Tuesday 21 May 2013

എന്റെ ശരീരം എന്റെ വസ്‌ത്രം കമലസുരയ്യ /കെ.പി. മോഹനന്‍

എന്റെ ശരീരം എന്റെ വസ്‌ത്രം
കമലസുരയ്യ 

``എന്റെ പുതിയ സമുദായത്തിന്റെ ഓര്‍ത്തഡോക്‌സിക്ക്‌ രുചിക്കും ഈ വേഷം. പിന്നെ, വാസ്‌തവത്തില്‍ ഡിസിപ്‌ളിന്‍ വേണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അപ്പോള്‍ ഡ്രസ്സും ഒരുതരത്തില്‍ ഡിസിപ്‌ളിന്‍ ചെയ്യും. കന്യാസ്‌ത്രീ ആ വേഷത്തില്‍ ഡിസിപ്‌ളിന്‍ഡാണ്‌. ആ വഴിക്ക്‌ ഒരു പരിശ്രമം നടത്തിയതാണ്‌. ഇത്‌ എനിക്ക്‌ സംതൃപ്‌തിതരുന്നുണ്ട്‌''- കമലാ സുറയ്യ സംസാരിച്ചു തുടങ്ങിയത്‌ ഇങ്ങനെയാണ്‌. 2004 ആഗസ്റ്റില്‍ എറണാകുളത്ത്‌ കമലാ സുറയ്യയുടെ ഫ്‌ളാറ്റില്‍ വച്ചാണ്‌ ഏഷ്യാനെറ്റിനുവേണ്ടി ഈ ലേഖകന്‍ സുറയ്യയെ ഇന്റര്‍വ്യൂ ചെയ്‌തത്‌.അവര്‍ ഇങ്ങനെ തുടര്‍ന്നു: സ്‌ത്രീകള്‍ക്ക്‌ അന്തസ്സുള്ള വേഷമാണ്‌ പര്‍ദ്ദ. സംശയമില്ല. പിന്നെ സ്‌ത്രീകള്‍ക്ക്‌ പുറത്ത്‌ എവിടെ വേണമെങ്കിലും പോകാം. ഞാന്‍ ഇരുപത്തിയഞ്ചുവയസ്സോളം പ്രായമായപ്പോള്‍ പര്‍ദ്ദയിട്ട്‌ ഉച്ചക്ക്‌ മാറ്റിനി ഷോ കാണാന്‍ പോയിട്ടുണ്ട്‌. കണ്ണുകള്‍ മാത്രം കാണുന്ന നെറ്റുള്ള പര്‍ദ്ദയിട്ടുകൊണ്ട്‌. അപ്പോള്‍ ആര്‍ക്കും അറിയാന്‍ പറ്റുകയില്ല, ആരാണെന്ന്‌. you get a kind of privacy, anomitiy, which i always loved. ആരും മനസ്സിലാക്കില്ല. എവിടെ വേണമെങ്കിലും പോകാം നമുക്ക്‌. ചെറുപ്പത്തിലും ഉപയോഗിച്ചിട്ടുണ്ട്‌. യാത്ര ചെയ്യുമ്പോള്‍ ഉപയോഗിച്ചിട്ടുണ്ട്‌. പിന്നെ, മുസ്‌ലിം ആയപ്പോള്‍ വളരെ സന്തോഷത്തോടെ ഉപയോഗിക്കുന്നു.
കെ.പി. മോഹനന്‍: പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍, ചിത്രശലഭങ്ങളെപ്പോലെ വിവിധ രീതിയിലുള്ള ഉടയാടകള്‍ ധരിച്ച്‌ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച്‌ നടക്കുമ്പോള്‍, എന്താണ്‌ തോന്നുന്നത്‌?
കമലാ സുറയ്യ: അവരുടെ സ്വഭാവത്തിനനുസരിച്ച്‌ വസ്‌ത്രങ്ങള്‍ ധരിക്കുന്നു. അതില്‍ എനിക്ക്‌ പരാതിയില്ല. എന്റെ സ്വഭാവത്തിനും എന്റെ പ്രായത്തിനും ചേരുന്ന വസ്‌ത്രം ഞാന്‍ ധരിക്കുന്നു. വസ്‌ത്രത്തില്‍ എന്തുണ്ട്‌? ഞാന്‍ അതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല. ശരീരം തന്നെ ഒരു വസ്‌ത്രമായി കരുതിയിട്ടുള്ള ഒരു സ്‌ത്രീയാണ്‌ ഞാന്‍. ശരീരത്തിന്‌ മാറ്റങ്ങള്‍ വരും. അപ്പോള്‍പ്പിന്നെ, വസ്‌ത്രങ്ങള്‍ക്കും കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരും.
കെ.പി. മോഹനന്‍: ശരീരം ഒരാവരണം തന്നെയാണെന്ന്‌ പറഞ്ഞപ്പോള്‍, ഇതര ജീവജാലങ്ങളുമായി മനുഷ്യരെ താരതമ്യം ചെയ്യുമ്പോള്‍, അവരൊന്നും വസ്‌ത്രങ്ങള്‍ മാറുന്നില്ല. മനുഷ്യന്റെ പാരതന്ത്ര്യത്തെക്കുറിച്ച്‌ കവിമനസ്സ്‌ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സുറയ്യ: മനുഷ്യന്‌ പാരതന്ത്ര്യമുണ്ടെന്ന്‌ അനുഭവിച്ചു തുടങ്ങിയാല്‍ പാരതന്ത്ര്യമുണ്ടാകും. പ്രേതമുണ്ടെന്ന്‌ വിചാരിച്ചു തുടങ്ങിയാല്‍ കരിമ്പനയുടെ ചോട്ടില്‍ പ്രേതമുണ്ടാകും. ഇത്‌ നമ്മുടെ മനസ്സുകാരണമാണ്‌. എനിക്ക്‌ സ്വാതന്ത്ര്യമില്ലെന്ന ഒരു തോന്നല്‍ ഉണ്ടായിട്ടില്ല. എനിക്കു വേണമെന്ന്‌ തോന്നുന്ന സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യം ആയിരിക്കണമെന്നില്ല. എന്നും നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്റെ കൈകള്‍ക്ക്‌ ഉണ്ടായിരിക്കണം. കഷ്‌ടപ്പെടുന്നവര്‍ക്ക്‌ സഹായം കൊടുക്കാന്‍, കരയുന്നവര്‍ക്ക്‌ ഒപ്പമിരുന്ന്‌ കരയാനുള്ള സ്വാതന്ത്ര്യം എനിക്ക്‌ ഉണ്ടായിരിക്കണം. തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കു വേണ്ട. അത്‌ ഉറച്ച തീരുമാനമാണ്‌. അതുകൊണ്ടായിരിക്കാം ഞാന്‍ ഏറെയും ഇസ്‌ലാമിനെ ആശ്ലേഷിക്കാന്‍ ബദ്ധപ്പെട്ടത്‌.
കെ.പി. മോഹനന്‍: നന്മ ചെയ്യാനാണ്‌ സ്വാതന്ത്ര്യം, തിന്മ ചെയ്യാനല്ല എന്നു പറഞ്ഞു. അതേക്കുറിച്ച്‌ ഇന്ത്യന്‍ സാഹചര്യത്തില്‍, അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏന്തെങ്കിലും പറയാനുണ്ടോ?
സുറയ്യ: ഇപ്പോള്‍ സ്വാതന്ത്ര്യം കയ്‌പായി തോന്നുന്നു. ഇത്‌ സ്വാതന്ത്ര്യമല്ല. രുചിക്കുന്നില്ല ഈ സ്വാതന്ത്ര്യം. യാചന ഒരു ശീലമായിരിക്കുന്നു. ഇവിടത്തെ ആളുകള്‍ കേന്ദ്രത്തില്‍ പോയി യാചിക്കുക. കേന്ദ്രത്തിലുള്ളവര്‍ ലോക ബാങ്കിനോടും ഏഷ്യന്‍ ബാങ്കിനോടും യാചിക്കുക. എനിക്കിത്‌ കേട്ടമടുത്തു. വരുംതലമുറകളുടെ ചുമലുകളില്‍ കടത്തിന്റെ ഭാരിച്ച നുകങ്ങള്‍ വെക്കുന്നു. പതിനെട്ടു വയസ്സു തൊട്ട്‌ ഞാന്‍ എഴുത്തിലൂടെയാണ്‌ ഉപജീവനം ചെയ്യുന്നത്‌. എഴുപതുവയസു കഴിയുമ്പോഴും, കണ്ണിന്‌ കാഴ്‌ചശക്തി നഷ്‌ടപ്പെടുമ്പോഴും ഞാന്‍ എഴുതുന്നു. അതിലുള്ള വരുമാനത്തിന്മേലും വല്ലാത്ത നികുതി. എനിക്ക്‌ ഇന്നത്തെ അവസ്ഥയില്‍ ദുഃഖമുണ്ട്‌.
കെ.പി. മോഹനന്‍: ശക്തമായി ഇടപെടാനുള്ള വ്യഗ്രത, തിരുത്താനുള്ള ഉത്സാഹം. ഈ മനോഭാവം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണംവരെ വളരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉത്സാഹമായി മാറുകയും ചെയ്‌തല്ലോ....
സുറയ്യ: ഞാന്‍ വിചാരിച്ചു, സത്യം പറയുന്ന ഒരു പാട്ടി. മനുഷ്യസ്‌നേഹമുള്ള ഒരു പാര്‍ട്ടി. ചേര്‍ന്നവരില്‍ ഏറെയും കുട്ടികളായിരുന്നു. ഒരു പത്രസമ്മേളനം വിളിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചു, ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന്‌. കണ്ണൂരില്‍നിന്നുമുള്ള ഒരു പയ്യനെ മത്സരിപ്പിക്കാമെന്ന്‌ കരുതി. പക്ഷേ, അവന്‌ പ്രായം 23. മത്സരിക്കാന്‍ 25 വയസ്സാകണം. പതിനെട്ടു വയസ്സായാല്‍ വോട്ടു ചെയ്യാം. പക്ഷേ, മത്സരിക്കാന്‍ 25 ആകണം. അപ്പോഴേക്കും വേണ്ടാത്ത ശീലങ്ങളെല്ലാം അവര്‍ പഠിച്ചു എന്നു വരാം. ഈ വ്യവസ്ഥ ശരിയല്ല. കുട്ടികള്‍ക്ക്‌ സത്യത്തിന്റെ വില അറിയാം.
പണപ്പിരിവ്‌ വേണ്ടേ, ഞങ്ങള്‍ നടത്തിക്കൊള്ളാം എന്നു പറഞ്ഞ്‌ രണ്ടു മൂന്ന്‌ വലിയ ആളുകള്‍ വന്നു. ഞാന്‍ ഉറപ്പിച്ചു പറഞ്ഞു, അതൊന്നും വേണ്ടെന്ന്‌. പണപ്പിരിവ്‌ നടത്തിയാല്‍ ചിലര്‍ പണം തട്ടിയെടുക്കും. പിന്നെ ഞാന്‍ മോഷ്‌ടിച്ചു എന്നാകും. വേണ്ടേ വേണ്ട. ഞാന്‍ തീരുമാനിച്ചു. പണപ്പിരിവ്‌ നടത്താതെ എങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു അവരുടെ ചോദ്യം. മറ്റുള്ളവരില്‍നിന്ന്‌ പണം പിരിക്കാതെ, തിരഞ്ഞെടുപ്പില്‍ വിജയിക്കാവുന്ന സാഹചര്യമുണ്ടാകണം. ജനാധിപത്യം അപ്പോള്‍ മാത്രമേ ശുദ്ധമാവുകയുള്ളൂ. പുണ്യംകൊണ്ടുമാത്രം, നന്മകൊണ്ടുമാത്രം വിജയിക്കുന്ന ഒരു കാലം ഇന്ത്യക്ക്‌ വരണം. അങ്ങനെ ഒരു പാര്‍ട്ടി ഇന്ത്യയില്‍ ഉണ്ടാകണം.
കെ.പി. മോഹനന്‍: കല്‍ക്കത്തയില്‍ ഇംഗ്ലീഷുകാരുടെ സ്‌കൂളില്‍ കമലയും ജ്യേഷ്‌ഠനും മാത്രം, വെള്ളക്കാരല്ലാത്ത കുട്ടികള്‍. വര്‍ണ്ണവ്യത്യാസത്തിന്റെ ചില ദുഃഖങ്ങള്‍ അന്ന്‌ ഉണ്ടായതായി പറഞ്ഞിട്ടുണ്ടല്ലോ. പിന്നീട്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ കാവ്യഭാവനയുടെ വിശാലതയിലേക്ക്‌ പറന്നുയര്‍ന്നത്‌ ഒരു വാശിയോടെ ആയിരുന്നോ- വര്‍ണവിവേചനത്തിന്റെ ദുര്‍വികാരങ്ങള്‍ക്ക്‌ എതിരായ സൃഷ്‌ടിപരമായ ഉപരോധം പോലെ?
വാസ്‌തവത്തില്‍ എനിക്ക്‌ അച്ഛനെ സന്തോഷിപ്പിക്കണമെന്ന ചിന്ത ഉണ്ടായിരുന്നു. ഇംഗ്ലീഷുകാരോട്‌ അവരുടെ നിലവാരത്തിനൊത്തുയര്‍ന്ന്‌ ഇംഗ്ലീഷില്‍ സംസാരിക്കണമെന്ന്‌ അച്ഛന്‍ ഉപദേശിക്കുമായിരുന്നു. ആറു വയസ്സായപ്പോള്‍ ഇംഗ്ലീഷില്‍ കവിത എഴുതി സ്‌കൂളില്‍ വായിക്കാന്‍ തുടങ്ങി. ഒരു ഇംപ്രഷന്‍ ഉണ്ടാക്കാന്‍. ഏറ്റവും പ്രധാനം അച്ഛനെ സന്തോഷിപ്പിക്കണം എന്നതു തന്നെ. അച്ഛന്‍ എന്നു പറഞ്ഞാല്‍ എന്റെ ലോകമായിരുന്നു. അച്ഛനെ പ്ലീസ്‌ ചെയ്യണം. അമ്മയെ പ്ലീസ്‌ ചെയ്യണം. അതായിരുന്നു മനസ്സില്‍.
കെ.പി. മോഹനന്‍: ഇംഗ്ലീഷ്‌ കവിതകള്‍ക്ക്‌ പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ അവരുടെ രചനകള്‍ക്കൊപ്പം അംഗീകാരം കിട്ടി എന്ന സംതൃപ്‌തിയുണ്ടോ? അല്ല, ആ രംഗത്തും മൂന്നാം ലോക രാഷ്‌ട്രങ്ങളോടുള്ള പൊതുവായ അവഗണനയുണ്ടോ?
സുറയ്യ: ഇല്ല. വിദേശത്തുവച്ച്‌ എനിക്ക്‌ ഒരിക്കലും അവഗണന സഹിക്കേണ്ടിവന്നിട്ടില്ല. ഞാന്‍ പ്രത്യേകിച്ച്‌, ഒരു `ടെക്‌നിക്കല്‍' ആളാണ്‌. വേദിയില്‍ കവിത വായിക്കുമ്പോള്‍ രണ്ടു മൈക്കുകള്‍ വേണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. അന്ന്‌ എനിക്ക്‌ നല്ല ആരോഗ്യമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടും നാടകീയതയോടെയുമാണ്‌ വിദേശ വേദികളില്‍ കവിതകള്‍ അവതരിപ്പിച്ചിരുന്നത്‌. ഒരു പുലി നടക്കുന്നതുപോലെ. എല്ലാവരും പറയും ഇവള്‍ ഒരു പെണ്‍പുലിതന്നെയാണ്‌. പലപ്പോഴും സദസ്യരുടെ ആവശ്യമനുസരിച്ച്‌ ഞാന്‍ രണ്ടും മൂന്നും തവണ ഒരേ കവിത തന്നെ ചൊല്ലുമായിരുന്നു. മറ്റു കവികളൊക്കെ എന്നെ കുറ്റപ്പെടുത്തുകപോലും ചെയ്യുമായിരുന്നു- എന്താ ഇങ്ങനെ നാടകാഭിനയം എന്ന്‌. പക്ഷേ, എനിക്ക്‌ കവിത തിയേറ്റര്‍ തന്നെയാണ്‌ എന്നും. ഞാന്‍ ആദ്യം സദസ്സിനെ മുഴുവനായി ഉള്‍ക്കൊള്ളും. പിന്നെ അവരില്‍ ഓരോരുത്തരിലും എത്തുംവിധം ശബ്‌ദമുയര്‍ത്തി കവിത ആലപിക്കും. ഞാന്‍ ചില നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ശബ്‌ദനിയന്ത്രണത്തിലൂടെ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ എനിക്കു കഴിഞ്ഞു. സ്വയം ആസ്വദിച്ചുകൊണ്ട്‌ മറ്റുള്ളവരെ ആസ്വദിപ്പിക്കാന്‍ കഴിയണമെന്നതാണ്‌ എന്റെ രീതി- ഞാന്‍ കവിതകള്‍ ചൊല്ലുന്നത്‌ അങ്ങനെയാണ്‌. നമ്മള്‍ ഇന്ത്യക്കാര്‍ പട്ടുസാരിയുടുത്ത്‌, എണ്ണ തേച്ചുകുളിച്ച്‌ മുടി അഴിച്ചിട്ട്‌ ഒരു പൊട്ടും തൊട്ട്‌ നിന്നാല്‍ യാഥാസ്ഥിതികരായ ബ്രിട്ടീഷ്‌ സദസ്സുപോലും കൗതുകത്തോടെ ശ്രദ്ധിക്കും. ഒരു നല്ല ശബ്‌ദം കൂടിയുണ്ടെങ്കില്‍ ധാരാളം മതി.
കെ.പി. മോഹനന്‍: പുതിയ തലമുറക്ക്‌ അത്തരം `കാവ്യപാരായണം' കേള്‍ക്കാനുള്ള സൗഭാഗ്യമൊന്നും ലഭിച്ചിട്ടില്ല.
സുറയ്യ: അത്‌ എനിക്കറിയില്ല. ഇവിടെ ഇംഗ്ലീഷ്‌ കവിതകള്‍ ചൊല്ലാന്‍ ആരും അങ്ങനെ പറയാറില്ല. അവര്‍ക്ക്‌ അത്‌ ഇഷ്‌ടമല്ല. ഇതെന്താ ചട്ടക്കാരികളെപ്പോലെ എന്ന മട്ടിലാകാം പ്രതികരണം. മലയാളം വേണം, മലയാളം മാത്രം വേണം എന്നു പറഞ്ഞിട്ട്‌- ഒരു അധഃകൃത വിഭാഗത്തിലാണ്‌ ഞാന്‍. അങ്ങനെ ഒരു തോന്നല്‍. സാഹിത്യകാരന്മാരുടെയും സാഹിത്യകാരികളുടെയും കൂടെ ഇരിക്കുമ്പോള്‍ എനിക്ക്‌ ഒരു `ഇന്‍ഹിബിഷന്‍' പോലെ. അവര്‍ക്ക്‌ എന്നെ വേണ്ട എന്നൊരു തോന്നല്‍. പക്ഷേ, എനിക്ക്‌ സംസ്‌കൃതത്തിലും ഇന്ത്യന്‍ ക്ലാസിക്കുകളിലും അറിവുള്ളതുകൊണ്ട്‌ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ശക്തിയുണ്ട്‌. ഒപ്പം പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട്‌ പുതിയ ദിശകള്‍ കണ്ടെത്താന്‍ കഴിയുന്നു. ആ വഴിയില്‍, പുതിയ തലമുറയിലെ കുട്ടികള്‍ എന്നെ ശ്രദ്ധിച്ചേക്കാം. എന്റെ കഥകളെ, കവിതകളെ, ഞാന്‍ ധരിക്കുന്ന പര്‍ദകളുടെ പ്രത്യേകതയെ അറിയുമോ? ഒരിക്കല്‍ ഖത്തറില്‍ പോയപ്പോള്‍ നക്ഷത്രങ്ങള്‍ പതിച്ച ഒരു കറുത്ത പര്‍ദ്ദ കാണിച്ച്‌ സെയില്‍സ്‌മാന്‍ എന്നോടു പറഞ്ഞു- ഇത്‌ കമലാ സുറയ്യ പര്‍ദ എങ്ങനെയുണ്ട്‌? പക്ഷേ, ഒരു കാര്യം ഉറപ്പായി പറയാം. നമ്മുടെ പാരമ്പര്യത്തിന്റെ ശാന്തി അറിയണം. സംസ്‌കൃതത്തിലെ അറിവുകള്‍ വിശാലമായ ഒരു ലോകത്തിലേക്ക്‌ വാതിലുകള്‍ തുറക്കുന്നവയാണ്‌. പരമ്പര്യത്തെ, പഴമയെ അറിയുക, ഉള്‍ക്കൊള്ളുക. പുതിയ പാതകള്‌ പണിയുവാന്‍ അതു കരുത്തു നല്‍കും. നമ്മളില്‍ ചിലര്‍ പുതുമകളുടെ ഉദ്‌ഘാടകരാകാന്‍ ജനിച്ചവരാണ്‌. മറ്റുചിലര്‍ പഴമയുടെ ഭാരം ചുമന്ന്‌ എന്നും അതിന്നടിയില്‍ കഴിയാനും.
കെ.പി. മോഹനന്‍: സംസ്‌കൃതത്തിന്റെ അനിവാര്യത, പാരമ്പര്യത്തിന്റെ ശക്തി-ഇത്‌ രണ്ടും ഉദ്‌ഘോഷിക്കുന്ന കമലാ സുറയ്യ പാരമ്പര്യത്തില്‍നിന്നും അതിന്റെ മതനിഷ്‌ഠമായ രൂപത്തില്‍നിന്നും പുറത്തുചാടി ഞാന്‍ ഇസ്‌ലാമിനെ പുണരുന്നു എന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനു പിന്നിലെ അദമ്യമായ ചോദന എന്തായിരുന്നു?
സുറയ്യ: അത്‌ വ്യക്തിപരമായ ഒരു തീരുമാനമായിരുന്നു. ഒരു emotional decision. അല്ലാതെ ഹിന്ദുമതത്തേക്കാളും സുപ്പീരിയര്‍ ആയ മതം എന്ന നിലയിലല്ല. ഇസ്‌ലാം ലളിതമായ (easy) ഒരു മതമാണ്‌. മനോഹരമായ ഒരു മതം. വായിച്ചു നോക്കിയപ്പോള്‍ പക്ഷേ, അവര്‍ പറയുന്ന ചില കാര്യങ്ങള്‍ യുക്തിക്ക്‌ ചേരുന്നതാണെന്ന്‌ തോന്നുന്നില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറ്റരുതെന്ന നിലപാട്‌. ചിലതൊക്കെ അവസാന വാക്കുകളാണെന്നത്‌. ചേകന്നൂര്‍ മൗലവിക്ക്‌ പറ്റിയത്‌ ഓര്‍ക്കാം. രണ്ടുതവണ നിസ്‌കരിച്ചാല്‍ മതി എന്ന്‌ അദ്ദേഹം പറഞ്ഞു. അപ്പോള്‍ ആളെ കൊന്നു. അതു മാതിരി നിങ്ങള്‍ തൊട്ടുകളിക്കരുത്‌, അത്‌ ദൈവത്തിന്റെ വാക്കാണ്‌ എന്നു പറയുന്നത്‌.
എന്റെ അഭിപ്രായത്തില്‍ അവസാനം മരിക്കുന്ന മനുഷ്യന്‍ പറയുന്നതാകും അവസാനത്തെ വാക്കുകള്‍. അല്ലാതെ മതത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അവസാന വാക്കുകള്‍ ആര്‍ക്കും പറയാനാവില്ല. അല്ലാതെ മതഭ്രാന്തുപോലെ തോന്നിക്കുന്ന അഭിപ്രായങ്ങള്‍ പാടില്ല. എനിക്ക്‌ ഏതു മതവും ചേരുന്നതാണ്‌. എനിക്ക്‌ ഒരു മതമേയുള്ളൂ. മനുഷ്യനെ സ്‌നേഹിക്കുന്ന മതം. അത്‌ അഗാധമായി സ്‌നേഹിക്കുന്ന മതം. അതാണ്‌ എന്റെ ദുരന്തവം ശക്തിയും. ഞാന്‍ ഒരു വ്യക്തിയേയോ വ്യക്തികളുടെ സംഘത്തേയോ സ്‌നേഹിക്കുമ്പോള്‍, അങ്ങേയറ്റം സ്‌നേഹം, എല്ലാം പറ്റിക്കൊണ്ടുള്ള സ്‌നേഹം.
കെ.പി. മോഹനന്‍: ഒരു മതത്തില്‍നിന്ന്‌ മറ്റൊരു മതത്തിലേക്ക്‌ മാറുമ്പോള്‍ കമലാ സുറയ്യ ലോകത്തിന്‌ കാണിച്ചുകൊടുത്തത്‌ മതം ഒരു തടവറയല്ലെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള അനേകം വഴികളുടെ നിര്‍വചനമാണെന്നും ആണ്‌. ഭാവിതലമുറകള്‍ ഉയര്‍ത്തിയേക്കാവുന്ന ഒരു ചോദ്യം ഇങ്ങനെയാകാം- എപ്പോഴെങ്കിലും മറ്റൊരു മനോഹര മതം ഉണ്ടെന്നു തോന്നിയാല്‍ അതിനെ ആശ്ലേഷിക്കുമായിരുന്നോ?
സുറയ്യ: am satisfied with this. Then, I also realise. മതത്തെക്കാളും പ്രസക്തി ദൈവത്തിനാണ്‌. അപ്പോള്‍ മതത്തിന്റെ പ്രസക്തി എടുത്തുകളഞ്ഞാലേ ദൈവത്തിന്‌ പ്രസക്തിയുണ്ടാവുകയുള്ളൂ. മതത്തിന്റെ പ്രസക്തി കാരണമാണ്‌ ദൈവത്തിന്റെ പ്രസക്തി ചുരുങ്ങിച്ചുരുങ്ങിവരുന്നത്‌. ദൈവത്തില്‍ വിശ്വസിക്കുന്നില്ല ആളുകള്‍. മതത്തിലേ വിശ്വസിക്കുന്നുള്ളൂ. എന്റെ പരാതി അതാണ്‌. ദൈവത്തില്‍ വിശ്വസിച്ചുതുടങ്ങിയാല്‍, ദൈവം നമ്മുടെ അകത്ത്‌ വസിച്ചുകഴിഞ്ഞാല്‍ മതങ്ങളൊക്കെ മങ്ങിപ്പോകും (Fade out). Religion എന്നു പറഞ്ഞാല്‍ ഞാന്‍ അത്ര പ്രാധാന്യം കല്‍പിക്കുന്നില്ല.
ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച്‌, ശ്രമിച്ച്‌, ശ്രമിച്ച്‌ അല്‍പം വിജയിച്ച സ്ഥിതിക്ക്‌ എനിക്ക്‌ ഭയങ്കര Triumphant mood ആണ്‌. എനിക്ക്‌ ഒരു സദസ്സിനെ വശീകരിക്കാന്‍ സാധിക്കുമെന്ന്‌ കരുതി ചൊല്ലി. വശീകരിച്ചു. അവര്‍ എന്നെ കെട്ടിപ്പിടിച്ചു. കിങ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു അത്‌. അതുപോലെ ഈ ദൈവത്തെ വശീകരിക്കാന്‍ സാധിക്കുമോ...? please ചെയ്‌ത്‌ please ചെയ്‌ത്‌ എന്റെ ഒരു ഭാഗമായിക്കഴിഞ്ഞു. അപ്പോള്‍ ഇനി എന്തു മതം? ഇതിലൊക്കെ എന്താ ഉള്ളത്‌? ഒന്നൂല്ല. 
(2004 ആഗസ്റ്റ്‌ എറണാകുളത്ത്‌ കമലാ സുറയ്യയുടെ ഫ്‌ളാറ്റില്‍ നടത്തിയ ഏഷ്യാനെറ്റ്‌ ഓണ്‍ റെക്കോഡ്‌ അഭിമുഖ സംഭാഷണം.
കടപ്പാട്‌: കലാകൗമുദി, 2009 ജൂണ്‍ 14)

0 comments:

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates