്‌ലിം പൊതുസമൂഹത്തിലും സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍ ചെറുതല്ല. ലോക സലഫിസത്തിലെത്തന്നെ സമീപകാല ഛിദ്രതക്ക്‌, മറ്റു ഘടകങ്ങളോടൊപ്പം ഇതും കാരണമാകുന്നുണ്ട്‌. ലോക പ്രശസ്‌ത ഹദീസ്‌ പണ്ഡിതന്‍ ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണങ്ങളാണ്‌ ഇതിന്‌ വലിയൊരളവില്‍ ആശയാടിത്തറ ഒരുക്കിയത്‌. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്‍ മുഹമ്മദ്‌ ഈദുല്‍ അബ്ബാസി, ഇറാഖി പണ്ഡിതന്‍ ശൈഖ്‌ സുല്‍ത്വാനുല്‍ അസ്വൂമി, പ്രശസ്‌ത സലഫി നേതാവ്‌ മുഖ്‌ബിലുബ്‌നുഹാദി അല്‍വാദിഈ തുടങ്ങിയവരാണ്‌ ഈ രംഗത്ത്‌ തീവ്രമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിച്ചത്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയുടെയും മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബിന്റെയും ചില കര്‍മശാസ്‌ത്ര നിലപാടുകളെ ഇവര്‍ തള്ളിപ്പറഞ്ഞു. അങ്ങനെ, മദ്‌ഹബ്‌ നിഷേധവും കര്‍മശാസ്‌ത്ര ഭിന്നതകളുടെ നിരാകരണവും മുന്നോട്ടുവെക്കുന്ന പുതിയൊരു ധാര ആധുനിക സലഫിസത്തില്‍ വളര്‍ന്നു വരികയാണുണ്ടായത്‌.

മദ്‌റസകളുടെ സമ്പൂര്‍ണ നിഷേധത്തിനും അന്ധമായ അനുകരണത്തിനും മധ്യേയുള്ള, ആദ്യകാല സലലഫീധാരയുടെ സമീപനത്തെ നമുക്ക്‌ ഇങ്ങനെ സംഗ്രഹിക്കാം.

1. മാലികി, ശാഫിഈ, ഹമ്പലി, ഹനഫി മദ്‌ഹബുകള്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്ത്‌ അംഗീകരിച്ചിട്ടുള്ളവയാണ്‌. അവരുടെ നായകന്‍മാരായി അറിയപ്പെടുന്ന നാലു മഹാപണ്ഡിതന്മാരും സലഫുസ്വാലിഹുകളില്‍-സച്ചരിതരായ പൂര്‍വികര്‍-ഉള്‍പ്പെടുന്നു.
2. മദ്‌ഹബുകളെ പിന്തുടരല്‍ അനുവദനീയമാണ്‌. നിര്‍ബന്ധമല്ല; അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്‌) പാടില്ല.
3. ഖുര്‍ആനിനും പ്രബല ഹദീസുകള്‍ക്കും എതിരായ മദ്‌ഹബുകളിലെ അഭിപ്രായങ്ങള്‍ തള്ളിക്കളയേണ്ടതാണ്‌. അത്‌ ഇമാമുമാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്‌.
4. ഒരു മദ്‌ഹബ്‌ പിന്തുടരുന്ന വ്യക്തിക്ക്‌ ഒരു വിഷയത്തില്‍ തന്റെ മദ്‌ഹബിലുള്ളതിനെക്കാള്‍ ദീനീതാല്‍പര്യത്തോട്‌ ചേര്‍ന്നതും പ്രമാണങ്ങള്‍ക്ക്‌ യോജിച്ചതുമായ അഭിപ്രായം മറ്റൊരു മദ്‌ഹബില്‍ കണ്ടാല്‍ അത്‌ സ്വീകരിക്കാം. `ഒരു മുസ്‌ലിം ഒരു മദ്‌ഹബ്‌ മാത്രം പിന്തുടരുക. മദ്‌ഹബ്‌ മാറാന്‍ പാടില്ല' എന്ന അഭിപ്രായം സ്വീകാര്യമല്ല.
ഈ കാഴ്‌ചപ്പാടുകളില്‍ ചിലതിനെ തള്ളിപ്പറഞ്ഞും മദ്‌ഹബുകളോടും കര്‍മശാസ്‌ത്ര ഭിന്നതകളോടും നിഷേധാത്മക നിലപാടെടുത്തും രംഗത്തുവന്ന ആധുനിക സലഫിസത്തിലെ പണ്ഡിതന്മാരുടെ നിലപാടുകളുടെ രത്‌നചുരുക്കം ഇതാണ്‌.
1. ഇസ്‌ലാമിക നിയമത്തിന്റെ സ്രോതസ്‌ ഖുര്‍ആനും സുന്നത്തുമാണ്‌. അവയില്‍ നിന്ന്‌ നേരിട്ട്‌ വിധികള്‍ മനസിലാക്കണം.
2. മദ്‌ഹബുകള്‍ സ്വീകാര്യമല്ല. മദ്‌ഹബ്‌ പിന്തുടരാന്‍ പാടില്ല. `ഞാന്‍ മാലികി മദ്‌ഹബുകാരനാണ്‌' എന്നിങ്ങനെ മദ്‌ഹബിലേക്ക്‌ ചേര്‍ത്തുപറയുന്നത്‌ തെറ്റാണ്‌.
3. മുസ്‌ലിം സമൂഹത്തിലെ ഭിന്നതകള്‍ക്കും കക്ഷിവഴക്കുകള്‍ക്കുമുള്ള പ്രധാന കാരണം മദ്‌ഹബുകളാണ്‌. മദ്‌ഹബുകളെ തള്ളിക്കളഞ്ഞ്‌ ഖുര്‍ആനും സുന്നത്തും മാത്രം സ്വീകരിച്ചാല്‍ ഭിന്നതകള്‍ ഇല്ലാതാക്കാം.


മദ്‌ഹബുകളെ അംഗീകരിക്കുന്നു


സലഫിധാരയിലെ സര്‍വാംഗീകൃതനായ ഇമാമാണ്‌ അഹ്‌മദ്‌ബ്‌നുഹമ്പല്‍(റ). സവിശേഷമായ ഒരു കര്‍മശാസ്‌ത്ര മദ്‌ഹബിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം എന്നതുതന്നെയാണ്‌ സലഫീധാര മദ്‌ഹബിന്റെ സാധുത അംഗീകരിക്കുന്നു എന്നതിന്റെ ഒന്നാമത്തെ തെളിവ്‌. നാലു ഇമാമുമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഹദീസ്‌ പരിജ്ഞാനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നതിനാല്‍ അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ വീക്ഷണങ്ങളാണ്‌ ഹദീസിനോട്‌ കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നത്‌ എന്ന്‌ പണ്ഡിതന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പ്രമാണങ്ങളുടെ ബാഹ്യാര്‍ഥങ്ങള്‍ക്ക്‌ പ്രാമുഖ്യം കല്‍പിക്കുന്നതാണ്‌ ഹമ്പലി സരണി. അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ ശിഷ്യന്മാരിലെ രണ്ടാം തലമുറയാണ്‌ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ സമാഹരിച്ചത്‌. അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരോ പിന്നീട്‌ സലഫീധാരയില്‍ രംഗത്തുവന്ന ഇബ്‌നുതൈമിയ, ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ, മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ എന്നിവരോ `ഹമ്പലി മദ്‌ഹബി'നെ നിഷേധിച്ചില്ല.
നാലു ഇമാമുമാരില്‍ അവസാന കാലക്കാരനായിരുന്നു അഹ്‌മദ്‌ബ്‌നു ഹമ്പല്‍. തന്റെ മുന്‍ഗാമികളായ മൂന്നു ഇമാമുകളുടെയും കര്‍മശാസ്‌ത്ര സരണികളെ അദ്ദേഹം നിഷേധിച്ചില്ല. അവരുടെ അഭിപ്രായങ്ങളില്‍ ചിലതിനോട്‌ അദ്ദേഹം ശക്തമായി വിയോജിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ കണ്‍മുമ്പിലാണ്‌ ശാഫിഈ, ഹനഫി, മാലികി മദ്‌ഹബുകള്‍ രൂപം കൊണ്ടത്‌. പക്ഷേ, അവയൊന്നും പാടില്ല, മദ്‌ഹബുകള്‍ വിലക്കപ്പെട്ടതാണ്‌ എന്ന്‌ ഒരിക്കലും ഇമാം അഹ്‌മദ്‌(റ) പറയുകയുണ്ടായില്ല. മുന്‍ഗാമികളുടെ അഭിപ്രായങ്ങളിലെ തെറ്റുകള്‍ തിരുത്തുകയും അവരെ അന്ധമായി അനുകരിക്കുന്നത്‌ ശക്തമായി വിലക്കുകയും ചെയ്‌തു അദ്ദേഹം. ``നിങ്ങള്‍ മാലികിനെയോ അബൂഹനീഫയെയോ ശാഫിഈയെയോ അന്ധമായി അനുകരിക്കാന്‍ (തഖ്‌ലീദ്‌) പാടില്ല'' എന്ന്‌ അദ്ദേഹം പ്രസാതാവിക്കുകയുണ്ടായി. എന്നാല്‍ മദ്‌ഹബു തന്നെ വേണ്ട എന്ന നിഷേധാത്മക നയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാത്രമല്ല, മറ്റു മദ്‌ഹബുകളുടെ ഇമാമുമാരെ ആദരിക്കാനും ബഹുമാനിക്കാനും ഇമാം അഹ്‌മദ്‌ ശ്രദ്ധിച്ചിരുന്നു. ഇമാം അഹ്‌മദ്‌(റ) ഒരിക്കല്‍ തന്റെ മകനോട്‌ പറഞ്ഞു: ``ശാഫിഈക്ക്‌ വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവും കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍ നിര്‍വഹിച്ചിട്ടില്ല.'' മകന്റെ ചോദ്യം: ``ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രം ആരായിരുന്നു ശാഫിഈ?'' അദ്ദേഹം ഭൂമിക്ക്‌ സൂര്യനെപ്പോലെയാണ്‌, ജനങ്ങള്‍ക്ക്‌ ഐശ്വര്യമാണ്‌. പിന്‍മുറക്കാരില്‍ ഇത്‌ കാണുന്നുണ്ടോ എന്ന്‌ നീ നിരീക്ഷിക്കുക'' (ഇഹ്‌യാ ഉലൂമുദ്ദീന്‍ 1/45).

മദ്‌ഹബുകള്‍ മുസ്‌ലിം സമൂഹത്തിലെ കക്ഷിവഴക്കുകള്‍ക്കും കാരണമാകാമെന്ന വീക്ഷണക്കാരനായിരുന്നു അഹ്‌മദ്‌ബ്‌ന്‍ ഹമ്പലെങ്കില്‍, `ഭിന്നിപ്പുണ്ടാക്കുന്നവന്‍' എന്ന വിശേഷണമായിരുന്നില്ലേ ഇമാം ശാഫിഈക്ക്‌ അദ്ദേഹം നല്‍കേണ്ടിയിരുന്നത്‌! ഏക മദ്‌ഹബിന്റെ വക്താവായിരുന്നു ഇമാം അഹ്‌മദ്‌(റ) എങ്കില്‍ മറ്റു കര്‍മശാസ്‌ത്ര വീക്ഷണങ്ങളെയെല്ലാം ഉപേക്ഷിച്ച്‌ മുസ്‌ലിംകള്‍ എല്ലാവരും തന്റെ വീക്ഷണത്തിലേക്ക്‌ വരണം എന്നല്ലേ അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത്‌! ഇമാം അഹ്‌മദി(റ)ന്റെ ശിഷ്യന്മാരാകട്ടെ ഹമ്പലി മദ്‌ഹബുകാര്‍ എന്ന്‌ അറിയപ്പെടുകയും മദ്‌ഹബ്‌ പിന്തുടരുകയും ചെയ്‌തുവന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയയും മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതര്‍ അവരില്‍ ഉള്‍പ്പെടുന്നു.

പ്രമുഖ സലഫീ പണ്ഡിതന്‍ ഡോ. അബ്‌ദുര്‍റഹ്‌മാനുബ്‌നു അബ്‌ദുല്ല അല്‍ ജബ്‌രീന്‍ എഴുതുന്നു: ``ഹമ്പലി മദ്‌ഹബുകാര്‍ ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിനെക്കുറിച്ച്‌ അഭിമാനിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മദ്‌ഹബിന്റെ നിലപാടായി അവതരിപ്പിക്കുകയും ചെയ്‌തുവന്നു. അപ്പോള്‍ അതൊരു മദ്‌ഹബാണ്‌. അദ്ദേഹം ആ മദ്‌ഹബിന്റെ ഇമാമും. വിവിധ നിവേദനങ്ങളില്‍ നിന്ന്‌ തങ്ങളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച്‌ പണ്ഡിതരായ അഹ്‌മദിന്റെ ശിഷ്യന്മാര്‍ അഭിപ്രായങ്ങള്‍ തെരഞ്ഞെടുത്തു. ആ പണ്ഡിതരെ മദ്‌ഹബിന്റെ നേതാക്കളായി കണ്ടു. പിന്നീട്‌ രംഗത്തുവന്ന ചിലര്‍, അടിസ്ഥാനങ്ങളില്‍ ഇമാം അഹ്‌മദിന്റെ നിലപാടുകള്‍ പിന്തുടരുകയും ശാഖാ പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ നിന്ന്‌ പുറത്തുവരികയും ചെയ്‌തു. ശാഖാ പ്രശ്‌നങ്ങളില്‍ അങ്ങനെ ചെയ്‌തതുകൊണ്ട്‌ അവര്‍ ഹമ്പലീ മദ്‌ഹബിനു പുറത്തുപോയവരായി ഗണിക്കപ്പെട്ടിട്ടില്ല. `ഹമ്പലികള്‍' എന്നുതന്നെയാണവര്‍ വിശേഷിപ്പിക്കപ്പെട്ടത്‌. മറ്റുചിലര്‍ ശാഖാപരമായ ചില വിഷയങ്ങളില്‍ മാത്രം ഇമാമിനെയും മുന്‍ഗാമികളായ അനുയായികളെയും പിന്തുടര്‍ന്നു. ശാഖാപരമായ മറ്റു ചില വിഷയങ്ങളില്‍ മറ്റൊരു നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. അവരും ഹമ്പലി മദ്‌ഹബുകാരായിത്തന്നെ അറിയപ്പെട്ടു. എന്നാല്‍, ഈ രണ്ടാം വിഭാഗം തങ്ങള്‍ ഹമ്പലി മദ്‌ഹബുകാരാണെന്ന്‌ വ്യക്തമായി പ്രഖ്യാപിക്കുകയുണ്ടായില്ല. ശാഖാപരമായ ഒട്ടനവധി വിഷയങ്ങളില്‍ അന്ന്‌ അഹമ്മദ്‌ബ്‌നുഹമ്പലിനോട്‌ വിയോജിച്ചവരും ഹമ്പലി മദ്‌ഹബ്‌കാരിലുണ്ടായിരുന്നു. ഇവരെല്ലാം ഹമ്പലി മദ്‌ഹബുകാരായിരുന്നുവെന്നതില്‍ നിന്ന്‌ നമുക്ക്‌ മനസിലാക്കാന്‍ കഴിയുന്നത്‌ ഇതാണ്‌; ഹമ്പലി മദ്‌ഹബിന്റെ വിധികള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്‌തതിനാല്‍ അവര്‍ക്കൊക്കെ മദ്‌ഹബിനോട്‌ ഒരു ആഭിമുഖ്യം ഉണ്ടായിരുന്നു. ഇബ്‌നുല്‍ ഖയ്യിമുല്‍ ജൗസിയ്യ പറയുകയുണ്ടായി: ``അഹ്‌മദിന്റെ അനുയായികളിലെ മുജ്‌തഹിദുകള്‍, അദ്ദേഹത്തെ തഖ്‌ലീദ്‌ ചെയ്‌തിരുന്നില്ല; തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പിന്തുടരുക (ഇത്തിബ്‌റാഅ്‌) ആയിരുന്നു. രണ്ട്‌ നിവേദനങ്ങള്‍ ഇമാമില്‍ നിന്ന്‌ കിട്ടിയാല്‍ അവയിലൊന്നാണ്‌ അവര്‍ സ്വീകരിച്ചിരുന്നത്‌. മദ്‌ഹബില്‍ അടിസ്ഥാനമില്ലാത്തതും ചിലപ്പോള്‍ അവര്‍ സ്വീകരിക്കുമായിരുന്നു; തെളിവുകളെ പിന്‍പറ്റിക്കൊണ്ടാണത്‌. എന്നാല്‍ അവര്‍ ഹമ്പലി മദ്‌ഹബുകാരായത്‌, പൊതുവെ ഇമാം അഹ്‌മദിന്റെ വീക്ഷണങ്ങള്‍ പിന്തുടര്‍ന്നതുകൊണ്ടാണ്‌'' (അല്‍മദ്‌ഖല്‍ ലിഇബ്‌നിബദ്‌റാന്‍-39). ``ഞാന്‍ പറയുന്നു, ഇതാണ്‌ ശരിയായ നിലപാട്‌. ഇബ്‌നുഹാമിദ്‌, അബൂയഅ്‌ലാ, അബുല്‍ഖത്വാബ്‌, ഇബ്‌നുതൈമിയ്യ തുടങ്ങിയ ഹമ്പലി പണ്ഡിതന്മാര്‍ തഖ്‌ലീദ്‌ ചെയ്യുന്നവരായിരുന്നില്ല.'' (അത്തമദ്‌ഹബു ദിറാസത്തുന്‍ തഅ്‌സ്വീലിയ്യ വാഖിഇയ്യ, അബ്‌ദുര്‍റഹ്‌മാനുബ്‌നു അബ്‌ദുല്ലജബ്‌രീന്‍-മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ, ലക്കം: 86, പേജ്‌: 155-156).

ശാഖാപരമായ വിഷയങ്ങളില്‍ ശിഷ്യന്മാരില്‍ പ്രമുഖന്‍ ഇമാം അഹ്‌മദിനെ തഖ്‌ലീദ്‌ ചെയ്‌തിരുന്നില്ല എന്നതില്‍ നിന്നു മനസിലാകുന്നത്‌ മദ്‌ഹബുകളെ നിഷേധിക്കുകയല്ല, കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ മദ്‌ഹബിനകത്തുതന്നെ വീക്ഷണവ്യത്യാസങ്ങള്‍ക്ക്‌ ഇടം നല്‍കുകയാണ്‌ ചെയ്‌തിരുന്നത്‌ എന്നാണ്‌. ഇതാണ്‌ യഥാര്‍ഥ സലഫി പാരമ്പര്യം.

ഇബ്‌നുതൈമിയയുടെ നിലപാട്‌

സലഫീധാരയിലെ അദ്വിതീയനായ പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും മദ്‌ഹബ്‌ നിഷേധിയായിരുന്നില്ല. മദ്‌ഹബുകളെ അന്ധമായി അനുകരിക്കുന്നതിനെ (തഖ്‌ലീദ്‌) ശക്തമായി എതിര്‍ത്ത ഇബ്‌നുതൈമിയ്യ പൊതുവെ ഹമ്പലീ സരണി പിന്തുടര്‍ന്ന മജ്‌തഹിദായിരുന്നു. തഖ്‌ലീദിനെയും പക്ഷപാതിത്വത്തെയും കക്ഷിവഴിക്കുകളെയും എതിര്‍ത്ത അദ്ദേഹം മദ്‌ഹബുകളിലെ പ്രമാണവിരുദ്ധമായ വീക്ഷണങ്ങള്‍ കൈയൊഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്‌ഹബ്‌ വിരോധം അദ്ദേഹത്തിന്റെ അജണ്ടയായിരുന്നില്ല ആധുനിക സലഫി പണ്ഡിതരില്‍ ചിലരെപ്പോലെ, മദ്‌ഹബുകളാണ്‌ സമുദായത്തിലെ ഭിന്നതക്കും കുഴപ്പത്തിനും എന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതായി കണ്ടിട്ടുമില്ല. മദ്‌ഹബ്‌ പക്ഷപാതിത്വം ഇന്നത്തേതിനെക്കാള്‍ അനേകമിരട്ടി ശക്തിയില്‍ നിലനിന്ന കാലത്ത്‌ ജീവിച്ച സലഫീ പണ്ഡിതനെന്ന നിലക്ക്‌ അദ്ദേഹമായിരുന്നു അത്തരമൊരു നിലപാടെടുക്കേണ്ടിയിരുന്നത്‌. മറിച്ച്‌, മദ്‌ഹബുകള്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ്‌ അദ്ദേഹം നവോത്ഥാന ദൗത്യം നിര്‍വഹിച്ചത്‌. മദ്‌ഹബിന്റെ ഇമാമുമാരെ ഏറെ ആദരിക്കുകയും അവരുടെ വീക്ഷണങ്ങള്‍ തന്റെ കൃതികളില്‍ പലയിടത്തും ഉദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട അദ്ദേഹം. മദ്‌ഹബ്‌ പുന്തുടരല്‍ നിര്‍ബന്ധമാണെന്ന വാദത്തെ എതിര്‍ക്കുകയും, അത്‌ അനുവദനീയമാണെന്ന്‌ പ്രഖ്യാപിക്കുകയുമാണ്‌ ഇബ്‌നുതൈമിയ ചെയ്‌തത്‌.

1. ``ഏതെങ്കിലും ഒരു പണ്ഡിതന്റെ അഭിപ്രായത്തെ തഖ്‌ലീദ്‌ ചെയ്യല്‍ മുസ്‌ലിംകളില്‍ ഒരാള്‍ക്കും നിര്‍ബന്ധം (വാജിബ്‌) അല്ല.... ദീനിന്റെ വിധികള്‍ അറിയാന്‍ കഴിയാത്തവര്‍ക്ക്‌ ഒരു മദ്‌ഹബിനെ പിന്തുടരല്‍ (ഇത്തിബാഅ്‌) അനുവദനീയമാണ്‌; എല്ലാ ഓരോരുത്തര്‍ക്കും അത്‌ നിര്‍ബന്ധമല്ല'' (മജ്‌മൂഉല്‍ ഫതാവാ-20/209).
2. ``ജനങ്ങളില്‍ അധികപേരും ഒരു മദ്‌ഹബിനെയോ, മതത്തെയോ പിന്തുടരുന്നത്‌ അവര്‍ക്ക്‌ കിട്ടിയ ഒരു വിധിയുടെ (ഹുക്‌മ്‌) അടിസ്ഥാനത്തിലാണ്‌. പിതാവിന്റെയോ, നേതാവിന്റെയോ നാട്ടുകാരുടെയോ ദീനിലാണ്‌ മനുഷ്യന്‍ വളര്‍ന്നുവരിക. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കാനുള്ള വഴി അവന്‍ അന്വേഷിക്കണം. അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധികള്‍ അറിയാന്‍ കഴിയാത്തവന്‍ ഒരു ദീനീപണ്ഡിതനെ പിന്തുടരാം. മറ്റൊരു പണ്ഡിതന്റെ അഭിപ്രായം ഇതിനെക്കാള്‍ ഉത്തമമാണോ എന്നവന്‌ വ്യക്തമായി അറിയാനാകില്ല. അങ്ങനെ ചെയ്യുന്നത്‌ പ്രശംസാര്‍ഹമാണ്‌. അവന്‍ പ്രതിഫലാര്‍ഹനും. അങ്ങനെ ഒരു പണ്ഡിതനെ പിന്തുടരുന്നത്‌ ആക്ഷേപകരമോ ശിക്ഷാര്‍ഹമോ അല്ല'' (അതേ പുസ്‌തകം: 20/224, 225).
3. ഇബ്‌നുഹുബൈറയെ ഉദ്ധരിച്ചുകൊണ്ട്‌ ഇബ്‌നുതൈമിയ പറയുന്നുണ്ട്‌: ``ഈ മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ സ്വീകരിക്കല്‍ അനുവദനീയമാണ്‌'' (Ibid-20/292).
4. ഒരു മദ്‌ഹബ്‌ പിന്തുടരുന്നവന്‌ ഭൗതിക താല്‍പര്യങ്ങളില്ലാതെ കൂടുതല്‍ ഉത്തമമായ ദീനീപാത പിന്തുടരുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു മദ്‌ഹബിലെ അഭിപ്രായം സ്വീകരിക്കുന്നത്‌ അനുവദനീയമാണെന്നും അതാണ്‌ വേണ്ടതെന്നും ഇബ്‌നുതൈമിയ വ്യക്തമാക്കിയിട്ടുണ്ട്‌. ``ദീനിയല്ലാത്ത ഒരു ലക്ഷ്യത്തിനുവേണ്ടി മദ്‌ഹബ്‌ പിന്തുടരുന്നതും അതുപേക്ഷിക്കുന്നതും ആക്ഷേപകരമാണ്‌... എന്നാല്‍ ഒരു മദ്‌ഹബില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ മാറുന്നത്‌ ദീനിയായ ലക്ഷ്യത്തോടെയാണെങ്കില്‍ അത്‌ പ്രതിഫലാര്‍ഹമാണ്‌. മാത്രമല്ല അത്‌ നിര്‍ബന്ധം തന്നെയാണ്‌. ഒരു വിഷയത്തില്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധി വ്യക്തമായിക്കഴിഞ്ഞാല്‍ അതില്‍നിന്ന്‌ മാറി പോകാവതല്ല'' (മജ്‌മൂഉല്‍ ഫതാവാ: 20/220-223).

മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബിന്റെ മദ്‌ഹബ്‌

സലഫി പ്രസ്ഥാനത്തിന്റെ നെടുനായകനും സലഫീ ആശയങ്ങള്‍ പ്രയോഗവത്‌ക്കരിക്കുന്നതില്‍ വലിയ അളവില്‍ വിജയിച്ച വ്യക്തിയുമാണ്‌ ശൈഖ്‌ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌. അന്ധവിശ്വാസ-അനാചാരങ്ങളോട്‌ കടുത്ത എതിര്‍പ്പു പുലര്‍ത്തിയ അദ്ദേഹം പ്രതിയോഗികലില്‍നിന്ന്‌ ധാരാളം പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. അതിലൊന്ന്‌; `മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ മദ്‌ഹബ്‌ നിഷേധിയാണ്‌' എന്നതത്രെ! വിമര്‍ശകരുടെ പ്രചാരണം നിമിത്തം അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കുന്നവരില്‍ ചിലര്‍ അദ്ദേഹം മദ്‌ഹബ്‌ വിരോധിയാണെന്ന്‌ തെറ്റിദ്ധരിച്ചിട്ടുണ്ട്‌.
യഥാര്‍ഥത്തില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ മദ്‌ഹബ്‌ സ്വീകരിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. ഇമാം അഹ്‌മദ്‌ബിന്‍ ഹമ്പലിനെ പിന്തുടര്‍ന്നിരുന്ന അദ്ദേഹം താന്‍ ഹമ്പലി മദ്‌ഹബുകാരനാണെന്ന്‌ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. മദ്‌ഹബ്‌ നിഷേധികളായ ആധുനിക സലഫികള്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണിപ്പോള്‍ (ഇഅ്‌ലാമുല്‍ അജ്‌യാല്‍ ബികലാമില്‍ ഇമാമില്‍ വാദിഈ പേജ്‌-79, ദാറുല്‍ ആസാര്‍, സ്വന്‍ആഅ്‌, 2008).

മദ്‌ഹബുകളോടുള്ള തന്റെ സമീപനം മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ വ്യക്തമാക്കുന്നതു കാണുക: ``ശാഖാപരമായ വിഷയങ്ങളില്‍ ഞാന്‍ പിന്തുടരുന്നത്‌ ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ മദ്‌ഹബാണ്‌. അദ്ദേഹം അഹ്‌ലുസുന്നത്തിന്റെ ഇമാം ആണ്‌. ഇജ്‌തിഹാദ്‌ ചെയ്യുന്നവനാണ്‌ ഞാനെന്ന്‌ വാദിക്കുന്നില്ല. പ്രവാചകന്റെ ഒരു ചര്യ നമുക്ക്‌ വ്യക്തമായി ബോധ്യപ്പെട്ടാല്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഒരാളുടെ അഭിപ്രായത്തിന്‌, പ്രവാചക ചര്യയെക്കാള്‍ ഞാന്‍ മുന്‍ഗണന നല്‍കുകയില്ല'' (അല്‍ഹാദിയ്യത്തുസുന്നിയ്യ-പേജ്‌: 99). ആലൂസി ഉദ്ധരിക്കുന്നു: ``ശാഖാപരമായ വിഷയങ്ങളില്‍ ഇമാം അഹ്‌മദ്‌ബ്‌നുഹമ്പലിനെയാണ്‌ ഞാന്‍ പിന്തുടരുന്നത്‌. നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിച്ച ആരെയും ഞാന്‍ ആക്ഷേപിക്കുകയില്ല. നിരുപാധിക ഗവേഷണത്തിന്‌ (അല്‍ ഇജ്‌തിഹാദുല്‍ മുത്വ്‌ലഖ്‌) ഞാന്‍ അര്‍ഹനല്ല. അപ്രകാരം വാദിക്കുന്ന ആരും നമ്മുടെ കൂടെയില്ല. എന്നാല്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ വ്യക്തവും ദുര്‍ബലമല്ലാത്തതുമായ ഒരു പ്രമാണം ലഭിക്കുകയും അതിനെക്കാള്‍ ശക്തമായ മറ്റൊരു തെളിവും ഇല്ലാതിരിക്കുകയും ചെയ്‌താല്‍, നാലില്‍ ഒരു ഇമാം അതനുസരിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അത്‌ സ്വീകരിക്കും. മദ്‌ഹബിലെ അഭിപ്രായം ഉപേക്ഷിക്കും. പിതൃവ്യന്റെയും സഹോദരങ്ങളുടെയും അനന്തരാവകാശം ഉദാഹരണം. പിതൃവ്യനാണ്‌ ഞാന്‍ മുന്‍ഗണന നല്‍കുന്നത്‌; അത്‌ ഹമ്പലി മദ്‌ഹബിന്‌ എതിരാണെങ്കിലും (താരീഖുനജ്‌ദ്‌-ആലൂസി, പേജ്‌: 46, 54, സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ്‌-471).

ഈ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌, ഉസ്‌താദ്‌ മസ്‌ഊദ്‌ നദ്‌വി എഴുതുന്നു: ``ശാഖാപരമായ പ്രശ്‌നങ്ങളില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദുല്‍ വഹാബ്‌ ഹമ്പലി മദ്‌ഹബുകാരനായിരുന്നു. എന്നാല്‍, തന്റെ സരണി പിന്തുടരാന്‍ അദ്ദേഹം ഒരാളെയും നിര്‍ബന്ധിക്കാറുണ്ടായിരുന്നില്ല. ശാഫിഈ മദ്‌ഹബുകാരനോട്‌ ശാഫിഈ മദ്‌ഹബ്‌ അംഗീകരിച്ച്‌ മുന്നോട്ടു പോകാനും ഹനഫിയോട്‌ ഹനഫി മദ്‌ഹബ്‌ പിന്തുടരാനുമാണ്‌ അദ്ദേഹം പറഞ്ഞിരുന്നത്‌. എന്നാല്‍ അന്ധമായ അനുകരണവും ബിദ്‌അത്തുകളും ഒരു ഇമാമും അംഗീകരിച്ചിരുന്നില്ല...
``മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ ചില സന്ദര്‍ഭങ്ങളില്‍ ഇമാം ഇബ്‌നു തൈമിയ്യ, ഇമാം ഇബ്‌നു ഖയ്യിം തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്‌. എന്നാല്‍ ഒരാളെയും അദ്ദേഹം അന്ധമായി അനുകരിക്കാറില്ല. ഖുര്‍ആനും ഹദീസുമായി യോജിക്കുന്ന വിഷയത്തില്‍ മാത്രമാണ്‌ അദ്ദേഹം ഇരുവരെയും പിന്തുടരാറുള്ളത്‌'' (മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌. മുസ്വ്‌ലിഹുന്‍ മള്‌ലൂമുന്‍ വമുഫ്‌തറാ അലൈഹി, പേജ്‌: 148, 149, വിസാറത്തുത്തഅ്‌ലീമില്‍ ആം, സുഊദി അറേബ്യ, 1984).

സുഊദി അറേബ്യ, ഖസ്വീമിലെ രാജാവിന്‌ അയച്ച കത്തില്‍, താന്‍ മദ്‌ഹബ്‌ നിഷേധിയാണെന്ന തല്‍പരകക്ഷികളുടെ വിമര്‍ശനത്തെ നിഷേധിക്കുന്നുണ്ട്‌ (.................) മുഹമ്മദ്‌ബിന്‍ അബ്‌ദുല്‍ വഹാബിന്റെ അനുയായികളില്‍ ചിലര്‍ പിന്നീട്‌ അന്ധമായ മദ്‌ഹബ്‌ പക്ഷപാതിത്വവും മറുവീക്ഷണക്കാരോട്‌ അസഹിഷ്‌ണുതയും പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. ഒരു പക്ഷേ, എല്ലാ മദ്‌ഹബിന്റെ അനുയായികളിലും പില്‍ക്കാലത്ത്‌ പക്ഷപാതിത്വമുള്ളവരും അസഹിഷ്‌ണുക്കളും ഉണ്ടായിട്ടുണ്ട്‌. മുഹമ്മദ്‌ബ്‌ന്‍ അബ്‌ദുല്‍ വഹാബിന്റെ പിന്തുണയോടെ സുഊദ്‌ കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട സുഊദി അറേബ്യ പൊതുവെ പിന്തുടരുന്നത്‌ ഹമ്പലീ മദ്‌ഹബാണ്‌. സുഊദിയിലെ ഗ്രാന്റ്‌ മുഫ്‌തിയും ലോകപ്രശസ്‌ത സലഫിപണ്ഡിതനുമായിരുന്ന ശൈഖ്‌ ഇബ്‌നുബാസും സ്വാലിഹുല്‍ ഉസൈമീനും ഉള്‍പ്പെടെയുള്ള പ്രമുഖ സലഫീ പണ്ഡിതന്മാരൊന്നും ഇതിനെ എതിര്‍ക്കുകയോ മദ്‌ഹബ്‌ നിഷേധവാദം ഉന്നയിക്കുകയോ ചെയ്‌തതായി അറിയില്ല. ഏറെക്കുറെ സന്തുലിതമായ പാരമ്പര്യ സലഫീ കാഴ്‌ചപ്പാടുതന്നെയാണ്‌ അവര്‍ പൊതുവെ പിന്തുടര്‍ന്നുവന്നത്‌.

യഥാര്‍ഥത്തില്‍ മദ്‌ഹബ്‌ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന്‌ നിലപാടുകളാണ്‌ മുസ്‌ലിം ലോകത്തുള്ളത്‌. ഒന്ന്‌, നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്‌. മദ്‌ഹബ്‌ ഇല്ലാത്തവന്റെ ദീന്‍ പൂര്‍ണമാകില്ല. ഒരു മദ്‌ഹബ്‌ സ്വീകരിച്ചവന്‍ എല്ലാ കാര്യങ്ങളിലും അതനുസരിച്ചുതന്നെ പ്രവര്‍ത്തിക്കണം. ചില വിഷയങ്ങളില്‍ മദ്‌ഹബ്‌ മാറാന്‍ പാടില്ല. രണ്ട്‌; മദ്‌ഹബുകള്‍ സ്വീകരിക്കല്‍ അനുവദനീയമാണ്‌; നിര്‍ബന്ധമില്ല. ത്‌ഖ്‌ലീദ്‌ പാടില്ല. മദ്‌ഹബ്‌ സ്വീകരിക്കാത്തവനെ ആക്ഷേപിക്കരുത്‌. മൂന്ന്‌: മദ്‌ഹബുകളെ പിന്തുടരാന്‍ പാടില്ല. മദ്‌ഹബുകളാണ്‌ ഭിന്നതക്ക്‌ കാരണം ഖുര്‍ആനില്‍ നിന്നും ഹീദിസില്‍ നിന്നുമാണ്‌ ദീനീവിധികള്‍ സ്വീകരിക്കേണ്ടത്‌. ഇതില്‍ രണ്ടാമത്തെ നിലപാടാണ്‌ സന്തുലിതം. ഇതായിരുന്നു സലഫീ പണ്ഡിതരില്‍ ഭൂമിപക്ഷവും ഇസ്‌ലാമിസ്റ്റുധാരയും സ്വീകരിച്ചിരുന്നത്‌. പ്രമുഖ സലഫിപണ്ഡിതന്‍ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ബ്‌നുഅബ്‌ദുല്ല ജബ്‌രീന്‍ എഴുതുന്നു: ``രണ്ടു ആത്യന്തിക വിഭാഗങ്ങള്‍ക്കിടയില്‍ മധ്യമനിലപാടുള്ള മറ്റൊരു വിഭാഗമുണ്ട്‌. മദ്‌ഹബുകളെ പിന്തുടരുന്നവര്‍ സത്യത്തിലും നന്മയിലുമാണ്‌ നിലകൊള്ളുന്നത്‌, മദ്‌ഹബുകള്‍ ഉപേക്ഷിച്ച്‌ ശരീഅത്തിലെ പരിധികള്‍ക്കകത്ത്‌ സ്വതന്ത്ര വഴി തെരഞ്ഞെടുത്തവരും സത്യത്തിലും നന്മയിലുമാണ്‌ ഇതാണവരുടെ നിലപാട്‌. മുന്‍ഗാമികളായ പണ്ഡിതന്മാരാണ്‌ അവര്‍ക്ക്‌ മാതൃക. വിശേഷിച്ച്‌ ഇബ്‌നുതൈമിയ, ഇബ്‌നുഖയ്യിം, ഇസ്സുബ്‌നുഅബ്‌ദിസലാം, ഇബ്‌നുദഖീഖില്‍ ഈദ്‌ തുടങ്ങിയവര്‍ വര്‍ത്തമാന കാലത്ത്‌ ഇസ്വ്‌ലാഹി പ്രബോധന മേഖലയെ പ്രതിനിധീകരിക്കുന്നത്‌ ഈ വിഭാഗമാണ്‌. ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റികളിലെയും വിദ്യാലയങ്ങളിലെയും ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും ഈ നിലപാടുള്ളവരാണ്‌. മദ്‌ഹബുകളെ തള്ളിക്കളയാതെ തന്നെ, പക്ഷപാതിത്വം ഉപേക്ഷിച്ചുകൊണ്ടാണവര്‍ മുന്നോട്ടുപോകുന്നത്‌'' (മജല്ലത്തുല്‍ബുഹൂസില്‍ ഇസ്‌ലാമിയ്യ, ലക്കം: 86, ഹി-1429 ദുല്‍ഹജ്ജ്‌, പേജ്‌: 164).

2
മദ്‌ഹബ്‌ നിഷേധ പ്രവണതകള്‍
മദ്‌ഹബുകള്‍ പിന്തുടരുന്നത്‌ വിലക്കുകയും ഖുര്‍ആനിലും ഹദീസിലും ഗവേഷണം നടത്തി ദീനീവിധികള്‍ നേരിട്ട്‌ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യുന്ന മദ്‌ഹബ്‌ നിഷേധവാദം സമീപകാലത്ത്‌ സലഫീ ലോകത്ത്‌ ഉയര്‍ന്നുവരികയുണ്ടായി. ഹദീസുകള്‍ക്ക്‌ അമിത പ്രാധാന്യം നല്‍കുകയും, ടെക്‌സ്റ്റിന്റെ വ്യാഖ്യാനസാധ്യതകളെ നിരാകരിക്കുകയും അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരിക്കുകയും ചെയ്‌ത പഴയ `അഹ്‌ലുല്‍ ഹദീസി'ന്റെ പിന്തുടര്‍ച്ചയെന്നോണമാണ്‌ ഈ വാദക്കാര്‍ രംഗപ്രവേശം ചെയ്‌തത്‌. ടെക്‌സ്റ്റുകളോട്‌ ഒരുതരം `ആരാധനാ ഭാവം' പുലര്‍ത്തുകയും പ്രമാണവായനയില്‍ അനഭിലഷണീയമായ പ്രവണതകള്‍ സൃഷ്‌ടിക്കുകയും ചെയ്‌തുകൊണ്ടാണ്‌ `മദ്‌ഹബ്‌ ഇല്ലാവാദം' മുന്നോട്ടുപോകുന്നത്‌. കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും ഈ വാദത്തിന്റെ സ്വാധീനം പ്രകടമാണ്‌.

ആദരണീയനായ പണ്ഡിതനും ആധുനിക കാലത്തെ മുഹദ്ദിസുമായ ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ ചിന്തകളാണ്‌ ഇതിന്‌ ആശയ പരിസരമൊരുക്കിയത്‌. ഹദീസ്‌ വിജ്ഞാന മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ഹദീസുകളുടെ ബലാബലം പരിശോധിക്കുന്നതില്‍ പുതിയ രീതികള്‍ ആവിഷ്‌കരിച്ചു. സ്വഹീഹും ദുര്‍ബലമായ ഹദീസുകള്‍ വേര്‍തിരിച്ച്‌ സമാഹരിച്ച അദ്ദേഹം സ്വഹീഹായ ഹദീസുകള്‍ മാത്രം പിന്തുടരേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ഈ വിഷയത്തില്‍ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ക്ക്‌ സ്വാഭാവികമായ ചില അനന്തരഫലങ്ങളുണ്ടായിരുന്നു. അല്‍ബാനിയുടെ കാഴ്‌ചപ്പാടനുസരിച്ച്‌ സ്വഹീഹായ ഹദീസുകള്‍ മാത്രം സ്വീകരിക്കപ്പെടുകയും അതിനപ്പുറമുള്ള എല്ലാം നിരാകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. മദ്‌ഹബുകള്‍ നിശിതമായി വിചാരണ ചെയ്യപ്പെടുക മാത്രമല്ല, മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യുന്നതിനെതിരായ പ്രചാരണങ്ങള്‍ മദ്‌ഹബ്‌ ഇല്ലാ വാദത്തിലേക്ക്‌ വളരാനും തുടങ്ങി. മദ്‌ഹബുകളെ അന്ധമായി പിന്തുടരുകയെന്ന ആത്യന്തിക വാദത്തിന്റെ നേര്‍വിപരീത ദിശയില്‍ മദ്‌ഹബുകളെ നിഷേധിക്കുന്ന തീവ്രവാദമായി ഇത്‌ മാറുകയാണുണ്ടായത്‌.
സുഊദി അറേബ്യയിലെ സലഫി പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന `ഉന്നത പണ്ഡിതസഭ' പ്രസിദ്ധീകരിക്കുന്ന മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യയില്‍, പ്രമുഖ പണ്ഡിതന്‍ അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്ലഅല്‍ ജബ്‌രീന്‍ എഴുതുന്നു: ``അഹ്‌ലുല്‍ ഹദീസില്‍ പെട്ട ചിലര്‍, മദ്‌ഹബുകളെ നിരാകരിക്കാനും ജനങ്ങളെ ഖുര്‍ആനിലേക്കും തിരിച്ചുകൊണ്ടുപോകാനും ആഗ്രഹിക്കുന്നു. ഒറ്റയടിക്ക്‌ ഇത്‌ നടപ്പിലാക്കണം എന്നല്ല അവര്‍ ആവശ്യപ്പെടുന്നത്‌. പക്ഷപാതിത്വങ്ങളില്‍ നിന്ന്‌ മുക്തമായി മദ്‌ഹബുകള്‍ വഴി ഫിഖ്‌ഹ്‌ പഠിക്കാനും പിന്നീട്‌ എല്ലാ മദ്‌ഹബുകളെയും ഏകീകരിക്കാനും അതിലെ തിന്മകള്‍ ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നതാണവരുടെ രീതി. ശേഷം ജനങ്ങള്‍ ഖുര്‍ആനിനെയും സുന്നത്തിനെയും നേരിട്ട്‌ അവലംബിക്കണം. എന്നാല്‍ അവരില്‍ ചിലര്‍ സംവാദങ്ങളുടെ പ്രക്ഷുബ്‌ധാവസ്ഥയില്‍ ഘട്ടംഘട്ടമായുള്ള മദ്‌ഹബ്‌ കൈയൊഴിക്കല്‍ പ്രക്രിയ മറന്നുപോകുന്നു. മദ്‌ഹബുകളെ മൊത്തത്തില്‍ ആക്രമിക്കുകയും ചെയ്യുന്നു. മദ്‌ഹബില്ലാവാദക്കാരിലെ പ്രമുഖന്‍ അല്ലാമാ നാസ്വിറുദ്ദീന്‍ അല്‍ബാനിയാണ്‌. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും രംഗത്തുണ്ട്‌. അവര്‍ ചില പുസ്‌തകങ്ങളും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌'' (മജല്ല: 86/158, 166).

ശൈഖ്‌ അല്‍ബാനിയുടെ പ്രമുഖ ശിഷ്യനും സന്തതസഹചാരിയുമായ മുഹമ്മദ്‌ ഈദ്‌ അബ്ബാസിയുടെ `അല്‍ മദ്‌ഹബിയ്യത്തുല്‍ മുതഅസ്വിബ ഹിയല്‍ ബിദ്‌അ' എന്ന ഗ്രന്ഥമാണ്‌ ഈ വാദം ശക്തിയായി അവതരിപ്പിച്ചത്‌. `മദ്‌ഹബീ പക്ഷപാതിത്വം, മുസ്‌ലിം അധഃപതനത്തിലും ചിന്താമുരടിപ്പിലും ചെലുത്തിയ അപകടകരമായ സ്വാധീനത്തിനെതിരെ'യാണ്‌ പുസ്‌തകമെങ്കിലും ഫലത്തില്‍ മദ്‌ഹബില്ലാ വാദമാണത്‌ മുന്നോട്ടു വെച്ചത്‌. `മദ്‌ഹബില്ലാ വാദം; ഇസ്‌ലാമിക ശരീഅത്തിനെതിരിലുള്ള അപകടകരമായ ബിദ്‌അത്ത്‌' എന്ന ഡോ. സഈദ്‌ റമദാന്‍ ബൂത്വിയുടെ പുസ്‌തകത്തിന്‌ അബ്ബാസിയെഴുതിയ മറുപടിയാണ്‌ ഈ കൃതി. ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ അബ്ബാസി ഗ്രന്ഥരചന നടത്തിയത്‌. സ്വാഭാവികമായും അല്‍ബാനിയുടെ പ്രോത്സാഹനം മാത്രമല്ല ചിന്തകളും കൃതിയില്‍ ഉണ്ടാകുമല്ലോ.

മദ്‌ഹബുകള്‍ വേണ്ടതില്ല എന്നുപറയാന്‍ മുഹമ്മദ്‌ ഈദ്‌ അബ്ബാസി ഉന്നയിക്കുന്നത്‌ പ്രധാനമായും മൂന്ന്‌ വാദങ്ങളാണ്‌ ഒന്ന്‌; മദ്‌ഹബുകള്‍ പിന്തുടരാതിരിക്കുക എന്നതാണ്‌ അടിസ്ഥാന നിലപാട്‌. അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങള്‍ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പവും അടുപ്പവുമുള്ള വഴി മദ്‌ഹബുകള്‍ ഇല്ലാതിരിക്കലാണ്‌. കാരണം, അറിവുള്ളവനോട്‌ ചോദിക്കണമെന്ന്‌ അല്ലാഹു അജ്ഞരോട്‌ കല്‍പിച്ചപ്പോള്‍, ഒരാളെ പ്രത്യേകം നിര്‍ണയിച്ചു കൊടുത്തിട്ടില്ല. മറിച്ച്‌ `അറിവുള്ളവന്‍' എന്ന നിരുപാധിക പ്രയോഗമാണ്‌ നടത്തിയത്‌. നിരുപാധിക പ്രയോഗത്തില്‍, ഉപാധിവെക്കുന്ന തെളിവ്‌ ലഭിക്കുന്നതുവരെ അത്‌ നിരുപാധികമായിത്തന്നെ തുടരുമെന്ന കാര്യം സുവിദിതമാണ്‌ (അല്‍മദ്‌ഹബിയ്യ ലില്‍അബ്ബാസി: 91).

രണ്ട്‌; നിര്‍ണിത മദ്‌ബഹിനെ പിന്തുടര്‍ന്നാല്‍, പാപസുരക്ഷിതനായ നബി(സ)യെ പിന്തുടരുന്നതും, പാപസുരക്ഷിതനല്ലാത്ത മദ്‌ഹബിന്റെ ഇമാമിനെ പിന്തുടരുന്നതും ചിലപ്പോള്‍ ഒരുപോലെയായിത്തീരും (അല്‍മദ്‌ഹബിയ്യ ലില്‍അബ്ബാസി-91).

മൂന്ന്‌; ശ്രേഷ്‌ട നൂറ്റാണ്ടുകളിലെ സ്വഹാബികളും സലഫുസ്വാലിഹുകളും ഒരു മദ്‌ഹബിനെ അനുധാവനം ചെയ്‌തുവരായിരുന്നില്ല. മദ്‌ഹബുകളെ പിന്തുടരുന്നത്‌ അനുവദനീയമല്ല എന്നതിന്‌ ഇതുതന്നെ തെളിവാണ്‌ (അതേ പുസ്‌തകം-92).

പൊതുജനങ്ങള്‍ (ആമ്മത്തുന്നാസ്‌) മദ്‌ഹബിനെ തഖ്‌ലീദ്‌ ചെയ്യുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും, അവരോട്‌ ഇജ്‌തിഹാദ്‌ ചെയ്യാന്‍ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അബ്ബാസി വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍, ശൈഖുമാരെല്ലാം ഇജ്‌തിഹാദ്‌ ചെയ്യണമെന്നും അദ്ദേഹം പറയുന്നു: ``തങ്ങള്‍ക്ക്‌ അറിവുണ്ടെന്ന്‌ അവകാശപ്പെടുന്ന പണ്ഡിതന്മാരും ശൈഖുമാരും ഇജ്‌തിഹാദ്‌ നടത്തണം എന്നാണ്‌ ഞങ്ങള്‍ ആവശ്യപ്പെടുന്നത്‌'' (അല്‍ മദ്‌ഹബിയ്യ-117). തഖ്‌ലീദിനെക്കുറിച്ച്‌ അദ്ദേഹം എഴുതുന്നു: ``തഖ്‌ലീദ്‌ നിര്‍ബന്ധമാണ്‌, അതില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല. ഇസ്‌ലാം ചില നിബന്ധനകളോടെ അത്‌ അംഗീകരിച്ചിട്ടുണ്ട്‌. തഖ്‌ലീദ്‌ ചെയ്യുന്നവന്‍ ഗവേഷണം (ഇജ്‌തിഹാദ്‌) നടത്താനോ, അനുധാവനം (ഇത്തിബാഅ്‌) ചെയ്യാനോ കഴിവില്ലാത്തവനാകണം. ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ അറിയുന്ന അഭിപ്രായം പിന്തുടരരുത്‌, ഒരു നിശ്ചിത മദ്‌ഹബിന്റെ ഇമാമിനെ തഖ്‌ലീദ്‌ ചെയ്യരുത്‌. എന്നിവയാണ്‌ ആ നിബന്ധനകള്‍'' (Ibid: 328).

തഖ്‌ലീദിന്റെ ഈ നിബന്ധനകളിലൂടെ തന്നെ മദ്‌ഹബിനെ മാറ്റി നിര്‍ത്താന്‍ ആശയഅടിത്തറയൊരുക്കിയ അബ്ബാസി, ശൈഖ്‌ അല്‍ബാനിയുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നേടത്ത്‌ മദ്‌ഹബുകള്‍ ക്രമേണ കൈയൊഴിക്കേണ്ടതെങ്ങിനെയെന്ന്‌ വിശദീകരിക്കുന്നുണ്ട്‌: ``നമ്മുടെ കാലഘട്ടത്തില്‍ ജനങ്ങളുടെ ബാധ്യത ഇതാണ്‌; നാലില്‍ ഒരു മദ്‌ഹബ്‌ വഴി ഫിഖ്‌ഹ്‌ പഠിക്കാനൊരുങ്ങുക, അവയുടെ കിതാബികളില്‍ നിന്ന്‌ ദീന്‍ മനസിലാക്കുക; പിന്നീട്‌ ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഗ്രന്ഥങ്ങളില്‍നിന്ന്‌ ഒന്ന്‌ തെരഞ്ഞെടുക്കുക, ശാഫിഈ മദ്‌ഹബിലെ ഇമാം നവവിയുടെ കിതാബുല്‍ മജ്‌മൂഅ്‌ ഹനഫികളുടെ ഫത്‌ഹുല്‍ ഖദീര്‍, തുടങ്ങി നിയമനിര്‍മാണത്തിന്റെ വഴിയും തെളിവുകളും വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ ഉദാഹരണം. പിന്നീട്‌ ദുര്‍ബലമായ തെളിവുകളും തെറ്റായ നിര്‍ധാരണവും പ്രകടമാകുന്ന എല്ലാ അഭിപ്രായങ്ങളും ഉപേക്ഷിക്കുക. ശേഷം തെളിവുകള്‍ ചര്‍ച്ച ചെയ്യുകയും നിയമങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന മറ്റു മദ്‌ഹബുകളിലെ കൃതികള്‍ പരിശോധിക്കണം. അതില്‍ നിന്നും ശരിയും പ്രബലവുമായ ഗ്രന്ഥങ്ങള്‍ സ്വീകരിക്കുക. ഇപ്രകാരം മുന്നോട്ടുപോകണം'' (മുല്‍ഹഖുല്‍ മദ്‌ഹബിയ്യ ലില്‍അബ്ബാസി പേജ്‌-112).
ഇത്രയും വിവരിച്ചതില്‍ പ്രത്യക്ഷത്തില്‍ മദ്‌ഹബ്‌ നിഷേധം കാണാന്‍ കഴിയില്ല. അതിനുള്ള വഴി തുറക്കുക മാത്രമാണ്‌ അബ്ബാസി ചെയ്യുന്നത്‌. തുടര്‍ന്ന്‌ പറയുന്നതുകൂടി ശ്രദ്ധിക്കുക: ``നിശ്ചയമായും ഇത്‌ ഖുര്‍ആനും ഹദീസും ആധാരമാക്കി ഫിഖ്‌ഹ്‌ പഠിക്കുകയും ശരിയായ അറിവ്‌ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നയാള്‍ക്ക്‌ മാത്രമേ അനുവദനീയമാവുകയുള്ളൂ. എന്നാല്‍ ഇവ്വിധം ശരിയായ പാണ്ഡിത്യം നേടിയ ആള്‍ക്ക്‌ ഇതിന്റെ ആവശ്യം ഇല്ലതാനും; ഡമസ്‌കസിലെ സലഫികള്‍ ഉദാഹരണം. അപ്രകാരം മറ്റൊരു കാര്യം കൂടി വ്യക്തമാക്കേണ്ടത്‌ അനിവാര്യമാണ്‌; ഏതെങ്കിലും ഒരു മദ്‌ഹബ്‌ മുഖേന ഫിഖ്‌ഹ്‌ പഠിക്കാന്‍ നാം അനുവാദം നല്‍കിയത്‌, താല്‍ക്കാലികമായ ഒരു കാലത്തേക്കും നീങ്ങിപ്പോകുന്ന ഒരു ഘട്ടത്തിലേക്കും മാത്രമാണ്‌'' (അല്‍മുല്‍ഹഖു ലികിതാബില്‍ മദ്‌ഹബിയ്യ, പേജ്‌-113).
ഈ വാദങ്ങളെ നിരൂപണം ചെയ്‌തുകൊണ്ട്‌ സലഫി പണ്ഡിതനായ ഡോ. അബ്‌ദുല്‍ റഹ്‌മാനുബ്‌നു അബ്‌ദുല്ല ജബ്‌രീന്‍ പറയുന്നു: മദ്‌ഹബ്‌ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ച്‌ മനസിലാക്കുകയും ചെയ്യണമെന്ന്‌ പറഞ്ഞതില്‍ അപാകതയില്ല, അത്‌ ശരിയാണ്‌. എന്നാല്‍, മദ്‌ഹബുകളെ പഠിക്കേണ്ടത്‌ ഒരു താല്‍ക്കാലിക ഘട്ടത്തിലേക്ക്‌ മാത്രമാണെന്ന അബ്ബാസിയുടെ അഭിപ്രായത്തില്‍ അതിവാദമുണ്ട്‌. കാരണം, മദ്‌ഹബിലെ ഗ്രന്ഥങ്ങളില്‍ ശരിയും തെറ്റുമുണ്ട്‌. തെറ്റുകളുണ്ടെന്ന കാരണം പറഞ്ഞ്‌ അതിലെ ശരികള്‍ ഉപേക്ഷിക്കാന്‍ പാടില്ല. ഉന്നത സ്ഥാനീയരായ പണ്ഡിതന്മാര്‍ ഖുര്‍ആനും ഹദീസും ഇജ്‌മാഉം ഖിയാസും മറ്റു ദീനീ അടിസ്ഥാനങ്ങളും ആസ്‌പദമാക്കി നടത്തിയ ഗവേഷണ ഫലമാണ്‌ ആ ഗ്രന്ഥങ്ങള്‍. പിന്നെ എന്തിന്‌ അവ പഠിപ്പിക്കാതിരിക്കണം, അവയിലെ നന്മകള്‍ സ്വീകരിക്കാതിരിക്കണം! അവ സ്വീകരിക്കുന്നവന്‍ ഇത്തിബാഇന്റെ പദവിക്ക്‌ അര്‍ഹനാവുകയും ചെയ്യും. മുന്‍ഗാമികള്‍ തുടങ്ങിയേടത്തു നിന്നുതന്നെ നാം തുടങ്ങേണ്ടതില്ല. അപ്പോള്‍, നാം പുതിയൊരു മദ്‌ഹബ്‌ ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ്‌. ഇനിയും അതിന്റെ ആവശ്യമെന്താണ്‌?'' (മജല്ലതുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ: 86/168).

അല്‍ബാനിയും ശിഷ്യന്മാരും ഉന്നയിച്ച വാദങ്ങളെക്കാള്‍ തീവ്രവും അക്രമണപരവുമാണ്‌ സലഫീ പണ്ഡിതരില്‍ പ്രധാനിയായ മുഖ്‌ബിലുബ്‌നു ഹാദി അല്‍വാദിഈയുടെ മദ്‌ഹബ്‌ വിരോധം. മദ്‌ഹബുകള്‍ ബിദ്‌അത്തും, മുസ്‌ലിം സമൂഹത്തിലെ ആഭ്യന്തര ഛിദ്രതക്ക്‌ കാരണവുമാണെന്നും യാതൊരു കാരണവശാലും അവയെ പിന്തുടരാന്‍ പാടില്ലെന്നും അദ്ദേഹം കാര്‍ക്കശ്യത്തോടെ പ്രഖ്യാപിക്കുന്നു.

1. മദ്‌ഹബുകള്‍ക്ക്‌ അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ല. ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ മദ്‌ഹബുകള്‍ക്ക്‌ തെളിവു കൊണ്ടുവരാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഹള്‌റമികളോട്‌ ശാഫിഈ മദ്‌ഹബുകാരാകാനും, നമ്മോട്‌ ശീയാക്കളാകാനും അബൂഹനീഫയുടെ അനുയായികളോട്‌ ഹമ്പലികളാകാനും അല്ലാഹു കല്‍പിച്ചതിന്‌ തെളിവുണ്ടോ? അല്ലാഹു പറഞ്ഞതിതാണ്‌: ``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും നല്ലത്‌ പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആരാണ്‌?''-ഫുസ്വിലത്ത്‌-33. (തുഹ്‌ഫത്തുല്‍ മുജീബ്‌-327).

2. മദ്‌ഹബുകളെ തഖ്‌ലീദ്‌ ചെയ്യല്‍ ബിദ്‌അത്താണ്‌. അത്‌ ശ്രേഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായതാണ്‌ (ഫളാഇഹ്‌ വനസ്വാഇഹ്‌-207).

3. ``ചരിത്രം വായിച്ചാല്‍, പള്ളികളില്‍ ഉണ്ടായ തര്‍ക്കങ്ങളും കുഴപ്പങ്ങളും നമ്മെ സ്‌തബ്‌ധരാക്കും. മദ്‌ഹബുകളുടെ ഫിത്‌ന കാരണം എത്ര പേര്‍ക്കാണ്‌ സ്വന്തം നാടുവിട്ട്‌ പോകേണ്ടി വന്നത്‌ (Ibid-208-210).

4. മദ്‌ഹബ്‌ സ്വീകരിക്കല്‍ ദീനുല്‍ ഇസ്‌ലാമിന്റെ ഭാഗമല്ല. തഖ്‌ലീദു ചെയ്‌തവന്‍ വിജ്ഞരില്‍പെട്ടവനല്ലെന്ന്‌ പണ്ഡിതന്മാര്‍ ഏകോപിച്ച്‌ അഭിപ്രായപ്പെട്ടിരിക്കുന്നുവെന്ന്‌ ഇമാം അബ്‌ദുല്‍ ബര്‍റ്‌ പറഞ്ഞിട്ടുണ്ട്‌ (മഖ്‌തലുജമീലിര്‍റഹ്‌മാന്‍-7).

5. ഈ മദ്‌ഹബുകളൊന്നും നാം അംഗീകരിക്കുന്നില്ല. ശാഫിയാകണം, ഹമ്പലിയാകണം, മാലികിയാകണം എന്നൊക്കെ ആരാണ്‌ പറഞ്ഞത്‌? നാം ഒരൊറ്റ സമുദായമാകണം എന്നാണ്‌ അല്ലാഹു കല്‍പിച്ചിരിക്കുന്നത്‌ (തുഹ്‌ഫത്തുല്‍ മുജീബ്‌-327).
6. മദ്‌ഹബുകളാണ്‌ ജനങ്ങളെ ഭിന്നിപ്പിച്ചത്‌. മദ്‌ഹബിന്റെ വക്താക്കളോട്‌, ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ തെളിവ്‌ ഹാജരാക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു (ഇജാബത്തുസാഇല്‍-317).

7. മദ്‌ഹബുകള്‍ ബിദ്‌അത്താണ്‌. ജനങ്ങളെ ഛിദ്രീകരിച്ചതും അവരില്‍ പകയും ശത്രുതയും സൃഷ്‌ടിച്ചതും മദ്‌ഹബുകള്‍ തന്നെ. ശ്രേഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ ഈ ബിദ്‌അത്ത്‌ ഉടലെടുത്തത്‌. മുസ്‌ലിംകള്‍ കക്ഷികളും പാര്‍ട്ടികളുമായി ഭിന്നിച്ചത്‌ അതിനുശേഷമാണ്‌. ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും മുസ്‌ലിം സമുദായത്തെ തടഞ്ഞുനിര്‍ത്തിയതും മദ്‌ഹബുകളാണ്‌. പിന്നീട്‌ ഘട്ടംഘട്ടമായി ജൂതര്‍, ക്രൈസ്‌തവര്‍, കമ്യൂണിസ്റ്റുകള്‍, ബഅസ്‌ പാര്‍ട്ടി തുടങ്ങിയവരെ തഖ്‌ലീദു ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നു (ഇജാബത്തുസാഇല്‍, 317-321).
8. ഇമാം ഇബ്‌നുഹസമാണ്‌ മദ്‌ഹബുകള്‍ക്കെതിരെ ശക്തമായി പോരാടിയത്‌. അദ്ദേഹത്തെ നേരിടാന്‍ മദ്‌ഹബിന്റെ വക്താക്കള്‍ക്കായില്ല. ഭരണാധികാരികളെ ഉപയോഗിച്ച്‌ അദ്ദേഹത്തെ അടിച്ചമര്‍ത്തുകയായിരുന്നു. ഇബ്‌നുഹസമിന്റെ മദ്‌ഹബ്‌ വിരുദ്ധ ഗ്രന്ഥങ്ങള്‍ ജനം ചുട്ടെരിച്ചു (ഫളാഇഹ്‌ വനസ്വാഇഹ്‌-213).

9. ഇമാം അഹ്‌മദ്‌ മദ്‌ഹബ്‌ സ്വീകരിച്ച വ്യക്തിയായിരുന്നില്ല. അദ്ദേഹം അഹ്‌ലുസുന്നത്തിന്റെ ഇമാമായിരുന്നു. അദ്ദേഹം മാലികി-ശാഫിഈ മദ്‌ഹബുകാരനായിരുന്നോ? ഇമാം ബുഖാരി, തിര്‍മിദി, അബൂദാബൂദ്‌, നസാഈ, ഇബ്‌നുമാജ, ഹുമൈദി... ഇവരൊന്നു മദ്‌ഹബിനെ അംഗീകരിച്ചവരായിരുന്നില്ല (Ibid 214-220).
10. ഇമാമുമാരെ തഖ്‌ലീദു ചെയ്യുന്നതില്‍ നിന്നാരംഭിച്ച ഈ ബിദ്‌അത്ത്‌, പിന്നീട്‌ സംഘടനകളെയും നേതാക്കളെയും തഖ്‌ലീദ്‌ ചെയ്യുന്നിടത്തെത്തി (ഇജാബത്തുസാഇല്‍-325).
11. ചില പണ്ഡിതന്മാര്‍, പൊതുജനങ്ങള്‍ക്ക്‌ (ആമ്മത്തുന്നാസ്‌) തഖ്‌ലീദ്‌ ആകാം എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്തരമൊരു പണ്ഡിതനോട്‌ ഞാന്‍ ചോദിച്ചു: ``നിങ്ങളുടെ റബ്ബില്‍നിന്ന്‌ നിങ്ങള്‍ക്കവതരിച്ചു കിട്ടിയത്‌ നിങ്ങള്‍ പിന്തുടരുക, അവനല്ലാത്ത രക്ഷാധികാരികളെ നിങ്ങള്‍ പിന്തുടരരുത്‌, നിങ്ങള്‍ അല്‍പം മാത്രമേ ഓര്‍ക്കുന്നുള്ളൂ'' (അഅ്‌റാഫ്‌: 3). എന്ന ആയത്ത്‌, സാധാരണക്കാരെയും ഉള്‍ക്കൊള്ളുന്നുണ്ട്‌. `എങ്കില്‍ പിന്നെ സാധാരണക്കാരന്‌ തഖ്‌ലീദ്‌ അനുവദനീയമാണെന്ന്‌ പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?' ഞാന്‍ ചോദിച്ചു. `നിങ്ങള്‍ക്ക്‌ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ വിധി അല്ലാഹുവിന്റേതാണ്‌' എന്ന്‌ ഖുര്‍ആന്‍ (അശൂറാ-10) പറഞ്ഞിട്ടില്ലേ? എങ്കില്‍ സാധാരണക്കാരന്‍ എന്താണ്‌ ചെയ്യേണ്ടത്‌. സാധാരണക്കാര്‍ ദീനിലേക്ക്‌ തിരിഞ്ഞാല്‍ അവര്‍ക്കത്‌ മനസിലാകും. അതിവിദഗ്‌ദ്ധനായ വാച്ച്‌ റിപ്പയറുകാരന്‍ സാധാരണക്കാര്‍ക്കിടയിലില്ലേ?.....(ഇജാബത്തുസാഇല്‍-329).

12. അല്ലാഹു നമ്മെ `മുസ്‌ലിംകള്‍' എന്നാണ്‌ പേരുവിളിച്ചിരിക്കുന്നത്‌. നാം മുഹമ്മദ്‌ നബിയുടെ ഉമ്മത്താണ്‌. അദ്ദേഹത്തിന്‌ പകരം നാം ആരെയും ഇഷ്‌ടപ്പെടുന്നില്ല ശാഫിഈ മദ്‌ഹബുകാരന്‍, സൈദി, വഹാബി തുടങ്ങിയ വിശേഷണങ്ങളൊന്നും നാം ഇഷ്‌ടപ്പെടുന്നില്ല (മഖ്‌തലു ജമീലുര്‍റഹ്‌മാന്‍-80).
13. ഫിഖ്‌ഹില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബിന്‌ സ്വതന്ത്ര മദ്‌ഹബ്‌ ഉണ്ടായിരുന്നോ, അതോ അദ്ദേഹം ഹമ്പലി മദ്‌ഹബുകാരനായിരുന്നോ? ഈ ചോദ്യത്തിന്‌ വാദിഈ നല്‍കിയ ഉത്തരമിങ്ങനെ: `അദ്ദുററുസ്സുന്നിയ്യ' എന്ന ഗ്രന്ഥത്തില്‍ മുഹമ്മദ്‌ബ്‌നു അബ്‌ദില്‍ വഹാബ്‌ പറയുന്നത്‌, താന്‍ ഹമ്പലി മദ്‌ഹബുകാരനാണെന്നാണ്‌. അദ്ദേഹം മുജ്‌തഹിദായിരുന്നില്ല. ഫിഖ്‌ഹില്‍ അദ്ദേഹത്തിന്‌ സ്വതന്ത്രമായ കൃതികളൊന്നും ഇല്ല. ഇത്‌ അദ്ദേഹത്തിനും സമശീര്‍ഷര്‍ക്കുമെതിരിലുള്ള ആക്ഷേപം തന്നെയാണ്‌. കാരണം, മദ്‌ഹബ്‌ സ്വീകരിക്കാമെന്ന്‌ ഖുര്‍ആനിലോ ഹദീസിലോ പറയുന്നില്ല. തഖ്‌ലീദ്‌ ഒരു രോഗമാണ്‌, അതൊരു അന്ധതയാണ്‌ (മഖ്‌തലു ജമീലുര്‍റഹ്‌മാന്‍: 90-91).
(വാദിഈയുടെ ഉദ്ധരണികള്‍-ഇഅ്‌ലാമുല്‍ അജ്‌യാന്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്‌ പേജ്‌, 79-93, ദാറുല്‍ആസാര്‍-സ്വന്‍ആഅ്‌)

അന്ധമായ അനുകരണത്തിനെതിരിലുള്ള വാദിഈയുടെ വാദങ്ങള്‍ അതിശക്തമാണ്‌; ഒരുപരിധിവരെ അതില്‍ ശരിയുമുണ്ട്‌. എന്നാല്‍ മദ്‌ഹബിനെ പിന്തുടരുന്നത്‌ (ഇത്തിബാഅ്‌) തന്നെ ബിദ്‌അത്തും നിഷിദ്ധവുമാണെന്ന വിമര്‍ശം മദ്‌ഹബ്‌ നിഷേധത്തിന്റെ ഭാഗമാണ്‌. ഇത്‌ പൂര്‍വികരായ സലഫീ നായകരുടെ മന്‍ഹജിന്‌ എതിരാണ്‌. ആധുനിക സലഫിസത്തില്‍ പാരമ്പര്യവിരുദ്ധമായ പല അതിവാദങ്ങളും കടന്നുവരുന്നത്‌ എങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്‌. സലഫി മന്‍ഹജ്‌, സലഫീ മദ്‌ഹബായും സലഫിസമായും രൂപാന്തരപ്പെടുന്നതും ഇങ്ങനെയൊക്കെത്തന്നെയാണ്‌! ശൈഖ്‌ അല്‍ബാനി, അബ്ബാസി, വാദിഈ തുടങ്ങിയ സലഫി പണ്ഡിതര്‍ ഉയര്‍ത്തിയ മദ്‌ഹബ്‌ നിഷേധപരമായ വാദങ്ങളെ സലഫീ ലോകത്തെത്തന്നെ പ്രമുഖ പണ്ഡിതര്‍ അംഗീകരിക്കുന്നില്ല. സുഊദി അറേബ്യയിലെ പണ്ഡിതസഭാ അംഗവും പ്രമുഖസലഫി നേതാവുമായ ഡോ. അബ്‌ദുല്ല ജബ്‌രീന്‍ ഈ വാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെ സംഗ്രഹിക്കാം.

1. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടില്‍തന്നെ പ്രഗത്ഭരായ സ്വഹാബിവര്യന്മാരെ പിന്തുടരുകയാണ്‌ ജനം ചെയ്‌തിരുന്നത്‌. ഓരോ പ്രദേശത്തും ഒന്നോ അതിലേറെയോ സ്വഹാബിമാര്‍ നേതാക്കളായി ഉണ്ടായിരുന്നു. ഇബ്‌നുഖയ്യിമുല്‍ ജൗസിയ്യ അഅ്‌ലാമില്‍ മുവഖിഈനില്‍ പറഞ്ഞിട്ടുണ്ട്‌: ``ദീനും ഫിഖ്‌ഹും ജനങ്ങളില്‍ പ്രചരിച്ചത്‌ ഇബ്‌നുമസ്‌ഊദിന്റെയും സൈദ്‌ബ്‌നുസാബിതിന്റെയും ഇബ്‌നുഉമറിന്റെയും ഇബ്‌നുഅബ്ബാസിന്റെയും സഖാക്കളിലൂടെയാണ്‌. ഈ നാല്‌ നേതാക്കളുടെയും സഖാക്കളില്‍ നിന്നാണ്‌ സാധാരണക്കാര്‍ (ആമ്മത്തുന്നാസ്‌) ദീന്‍ പഠിച്ചത്‌. മദീനക്കാര്‍ ദൈസ്‌ബ്‌നുസാബിത്‌, ഇബ്‌നുഉമര്‍, മക്കക്കാര്‍ ഇബ്‌നുഅബ്ബാസ്‌, ഇറാഖുകാര്‍ ഇബ്‌നുമസ്‌ഊദ്‌ എന്നിവരുടെ സഖാക്കളില്‍ നിന്നും ദീനീ അറിവുനേടി'' (അഅ്‌ലാമുല്‍ മുവഖിഈന്‍ 1/21) ഉമറുബ്‌നുല്‍ഖത്വാബ്‌ ജനങ്ങളോട്‌ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി; `അനന്തരാവകാശത്തെക്കുറിച്ച്‌ അറിയാനാഗ്രഹിക്കുന്നവര്‍ സൈദ്‌ബ്‌നുസാബിതിനെ സമീപിക്കട്ടെ. ഫിഖ്‌ഹ്‌ ചോദിക്കേണ്ടവര്‍ മുആദ്‌ബ്‌നു ജബലിനെ കാണട്ടെ. പണം വേണ്ടവര്‍ എന്റെ അടുത്ത്‌ വരട്ടെ (അതേ പുസ്‌തകം 1/21) ബനൂഉമയ്യക്കാര്‍ പിന്തുടര്‍ന്നത്‌ അത്വാഉബ്‌നു അബീറബാഹിനെയായിരുന്നു. കാരണം ആരാധനകളെക്കുറിച്ച്‌ നന്നായി അറിയാമായിരുന്നത്‌ അദ്ദേഹത്തിനായിരുന്നു (അല്‍ബിദായത്തുവന്നിഹായ-9/306). ഈ ഉദ്ധരണികള്‍ തെളിയിക്കുന്നത്‌, ശ്രേഷ്‌ഠ നൂറ്റാണ്ടുകളില്‍ തന്നെ വ്യക്തികളെ നിര്‍ശ്ചയിച്ച്‌ പിന്തുടരുകയും ഫത്‌വ നല്‍കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്നാണ്‌.

2. നിര്‍ണിത പണ്ഡിതനെയോ, നിര്‍ണിതരല്ലാത്ത പണ്ഡിതന്മാരെയോ പിന്തുടരുന്നവര്‍, ആ പണ്ഡിതന്മാര്‍ പാപസുരക്ഷിതത്വമുള്ളവര്‍ (മഅ്‌സ്വൂം) ആണെന്ന്‌ വിശ്വസിക്കുന്നില്ല. ഗവേഷണത്തിലൂടെ എത്തിച്ചേര്‍ന്ന നിലപാടനുസരിച്ച്‌ പ്രവര്‍ത്തിക്കല്‍, തെളിവുണ്ടെങ്കില്‍ നിര്‍ബന്ധമാണ്‌. മറ്റുള്ളവര്‍ ആ മുജ്‌തഹിദിനോട്‌ വിയോജിച്ചാലും പാപസുരക്ഷിതനല്ലെങ്കിലും ആ മുജ്‌തഹിദിനെ ഒരാള്‍ക്ക്‌ പിന്തുടരാം. കാരണം ദീനീവിധികള്‍ മനസിലാക്കാന്‍ അയാള്‍ക്ക്‌ മുമ്പിലുള്ള വഴിയാണത്‌. ഒരാള്‍, ഒരു മുഫ്‌തിയെ മാത്രം പിന്തുടരാതിരിക്കുകയും രണ്ട്‌ പണ്ഡിതന്മാരോട്‌ ഫത്‌വ ചോദിക്കുകയും ചെയ്‌തുവെന്നിരിക്കട്ടെ. എങ്കില്‍ അവര്‍ രണ്ടുപേരും പാപസുരക്ഷിതര്‍ ആകുമോ? നിര്‍ണിത വ്യക്തിയെ പിന്തുടരാതിരുന്നതുകൊണ്ടുമാത്രം, പ്രവാചകന്മാര്‍ക്ക്‌ അവകാശപ്പെട്ട പാപസുരക്ഷിതത്വം പണ്ഡിതന്മാര്‍ക്ക്‌ ലഭിക്കുന്നതെങ്ങനെ? ഒരു പണ്ഡിതന്‍ പറഞ്ഞത്‌ ശരിയോ തെറ്റോ എന്ന്‌ വേര്‍തിരിച്ചെടുക്കാന്‍ സാധാരണക്കാരന്‌ കഴിയണമെന്നില്ല. തനിക്ക്‌ വിശ്വാസമുള്ള പണ്ഡിതനെ ശരിയെന്ന്‌ തോന്നുന്നതില്‍ പിന്തുടരുകയാണ്‌ അയാള്‍ ചെയ്യുക; അത്‌ ആ പണ്ഡിതന്‍ പാപസുരക്ഷിതനാണെന്ന്‌ അംഗീകരിച്ചുകൊണ്ടല്ല ചെയ്യുന്നത്‌.

3. നിര്‍ണിതനായ ഒരു പണ്ഡിതനെയോ, ഒന്നിലേറെ പണ്ഡിതന്മാരെ പിന്തുടരല്‍ അനുവദനീയമാണ്‌. ഇതില്‍ വിശാലമായ നിലപാടാണുള്ളത്‌ (മജ്‌മൂഉല്‍ ഫതാവാ ലിഇബ്‌നിതൈമിയ്യ: 20/209).

4. ഇജ്‌തിഹാദ്‌ ചെയ്യാന്‍ കഴിയാത്തവരും സാധാരണക്കാരും (ആമ്മത്തുന്നാസ്‌) മദ്‌ഹബുകളെ പിന്തുടരേണ്ടത്‌ അനിവാര്യമാണെന്നാണ്‌ പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഒരു മദ്‌ഹബില്‍ നിന്ന്‌ മറ്റൊരു മദ്‌ബഹിലേക്ക്‌ ചില വിഷയങ്ങളില്‍ മാത്രം മാറുന്നത്‌ പണ്ഡിതന്മാര്‍ വിലക്കിയത്‌, ജനം മദ്‌ഹബുകളിലെ ഇളവുകള്‍ പരതി നടക്കാന്‍ സാധ്യതയുണ്ട്‌ എന്നു മനസിലാക്കിയാണ്‌. മദ്‌ഹബുകളെ പിന്തുടരാം, അതിലെ തെറ്റു മനസിലായാല്‍ ആ തെറ്റുകള്‍ ഉപേക്ഷിക്കണം എന്നാണ്‌ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്‌.

5. ഇസ്‌ലാമിക ചരിത്രത്തില്‍, മദ്‌ഹബുകള്‍ക്കിടയില്‍ കക്ഷിവഴക്കുകളും കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്‌ എന്നത്‌ യാഥാര്‍ഥ്യമാണ്‌. അത്‌ ഇസ്‌ലാമിന്റെ സൃഷ്‌ടിയല്ല. തുടക്കക്കാരായ ചില വിദ്യാര്‍ഥികളും അവരെ പിന്തുടര്‍ന്ന ജനങ്ങളും ഉണ്ടാക്കിയതാണ്‌. അതിന്റെ യഥാര്‍ഥ കാരണം ദീനായിരുന്നില്ല. അത്‌ വ്യക്തിപരവും സ്വാര്‍ഥവുമായ കാരണങ്ങളാല്‍ സംഭവിച്ചതാണ്‌. ഭരണാധികാരികള്‍ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്കുവേണ്ടിയും മദ്‌ഹബുകള്‍ക്കിടയില്‍ അത്തരം കലാപങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. അതില്‍നിന്ന്‌ പാഠമുള്‍ക്കൊള്ളുകയാണ്‌ നാം ചെയ്യേണ്ടത്‌. മദ്‌ഹബുകള്‍ പിന്തുടരുന്നതിന്റെ കുഴപ്പമാണതെന്ന്‌ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല.

6. ഒരു മദ്‌ഹബ്‌ പിന്തുടരുന്നവര്‍, മറ്റു മദ്‌ബഹുകാരെ ആക്ഷേപിക്കുവാനോ, ശത്രുത കാണിക്കുവാനോ പാടില്ല പരസ്‌പര ആദരവും സ്‌നേഹവും നിലനിര്‍ത്തണം. ഇതാണ്‌ മുന്‍ഗാമികളുടെ മാതൃക. (അബ്‌ദുര്‍റഹ്‌മാനുബ്‌നുഅബ്‌ദുല്ലജബ്‌രീന്റെ-അത്തമദ്‌ഹബു ദിറാസത്തുന്‍ തഅ്‌സ്വീലിയ്യ വാഖിഇയ്യ എന്ന പഠനത്തില്‍നിന്ന്‌ സംഗ്രഹിച്ചത്‌, മജല്ലത്തുല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ 86/125-185).

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates