Saturday 7 June 2014

അധികാരത്തിലേക്കുള്ള വിദ്യാഭ്യാസ വഴികൾ


അധികാരത്തിലേക്കുള്ള വിദ്യാഭ്യാസ വഴികൾ

ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ നാലാണ്: ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ. ദൗര്‍ബല്യങ്ങളുണ്ടാവാമെങ്കിലും അടിസ്ഥാനപരമായി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ലെജിസ്ലേറ്റീവ് ആണ് പ്രഥമവും പ്രധാനവുമായ അധികാരകേന്ദ്രം.

ഭരണഘടനാപരമായി നിയമനിര്‍മാണവ്യവസ്ഥയ്ക്കു താഴെയാണ് മറ്റു മൂന്നു മേഖലകളുടെയും സ്ഥാനമെങ്കിലും, ചിലപ്പോള്‍ നിയമനിര്‍മാണസഭകളെയും ജനപ്രതിനിധികളെയും നയിക്കുന്ന പരോക്ഷ അധികാരകേന്ദ്രങ്ങളായി ഉന്നത ഉദ്യോഗസ്ഥവൃന്ദം വര്‍ത്തിക്കാറുണ്ട്. 'ഉദ്യോഗസ്ഥവൃന്ദം തന്നെയാണ് സര്‍ക്കാര്‍' എന്ന പ്രയോഗം വിശ്രുതമാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മാക്‌സ് വെബര്‍ 'ഗവണ്‍മെന്റ് വിത് എ സ്‌മോള്‍ ഡെസ്‌ക്' എന്നാണ് ബ്യൂറോക്രസിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയില്‍ ജനപ്രതിനിധികളാണു ഭരണാധികാരികളെങ്കിലും ബ്യൂറോക്രസിക്കുള്ള അധികാരസ്വഭാവത്തെയും നിയാമക സ്വാധീനശക്തിയെയും നിസ്സാരവല്‍ക്കരിക്കാനാവില്ല.
പദ്ധതികളുടെയും പരിപാടികളുടെയും രൂപവല്‍ക്കരണം, പദ്ധതി ആസൂത്രണം, ബജറ്റും പ്ലാനും തയ്യാറാക്കല്‍, പദ്ധതികളുടെ നടത്തിപ്പ്, അവലോകനം എന്നീ തലങ്ങളിലെല്ലാം ഉദ്യോഗസ്ഥവൃന്ദം സവിശേഷമായ അധികാരകേന്ദ്രമായി വര്‍ത്തിക്കുന്നു. പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന പല നിയമങ്ങളുടെയും നിയമ ഭേദഗതികളുടെയും മാത്രമല്ല, മന്ത്രിമാരുടെയും മറ്റും ഭരണകാര്യങ്ങളിലെ പ്രസ്താവനകളുടെ പിന്നിലെയും ബുദ്ധികേന്ദ്രങ്ങളായും തിരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതിയും ഉന്നതോദ്യോഗസ്ഥരും വര്‍ത്തിക്കുന്നു.
ഗവണ്‍മെന്റ് പാസാക്കുന്ന കോടികളുടെ ഫണ്ടുകളും പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്കു ഫലപ്രദമായി എത്തിക്കാനും തടയാനും എക്‌സിക്യൂട്ടീവിനു സാധിക്കും. കേന്ദ്ര ഗവണ്‍മെന്റ് പശ്ചിമ ബംഗാളിലേക്ക് അയച്ച കോടികളുടെ ഫണ്ട് ജനങ്ങളിലേക്ക് എത്തിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഈ അര്‍ഥത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഫണ്ട് നല്‍കി എന്നതു ശരിയാണെങ്കില്‍ അതു തടയപ്പെട്ടതില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരായ ഉദ്യോഗസ്ഥലോബി കാര്യമായ ഇടപെടല്‍ നടത്തിയിരിക്കും. ആദിവാസികള്‍ക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ ഉദ്യോഗസ്ഥക്ഷേമ പദ്ധതികളായിട്ടാണല്ലോ പതിറ്റാണ്ടുകളായി നമുക്ക് അനുഭവപ്പെടുന്നത്.
ഉദ്യോഗസ്ഥ ലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു നില്‍ക്കുന്ന മന്ത്രിമാര്‍ക്കു സുഖകരമായി ഭരിക്കാന്‍ കഴിയുന്നതും 'ക്ലീന്‍ മതേതര ഇമേജ്' ലഭിക്കുന്നതും അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ വിവാദങ്ങളില്‍ അകപ്പെടുത്തപ്പെടുന്നതും കാണാം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ഇതിന്റെ ഉദാഹരണങ്ങളുണ്ട്. സമകാലിക ഇന്ത്യയിലെ എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവെയും മുസ്‌ലിം ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗത്തോടുള്ള ബ്യൂറോക്രസിയുടെ സമീപനരീതിയും പരിശോധിച്ചാല്‍ അത് എത്രമാത്രം സാധാരണ ജനങ്ങള്‍ക്കു വിരുദ്ധവും ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നതുമാണെന്നു മനസ്സിലാക്കാം. എക്‌സിക്യൂട്ടീവില്‍, വിശേഷിച്ചും ഉന്നത ഉദ്യോഗമേഖലകളില്‍ ഉണ്ടായിരിക്കേണ്ട സ്വാധീനത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
ഭരണഘടനയ്ക്ക് അതീതമായ സ്ഥാപനമല്ല ജുഡീഷ്യറിയെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നീതിന്യായ വ്യവസ്ഥയുടെ പരിരക്ഷകളും പൗരന്‍മാര്‍ക്കു പ്രയോഗതലത്തില്‍ ലഭ്യമാവുന്നതില്‍ ജുഡീഷ്യറിയാണ് മുഖ്യ പങ്കുവഹിക്കുന്നത്. നിയമവ്യാഖ്യാനങ്ങളാണു പലപ്പോഴും ജുഡീഷ്യറി നടത്താറുള്ളത്. ധാര്‍മികതയും നിയമത്തെ നീതിപൂര്‍വം വ്യാഖ്യാനിക്കാനുള്ള മൂല്യബോധവും കൈമുതലായുള്ള ജുഡീഷ്യറി ജനാധിപത്യവ്യവസ്ഥയില്‍ വളരെ പ്രധാനമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കു നീതി ഉറപ്പുവരുത്തുന്നതില്‍ ഇത്തരമൊരു ജുഡീഷ്യല്‍ സംവിധാനത്തിനു വഹിക്കാന്‍ കഴിയുന്ന പങ്കു വളരെ വലുതാണ്.
ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും പരാജയപ്പെടുന്നിടത്തു ജുഡീഷ്യറി തിരുത്തല്‍ശക്തിയായും വര്‍ത്തിക്കുന്നു. ജുഡീഷ്യല്‍ ആക്റ്റിവിസം പ്രസക്തമാവുന്നത് ഇവിടെയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയില്‍ ഇതിന്റെ സൂചനകള്‍ നാം കണ്ടിട്ടുണ്ട്. ജുഡീഷ്യറിയുടെ ഇടപെടലുകളും വിധിന്യായങ്ങളും ചിലപ്പോള്‍ നമ്മെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടുത്തിയിട്ടുമുണ്ട്. ജുഡീഷ്യല്‍ പദവിയിലിരിക്കുന്ന വ്യക്തികളുടെ കാഴ്ചപ്പാടുകളുമായി വിധിന്യായങ്ങള്‍ക്കു ബന്ധമുണ്ട്. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള പ്രമാദമായ കേസുകളെയും വിധികളെയും ഈ വിധത്തില്‍ നാം വേര്‍തിരിച്ചു പരിശോധിക്കണം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മീഡിയ. ഈ പേര് മീഡിയയുടെ സവിശേഷസ്ഥാനത്തെ സൂചിപ്പിക്കുന്നു. ലെജിസ്ലേറ്റീവിനെയും എക്‌സിക്യൂട്ടീവിനെയും തിരുത്താനും പുതിയ നയനിലപാടുകള്‍ എടുപ്പിക്കാനും ജുഡീഷ്യറിയെ വലിയ തോതില്‍ സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്കു കഴിയും. ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും മീഡിയയെ ഏറെ ഭയപ്പെടുന്നത് അതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ കാവലാളാണ് മീഡിയ. ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ ഇന്ദിരാഗാന്ധി ചെയ്തത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്യുകയും മീഡിയയുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും എന്താണെന്ന് ഇന്ന് ഏറെയൊന്നും വിശദീകരിക്കേണ്ടതില്ല.
ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് അതിജീവനവും ഉന്നമനവും അധികാരസ്ഥാനങ്ങളില്‍ സ്വാധീനവും പ്രാതിനിധ്യവും ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ- വിശേഷിച്ചും ന്യൂനപക്ഷത്തെ- സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ് എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവ. (ബ്യൂറോക്രസി ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നില്ല). ഇവ മൂന്നിലും നിര്‍ണായക സ്വാധീനം നേടിയാല്‍ മാത്രമേ ന്യൂനപക്ഷ ജനവിഭാഗത്തിനു യഥാര്‍ഥ അധികാരശക്തി കൈവരുകയുള്ളൂ.
ഉയര്‍ന്ന പ്രതിഭാശേഷിയും ഉന്നത വിദ്യാഭ്യാസവും ധാര്‍മികതയും നീതിബോധവുമാണ് ഇതിന് ആവശ്യം. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും സാമൂഹിക മണ്ഡലത്തെയും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ കേന്ദ്രീകരിക്കണം. ഈ മൂന്നു മേഖലകളിലും ആവശ്യമായ സ്വാധീനവും പ്രാതിനിധ്യവും നേടി സമുദായത്തിന്റെ യശസ്സുയര്‍ത്തുകയും രാജ്യപുരോഗതി ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും വേണം.
ഇന്ത്യന്‍ മുസ്‌ലിംകളുടെ, വിശേഷിച്ചും കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ സമീപനങ്ങള്‍ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നീ പരോക്ഷ അധികാര കേന്ദ്രങ്ങളുമായി എത്രമാത്രം ബന്ധപ്പെടുത്തിയിട്ടുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തിലെ അതിപ്രധാനമായ മൂന്നു മേഖലകളില്‍ സ്വാധീനമുറപ്പിക്കാവുന്ന വിധത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതിഭകളെ ലക്ഷ്യബോധത്തോടെ വളര്‍ത്തുകയും സിവില്‍ സര്‍വീസ് ഉള്‍പ്പെടുന്ന ഉന്നത മേഖലകളിലും മീഡിയയിലും അധികാരം ഉറപ്പിക്കുകയും ചെയ്യുന്നതില്‍ മുസ്‌ലിം മതസംഘടനകളും സമുദായം പൊതുവിലും ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല.
ഇന്ത്യന്‍ മുസ്‌ലിംകളെ മൊത്തത്തില്‍ ഒരു ഏകകമായെടുത്ത് ഈ വിഷയം ചര്‍ച്ച ചെയ്യാനാകിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കേരളം എന്നിവയെ പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്. അതിനു മുതിരുന്നില്ല. മറിച്ച്, കേരളത്തെ മുന്‍നിര്‍ത്തി ചില പൊതുവശങ്ങള്‍ നിരീക്ഷിക്കാനാണ് ശ്രമിക്കുന്നത്:
ഭൂതകാലത്തെ പിന്നാക്കാവസ്ഥയെ മറികടന്ന്, വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാനുള്ള ത്വരയോടെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസരംഗത്തു വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇത് അഭിമാനകരമാണ്. ഇതിനെ കുറച്ചുകാണേണ്ടതില്ലെങ്കിലും സമുദായത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിദ്യാഭ്യാസരംഗത്തു കൈവരിച്ച നേട്ടങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.
ഇന്നലെ അധ്യാപനരംഗത്തും ഇന്നു മെഡിക്കല്‍-എന്‍ജിനീയറിങ് മേഖലയിലുമാണ് മുസ്‌ലിം വിദ്യാഭ്യാസ വളര്‍ച്ച ഊന്നുന്നത്. ഈ ഒഴുക്കു നിര്‍ത്തേണ്ടതോ നിരുത്സാഹപ്പെടുത്തേണ്ടതോ അല്ല. നിയന്ത്രിക്കേണ്ടതും 'അധികാരസ്വഭാവ'മുള്ള മേഖലകളിലേക്കു വഴിതിരിച്ചുവിടേണ്ടതുമാണ്. മെഡിക്കല്‍-എന്‍ജിനീയറിങ് മേഖല പൊതുവെ അധികാരസ്വഭാവമുള്ളതല്ല, ഗവണ്‍മെന്റ് സര്‍വീസ് ഒഴികെ. നേരത്തെ സൂചിപ്പിച്ച മൂന്നു മേഖലകളിലും പൊതുവെ ഇത് ഉള്‍ക്കൊള്ളുന്നില്ല.
ഇന്നു പ്രതിഭാശേഷിയുള്ള മുസ്‌ലിം കുട്ടികള്‍ പൊതുവേ മെഡിക്കല്‍-എന്‍ജിനീയറിങിനു മല്‍സരിക്കുകയാണ്. സമീപകാലത്തു തുറന്നുകിട്ടിയ സാമ്പത്തിക സ്രോതസ്സും സ്വാശ്രയ കോളജുകളും സ്ഥാപനങ്ങളും ഇതിനു കൂടുതല്‍ അവസരം ഒരുക്കുന്നു. ഈ വളര്‍ച്ചയെ സിവില്‍ സര്‍വീസ്, ശാസ്ത്ര-ചരിത്ര ഗവേഷണം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളിലേക്ക് വഴിതിരിച്ചുവിടണം.
'കരിയറിസത്തിനെതിരേ' എന്ന പേരില്‍ കുട്ടികളെ നിരുല്‍സാഹപ്പെടുത്തുകയോ ആശയക്കുഴപ്പത്തില്‍ അകപ്പെടുത്തുകയോ ചെയ്യുന്ന 'ഉദ്‌ബോധന' പ്രസംഗങ്ങളില്‍ നിന്നു പുതുതലമുറയെ രക്ഷിച്ചെടുക്കേണ്ടതുമുണ്ട്.
സാമ്പത്തിക വളര്‍ച്ചയിലും വിദേശ ജോലിയിലും നമ്മുടെ വിദ്യാഭ്യാസ വളര്‍ച്ച പൊതുവെ കേന്ദ്രീകരിക്കപ്പെടുന്നു. മെഡിക്കല്‍-എന്‍ജിനീയറിങ് മാത്രമല്ല, മതവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പല മേഖലകളും വിദേശ ജോലി എന്ന സ്വപ്‌നത്തില്‍ ഊന്നിയുള്ളതാണ്. സമീപകാലത്ത് ഒരു അറബിക് കോളജിന്റെ സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 'യൂറോപ്പിലെ തൊഴില്‍ സാധ്യതക്ക് ഊന്നല്‍ നല്‍കണം' എന്ന ആവശ്യം ഉയരുകയുണ്ടായി!
ഇന്നു വിദേശ ജോലി ഒരു യാഥാര്‍ഥ്യമാണ്; സാമ്പത്തിക വളര്‍ച്ച അനിവാര്യവും. ഇതിനെ നിഷേധിക്കാനാവില്ല. പക്ഷേ, വിദ്യാഭ്യാസ വളര്‍ച്ചയില്‍ വിദേശ ജോലിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും മുഖ്യ പരിഗണന നല്‍കപ്പെടുന്നത് ഗുണകരമാവില്ല. അടിസ്ഥാനപരമായി ഒരു കച്ചവടസമൂഹമെന്ന നിലയ്ക്കുള്ള മനശ്ശാസ്ത്രവും ആഡംബര ജീവിതത്തോട് മുസ്‌ലിംകള്‍ പൊതുവേ കാണിക്കുന്ന ത്വരയുമാണ് ഇതിന്റെ പ്രധാനപ്പെട്ട രണ്ടു കാരണങ്ങള്‍.
വിദേശ ജോലിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും സാധ്യതകളും അനിവാര്യതകളും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, രാജ്യത്തിലെ അധികാരസ്വഭാവമുള്ള ഉന്നത ഉദ്യോഗമണ്ഡലങ്ങള്‍ കൈയെത്തിപ്പിടിക്കുകയെന്നത് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങളില്‍ മുഖ്യമാവേണ്ടതുണ്ട്.
വിദേശ ജോലി, സാമ്പത്തിക മെച്ചം എന്നിവയുമായി ഗവണ്‍മെന്റ് ജോലി, ശമ്പളം, പെന്‍ഷന്‍ എന്നിവയെ താരതമ്യം ചെയ്യുന്നതിനപ്പുറം, ഇതിന്റെ അധികാര സ്വഭാവത്തെയും അതിജീവന സാധ്യതകളെയും കുറിച്ച് സമുദായം ബോധവാന്‍മാരാവേണ്ടതുണ്ട്.
മുസ്‌ലിം വിദ്യാഭ്യാസ വളര്‍ച്ചയുടെ മറുവശങ്ങളും നാം കാണണം. അതില്‍ പ്രധാനം നിലവാരക്കുറവാണ്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ നിലവാരം കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍, സംഘടനാ മാല്‍സര്യത്തിന്റെയും സാമ്പത്തിക സാധ്യതകളുടെയും ഭാഗമായി മുളച്ചുപൊന്തുന്ന കെ.ജി. തലം മുതലുള്ള സ്വകാര്യ മുസ്‌ലിം വിദ്യാലയങ്ങളുടെ നിലവാരം പൊതുവേ പരിതാപകരമാണ്. ഒറ്റപ്പെട്ട സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയാല്‍, അക്കാദമിക രംഗത്തു മികച്ച നിലവാരം പുലര്‍ത്താന്‍ മുസ്‌ലിം വിദ്യാലയങ്ങങ്ങള്‍ക്കു കഴിയുന്നില്ല എന്നതല്ലേ സത്യം!
മഫ്ത വിലക്കിയ സ്‌കൂളുകള്‍ക്കെതിരായി സമരത്തിലേര്‍പ്പെട്ടവരോട്, ''മഫ്ത അണിയാന്‍ സ്വാതന്ത്ര്യമുള്ള മുസ്‌ലിം സ്‌കൂളുകളില്‍ അയച്ചാല്‍ പോരേ കുട്ടികളെ'' എന്ന് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി രസകരമായിരുന്നു: ''നമ്മുടെ സ്‌കൂളുകള്‍ക്കൊന്നും മതിയായ നിലവാരമില്ല. നിലവാരമുള്ളത് അവരുടെ സ്‌കൂളുകളാണ്.'' സ്‌കൂളിലെ ഭൗതിക സംവിധാനങ്ങളും കുട്ടികളുടെ വേഷഭൂഷകളും ഉന്നത നിലവാരമുള്ളതാവുമ്പോഴും അക്കാദമിക നിലവാരം ശരാശരിയിലേക്കു പോലുമെത്താന്‍ മുസ്‌ലിം വിദ്യാലയങ്ങള്‍ പാടുപെടുകയാണ്.
സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന പൊതുവിദ്യാലയങ്ങളുടെ സമീപത്തു കെട്ടിയുയര്‍ത്തുന്ന മുസ്‌ലിം വിദ്യാലയങ്ങള്‍ നിലവാരക്കുറവു മാത്രമല്ല, സമുദായത്തിനു വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ പാരസ്പര്യത്തിന്റെ അവസരം കൂടിയാണു പൊതുവിദ്യാലയങ്ങള്‍. ഇത് ഇല്ലാതെപോവുന്നതും സാമുദായികവും അതിലുപരി സംഘടനാപരവുമായ കക്ഷിത്വങ്ങളോടെയുള്ള വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്ന സാമുദായിക ധ്രുവീകരണത്തെയും നാം ആശങ്കയോടെ കാണണം. സ്വകാര്യ വിദ്യാലയങ്ങള്‍ നടത്താനുള്ള അത്യധ്വാനമൊന്നും പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമില്ല.
പ്രതിഭാ ദാരിദ്ര്യം
കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ വളര്‍ച്ച നേടിയിട്ടും മുസ്‌ലിം സമുദായം വലിയ തോതില്‍ പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്നു. കെട്ടിയുയര്‍ത്തപ്പെട്ട നൂറുകണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെലവഴിക്കപ്പെടുന്ന കോടികളും ഉണ്ടായിട്ടും പ്രതിഭാ ദാരിദ്ര്യം കൊണ്ട് മുസ്‌ലിം സമുദായം 'സമ്പന്ന'മാകുന്നതിലെ വൈരുധ്യത്തെക്കുറിച്ച് നാം ചിന്തിക്കണം. എന്തുകൊണ്ട് ഈ വൈരുധ്യം എന്ന ചോദ്യത്തിന് മുഖ്യധാരാ മുസ്‌ലിം സംഘടനകളാണ് മറുപടി പറയേണ്ടത്. പ്രതിഭാശേഷിയുള്ള വ്യക്തിത്വങ്ങളെ സമൂഹത്തിനു സംഭാവന ചെയ്യാന്‍ ഓരോ വര്‍ഷവും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്നു സമുദായ സംഘടനകള്‍ ചിന്തിക്കട്ടെ.
ഇന്ത്യന്‍ മാധ്യമരംഗത്ത് അവഗണിക്കാനാകാത്ത, സാമൂഹിക ബോധവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ സംഭാവന ചെയ്യാന്‍ മുസ്‌ലിം സംഘടനകള്‍ക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധന്‍, ശ്രദ്ധേയനും കരുത്തനുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, നിപുണനായ ചരിത്രകാരന്‍, മികവുറ്റ വിദ്യാഭ്യാസ വിചക്ഷണന്‍, തലയെടുപ്പുള്ള ശാസ്ത്രജ്ഞന്‍ എന്നിവരൊന്നും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഇല്ലാതെപോയതിന്റെ കാരണമെന്ത്?
മുസ്‌ലിം സമുദായം സ്ഥാപിക്കുന്ന മാധ്യമങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും മികച്ച രീതിയില്‍ നേതൃത്വം നല്‍കാന്‍ കഴിവുറ്റ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളെ കിട്ടാതെ, അവ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത സംഘടനകള്‍ വിയര്‍ക്കുകയാണ്. സ്വന്തം സ്‌കൂളുകളെയും കോളജുകളെയും നയിക്കാന്‍ ശേഷിയുള്ള പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത സംഘടനകള്‍ എന്താണ് കോടിക്കണക്കിനു രൂപയും മനുഷ്യാധ്വാനവും ചെലവഴിച്ച് സമുദായത്തിനു നേടിക്കൊടുത്തത്?
മീഡിയയുടെ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടോ സംഘടനാ താല്‍പര്യങ്ങള്‍ കാരണമോ മുസ്‌ലിം സംഘടനകള്‍ മല്‍സരിച്ചു മാധ്യമസ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ്. 'ആവശ്യമായ മനുഷ്യവിഭവശേഷിയുണ്ടോ' എന്ന ചോദ്യത്തിനു ലഭിക്കുന്ന മറുപടി 'ഞങ്ങള്‍ പര്‍ച്ചേസ് ചെയ്യും' എന്നതാണ്. അടിസ്ഥാനപരമായി കച്ചവടമനസ്സുള്ള സമുദായത്തിന്റെ മറുപടിയാണിത്! പണമുണ്ടെങ്കില്‍ പര്‍േച്ചസ് ചെയ്യാം; പക്ഷേ, 'വിലയ്‌ക്കെടുക്കപ്പെട്ടവരു'ടെ ആശയവും സമീപനവും കാഴ്ചപ്പാടുകളും അടിസ്ഥാനപരമായി സമുദായോന്‍മുഖമായിരിക്കില്ലല്ലോ! പണമുള്ളതുകൊണ്ട് കോടികള്‍ മുടക്കി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്നത്, പ്രവര്‍ത്തന പദ്ധതികളുടെ പാളിച്ചകളും നയവൈകല്യങ്ങളും കാരണം തന്നെയാണ്.
സംഘപരിവാരത്തിനു മലയാളത്തില്‍ മികച്ച മാധ്യമങ്ങളൊന്നുമില്ല. ജന്മഭൂമി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ നിലനില്‍ക്കുന്നു. ചാനല്‍ രംഗത്തു പേരിനുപോലും സംഘപരിവാര ബ്രാന്‍ഡില്ല. പക്ഷേ, മലയാള മാധ്യമരംഗത്ത് സംഘപരിവാര അജണ്ട കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ട്! ഇതിന്റെ കാരണമെന്താണ് എന്നതു വിശദീകരണം അര്‍ഹിക്കുന്നില്ല. കൃത്യമായ ആസൂത്രണത്തോടെ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലുടനീളം മാധ്യമരംഗത്തു കാവിപ്പടയെ റിക്രൂട്ട് ചെയ്യുന്നതില്‍ സംഘപരിവാരം വിജയിച്ചിട്ടുണ്ട്. പോലിസും പട്ടാളവും ഇന്റലിജന്‍സും ബ്യൂറോക്രസിയുമെല്ലാം കാവിപ്പട സമര്‍ഥമായി കൈയടക്കിയിട്ടുണ്ട്. നിയമനിര്‍മാണ സഭകളിലെ കസേരകളില്‍ ഇരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ രാജ്യം ഭരിക്കുന്നത് അവരാണ്.
മനുഷ്യവിഭവശേഷിയും പ്രതിഭാവിലാസമുള്ള വ്യക്തിത്വങ്ങളും സാമ്പത്തികവുമുണ്ടായിട്ടും മുസ്‌ലിം സമൂഹം എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നീ മേഖലകളില്‍ വലിയ അളവില്‍ പിന്നാക്കാവസ്ഥയും പ്രതിഭാ ദാരിദ്ര്യവും നേരിടുന്നതിന്റെ കാരണമെന്താണെന്ന് ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്:
മതതര്‍ക്കങ്ങളില്‍ അഭിരമിച്ച് സമയവും സമ്പത്തും ദുര്‍വ്യയം ചെയ്യുന്നു വലിയൊരു വിഭാഗം. മതവിവാദങ്ങളാല്‍ മുഖരിതമായ മുസ്‌ലിം മുഖ്യധാര എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയെ ലക്ഷ്യബോധത്തോടും ഗൗരവത്തിലും സമീപിക്കുന്നില്ല. സംഘടനാവാശിയോടെ പള്ളികള്‍ പണിയുകയും കക്ഷിവഴക്കുകളെ കൊഴുപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇറക്കുകയും വൈജ്ഞാനിക വ്യായാമങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന മതസംഘടനകള്‍ സിവില്‍ സര്‍വീസ് പരിശീലനം, മീഡിയാ അക്കാദമി തുടങ്ങി ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് എന്നിവയില്‍ നാമമാത്രമായ സാന്നിധ്യമാണ് അറിയിക്കുന്നത്.
തെരുവുബഹളങ്ങളില്‍ അഭിരമിക്കാനും ക്ഷണികമായ സമരകോലാഹലങ്ങള്‍ സൃഷ്ടിക്കാനും ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് താല്‍പ്പര്യം. മുസ്‌ലിം യുവജനതയുടെ ഊര്‍ജം വലിയ അളവില്‍ വ്യയം ചെയ്യപ്പെടുന്നത് മത-സാമൂഹിക-രാഷ്ട്രീയ സമരബഹളങ്ങളിലാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും സമരപോരാട്ടങ്ങളുടെ അനിവാര്യതയും ഒരിക്കലും നിഷേധിക്കാനാവില്ല. പക്ഷേ, അവ പലപ്പോഴും ക്ഷണികമാണ്. അവയ്ക്കായി ചെലവഴിക്കുന്ന ഊര്‍ജവും അവയിലൂടെ കൈവരുന്ന നേട്ടവും തൂക്കിനോക്കേണ്ടതാണ്. ഇത്തരം ബഹളങ്ങളില്‍ വ്യയം ചെയ്യപ്പെടുന്ന ഊര്‍ജം പകുതിയായി കുറച്ച്, ഭാവിയിലേക്കു മുതല്‍ക്കൂട്ടാവുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അതിനെ വഴിതിരിച്ചുവിടണം. നടേ സൂചിപ്പിച്ച പ്രതിഭാ ദാരിദ്ര്യത്തെ മനസ്സിലാക്കേണ്ടത് മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി മുമ്പില്‍ വച്ചാവണം.
അഴിമതിക്കെതിരേ ഒരു മാസം നീളുന്ന ബഹളമയമായ സമരങ്ങള്‍ നടത്തിയാലും വലിയ മാറ്റമൊന്നുമില്ലാതെ ആ തിന്മ തുടരും. അതുകൊണ്ട് അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ അവസാനിപ്പിക്കണം എന്നല്ല. പ്രത്യക്ഷ സമരങ്ങള്‍ക്ക് അതിന്റേതായ ഗുണങ്ങള്‍ ഉണ്ടാവും. അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയെന്നത് ഏറ്റവും ക്രിയാത്മകമായ അഴിമതിവിരുദ്ധ സമരമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ബഹുമുഖ ഫലങ്ങളാണ് അതിനുണ്ടാവുക.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ അഴിമതിരഹിതരും ധര്‍മബോധമുള്ളവരുമായ എത്ര ഉദ്യോഗസ്ഥരെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ യുവജന സംഘടനകള്‍ക്കു സാധിച്ചു? വികസനത്തിനു വേണ്ടിയുള്ള നൂറുകണക്കിനു ഫണ്ടുകള്‍ ഗവണ്‍മെന്റ് തലത്തില്‍ പാസാക്കപ്പെടുന്ന അധികാര വികേന്ദ്രീകരണത്തിന്റെ കാലമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു ഗവണ്‍മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍, യുവജന സംഘടനകള്‍ ജനങ്ങളില്‍ നിന്നു പണം പിരിച്ചു ചെയ്യുന്നതിനേക്കാള്‍ വളരെ കൂടുതലായിരിക്കും.
ശിഥിലമായ രാഷ്ട്രീയ നീക്കങ്ങള്‍
നിയമനിര്‍മാണസഭകളിലെ പ്രാതിനിധ്യം ജനാധിപത്യത്തിലെ അധികാരലബ്ധിയില്‍ പ്രധാനമാണെങ്കില്‍, ന്യൂനപക്ഷത്തിന് അത് എളുപ്പമല്ല. തലയെണ്ണല്‍ മാനദണ്ഡമായുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ലെജിസ്ലേറ്റീവിലെ പ്രാതിനിധ്യത്തിന്റെ മാനദണ്ഡം. ന്യൂനപക്ഷത്തിന് അതില്‍ വലുതായൊന്നും നേടാനാവില്ല. ന്യൂനപക്ഷം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് ന്യൂനപക്ഷ രാഷ്ട്രീയനീക്കങ്ങള്‍ കേന്ദ്രീകരിക്കുക. അതു ഫലത്തില്‍ മുസ്‌ലിം രാഷ്ട്രീയനീക്കങ്ങള്‍ ശിഥിലമാകാനും കാരണമായിത്തീരുന്നു. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ വലിയ പ്രതിസന്ധി ഈ ശൈഥില്യവും പരസ്പര മല്‍സരവുമാണ്.
എന്നാല്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയിലെ പ്രാതിനിധ്യം തീരുമാനിക്കുന്നത് ഭൂരിപക്ഷ വോട്ടല്ല, പ്രതിഭാശേഷിയും വിദ്യാഭ്യാസയോഗ്യതയുമാണ്. അതിനാല്‍, ഇന്ത്യയില്‍ രാഷ്ട്രീയനീക്കങ്ങളേക്കാള്‍ പ്രധാനമാണ് ഈ മൂന്നു മേഖലകളും ഫോക്കസ് ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍.

ലക്ഷ്യനിര്‍ണയത്തിന്റെ അഭാവം
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് താത്ത്വിക ചര്‍ച്ചകളും സൈദ്ധാന്തിക വാചകക്കസര്‍ത്തുകളും നടത്തുന്നതിനപ്പുറം, പ്രായോഗിക ലക്ഷ്യനിര്‍ണയത്തില്‍ മുസ്‌ലിം സമുദായം ഏറെ പിന്നിലാണ്. ഇന്നു നടക്കുന്ന സംഭവത്തെക്കുറിച്ച് നാളെ യോഗം ചേര്‍ന്ന് മറ്റന്നാള്‍ പ്രതികരണക്കുറിപ്പ് ഇറക്കുന്നതിനപ്പുറം, ദീര്‍ഘകാലാധിഷ്ഠിതമായ അജണ്ടകളൊന്നും ഈ രംഗത്തില്ല.
എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ അടുത്ത 25 വര്‍ഷത്തിനകം സമുദായം എന്തു നേടണമെന്ന ലക്ഷ്യം എത്ര മുസ്‌ലിം സംഘടനകള്‍ക്കുണ്ട്? 'ശത്രുസംഘടന'കള്‍ക്കെതിരേ ആഴമുള്ള ഗവേഷണപഠനങ്ങള്‍ നടത്തുന്ന മുസ്‌ലിം ഗ്രൂപ്പുകള്‍ എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ എന്നിവയില്‍ പ്രാതിനിധ്യവും സ്വാധീനവും ഉറപ്പിക്കാന്‍ എന്തു ഗവേഷണമാണ് നടത്തുന്നത്? ഈ രംഗത്ത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്തതാണ് മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന പ്രശ്‌നം.
മുഹമ്മദ് നബിയുടെ നടപടിക്രമങ്ങള്‍, വിശേഷിച്ച് എത്യോപ്യന്‍ പലായനം, അഖബാ ഉടമ്പടി, മദീനാ പലായനം തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ദീര്‍ഘവീക്ഷണം മുസ്‌ലിം സംഘടനകള്‍ പഠിച്ചു പകര്‍ത്തേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തിനകം ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്., ഐ.എസ്.എസ്. തുടങ്ങി എക്‌സിക്യൂട്ടീവിന്റെ താഴേത്തട്ടില്‍ വരെ ഇത്ര പ്രതിഭകളെ സംഭാവന ചെയ്യും എന്നു തീരുമാനിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ആസൂത്രണത്തിന്റെ അഭാവം
'ആസൂത്രണമില്ലാത്ത ആള്‍ക്കൂട്ടം' എന്ന മുസ്‌ലിം സമുദായത്തിനെതിരിലുള്ള വിമര്‍ശനം വലിയൊരളവോളം ശരിയാണ്. ലക്ഷ്യമില്ലാത്തതിനാല്‍ ആസൂത്രണവും ഇല്ല എന്നതാണ് വസ്തുത. വിദ്യാഭ്യാസ മുന്നേറ്റത്തിന്റേതായ ഒരു ഒഴുക്കില്‍ എല്ലാവരും വളരുന്നു. വരണ്ടുണങ്ങിയ ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ആദ്യഘട്ടത്തിലെ വ്യാപകമായ പരക്കല്‍ കഴിഞ്ഞാല്‍, പിന്നെ തടകെട്ടി നിയന്ത്രിച്ച് ആവശ്യാനുസരണം വഴിതിരിച്ചുവിടണം.
മുസ്‌ലിം വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ ആവശ്യമിതാണ്. മഹല്ലുതലം മുതല്‍ സംസ്ഥാനതലം വരെ, തുടര്‍ന്ന് അഖിലേന്ത്യാതലത്തിലും കൃത്യമായ ആസൂത്രണം ഇയര്‍പ്ലാനോടു കൂടി ഉണ്ടാകണം. ടാലന്റ് സെര്‍ച്ച് എക്‌സാം നടത്തി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്താല്‍ മാത്രം പോരാ. 7-12 വരെ ക്ലാസുകളിലെ മിടുക്കന്മാരെ തിരഞ്ഞെടുത്ത്, അഭിരുചികള്‍ തിരിച്ചറിഞ്ഞ്, ലക്ഷ്യം നിര്‍ണയിച്ച് അവരെ വളര്‍ത്തിക്കൊണ്ടുവരണം. ഏതെങ്കിലുമൊരു മേഖലയില്‍ അവരെ പ്രഗല്‍ഭരാക്കണം. 'ഇസ്‌ലാമിക് ആക്റ്റിവിസ്റ്റ്' എന്ന സ്റ്റിക്കര്‍ പതിക്കാതെയും ബ്രാന്‍ഡ് ചെയ്യാതെയും പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വംശവെറിയുടെയും വേട്ടയാടലുകളുടെയും കാലത്ത് ഏറെ ആവശ്യമാണ്.
സ്വന്തമായി പ്ലാനിങ് ഡിപാര്‍ട്ടുമെന്റുകളുള്ള, പത്തു വര്‍ഷത്തേക്കെങ്കിലും കൃത്യമായ ലക്ഷ്യവും ആസൂത്രണവുമുള്ള എത്ര മുസ്‌ലിം സംഘടനകളുണ്ട് കേരളത്തില്‍? മതസംഘടനാ നേതൃത്വത്തിന് അവരുടേതായ വലിയ പരിമിതികളുണ്ട്. അതുകൊണ്ട് ഉന്നതവിദ്യാസമ്പന്നരായ സമുദായാംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം രൂപപ്പെട്ടുവരേണ്ടതുണ്ട്.
അബുസ്സബാഹ് മൗലവി, ടി.പി. കുട്ട്യാമു സാഹിബ്, പ്രഫ. കെ.എ. ജലീല്‍, പ്രഫ. വി. മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഫാറൂഖ് കോളജും ഇതിന്റെ ഉദാഹരണമാണ്. ഇക്കൂട്ടത്തില്‍ മതപണ്ഡിതരായിരുന്ന അബുസ്സബാഹ് മൗലവിയും പ്രഫ. വി. മുഹമ്മദ് സാഹിബും അന്നത്തെയും ഇന്നത്തെയും പൊതുമതപണ്ഡിതധാരയില്‍ നിന്നു വേറിട്ടു സഞ്ചരിച്ചവരായിരുന്നു. അതിന്റെ ഗുണഫലങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളിലും നിലപാടുകളിലും സംഭാവനകളിലും മികച്ചുനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട്, പരസ്പരം കലഹിക്കുന്ന മതനേതാക്കളില്‍ നിന്നു മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭാശാലികളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.
ഇന്നു നിരവധി മുസ്‌ലിം ഉദ്യോഗസ്ഥര്‍ പല മേഖലകളിലും ഉണ്ടെങ്കിലും ആവശ്യമായ ഗുണങ്ങള്‍ ഇല്ലാത്തതു കാരണം അവര്‍ സമുദായത്തിനോ രാജ്യത്തിനുതന്നെയോ പ്രയോജനം ചെയ്യുന്നില്ല. അതുകൊണ്ട് ജനപ്രതിനിധികളിലും ഉന്നതോദ്യോഗസ്ഥരിലും എത്ര മുസ്‌ലിംകള്‍ ഉെണ്ടന്നതല്ല പ്രശ്‌നം. ഉയര്‍ന്ന നീതിനിഷ്ഠയും സാമൂഹികബോധവും അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ ഉന്നമനം സാധിക്കണമെന്ന രാഷ്ട്രീയചിന്തയും എത്രത്തോളം ഉണ്ടെന്നതാണ് പ്രശ്‌നം. നിഷ്‌ക്രിയരോ അഴിമതിക്കാരോ ആയ 10 ഉദ്യോഗസ്ഥര്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത്, സക്രിയനും നീതിമാനുമായ ഒരാള്‍ ഉണ്ടാവുക എന്നതാണ്. അപ്പോള്‍, ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതോടൊപ്പം, അവരുടെ ധാര്‍മികതയും മൂല്യബോധവും ഉയര്‍ത്താനും ബദ്ധശ്രദ്ധരാകണം. ി
മെറമൃ്്വസറ@ഴാമശഹ.രീാ
(പ്രബോധനം വാരികയുടെ സീനിയര്‍ സബ് എഡിറ്ററാണ് ലേഖകന്‍)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates