Thursday 25 April 2013

കലാപാനന്തര അസമിലെ കണ്ണീര്‍ക്കാഴ്ചകള്‍ 1 Published on Fri, 04/26/2013 Madhyamam daily



‘ഞങ്ങള്‍ പട്ടിണി കിടന്ന് മരിക്കാറായി. ഭക്ഷണമില്ല. വസ്ത്രമില്ല. മരുന്നില്ല. വീടില്ല. പുറത്തുപോകാന്‍ കഴിയില്ല. ആട്ടിയോടിക്കപ്പെട്ട ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനും അനുവാദമില്ല. ജീവിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒരു മാര്‍ഗവുമില്ലാതായിരിക്കുന്നു’ -ഇത്രയും പറഞ്ഞപ്പോഴേക്കും മുഹമ്മദ് മഖ്സദ് അലിയെന്ന അറുപത്തഞ്ചുകാരന്‍െറ കണ്ണുകള്‍ നിറഞ്ഞിരുന്നു. അസമിലെ കൊക്രജര്‍ ജില്ലയില്‍, അന്യരുടെ വയലില്‍ ഇപ്പോഴും ടെന്‍റുകള്‍ കെട്ടിക്കഴിയുന്ന, വര്‍ഗീയ കലാപത്തിന്‍െറ ഇരകളായ 1500ഓളം അഭയാര്‍ഥികള്‍ക്കിടയിലാണ് മുഹമ്മദ് മഖ്സദ് അലിയെ കണ്ടുമുട്ടിയത്. കലാപാനന്തര അസമില്‍ ദുരിതജീവിതം നയിക്കുന്ന പതിനായിരങ്ങളുടെ പ്രതിനിധിയാണ് അദ്ദേഹം.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായത്തിന്‍െറ യഥാര്‍ഥ ജീവിതാവസ്ഥകള്‍ പഠിക്കാനും വിഷന്‍ 2016ന്‍െറ ബഹുമുഖ പദ്ധതികള്‍ നേരിട്ട് മനസ്സിലാക്കാനും വേണ്ടിയുള്ള യാത്രക്കിടയിലാണ് അസമിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായത്. 2012 ജൂലൈയില്‍, അസമിലെ കൊക്രജര്‍, ചിറാഗ്, ദുബ്രി ജില്ലകളിലുണ്ടായ വര്‍ഗീയ കലാപം അധികമാരും മറന്നിരിക്കാനിടയില്ല. 80,000 കുടുംബങ്ങളിലായി നാലു ലക്ഷത്തോളം ആളുകളെ ബാധിച്ച കലാപത്തിന്‍െറ ഇരകളുടെ ഇപ്പോഴത്തെ ജീവിതം ദുരിതപൂര്‍ണമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുഭവിക്കുന്ന, നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന നിസ്സഹായതയുടെ ദൃശ്യങ്ങള്‍ കലാപബാധിത ഗ്രാമങ്ങളിലുടനീളം കാണാനിടയായി. കലാപ നാളുകളിലെ ഭീതിപൂര്‍ണമായ അവസ്ഥകള്‍ പലയിടങ്ങളിലും പ്രത്യക്ഷത്തില്‍ മാറിയിരിക്കുന്നുവെങ്കിലും ജീവിതാവസ്ഥകള്‍ ഏറക്കുറെ പഴയതുപോലെത്തന്നെ. ചില പ്രദേശങ്ങളിലാകട്ടെ, ഭയാശങ്കകള്‍ വിട്ടുമാറിയിട്ടുമില്ല. ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയവരില്‍ പലരും ഇനിയുമൊരു ആക്രമണത്തിന്‍െറ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി -‘ബോഡോലാന്‍ഡ്’ ബോഡോകള്‍ക്കു മാത്രമായി മാറുകയെന്ന ലക്ഷ്യം കലാപത്തിലൂടെ ഏറെയൊന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ വിശേഷിച്ചും.

കലാപത്തിന്‍െറ തൊട്ടടുത്ത നാളുകളില്‍ നടന്നിരുന്ന ബഹളമയമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയും സന്നദ്ധ സംഘടനകള്‍ ഏറക്കുറെ രംഗം വിടുകയും റിലീഫ് ക്യാമ്പുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ അനാഥരായിത്തീര്‍ന്ന ആയിരങ്ങള്‍ കൈവിട്ടുപോയ ജീവിതത്തിലേക്ക് തിരിച്ചുനടക്കാനാകാതെ പ്രയാസപ്പെടുകയാണിപ്പോള്‍. കലാപനാളുകളില്‍ ആശ്വാസവുമായി എത്തിയവര്‍ ചെയ്ത സേവനങ്ങള്‍ വിലപ്പെട്ടതാണെങ്കിലും ഏതാനും നാളുകള്‍ക്കകം അവരില്‍ മിക്കവാറും പിന്‍വാങ്ങുകയായിരുന്നു. പിന്നീട് അവര്‍ കലാപബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല. അതോടെ അനാഥരായിത്തീര്‍ന്ന ആയിരക്കണക്കിന് മനുഷ്യജീവിതങ്ങളുടെ നിശ്ശബ്ദ നിലവിളിയാണ് അസം ഗ്രാമങ്ങളില്‍നിന്ന് ഇപ്പോഴുയരുന്നത്. സന്നദ്ധ സംഘടനകളും സമുദായ നേതാക്കളും സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളുമെല്ലാം കലാപാനന്തര അവസ്ഥകളെക്കുറിച്ച് പൊതുവെ അശ്രദ്ധരും അജ്ഞരുമാണുതാനും. മാധ്യമക്കണ്ണുകള്‍ പിന്നീടങ്ങോട്ട് തിരിയാത്തതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ഇതൊന്നും അറിയാനുള്ള അവസരവുമില്ല. സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇരകളായ ഏതാണ്ടെല്ലാ ഗ്രാമങ്ങളുടെയും പൊതുവായ അവസ്ഥ ഇതുതന്നെയാണെന്ന് ബംഗാള്‍, ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്താലറിയം.
ഒരു വര്‍ഗീയ കലാപത്തിന്‍െറ ഉന്നവുംപ്രത്യാഘാതവും എന്താണെന്നും ഇരകളുടെ ശിഷ്ടകാല ജീവിതം എങ്ങനെയാണെന്നും തെളിയിക്കുന്നതാണ് അസം ഗ്രാമങ്ങള്‍. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും മുസ്ലിം ചേരികളും കോളനികളും രൂപപ്പെടുന്നത് എങ്ങനെയാണെന്നതിന്‍െറ ഉത്തരവും കൊക്രജര്‍ ജില്ലയില്‍നിന്ന് ലഭിക്കും. 
ഭരണകൂടത്തിന്‍െറയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാത്രമല്ല, ഇരകളുടെ സമുദായത്തിലെതന്നെ നേതാക്കളുടെയും സംഘടനകളുടെയും നിയമസഭ-പാര്‍ലമെന്‍റ് അംഗങ്ങളുടെയും നിലപാടുകളുടെ നേര്‍ചിത്രങ്ങളും അസം ഗ്രാമങ്ങള്‍ പറഞ്ഞുതരുന്നു. കലാപം ദുരിതം വിതച്ച ഗ്രാമങ്ങളിലൂടെ ഇപ്പോള്‍ കടന്നുപോകുമ്പോള്‍ പേടിപ്പെടുത്തുന്ന ഒരുതരം മൂകത അനുഭവപ്പെടുന്നുണ്ട്.
കലാപനാളുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലെ പ്രധാനമാണ് പിന്നീടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും. തകര്‍ക്കപ്പെട്ട വീടുകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ പുനര്‍നിര്‍മിക്കണം. നിലച്ചുപോയ ജീവിത മാര്‍ഗങ്ങള്‍ ക്രമീകരിക്കണം. ആസൂത്രിതമായ പദ്ധതികള്‍ വ്യവസ്ഥാപിതമായും ക്ഷമയോടെയും മാസങ്ങളെടുത്ത് പൂര്‍ത്തീകരിക്കേണ്ടിവരും. പക്ഷേ, കലാപം ദുരിതംവിതച്ച 140ഓളം അസം ഗ്രാമങ്ങളില്‍ പലതിലും കാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ട വീടുകളുടെയും മദ്റസകളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ ദുരന്തത്തിന്‍െറ മൂകസാക്ഷികളായി നിലനില്‍ക്കുന്നു. നിശ്ശേഷം നശിപ്പിക്കപ്പെട്ട കെട്ടിടങ്ങളുടെ തറകള്‍ മാത്രമാണ് പലയിടത്തുമുള്ളത്. ഒരു വീടുപോലും പുനര്‍നിര്‍മിക്കപ്പെടാത്ത ഗ്രാമങ്ങളുണ്ട്. ഇഷ്ടികയില്‍ പണിത്, തേച്ചുമിനുക്കിയ, ഓടോ ഷീറ്റോ ഉപയോഗിച്ച് മേല്‍ക്കൂരകളുള്ള വീടുകള്‍ അസം ഗ്രാമങ്ങളില്‍ വിരളമാണ്. കലാപസമയത്ത് മേല്‍ക്കൂരകള്‍ നശിപ്പിക്കുകയും ജനല്‍-വാതിലുകള്‍ ഇളക്കിയെടുത്ത് കൊണ്ടുപോവുകയും ചെയ്ത അത്തരം നല്ല വീടുകളുടെ അവശിഷ്ടങ്ങള്‍ അതുപോലെ ബാക്കിയുണ്ട്. ആസൂത്രിതമായി നശിപ്പിക്കപ്പെട്ട കിണറുകള്‍ ശുദ്ധീകരിക്കപ്പെടാതെ കിടക്കുന്നു. തീവെച്ച് നശിപ്പിക്കപ്പെട്ട വാഹനങ്ങളുടെയും വെട്ടിമുറിക്കപ്പെട്ട കമുകുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ എട്ടു മാസങ്ങള്‍ക്കുശേഷവും നീക്കംചെയ്യപ്പെടാതെയുണ്ട് പലയിടങ്ങളിലും. മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ പുതിയ നാമ്പുകള്‍ കിളിര്‍ക്കാത്ത കുറ്റികള്‍, കലാപാനന്തര ജീവിതത്തെ പ്രതീകവത്കരിക്കുന്നതുപോലെ തോന്നി.
സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അവസരം ലഭിച്ച പലരും തകര്‍ക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങള്‍ക്കു സമീപം സര്‍ക്കാറോ സന്നദ്ധ സംഘടനകളോ നല്‍കിയ പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ ടെന്‍റുകള്‍ക്കകത്താണ് കഴിയുന്നത്. ഏതാണ്ട് അഞ്ചടി ഉയരവും പത്തടി നീളവുമുള്ളവയാണ് പൊതുവേ ടെന്‍റുകള്‍. അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങള്‍ ഇത്തരം ടെന്‍റുകള്‍ക്കകത്ത് മാസങ്ങളോളമാണ് ദുരിതംപേറി ജീവിക്കേണ്ടിവരുന്നത്. കിണറുകളും ടോയ്ലറ്റുകളും മറ്റും വേണ്ടവിധം ഉപയോഗയോഗ്യമാക്കാതെ നൂറുകണക്കിനാളുകള്‍ ഒരു പ്രദേശത്ത് താമസിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ അതിലേറെയാണ്. ഇപ്പോള്‍തന്നെ രോഗം വന്നാല്‍ ചികിത്സിക്കാന്‍ വഴിയില്ലാത്തവര്‍, മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികളുടെ പിടിത്തത്തില്‍ അകപ്പെട്ടാലുണ്ടാകുന്ന അവസ്ഥ പരമദയനീയമായിരിക്കും.
ചെറിയ ഷോപ്പുകളും തെരുവുകച്ചവടവും റിക്ഷ ചവിട്ടലും കൃഷിയും മറ്റുമായി ഉപജീവനം കണ്ടെത്തിയിരുന്നവര്‍ക്കു മുന്നില്‍ വരുമാനമാര്‍ഗങ്ങള്‍ തീര്‍ത്തും അടഞ്ഞുപോയിരിക്കുന്നു. വരുമാനത്തിന്‍െറ വഴികളെല്ലാം നിലച്ചുപോയവര്‍, ഭക്ഷണത്തിനും മരുന്നിനുപോലും പ്രയാസപ്പെടുമ്പോള്‍, വീടുകളും മറ്റും പുനര്‍നിര്‍മിക്കാന്‍ സാധിക്കുന്നതെങ്ങനെ? ദൂരെ പോയി ജോലി ചെയ്യാനുള്ള ഭയവും തങ്ങളുടെ പ്രദേശത്ത് ജോലി കിട്ടാനുള്ള പ്രയാസവും പലരെയും വീടുകളില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നു.
ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസമാണ് കലാപത്തോടെ പൂര്‍ണമായോ ഭാഗികമായോ വഴിമുട്ടിയത്. പ്രൈമറി ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ മുതല്‍ അപൂര്‍വമായി ഉയര്‍ന്ന ക്ളാസുകളില്‍ പഠിക്കുന്നവര്‍ വരെ പഠനം തടസ്സപ്പെട്ടവരിലുണ്ട്. പള്ളികളും മദ്റസകളുമൊക്കെ തകര്‍ക്കപ്പെട്ടതുകൊണ്ട് മതവിദ്യാഭ്യാസത്തിനുള്ള സാഹചര്യവും പലയിടത്തും ഇല്ലാതായിരുന്നു.
അടിയന്തര സ്വഭാവത്തില്‍ നടപ്പാക്കേണ്ട ബഹുമുഖമായ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി അസം ഗ്രാമങ്ങളില്‍ രംഗത്തുള്ളത് ജമാഅത്തെ ഇസ്ലാമി മാത്രമാണ്. കലാപബാധിത പ്രദേശങ്ങളില്‍നിന്ന് ബാക്കിയെല്ലാ സന്നദ്ധസംഘടനകളും സമുദായ പാര്‍ട്ടികളും പിന്‍വാങ്ങിക്കഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ അസം റിലീഫ് പദ്ധതിയുടെ ഭാഗമായി കുറെയേറെ ഗ്രാമങ്ങളില്‍ വീടുകള്‍, മദ്റസകള്‍, പള്ളികള്‍, കിണറുകള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുമായി 2013 ഫെബ്രുവരി വരെ നാലു കോടി രൂപ ചെലവിട്ടിരിക്കുന്നു. എന്നാല്‍, 140 ഗ്രാമങ്ങളിലെ പുനരധിവാസം ഏതെങ്കിലും ഒരു സംഘടനക്കു മാത്രം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതല്ല. വിവിധ സമുദായ സംഘടനകളുടെ കൂട്ടായ ശ്രമങ്ങള്‍ ഇതിന് ആവശ്യമാണ്.
രൂക്ഷമായ വര്‍ഗീയ കലാപത്തിന് ലക്ഷക്കണക്കിനുപേര്‍ ഇരകളായിട്ടും കലാപനാളുകളിലെ പത്രപ്രസ്താവനകള്‍ക്കപ്പുറം കാര്യമായ പുനരധിവാസ നടപടികളൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ചെറിയൊരു ധനസഹായവും പ്ളാസ്റ്റിക് ഷീറ്റും, പാലിക്കാതെപോകുമെന്നുറപ്പുള്ള കുറെ വാഗ്ദാനങ്ങളുമാണ് ഗവണ്‍മെന്‍റ് നല്‍കിയത്. ബോഡോലാന്‍ഡില്‍ ബോഡോകളുടെ പ്രത്യേക ഭരണ സംവിധാനമുണ്ട്. അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളുടെ ഭാഗത്തുനിന്ന് ഇരകളായ മുസ്ലിം സമുദായത്തിന് ആശ്വാസകരമാകുന്ന പുനരധിവാസ നടപടികള്‍ ഒന്നുംതന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഒട്ടേറെ മുസ്ലിം എം.എല്‍.എമാരും മന്ത്രിമാരും അസമിലുണ്ട്. അവര്‍ കലാപബാധിതരുടെ കാര്യത്തില്‍ കാര്യമായൊന്നുംചെയ്തിട്ടില്ല. കേന്ദ്രത്തിലാകട്ടെ, നിരവധി മുസ്ലിം എം.പിമാരും മന്ത്രിമാരുമുണ്ട്. അസമില്‍ ഒരു ന്യൂനപക്ഷ വിരുദ്ധകലാപം നടന്നിരുന്നതായി ഇപ്പോള്‍ അവര്‍ ഓര്‍ക്കുന്നതിന്‍െറ ലക്ഷണമൊന്നും കാണുന്നില്ല. അതിന്‍െറ സുപ്രധാന സാക്ഷ്യമാണ് കൊക്രജര്‍ ജില്ലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന രണ്ട് അഭയാര്‍ഥിക്യാമ്പുകളില്‍ പട്ടിണികിടക്കുന്ന 1500ഓളം കലാപബാധിതര്‍.
(അവസാനിക്കുന്നില്ല)http://www.madhyamam.com/news/222871/130426

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates