Tuesday 21 May 2013

സ്‌നേഹം എന്റെ മതം കമലസുരയ്യ എം.എന്‍. കാരശ്ശേരി

സ്‌നേഹം എന്റെ മതം
എം.എന്‍. കാരശ്ശേരി


എം.എന്‍. കാരശ്ശേരി: ഓര്‍മ്മ ണ്ടോ?
കമലാ സുറയ്യ: നമ്മള്‌ തമ്മില്‌ കണ്ട്‌ട്ട്‌ ല്ല്യ, ല്ലേ?
എന്റെ ദൈവമേ! നമ്മള്‌ തമ്മില്‌ ഒര്‌പാട്‌ തവണ കണ്ടിട്ടൂണ്ട്‌, വര്‍ത്താനം പറഞ്ഞിട്ടൂണ്ട്‌. 
അതേയോ. പക്ഷേ ഇവടെ ഈ വീട്ടില്‌ വന്ന്‌ട്ട്‌ല്ല. ഉവ്വോ?
ഇവടെ വന്ന്‌ട്ടൂണ്ട്‌. ഒരിക്കെ ബാലചന്ദ്രന്‍ ചുള്ളിക്കാടും ഞാനുംകൂടിയാ വന്നത്‌. അന്ന്‌ മൂന്നാല്‌ മണിക്കൂറ്‌ വര്‍ത്താനം പറഞ്ഞിര്‌ന്നത്‌ ഓര്‍മ്മല്ലേ?
ഈസിറ്റ്‌? എന്റെ കുട്ട്യേ, എനിക്കതൊന്നും തീരെ ഓര്‍മ്മ ല്ല്യ. കാരശ്ശേരീന്ന്‌ ഒര്‌ പേര്‌ ഓര്‍മ്മ ണ്ട്‌. അത്രന്നെ. അമ്മടെ അല്‍ഷിമേഴ്‌സ്‌ എനിക്കും വന്നൂന്നാ തോന്ന്‌ണേ.
അയ്യോ! നിങ്ങള്‍ക്കതൊന്നും ല്ല. ഉണ്ടെങ്കില്‌ ജാനുവമ്മേടെ കഥേല്‌ ഇത്ര കൃത്യായിട്ട്‌ പഴേ കാര്യങ്ങള്‌ വര്വോ?
നിങ്ങളൊക്കെ ജാനുവമ്മടെ കഥ വായിക്ക്‌ണ്‌ ണ്ടോ?
ഇതെന്ത്‌ ചോദ്യാ? മലയാളം വീക്‌ലി കയ്യിക്കിട്ട്യാ ഞങ്ങളൊക്കെ ആദ്യം അതല്ലേ വായിക്ക്യാ!
ആണോ? ശരിക്കും?
അതെ.
ഇഷ്‌ടാവ്‌ണ്‌ണ്ടോ ജാനുവമ്മേടെ കഥ?
നല്ല ചോദ്യം! അത്‌ ഇഷ്‌ടാവാത്ത ആരാ ഉണ്ടാവ്‌ആ?
ഈ കാരശ്ശേരി വെറ്‌തെ നൊണ പറ്യാണ്‌. എന്നിട്ട്‌ റീഡേഴ്‌സ്‌ അങ്ങനെയൊന്നും കത്തെഴ്‌ത്‌ണില്ല്യല്ലോ!
അത്‌ പിന്നെ വീക്കിലിക്കാര്‍ക്ക ്‌ കൊട്‌ക്കാന്‍ സ്ഥലം ഇല്ലാഞ്ഞ്‌ട്ടാവും.
അത്‌ പാട്വോ? എഴ്‌ത്ത്‌കാര്‌ എഴ്‌തണത്‌ റീഡേഴ്‌സിന്‌ വേണ്ടീട്ടല്ലേ. അപ്പോ അവര്‌ടെ സന്തോഷം അറിഞ്ഞാലല്ലേ, നമ്മക്ക്‌ പിന്നീം എഴ്‌താന്‍ പറ്റൂ.
മാധവിക്കുട്ടീടെ എഴ്‌ത്ത്‌ ഇഷ്‌ടാന്ന്‌ ഇനി ആരെങ്കിലും രേഖപ്പെട്‌ത്തീട്ട്‌ വേണോ?
ആണോ? ഇതൊക്കെ കാരശ്ശേരി വെറ്‌തെ മുഖസ്‌തുതി പറയ്യാന്നാ എനിക്ക്‌ തോന്ന്‌ണേ.
അതിരിക്കട്ടെ. ഞാന്‍ വേറൊര്‌ കാര്യം ചോദിക്കാം.
അല്ലാ, കാരശ്ശേരി നാസ്‌തികനാണോ?
അയ്യോ, ആരാ ഇത്‌ പറഞ്ഞേ?
പറഞ്ഞത്‌ ആരെങ്കിലും ആവട്ടെ. കാരശ്ശേരി നാസ്‌തികനാന്നും ഇന്റര്‍വ്യൂ സമ്മതിക്കര്‌ത്‌ന്നും എന്റെ ചെല ഫ്രന്റ്‌സ്‌ പറഞ്ഞു. റിയലി? ആര്‍ യു ആന്‍ ഏതീയിസ്റ്റ്‌?
നോ. നോട്ട്‌ അറ്റോള്‍. ദൈവം ഇല്ലാന്ന്‌ ഞാന്‍ ഇന്നത്തെ തിയ്യതി വരെ വിചാരിക്ക്യേ, പറയ്യേ ഒന്നും ഉണ്ടായിട്ട്‌ല്ല
പിന്നെന്താ അങ്ങനെ പറ്യാന്‍?
ഞാനിപ്പോ ചേകനൂര്‍ക്കേസിലൊക്കെ എടപെട്ടതോണ്ടാവും. അത്‌ തെറ്റാന്ന്‌ നിങ്ങള്‌ പറ്യോ?
ചേകനൂര്‍ മൗലവിയെ കൊന്നത്‌ വെല്ല്യ അന്യായമാണ്‌. ഇസ്ലാം എന്റെ മതാണ്‌. ആ മതത്തിന്റെ പേരില്‌ അമ്മാതിരി അന്യായങ്ങള്‌ - ക്രൂവല്‍റ്റി - ചെയ്യാന്‍ പറ്റ്‌ല്ല. അതൊന്നും അല്ലാഹുവിന്റെ പേരില്‌ ചെയ്യ്‌ണതല്ല. പിശാചിന്റെ പേരില്‌ ചെയ്യ്‌ണതാ. അത്‌ പറേണേല്‌ എന്താ കുട്ടീ, തെറ്റ്‌? അതോണ്ട്‌ ദൈവല്ലാന്നാവ്വോ?
ചേകനൂര്‍ മൗലവീടെ വല്ല പുസ്‌തകവും വായിച്ച്‌ട്ട്‌ണ്ടോ?
ഇല്ല്യ. എനിക്കെവടെയാ കാരശ്ശേരീ നേരം? എത്ര ആളോള്‌ വരും ഇവടെ? എത്ര ആള്‌ ഫോണ്‍ ചെയ്യും? അവരോടൊക്കെ വര്‍ത്തമാനം
പറയണ്ടേ. ചേകനൂര്‍ മൗലവി എന്താ പറഞ്ഞേന്ന്‌ എനിക്ക്‌ നിശ്ചല്ല്യ. അതല്ലല്ലോ. അദ്ദേഹത്തിനെ കൊല്ലാന്‍ പാട്വോ? ഒരാള്‍ക്കിഷ്‌ടല്ലാത്തത്‌ പറഞ്ഞൂന്ന്‌ വെച്ച്‌ട്ട്‌ വേറൊരാളെ കൊല്ല്വേ? എന്താ ഇത്‌! ഇസ്ലാം കാരുണ്യത്തിന്റെ മതമാണ്‌. അതിന്റെ പേരില്‌ ഒരാളേം കൊല്ലാന്‍ സാധിക്കില്ല്യ.
ഞാന്‍ നാസ്‌തികനാന്ന്‌ നിങ്ങള്‌ പറഞ്ഞപ്പം ജാനുവമ്മ പറയുമ്പോലെ �ഞാന്‍ അങ്ങട്ട്‌ ഇല്ല്യാണ്ടായി.�

ആണോ? ജാനുവമ്മേടെ വര്‍ത്തമാനൊക്കെ ഓര്‍മ്മയുണ്ട്‌, അല്ലേ?
ഇത്‌ എനിക്ക്‌ മാത്രല്ല, അനവധി ആള്‌കള്‍ക്ക്‌ ഓര്‍മ്മണ്ടാവും ഇപ്പോത്തന്നെ. �ഞാന്‍ അങ്ങട്ട്‌ ഇല്ല്യാണ്ടായി� എന്നത്‌ ഞങ്ങളൊക്കെ സംസാരത്തില്‌ ഉപയോഗിക്ക്‌ണ ഒരു ശൈലിയായിട്ട്‌ണ്ട്‌?
റിയലി! �ജാനുവമ്മ� ജീവിച്ചിരിക്ക്‌ണ ആളാണ്‌, ട്ടോ. പേര്‌ വേറെയാന്ന്‌ മാത്രം. 
ഇപ്പഴും കാണാറ്‌ണ്ടോ?
ഈയിടെയായിട്ട്‌ ഇവടെ വന്ന്‌ട്ട്‌ല്ല.
അതായത്‌ നിങ്ങള്‌ മുസ്ലിമായ ശേഷം-?
അതെ. എനിക്ക്‌ പഴേ ഫ്രന്റ്‌സൊക്കെ നഷ്‌ടായില്ലേ? ജാനുവമ്മ എന്റെ മക്കളെ നോക്കിയ ആളാ. സുന്ദരി. എനിക്ക്‌ വെല്ല്യ ഇഷ്‌ടാണ്‌, അവരെ. അവരെ കാണണംന്ന്‌ എനിക്ക്‌ മോഹംണ്ട്‌. അതോണ്ടാ മുസ്ലീമായേന്റെ ശേഷം അവര്‌ എന്നെ കാണാന്‍ വന്നൂന്ന്‌ ഞാന്‍ കഥേല്‌ എഴ്‌തീത്‌. ഞാന്‍ അങ്ങനെയാ, കാരശ്ശേരീ. എനിക്ക്‌ കിട്ടാത്തതൊക്കെ ഞാന്‍ കഥേല്‌ ഉണ്ടാക്കും. അത്‌ നമ്മക്ക്‌ സാധിയ്‌ക്കൂല്ലോ.
നിങ്ങള്‌ കമലാ സുറയ്യാന്ന്‌ പേര്‌ മാറ്റീട്ടും ജാനുവമ്മേടെ കഥ എഴ്‌തുന്നത്‌ �മാധവിക്കുട്ടി� എന്നുള്ള പേരിലാ. 

അതെന്താ, അങ്ങനെ?
ഓ.... അതൊന്നും എന്റെ വകയല്ല. ആ വീക്കിലിക്കാര്‌ പറഞ്ഞു, ഞങ്ങള്‌ പഴേ പേര്‌ തന്നെ കൊട്‌ക്കാന്ന്‌. എന്നാ അങ്ങനെ ആയ്‌ക്കോട്ടേന്ന്‌ ഞാനും പറഞ്ഞു. പേര്‌ എന്തായാലെന്താ? കഥയല്ലേ കാര്യം?
പിന്നെന്തിനാ പേര്‌ മാറ്റിയത്‌?
നല്ല പേരല്ലേ, സുറയ്യാ? ഇതേ, എന്റെ ഒര്‌ പുതിയ ജന്മാ. പുതിയ ജന്മത്തില്‌ പഴേ പേര്‌ പറ്റില്ല്യ.ല്ലേ?
ഇപ്പോ, പഴേ ഫ്രന്റ്‌സൊന്നും ഇല്ലാന്ന്‌ണ്ടോ?
ഒക്കെ പോയി കുട്ടീ. എനിക്കാരൂല്ല. ചെല മുസ്ലിംസ്‌ ആദ്യോക്കെഎന്നെ ആക്ഷേപിച്ചിര്‌ന്ന്‌. ഞാന്‍ ഇസ്ലാം മതം കേട്‌ വര്‌ത്തീന്ന്‌, ഇപ്പോ അതില്ല. ഇപ്പോ അവര്‌ ഡെയ്‌റ്റ്‌സും ഗിഫ്‌റ്റും ഒക്കെ അയയ്‌ക്ക്‌ണ്‌ണ്ട്‌. എന്നാലും എന്റെ കുടുംബക്കാരും പഴേ ഫ്രന്റ്‌സും ഒക്കെ എന്നെ വേണ്ടാന്ന്‌ വെച്ചു.
അതിലൊക്കെ വ്യസനം തോന്ന്‌ണ്‌ ണ്ടോ?

എന്തിനാ വ്യസിനിക്ക്‌ണ്‌? ഇത്‌ പുതിയ ജന്മല്ലേ? പുനര്‍ജന്മത്തില്‌ നമ്മടെ പഴേ ഫ്രന്റ്‌സൊക്കെ കൂടെ ഉണ്ടാവ്വോ? എനിക്കെന്തിനാ ആള്‌? എനിക്ക്‌ കൂട്ടുകാരനായിട്ട്‌ അല്ലാഹു ഉണ്ട്‌. അത്‌ മതി. 
നേര്‌ പറയാലോ: എനിക്ക്‌ നിങ്ങള്‌ മുസ്ലീമായേന്റെ അമ്പരപ്പ്‌ ഇപ്പഴും മാറീട്ടില്ല.
അതെന്താ കാരശ്ശേരീ, അങ്ങനെ പറയണത്‌? മുസ്ലിമാവ്‌ണത്‌ ചീത്തക്കാര്യാണോ?
അയ്യോ, അല്ലല്ല. ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടുംകൂടീല്ല, ഞാന്‍ എന്റെ കാര്യം പറയ്‌ ആയിരുന്നു. കുട്ടിക്കാലം തൊട്ട്‌ വായിച്ചും കേട്ടും പരിചയമുള്ള മാധവിക്കുട്ടിയായി എന്റെ സങ്കല്‍പത്തില്‌ ഒരാള്‌ണ്ട്‌. ആ ആള്‌ മതം മാറ്വാന്ന്‌ എനിക്ക്‌ സങ്കല്‍പിക്കാന്‍ പ്രയാസം. അത്രേള്ളൂ. അല്ലാതെ ഇസ്ലാംമതം സ്വീകരിച്ചതോണ്ടല്ല.
എന്നാല്‌ പലര്‍ക്കും ഇപ്പഴും ദേഷ്യാ. ഞാന്‍ മതം മാറീന്നുള്ളതല്ല, മുസ്ലിമായീന്ന്‌ ള്ളതാ ദേഷ്യം. ഇസ്ലാമിനോടുള്ള അറപ്പ്‌. ഞാന്‍ ഒരു പഴേ കാര്യം പറയാം. ഞാന്‍ ബോംബേല്‌ രണ്ട്‌ മുസ്‌ളിം കുട്ട്യോളെ ദത്തെടുത്ത്‌ വളര്‍ത്തീര്‌ന്നു. ഞാന്‍ അവരെക്കൊണ്ട്‌ എന്റെ വീട്ട്‌ലെ പൂജാപാത്രം കഴ്‌കിക്കും. എന്തിനാന്ന്‌ നിശ്ചണ്ടോ- എന്റെ വീട്ട്‌കാര്‍ക്ക്‌ ഇസ്ലാമിനോടുള്ള അറപ്പ്‌ പോവാന്‍.

അപ്പോ, ഇസ്ലാംമതത്തോട്‌ അന്നേ താല്‍പര്യായിര്‌ന്നോ?
അതല്ല. എനിക്കന്ന്‌ ഇസ്ലാമിനെപ്പറ്റീന്നല്ല, ഒര്‌ മതത്തെപ്പറ്റിയും ഒന്നും അറീല്യ. നമ്മളെവടെയാ മതം പഠിക്ക്‌ണത്‌? ഞാന്‍ വിചാരിച്ചൂ, ഒരു മതക്കാരോടും അറപ്പ്‌ ഉണ്ടാവ്‌ണത്‌ ശെരിയല്ലല്ലോന്ന്‌. അത്രേള്ളൂ.
എങ്ങനെയാണ്‌ പിന്നെ ഇസ്ലാംമതത്തില്‌ എത്തിയത്‌?
ഞാന്‍ ആദ്യം എത്തിയത്‌ മതത്തിലല്ല, പ്രേമത്തിലാ. ദാസേട്ടന്‍ മരിച്ചു. കുട്ടികളൊക്കെ ഓരോ വഴിക്കായി.ഞാന്‍ വല്ലാതെ ഒറ്റപ്പെട്ട്‌ പോയി. ആ സമയത്ത്‌ ഒരാളും ഞാനായിട്ട്‌ അടുപ്പത്തിലായി. ആ അനുഭവം എന്നെ പിടിച്ചുകുലുക്കി. ഈ പ്രായത്തിലും ആകര്‍ഷണീയമായി എനിക്ക്‌ ചെലതൊക്കെ ഉണ്ട്‌ എന്ന അറിവ്‌ വല്ലാത്തതായിരുന്നു. എന്റെ യൗവനം മടങ്ങിവന്നു. ഞാന്‍ ശരിക്കും കാമുകിയായി. ജീവിതം ഒരാഘോഷായി. അദ്ദേഹം മുസ്ലിമാ. ഞങ്ങള്‌ സംസാരിക്കുമ്പഴൊക്കെ മതം ചര്‍ച്ച ചെയ്യും. എനിക്ക്‌ അത്‌ വരെ ഒര്‌ മതത്തെപ്പറ്റിയും ഒന്നും അറിഞ്ഞൂടായിര്‌ന്ന്‌. എനിക്കെന്താ വിവരള്ളത്‌? ഞാന്‍ എന്താ പഠിച്ച്‌ട്ട്‌ള്ളത്‌? പത്താം ക്ലാസില്‌ തോറ്റപ്പോ അച്ഛന്‍ എന്നെ കല്യാണം കഴിച്ചു വിട്ടു. 16-ാം വയസ്സില്‌ പെറ്റു. പിന്നെയും കുട്ടികള്‌ ഉണ്ടായി. പിന്നെ, എന്റീശ്വരാ! എന്തൊക്കെ തെരക്ക്‌കള്‌... അദ്ദേഹവുമായി സംസാരിച്ചപ്പഴാ എന്താ മതം എന്ന്‌ ആലോചിക്കാന്‍ തൊടങ്ങീത്‌. ഇസ്ലാം മതത്തെപ്പറ്റി നല്ല പാണ്ഡിത്യമുള്ള ആളാ അദ്ദേഹം. അതിന്റെ ഭംഗികളൊക്കെ എനിക്കപ്പഴാ തിരിഞ്ഞ്‌ കിട്ടീത്‌.
ആവശ്യപ്പെട്ടിട്ടാണോ മുസ്ലിമായത്‌?
ഹേയ്‌.....അദ്ദേഹം അങ്ങനത്തെ ആളല്ല. അദ്ദേഹം അതൊന്നും പറഞ്ഞിട്ട്‌ല്ല്യ.
പിന്നെ?
അദ്ദേഹത്തിനെ കല്യാണം കഴിക്കാന്ന്‌ വിചാരിച്ചിട്ട്‌ ഞാന്‍ സ്വന്തം നെലയ്‌ക്ക്‌ മാറീതാ.
എന്നിട്ട്‌? 
എന്നിട്ടെന്താ? അദ്ദേഹത്തിന്‌ വാക്കു പാലിക്കാന്‍ കഴിവില്ലാതായി. അപ്പോ ഞാന്‍ വിചാരിച്ചൂ, അല്ലാഹു എന്നെ രക്ഷിക്കാന്‍വേണ്ടി കണ്ടുവച്ച വഴിയാവും ഈ പ്രേമം എന്ന്‌. ഞാന്‍ അല്ലാഹുവിന്റെ വഴിയിലെത്തീലേ, എനിക്ക്‌ അതുമതി. ഞാന്‍ പ്രേമത്തിന്റെ വഴിക്ക്‌ വന്നു. അത്രേള്ളൂ. അപ്പഴാ, ഹിന്ദുമതവും ഇസ്ലാംമതവും തമ്മിലുള്ള പല വ്യത്യാസങ്ങളും എനിക്ക്‌ മനസ്സിലായത്‌.

ഒരുദാഹരണം പറയ്വോ?
എത്ര ഉദാഹരണം വേണം കാരശ്ശേരീ? ഇതൊക്കെ ഞാന്‍ പറയാതെതന്നെ കാരശ്ശേരിക്കറീലേ? ഇപ്പോ എന്റെ കാര്യേട്‌ത്തോളൂ. ഞാന്‍
ഒരു വിധവയാ. എന്ന്‌ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവ്‌, ദാസേട്ടന്‍ മരിച്ച്‌ പോയി. അത്‌ എന്റെ ദുര്യോഗം. കഷ്‌ടകാലം. അങ്ങനെ കഷ്‌ടം അനുഭവിക്ക്‌ണ ഒര്‌ സ്‌ത്രീയാണ്‌ ഞാന്‍. എന്നോട്‌ കൂടുതല്‌ സ്‌നേഹവും പരിഗണനയും കാണിക്ക്വല്ലേ വേണ്ടത്‌? ഹിന്ദുക്കള്‌ എന്താ ചെയ്യാന്ന്‌ 
നിശ്ചണ്ടോ? അവര്‍ക്ക്‌ വിധവ അശ്രീകരാ. കണികാണാന്‍ കൊള്ളാത്ത സാധനം. കാരശ്ശേരിക്കറിയ്വോ, ന്റെ അയല്‌ക്കാരികള്‌ മുമ്പ്‌ രാവിലെ എന്നെ കാണുംന്ന്‌ തോന്നിയാല്‌ വിന്‍ഡോസ്‌ അടച്ച്‌ കളയും. അമ്പലത്തില്‌യ്‌ക്ക്‌ പോവുമ്പളാച്ചാ, അവര്‌ എന്നെ കണ്ടതും വീട്ടില്‌ക്ക്‌ തിരിച്ചോടും. ഒന്നാലോചിച്ച്‌ നോക്കു. ക്രൂവല്‍റ്റിയല്ലേ? ഹിന്ദുക്കളുടെ കൂട്ടത്തില്‌ ചെലര്‌ ഭര്‍ത്താവിന്റെ ചിതേല്‌ ചാടി മരിക്കും. എന്തിനാ? സ്‌ത്രീക്ക്‌ ഒര്‌ ജീവിതം ഇല്ലേ? വേണ്ടതല്ലേ? ഞാന്‍ നോക്കുമ്പള്‌ ഇസ്ലാം മതത്തില്‌ ഇങ്ങനെയൊന്നൂല്ല. വിധവകളോട്‌ ആ മതം കാരുണ്യം കാണിക്കും. ദേ കാന്‍ റീമാരി. പ്രേമം ഇല്ലാതെ എന്ത്‌ ജീവിതം? സ്‌ത്രീക്ക്‌ എപ്പഴും കൂട്ട്‌ വേണം. പ്രേമം കിട്ടണം. അതിനു പ്രായമൊന്നും പ്രശ്‌നമല്ല. അതു ശാരീരികമല്ല. ഞാന്‍ കല്യാണം കഴിക്കാന്‍ നടക്ക്വാന്ന്‌ എന്റെ നാട്ടുകാര്‌ പറയും. എന്താ കല്യാണം കഴിച്ചാല്‌? ആളോള്‌ക്ക്‌ ഇഷ്‌ടാവില്ല്യ. അസൂയയാ. ഈ പെണ്ണുങ്ങക്കൊക്കെ അസൂയയാ. ഈ പ്രായത്തില്‌ കമലെ പ്രേമിക്കാന്‍ ആള്‌ണ്ടായല്ലോന്ന്‌. അല്ലാണ്ടെന്താ? ഞാന്‍ എന്താ എന്റെ വീട്ടില്‌ ഒര്‌ �അശ്രീകരാ�യിട്ട്‌ ഇരിക്കണോ? ഇവര്‍ക്ക്‌ അമ്പലത്തില്‌ പോണംച്ചിട്ട്‌ ഞാന്‍ വീട്ടില്‌ വാതിലും വിന്‍ഡോസും ഒക്കെ അടച്ച്‌ കുത്തിയിരിക്കണോ? എനിക്കെന്താ വേണ്ടത്‌ നിശ്ചണ്ടോ? ചിരിക്കണം. ധാരാളം ചിരിക്കണം. അല്ലാതെ ശാരീരികമായ മോഹങ്ങളൊന്നൂല്ല. ദാസേട്ടനോട്‌ ഞാന്‍ കല്യാണം കഴിഞ്ഞ കാലത്തേ പറയും: �ദാസേട്ടാ, എന്നെ കെട്ടാന്‍ ഒര്‌ മാഷ്‌ വരും. അയാള്‍ക്ക്‌ നല്ല പ്രായണ്ട്‌. പക്ഷേ വളരെ സ്‌നേഹള്ള ആളാ. എന്നെ നല്ലോണം നോക്കും. പരിഷ്‌ക്കാരം കുറഞ്ഞ ആളാ. സാധു. ഒരീസം വന്ന്‌ എന്നെ വിളിക്കും. അന്നു ഞാന്‍ കൂടെപ്പോവും.� അപ്പോഴൊക്കെ പാവം ദാസേട്ടന്‍ പറയും: �ആ മാഷ്‌ വന്ന്‌ വിളിച്ചാല്‌ ആമി പൊയ്‌ക്കോളൂ.� ഞാന്‍ ആ മാഷെ ജീവിതകാലം മുഴുവന്‍ കാത്തിരുന്നു. മരിക്കണേന്റെ ഒരാഴ്‌ച മുമ്പ്‌ ദാസേട്ടന്‍ എന്റെ കയ്യ്‌ പിടിച്ച്‌ തലോടിക്കൊണ്ട്‌ ചോദിക്ക്യാ, �ആമീ, ആമീടെ ആ മാഷ്‌ വന്നില്ല്യ അല്ലേ?� എനിക്ക്‌ വ്യസനായി. പാവം ദാസേട്ടന്‍! നല്ല ആളായിര്‌ന്ന്‌. എന്നോട്‌ വെലിയ വാത്സ്യല്ലേര്‍ന്ന്‌...
സ്‌ത്രീകള്‍ക്ക്‌ പല തരം അസ്വാതന്ത്ര്യങ്ങള്‌ ഇസ്ലാമിലും ഇല്ലേ?
എന്ത്‌ അസ്വാതന്ത്ര്യം? അതൊക്കെ വെറുതെ പറയിണതാ കാരശ്ശേരീ. കാരശ്ശേരി അതൊന്നും വിശ്വസിക്കണ്ട; പറയും വേണ്ട.
അത്തരം ചര്‍ച്ചകള്‌ ശ്രദ്ധിച്ച്‌ട്ട്‌ണ്ടോ?
ഇല്ല്യ. എന്തിനാ അതൊക്കെ? ഒക്കെ ഇസ്ലാമിനോടുള്ള വിരോധംകൊണ്ട്‌ പറയണതാ. പ്രേമത്തിനും കല്യാണത്തിനും ആ മതത്തില്‌ തടസ്സൊന്നൂല്ലല്ലോ. അതു നോക്കിയാ പോരേ? സ്‌ത്രീകള്‍ക്ക്‌ വേറെയെന്താ വേണ്ടത്‌? ആണുങ്ങക്ക്‌ വേറെയെന്താ വേണ്ടത്‌? വിധവകള്‌ അശ്രീകരങ്ങളാന്ന്‌ പറയുന്ന ക്രൂവല്‍റ്റി മുസ്ലിംസ്‌ കാണിക്ക്‌ണ്‌ല്ല്യ. അതു മാത്രം പോരേ എനിക്ക്‌?
ഇപ്പോ ഇസ്ലാം മതം അനുഷ്‌ഠിച്ചിട്ടോണ്ടാണോ ജീവിക്ക്‌ണത്‌?
എന്താ സംശയം? ഞാന്‍ നല്ല മുസ്ലിമായി ജീവിക്കാന്‍ ശ്രമിക്ക്യാ. എനിക്ക്‌ അല്ലാഹുവിനോടു വളരെ നന്ദിണ്ട്‌. ഐ ആം റിയലി ഗ്രെയ്‌റ്റ്‌ ഫുള്‍ റ്റു ആള്‍മൈറ്റി അല്ലാഹ്‌. പ്രേമം വന്നതില്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. അതില്‌ വഞ്ചിക്കപ്പെട്ടതില്‌ അതിലേറെ സന്തുഷ്‌ടയാ-
അതെന്താ, അങ്ങനെ?
ആ കല്യാണം നടന്നിര്‌ന്നെങ്കില്‌ ഞാന്‍ പ്രേമം മാത്രേ കാണൂ. അല്ലാഹുവിനെ കാണില്ല. ഇപ്പോ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല, എല്ലാ വ്യക്തികളോടുമാണ്‌; അല്ലാഹുവിനോടാണ്‌. അതിന്റെ സന്തോഷം എത്രയാണെന്നറിയ്വോ? അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു. ഞാന്‍ ആ പാതയിലൂടെ നടന്ന്‌ എത്തീത്‌ അദ്ദേഹത്തിന്റെ അട്‌ത്തല്ല, അല്ലാഹുവിന്റെ അടുത്താണ്‌. അതു ചെറിയ കാര്യാണോ? ഇതൊന്നും പറഞ്ഞ്‌ കേട്ടാല്‌ മനസ്സിലാവില്ല്യ. അനുഭവിച്ചാലേ അറിയൂ. എക്‌സ്‌പീരിയന്‍സ്‌ ചെയ്യണം.
പ്രേമത്തില്‌ പറ്റിയ നിരാശകൊണ്ട്‌ മതത്തിന്റെ വഴിക്ക്‌ തിരിഞ്ഞൂന്ന്‌ പറഞ്ഞുകൂടേ?
എന്തിനാ അങ്ങനെ പറയിണത്‌? അതു ശെരിയല്ല. ഐ ആം നോട്ട്‌ ഡിപ്രസ്സ്‌ഡ്‌. എനിക്കു ഡിപ്രഷനേ ഇല്ല. ഏറ്റവും വലിയ ഹാപ്പിനെസ്സ്‌ കണ്ടെത്തിയ ആള്‍ക്ക്‌ ഡിപ്രഷന്‍ ഉണ്ടാവ്വോ? പ്രേമവും മതവും വേറെ വേറെ വഴികളാന്ന്‌ വിചാരിച്ചിട്ടാ അങ്ങനെ പറയണത്‌. അതങ്ങനെയല്ല. രണ്ടിനും ഒര്‌ വഴി തന്നെയാ. രണ്ടും ഒന്ന്‌ തന്നെയാ.
നിങ്ങള്‌ മുസ്ലിമായതിനെപ്പറ്റി മുസ്ലിംലീഗ്‌കാര്‌ എന്താ പറഞ്ഞേ?
അവരൊന്നും വല്ലാണ്ട എന്റെ അട്‌ത്തേക്ക്‌ അട്‌ത്തിട്ട്‌ല്ല. ദേ ആര്‍ അഫ്രെയ്‌ഡ്‌ ഓഫ്‌ മീ. അവരോട്‌ ആരോ പറഞ്ഞ്‌ട്ട്‌ണ്ടാവും, മാധവിക്കുട്ടി ഇനി തിരിച്ചു മതം മാറൂലാന്ന്‌ ഒറപ്പൊന്നും ഇല്ല്യാന്ന്‌.
അതിനും ഒരു സാധ്യത ണ്ടോ? 
നോ കാരശ്ശേരീ, നോ. ഞാന്‍ സത്യം കണ്ടെത്തിക്കഴിഞ്ഞ സ്‌ത്രീയാണ്‌. ദിസ്‌ ഈസ്‌ ദി ആള്‍ട്ടിമേറ്റ്‌ ട്രൂത്ത്‌. ഞാന്‍ ഇനി എങ്ങട്ടൂല്ല.
അപ്പോ, വേറെ മതങ്ങളൊന്നും സത്യല്ലാന്ന്‌ വരില്ലേ?
അതൊന്നും എനിക്കു നിശ്ചല്ല. ഞാന്‍ പണ്‌ഡിതയല്ല. എനിക്കു തര്‍ക്കിക്കാനൊന്നും വശല്ല. ഞാന്‍ എന്റെ കാര്യാ പറയണ്‌. എന്നെ സംബന്ധിച്ച്‌ ഇതാ സത്യം. വേറെ ഏതു മതത്തെപ്പറ്റി എനിക്കെന്ത്‌ വിവരാ ഉള്ളത്‌? അവരെയൊന്നും ഞാന്‍ കുറ്റം പറയില്ല. ഞാന്‍ എന്തിനാ കുറ്റം പറയിണത്‌?
വനിതാ ലീഗിനെപ്പറ്റി എന്തു തോന്ന്‌ന്ന്‌?
പാവങ്ങള്‌. ഒരധികാരോല്ല. ഒരവകാശോല്ല. സാധുക്കളാ. ഖമറുന്നീസാ അന്‍വറൊക്കെ നല്ല സ്‌ത്രീയാ.
മുസ്ലീം സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‌ ഇടപെടണം ന്ന്‌ അവരോട്‌ പറഞ്ഞൂടെ?
അവര്‍ക്കെന്തു പ്രശ്‌നാ?
ഡൈവോഴ്‌സ്‌ വലിയ പ്രശ്‌നമല്ലേ?
ഇതൊക്കെ മുസ്ലിം വിരുദ്ധന്മാര്‌ പറഞ്ഞ്‌ ണ്ടാക്ക്‌ണതാ. അത്ര ഡൈവോഴ്‌സൊന്നും ഇപ്പോഴില്ല. ഡൈവോഴ്‌സ്‌ ചെയ്‌താലെന്താ? റീമാര്യേജ്‌ ഉണ്ടല്ലോ. റീമാരി ചെയ്യാന്‍ പാടില്ലാന്ന്‌ പറയുന്നോര്‌ ഡൈവോഴ്‌സ്‌ ചെയ്യാന്‍ പാടില്ല. അത്രേള്ളു. ഇസ്ലാമിനെതിരായിട്ട്‌ ഞാന്‍ ഒന്നും പറയില്യ. അല്ലാഹു എന്റെ അകത്തുണ്ട്‌. ഞാന്‍ അല്ലാഹുവിന്റെ അകത്തും ഉണ്ട്‌. ഖുറാനാണ്‌ എന്റെ ഗുരു. മനുഷ്യമ്മാര്‌ ഗുരുവായാ പറ്റില്ല. മനുഷ്യമ്മാരെ ആരാധിച്ചാലും പറ്റില്ല. അതൊക്കെ ഒര്‌ വകയാ. അല്ലാമാ യുസുഫലിയുടെ ഖുറാന്‍ തര്‍ജമ ഞാന്‍ വായിക്ക്‌ണ്‌ണ്ട്‌. അല്ലാഹു എന്നോട്‌ സംസാരിക്കുന്ന മാതിരി എനിക്ക്‌ തോന്നും. എന്നെ മാതിരി ഖുറാനെപ്പറ്റി വിചാരിക്ക്‌ണോര്‌ വേറീംണ്ടാവും.
ഇസ്ലാമിനെപ്പറ്റി കൂടുതല്‌ മനസ്സിലാക്കിയത്‌ എങ്ങനെയാ?
ഞാന്‍ ഒരുപാട്‌ ആള്‌കളോട്‌ വര്‍ത്തമാനം പറയിണ്‌ണ്ട്‌. അതില്‌ മതപണ്‌ഡിതന്മാരും ഉണ്ട്‌. അവരൊക്കെ പറയുന്നത്‌ കേട്ട്‌ മനസ്സിലാക്കും. കൊറച്ചൊക്കെ വായിക്കും. എനിക്ക്‌ അധികം വായിക്കാന്‍ വയ്യ. യൂസുഫുല്‍ ഖര്‍ദാവീന്ന്‌ കേട്ട്‌ട്ട്‌ണ്ടോ?
ഉണ്ട്‌. ഖത്തറിലെ ഇസ്ലാംമത പണ്‌ഡിതനല്ലേ?
യെസ്‌. അദ്ദേഹം തന്നെ. അദ്ദേഹത്തില്‍നിന്നാണ്‌ ഇസ്ലാമിനെപ്പറ്റി ഞാന്‍ അധികവും മനസ്സിലാക്കിയത്‌. മഹാപണ്‌ഡിതനാണദ്ദേഹം. അദ്ദേഹത്തിനെ മാതിരിയുള്ളവരുണ്ടെങ്കില്‌ നമ്മളെന്തിനാ വായിക്കുന്നത്‌?
ഇപ്പോത്തെ മലയാള സാഹിത്യൊന്നും നോക്ക്‌ണ്‌ല്ലേ?
ഈശ്വരാ! എങ്ങനെയാ അതൊക്കെ വായിക്യാ? എഴ്‌ത്‌ണോര്‌ക്ക്‌ മനുഷ്യര്‌ വായിക്കരത്‌ എന്ന്‌ ശാഠ്യാ. ഹൊറിബ്‌ള്‍. ഒന്നും വേണ്ട, കുട്ടീ.
ഒ.വി വിജയന്റെ കാര്യോ?
വിജയനെ എനിക്കിഷ്‌ടാണ്‌. ഹി സ്റ്റുഡ്‌ ബൈ മി. ഞാന്‍ മുസ്ലിമായപ്പോ എന്റെ കൂടെ നിന്നു. നല്ല എഴുത്തുകാരനാ. മലയാളം എഴുതും. കഥയും എഴ്‌തും.
മുസ്ലിമായപ്പോ മറ്റാരും കൂടെ നിന്നില്ലേ?
വിജയന്‍ നിന്നു. പിന്നെ സക്കറിയ, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, വിജയലക്ഷ്‌മി..... അങ്ങനെ കുറച്ച്‌ പേര്‌ നിന്നു. അതു പോട്ടെ. നല്ല ചോദ്യങ്ങള്‌ ചോദിക്കു കാരശ്ശേരീ, ഉപദ്രവണ്ടാക്കരുതേ! എന്തൊക്ക്യാ ഓരോരുത്തര്‌ ചോയിക്ക്യാ? നമ്മ്‌ള്‌ എന്തെങ്കിലുമൊക്കെപ്പറയും. ന്നട്ടെന്താ? ഇഷ്‌ടള്ളതൊക്കെ എഴ്‌ത്വാ. നമ്മള്‌ പറേണ്‌ത്‌ ആവില്ലാ എഴുത്വാ. പീറ ചോദ്യങ്ങള്‌. പീറ ഉത്തരങ്ങള്‌. ന്നട്ട്‌ നമ്മക്കെന്താ ചെയ്യാന്‍ പറ്റ്വാ? ഞാന്‍ ശപിക്കുംന്ന്‌ പറയും. കാരശ്ശേരിക്കറിയ്യോ, ഞാന്‍ ശപിച്ചാല്‌ ഫലിക്കും. എല്ലാര്‍ക്കും ന്റെ ശാപം പേട്യാ. നല്ലോണം കര്‌തിക്കോളൂ, ട്ട്വോ. വേണെങ്കില്‌ ഞാന്‍ ഈ കട്ട്‌ല്‌നെ ശപിച്ചു കാണിച്ചുതരാ. ഇപ്പം അങ്ങട്ട്‌ പൊളിഞ്ഞ്‌ വീഴും. കാണണോ? വരട്ടെ, ല്ലേ. ഞാന്‍ ശപിക്കൊന്നൂല്ല. എനിക്ക്‌ ശപിക്കാന്‍ ഇഷ്‌ടല്ല. ങ്‌ ആ... ഇനി ചോദിച്ചോളൂ.
ഇന്ത്യാ - പാക്ക്‌ അതിര്‍ത്തിയില്‌ സംഘര്‍ഷണ്ട്‌. എല്ലാരും വളരെ ബേജാറിലാണ്‌. ഇതിനെപ്പറ്റി എന്താ പറയുന്നത്‌?
പാക്കിസ്ഥാന്റെ ഉദ്‌ഭവകാലം മുതല്‍ ഇങ്ങനെയൊരവസ്ഥ ണ്ട്‌.
തമ്മില്‌ വിശ്വാസല്ല്യ. ബൈബിളില്‌ വായിച്ച്‌ട്ട്‌ണ്ട്‌. ആദാമിനോട്‌ ദൈവം പറേണണ്ട്‌- ഞാന്‍ നിനക്കൊരു ഇണയെ ഉണ്ടാക്കിത്തരാം. ഇനി നിങ്ങള്‌ രണ്ടാളും സന്തോഷായി ജീവിച്ചോളൂന്ന്‌. അതേപോലെ നമ്മുടെ നാടിനു സ്വാതന്ത്ര്യം തന്നപ്പോ ഇംഗ്ലീഷുകാര്‌ പറഞ്ഞു - ഞാന്‍ നിന്റെ വാരിയെല്ലില്‍നിന്ന്‌ നിനക്കൊരു ശത്രുവിനെ ഇതാ ഉണ്ടാക്കിത്തരുന്നു. ഇനി 
നിങ്ങള്‌ തമ്മില്‌ തര്‍ക്കിച്ചും കലഹിച്ചും ജീവിച്ചോളൂ. അവര്‌ടെ ഒരു കുതന്ത്രായിരുന്നു, അത്‌. അവര്‌ പറഞ്ഞതൊക്കെ സമ്മതിച്ചത്‌ കാരണം നമക്ക്‌ ആ ഭാരം ഇപ്പഴും സഹിക്കണം. വാസ്‌തവമായിട്ട്‌ പറ്യാണെങ്കില്‌ 
നമ്മള്‌ ഇപ്പഴെങ്കിലും ആ തെറ്റ്‌ തിരുത്തണം. തിരുത്തണ്ട കാലായി. പാക്കിസ്ഥാനും ഇന്ത്യയും ഭാഗം പിരിഞ്ഞ കൂട്ടരാണ്‌. ഒരു തറവാട്ടുകാരാണ്‌. ഒരു താവഴിക്കാരാണ്‌. അവരും നമ്മളും ഒന്ന്‌തന്നെയാണ്‌. അവര്‌ടെ
മണവും നമ്മള്‌ടെ മണവും ഒന്നുതന്നെയാണ്‌. ഭക്ഷണരീതി ഒന്നുതന്നെയാണ്‌. കാലാവസ്ഥേം ഭൂപ്രകൃതീം ഒന്നാണ്‌. വേഷവും സാഹിത്യവും സംഗീതവുമെല്ലാം ഒരേ പാരമ്പര്യത്തില്‍ പെടുണു. അവര്‌ നമ്മള്‌ തന്നെയാണ്‌. അവരെ തിരിച്ച്‌ കൊണ്ട്‌വരണം. നമ്മളെല്ലാം കൂടി ശക്തമായ ഒരു രാജ്യമാവണം. അതിനുള്ള ശ്രമങ്ങളാ നടത്തേണ്ടത്‌. അല്ലാതെ യുദ്ധം ചെയ്‌തിട്ട്‌ ബ്രിട്ടീഷുകാരുടെ പ്ലാന്‍സ്‌ മുഴുവന്‍ ജയിപ്പിക്കുകയല്ല വേണ്ടത്‌. നമ്മുടെ സ്വന്തം പ്ലാനെന്താണ്‌? നമ്മുടെ സഹോദരനോടാണു നാം തല്ല്‌ കൂടുന്നത്‌. അതു പറ്റില്ല്യ. തല്ല്‌ കൂടിയാല്‍ ഒന്നും നേരേയാവില്ല്യ. സ്‌നേഹംകൊണ്ടു മാത്രം ഒര്‌ സൊല്യൂഷന്‍ കാണാന്‍ നോക്കണം.
പഴയ �അഖണ്‌ഡ ഭാരതം� വീണ്ടും ഉണ്ടാക്കാന്‍ സാധിക്ക്യോ?
സംശല്ല്യ. സാധിക്കും. സാധിക്കണം. ജനങ്ങള്‌ വിചാരിച്ചാല്‍ സാധിക്കും. ജനങ്ങള്‌ടെ പ്രതിനിധികള്‌ വിചാരിച്ചാല്‍ സാധിക്കും. ശരിക്കും ജനപ്രതിനിധികളാണ്‌ന്ന്‌ പറഞ്ഞ്‌ ഇരിക്ക്‌ണ ആള്‌കളെപ്പറ്റി മാത്രമല്ല ഞാന്‍ പറേണ്‌ത്‌. ഈ രാഷ്‌ട്രീയഭ്രാന്തൊന്നൂല്ലാത്ത സാധാരണ പാവപ്പെട്ട ജനങ്ങളെപ്പറ്റിയാ ഞാന്‍ പറിണ്‌ത്‌. ഒര്‌ നേരത്തെ ഊണ്‌ കിട്ടണംന്ന്‌ മോഹിക്കുന്നവര്‍... കുട്ട്യോളെ വളര്‍ത്തിണ്ടാക്കണംന്ന്‌ മോഹിക്കുന്നവര്‍... അവര്‍ക്കെന്തിനാ യുദ്ധം? അവര്‍ക്കെന്തിനാ അതിര്‍ത്തിത്തര്‍ക്കം? അവരെയാ ഞാന്‍ �ജനം� ന്ന്‌ പറേണത്‌.
പക്ഷേ, നമ്മുടെ അനുഭവം ആ പാക്കിസ്ഥാന്‍ തന്നെ പാക്കിസ്ഥാനും ബംഗ്ലാദേശുമായി പിരിഞ്ഞതാ. ഇനിയിപ്പോ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും എല്ലാം ചേര്‍ന്ന്‌ പഴേ �അഖണ്ഡ ഭാരതം� ഉണ്ടാവും ന്ന്‌ പ്രതീക്ഷിക്ക്‌ണത്‌ പ്രായോഗികാവ്വോ?
പ്രായോഗികാവാന്‍ ന്താ വേണ്ടത്‌? തല്ലീട്ടങ്ങട്ട്‌ കൊന്നോട്ടെ. എന്നാ പ്രായോഗികായില്ല്യേ? എവിടെയോ ഞാന്‍ വായിച്ച്‌ട്ട്‌ണ്ട്‌- ഞാനും എന്റെ ഭാര്യേം തട്ടാനുംമാത്രം ലോകത്തില്‌ ബാക്കിണ്ടായാ മതീന്ന്‌. അതേമാതിരി ആയ്‌ക്കോളൂ. ശവം ബറി ചെയ്യാനെങ്കിലും ആരെങ്കിലും വേണ്ടേ? പണ്ടത്തെ കുരുക്ഷേത്രയുദ്ധം മാതിരിയൊന്നും അല്ല, ഇപ്പോഴത്തെ യുദ്ധം. ന്യൂക്ലിയര്‍ ആയുധങ്ങളാ എല്ലാര്‌ടേം കയ്യില്‌. ജീവജാലങ്ങളൊക്കെ ഒട്‌ങ്ങും. ശവങ്ങള്‌ മറവ്‌ ചെയ്യാന്‍ ഒരാളെ കിട്ട്‌ല്ല. നോയ്‌ക്കോളൂ. അതോണ്ടാ ഞാന്‍ പറേണ്‌ത്‌. മനസ്സ്‌ല്‌ തട്ടീട്ടാ ഈ പറേണ്‌ത്‌.
ഇന്ത്യാ-പാക്ക്‌ പ്രശ്‌നത്തിന്റെയും ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന്റെയും അടിസ്ഥാനം കശ്‌മീരാന്ന്‌ പലരും വിചാരിക്ക്‌ണ്‌ണ്ട്‌. എന്താ തോന്നുന്ന്‌?
കശ്‌മീര്‍ വലിയ ഒരു വ്രണം തന്നെയാണ്‌. ഉണങ്ങാത്ത വ്രണം. പലരും പറഞ്ഞു, കാശ്‌മീരിനെപ്പറ്റി തൊറന്ന്‌ അഭിപ്രായം പറയണ്ടാന്ന്‌; രാജ്യദ്രോഹത്തിനു കേസെട്‌ത്തിട്ട്‌ കോയമ്പത്തൂര്‍ ജയിലില്‌ കൊണ്ടിടുംന്ന്‌. പക്ഷേ, പറയണ്ടത്‌ പറ്യാതിരിക്കാന്‍ സാധിക്ക്യോ? എനിക്ക്‌ ഭീരുത്വം ഒരു ദൗര്‍ബല്യമല്ല. എന്റെ ദൗര്‍ബല്യം വല്ലതുണ്ടെങ്കില്‌ അത്‌ പ്രേമായിരിക്കും. അതോണ്ട്‌ ഞാന്‍ തൊറന്ന്‌ പറേണൂന്ന്‌ മാത്രം. വാജ്‌പേയ്‌ ഒരിയ്‌ക്കെ പറഞ്ഞു: �കശ്‌മീര്‍ ഈസ്‌ ആന്‍ ഇന്റഗ്രല്‍ പാര്‍ട്ട്‌ ഓഫ്‌ ഇന്ത്യ.� അതൊരിക്കലും ഞങ്ങള്‌ വിട്ട്‌കൊടുക്കില്ല്യാന്ന്‌. എന്റെ അപ്പന്‍ഡിക്‌സ്‌ എന്ന അവയവം, വയറിന്‌ അകത്തുള്ള അവയവം, ഇറ്റ്‌ ഈസ്‌ ആന്‍ ഇന്റഗ്രല്‍ പാര്‍ട്ട്‌ ഓഫ്‌ മൈ ബോഡി. വെന്‍ ഇറ്റ്‌ ഗോട്ട്‌ ഇന്‍ഫെക്‌ടഡ്‌, ഐ ഹാഡ്‌ ഇറ്റ്‌ സര്‍ജിക്കലി റിമൂവ്‌ഡ്‌. ഇത്തരം ശസ്‌ത്രക്രിയ വേണ്ടിവരും. ബാക്കിള്ള ഭാഗം നില�നില്‍ക്കാനാണ്‌. ഇതാണ്‌�കശ്‌മീരിന്റെ അവസ്ഥ. കഴിഞ്ഞ 53 കൊല്ലമായി ഇന്ത്യ ചോര ചിന്തുകയാ. തര്‍ക്കം. ബഹളം. യു. എന്നില്‌ പോയിട്ട്‌ കെഞ്ച്വാ. അവര്‌ടെ സഹായം. മറ്റ്‌ രാജ്യക്കാര്‌ സഹായിക്കാനുള്ള ശ്രമം. ഇടപെടലുകള്‍. കശ്‌മീരില്‌ താമസിക്ക്‌ണ സാധാരണ ജനങ്ങള്‌, സ്‌ത്രീകള്‌, കുട്ടികള്‌ അവരൊക്കെ കഷ്‌ടപ്പെട്വാ. അവരെന്തു പെഴച്ചു? എന്തിനാ അവരിങ്ങനെ കണ്ണീര്‌ കുടിക്ക്‌ണത്‌? ഞാന്‍ പറയുന്നു: സെറ്റ്‌ ഇറ്റ്‌ ഫ്രീ. അതു പാക്കിസ്ഥാനും അധികാരല്ലാത്ത, ഇന്ത്യയ്‌ക്കും അധികാരല്ലാത്ത ഒര്‌ സ്വതന്ത്ര ദേശാവട്ടെ. കാരണം കശ്‌മീര്‍ ഭരണം ഒരിക്കലും, ഒരിക്കലും ശര്യായിട്ടില്ല. ഒരു ഭരണകൂടം വന്നിട്ടും അവ്‌ട്‌ത്തെ കാര്യം നേരെയായിട്ടില്ല. ചോര ചിന്തല്‌ അവസാനിച്ചിട്ടില്ല. എന്നും ബഹളം. കലാപം. രാവിലെ വീട്ടില്‍നിന്നെറങ്ങിപ്പോയ മകന്‍ മടങ്ങി വര്വോന്ന്‌ അമ്മയ്‌ക്കറീല്ല. ഭര്‍ത്താവ്‌ മടങ്ങിവര്വോന്ന്‌ ഭാര്യക്കറീല്ല. ആള്‌ മരിയ്‌ക്ക്‌ണൂ. ചോര ചിന്ത്‌ണൂ. ആ നാടിനു സ്വാതന്ത്ര്യം കൊട്‌ക്കൂ. അവടെക്കെടന്ന്‌ സ്വാതന്ത്ര്യത്തിനുവേണ്ടി അലമുറയിട്‌ണ രണ്ട്‌ ഗ്രൂപ്പ്‌കള്‌ണ്ട്‌ - അമാനുല്ലാഖാന്‍ ലണ്ടനിലാണ്‌. അദ്ദേഹമാണ്‌ പണം പിരിക്കുന്നത്‌. പിന്നെ അവിടെ മഖ്‌ബൂല്‍ ബട്ട്‌ ഇണ്ടേര്‍ന്നു. ബട്ട്‌ അവര്‌ടെ മഹാത്മാഗാന്ധിയേര്‌ന്ന്‌. നമ്മള്‌ പിടിച്ച്‌ ഡെല്‍ഹീ കൊണ്ടുപോയി ജയിലിലിട്ടു തൂക്കിക്കൊന്നു. എമര്‍ജന്‍സി കാലത്താണ്‌. രാഷ്‌ട്രീയത്തില്‌ ചെലപ്പഴൊക്കെ അങ്ങനെ വേണ്ടിവരും - ശത്രുക്കള്‌ന്ന്‌ പറഞ്ഞിട്ട്‌. പക്ഷേ, അതു പേപ്പറില്‌ ഇടര്‌ത്‌ എന്നാ ഞാന്‍ പറയ്‌ ആ. ഈ ഭരണകര്‍ത്താക്കള്‌ന്ന്‌ പറയുന്നോര്‌ ശ്രദ്ധിക്കേണ്ട ഒര്‌ കാര്യാത്‌ - ഇങ്ങനത്തെ വിഷയങ്ങളൊന്നും പേപ്പറില്‌ ഇടര്‌ത്‌. അതിന്റെ അനന്തരഫലങ്ങള്‌ പിന്നെ അനുഭവിക്കേണ്ടിവരും.
ഇസ്ലാമിനുവേണ്ടി ഉണ്ടായ രാഷ്‌ട്രാണ്‌ പാക്കിസ്ഥാന്‍ - അപ്പോ പിന്നെ അവിടെ മുസ്ലിംകള്‍ക്ക്‌ കൂടുതല്‌ സുഖാവ്‌അല്ലേ വേണ്ടത്‌?
അതു വെറ്‌തെ പറിണതാ. അത്‌ നാട്യമാണ്‌. ആള്‌കള്‌ വെറുതെ പറേണതാ. ജിന്നയെ പ്രൈം മിനിസ്റ്ററാക്കാന്‍ സമ്മതിച്ചില്ല. അപ്പോ
ജിന്നയെ ഇംഗ്ലീഷുകാരൊക്കെക്കൂടി മൂപ്പിച്ചിട്ട്‌ തൊടങ്ങീതാ. വി കുഡ്‌ ഹാവ്‌ മെയ്‌ഡ്‌ ഹിം ദി പ്രൈംമിനിസ്റ്റര്‍. ബ്രില്ല്യന്റ്‌ പേഴ്‌സണ്‍. നല്ലൊര്‌ പൊളിറ്റിക്കല്‍ ലീഡര്‍. എന്തു കൊണ്ടായില്ല? ഇവിടെ ഏതോ ഒരാള്‍ക്ക്‌ ഒര്‌ ആന്റി മുസ്ലിം ഫീലിംഗ്‌ ഉണ്ടായിരുന്നു. ജിന്നേ മൂപ്പിച്ചതും ബ്രിട്ടീഷുകാര്‌ തന്നെ. പാക്കിസ്ഥാനും ചോദിച്ച്‌ പോയ്‌ക്കോളൂന്ന്‌. മുറിക്കാന്‍ വേണ്ടീട്ടാ. കര്‍ട്ടനു പിന്നിലുള്ള ചലനങ്ങള്‌ നമ്മടെ ജനങ്ങള്‌ ശ്രദ്ധിക്കില്ല്യാ. അതിനെപ്പറ്റി മാധ്യമങ്ങളും മിണ്ടില്ല. പിന്നില്‌ത്തെ ചലനങ്ങള്‌ നോക്കി ശ്രദ്ധിച്ച്‌ ചിന്തിക്ക്‌ണ ആള്‌കള്‌ ഇന്ത്യയില്‌ ഇപ്പോഴും ണ്ട്‌. അവര്‍ക്കു വയസ്സായിട്ട്‌ണ്ടാവും. അവര്‍ക്ക്‌ അറിയാം. ആരൊക്കെയാ ഇതിന്റെ പിന്നില്‌ന്ന്‌ അവര്‍ക്കറിയാം. എനിക്ക്‌ മനസ്സിലാവ്‌ണില്ല. പാക്കിസ്ഥാനിലെ ഒരു സ്‌ത്രീയെ ഇവിടെ എന്റെ മുമ്പില്‌ കൊണ്ടോന്നോളൂ. അവരും ഞാനുമായിട്ട്‌ എന്താ വെത്യാസം? എനിക്ക്‌ ഒരു വ്യത്യാസോം കാണാന്‍ പറ്റ്‌ണില്ല. പാക്കിസ്ഥാന്‍ മുസ്ലിമും ഇന്ത്യന്‍ മുസ്ലീമും ഒക്കെ ഒന്നുതന്നെയാ. മുസ്ലിംന്ന്‌ പറഞ്ഞാ ഇസ്ലാം മതത്തില്‌ വിശ്വസിക്ക്‌ണോര്‌. അത്രേള്ളൂ. ഇസ്ലാമികമായ ഒരു ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും മുസ്ലീമാ. പാക്കിസ്ഥാനില്‍ മിലിറ്ററി റൂളാണ്‌. അതിന്റെ രൗദ്രത അവര്‌ അനുഭവിക്കേണ്ടിവരും. അത്‌ മാറണ കാലം അടുത്തൂന്നു തോന്ന്വാ എനിക്ക്‌.
അവടെ ജനാധിപത്യം ഉടനെ വരുംന്നാണോ?
അല്ല. ഉടനെ വരില്ല. യുദ്ധം ചെയ്‌ത്‌ കൊറേ മരണം സംഭവിച്ചേന്റെ ശേഷേ ജനാധിപത്യം മടങ്ങിവര്‌ള്ളൂ. യുദ്ധത്തിനു പുറപ്പെട്‌ണ ഒരു രാഷ്‌ട്രത്തിനും-ഇപ്പോ അമേരിക്കയ്‌ക്കും ശാന്തി കിട്ടില്ല, പെട്ടെന്നൊന്നും. സംവല്‍സരങ്ങള്‍ ചെലപ്പോ വേണ്ടിവരും.
എന്താ കാരണം?
പകാന്ന്‌ പറയുന്നത്‌ നീണ്ടുനില്‍ക്കുന്ന ക്ലൈമറ്റാണ്‌. വിദ്വേഷം. വെറ്‌തെ ഓരോരുത്തര്‌ ഊതിണ്ടാക്ക്‌ണ പകയല്ലേ? അത്‌ങ്ങനെ നിലനില്‍ക്കും. ഇപ്പോ അമേരിക്ക പ്രഖ്യാപിക്കുന്നൂ, ടെററിസം അടിച്ചമര്‍ത്ത്വാന്ന്‌. അവര്‌ടെ ടെററിസം ആരാ അമര്‍ത്താന്‍. അവര്‍ക്ക്‌ പണം ഉണ്ടെന്നു വിചാരിച്ചിട്ട്‌ എല്ലാവരേം വെലയ്‌ക്ക്‌ വാങ്ങാന്‍ സാധിക്ക്യോ? നമ്മടെ പ്രൈം മിനിസ്റ്ററ്‌ അവര്‍ക്ക്‌ നമ്മടെ എയര്‍പോര്‍ട്ട്‌ വിട്ട്‌ കൊട്‌ക്ക്‌ണൂ - അവര്‌ടെ പ്ലെയിന്‍ വന്ന്‌ എറങ്ങിക്കോട്ടേന്ന്‌, പട്ടാളക്കാര്‌ വന്നോട്ടേന്ന്‌, ഫ്യൂയല്‌ നിറച്ചോട്ടേന്ന്‌. ഒര്‌ പ്രധാനമന്ത്രിക്കും ജനങ്ങളോടു ചോദിക്കാതെ അങ്ങനെ സമ്മതം കൊട്‌ക്കാന്‌ള്ള അധികാരം ഇല്ല, അവകാശം ഇല്ല. ബുഷ്‌ �ഞങ്ങള്‌ യുദ്ധം ചെയ്യാ� ന്നു പ്രൊക്ലമേഷന്‍ അടിച്ച്‌ വിട്ടു. ബുഷിന്‌ അധികാരം ണ്ടോ, അമേരിക്കക്കാര്‍ക്ക്‌ വേണ്ടി സംസാരിക്കാന്‍? എന്റെ വീട്ടില്‌ വര്‌ണ ചെലര്‌ - പ്രത്യേകിച്ച്‌ മുസ്ലിംസ്‌ - ഉമ്മ ഞങ്ങക്ക്‌ കോള തരണ്ടാ, അത്‌ അമേരിക്കനാ, ഞങ്ങള്‌ കഴിക്കില്ല്യാന്ന്‌ പറയും. എന്ത്‌ സില്ലിയാ ഇതൊക്കെ? എന്ത്‌ അര്‍ഥാ ഇതിലൊക്കെ? അമേരിക്കയുടെ പ്രതീകാണോ കോള? എല്ലാ അമേരിക്കക്കാരും ചീത്തയാണോ? സ്‌നേഹത്തിന്റെ എത്ര തുര്‌ത്ത്‌കള്‌ണ്ടാവും അമേരിക്കേല്‌. ഒര്‌ ബുഷ്‌ ഇങ്ങനെ പറഞ്ഞൂന്ന്‌ വെച്ച്‌ട്ട്‌ നമ്മള്‌ മുഴുവന്‍ അമേരിക്കക്കാരേം വെറ്‌ക്ക്വേ? അദ്ദേഹം ആ പറഞ്ഞേന്‌ പല കാരണങ്ങളുംണ്ടാവും. അവിടത്തെ സാമ്പത്തിക സ്ഥിതി വെലിയ കഷ്‌ടാണ്‌. ഞെര്‌ക്കം ണ്ടാവും. ക്യാന്‍സറിനുള്ള മര്‌ന്നുകളും അണുവായുധങ്ങളും വിറ്റ്‌ ജീവിക്ക്‌ണ ഒരു രാഷ്‌ട്രമാണ്‌ അമേരിക്ക. ല്ലേ? അപ്പോ, അവര്‍ക്ക്‌ പണത്തിന്‌ മുട്ട്‌ വര്‌മ്പോ യുദ്ധം വേണം. യുദ്ധം ഇല്ലെങ്കില്‌ അമേരിക്ക അധികകാലം ജീവിക്കില്ല്യാ.
അപ്പോ, യുദ്ധം അവര്‌ടെ കച്ചവടാന്ന്‌-? 
അതെ. അവര്‍ക്ക്‌ യുദ്ധം ആവശ്യണ്ട്‌. എന്നാല്‍ നമ്മളടക്കമുള്ള ദുര്‍ബലരായ രാഷ്‌ട്രങ്ങള്‍ക്കു മുഴുവന്‍ ആയുധങ്ങള്‌ വേണം. നമ്മള്‌ ഓര്‍ഡറ്‌ ചെയ്യും. കാശു കൊടുക്കും. അവര്‍ക്ക്‌ നല്ല സുഖായി. ആ വരവ്‌ നെലച്ചാല്‍ യുദ്ധം അവസാനിച്ചോളും.
ഈ കച്ചോടത്തിന്റെ കാര്യം ഇരിക്കട്ടെ. ഇന്നത്തെ ഭീകരവാദത്തിലും തീവ്രവാദത്തിലും ഈ ആയുധക്കച്ചോടം മാത്രല്ല, ആശയങ്ങളും ഉണ്ട്‌. ഉദാഹരണായിട്ട്‌, അഫ്‌ഗാനിസ്ഥാനില്‍ മതവിശ്വാസം തന്നെ ഒരായുധമാണ്‌. ഇസ്ലാംമതം ഇതിന്‌ ഉപയോഗിക്ക്‌ണ്‌ണ്ട്‌.
അതു വെല്യ കഷ്‌ടാന്നാ ഞാന്‍ പറയ്യാ. കാരണം ഇസ്ലാം എന്റെ മതമാണ്‌. ആ മതം എന്നെ ആകര്‍ഷിച്ചത്‌ അത്‌ന്റെ കാരുണ്യം കൊണ്ടാ. സ്‌നേഹമാണ്‌ അതിന്റെ പൊട്ടന്‍ഷ്യല്‍. എല്ലാം കൊട്‌ക്കുന്ന ഒരു അല്ലാഹു. ഒരു പുനര്‍ജന്മം കിട്ടുന്നപോലെയാ പരലോകം. അവടെ ചെന്നാല്‍ സ്വര്‍ഗം തര്‌ണ ഒരു അല്ലാഹു. അങ്ങനെയൊക്കെ കൊതി തോന്നീട്ടാണ്‌ ഞാന്‍ ചേര്‍ന്നത്‌. ഇസ്ലാമിക വിശ്വാസം ള്ളോരൊക്കെ തീവ്രവാദികളാന്ന്‌ പറയുന്നത്‌ എന്തൊരന്യായാ? അസംബന്ധല്ലേ അത്‌? വാസ്‌തവത്തില്‌ വികലാക്കീട്ട്‌ ചിന്തിക്ക്യാണ്‌. മഹാത്മാഗാന്ധീയെ വെടിവെച്ചുകൊന്നതു മുസ്ലിമാണോ, യേശുക്രിസ്‌തൂനെ കുരിശ്‌മ്മേ കേറ്റിക്കൊന്നത്‌ മുസ്ലിമാണോ?
അങ്ങനെയല്ല. മുസ്ലിംകളൊക്കെ തീവ്രവാദികളാന്ന്വല്ല. ഈ തീവ്രവാദം കൊണ്ട്‌നടക്ക്‌ണോര്‌ പറയുന്നത്‌ ദൈവത്തിനു വേണ്ടി, അല്ലാഹുവിനു വേണ്ടി ഞങ്ങള്‌ പ്രവര്‍ത്തിക്ക്യാന്നാ.
അത്‌ പ്പോ-പാവങ്ങളെ, അധികം പഠിപ്പില്ല്യാത്തോരെ പറഞ്ഞ്‌ മൂപ്പിക്ക്യാണ്‌. അല്ലാഹുവിന്‌ വേണ്ടീട്ട്‌ കൊല്ലാന്‍ സാധിക്കില്ല്യ. അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കാനേ സാധിക്ക്‌ള്ളൂ. സാധുക്കളെ സ്‌നേഹിക്ക്യാ, പാവങ്ങളെ സേവിക്ക്യാ - അതാ ഇസ്ലാം മതം. കഷ്‌ടപ്പെട്‌ണോരെ ആശ്വസിപ്പിക്ക്യാനാ മതം. ഞാന്‍ പിശാചിന്‌ വേണ്ടി ഭീകരവാദത്തില്‌ ചേര്‍ന്നൂന്നും കൊല നടത്തുന്നൂന്നും അവര്‌ പറഞ്ഞോട്ടെ. അല്ലാഹുവിന്റെ തീരുമാനം അതിന്റെ എടേല്‌ക്ക്‌ വലിച്ചെഴക്ക്‌ര്‌ത്‌ന്നാ ഞാന്‍ പറയാ. ഇത്‌ എന്റെ റിക്വസ്റ്റ്‌ ആണ്‌. ഞാന്‍ പറയുന്നതു കേള്‍ക്കണംന്ന്‌ല്ല. യാതൊര്‌ രാഷ്‌ട്രീയാധികാരോംല്ലാത്ത ഒര്‌ സ്‌ത്രീയാണ്‌ ഞാന്‍. ല്ലേ? 
അല്ല, ഒര്‌ വിശ്വാസിയാണല്ലോ?
അതെ. ഞാന്‍ ഇസ്ലാം മതവിശ്വാസിയാണ്‌.
ഇത്‌ അഫ്‌ഗാനിസ്ഥാനിലെ മാത്രം കഥയല്ല. കശ്‌മീരിലും ഇതു തന്നെയാ കഥ. എന്തിന്‌, കേരളത്തില്‌ തന്നെ പതുക്കെയാണെങ്കിലും ഒര്‌ വര്‍ഗ്ഗീയ ധ്രുവീകരണം വര്‌ന്ന്‌ണ്ട്‌. ഭീകരവാദം ഇവ്‌ടത്തെ ചെറ്‌പ്പക്കാരേം ചെറിയ തോതില്‌ ആകര്‍ഷിച്ച്‌ തൊടങ്ങീട്ട്‌ണ്ട്‌. അവരെ വശീകരിക്കുന്ന മുദ്രാവാക്യം �ഇത്‌ അല്ലാഹുവിന്ന്‌ വേണ്ടിയാണ്‌� എന്നതാണ്‌. ഇത്തരം കെട്ട വിചാരങ്ങള്‌ എല്ലാ സമുദായക്കാര്‌ടെ ഇടയിലും പടര്‌ന്ന്‌ണ്ട്‌ . അതിന്റെടേല്‌ �ഇസ്ലാം� ഒര്‌ വലിയ ചര്‍ച്ചാവിഷയാണ്‌. പ്രത്യേകിച്ച്‌ �ജിഹാദ്‌� എന്ന്‌ള്ള ആശയം.
�ജിഹാദ്‌� എന്ന്‌ പറഞ്ഞാല്‌ വേറൊരാളെ, ഒരവിശ്വാസിയെ കൊണ്ടുപോയി കൊല്ലലൊന്നുമല്ല. �ജിഹാദ്‌� ദിവസവും നടക്കുന്ന ഒരു പ്രക്രിയയാണ്‌. അത്‌ അവനവനോടാണ്‌. അവനവന്റെയുള്ളില്‌ പൊട്ടിമുളയ്‌ക്കുന്ന ചീത്ത വികാരവിചാരങ്ങള്‍ - നെഗറ്റീവ്‌ തോട്ട്‌സ്‌ നശിപ്പിക്ക്യാ. അതാണു ജിഹാദ്‌. എന്നോട്‌ തന്നെയാണ്‌ ഞാന്‍ യുദ്ധം ചെയ്യുന്നത്‌. അല്ലാതെ എന്റെ പൊറത്തുള്ള ഒരാളോടല്ല. എന്നോട്‌ തന്നെയാണ്‌ ജിഹാദ്‌. ഇതു പറ്റില്ല്യ. എന്റെ അകത്ത്‌ള്ള മാലിന്യങ്ങള്‌ പോകണം. എനിക്ക്‌ അതിന്‌ ശക്തി കിട്ടണം. അപ്പോ, നമ്മടെ അകത്ത്‌ മലിനചിന്തകള്‌ വര്‌മ്പോ അതിനെയാണ്‌ നമ്മള്‌ കൊല്ലുന്നത്‌. അല്ലാതെ ഒരാളെയല്ല. ഒരാളെ കൊല്ലുന്നത്‌ എന്ത്‌ ജിഹാദാ? ഒരു കുട്ടി ഹിന്ദുവായിരിക്കും. അതിനെന്താ? അതിനെ പിടിച്ച്‌ കൊല്ല്വേ? കാലഘട്ടങ്ങള്‌ മാറുകയാണ്‌. മാറുന്ന കാലത്തിനനുസരിച്ച്‌ വ്യാഖ്യാനങ്ങള്‌ മാറും, മാറണം. പണ്ടത്തെ വ്യാഖ്യാനല്ല, ഇപ്പോ. അതോണ്ട്‌ �ജിഹാദ്‌�ന്ന്‌ കേള്‍ക്കുമ്പളത്തിന്‌ എല്ലാരുംകൂടി �അല്ലാഹു അക്‌ബര്‍� എന്ന്‌ ഷൗട്ട്‌ ചെയ്‌ത്‌ കൊല്ലാന്‍ നടക്കുകയല്ല. ഈ യുദ്ധം എന്നോട്‌ തന്നെയാ. എന്റെ അകത്ത്‌ള്ള നെഗറ്റീവ്‌ ഫോഴ്‌സസിനെയൊക്കെ ഞാന്‍ ഇഹലോകത്തുവച്ചു തന്നെ തകര്‍ത്ത്‌ കളയണം. ആ യുദ്ധത്തില്‌ ജയിച്ചാല്‌ പരിപൂര്‍ണതേല്‌ക്ക്‌ ഞാന്‍ പ്രവേശിച്ച്‌ കഴിയും. ആ പ്രവേശനത്തിലാണ്‌ സ്വര്‍ഗരാജ്യത്തിന്റെ കവാടങ്ങള്‍ തൊറന്ന്‌ കിട്ടുക. അതാണ്‌ ഞാന്‍ പറയുന്ന ജിഹാദ്‌. മറ്റതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. 
താലിബാന്‍കാര്‌ അഫ്‌ഗാനിസ്ഥാനില്‌ അധികാരത്തില്‌ വന്നപ്പോ അനവധി അന്യായങ്ങള്‌ ചെയ്‌തു. സ്‌ത്രീകള്‌ പഠിക്കുന്നത്‌ നിരോധിച്ചു, അവര്‌ തൊഴിലെടുക്കുന്നത്‌ വിരോധിച്ചു, അവര്‌ടെ സാമൂഹികജീവിതം വിലക്കി, ബുദ്ധപ്രതിമകള്‌ തകര്‍ത്തു. ഇതെല്ലാം ഇസ്ലാമിന്റെ പേരിലാ ചെയ്‌തത്‌. അതുകൊണ്ട്‌ ഇെതല്ലാമാണ്‌ ഇസ്ലാം എന്നൊര്‌ ധാരണ പരന്നു.
വെലിയ കഷ്‌ടാണ്‌. ഞാന്‍ വിദേശങ്ങളില്‌ പോവുമ്പോ എന്നോടും ആള്‌കള്‌ ചോദിക്ക്‌ണ്‌ണ്ട്‌. താലിബാന്‍കാര്‌ കാരണം ഞങ്ങള്‍ക്ക്‌ ഇസ്ലാമിനെ പേട്യാന്നാ എല്ലാരും പറിണ്‌ത്‌. പേടി തീര്‍ക്കാനാ ഞാമ്പോയി താമസിക്കണതവിടെ. ബുദ്ധി കൊറവുള്ള ആള്‌കളാ താലിബാന്‍കാര്‌. ബുദ്ധിയില്ല. ബുദ്ധി വര്‍ദ്ധിപ്പിക്കാന്‍ നോക്കിയാല്‍ മതി. തിങ്ക്‌ ചെയ്യാന്‍ പഠിപ്പിച്ചാ മതി. എന്നാ ഇങ്ങനത്തെ അന്ധവിശ്വാസങ്ങളൊന്നും ഉണ്ടാവില്ല. അറിവുള്ളവര്‌ ആരും ഇങ്ങനെ ചെയ്യില്ല്യാ. താലിബാന്‍കാരുടെ കൂട്ടത്തില്‌ ആരാ ഒര്‌ പണ്‌ഡിതന്‍? ആരൂല്ല. ഉണ്ടെങ്കില്‌ ഇങ്ങട്ട്‌ കൊണ്ടോന്നോളൂ. എന്റെ മുമ്പില്‌ കൊണ്ടുവരൂ. ആരൂല്ല്യ. ഒക്കെ പാമരന്മാരാ. കീടങ്ങള്‌. പണമില്ലാത്ത ആള്‌കളെപ്പറ്റി നമ്മടെ നാദിറ - നായ്‌പോളിന്റെ ഭാര്യ - കീടങ്ങള്‌ന്ന്‌ പറഞ്ഞു. അപ്പോ ഇനിക്ക്‌ വല്ലാണ്ടെ ദേഷ്യം വന്നു. പണം ല്ലെങ്കില്‌ മനുഷ്യന്‍ കീടാവ്വോ? അങ്ങനത്തെ ഒര്‌ ആറ്റിറ്റിയൂഡ്‌ പാട്വോ? അതും ത്രവെല്ല്യ ഒരു റൈറ്ററ്‌ടെ ഭാര്യയ്‌ക്ക്‌. അതു പോട്ടെ. താലിബാനെപ്പറ്റി പറയുമ്പോ നമ്‌ക്കെല്ലാം നെഞ്ഞത്ത്‌ വന്ന്‌ ങ്ങനെ മുട്ട്‌ണ മാതിരിയാ. ഏതോ ഒരു വോയ്‌സ്‌ വന്ന്‌ മുട്ട്‌ണൂ. അതു ദൈവായിരിക്കും. അല്ലാഹു ആയിരിക്കും. നിങ്ങളിത്‌ സഹിച്ചിട്ട്‌ എന്തിന്‌ മിണ്ടാതിരിക്ക്‌ണൂന്ന്‌ ചോദിക്ക്യാ, ദൈവം! അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളുടെ ദുരിതം കണ്ടിട്ട്‌ എങ്ങനെയാ മിണ്ടാതിരിക്ക്യാ? അതൊക്കെ കണ്ടും കേട്ടും ഇരിക്കുമ്പോ, എങ്ങനെയാ സുഖായിട്ട്‌ ഭക്ഷണം കഴിക്ക്യാ? ഇതിനൊന്നും ഉത്തരമില്ല. പിന്നെ നമ്മള്‌ സ്വയം നുണ പറയുകയാണ്‌. അമേരിക്ക പറഞ്ഞു, ദിസ്‌ വാര്‍ ഈസ്‌ എഗെന്‍സ്റ്റ്‌ ടെററിസം. ഉടനെ നമ്മളെല്ലാംകൂടി അതിന്റെ പിന്നാലെ പായ്‌്യാ! എന്താ ടെററിസം? ജോലി കിട്ടാന്‍ യാതൊര്‌ പാകവുമില്ലാത്ത ഒര്‌ ചെറുപ്പക്കാരന്‌ മാസംതോറും നിങ്ങള്‌ ഇരുപത്തയ്യായിരം കൊടുത്താല്‍ അയാള്‌ ടെററിസ്റ്റാവും. അത്‌ ജോലിയാണ്‌. ആര്‍മിയില്‌ ചേരുന്ന കുട്ട്യോള്‍ക്ക്‌ ശത്രുക്കള്‌ വേണം ന്ന്‌ മോഹം ണ്ടാവോ? പാവം കുട്ട്യേള്‌! അമ്മടെ മൊല കുടിച്ച്‌ വളര്‍ന്നു, സ്‌കൂളില്‍ പോയി, പനിയൊക്കെ പിടിച്ച്‌ കെടക്കുമ്പോ അമ്മ കെട്ടിപ്പിടിച്ച്‌ ആശ്വ.സിപ്പിച്ചു.... അങ്ങനെയൊക്കെ ഉള്ള ഒര്‌ കുട്ടി വളര്‍ന്ന്‌ വലുതായി വരികയാണ്‌. അവന്‍ ആര്‍മിയില്‍ ചേരുന്നത്‌ കൊല്ലാന്‍ മോഹിച്ചിട്ടാണോ? പട്ടിണി പേടിച്ചിട്ടാണ്‌. അച്ഛനും അമ്മയ്‌ക്കും പണം അയച്ചു കൊട്‌ക്കണം. ഒര്‌ കടമ. അത്രതന്നെ. അച്‌ഛനോടും അമ്മയോടും സ്‌നേഹംണ്ടാവും. പാവം! ഒരു പാക്കിസ്ഥാനി പട്ടാളക്കാരന്‍ നില്‍ക്കുകയാണ്‌. അയാള്‍ �ശത്രു� വിനെ കൊല്ലും. ഇല്ലെങ്കില്‍ �ശത്രു� അയാളെ കൊല്ലും. അത്രയേയുള്ളൂ. പട്ടാളക്കാരന്റെ കടമയാണ്‌ ശത്രുവിനെ കൊല്ലല്‍. ഒരു വെറുപ്പൂല്ല്യ. തന്നെപ്പോലെയുള്ള ഒരു ചെറുപ്പക്കാരനെയാ അവന്‍ കൊല്ലുന്നത്‌. സാധിക്കുമെങ്കില്‌ മാസം ഒരു രണ്ടായിരത്തഞ്ഞൂറ്‌ രൂപ ഒര്‌ തൊഴിലും ഇല്ല്യാത്ത ചെറുപ്പക്കാരന്‌ കൊട്‌ക്കു. ഒര്‌ പത്ത്‌ കൊല്ലം കൊട്‌ക്കൂ. പിന്നെ, അത്‌ യൂസ്‌ലസാന്ന്‌ തെളിഞ്ഞാ നിര്‍ത്തിക്കോളൂ. ഇങ്ങനെ എന്തെങ്കിലും കിട്ട്യാ ഒരു കുട്ടിയും ഭീകരവാദിയാവില്ല്യാ, വാടകക്കൊലയാളിയാവില്ല്യ.
അപ്പോ, ഭീകരവാദത്തിന്റെ കാരണം സാമ്പത്തികമാണെന്നാണോ?
അബ്‌സല്യൂട്ട്‌ലി. ടോട്ടലി. ഒരോ യുദ്ധവും സാമ്പത്തികഭദ്രതയില്ലാത്ത കാലത്താ ഉണ്ടാവ്‌ആ. സാമ്പത്തികശേഷി നശിക്കുമ്പളാണ്‌ അഗ്രസീവ്‌ ആവുന്നത്‌. നിലനില്‍പ്പില്ലാണ്ടെയാവുമ്പോ ആരും ചാടും. ഒരു പൂച്ചേ പിടിച്ച്‌ മുറിയിലിട്ട്‌ വാതിലടച്ചാ മതി, അത്‌ നമ്മളെ ചങ്കിനു കടിച്ചു കൊല്ലും. പൂച്ച ഭീകരവാദിയായിട്ടല്ല, അത്‌. ഇറ്റ്‌ ഫീല്‍സ്‌ ത്രെട്ടന്‍ഡ്‌. ത്രെട്ടന്‍ഡ്‌ ആയാ ആരും ഇങ്ങനെയൊക്കെ ചെയ്യും. ഒര്‌ കാശില്ല. അമ്മ മരിക്കാന്‍ കെടക്ക്‌ ആണ്‌. മര്‌ന്ന്‌ വാങ്ങാന്‍ ഒര്‌ പൈസയില്ല. അങ്ങനത്തെ രംഗങ്ങള്‌ കാരശ്ശേരി കണ്ട്‌ട്ട്‌്‌ണ്ടാവില്ല. ഞാന്‍ ധാരാളം കണ്ട്‌ട്ട്‌ണ്ട്‌. ഞാനീ ആസ്‌പത്രീലൊക്കെ തെണ്ടിനടക്ക്‌ണ സ്‌ത്രീയാണ്‌. കോറിഡോറില്‌ നിലത്ത്‌ കുത്തിയിരിക്ക്‌ണ ഓരോ സ്‌ത്രീകളെ കാണണം! കയ്യില്‌ കടലാസ്‌ണ്ടാവും. എന്താന്ന്‌ ചോദിച്ചാല്‍ കഷ്‌ടം തോന്നും . മര്‌ന്നിന്റെ കുറിപ്പടിയാ. വാങ്ങാന്‍ കാശില്ല. ദൂരത്ത്‌ന്ന്‌ വര്‌ന്ന സ്‌ത്രീകളാണ്‌. ഒക്കെപ്പറയും. ദാരിദ്ര്യം മാതിരി ഒര്‌ ശത്രു നമ്മക്കാര്‍ക്കെങ്കിലും ലോകത്തില്‌
ഉണ്ടോ?
പോവര്‍ട്ടി എന്നു പറയുന്നത്‌ ഭയങ്കര രാക്ഷസിയാണ്‌. നമ്മള്‌ ആ സ്‌ത്രീകളെ എഴുന്നേല്‍പ്പിച്ച്‌ കൈപിടിച്ച്‌ കൂട്ടിക്കൊണ്ടുപോയി മര്‌ന്ന്‌ വാങ്ങിക്കൊടുത്താല്‍ എവരിതിംഗ്‌ ഈസ്‌ റൈറ്റ്‌.
പക്ഷേ, ഈ ചെറ്‌പ്പക്കാരെ എളക്കി വിടുന്നത്‌ മതത്തിന്റെ പേരില്‌ള്ള മുദ്രാവാക്യങ്ങളാണ്‌, വികാരങ്ങളാണ്‌. 
എന്റെ മതത്തിനെ അതിലുപയോഗിക്കര്‌ത്‌. എന്റെ മതം ഇസ്ലാമാണ്‌. എനിക്ക്‌ ആ മതം നല്ലവണ്ണം അറിയാം. ആ പേര്‌ ഇതില്‌ പറയര്‌ത്‌. ഐ ഇന്‍സിസ്റ്റ്‌ ഓണ്‍ ദാറ്റ്‌.
അതു പറഞ്ഞിട്ടെന്താ! ഇസ്ലാം മതത്തിന്റെ പേര്‌ ഇതില്‌ ധാരാളായിട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. നമ്മള്‌ പറഞ്ഞല്ലോ, അഫ്‌ഗാനിസ്ഥാനിലും കശ്‌മീരിലും-
എന്റെ കാരശ്ശേരീ, അതു മാറാനല്ലേ എന്നെ മാതിരിയുള്ള ആള്‌കള്‌ ശബ്‌ദം പോയാലും കൂടി പോയി പ്രസംഗിക്ക്‌ണത്‌. ഏതു രാജ്യത്തുപോയാലും ഞാന്‍ ഈയിടെയായി കവിതയെപ്പറ്റിയല്ല പറയാറ്‌. ഞാന്‍ കാനഡയില്‍ പോകുന്നൂ, അമേരിക്കയില്‍ പോകുന്നൂ, ഇനി പാരീസില്‍ പോണ്‌ണ്ട്‌. എന്താ അവിടെ പ്രസംഗിക്ക്യാ! ഇവടെ എല്ലാരും പറയും: മാധവിക്കുട്ടിയല്ലേ, കെട്ടാന്‍ പോണൂന്നായിരിക്കും പറയ്യാ. അതൊക്കെ ഇവ്‌ടത്തെ അസംബന്ധം. അതൊന്നും ഈ രാജ്യത്തിനു പുറത്ത്‌ ആരും കളിയാക്കില്ല്യാ - ചിന്തിക്ക്‌ണ ആള്‌കള്‌ ചോദിക്ക്‌ണത്‌ ഇതായിരിക്കും: എന്താ ഇതിനൊക്കെ സൊല്യൂഷന്‍ ന്ന്‌. ല്ലേ? ഒരു സ്‌ത്രീയാണെങ്കിലും പുച്ഛിച്ച്‌ കാണിക്കില്ല്യാ അമേരിക്ക. അമേരിക്കേല്‌ ഇവ്‌ടത്തെ മാതിരി സ്‌ത്രീയോട്‌ പുച്ഛൊന്നൂല്ല. അവടെ ചിന്തിക്ക്‌ണ ആള്‌കളെപ്പറ്റി ലിംഗഭേദൊന്നൂല്ല. നമ്മളുടെയൊക്കെ തലച്ചോറുകള്‍ക്ക്‌ പ്രൈവറ്റ്‌ പാര്‍ട്‌സ്‌ ഇല്ല. ശക്തിയേ ള്ളൂ. ഊര്‍ജം. ല്ലേ? ലെറ്റസ്‌ യൂട്ടിലൈസ്‌ ദാറ്റ്‌. മറ്റുള്ളവര്‍ അതുപയോഗിക്കുന്നു. സമുദായങ്ങള്‌ തമ്മില്‌ ഈ നാട്ടില്‌ പണ്ടും സ്‌നേഹം ഉണ്ടായിരുന്നു. ഓരോ ബാഹ്യശക്തികളുടെ ഇടപെടലാണ്‌ ഇപ്പോ പ്രശ്‌നൊക്കെ ഉണ്ടാക്കുന്നത്‌. ചെല എഴുത്തുകാരെത്തന്നെ ഇത്തരം ശക്തികള്‍ വെലയ്‌ക്ക്‌ വാങ്ങണ്‌ണ്ട്‌. ന്നട്ട്‌ എഴുതിപ്പിക്ക്യാ. പ്പോ, ഞാനൊക്കെ ഒര്‌ സാധാരണ സ്‌ത്രീയാണ്‌. പഠിപ്പില്ല്യാ അധികം. ഭാഗ്യം! പഠിപ്പ്‌ അധികംല്ലാത്തതാ എന്റെ ഭാഗ്യം. എവിടെപ്പോയാലും എനിക്ക്‌ എന്റെ നാട്‌നെപ്പറ്റി വെറ്‌പ്പോടെ സംസാരിക്കാന്‍ സാധിക്ക്യോ? സാധിക്കില്ല്യാ. എന്റെ ഭര്‍ത്താവിനെപ്പറ്റി, മക്കളെപ്പറ്റി അന്യ രാജ്യത്ത്‌ പോയിട്ട്‌ കുറ്റം പറ്യാന്‍ സാധിക്ക്യോ? നാവ്‌ പൊന്തില്ല. ഇവിടെ നിന്നിട്ട്‌ സാധിക്കും. ല്ലേ? വാജ്‌പേയിയെ എനിക്ക്‌ അന്യനാട്ടില്‌ പോയിട്ട്‌ കുറ്റം പറ്യാന്‍ വയ്‌ക്കോ. ഒരിക്കലും സാധിക്കില്ല്യാ. കാല്‌മ്മല്‌ നീരായിട്ട്‌ ഒരു പാവം വയസ്സന്‍. ഞങ്ങളുടെ രാജ്യം ഭരിക്ക്‌ണ പ്രധാനമന്ത്രിയാ. ഇവട്‌ത്തെ സ്റ്റേജ്‌മ്മല്‌ നിന്നിട്ട്‌ ഞാന്‍ പറയുവേരിക്കും. പുറത്തു കടന്നാല്‍ ഒരിക്കലും പറ്റില്ല. നമ്മടെ രാജ്യത്തെപ്പറ്റി സ്‌നേഹത്തോടെയല്ലാണ്ടെ ഒരു വാക്ക്‌ മിണ്ടാന്‍ പറ്റില്ല. അവടെ പോയാലേ മനസ്സിലാവൂ.
കശ്‌മീര്‍ പ്രശ്‌നംപോലെതന്നെ നമ്മടെ നാട്ടില്‍ വര്‍ഗീയത വളര്‍ത്താന്‍ ബാബരിപള്ളി പ്രശ്‌നവും സഹായിച്ച്‌ട്ട്‌ണ്ട്‌. തൊണ്ണൂറ്റിരണ്ടില്‌ മതഭ്രാന്തന്മാര്‍ പള്ളി പൊളിച്ചു. ഇപ്പോ എല്ലാക്കൊല്ലവും �ബാബ്‌രിദിനം� ആചരിക്കുന്നുണ്ട്‌. ഇപ്പോഴത്തെ ഈ ദിനാചരണവും ഗുണത്തിലധികം ദോഷമാണെന്നാണ്‌ എനിക്ക്‌ തോന്ന്‌ന്നത്‌. ശരിയല്ലേ? 
ബാബരിദിനാചരണം ആവശ്യള്ള കാര്യാന്ന്‌ എനിക്കും തോന്ന്‌ന്നില്ല. എനിക്ക്‌ പള്ളികളും അമ്പലങ്ങളും ചര്‍ച്ചുകളും ഒന്നും പ്രധാനമാണെന്നേ തോന്നിയിട്ടില്ല. ഇപ്പോഴും തോന്ന്‌ണില്ല. ശരിക്കുള്ള പള്ളി ദൈവം സൃഷ്‌ടിച്ചത്‌ നമ്മുടെ ഹൃദയത്തിലാ. അതു തകര്‍ക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല്യ. വിശ്വാസിയെ അവിശ്വാസിയാക്കാന്‍ വളരെ പ്രയാസാ. ഞാന്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നേന്റെ ശേഷം മതം കുറച്ച്‌ പഠിക്ക്‌ണ്‌ണ്ട്‌. ഇവടെ ഓരോര്‌ത്തര്‌ വന്നു ചോദിക്കും - നിങ്ങക്കെന്ത്‌കൊണ്ട്‌ ആ മതത്തില്‌ ചേര്‍ന്നുകൂടാ, എന്തുകൊണ്ട്‌ ഈ മതത്തില്‌ ചേര്‍ന്നുകൂടാ? എന്തിന്‌? പരിപൂര്‍ണ സംതൃപ്‌തി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ആ മതം ഉപേക്ഷിച്ചു പോകാന്‍ മാത്രം അത്ര ബുദ്ധിയില്ലാത്ത സ്‌ത്രീയാണോ ഞാന്‍? നമ്മള്‌ അതിന്റകത്ത്‌ എല്ലാം കാണ്‌ന്ന്‌ണ്ട്‌. കാണാന്‍ മോഹിച്ച രത്‌നങ്ങളെല്ലാം ഞാന്‍ ഇസ്ലാം മതത്തിന്റെ അടിയിലെ വെള്ളത്തില്‌ കാണ്‌ന്ന്‌ണ്ട്‌. വൈ ഷുഡ്‌ ഐ ചെയ്‌ഞ്ച്‌ അറ്റോള്‍? അപ്പോ, എനിക്ക്‌ അതാണ്‌�പ്രധാനം. അല്ലാതെ മണ്ണുകൊണ്ടും മരംകൊണ്ടും കോണ്‍ക്രീറ്റു കൊണ്ടും ഉണ്ടാക്ക്‌ണ സൗധങ്ങളില്‍ ഞാന്‍ എന്റെ വിശ്വാസം അര്‍പ്പിക്ക്‌ണില്ല. കാരണം അങ്ങനത്തതിലൊന്നും നമുക്ക്‌ ദൈവത്തെ ബന്ധനസ്ഥനാക്കാന്‍ സാധിക്കില്ല്യ. ഒന്നിലും. അത്‌കൊണ്ട്‌ ഞാന്‍ നൂറു തവണ പറയ്‌ണൂ - മതം എന്നതും ഒര്‌ ചട്ടക്കൂട്‌ മാത്രമാണ്‌. മനുഷ്യനുണ്ടാക്കിയ ഒര്‌ ചട്ടക്കൂട്‌. ദൈവം എന്ന മഹാ ചൈതന്യത്തെ ആ ചട്ടക്കൂട്ടില്‌ ഒത്‌ക്കാന്‍ സാധിക്കില്ല്യാ. അങ്ങനെ ഒതുക്കാന്‍ സാധിക്കും എന്നു വിചാരിക്ക്‌ണത്‌ തന്നെ ഒരു വിഡ്‌ഢിത്തരം. ബാബരി തകര്‍ത്തു -അതൊരു സെന്റിമെന്റ്‌. ഞങ്ങളുടേതാണ്‌ എന്നു ചെലര്‌ വിചാരിക്കുന്നു. അത്രേള്ളൂ. നാളെ ഏതേങ്കിലും അമ്പലത്തിന്‌ ആരെങ്കിലും ബോംബിട്ടാല്‌ കമല ഇരുന്ന്‌ കര്യോന്ന്‌ എന്നോട്‌ ചോദിച്ചാല്‌ - എനിക്കിതൊന്നും സാരമില്ല. ഒര്‌ കുട്ടി മരിച്ചു കിടക്കുന്നത്‌ കണ്ടാല്‌ അതിലാണ്‌ എനിക്ക്‌ വ്യസനം. ആ കുട്ടിയുടെ ഹാര്‍ട്ട്‌ നിന്നുപോയല്ലോന്ന്‌. എന്റെ രോഷം ആളിക്കത്ത്‌ണത്‌ കെട്ടിടങ്ങള്‌ തകരുമ്പോഴല്ല. കെട്ടിടങ്ങള്‌ തകര്‍ത്താല്‌ അല്ലാഹുവിന്ന്‌ ഒന്നും പറ്റില്ല. ബാബരി പൊളിച്ചതോണ്ട്‌ അല്ലാഹുവിന്നു വല്ല മുറിവും പറ്റ്യോ? പറ്റില്ല. അത്‌ മനസ്സിലാക്കണം. ഇതൊന്ന്‌ സെപ്പറേറ്റ്‌ ചെയ്‌തു മനസ്സിലാക്കണം. നമ്മള്‌ കെട്ടിയുണ്ടാക്കിയ സൗധങ്ങളാണ്‌ അല്ലാഹുവിന്റെ സൗധങ്ങള്‍ എന്നു തെറ്റിദ്ധരിക്കരുത്‌. ക്ഷേത്രത്തിന്റെയും പള്ളിയുടെയും അകത്താണ്‌ ദൈവം ഇരിക്കുന്നത്‌ എന്നു ധരിക്കുന്നവര്‍ പാമരരാണ്‌. ഇതൊക്കെ വെറും പ്രതീകങ്ങളാണ്‌. ഇതിലൊന്നും ഒന്നൂല്ല. ദൈവം നമ്മുടെ അകത്തേയ്‌ക്കു പ്രവേശിക്കണം. മരണം വരെ അവടെ ഉണ്ടാവണം. അതു കഴിഞ്ഞാല്‍ നമ്മളെ കൊണ്ടുപോവും. ആ ഭാഗ്യം നമുക്കുണ്ടെന്ന്‌ സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കണം.
ഇപ്പളത്തെ പ്രശ്‌നങ്ങളൊക്കെ രാഷ്‌ട്രീയക്കാര്‌ അധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിച്ചപ്പോ ഉണ്ടായതാന്ന്‌ ചെലര്‌ പറയുന്നുണ്ട്‌. അങ്ങനെ വിചാരിക്ക്‌ണ്‌ ണ്ടോ?
രാഷ്‌ട്രീയക്കാര്‌ടെ അധികാരം ലോംഗ്‌ ലാസ്റ്റിങ്ങല്ലല്ലോ. എത്ര ചെറിയ അധികാരം! ഇന്ന്‌ ഞാന്‍ വാച്ച്‌മാനായി ഒരാളെ വച്ചു. നാലീസം കഴിഞ്ഞ്‌ ഞാന്‍ പറഞ്ഞ്‌ വിട്‌ന്നതുവരെ അയാള്‍ക്ക്‌ വെല്യ അധികാരാ. പ്രധാനമന്ത്രികളൊക്കെ പ്രധാനമന്ത്രിയല്ലാതായി ഇര്‌ന്ന്‌ ചൊമയ്‌ക്ക്‌ണത്‌ കണ്ട്‌ട്ട്‌ണ്ട്‌ ഞാന്‍. പാവം ഗുല്‍സാരിലാല്‍നന്ദയുടെ ആ ഇരിപ്പ്‌ ഞാന്‍ മറക്കില്ല. രാഷ്‌ട്രീയാധികാരത്തിന്‌ യാതൊര്‌ വെലയും ഇല്ല. അത്‌ ഞാന്‍ പറഞ്ഞുതരാം. അതിനെക്കാളൊക്കെ എത്രയോ വെല്യ അധികാരാണ്‌ പ്രണയിനിയുടെ മേല്‌ കാമുകനുള്ള അധികാരം. സ്‌നേഹത്തിന്റെ അധികാരംന്ന്‌ വെച്ചിട്ടൊന്നുണ്ട്‌. അത്‌ പണ്ടൊക്കെ ചെല രാജാക്കന്മാര്‍ക്ക്‌ സാധിച്ചിട്ട്‌ണ്ട്‌. അതു ധാര്‍മികമായ അവകാശമാണ്‌. സ്‌നേഹം നല്‍കുന്ന അധികാരാ അത്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ നമ്മുടെ മേല്‌ എന്തധികാരാ? നമ്മളെയൊക്കെ ദ്രോഹിക്കാം. അവര്‌ വിചാരിച്ചാല്‌ നമ്മളെയൊക്കെ കള്ളക്കേസില്‌ കുടുക്കാം.
ഈജാതി സാമൂഹ്യ പ്രശ്‌നങ്ങള്‌ വര്‌മ്പോ അതില്‌ എഴുത്തുകാര്‍ക്ക്‌ കാര്യായിട്ട്‌ എന്തെങ്കിലും ചെയ്യാന്‍ പറ്റുംന്ന്‌ വിചാരിക്ക്‌ണ്‌ണ്ടോ?
എഴ്‌ത്തുകാര്‌ പ്പോ കലഹിച്ചും ബഹളംകൂട്ടിയും നടക്ക്വാ. അവര്‌ തെറ്റിദ്ധരിക്കപ്പെടുന്നു. വിവാദങ്ങളുണ്ടാക്കാണ്‌ പണി. ഇതിനൊക്കെ വല്ല അര്‍ഥവുമുണ്ടോ? വല്ലതും ഒറിജിനലായിട്ട്‌ എഴ്‌താന്‍ സാധിച്ചാല്‍ നന്ന്‌. വേറെ ഒര്‌ ഭാഷേന്ന്‌ എടുത്ത്‌ മലയാളത്തില്‌ വെയ്‌ക്കരുത്‌. മൗലികമായിട്ട്‌ എഴ്‌തണം. പത്തു സെന്റന്‍സേ ഉള്ളെങ്കില്‌ അത്‌ മതി. അവടേം ഇവടേം പഠിച്ചിട്ടൊന്നും കാര്യല്ല. കൂടുതല്‌ വായിച്ചിട്ടാ ഈ എഴ്‌ത്തുകാരുടെ എഴ്‌ത്തൊക്കെ ഇങ്ങനെ മോശാവണത്‌. എല്ലാവര്‌ടേം വായിക്യും. എല്ലാവര്‌ടേം ഇന്‍ഫ്‌ളുവന്‍സ്‌ എഴ്‌ത്തില്‌ വര്വാണേ അവനവന്റേത്‌ ഇല്ല്യാണ്ടെയാവും. പെസഫിക്കില്‌ ഉള്ള ഒര്‌ കാര്യം ഞാന്‍ കേട്ട്‌ട്ട്‌ണ്ട്‌. കരിക്ക്‌ എട്‌ത്തിട്ട്‌ അങ്ങട്ട്‌ മുറിക്ക്യാ. ഏറ്റവും സ്വച്ഛമായ, നിര്‍മലമായ വെള്ളാ അതിനകത്ത്‌. ഒര്‌ ജേംസും ഇല്ലാത്ത ശുദ്ധജലം. അതിനകത്ത്‌ റം ഒഴിക്ക്യാ. ന്നട്ട്‌ അതങ്ങട്ട്‌ കുടിക്ക്യാ. �റം കൊക്കോ� ന്നാ അതിന്‌ പറ്യാ. അത്‌ കുടിച്ചിട്ടങ്ങട്ട്‌ മൊഖം ചുമക്കും. കരിക്കിന്റെ സ്വാദ്‌ പോയി, മണോം പോയി. അതുപോലെയാ എഴ്‌ത്ത്‌കാര്‌ടെ വായന. നമ്മടെ അകത്ത്‌ നിര്‍മലമായിട്ടുള്ള ഒരു സത്തയുണ്ട്‌. ദി വാട്ട്‌നെസ്സ്‌ ഓഫ്‌ തിങ്ങ്‌സ്‌. ലാറ്റിനില്‍ �ക്വിദിറ്റസ്‌� എന്നു പറയും. ദി വാട്ട്‌നെസ്സ്‌. സുറയ്യാനെസ്സ്‌ ഓഫ്‌ സുറയ്യാ. കാരശ്ശേരിനെസ്സ്‌ ഓഫ്‌ കാരശ്ശേരി, അത്‌ നമുക്ക്‌ വേറൊരാളിലും കാണാന്‍ പറ്റില്ല. അതിന്റെ അകത്ത്‌ അഡള്‍ട്ടറേഷന്‍ ടേക്‌ പ്ലേസസ്‌. ലാറ്റിന്‍ അമേരിക്കന്‍ റൈറ്ററുടെ വായിച്ചു. വേറൊന്ന്‌ വായിച്ചു. നമ്മുടെ ഉള്ളില്‌ള്ളതും അതും കൂടീട്ട്‌ കലങ്ങി. പിന്നെ നമ്മള്‌ കൊട്‌ക്കണതെന്താ? സ്വാദുണ്ടാവ്വോ? പുളിയൊക്കെയായിരിക്കും. മധുരാവില്ല്യാ. ല്ലേ? അതുമാതിരി. കഴിയുന്നതും അധികം വായിക്കാണ്ടിരിക്ക്യൂ, എഴ്‌ത്ത്‌കാരനാണെങ്കില്‌. എഴ്‌ത്ത്‌കാരന്റെ കടമ എഴുത്വാന്ന്‌ള്ളതാ. നമ്മടെ ചിന്തേന്ന്‌ ഉരുത്തിരിയുന്നതാണ്‌ നമ്മള്‌ കൊട്‌ക്ക്‌ണത്‌. ദൈവത്തിന്റെ മുമ്പില്‌ കൊട്‌ക്ക്‌ണ മാതിരിത്തന്നേണ്‌ വായനക്കാരന്റെ മുമ്പില്‌ കൊട്‌ക്കണത്‌. അതൊരു നൈവേദ്യാണ്‌. നമ്മുടെ അകത്ത്‌ന്ന്‌ വന്ന്‌ട്ട്‌ള്ള തോട്ട്‌സ്‌.
നമ്മടെ അനുഭവം നമ്മളെ പഠിപ്പിച്ച്‌ട്ട്‌ള്ളത്‌, അതെഴുതൂ. സത്യം എഴ്‌തൂ. സംഭവിച്ചത്‌ എഴ്‌തൂ. അതുകൊണ്ടേ മനുഷ്യരാശിക്ക്‌ പ്രയോജനംണ്ടാവുള്ളൂ. സംഭവിക്കാത്തതൊക്കെ എഴ്‌തീട്ടെന്താ? ഞാനിപ്പോ ഒര്‌ കൊലപാതകത്തെപ്പറ്റി ഒര്‌ കഥ എഴ്‌തിക്കൊട്‌ത്തിട്ടെന്താ കാര്യം? എനിക്കറിയാത്ത കാര്യല്ലേ? അറിയാത്ത കാര്യങ്ങളെപ്പറ്റി എഴ്‌തിയാ ഒര്‌ ശക്തി വരില്ല. കൂടുതല്‍ വെള്ളം ഒഴിച്ച്‌ ചപ്പാത്തിണ്ടാക്ക്‌ണ മാതിരിയാ. അത്‌ ശെരിയാവില്ല. സത്ത. എഴ്‌ത്ത്‌കാരന്റെ സത്ത. അത്‌ മെയിന്റെയിന്‍ ചെയ്യണം. അതേ മാതിരി. ആ സ്വാദ്‌. ആ ഗന്ധം. ആ നൈര്‍മ്മല്യം. എല്ലാവര്‌ടീം കൂടി വോയ്‌സ്‌ വന്നാല്‍ പറ്റില്ല. അങ്ങനെയിരിക്ക്‌ണേന്റെ എടേല്‌ കര്‍ക്കശമായ ഒരു ശബ്‌ദം വന്ന്‌ തലേല്‌ കേറുകയാണ്‌-രാഷ്‌ട്രീയക്കാരന്റെ ശബ്‌ദം. ഇതൊന്നും പറ്റില്ല. സാഹിത്യരംഗം കലങ്ങിപ്പോയി. പ്യൂര്‍ വോയ്‌സ്‌ കേള്‍ക്കണം. കാരശ്ശേരി കേട്ട്‌ട്ടുണ്ടോ, ഏതെങ്കിലും പ്യൂര്‍ വോയ്‌സ്‌?
നിങ്ങള്‍ക്ക്‌ ഒര്‌ പാര്‍ട്ടിയുണ്ടല്ലോ�-�ലോകസേവ. ആ പാര്‍ട്ടി മതവര്‍ഗീയതയും ഭീകരവാദവും ഇല്ലാതെയാക്കാന്‍ വല്ലതും ചെയ്യുന്ന്‌ണ്ടോ?
ഞാന്‍ അതിനെപ്പറ്റിയൊന്നും ആലോചിച്ച്‌ട്ട്‌ തന്നെയില്ല. വെറ്‌തെ ഇവടെ ങ്ങനെ വരും, പാവങ്ങള്‌. കോളനീന്നൊക്കെയാ. ഭര്‍ത്താവിന്‌ ടീബിയാണ്‌; അല്ലെങ്കില്‌ ഇനിക്ക്‌ സുഖല്ലാന്നൊക്കെപ്പറഞ്ഞിട്ട്‌. എന്തെങ്കിലും തരണംന്ന്‌ പറയും. ഇരുനൂറ്‌ ചോദിച്ചാല്‌ നൂറെങ്കിലും കൊട്‌ക്കാനുള്ള കഴിവ്‌ അല്ലാഹു തന്നു. അത്‌ വല്ല്യ ഒരനുഗ്രഹായിട്ട്‌ കര്‌ത്‌ആ. ഞങ്ങള്‌ സംഭാവന മേടിച്ച്‌ തൊടങ്ങീട്ട്‌ല്ല. ഒന്നൊന്നര കൊല്ലായിട്ട്‌ അത്‌ നടക്ക്‌ണ്‌ണ്ട്‌. ഇനി കൊറച്ച്‌ കാലം കൂടി നടത്താനുള്ള കഴിവ്‌ എനിക്ക്‌ണ്ട്‌. അതു കഴിഞ്ഞാല്‍ ഐ വില്‍ ടേണ്‍ റ്റുവേര്‍ഡ്‌സ്‌ സംബഡി. ഇപ്പോ എനിക്ക്‌ കഷ്‌ടപ്പാടില്ല. എന്തെഴ്‌തിയാലും ആള്‌കള്‌ നല്ലോണം പണം തര്‌ന്ന്‌ണ്ട.്‌
ലോകസേവയുടെ ഫണ്ട്‌ നിങ്ങളുടെ റോയല്‍റ്റി മാത്രമാണോ?
ഇപ്പോ അതെ. പിന്നെ മക്കള്‌ തരും. 
ആ പണം മുഴുവന്‍ പാര്‍ട്ടിക്കാണോ?
ആ പണം മുഴുവനില്ല. എനിക്ക്‌ മര്‌ന്ന്‌ വാങ്ങണം. ഇതാ എന്റെ കൂടെ ജീവിക്ക്‌ണ ഈ സരളയ്‌ക്കും എനിക്കും ഭക്ഷണം കഴിക്കണം. അതിഥികള്‌ വന്നാല്‌ അവര്‍ക്കും ചോറ്‌ കൊട്‌ക്കണം. ഒക്കെക്കഴിഞ്ഞിട്ട്‌ എന്താ ള്ളത്‌ന്ന്‌ വെച്ചാല്‍ കൊടുക്കും. ഞാന്‍ നല്ലോണം കൊട്‌ക്കും. എല്ലാ മാസവും കൊട്‌ക്കും.
വേറെ പണം വാങ്ങാത്തതെന്താ?
അയ്യോ. എനിക്ക്‌ സംഭാവന പേട്യാ. ഞങ്ങള്‌ അംഗങ്ങളില്‍ നിന്നും കൂടി പണം വാങ്ങില്ല്യ. 5 രൂപ കൊടുത്താല്‍ ആര്‍ക്കും ലൈഫ്‌ മെംബറാവാം. 5 രൂപയിലധികം ഒരാള്‍ കൊട്‌ക്കാനോ വാങ്ങാനോ പാടില്ല. അങ്ങനെ കിട്ടിയ പത്ത്‌ പന്തീരായിരം രൂപ ബാങ്കിലുണ്ട്‌. തൊട്ടിട്ടില്ല ഞാന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദം കിട്ടിയാല്‌ വലിയ സംഭാവന തരാന്ന്‌ അമേരിക്കേല്‌ള്ള എന്റെ സുഹൃത്തുക്കളൊക്കെ പറയുന്ന്‌ണ്ട്‌. അന്വേഷിച്ചപ്പഴാ അറിയുന്നത്‌ - മിനിസ്‌ട്രീന്ന്‌ അതിന്‌ അനുവാദം കിട്ടണെങ്കില്‌ കൈക്കൂലി കൊടുക്കണംത്രേ. അത്‌ ഞാന്‍ കൊട്‌ക്കില്ല്യ. വണ്‍ റുപ്പി കൊട്‌ക്കില്ല്യാ ഞാന്‍. അത്‌ വേണ്ട. ഇങ്ങനത്തതൊക്കെ നടക്കാന്‍ പണം വേണംന്ന്‌ ഇല്ല. പണം ല്ല്യാണ്ടെയും നടത്താം. എനിക്കത്‌ മനസ്സ്‌ലായി. ഒന്ന്‌ കെട്ടിപ്പിടിക്കാന്‌ള്ള എബിലിറ്റി മതി. കരയ്‌ണ ആള്‌ടെ കണ്ണീര്‌ തൊടയ്‌ക്കാനുള്ള കൈകള്‌ ഉണ്ടായാ മതി. സമാധാനായി ജീവിക്കാം.
ലോകസേവാ പാര്‍ട്ടിക്ക്‌ യാതൊര്‌ രാഷ്‌ട്രീയ നെറവും ഇല്ലാ. അതെന്താ അങ്ങനെ?
എന്തു രാഷ്‌ട്രീയാ കാരശ്ശേരീ? ഇതന്നെ രാഷ്‌ട്രീയല്ലേ? ചെലര്‌ പറയ്‌ണ്‌ണ്ട്‌ - നമ്മക്ക്‌ രാഷ്‌ട്രീയ വിംഗ്‌ വേണം. ഇല്ലെങ്കില്‌ നമ്മക്ക്‌ ശക്തിണ്ടാവില്ലാന്ന്‌. വിംഗൊക്കെണ്ടാക്കീട്ട്‌ണ്ട്‌. ഒക്കെ കുട്ടികളാ. ചെറിയ കുട്ടികള്‌. ഇര്‌പത്തഞ്ച്‌ വയസ്സായാലേ കേന്‍ഡിഡേറ്റ്‌ ആവാന്‍ പറ്റൂ. ഞങ്ങളുടെ വിംഗിലെ ഏറ്റവും മൂത്ത ആള്‍ക്ക്‌ ഇരുപത്തിനാലേ ആയിട്ട്‌ള്ളൂ. അത്‌ കണ്ണൂരിലെ സുഭാഷാ. ഒര്‌ കൊല്ലംകൂടി കഴിഞ്ഞാ അയാളെ ഒക്കെ നിര്‍ത്താം.
അപ്പോ ഇലക്ഷനില്‌ വരാന്‍ ഉദ്ദേശിക്ക്‌ണ്‌ണ്ട്‌?
അല്ലാണ്ടെങ്ങനെയാ? രാഷ്‌ട്രീയശക്തി വേണ്ടേ? ഫയല്‌ മൂവ്‌ ചെയ്യണ്ടേ? കൈക്കൂലി കൊട്‌ത്ത്‌ കാര്യം നടത്താന്‍ എനിക്ക്‌ സാധിക്ക്യോ? അങ്ങനത്തെ ടൈപ്പ്‌ അല്ല, ഞാന്‌. സത്യം വേണ്ടേ? നമ്മക്ക്‌ ശക്തി വരണ്ടെ? അതിന്‌ മന്ത്രിയായാ പോരാത്രേ. മുഖ്യമന്ത്രി ആവണംത്രേ. ന്നാലേ ത്തിരിയെങ്കിലും ഫയല്‌ അനങ്ങ്‌ള്ളൂ. ഇപ്പളത്തെ മുഖ്യമന്ത്രിയെത്തന്നെ ചെലര്‌ നിയന്ത്രിക്കുണൂന്നാ കേട്ടത്‌. വേറെ ചെല പ്രബലന്മാര്‌. രണ്ട്‌ 
മന്ത്രിമാരാന്നാ കേട്ടേ. വെല്യ കഷ്‌ടാ, ല്ലേ? ചെലപ്പോ തോന്നും, ഇതൊക്കെ അങ്ങട്ട്‌ മറക്ക്വാ. നമക്ക്‌ ദൈവം മാത്രം മതി. ദൈവത്തിന്റെ ശക്തികൊണ്ട്‌ കാര്യം നടത്താം. അങ്ങനെ വിചാരിച്ചാല്‌ ഫലിക്കും കാരശ്ശേരീ. എന്റെ ലോകസേവയെ ഭരിക്കുന്നത്‌ ദൈവാണ്‌. രാവിലത്തെ പ്രാര്‍ഥനേല്‌ ഞാന്‍ പറയും - എനി എനിക്ക്‌ എങ്ങട്ടാ പോണ്ടേന്ന്‌ അറിയിണ്‌ല്ല്യ. ദൈവം എന്നെ സഹായിക്കണംന്ന്‌. ഇപ്പോ ഇവിടെയിതാ ഒരാള്‌. അവര്‌ടെ ഓപ്പറേഷന്റെ ബില്ലൊക്കെ എത്രയാന്നറിയ്വോ? എണ്ണായിരം, പതിനായിരംന്നൊക്കെപ്പറഞ്ഞ്‌ ഇങ്ങട്ട്‌ വര്വാ. ഞാന്‍ എന്താ ചെയ്യ്വാ? പണ്ടത്തെ കാലായിര്‌ന്നെങ്കിലും കുത്തിയിര്‌ന്ന്‌ എഴുതാം. അങ്ങനെ പണം ഉണ്ടാക്കാം. ഞാന്‍ ഇപ്പോ കണ്ണ്‌ പിടിക്കാത്ത ഒരു സ്‌ത്രീ. വയസ്സായി. അപ്പം ഞാന്‍ അല്ലാഹുവിനോട്‌ പറയും. എന്തോ ഭാഗ്യം, പിറ്റേ ദിവസം ഒര്‌ ചെക്ക്‌ വരും. ഏതോ പബ്ലിഷറുടേതാവും. എനിക്ക്‌ തരാനുള്ള കാശാ. എനിക്ക്‌ പബ്ലിഷേഴ്‌സ്‌ തരാനുള്ളതൊക്കെ തന്നാല്‍ ഞാന്‍ കോടീശ്വരിയാവും. ല്ലേ? അല്ലാഹുവിന്റെ രാഷ്‌ട്രീയമാണ്‌ ഇപ്പോ എന്റേത്‌. സത്യാ കാരശ്ശേരീ. ഇപ്പം വിളിച്ചാല്‌ കിട്ട്‌ണ്‌ണ്ട്‌. മിറാക്ക്‌ള്‍സ്‌ ടേക്‌ പ്ലേസ്‌.
രാഷ്‌ട്രീയാധികാരം ഇല്ലാത്ത ഒര്‌ പ്രസ്ഥാനംകൊണ്ട്‌ സാമൂഹ്യ ശുദ്ധീകരണം നടക്കില്ലാന്ന്‌ പറയാന്‍ വയ്യ. അല്ലേ?
നടക്കും. ആദ്യം ഞാന്‍ വിചാരിച്ചു, നടക്കില്ല്യാന്ന്‌. ഇപ്പോ നടക്കും ന്ന്‌ മനസ്സിലായി. ഞാനും വിചാരിച്ചിരുന്നു - അവരെ കാണണം, ഇവരെ കാണണം, മന്ത്രിയെ വിളിക്കണംന്നൊക്കെ. മന്ത്രിയെക്കാട്ടിലൊക്കെ ശക്തി എനിക്ക്‌ തന്ന്യാന്ന്‌ ഇപ്പോ മനസ്സിലായി. ചെറ്‌പ്പായിട്ടുള്ള പെണ്‍കുട്ട്യേളേം ആണ്‍കുട്ട്യേളേം ഒക്കെ വിളിച്ച്‌ ചോദിച്ചോളൂ-മന്ത്രിക്കാണോ എനിക്കാണോ വോട്ട്‌ തര്വാന്ന്‌. ഇലക്ഷന്‌ നിക്കണംന്ന്‌ വെച്ചിട്ടല്ല ഞാന്‍ പറിണ്‌ത്‌.
പണ്ട്‌ ഇലക്ഷന്‌ നിന്നിരുന്നല്ലോ.
അന്ന്‌ എനിക്ക്‌ വല്ല വിവരണ്ടോ? വല്ല പാകതണ്ടോ? ഒരു വിഡ്‌ഢി. എല്ലാരുംകൂടി പറഞ്ഞു. ഞാന്‍ പോയി നിന്നു. നമക്ക്‌ ഒര്‌ പാര്‍ട്ടിണ്ടാക്കാന്നൊക്കെ എല്ലാരും പറഞ്ഞു. എനിക്കന്ന്‌ ഒരു ബുദ്ധീം ഇല്ല. അന്ന്‌ എന്നെ ആരാ കേരളത്തില്‌ അറിയ്യാ? വട്ട്‌ പിടിച്ച ഒരെഴ്‌ത്തുകാരീന്ന്‌ ചെലരൊക്കെ വിചാരിച്ച്‌ട്ട്‌ണ്ടാവും. ഇന്നങ്ങനെയല്ല. ഞാന്‍ ഒര്‌പാട്‌ കഷ്‌ടപ്പെട്ടു. സഹിച്ചു. കഷ്‌ടപ്പാട്‌ സഹിച്ചാത്തന്നേ ബുദ്ധിണ്ടാവുള്ളൂ. ഇപ്പോ എന്നെ അറിയാത്തോര്‌ ആരാ കേരളത്തില്‌? എത്ര ഫോണ്‍ കോളാ! ഞാന്‍ പറയും - ക്ഷീണാ, വെയ്യാന്ന്‌. ഇപ്പോ ഐയാം മോര്‍ പവര്‍ഫുള്‍ ദാന്‍ ഓള്‍ ദീസ്‌ മിനിസ്റ്റേഴ്‌സ്‌. വിനയം കളഞ്ഞിട്ടല്ല ഈ�പറേണത്‌.�ചെലരൊക്കെ പറയും�-�മാധവിക്കുട്ടി കുറേക്കൂടി വിനയം കാണിക്കണം. ഞാന്‍ വിനീതയാവുന്നത്‌ ദൈവത്തിന്റെ മുമ്പിലാ. അല്ലാതെ എല്ലാവര്‌ടെ മുമ്പിലും ഞാനെന്തിനാ വിനീതയാവുന്നത്‌. ഇന്റര്‍വ്യൂ ചെയ്യുന്നോര്‌ടെയൊക്കെ മുമ്പില്‌ ഞാന്‍ വിനീതയാവണോ? ഞാന്‍ ഒരു തെറ്റും ചെയ്യാത്ത സ്‌ത്രീയാ, ല്ലേ?
ഇസ്ലാം കാരുണ്യത്തിന്റെ മതാന്ന്‌ നിങ്ങള്‌ എപ്പഴും പറയ്‌ന്ന്‌ണ്ട്‌. ഈ പാഠം തീവ്രവാദത്തിന്റെ പിന്നാലെ പോക്‌ന്ന ചെറുപ്പക്കാരെ എങ്ങനെയാ പഠിപ്പിക്കുക?
ങ്‌ഹാ... അതിനാ കമലാസുറയ്യേടെ പാര്‍ട്ടി വരണംന്ന്‌ കുട്ട്യേള്‌ പറയുന്നത്‌. ഞങ്ങള്‍ ശമ്പളം കൊട്‌ക്കും. അണ്‍എംപ്ലോയ്‌ഡ്‌ ആയിട്ട്‌ള്ള എല്ലാ കുട്ട്യോള്‍ക്കും ഞങ്ങള്‍ കാശ്‌ കൊട്‌ക്കും. പാവങ്ങള്‌. ഒര്‌ ജോലി കിട്ടാന്‍ പോണില്ല. ആര്‌ റെക്കമെന്റ്‌ ചെയ്‌താലും. എന്ത്‌ ക്വാളിഫിക്കേഷന്‍ ഉണ്ടായാലും. എന്റെ അകത്തെ മുറിയിലെ പെട്ടി നെറയെ അപ്ലിക്കേഷന്‍സാ. കത്തുകള്‌. ഫോട്ടോകള്‌. ഒരു നിലയ്‌ക്കും എനിക്കു സഹായിക്കാന്‍ വയ്യ. എനിക്ക്‌ സ്വന്തമായി ഒരു ഫാക്‌ടറി ഇല്ല. ഒര്‌ ഓഫീസില്ല. ഞാന്‍ മന്ത്രിയല്ല. പാര്‍ലമെന്റില്‌ പോയി ഇരിക്ക്‌ണൂംല്ല. ല്ലേ? ഞാന്‍ വീട്ടിലിരിക്ക്‌ണ സ്‌ത്രീയാണ്‌. അപ്പോ എനിക്കു കൊട്‌ക്കാനുള്ള കഴിവ്‌ ഇല്ല. ഞാന്‍ വിചാരിക്യാ, ഒര്‌ കാലം വരും. അന്ന്‌ എനിക്ക്‌ കൊട്‌ക്കാന്‍ സാധിക്കും. ഞാന്‍ ന്ന്‌ പറഞ്ഞാ ഈ ഞാനല്ല. ഞാന്‍ ന്ന്‌ പറയുന്നത്‌ ഒരു പ്രതീകമാണ്‌ - ഒരമ്മ. ഒര്‌ കാലത്ത്‌ രാഷ്‌ട്രീയത്തില്‌ അങ്ങനെ ഒരമ്മ ഉണ്ടാവും. കൊടുക്കും. എല്ലാം കൊട്‌ക്കും. ആര്‍ക്കും ഫ്രസ്‌ട്രേഷന്‍ ണ്ടാവില്ല്യ. നമ്മളെല്ലാംകൂടി തൊഴഞ്ഞാലേ ഈ തോണി കരയ്‌ക്കെത്തിക്ക്യാന്‍ സാധിക്കുള്ളൂ. കര എന്ന്‌ പറഞ്ഞാല്‍ ദൈവത്തിന്റെ കര. അതോര്‍ക്കണം. അല്ലാതെ നമ്മള്‌ മതമില്ല, അതില്ല എന്നൊക്കെപ്പറഞ്ഞ്‌ നടന്നാല്‍ പറ്റില്ല. റിഡിക്യുലസ്‌. രാഷ്‌ട്രീയത്തില്‌ എന്തൊക്കെയാ പറയുന്നത്‌? സെക്യുലറിസം എന്നൊക്കെപ്പറഞ്ഞിട്ടേ. ദേയ്‌ മെയ്‌ഡ്‌ ഇറ്റ്‌ എ സ്ലോഗന്‍. സെക്യുലറിസത്തില്‌ ദൈവമേയില്ല; അല്ലാതെ എല്ലാ മതക്കാര്‍ക്കും ഈക്വല്‍ ഷെയറ്‌ കൊട്‌ക്ക്വാന്നല്ല. മതമില്ലാത്തതാണ്‌ സെക്യുലറിസം. ആ വാക്ക്‌ സ്‌പ്ലിറ്റ്‌ ചെയ്‌താല്‍ തന്നെ അങ്ങനെ കിട്ടും.
ഇന്ത്യയില്‌ മതേതരത്വം എന്നു പറയുന്നത്‌ ദൈവത്തിനോ മതത്തിനോ എതിരല്ലാന്നല്ലേ?
ഇന്ത്യയിലെ സെക്യുലറിസം വേറെ. സെക്യുലറിസം ന്നൊന്നും പറയര്‌ത്‌. ദൈവം ഇല്ലായ്‌മ, ദൈവത്തിന്റെ അഭാവം എന്നെ സംബന്ധിച്ച്‌ വെലിയൊരു അഭാവം തന്നെയാണ്‌. ദൈവം ഉണ്ടാവണം. ദൈവം രാഷ്‌ട്രീയകര്‍മ്മങ്ങളില്‌ ഇല്ലെങ്കില്‌ ഒര്‌ കര്‍മ്മവും നന്നാവില്ല്യ. ദുഷ്‌കര്‍മ്മാവും. ദൈവത്തെ ഇര്‌ത്തേണ്ടിടത്ത്‌ ദൈവത്തെ ഇര്‌ത്തിയില്ലെങ്കില്‌ അവിടെ ചെക്‌ത്താന്‍ വന്നിരിക്കും.
ഇന്ത്യ മാതിരി ഒര്‌പാട്‌ മതങ്ങളും ജാതികളും ഉള്ള ഒര്‌ നാട്ടില്‌ മതേതരത്വം അല്ലാതെ വേറെ ഏത്‌ ആദര്‍ശമാണു നമ്മക്ക്‌ കൊണ്ടുനടക്കാന്‍ പറ്റ്വാ?
അവരവരുടെ മതത്തിനെ ആലോചിച്ചോട്ടെ. ഓരോര്‌ത്തര്‍ക്കും ഓരോ ദൈവം ഇല്ലേ? ആ ദൈവത്തെ മനസ്സില്‌ വിചാരിച്ചോട്ടെ.
അതിന്‌ സെക്യുലറിസം എതിരല്ലല്ലോ?
ഇല്ലേ? സെക്യുലറിസം ഈസ്‌ ഗോഡ്‌ലെസ്‌. ഗോഡ്‌ തീരെയില്ലാത്ത ഒര്‌ സിറ്റ്വേഷനാ അത്‌. തെറ്റാണത്‌. സെക്യുലറിസം യൂസ്‌ഡ്‌ ഇന്‍ എ റോംഗ്‌ വേ.
ഇവിടെയിപ്പോ ഇന്ത്യയിലെ സെക്യുലറിസത്തില്‌ മതം വിശ്വസിക്കുന്നതിനോ മതം പ്രബോധനം ചെയ്യുന്നതിനോ ആരാധനാലയങ്ങള്‌ ഉണ്ടാക്കുന്നതിനോ ഒന്നും ഒരാള്‍ക്ക്‌ ഒരു വിരോധൂം ഇല്ലല്ലോ.
വിരോധംണ്ടല്ലോ. കാണ്‌ ണില്ലേ? നാദാപുരത്തൊക്കെ എന്താ സംഭവിച്ചത്‌? എന്തൊക്കെയാ? ഹിന്ദു - മുസ്ലിം ലഹള ഉണ്ടാക്കാന്‍ ആരാ ഇവിടെ ജോലിയെട്‌ക്ക്‌ന്നത്‌? എനിക്കത്‌ മനസ്സിലായിട്ട്‌ല്ല. ഞാന്‍ കൊറേയായി ഡിറ്റക്‌ടീവ്‌ വര്‍ക്ക്‌ ചെയ്യുന്നു. ഈ നാദാപുരമൊക്കെ ആരാ ഇങ്ങനെ കുട്ടിച്ചോറാക്ക്‌ണത്‌? എന്നിട്ട്‌ മാര്‍ക്‌സിസ്റ്റാണ്‌, ബി. ജെ. പിയാണ്‌ എന്നിങ്ങനെ ഓരോന്ന്‌ പറയും.
അവര്‌ രണ്ട്‌ കൂട്ടരും അതിന്‌ ഉത്തരവാദികളാ - ഹിന്ദു വര്‍ഗ്ഗീയവാദികളും മുസ്ലിം വര്‍ഗ്ഗീയവാദികളും.
എനിക്ക്‌ എന്തോ ഇതൊക്കെ കേള്‍ക്കുമ്പോ വളരെ വേദന തോന്ന്‌ന്നു. ഞാന്‍ ആ സിമിലാരിറ്റീസ്‌ മാത്രേ ശ്രദ്ധിക്കാറുള്ളൂ-മുസ്ലിമിനും ഹിന്ദുവിനും ഉള്ള സിമിലാരിറ്റീസ്‌. എന്താ വെത്യാസം? നമ്മക്ക്‌ ഈ പേര്‌കളില്‌ അല്ലേള്ളൂ വെത്യാസം? ല്ലേ, കുട്ടികള്‍ക്കൊക്കെ എന്താ ഒരു വെത്യാസം? എന്താ അവര്‍ക്കൊക്കെ വേണ്ടത്‌? ഒര്‌ പ്രായം കഴിഞ്ഞാ നല്ല സുന്ദരിയായ ഭാര്യയെ കിട്ടണം, കാശ്‌ കിട്ടണം, ജോലി കിട്ടണം. എല്ലാരും ഇതു തന്നെ. എന്താ ഒര്‌ വെത്യാസം? എല്ലാം ഒന്നു തന്നെ.
അപ്പോപ്പിന്നെ മതംമാറ്റത്തിന്‌ അര്‍ഥല്ലാന്ന്‌ വരില്ലേ?
എന്റെ മതംമാറ്റത്തിന്‌ നല്ല അര്‍ഥമുണ്ട്‌. ജീവിതത്തിന്‌ നല്ല അര്‍ഥം കൊട്‌ക്ക്‌ണതാ അത്‌. ശ്രേഷ്‌ഠമായ ഒരു വഴിത്തിരിവായിരുന്നു അത്‌. അതിനേപ്പറ്റി ഒരിക്കലും ഒര്‌ പശ്‌ചാത്താപൂല്ല. ഭാഗ്യം. ഭാഗ്യമാണ്‌. കടലില്‌ തോണി മുങ്ങാന്‍നേരത്ത്‌ കര കാണ്‌ണ മാതിരി. വിചാരിച്ചില്ല. ആ തോണി മുങ്ങിപ്പോവും ന്ന്‌ വിചാരിച്ചു. ഒരു നെല കിട്ടിയത്‌ ഇസ്ലാമിലാണ്‌.
സ്വന്തം മതംമാറ്റം നമ്മടെ നാട്ടിലെ സാംസ്‌കാരിക രംഗത്ത്‌ ഉണ്ടാക്കിയ സ്വാധീനത്തെപ്പറ്റി എന്താ വിചാരിക്ക്‌ന്ന്‌?
പലര്‍ക്കും ദേഷ്യായി. ചെല ഹിന്ദ്‌ക്കള്‌ ചീത്ത കത്ത്‌കള്‌ എഴ്‌തി. ചെല മുസ്ലിംസും ചീത്ത കത്ത്‌കള്‌ എഴ്‌തി. അല്ല, ചീത്ത കത്ത്‌കള്‌ എഴുതാന്‍ ഒര്‌ ആള്‌, ഒര്‌ ഉന്നം വേണ്ടേ? എവിടേയ്‌ക്കാ ഈ ചെളി എറിയ്യാ? എവിടെയ്‌ക്കാ ഈ കച്ചറ എറിയ്യാ? അതിന്‌ ഒര്‌ കുണ്ട്‌ വേണ്ടേ? അതുമാതിരി. അതു ഞാനായി.
നിങ്ങള്‌ അനവധി കാലം ഒര്‌ മത പാരമ്പര്യത്തില്‌ ജീവിച്ചു. ഇപ്പോ മറ്റൊന്നില്‌ ജീവിക്കുന്നു. അങ്ങനെ രണ്ടു പാരമ്പര്യങ്ങള്‌ അനുഭവിച്ചറിഞ്ഞു. ആ നെലയ്‌ക്ക്‌ ഈ പാരമ്പര്യങ്ങള്‍ക്കിടയില്‌ ശരിക്കും ഒരു പാലമാവാന്‍ എളുപ്പമല്ലേ?
എനിക്ക്‌ സമുദായ സൗഹാര്‍ദം എന്നും ഉണ്ടായിര്‌ന്നു. ഞാനൊരിക്കലും തൊട്ടപ്പുറത്തുള്ള മതത്തിലെ ആള്‍ക്കാരെ തളളിപ്പറഞ്ഞ്‌ട്ടില്ല; സ്‌നേഹിക്കാതിരുന്നിട്ടൂല്ല. എന്റെ സ്‌നേഹം അതിനെയൊന്നും ആശ്രയിച്ചിട്ടല്ല, ഒര്‌ മനുഷ്യന്‍ ആരോട്‌ പ്രാര്‍ഥിക്കുന്നൂന്ന്‌ള്ള കാര്യം നോക്കീട്ടല്ല. എന്റെ സ്‌നേഹത്തിന്‌ നല്ല കര്‌ത്ത്‌ണ്ട്‌. ഇപ്പോ ആ കര്‌ത്ത്‌ കൂടീട്ടേള്ളൂ. ഇസ്ലാമില്‍ച്ചേര്‍ന്നേന്റെ ശേഷം സ്‌നേഹിക്കാനുള്ള കര്‌ത്ത്‌ പോയോ, വെറുക്കാനുള്ള പക്വത വന്നുവോ? ഒന്നൂല്ല. ആള്‌കള്‌ അങ്ങനെയാ പറയുന്നത്‌: എത്ര വെറുത്താലും മാന്യത പോവില്ല്യ. സ്‌നേഹിച്ചാല്‍ മാന്യത പോവും! ഞാനങ്ങനെയൊന്നും ആയിട്ടില്ല്യ. ഇപ്പോ ഒരാളിലല്ല, എന്റെ സ്‌നേഹം. പത്താളിലും അല്ലാ എന്റെ സ്‌നേഹം. പതിനായിരം ആളിലാ എന്റെ സ്‌നേഹം. ഞാന്‍ സ്‌നേഹം കൊട്‌ത്തിട്ടല്ലേ സാധുക്കള്‌ ഇവടെ വര്‌ണത്‌, കാശ്‌ മാത്രം മോഹിച്ചിട്ടല്ലല്ലോ. ആളുകളുടെ വ്യസനം മാറ്റണം. അതാ പ്രധാനം. എനിക്കും വേണം ഇതുപോലൊരു അമ്മ. എന്നെ തഴ്‌കാനും ആശ്ലേഷിക്കാനും സാന്ത്വന വാക്കുകള്‌ പറയാനും ഒരമ്മയെ കിട്ടിയാല്‌ എനിക്കും എന്ത്‌ ഭാഗ്യായിരിക്കും! കിട്ടീട്ടില്ല.
മതംമാറ്റം ഏതെങ്കിലും തരത്തില്‌ സ്വന്തം എഴ്‌ത്തിനെ സ്വാധീനിച്ചിട്ട്‌ണ്ടോ?
സ്വാധീനിച്ചിട്ട്‌ണ്ട്‌. സംശയല്ല്യ. പ്രിവലന്റ്‌ ആയിട്ട്‌ള്ള മാതിരി കഥകളൊന്നും ഇനി ഞാന്‍ എഴ്‌തില്ല. കുറച്ചുംകൂടി, വളരെക്കുറച്ച്‌ കെട്ടോ, സ്‌ത്രീധര്‍മം എന്താണെന്ന്‌ ഖുര്‍ആനില്‍നിന്നു പഠിച്ചു. ഒരു യഥാര്‍ഥ മുസ്ലിമ്‌ എങ്ങനെയാ ജീവിക്കേണ്ടത്‌, അവളുടെ ദിനചര്യ എന്താന്ന്‌ പഠിച്ചു. ആരും മുമ്പ്‌ എനിക്ക്‌ ഒന്നും ഉപദേശ്‌ച്ച്‌ തന്നിട്ടില്ല. വളരെ ചെറുപ്പത്തിലേ അമ്മയായി. പതിനാറാം വയസ്സില്‌ ഞാന്‍ മോനുവിനെ പ്രസവിച്ചു. അതുവരെ കുട്ടിക്കളിയായിരുന്നു. കളിച്ച്‌ നടന്നു. കളിയല്ല ജീവിതം എന്ന്‌ പിന്നെയാ മനസ്സിലായത്‌. അപ്പോഴൊക്കെ കുട്ട്യോളെ നോക്ക്‌ണ തെരക്ക്‌. അതിന്റെ എടേല്‌ ആരും വിളിച്ചിരുത്തി `വിശ്രമിക്കൂ, കമലേ! ഞങ്ങള്‌ മതം പറഞ്ഞുതരാം; സ്‌ത്രീധര്‍മം പറഞ്ഞുതരാം' എന്ന്‌ പറയുകയുണ്ടായിട്ടില്ല. ആര്‍ക്കും സമയമുണ്ടായിരുന്നില്ല. ഞാന്‍ കുറ്റം പറയുകയല്ല. കേള്‍ക്കാന്‍ എനിക്കും സമയമുണ്ടായിരുന്നില്ല. കുട്ട്യോള്‍ക്ക്‌ പാല്‌ കൊടുക്കണം, ദാസേട്ടന്റെ ഷേര്‍ട്ട്‌ ഇസ്‌ത്രിയിട്ടു വെയ്‌ക്കണം, കുട്ട്യോള്‍ടെ ഷൂ പോളീഷ്‌ ചെയ്യണം. അങ്ങനെ എന്തെല്ലാം തെരക്കുകളായിരുന്നു... രാത്രി മുഴുവന്‍ ഇര്‌ന്നെഴുതും. കോളംസ്‌ ആണ്‌. കാശുണ്ടാക്കാനാ. ഐ വാസ്‌ എ വെരി ബ്യുസി വുമണ്‍. എനിക്ക്‌ ആരും ഉണ്ടായിരുന്നില്ല. എനിക്ക്‌ ഗുരുനാഥന്മാര്‌ ഉണ്ടായിരുന്നില്ല. ട്യൂഷന്‍ ഫീ കൊട്‌ക്കണ്ടെ? അത്‌കൊണ്ട്‌ എനിക്ക്‌ സ്വയം പഠിക്കാന്‍ സാധിച്ചു. ഒറ്റയ്‌ക്ക്‌ യാത്ര ചെയ്‌തതോണ്ട്‌ ഒക്കെ ശെരിയായി. നന്നായി.
സ്‌ത്രീവാദികളും സ്‌ത്രീപക്ഷവാദികളും ഇസ്ലാമില്‌ സ്‌ത്രീക്ക്‌ വേണ്ടത്ര സ്വാതന്ത്ര്യം ഇല്ലാന്നാ കുറ്റം പറയുന്ന്‌ണ്ട്‌. അതിനെപ്പറ്റി എന്താ തോന്നുന്നത്‌?
സ്‌ത്രീക്ക്‌ എന്തിനാ ഈ ദുഃസ്വാതന്ത്ര്യം? ഒര്‌ ഭര്‍ത്താവിനെ സ്‌നേഹിക്ക്‌ണ സ്‌ത്രീക്ക്‌ അദ്ദേഹത്തിനെ അന്‌സരിച്ചു വീട്ടിലിരിക്കണംന്നേ മോഹണ്ടാവുള്ളൂ. പര്‍ദയിടണം. അദ്ദേഹം പറഞ്ഞാ പര്‍ദയിടാന്‍ തോന്നും. യഥാര്‍ഥ സ്‌ത്രീത്വംന്ന്‌ പറയുമ്പം അതൊര്‌ കീഴടങ്ങല്‌ മാതിരിയാ. നമുക്ക്‌ വേണ്ടപ്പെട്ട ആള്‍ക്ക്‌ വേണ്ടി കീഴടങ്ങ്‌ആ. എല്ലാം അനുസരിക്ക്‌ആ. ആ പ്രേമത്തിലുള്ള മനശ്ശാന്തി വേറെ കിട്ട്വോ? നിഷേധിയായിട്ട്‌ നടന്നാ അത്‌ കിട്ടാന്‍ സാധിക്ക്യോ? നമ്മളെ സ്‌നേഹിക്കാനൊരാള്‌ണ്ട്‌, സംരക്ഷിക്കാനൊരാള്‌ണ്ട്‌ എങ്കില്‍ എല്ലാം അടിയറവെയ്‌ക്കാം. എന്നാലേ യഥാര്‍ഥ സ്‌ത്രീയാവൂ.
മാധവിക്കുട്ടീടെ പഴയ കഥകളിലെല്ലാം സ്വാതന്ത്ര്യം വലിയൊര്‌ സങ്കല്‌പായിര്‌ന്ന്‌!
സ്വാതന്ത്ര്യംന്ന്‌ പറഞ്ഞാ ഭര്‍ത്താവ്‌ പറയുന്നത്‌ കേക്കാണ്ടെ വേറെ വെല്ലോരിടീം പിന്നാലെ പോവലൊന്നുമല്ല. അത്‌ ദുഃസ്വാതന്ത്ര്യം, തെണ്ടിപ്പട്ടികള്‌ടെ സ്വാതന്ത്ര്യം. കുലസ്‌ത്രീകള്‍ക്ക്‌ അതൊന്നും വേണ്ട. സ്വാതന്ത്ര്യല്ലാത്ത സ്‌ത്രീന്ന്‌ എന്നെപ്പറ്റി വേറൊള്ളോര്‌ പറയുമ്പം ഞാന്‍ വിചാരിക്കും, ഇശ്വരാ! എന്തൊരു ഭാഗ്യായീന്ന്‌. ഒരാളെ സ്‌നേഹിക്കാന്‍ള്ള സ്വാതന്ത്ര്യം, സേവിക്കാന്‍ള്ള സ്വാതന്ത്ര്യം, അദ്ദേഹത്തിന്റെ മക്കളെ പ്രസവിക്കാന്‍ ഉള്ള സ്വാതന്ത്ര്യം - അതൊക്കെ മതി സ്വാതന്ത്ര്യം. ഇതിനപ്പുറത്ത്‌ എന്ത്‌ സ്വാതന്ത്ര്യാ കുട്ടീ, പെണ്ണിന്‌ വേണ്ടത്‌? യഥാര്‍ഥ മുസ്ലിം മതവിശ്വാസമുള്ള ഒരു കുടുംബത്തില്‌ സ്‌ത്രീക്ക്‌ സന്തോഷാണ്‌. ഭര്‍ത്താവ്‌ പറഞ്ഞത്‌ അനുസരിച്ചു കഴിഞ്ഞാ മതി. സ്‌നേഹം കൊണ്ടാട്ടോ, ഈ അനുസരണ. എന്നോടും പലരും ചോദിക്കണ്‌ണ്ട്‌ - എന്തിനാ മാധവിക്കുട്ടി ഈ പര്‍ദ ഇട്‌ണത്‌? മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ കോളേജില്‌ പോണ പെണ്‍കുട്ട്യോള്‌ എന്നെ കണ്ടിട്ടു പര്‍ദ ഇട്‌ന്ന്‌ണ്ടത്രെ. എന്താ, പര്‍ദയ്‌ക്ക്‌ തകരാറ്‌? പര്‍ദ ഈസ്‌ എ ബ്യൂട്ടിഫുള്‍ ഡ്രെസ്സ്‌. അതിന്‌ ഒര്‌ മാന്യതയുണ്ട്‌. പര്‍ദ ഇട്ടിട്ടുള്ള ഒര്‌ സ്‌ത്രീയെ ആരെങ്കിലും കളിയാക്ക്വോ? ഒരിക്കലും ഇല്ല. അതിലൂടെ ഒരമ്മസ്ഥാനം കിട്ടും. തലമുടി നേരെയാക്കാന്‍ വെല്ലാണ്ട്‌ നേരം കളയണ്ട. തലമുടീല്‌ പൊടി പറ്റില്ല. സുഖല്ലേ? ഐ ആം ഓള്‍ ഫോര്‍ ദിസ്‌ മുസ്ലിം ഡ്രെസ്സ്‌.
പല മുസ്ലിം സമൂഹങ്ങളും പര്‍ദ നിര്‍ബന്ധാക്കീട്ട്‌ണ്ട്‌. സ്‌ത്രീക്ക്‌ ഏറ്റവും പറ്റിയത്‌ ഇതാന്ന്‌ ഇപ്പോ നിങ്ങളും പറഞ്ഞു. നിങ്ങക്ക്‌ ഇതോണ്ട്‌ അസൗകര്യൊന്നും ഉണ്ടാവില്ല. കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും പ്രയാസല്ല. പക്ഷേ മലപ്പുറത്തോ കൊണ്ടോട്ടീലോ പാടത്തു പണിക്കു പോകുന്ന ഒരു പെണ്ണിന്‌ ഇതു പറ്റ്വോ? ചളിയിലും ചേറിലും പെരങ്ങാന്‍ ഇത്‌ പറ്റ്വോ? പാവപ്പെട്ട തൊഴിലാളി സ്‌ത്രീക്ക്‌ ഇതു പറ്റ്വോ?
അത്‌ എനിക്കറീല്യ. ഞാന്‍ അതാലോചിച്ചിട്ടില്ല. മുസ്ലിം വ്യക്തിത്വം നിലനിര്‍ത്താന്‍ പ്രതീകായിട്ട്‌ അത്‌ കാണ്‌ന്നോര്‌ അത്‌ ഇട്ടോട്ടെ. ഇപ്പോഴത്തെ ജനറേഷന്‍ അങ്ങനെ വിചാരിക്ക്‌ണ്‌ണ്ട്‌. അമേരിക്കേല്‌ വിരുന്നുകള്‍ക്കു പോയപ്പോ ഞാന്‍ ഈ വേഷത്തിലാ പോയത്‌. ബിസ്‌മി ചൊല്ലീട്ടാണ്‌ ഞാന്‍ ടോസ്റ്റ്‌ തുടങ്ങ്‌ആ. അവരൊക്കെ വൈന്‍ കുടിക്കും. ഞാന്‍ പച്ചവെള്ളവും. ആ കൂട്ടത്തിലൊന്നും ഒറ്റ മുസ്ലിമ്‌ ഇല്ല. ജൂതന്മാരും ക്രിസ്‌ത്യാനികളുമാണ്‌ മുഴുവന്‍. എന്റെ ബിസ്‌മി അവിടത്തെ പരിഷ്‌കൃതമായ വെലിയ ഹാളുകളില്‍ മാറ്റൊലിക്കൊള്ളും. അവര്‍ക്ക്‌ ബഹുമാനമല്ലാതെ, ഈ പര്‍ദയും ബിസ്‌മിയും കണ്ടിട്ട്‌ പുച്‌ഛൊന്നൂല്ല്യ. ഇത്‌ ഹാന്റികാപ്പ്‌ അല്ല. മറിച്ച്‌ ശക്തി കൂടി. എത്ര ആളുകളാ ഇസ്ലാമിലേക്ക്‌ എന്റെ പ്രസംഗംകൊണ്ട്‌ ആകര്‍ഷിക്കപ്പെട്ടത്‌, അറിയ്യോ? ഞാന്‍ പറഞ്ഞു, അങ്ങനെ മതം മാറീട്ട്‌ ഒരു ഫലൊന്നൂല്ല. അനുഗ്രഹങ്ങള്‌ തേടീട്ട്‌ മതം മാറേണ്ട. ഉള്ളില്‌ റെവല്യൂഷന്‍ വരുത്തിയാ മതി. `സുറയ്യ പറഞ്ഞു, ഞാന്‍ മതം മാറീ'ന്നും പറഞ്ഞ്‌ ഒരു മദാമ്മ ഒരീസം അങ്ങട്ട്‌ ഇസ്ലാമായിട്ട്‌ ആര്‍ക്കെന്ത്‌ കാര്യാ? കുറച്ച്‌ നേരം നല്ലത്‌ മാത്രം ചിന്തിച്ചുകൊണ്ട്‌, ആള്‌കളെ സഹായിക്ക്യ മാത്രം ചെയ്‌തോണ്ട്‌ ജീവിച്ചാത്തന്നെ യു വില്‍ ബികം എ മുസ്ലിം.
എന്നാപ്പിന്നെ എന്തിനാ പേര്‌ മാറുന്നത്‌?
എനിക്ക്‌ നല്ലൊര്‌ പേര്‌ വേണംന്ന്‌ മോഹണ്ടായിര്‌ന്ന്‌. സുറയ്യാന്നുള്ള പേര്‌ നല്ല ഭംഗിള്ള പേരല്ലേ? കുട്ടിക്കാലത്ത്‌ കമലാന്ന്‌ പേരിട്ടു. അതിനെക്കാള്‍ നല്ലതാ ഈ പേര്‌. ല്ലേ? ഇത്‌ വലിയ ഭാഗ്യായി. പുതിയ പേരാ. ആളും പുതിയതാ. ഞാന്‍ പഴയ ആളല്ല. പഴയ ജീവിതമൊക്കെ ഞാന്‍ കച്ചറത്തൊട്ടീല്‌ വലിച്ചെറിഞ്ഞു. പുതിയ രൂപം. പുതിയ ചിന്ത. പുതിയ ശക്തി. ഞാനാകെ മാറി, കുട്ടീ. കേരളത്തില്‌ വെച്ച്‌ വെല്ല്യ ഭാഗ്യവതി ഞാനാ. എന്റത്ര ഭാഗ്യള്ള ഏത്‌ സ്‌ത്രീയാ കേരളത്തില്‌ ഉള്ളത്‌? ല്ലേ, സമ്മതിക്കില്ലേ?
സമ്മതിക്കുന്നു. മാധവിക്കുട്ടി ഭാഗ്യവതിയല്ലാന്ന്‌ ആരാ പറയ്‌ആ?
ഞാനിപ്പോ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവളായി. ചെറിയ കുട്ട്യാവുമ്പതന്നെ എനിക്ക്‌ ഇതായിരുന്നു മോഹം. എല്ലാവര്‍ക്കും വേണ്ടപ്പെട്ടവളാവണം. ആയി. അച്ചീവ്‌മെന്റ്‌സ്‌ന്ന്‌ പറഞ്ഞാ ഓരോരുത്തര്‌ എന്തൊക്കെയാ വിചാരിക്ക്യാ. ജ്ഞാനപീഠം കിട്ടണംന്നൊക്കെയാ ചെലര്‍ക്ക്‌. അതൊക്കെ ശുദ്ധ അസംബന്ധാ എനിക്ക്‌. എന്റെ ദാഹം തീര്‍ക്കാന്‍ കാശിന്‌ പറ്റ്വോ? ഒരിക്കലൂല്ല. നൗ ഇറ്റ്‌ ഈസ്‌ എ ഗുഡ്‌ ലൈഫ്‌. ആന്‍ഡ്‌ ഐ ആം ഗ്രേറ്റ്‌ഫുള്‍ റ്റു അല്ലാഹ്‌. ഇപ്പം കൊറെ കവിത എഴ്‌ത്‌ണുണ്ട്‌. അതിന്റെ തര്‍ജമയൊക്കെ ഇപ്പം ഇറങ്ങും.
അറബി പഠിക്കുന്നൂന്ന്‌ കേട്ടു. ശരിയാണോ?
പഠിക്കാനൊക്കെ വെഷമാ. എന്നാലും ശ്രമിക്ക്‌ണ്‌ണ്ട്‌. ഒരാള്‌ കൊറച്ച്‌ സഹായമൊക്കെ ചെയ്‌ത്‌ തര്‌ണ്‌ണ്ട്‌. അറബിഭാഷ പഠിക്കാന്‍ വളരെ പ്രയാസം. വയസ്സായതോണ്ടാവും. എനിക്ക്‌ ഒന്നും ഓര്‍മ്മേല്‌ നിക്ക്‌ണില്ല്യാ കുട്ട്യേ. എനിക്ക്‌ അറബീത്തന്നെ ഖുറാന്‍ ചൊല്ലാന്‍ മോഹണ്ട്‌.
നിങ്ങളുടെ കവിതകളുടെ തര്‍ജമ അറബീല്‌ വരുന്നൂന്ന്‌ കേട്ടല്ലോ?
ശരിയാ. എന്നെ അറബി പഠിപ്പിക്ക്‌ണ ചെറുപ്പക്കാരന്‍ ഇവിടത്തെ ഇമാമാ. അദ്ദേഹത്തിന്റെ അച്‌ഛനാ തര്‍ജമ ചെയ്യ്‌ണത്‌ - മൊഹിയുദ്ദീന്‍ മൗലവി. അദ്ദേഹം പണ്ഡിതനാ; കവിയും.
മുസ്ലിമായതിന്‌ ശേഷമുള്ള കവിതകള്‌ മാത്രാണോ?
അതെ.
ഇസ്ലാമിനെപ്പറ്റി മാത്രാണോ ആ കവിതകള്‌?
അതെ. വേറൊരാള്‌ എന്റെ പ്രേമകവിതകള്‌ തര്‍ജമ ചെയ്യ്‌ണ്‌ണ്ട്‌.
അതൊക്കെ നേരത്തേ എഴുതിയതാവും, അല്ലേ?
അല്ല. നേരത്തെ എഴ്‌തീതും മുസ്ലിമായതിനു ശേഷം എഴ്‌തീതും ഒക്കെയുണ്ട്‌.
കമലാദാസ്‌ എന്ന പേരില്‌ എഴ്‌തിയ ഇംഗ്ലീഷ്‌ കവിതകളും ഉണ്ടോ?
സുറയ്യ എന്ന പേരിലും സ്‌നേഹത്തെപ്പറ്റി എഴ്‌തീട്ട്‌ണ്ട്‌. മുസ്ലിമായതോണ്ട്‌ സ്‌നേഹിക്കാനുള്ള ശക്തിയൊന്നും നഷ്‌ടായിട്ടില്ലല്ലോ.
`മലയാളത്തിന്റെ മാധവിക്കുട്ടി' എന്നൊര്‌ ഡോക്യുമെന്ററിയെപ്പറ്റി കേട്ടിരുന്നു. അതിപ്പോ എന്താണായത്‌?
ഞാന്‍ മുസ്‌ലിമായ സമയത്തേക്കാണ്‌ അത്‌ റെഡിയായത്‌. ഇവിടെ ജൂപ്പിറ്റര്‍ തിയേറ്ററില്‌ അത്‌ പ്രദര്‍ശിപ്പാക്കാം ന്ന്‌ വെച്ചു. അപ്പോ ചിലര്‌ തിയേറ്ററ്‌ കത്തിക്കുംന്ന്‌ ഭീഷണിപ്പെടുത്തി. പ്രദര്‍ശനം ഉണ്ടായില്ല. ഇപ്പം ആ ഡോക്യുമെന്ററി അങ്ങനെ ഇരിക്ക്‌ണ്‌ണ്ട്‌. കഷ്‌ടാണ്‌. നല്ല ചിത്രാണ്‌. ബ്യൂട്ടിഫുള്‍ പീസ്‌. പാട്ടും കളിയും ഒക്കെണ്ട്‌. ശ്രീകൃഷ്‌ണനെപ്പറ്റിള്ള പാട്ട്‌കളാ. കുട്ട്യാവുമ്പോ കൃഷ്‌ണനോടൊപ്പം കളിക്കാന്‍ പോവും ഞാന്‍. അതിനെപ്പറ്റി ഒക്കെയാ. മനോഹരമായ സിനിമ. ഇനി അത്‌ ആളുകളെ കാണാന്‍ സമ്മതിക്ക്യോ, നിശ്ചല്ല. 
ഇപ്പോ, ശ്രീകൃഷ്‌ണനെപ്പറ്റി-
കൃഷ്‌ണന്‍ മനസ്സ്‌ന്ന്‌ പോവ്വോ? ഞാന്‍ ആദ്യം സ്‌നേഹിച്ച പുരുഷനാ അത്‌. അതെങ്ങനേ പോവ്വാ? പിന്നെ, ഇപ്പോ ഞാന്‍ കൃഷ്‌ണനില്ലാതേം ജീവിക്കും. എനിക്കും ഒര്‌ പുതിയ ദൈവത്തെ കിട്ടി. കൃഷ്‌ണനെ ഞാന്‍ ശരീരം കൊണ്ടാ സ്‌നേഹിച്ചത്‌. ഇപ്പോ, ശരീരത്തിന്റെ കാര്യൊന്നും ചിന്തിക്കാറില്ല.
നിങ്ങളുടെ മതംമാറ്റത്തെപ്പറ്റി ഇംഗ്ലീഷില്‍ ഒര്‌ സിനിമ വര്‌ണ്‌ണ്ടോ?
ഉണ്ട്‌. ആര്‍നി ഗല്‍ബാര്‍ട്ട്‌ ആണ്‌ ആ പടം എട്‌ക്ക്‌ണ്‌ത്‌. ഗാലാ ഫിലിംസ്‌. ക്യുബെക്കിലാണ്‌. വളരെ പതുക്കെയാണു പടം നീങ്ങുന്നത്‌. ബിക്കോസ്‌ - ഞാന്‍ തന്നെ വേണം അവടെ. ഞാന്‍ ഒരാറാഴ്‌ച താമസിച്ച്‌ തിരിച്ച്‌വരും. ഇത്തവണ പോയില്ല. കാലിന്‌ വയ്യ.
കാലിനെന്തേ പറ്റി? 
പ്രമേഹം കാരണം വേദന. നടക്കാന്‍ പറ്റ്‌ണില്ല. വയസ്സായില്ലേ? പക്ഷേ, പോണം. അവര്‌ നല്ലോണം നോക്കും എന്നെ.
ആ സിനിമേടെ പേരെന്താ?
`കമലാ' ന്നായിരിക്കും. അല്ലേങ്കില്‌ �ദി കണ്‍വെര്‍ഷന്‍.�
ഡോക്യുമെന്ററിയാണോ, അതോ ഫീച്ചര്‍ ഫിലിമോ?
ഒന്നര-രണ്ട്‌ മണിക്കൂറ്‌ണ്ടാവൂം. ഫീച്ചര്‍ ഫിലിം തന്നെ. ഹിസ്റ്ററിയാണ്‌. അവര്‍ക്ക്‌ അതൊക്കെ ചരിത്രപ്രാധാന്യമുള്ള കാര്യങ്ങളാണ്‌-ഒരെഴ്‌ത്തുകാരി പോയിട്ട്‌ വേറെ മതം എട്‌ക്കണത്‌.
ജീവചരിത്രസിനിമയാണോ?
ആ പ്രൊഡ്യൂസറിന്റെ ഭാര്യ എന്റെ ജീവചരിത്രം എഴ്‌ത്‌ന്ന്‌ണ്ട്‌. രണ്ടും ഒരേ സമയം നടക്കും. ആ ബുക്കിന്‌ `കമലാ'ന്നാണ്‌ പേര്‌. ഞാന്‍ അവരോട്‌ പറഞ്ഞ്‌ട്ട്‌ണ്ട്‌- തെരക്ക്‌ കൂട്ടണ്ടാന്ന്‌. ഞാന്‍ മരിച്ചിട്ട്‌ എറക്കുകയല്ലേ നല്ലത്‌?
അതെന്താ? 
അതൊക്കെ അങ്ങനെയാ നല്ലത്‌.
അതിെന്റടേല്‌ ആരോ പറഞ്ഞു, മാധവിക്കുട്ടി സിനിമേല്‌ അഭിനയിക്കാന്‍ പോവ്വാന്ന്‌?
വെറുതെ തമാശ പറയണതാവും. അതിങ്ങനെ എപ്പളും പറയും. ഒരു ഫ്രഞ്ച്‌ നിര്‍മാതാവ്‌ണ്ട്‌. എന്റെ സുഹൃത്താ. മൂപ്പര്‌ എപ്പളും റോള്‌ ഓഫറ്‌ ചെയ്യും.
ഏതു റോളാ ഓഫറ്‌ ചെയ്‌തത്‌?
ഒരു സ്‌ത്രീയുടെ റോളാണ്‌. അതില്‌ ചുംബനമൊക്കെയുണ്ട്‌. ഫ്രഞ്ച്‌ മൂവിയല്ലേ? ചുംബനമൊന്നും അഭിനയിക്കാന്‍ എനിക്ക്‌ പറ്റില്ല. ഞാന്‍ മുസ്ലിമല്ലേ! ഞാന്‍ അതു സ്വീകരിച്ചില്ല. ഇപ്പോഴിതാ, വേറൊരു ഓഫര്‍. ഒരു ഇന്ത്യന്‍ രാജാവിന്റെ ഭാര്യയായിട്ട്‌ അഭിനയിക്കാന്‍. രണ്ട്‌ കമ്പിയായി വര്‌ണൂ. സാരിയുടുത്ത്‌ അഭിനയിക്കാം. എങ്ങനെയാ പോവ്വാ? ചെലപ്പോ പോവും. ലോകസേവയ്‌ക്ക്‌ കാശ്‌ണ്ടാക്കണ്ടേ?
ചിത്രം വര നിര്‍ത്തിക്കളഞ്ഞോ?
ഇല്ലയില്ല. ആള്‌കള്‍ക്ക്‌ എന്റെ ചിത്രങ്ങള്‌ ഇഷ്‌ടാണ്‌. ചിത്രത്തിന്റെ ചുവട്ടില്‌ �ക� എന്നാണ്‌ ഞാന്‍ പേരെഴ്‌തുന്നത്‌. അത്‌ കണ്ടാല്‌ ആള്‌കള്‌ പണം കൊടുക്കും. ഇറ്റ്‌ ഹാസ്‌ ഗോട്ട്‌ സം സ്‌നോബ്‌ വാല്യൂ. അല്ലാണ്ടെന്താ?
ചിത്രംവര ചെറുപ്പത്തില്‌ പഠിച്ചിട്ട്‌ണ്ടോ?
ങ്‌ആ. ആറ്‌ മാസം
എവടെ?
കല്‍ക്കട്ടേല്‌.
അന്നേ വരയ്‌ക്കുന്നുണ്ടോ?
വരയ്‌ക്കാന്‍ ഇഷ്‌ടാണ്‌ എനിക്ക്‌. അന്നും കുറച്ചൊക്കെ വരയ്‌ക്കും.
മാധവിക്കുട്ടീടെ വര പുറത്തറിഞ്ഞപ്പോള്‍ ചെല പ്രശ്‌നങ്ങളുണ്ടായിരുന്നല്ലോ. അതിന്റെ പ്രമേയത്തെപ്പറ്റീം മറ്റും-
എന്താ പെണ്ണുങ്ങളെ വരച്ചൂന്നോ? നഗ്നത വരച്ചൂന്നോ? ഏത്‌ ആര്‍ട്ടിസ്റ്റാ ന്യൂഡ്‌ ബോഡി വരയ്‌ക്കാത്തത്‌? ന്യൂഡ്‌ വരയ്‌ക്കാത്ത ഒരൊറ്റ ആര്‍ട്ടിസ്റ്റിന്റെ പേര്‌ പറഞ്ഞ്‌തര്വോ? അത്‌ വര പഠിക്കുന്ന രീതിയാ. ഇല്ലെങ്കില്‌ ആനയെ വരയ്‌ക്കും. അതല്ലെങ്കില്‌ കയ്യ്‌. എന്തു കഷ്‌ടാണ്‌, ശരീരം കണ്ടാലുംകൂടി അശ്ലീലാന്ന്‌ തോന്നിയാ എന്താ ചെയ്യാ? ഇവരൊക്കെ ഡോക്‌ടര്‍മാരായാ എന്ത്‌ കഷ്‌ടായിരിക്കും! ഇവര്‌ സ്‌ത്രീകളുടെ ശരീരം എക്‌സാമിന്‍ ചെയ്യില്ലേ? ഇവര്‌ടെ അമ്മയ്‌ക്കും ശരീരം ഇല്ലേ? എങ്ങനെയാ ദൈവം ഉണ്ടാക്കീട്ടുള്ള ശരീരം അശ്ലീലാവുന്നത്‌? എനിക്ക്‌ ഇപ്പഴും അത്‌ മനസ്സിലാവ്‌ണില്ല. വികടബുദ്ധിയാ അത്‌, ല്ലേ? 
ഫോട്ടോ എട്‌ക്ക്‌ണതും ആള്‌കള്‌ടേം മൃഗങ്ങള്‌ടേം ചിത്രം വരയ്‌ക്കുന്നതുമൊക്കെ ഇസ്ലാംമതം അനുസരിച്ച്‌ ഹറാം ആണെന്ന്‌ താലിബാന്‍ പറഞ്ഞിരുന്നല്ലോ.
താലിബാന്‍ പറയട്ടെ. എനിക്ക്‌ താലിബാനായിട്ട്‌ ഒര്‌ ബന്ധവും വേണ്ട. ഞാന്‍ അവരെ ദൂരെ നിര്‍ത്തും. �ഞാന്‍ താലിബാനാ�ന്നും പറഞ്ഞ്‌ ആരെങ്കിലും വന്നാല്‌ �സരളേ, ഇയാള്‍ക്ക്‌ ചായ കൊടുത്ത്‌ പറഞ്ഞയയ്‌ക്ക്‌� എന്ന്‌ പറയും ഞാന്‍. എനിക്ക്‌ ക്രൂരന്മാരെ ഇഷ്‌ടല്ല, കുട്ടീ. എനിക്ക്‌ നല്ല സ്‌നേഹള്ളോരെ ഇഷ്‌ടള്ളൂ. ല്ലേ?
അപ്പോ, ആള്‌കള്‌ടെ ചിത്രം ഇനിയും വരയ്‌ക്കും. അല്ലേ?
പിന്നെന്താ? എനിക്ക്‌ ഇഷ്‌ടാണ്‌. സുന്ദരികളായ പെണ്‍കുട്ട്യോള്‍ടെ ചിത്രം വരയ്‌ക്കാന്‍ എനിക്ക്‌ ഇഷ്‌ടാ. ഞാന്‍ വിദേശത്ത്‌ പോയാ താമസിക്ക്‌ണ വീട്ടുകാര്‍ക്ക്‌ രണ്ടു ചിത്രം വരച്ചു കൊട്‌ക്കും. ഒന്നവര്‍ക്ക്‌ വില്‍ക്കാന്‍. മറ്റൊന്ന്‌ ഡ്രോയിംഗ്‌ റൂമില്‌ തൂക്കാന്‍. കാന്‍വാസൊക്കെ അവര്‌ മേടിച്ച്‌ തരും. എനിക്ക്‌ ചെലവൊന്നൂല്ല.
പിന്നെ, സ്വന്തം പുസ്‌തകത്തിന്‌ കവറ്‌ വരയ്‌ക്കാത്തതെന്താ?
ഇത്‌ വരെ ആരും ചോദിച്ചിട്ടില്ല. പിന്നെ, പുസ്‌തകത്തിന്‌ കവറ്‌ വരയ്‌ക്കുന്നത്‌ ഉപജീവനമാര്‍ഗായിട്ട്‌ള്ള ചെല ചെറുപ്പക്കാര്‌ ഉണ്ട്‌. ഞാന്‍ അവര്‌ടെ വയറ്റത്തടിക്കണോ? എന്റെ ആവശ്യത്തെക്കാള്‍ വലുതാണ്‌ അവര്‌ടെ ആവശ്യം. ഞാന്‍ ഒരു ലിഷര്‍ പെയിന്റര്‍. ഭാഗ്യവതി. ഞാനിപ്പോ മുസ്ലിമായതോണ്ട്‌ ജ്യോത്സ്യം വിശ്വസിക്ക്‌ണില്ല. എന്നാലും പറയാം. എന്റേത്‌ ഭാഗ്യജാതകാ. എല്ലാ യോഗോണ്ട്‌ന്ന്‌ പറയും.
ഏതാ നാള്‌?
തിരുവോണം. എന്റെ ജാതകത്തിലേ, എല്ലാ യോഗങ്ങളൂണ്ട്‌. ഗജകേസരിയോഗം, ചക്രവര്‍ത്തിയോഗം, കേസരിയോഗം, രാജയോഗം തുടങ്ങി എല്ലാ യോഗങ്ങളൂണ്ട്‌. എന്റെ മാതിരി നല്ല ജാതകല്ലാ എന്റെ നാട്ടില്‌ എന്നു പറയും. പിന്നെ നമ്മളെയൊക്കെ ആര്‍ക്കെങ്കിലും തളര്‍ത്താന്‍ സാധിക്ക്യോ? എന്നെ പരിഹസിച്ച്‌ വര്‌ണോരൊക്കെ പിന്നെ എന്റെ ഫ്രണ്ടായിട്ട്‌ മടങ്ങിപ്പോവ്വും. വിചിത്രായ ഒര്‌ ലോകാ ഇത്‌. ല്ലേ? ഞാന്‍ സ്വര്‍ഗത്തിലേക്ക്‌ പോണേന്റെ മുമ്പേ എന്തൊക്കെണ്ടാവും വിസ്‌മയങ്ങള്‌. ല്ലേ?
പണ്ട്‌ പുനര്‍ജന്മത്തില്‌ വിശ്വാസണ്ടായിര്‌ന്നില്ലേ?
അതെ.
ഇപ്പോഴോ?
ഹേയ്‌. എനിക്കെന്ത്‌ പുനര്‍ജന്മം? എനിക്ക്‌ സ്വര്‍ഗല്ലേ കിട്ടാന്‍ പോണത്‌. ഞാന്‍ വിടൂല്യ അത്‌. അവിടന്ന്‌ പോരൂല്യ. ഞാന്‍ ഇപ്പത്തന്നെ അതൊക്കെ ഇങ്ങനെ കാണ്‌ന്ന്‌ണ്ട്‌. ചില സ്ഥലത്തൊക്കെ ശരറാന്തലുകള്‌. തോരണങ്ങള്‌. ഞാന്‍ ചെല്ലുന്ന ദിവസം വഴിക്കൊക്കെ ഇങ്ങനെ തോരണങ്ങള്‌ ഉണ്ടാവും. വെളുത്ത്‌ ആടുന്ന തോരണങ്ങള്‌. എന്ത്‌ രസായിരിക്കും, ല്ലേ? ചെലര്‍ക്ക്‌ കുറ്റബോധണ്ടാവും. �ഞാന്‍ സ്വര്‍ഗം അര്‍ഹിക്ക്‌ണ്‌ല്ല? അല്ലാഹു എന്നെ അവിടെ കൊണ്ടു പോവ്വാ�ന്നാ ചെലോര്‌ പറയ്യാ. �ഞാന്‍ ഇത്‌ അര്‍ഹിക്കുന്നു� എന്നു പറഞ്ഞ്‌ സ്വര്‍ഗത്തില്‌ പോണ ആളാവും ഞാന്‍.
സ്വര്‍ഗം കിട്ടും എന്ന്‌ അത്ര ഒറപ്പാ?
പിന്നെന്താ കാരശ്ശേരീ? എനിക്ക്‌ പിന്നെ എന്താ കിട്ട്വാ? ഇത്രയൊക്കെ ആളെ സ്‌നേഹിച്ച ഒരാള്‍ക്ക്‌ സ്വര്‍ഗല്ലാതെ എന്താ തര്വാ? ഞാന്‍ ക്രൂരായിട്ടൊന്നും ചെയ്‌തിട്ടില്ലല്ലോ. ഇനി ക്രൂരതയൊന്നും കാട്ടൂല്ല. ഈ വയസ്സ്‌ വരെ ഒര്‌ ക്രൂരതേം കാണിക്കാത്ത ആള്‌ ഇനി പെട്ടെന്ന്‌ മാറ്വൊന്നൂല്ല. ഞാന്‍ ഇപ്പം തന്നെ പോവാന്‍ റെഡിയാ. ഇതാ ഈ സരള എപ്പളും പറയും- വേണ്ട, അമ്മേ, അങ്ങനെ പോവണ്ടാന്ന്‌, ഐ ആം റെഡി. ജീവിക്ക്‌ണത്‌ എനിക്ക്‌ സന്തോഷാ. പരമസുഖം. ഇവേടം എനിക്ക്‌ സ്വര്‍ഗാ. മരിച്ച്‌ പോണത്‌ ഇതിലും വെലിയ സ്വര്‍ഗത്തിലേക്കാന്ന്‌ കാണാം. അവിടെവച്ച്‌ നമ്മക്കൊര്‌ ഇന്റര്‍വ്യൂ നടത്താം. ല്ലേ?
ഞാന്‍ സ്വര്‍ഗത്തില്‌ ഇല്ലെങ്കിലോ?
എന്തേ ചെയ്‌തത്‌ നരകത്തില്‌ പോവാന്‍? വല്ലോരേം ചതിച്ചോ?
അങ്ങനെയാണെങ്കില്‌ എന്നെക്കാണാന്‍ നരകത്തില്‍ വര്വോ?
അങ്ങനെ വരാന്‍ വയ്‌ക്ക്വോ, കാരശ്ശേരീ?
അങ്ങനെയല്ലേ വേണ്ടത്‌? നരകത്തിലുള്ളോര്‌ക്ക്‌ സ്വര്‍ഗത്തില്‌ വരാന്‍ പറ്റുകയുണ്ടാവില്ല. അപ്പം സ്വര്‍ഗത്തിലുള്ളോര്‌ നരകത്തിലുള്ളോരെ കാണാന്‍ വരണ്ടെ?
നരകത്തില്‌ പോയോര്‍ക്ക്‌ എന്നും നരകായിരിക്ക്യോ? മോചനം ഉണ്ടാവില്ലേ?
ഉണ്ടാവില്ലെന്നാണ്‌ കേട്ട്‌ട്ട്‌ള്ളത്‌. എന്റെ മാതിരിക്കാര്‍ക്കൊക്കെ നിത്യമായ നരകം എന്നാണ്‌ ഈ സ്വര്‍ഗത്തിന്റെ ആള്‌കള്‌ പറയ്‌ണത്‌.
പറയൂ. എന്താ ഇത്ര ദുഷ്‌ടത്തരം കാണിച്ചത്‌? കുട്ട്യോളെ തോല്‍പിച്ചിട്ട്‌ ണ്ടാവും, ല്ലേ? അത്ര ദുഷ്‌ടനാന്ന്‌ ഞാന്‍ കര്‌തീലാ, ട്ടോ. ഇവടെ അത്ര ദുഷ്‌ടന്‍മാര്‌ കയറി വരാറില്ല, അല്ലേ സരളേ? ഇപ്പോ �കൊല്ലും' ന്ന്‌ പറഞ്ഞ്‌ ആരും വരാറില്ല. ആ പാവം ജീവിച്ചോട്ടേന്ന്‌ വെച്ചിട്ട്‌ണ്ടാവും. ഞാന്‍ നല്ല സുന്ദരിയായിട്ട്‌ ഇരിക്ക്‌ണില്ലേ?
അതെ. ഈ പര്‍ദ്ദയിട്ടാല്‌ ജരയും നരയും ഒന്നും കാണില്ലല്ലോ.
ആള്‌കള്‌ കണ്ടോട്ടെ. നര കണ്ടാലെന്താ? നരയൊക്കെ ഞാന്‍ ഏണ്‍ ചെയ്‌തതാ. ചക്രവളയൊക്കെ ഇട്‌ണ മാതിരി ഞാന്‍ അര്‍ഹിക്കുന്ന നരയാ ഇത്‌. എത്ര ചിന്തിച്ചിട്ട്‌ നേടിയതാ അറിയ്യോ ? നല്ല ഭംഗിയുള്ള നരയല്ലേ, ഇത്‌? സരള എപ്പഴും പറയും - `എന്ത്‌ ഭംഗിയാ അമ്മേടെ നരയ്‌ക്ക്‌!' നര കൊറച്ചേള്ളു. എനിക്ക്‌ എത്ര മുടിണ്ട്‌ന്നറിയ്വോ? ഇത്‌ അഴിച്ചിട്ടാ കാണാം. ഈ പ്രായത്തില്‌ എനിക്ക്‌ ദാ, ഇത്രണ്ട്‌ മുടി. മുടി കണ്ടാ വെറയ്‌ക്കും. ചെല സ്‌ത്രീകള്‍ക്ക്‌ എന്നോട്‌ അതാ ദേഷ്യം. ഈ പ്രായത്തിലും അയാം സോ ഗുഡ്‌ലുക്കിംഗ്‌. അവര്‍ക്കു സഹിക്ക്വോ?
അസൂയ?
ങ്‌ഉും. ഞാന്‍ പറയും. അസൂയൊന്നും വേണ്ടാ. നാളെ മുതല്‌ ഓരോരുത്തരെ സ്‌നേഹിച്ച്‌ തൊടങ്ങിക്ക്വോള്വാ. സ്‌നേഹിച്ചുതുടങ്ങിയാല്‍ ആള്‌കള്‌ടെ മനസ്സ്‌ന്ന്‌ അസൂയൊക്കെ പോവും. എല്ലാ ചീത്തയും പോവും. മുഖം മനോഹരാവും. ഇത്‌ പറഞ്ഞ്‌കൊടുത്താ മതി. സ്‌നേഹിച്ചാല്‌ ആരും സുന്ദരിയാവും. എല്ലാരും അങ്ങട്ട്‌ സുന്ദരികളായാല്‌ നമ്മള്‌ കുടുങ്ങും, ല്ലേ സരളേ. അതോണ്ട്‌ ഇത്‌ എല്ലാര്‍ക്കും പറഞ്ഞ്‌കൊട്‌ക്കണ്ട. കൊറച്ചൊക്കെ മതി, ട്ടോ.
ശരീര സൗന്ദര്യത്തെപ്പറ്റി ഇങ്ങനെയൊക്കെ വര്‍ത്തമാനം പറയുന്നത്‌ ഫെമിനിസ്റ്റ്‌കള്‌ കേട്ടാലോ?
എനിക്ക്‌ ഫെമിനിസ്റ്റാവാന്‍ ഇഷ്‌ടല്ല. ഫെമിനിസ്റ്റായ പെണ്ണ്‌ങ്ങക്കേ കൊറേ കഴിയുമ്പം താടീമ്മല്‌ രോമം ണ്ടാവുംത്രേ. വാദിച്ച്‌ വാദിച്ച്‌ ആണുങ്ങളെ മാതിരിയാവും. ശബ്‌ദൊക്കെ പര്‌ക്കനാവും. അയ്യേ, എനിക്കതൊന്നും ഇഷ്‌ടല്ല. 
പക്ഷേ, നമ്മുടെ നാട്ടില്‌ പല ഫെമിനിസ്റ്റുകളും പറയ്‌ണുണ്ട്‌ - മാധവിക്കുട്ടി ഫെമിനിസ്റ്റാന്ന്‌.
ആണോ? അതെന്താ അങ്ങനെ പറ്യാന്‍? 
നിങ്ങള്‍ടെ കവിതേലും കഥേലും ആത്മകഥേലുമൊക്കെ സ്‌ത്രീസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദാഹം ഉണ്ട്‌ന്നാ അവര്‌ പറയ്‌ണത്‌.
അതൊക്കെ കള്ളക്കഥയല്ലേ, കാരശ്ശേരീ? �എന്റെ കഥ�യില്‌ കൊറേ ഭാഗം നൊണയല്ലേ? സങ്കല്‌പ കഥാപാത്രങ്ങള്‌ കുറേയില്ലേ, ആ ആത്മകഥേല്‌? എല്ലാം കൂടി മിക്‌സ്‌ ചെയ്‌തു. സങ്കല്‌പോം യാഥാര്‍ഥ്യോം എല്ലാം കൂടി കുഴച്ചു - അവിയല്‌ മാതിരി.
അപ്പോപ്പിന്നെ �എന്റെ കഥ' ആത്മകഥയാന്ന്‌ പറയാന്‍ പറ്റ്വോ?
ആര്‌ പറയ്‌ണൂ? അതൊക്കെ ആള്‌കള്‌ വെറ്‌തെ പറയിണ്‌തല്ലേ? �എന്റെ കഥാ�ന്നാ അതിന്റെ ടൈറ്റില്‌. കഥയില്‌ ചോദ്യം ഉണ്ടോ? അതില്‌ പറഞ്ഞ മാതിരിയൊക്കെ ഞാന്‍ ചെയ്‌തിര്‌ന്നെങ്കില്‌ എന്റെ മുഖം ഇങ്ങനെയിരിക്ക്വോ? എന്റെ മക്കള്‍ക്ക്‌ എന്നോട്‌ ഇത്ര സ്‌നേഹണ്ടാവ്വോ? അതിലെ മാധവിക്കുട്ടി ഞാന്‍ സൃഷ്‌ടിച്ച ഒരു കഥാപാത്രം മാത്രമാണ്‌. എന്റെ ഇഷ്‌ടപ്പെട്ട കഥാപാത്രമാണവള്‍. നിയന്ത്രണംവിട്ട്‌ ഓടുന്ന അവളെ എനിക്ക്‌ ഇഷ്‌ടാണ്‌. അഡ്വഞ്ചറസ്‌!
സങ്കല്‌പംകൊണ്ട്‌ ഉണ്ടാക്കിയ ജീവിതാണോ �എന്റെ കഥ� യില്‌ കാണ്‌ന്നത്‌?
ങ്‌ആ... അറുപതു ശതമാനം ഉള്ളതാ. പിന്നെ സങ്കല്‌പം. നാല്‍പതു ശതമാനം തമാശ.
അപ്പം ഇതില്‌ ഏതാണു നേര്‌, ഏതാണു നുണാന്ന്‌ എങ്ങനെയാ-
അത്‌ പറയില്ല. പറഞ്ഞാപ്പിന്നെ നിങ്ങള്‌ വായിക്കില്ല്യ. വായിക്കാന്‍ രസം ണ്ടാവില്ല. നിങ്ങള്‌ ധാരാളായിട്ട്‌ പുസ്‌കം വാങ്ങി വായിക്കണം. അപ്പോ എനിക്കു പണം കിട്ടും റോയല്‍റ്റി-
അത്‌ ഇംഗ്ലീഷിലല്ലേ, എഴുതീത്‌?
അതെ. 
ആരാ മലയാളത്തിലാക്കിയത്‌?
പറേണ കേട്ടു, കാക്കനാടന്‍ ആണെന്ന്‌. മലയാള നാട്ടിലല്ലേ അത്‌ വന്നത്‌. അന്ന്‌്‌ അവടെയുള്ളത്‌ കാക്കനാടന്‍ അല്ലേ? ഞാന്‍ അന്വേഷിച്ചിട്ടില്ല. ചെലേടത്ത്‌ ഉഗ്രന്‍ തെറ്റ്‌കളുണ്ട്‌, �ഞാന്‍ ഇന്ന ആളെ സ്‌നേഹിച്ചു� എന്നു ഞാന്‍ ഇംഗ്ലീഷില്‍ എഴുതിയത്‌ �ഞാന്‍ ഇന്ന ആളെ ഭോഗിച്ചു� എന്നു മലയാളത്തില്‍ കണ്ടു. എനിക്കു നിശ്ചല്ല, അത്‌ തമ്മില്‌ള്ള വെത്യാസം. എനിക്ക്‌ അത്രല്ലേ വാക്ക്‌കള്‌ അറിയ്‌ള്ളൂ. അമ്മയാണ്‌ എനിക്ക്‌ അതു കാണിച്ച്‌തന്നത്‌ - അയ്യോ, ആമീ നീ എന്തേ എഴ്‌തീത്‌? ഞാന്‍ പറഞ്ഞു, ലൗ എന്നാണ്‌ എഴ്‌തീത്‌. അമ്മ പറയ്‌ആ: അയ്യോ, ഇതിന്‌ അര്‍ഥം വേറെയാ. ഇതുപോലെ വേറൊരു തമാശ. ഞാന്‍ ട്യൂബ്‌റോസ്‌ എന്നെഴുതി. അത്‌ ഒരിനം ചെടിയാ. പൂവിന്‌ നല്ല മണള്ളതാ. അഞ്ച്‌ അല്ലി ഉണ്ടാവും. അവര്‌ എഴുതിയിരിക്ക്യാ �കുഴലില്‍ വെച്ച റോസ്‌� എന്നോ മറ്റോ. ഒക്കെ ഇങ്ങനെയാ.
എങ്കില്‍ അത്‌ നേരെയാക്കായിര്‌ന്നില്ലേ?
ഓ....... അത്‌ ഞാന്‍ കച്ചിറത്തൊട്ടിയിലെറിഞ്ഞു. ഐ ഹാവ്‌ ഔട്ട്‌ലിവ്‌ഡ്‌ ദാറ്റ്‌. ഇനി അത്‌ എന്റെ മാന്യതയ്‌ക്ക്‌ ചേരില്ല. അതോണ്ട്‌ പലരും ഒര്‌പാട്‌ കാശ്‌ ണ്ടാക്കി. ഒന്നും എനിക്ക്‌ കിട്ടീട്ടില്ല. വിദേശത്ത്‌ ഞാന്‍ എവടെപ്പോയാലും എല്ലാ ബുക്ക്‌ഷോപ്പിലും �മൈ സ്റ്റോറി� കണ്ട്‌ന്ന്‌ണ്ട.്‌ ഇന്നാള്‌ ഒര്‌ ഫ്രന്റ്‌ ഇന്റര്‍നെറ്റില്‌ അതിന്റെ പരസ്യം കാണിച്ച്‌ തന്ന്‌. എത്രയാ വെല? ഡോളറിന്റെ കണക്ക്‌ കേട്ടാ പേടിയാവും. ഒര്‌ പൈസ തന്നിട്ടില്ല, എന്നോട്‌ പെര്‍മിഷനും ചോദിച്ചിട്ടില്ല.
പകര്‍പ്പവകാശത്തിന്റെ ലംഘനമല്ലേ, അത്‌?
അതെ. ഞാന്‍ കേസ്‌ കൊട്‌ത്താല്‌ കോടിക്കണക്കിനു രൂപ അവര്‌ കൊണ്ടന്ന്‌ തരണ്ടിവരും.
പിന്നെയെന്താ കേസ്‌ കൊടുക്കാത്തേ?
ഓ.... എനിക്ക്‌ ആരേം ദ്രോഹിക്കാന്‍ വയ്യ.
അവര്‌ നിങ്ങളെ ദ്രോഹിച്ചില്ലേ?
ദ്രോഹിച്ചിട്ടൊന്നൂല്ല. പണം തന്നില്ല. അത്രല്ലേ, ള്ളൂ. കൊന്നിട്ടൊന്നൂല്ലല്ലോ. ഒര്‌ പാപകര്‍മം എനിക്ക്‌ ചെയ്യാന്‍ വയ്യ. എന്റെ മക്കള്‍ക്ക്‌ പണം വേണെങ്കില്‌ അവര്‌ കേസ്‌ കൊട്‌ത്തോട്ടെ.
�എന്റെ കഥ� അറബീല്‌ വന്നോ?
വന്നിട്ടില്ല. അറബീല്‌ വന്നാല്‌ എനിക്ക്‌ ഇപ്പോ കിട്ടുന്ന ബഹുമതിയൊന്നും കിട്ടില്യ. അറബികള്‍ക്ക്‌ ഞാനിപ്പോ കള്‍ട്ട്‌ഫിഗറാ. അതോണ്ട്‌ അത്‌ അറബീല്‌ വേണ്ട. ഞാന്‍ അവിടെപ്പോയപ്പോഴത്തെ കഥ കേള്‍ക്കണോ: ഞാന്‍ എന്തെങ്കിലുമൊന്ന്‌ ഒറിജിനല്‌ ആയിട്ട്‌ അങ്ങട്ട്‌ പറയുമ്പഴേ അവരെല്ലാംകൂടി ഒന്നിച്ച്‌ എഴുന്നേറ്റ്‌നിന്ന്‌ �അല്‍ഹംദുലില്ലാ� ന്ന്‌ ഷൗട്ട്‌ ചെയ്യും. അങ്ങനത്തെ ഒര്‌ സ്‌ത്രീ പ്രേമത്തെപ്പറ്റിയൊക്കെ എഴ്‌തിയാല്‌.... അതൊന്നും പറ്റില്ല കാരശ്ശേരീ. അത്‌ വേറെ ലോകം. അറബികള്‌ പേടിക്കും. ഇവര്‌ ഇത്തറ ചീത്ത സ്‌ത്രീയാണോന്ന്‌! ആരോടും പറയേണ്ട. ഞാന്‍ ശരിക്കും നല്ല സ്‌ത്രീയാ. ചീത്ത സ്‌ത്രീയാന്ന്‌ പറഞ്ഞാലേ പുസ്‌തകം വില്‍ക്കുകയുള്ളൂന്ന്‌ പബ്ലിഷേഴ്‌സ്‌, പറയാറുണ്ട്‌. ഞാന്‍ ഒരു ബാഡ്‌ വുമണ്‍ ആയിരുന്നെങ്കില്‍ ദാസേട്ടന്‍ എന്നെ ഇത്ര സ്‌നേഹിക്ക്വോ? എന്റെ കുട്ടികള്‌ എന്നെ സ്‌നേഹിക്ക്വോ?
ഭര്‍ത്താവിന്‌ �എന്റെ കഥ� വായിച്ചപ്പോള്‍ പരിഭ്രമമൊന്നും ഉണ്ടായിര്‌ന്നില്ലേ? 
മൂപ്പര്‌ പറഞ്ഞിട്ടല്ലേ ഞാന്‍ അത്‌ എഴ്‌തീത്‌? �റൈറ്റ്‌ സെന്‍സേഷനല്‍ സ്റ്റോറീസ്‌� എന്നാ പറഞ്ഞത്‌. �ആമീ നമ്മക്ക്‌ പണം കിട്ടണം�ന്ന്‌. മൂപ്പര്‍ക്ക്‌ വേണ്ടിട്ടാ ഞാന്‍ ഇതൊക്കെ സങ്കല്‌പിച്ചത്‌. �റൈറ്റ്‌ എബൗട്ട്‌ എ പൊളിറ്റീഷന്‍, റൈറ്റ്‌ എബൗട്ട്‌ എ വിദേശി, ആരും ചോദിക്കാന്‍ പോണില്ല� എന്നൊക്കെ എനിക്ക്‌ പറഞ്ഞ്‌തന്നത്‌ മൂപ്പര്‌തന്നെയാ. അദ്ദേഹം പറഞ്ഞിട്ടുതന്നെ എഴുതിയതാ. ഇല്ലെങ്കില്‍ ഞാന്‍ എഴുതുമോ? ഞാന്‍ പതിവ്രതയാണ്‌. ദാസേട്ടന്‍ കല്‌പിച്ചതനുസരിച്ചാ ഞാന്‍ ജീവിച്ചത്‌. ആ അനുസരണേടെ ഭാഗായിട്ടാ ആ പുസ്‌തകവും എഴുതീത്‌. അങ്ങട്ട്‌ ഓട്‌ണതും ഇങ്ങട്ട്‌ ഓട്‌ണതും എല്ലാം സാങ്കല്‌പികമാണ്‌. എവടെ ഓട്‌ണ്‌? നമ്മള്‌ വീട്ടിലിരിക്കും. ഐ വാസ്‌ സച്ച്‌ എ ചെയ്‌സ്റ്റ്‌ വൈഫ്‌. അതോണ്ട്‌ ഒരു റിഗ്രറ്റൂല്ല, ട്ടോ. എഴ്‌ത്തുകാര്‍ക്ക്‌ എന്തിലും എങ്ങനേം പൂര്‍ണത കിട്ടും. എന്തൊക്കെയാ മോഹംച്ചാല്‍ അതൊക്കെ എഴ്‌തിയാ മതീന്ന്‌. തീരും. ജീവിച്ച്‌ തീര്‍ക്കണ മാതിരിതന്നെയാ, എഴ്‌തിത്തീര്‍ക്ക്‌ണതും. ഭാഗ്യാണ്‌ എഴുത്ത്‌, ല്ലേ?
ഒരു സങ്കല്‌പലോകം ഉണ്ടാക്കി അതില്‌ കഴിഞ്ഞാ മതിയോ എഴ്‌ത്തുകാര്‌?
നമ്മള്‌ ഒര്‌ സങ്കല്‌പലോകം ഉണ്ടാക്കണം. അങ്ങനെ ഉണ്ടാക്കിയിട്ട്‌ അവസാനം ഏതാ സങ്കല്‌പലോകംന്ന്‌ തിരിയാതെയായി എനിക്ക്‌. സങ്കല്‌പോം യാഥാര്‍ഥ്യോം കൂടിക്കുഴഞ്ഞുപോയി. എന്റെ തന്നെ ധാരണകളില്‍ �എന്റെ കഥ� യിലെ ആ സ്‌ത്രീയായിത്തീര്‍ന്നു ഞാന്‍. പിന്നെ, തമാശ കേക്കണോ: ഇവടെ കാണാന്‍ വര്‌ന്നോര്‌ ചെലര്‌ ആ ചീത്ത സ്‌ത്രീയാണ്‌ ഞാന്‍ എന്ന കണ്ണോടെ എന്നെ കണ്ടുതുടങ്ങി. അങ്ങനെ ഓരോ അനാവശ്യം പറഞ്ഞുതുടങ്ങി. അപ്പം ഞാന്‍ സരളേടേം മറ്റും അടുത്തേക്ക്‌ ഓടിച്ചെല്ലും. ന്നട്ട്‌ അവരോട്‌ സംസാരിപ്പിക്കും. ഞാനല്ല ആ കഥാപാത്രം. അതാര്‍ക്കാ അറിയ്യ്യാ? എനിക്ക്‌ പേടിയാ.
ഹജ്ജിന്‌ പോണംന്ന്‌ മോഹണ്ടോ?
മോഹം ണ്ട്‌. കുട്ട്യോളൊക്കെ സമ്മതിക്കണ്ടെ? അമ്മയ്‌ക്ക്‌ വയ്യല്ലോന്ന്‌ പറയും അവര്‌.
അവടന്ന്‌ ധാരാളം ക്ഷണം വര്‌ന്ന്‌ണ്ടാവും. ല്ലേ?
പിന്നെ? ഒരു ശൈഖിന്റെ അമ്മ കൊണ്ടോവാന്ന്‌ പറഞ്ഞ്‌ട്ട്‌ണ്ട്‌. അവര്‍ക്കൊര്‌ പല്ലക്ക്‌ണ്ട്‌. അതില്‌ ചാരിക്കെടന്ന്‌ട്ട്‌ ങ്ങനെ പോവാം. ഇക്കൊല്ലത്തെ ഹജ്ജ്‌ �ലോകസേവാ� പ്രവര്‍ത്തനം തന്നെ. ഇതുതന്നെയാ എന്റെ ഹജ്ജ്‌. ഇസ്ലാമിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീക്കലും ഹജ്ജ്‌ തന്നെ. അത്ര നല്ല ഹജ്ജ്‌ വേറെ എവിടെയാ കിട്ട്വാ? അമേരിക്കയില്‍ പോയി ഞാന്‍ ഇസ്ലാമിനെപ്പറ്റി പ്രസംഗിക്കും. അവര്‍ക്കും തെറ്റിദ്ധാരണ മാറട്ടെ. പിന്നെയാരാ ഇവിട്‌ന്ന്‌പോവ്വ്വാ? ഞാനല്ലേ, ള്ളൂ. ഇവര്‍ക്കൊക്കെ മലയാളം അല്ലേ അറിയുള്ളൂ. ഞാന്‍ ഒരു വിനീതേടെ മാതിരിയല്ല, സംസാരിക്കുന്നത്‌ അല്ലേ?
ഇവിടന്ന്‌ പോവാന്‍ ഇംഗ്ലീഷ്‌ അറിയുന്നോര്‌ വേറേം ധാരാളം ഉണ്ടാവും. എഴുത്ത്‌കൊണ്ട്‌ അവര്‌ടെ ഇടയില്‌ സ്വീകാര്യത നേടിയ ആള്‌കള്‌ അധികം ഉണ്ടാവില്ല. 
ശരിയാ. ഞാന്‍ ധാരാളം കവിതയൊക്കെ ചൊല്ലും. അവിടെ വലിയ അറ്റന്‍ഷന്‍ കിട്ടും എനിക്കും. ഇവടെയെന്താ, വട്ട്‌പിടിച്ച ഒരുമ്മ എന്ന പേരേള്ളൂ എനിക്ക്‌.
നിങ്ങളുടെ അമ്മ ഈ മതംമാറ്റം അറിഞ്ഞിട്ടേയില്ലല്ലോ.
ഇല്ല. അവര്‍ക്ക്‌ വെയ്യല്ലോ. ബോധല്ല. 
അറിഞ്ഞിരുന്നെങ്കിലോ?
ഹേയ്‌. അമ്മ വെല്ല്യ പണ്ഡിതയാ. സംസ്‌കൃതം പഠിച്ചു, വേദാന്തം പഠിച്ചു, തമിഴ്‌ പഠിച്ചു, ഇംഗ്ലീഷ്‌ പഠിച്ചു..... എന്തെല്ലാം പഠിച്ചു! അവര്‌ ശരിക്കും പണ്ഡിതയാ. അമ്മേടെ ബുദ്ധിയുള്ള ആള്‌കള്‍ക്ക്‌ എല്ലാ മതവും ഒരു പോലെയാവും. മതത്തിനൊക്കെ അര്‍ഥല്ലാണ്ടെയാവും. എല്ലാ മതത്തിനും അപ്പുറത്തെത്തീട്ട്‌ണ്ടാവും. പിന്നെ മതംമാറ്റമൊന്നും ഒരു വിഷയാവില്ല. മതത്തിന്റെ പ്രസക്തി ഇല്ലാത്ത തലത്തിലെത്തിയ ഒരാള്‍ക്ക്‌ എങ്ങനെ മതംമാറ്റം വിഷയാവാന്‍? ചില ആള്‌കള്‌ ഇഴയുന്നു, ചിലര്‌ മുടന്തിനടക്കുന്നു, ചിലര്‌ നേരെ നടക്കുന്നു, അമ്മയൊക്കെ പറക്ക്‌ണ ടൈപ്പാ. വെരി ബ്രില്ല്യന്റ്‌ വുമണ്‍. 
സുഹൃത്തുക്കള്‍ടെ പ്രതികരണം എന്തായിര്‌ന്ന്‌?
ഭയങ്കര ഇഷ്‌ടം. എനിക്ക്‌ സുഹൃത്തുക്കളൊക്കെ വിദേശത്താ. അവരൊക്കെ ഹാപ്പിയായി.
നാട്ടിലെ കാര്യമാണ്‌-
കൊച്ചീല്‌ എനിക്കധികം സുഹൃത്തുക്കള്‌ ഉണ്ടായിട്ടില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിജയലക്ഷ്‌മിക്ക്‌ എന്നെ വലിയ ഇഷ്‌ടാണ്‌ . പിന്നെ, ഒ.വി. ഉഷയ്‌ക്കും എന്നെ കാര്യമാണ്‌.
ഇവടെ വേറെ സുഹൃത്തുക്കളില്ലേ?
സരളേ, ആരാ എന്റെ ഫ്രന്റ്‌?
അത്‌ സരളയോട്‌ ചോദിച്ചാലോ?
അല്ല. സരളേ, ആര്‌ വര്‌മ്പളാ ഞാന്‍ ഏറ്റവും ഹാപ്പിയാവുന്നത്‌? ആരെയാ എനിക്ക്‌ അത്ര ഇഷ്‌ടം? ആരാ അത്ര ഹാപ്പിയായിട്ട്‌ എന്നെ കാണാന്‍ വര്‌ന്നത്‌? എനിക്ക്‌ ഓര്‍മ്മയില്ല, ട്ടോ.
പഴയ സുഹൃത്തുക്കളോ?
ഓ.... അവരൊക്കെ പോയില്ലേ? ഇപ്പോ ആരും തിരിഞ്ഞ്‌ നോക്ക്‌ണില്ല. എനിക്ക്‌ ഇപ്പോ ഒറ്റ സുഹൃത്തേയുള്ളൂ - അല്ലാഹു മാത്രം. എനിക്കാരൂല്ല, എന്നെ രക്ഷിക്കണം എന്ന്‌ ഞാന്‍ അല്ലാഹുവിനോട്‌ ങ്ങനേ നെലവിളിച്ച്‌ പറയും. അപ്പോ എന്റെ ബെഡ്‌റൂം ങ്ങനേ പ്രകാശിക്കും. എന്റെ ബെഡ്‌റൂം ഒരു മോസ്‌ക്‌ ആണ്‌. എനിക്ക്‌ ഒരു മോഹംണ്ട്‌ - സുരയ്യടെ പള്ളീന്ന്‌ വെച്ചിട്ട്‌ വെല്ല്യ ഒരു മോസ്‌ക്‌ ഉണ്ടാക്കണം. വെണ്‍നിലാവില്‍ ങ്ങനെ വെളുത്തുയര്‍ന്ന്‌ നില്‍ക്കുന്ന ഒരു പള്ളി. എന്റെ പേരില്‌ വേണം. പക്ഷേ, എവിടെയാ പണം?
ഏത്‌ ശൈഖിനോടു ചോദിച്ചാലും പള്ളി ഉണ്ടാക്കാന്‍ പണം തരും.
പക്ഷേ, എന്റെ പേരില്‌ ഉണ്ടാക്കാന്‍ തര്വോ?
അതുണ്ടാവില്ല.
അത്‌ പറ്റില്ല. എന്റെ പേരില്‌ വേണം എനിക്ക്‌. ഞാന്‍ മരിച്ച്‌ പോവുമ്പോ എല്ലാവരും പറയണം - സുറയ്യടെ പള്ളീപ്പോയി പ്രാര്‍ഥിക്ക്യാന്ന്‌. കടലിന്റെ വക്കത്തായിക്കോട്ടെ. ഞങ്ങടെ നാട്ടില്‌ കടലിന്റെ വക്കത്ത്‌ സ്ഥലം കിട്ടും. ലാഭത്തില്‌ കിട്ടും. സെന്റിന്‌ മൂവായിരമൊക്കെ മതിയാവും. അവടെ പള്ളിണ്ടാക്കാം.
അല്ലാഹുവിന്റെ പള്ളി എന്നതല്ലേ, ശരിയായ പ്രയോഗം?
ഞാന്‍ അല്ലാഹുവിന്റെ ദാസിയല്ലേ? പ്രിന്‍സിപ്പല്‍ ദാസി ഇപ്പോ ഞാനാ. പെണ്ണ്‌ങ്ങക്ക്‌ അതൊക്കെ വേഗം മനസ്സിലാവും, കാരശ്ശേരീ. സ്‌നേഹിക്ക്‌ണ്‌ ണ്ട്‌, ഇങ്ങട്ട്‌ സ്‌നേഹം കിട്ട്‌ണ്‌ണ്ട്‌ എന്നൊക്കെ സ്‌ത്രീകള്‍ക്ക്‌ വേഗം മനസ്സിലാവും. പ്രേമം വേറെ ആര്‍ക്കാ മനസ്സിലാവ്വാ?
പ്രേമത്തെപ്പറ്റിയുള്ള സങ്കല്‌പത്തില്‌ ഹിന്ദു ആയപ്പോഴും മുസ്ലിം ആയപ്പോഴും വല്ല വ്യത്യാസവും ഉണ്ടോ?
~ഒന്നുതന്നെയല്ലേയുള്ളൂ? പക്ഷേ, മുസ്ലിം ആയപ്പഴാ ഞാന്‍ സ്‌നേഹത്തിന്റെ വൈപുല്യം അറിഞ്ഞത്‌. മറ്റ്‌ മനുഷ്യസ്‌നേഹത്തിനൊക്കെ ഒരു പരിധിയുണ്ട്‌. ഇസ്ലാമില്‌ അതില്ല. ഇറ്റ്‌ ഈസ്‌ ഓക്കെ. പ്രേമം ഈസ്‌ വണ്ടര്‍ഫുള്‍. അതൊന്നും ഞാന്‍ ഒരിക്കലും വിടില്ല.
ഇനി എഴുതുമ്പഴ്‌ പ്രേമത്തിന്‌ തീവ്രത ഉണ്ടാകുമോ?
ഇനി പ്രേമത്തില്‌ വീഴാണ്ടെ നോക്കും. പക്ഷേ പ്രേമത്തെപ്പറ്റി എഴുതും.
പ്രേമം ജീവിതത്തില്‌ ഉണ്ടാവില്ല, എഴ്‌ത്തില്‌ ഉണ്ടാവും എന്നാണോ?
ജിവിതത്തില്‌ ഉണ്ടാവില്ലാന്നൊന്നും പറയല്ലേ, കാരശ്ശേരീ. ലോകം മുഴുവന്‍ നടക്ക്‌ണ സ്‌ത്രീയാ ഞാന്‍. കഴിഞ്ഞ കൊല്ലം കാനഡയില്‍വച്ച്‌ ഒരു ചൈനക്കാരന്‍ ഡോക്‌ടര്‍ എന്നെ കല്യാണം കഴിക്കാമെന്ന്‌ പറഞ്ഞു. എന്താ, കഥ? എനിക്ക്‌ സാധിക്കില്ല്യാന്ന്‌ പറഞ്ഞു. സ്‌നേഹിക്കാണ്ടെയൊന്നും ആരേം കല്യാണം കഴിക്കാന്‍ പറ്റില്ലാന്ന്‌ പറഞ്ഞു. അയാള്‍ടെ രൂപോം നന്നല്ല.
പ്രേമം ഉണ്ടെങ്കില്‌ പിന്നെ രൂപം പ്രശ്‌നമാണോ?
�മാംസനിബദ്ധമല്ല രാഗം� എന്ന്‌ ആശാന്‍ പറഞ്ഞിട്ട്‌ണ്ട്‌. എനിക്കതൊന്നും പറ്റില്ലാ കാരശ്ശേരീ. എന്റെ കാമുകന്‌ സൗന്ദര്യം വേണം. എന്താ സരളേ, ഭംഗിയില്ലാത്ത ആളുടെ കൂടെ നമ്മക്ക്‌ നടക്കാന്‍ പറ്റ്വോ?
ആശാന്റെ കവിത ഇഷ്‌ടമല്ലേ?
ആശാന്റെ കവിത നല്ലതാ. ചെറിയമ്മ ചൊല്ല്‌ണത്‌ കേട്ടിട്ടുണ്ട്‌. ചെറ്‌പ്പത്തിലേ കേട്ടിട്ടുണ്ട്‌. കരുണയൊക്കെ ഞാന്‍ അന്നേ കേട്ടിട്ടുണ്ട്‌. പിന്നെ ലീല - അത്‌ ആക്‌ച്ച്വലി ലൈലാമജ്‌നൂന്‍ ആണ്‌, അല്ലേ. പിന്നെന്താ: നളിനി, ദിവാകരന്‍..... ഒക്കെ പ്ലാറ്റോണിക്‌ ലൗ ആണ്‌. എനിക്ക്‌ അമ്മാതിരി ലൗ ഒന്നും പറ്റില്ല. അതിനുള്ള അറിവ്‌ ഇല്ലാ എനിക്ക്‌.
ചങ്ങമ്പുഴയുടെ പ്രണയകവിത എങ്ങനെ?
�രമണന്‍� അല്ലേ ഉള്ളൂ. നാട്ടിലെല്ലാവരും പാടി നടന്നീര്‌ന്ന്‌. വീട്ടില്‌ ചോറ്‌ ഉണ്ടാക്ക്‌ണ പെണ്ണുങ്ങളും കൂടി പാടീര്‌ന്ന്‌. എന്താ-
രമണാ നീയെന്നില്‍ നിന്നാ രഹസ്യം
ഇനിയും മറച്ചുപിടിക്കയാണോ?
പ്രണയത്തെപ്പറ്റി പാടി നടക്ക്‌ണ ആളല്ലേ, ചങ്ങമ്പുഴ? അദ്ദേഹം പ്രണയത്തിന്റെ പ്രതീകാന്നാ പറയ്‌ആ. കണ്ടിര്‌ന്നെങ്കില്‍ ഞാന്‍ ചങ്ങമ്പുഴേ പ്രേമിച്ചേനെ!
ശരിക്കും?
എന്താ സംശയം, കാരശ്ശേരീ? എനിക്ക്‌ ഭാഗ്യം ഉണ്ടായില്ല. പ്രേമിക്കാന്‍ അറിണോരെ കാണ്‌ണത്‌ തന്നെ ഒര്‌ ഭാഗ്യല്ലേ? അവരായിട്ട്‌ പരിചയാവേണ്ടീയിര്‌ന്നു....
ചങ്ങമ്പുഴ അനവധി പെണ്ണുങ്ങളെ പ്രേമിച്ചൂന്ന്‌ പറയ്‌ണ്‌ണ്ട്‌.
നുണ പറയായിരിക്കും. അനവധി ആളെയൊന്നും പ്രേമിക്കാന്‍ പറ്റില്ല. ജിവിതത്തില്‌ ഒരാളെയേ പ്രേമിക്കാന്‍ കഴിയൂ. ഞാന്‍ അനുഭവംകൊണ്ട്‌ പറയ്‌ണൂ. നമുക്ക്‌ പ്രണയം ഒരാള്‍ക്ക്‌ കൊടുക്കാനേ കഴിയൂ. സ്‌ത്രീയെ എങ്ങട്ട്‌ ഓടിച്ചിട്ടും ഫലമില്ല. കാരണം സ്‌ത്രീ ഹൃദയത്തില്‌ ജീവിക്ക്‌ണ ഒര്‌ ജീവിയാ. ഹൃദയത്തില്‍ നിന്ന്‌ ഹൃദയത്തിലേക്ക്‌ മാത്രമേ അവള്‍ക്ക്‌ പോകാനാവൂ.
അപ്പോ മുസ്ലിം പുരുഷന്മാര്‍ ഒന്നിലധികം കെട്ടുന്നത്‌-?
ഓ.... കെട്ടുന്നതും പ്രണയവും തമ്മിലെന്താ ബന്ധം? കെട്ടാന്‍ പ്രേമിക്കണ്ട. കെട്ടുന്നത്‌ വേറെ പലതിനുമാണ്‌. ചെലപ്പോ കാശ്‌ മോഹിച്ചിട്ടാവും. ആഭരണം. വീട്‌. അങ്ങനെ പലതും. ഞാന്‍ മുസ്ലിം പുരുഷനായിരുന്നെങ്കില്‌ നാല്‌ പെണ്ണ്‌ കെട്ടീട്ടുണ്ടാവും.
അപ്പോ ഇപ്പറഞ്ഞ പ്രേമം ഉണ്ടാവ്വോ?
എനിക്കറീല്ലല്ലോ. പുരുഷനായ ഞാന്‍ ഇങ്ങനെയാവില്ല ചിന്തിക്ക്യാ. മനസ്സിന്‌ കൊറേ ചെയ്‌ഞ്ച്‌ ഉണ്ടാവില്ലേ? ഞാന്‍ അപ്പോ നാല്‌ സ്‌ത്രീകളെയും സ്‌നേഹിക്കും. ല്ലേ, സരളേ! മുസ്ലിം പുരുഷന്മാര്‍ക്ക്‌ എന്ത്‌ സുഖാ, കാരശ്ശേരീ. നാല്‌ പെണ്ണ്‌ങ്ങളെയും കെട്ടി സുഖായിട്ടു കൂടാം. നല്ല സ്വാതന്ത്ര്യം. ല്ലേ?
അപ്പോ ഈ നാല്‌ പേരോടും അന്യായം ചെയ്യാണെങ്കിലോ?
എന്തന്യായം? സ്‌നേഹിക്കണം. അത്രല്ലേ ള്ളൂ.
ഏതെങ്കിലും സ്‌ത്രീക്ക്‌ സ്വന്തം ഭര്‍ത്താവിന്‌ വേറെ ഭാര്യ ഉണ്ടാവ്‌ണത്‌ ഇഷ്‌ടണ്ടാവ്വോ?
എന്നാ വേണ്ട... ഭാര്യയോട്‌ ചോദിക്കണം. ഭാര്യയ്‌ക്ക്‌ ഇഷ്‌ടണ്ടെങ്കില്‌ മതി. പെണ്ണ്‌ കെട്ടുമ്പോ തന്നെ അതു പറയണം. ദാ, എന്റെ സ്വഭാവം ഇതാണ്‌. എന്നിട്ട്‌ അവള്‍ക്ക്‌ ഇഷ്‌ടംണ്ടെങ്കില്‍ മതി.
ഈ ന്യായത്തില്‌ ഒരു പെണ്ണ്‌ അവള്‍ക്ക്‌ നാല്‌ ഭര്‍ത്താവ്‌ വേണം ന്ന്‌ പറഞ്ഞാലോ?
എനിക്ക്‌ വേണ്ട. എനിക്ക്‌ ഒന്നുതന്നെ കൂടുതലാ. ചെലര്‍ക്ക്‌ വേണ്ടിവര്വേരിക്കും. എനിക്കറീല്ല്യ. ഈ പാഞ്ചാലിയെ ആലോചിക്കുമ്പോ ഞാന്‍ കരയും - അഞ്ചു ഭര്‍ത്താക്കന്മാരേ! ഇഷ്‌ടല്ലാത്ത ആളെ കെട്ടിപ്പിടിക്ക്‌ണത്‌ പോലൊരു കുരിശുണ്ടോ? തേവടിശ്ശികളെ കാണുമ്പം വല്ലാതെ കരച്ചില്‌ വരും എനിക്ക്‌. എന്ത്‌ നരകാ അവരനുഭവിക്ക്‌ണത്‌. പണത്തിനുവേണ്ടീട്ടാ. ഈ ഭീകരവാദികളെപ്പോലെത്തന്നെ. എനിക്ക്‌ കഞ്ഞി കുടിക്കാന്‍ വകയുണ്ട്‌ എന്നുള്ളത്‌ എന്ത്‌ ഭാഗ്യാ, ല്ലേ? എല്ലാം ദൈവം കാത്തു. 
(ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പ്‌ - 2002)

3 comments:

അൻവർ കൊടിയത്തൂർ said...
This comment has been removed by the author.
അൻവർ കൊടിയത്തൂർ said...

ഒരിക്കല്‍ ടീ വിയില്‍ കണ്ടതാണെങ്കിലും ഒരു പുനര്‍വായനക്ക് അവസരം ഉണ്ടാക്കിയതിനു നന്ദി..ഒരൊറ്റ വിമര്‍ശനം ..തുടക്കത്തില്‍ ചോദ്യകര്‍ത്താവിന്റെ വരികള്‍ നിറം കൊടുത്തു വേര്‍തിരിച്ചുവെങ്കിലും അതിന്റെ ഒരു തുടര്‍ച്ച നഷ്ടപ്പെട്ടപ്പോള്‍ വായന ഇടയ്ക്കു നിന്ന് പരുങ്ങി.. ചോദ്യങ്ങള്‍ വേര്‍തിരിക്കാന്‍ വരി വിട്ടെഴുത്തെന്കിലും ആവാമായിരുന്നു.. ! എഡിറ്റ്‌ ചെയ്യുമെന്ന പ്രതീക്ഷയോടെ

khatimideas said...

I respect to Kamala surayya, she is Great

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates