Showing posts with label അഭിമുഖം. Show all posts
Showing posts with label അഭിമുഖം. Show all posts

Friday, 27 March 2015

ഖദീജ നര്‍ഗീസ് /അഭിമുഖം,


പരിസ്ഥിതി സംരക്ഷണം, മദ്യനിരോധനം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളില്‍ സജീവയായ സാമൂഹിക പ്രവര്‍ത്തകയാണ് ഖദീജ നര്‍ഗീസ്. മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്ത് തോഴന്നൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയും ഹെഡ്മിസ്ട്രസും(1980-2009), കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും (1996-1999) ആയി അവര്‍ സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംഘടനയായ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫി'ന്റെ  സംസ്ഥാന സമിതിയംഗമായിരുന്നു. മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, ഒരേ ഭൂമി ഒരേ ജീവികള്‍ മാസികയുടെ മാനേജിംഗ് എഡിറ്റര്‍, ജൈവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ്, പരിസ്ഥിതി കൂട്ടായ്മയായ പച്ചിലത്തണല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡി.സി.സി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഖദീജ നര്‍ഗീസ് അറിയപ്പെടുന്ന പ്രഭാഷകയാണ്.
മുജാഹിദ് വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും നേതൃപരമായ പങ്കുവഹിച്ചു. ഐ.എസ്.എം വനിതാ വിംഗിലൂടെ സംഘടനാ രംഗത്തെത്തിയ അവര്‍, എം.ജി.എം ഓര്‍ഗനൈസിംഗ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു. നിലവില്‍ എം.ജി.എം സംസ്ഥാന പ്രസിഡന്റാണ്. ഭര്‍ത്താവ് ബീരാന്‍ നെടുവാഞ്ചേരി. മക്കള്‍: റിയാസ്, ഫയാസ്. മരുമക്കള്‍: തന്‍സീം, റുബാ ഹന്ന. കോട്ടക്കലിനടുത്ത രണ്ടത്താണിയില്‍ താമസിക്കുന്നു.

ടീച്ചറെക്കുറിച്ച് പറഞ്ഞുകൊണ്ട് ഈ സംസാരം തുടങ്ങാമെന്ന് തോന്നുന്നു?

പാലക്കാട് ജില്ലയിലെ കുമ്പിടി ഹിന്ദു-മുസ്‌ലിം സഹോദരങ്ങള്‍ സ്‌നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന നാടാണ്. വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ കുമ്പിടിയുടെയും പ്രത്യേകതയായിരുന്നു. മുസ്‌ലിം സമൂഹത്തിലാകട്ടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെ കൂടുതലായിരുന്നു. ഖുര്‍ആനെക്കാള്‍ മൗലിദ് പാരായണവും റാത്തീബും മറ്റുമായിരുന്നു പ്രധാനം. മൊല്ലാക്ക വീട്ടില്‍ വന്ന് നടത്തുന്ന 'കുടിയോത്തി'ല്‍ പരിമിതമായിരുന്നു ഖുര്‍ആനുമായുള്ള ബന്ധം. മാസത്തിലൊരിക്കല്‍ മൗലിദും ഖുത്ബിയത്തും നടക്കും. നേര്‍ച്ചകളിലും വേലകളിലും മത സമുദായങ്ങള്‍ പരസ്പരം പങ്കാളികളാകുമായിരുന്നു. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്.
'ബാവുജി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന എന്റെ ഉപ്പ ആര്‍മിയില്‍ ഹവില്‍ദാറായിരുന്നു. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്ക് പോയ അദ്ദേഹം തിരിച്ചുവന്ന് എന്റെ ഉമ്മയെ അങ്ങോട്ടു കൊണ്ടുപോകാന്‍ നോക്കി. ഉമ്മ വിസമ്മതിച്ചപ്പോള്‍ ബാവുജി പാകിസ്താന്‍ യാത്ര നിര്‍ത്തിവെച്ചു. പിന്നെ ഞാന്‍ ജനിച്ചതോടെ പാകിസ്താന്‍ പോക്ക് തീര്‍ത്തും ഉപേക്ഷിച്ചു. ഞങ്ങള്‍ ഏഴു മക്കളാണ്.
പെണ്‍കുട്ടികളെ അടിച്ചമര്‍ത്തി വളര്‍ത്തുന്ന കാലമായിരുന്നു അത്. പക്ഷേ, ബാവുജി അതിനെതിരായിരുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തന്നാണ് ഞങ്ങളെ വളര്‍ത്തിയത്. ഉമ്മയും അഞ്ചാം ക്ലാസ് വരെ പഠിച്ചിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നു മാത്രമേ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നുള്ളൂ. ഞങ്ങള്‍ പഠനം തുടര്‍ന്നപ്പോള്‍ നാട്ടില്‍ മുറുമുറുപ്പ് ഉയര്‍ന്നു. പെണ്‍കുട്ടികളെ പഠിക്കാന്‍ അയക്കുന്നതിലായിരുന്നു പലരുടെയും അതൃപ്തി. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോഴേ എന്നെ കല്യാണം കഴിപ്പിച്ചയക്കാന്‍ പള്ളിയിലെ മുസ്‌ലിയാര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ബാവുജി വഴങ്ങിയില്ല. 10-12 വയസ്സില്‍ പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കുന്ന അന്നത്തെ പതിവിന് വിപരീതമായി 21-ാം വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.

നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കാവുന്ന വ്യക്തിത്വവും വൈജ്ഞാനികാടിത്തറയും രൂപപ്പെട്ടത് വിവാഹാനന്തരമാണോ?

പ്രീഡിഗ്രി കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം പള്ളിപ്പുറത്ത് എളാപ്പ ഒ. മുഹമ്മദിന്റെ വീട്ടില്‍ താമസിച്ചിരുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കലും മറ്റുമായിരുന്നു ഉദ്ദേശ്യം. എളാപ്പ പഞ്ചായത്ത് ഇന്‍സ്‌പെക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യാ വീട്ടുകാര്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായിരുന്നു. എളാപ്പയുടെ വീട്ടിലെ ജീവിതമാണ് ഇസ്‌ലാമിക വിഷയങ്ങളെ സംബന്ധിച്ച വായനക്കും പഠനത്തിനും എനിക്ക് ആദ്യമായി അവസരമൊരുക്കിത്തന്നത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും പ്രബോധനം വാരികയും ജമാഅത്തിന്റെ മിക്ക പുസ്തകങ്ങളും അവിടെ വെച്ച് ഞാന്‍ വായിച്ചു.  എന്റെ ജീവിതത്തിലെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. ഇസ്‌ലാമിനെ സംബന്ധിച്ച് പുതിയ അറിവുകള്‍ ലഭിച്ചു. ശബാബ് വാരികയും വായിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടത്താണിയിലെത്തിയതോടെ തുടര്‍ പഠനത്തിനും ഇസ്‌ലാമിക പ്രവര്‍ത്തനത്തിനും മറ്റും അവസരങ്ങള്‍ തുറന്നുകിട്ടി. നെടുവഞ്ചേരി തറവാട്ടിലെ ഭര്‍ത്താവിന്റെ വാപ്പ മൊയ്തീന്‍ ഹാജിയും കുടുംബവും മുജാഹിദ് ആഭിമുഖ്യമുള്ളവരായിരുന്നു. അത് മുജാഹിദ് പ്രവര്‍ത്തന രംഗത്തേക്ക് വഴിതുറന്നു. വിദ്യാഭ്യാസത്തില്‍ തല്‍പരനായിരുന്ന മൊയ്തീന്‍ ഹാജി, എന്റെ പഠനം ഇടക്ക് മുടങ്ങിയതില്‍ പ്രയാസപ്പെട്ടു. എന്നെ ടി.ടി.സിക്ക് അയച്ചത് അദ്ദേഹം താല്‍പര്യമെടുത്താണ്. പിന്നീട്, സ്‌കൂളില്‍ ജോലി വാങ്ങിത്തന്നതും അദ്ദേഹം തന്നെ. സാമൂഹിക പ്രവര്‍ത്തനരംഗത്ത് ഇറങ്ങാനുള്ള ധൈര്യവും അദ്ദേഹം തന്നു.

1920-'30കളില്‍ തിരുവല്ലയിലും തലശ്ശേരിയിലും മുസ്‌ലിം മഹിളാ സമാജങ്ങള്‍ രൂപീകരിക്കപ്പെട്ടു. മുസ്‌ലിം സ്ത്രീകള്‍ക്ക് ഒരു സംഘടന വേണമെന്ന് 1950-കളില്‍ പി.കെ സുബൈദ ടീച്ചര്‍ മിശ്കാത്തുല്‍ ഹുദയില്‍ ലേഖനമെഴുതി. 1960-കളില്‍ കോഴിക്കോട്ടും എറണാകുളത്തും വനിതാ സമ്മേളനങ്ങള്‍ നടന്നു. പക്ഷേ, നവോത്ഥാന പ്രസ്ഥാനങ്ങളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്നും  ജമാഅത്തെ ഇസ്‌ലാമിക്കും വനിതാ സംഘടനകള്‍ വരുന്നത് 1980-കളിലാണ്. എന്തുകൊണ്ടാണ് വ്യവസ്ഥാപിത മുസ്‌ലിം വനിതാ സംഘടനകള്‍ രൂപം കൊള്ളാന്‍ ഇത്രയും വൈകിയത്?

കേരളത്തില്‍ മുസ്‌ലിം സ്ത്രീകള്‍ ഒരുകാലത്ത് അനുഭവിച്ച പിന്നാക്കാവസ്ഥക്ക് വലിയ ആഴമുണ്ടായിരുന്നു. സ്ത്രീകള്‍ പുറത്തിറങ്ങുന്നത് വിലക്കപ്പെട്ട, വിദ്യാഭ്യാസവും പള്ളിപ്രവേശവും മറ്റും തടയപ്പെട്ട അവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിച്ചെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടിവന്നിട്ടുണ്ട് മുജാഹിദ് പ്രസ്ഥാനത്തിനും ജമാഅത്തെ ഇസ്‌ലാമിക്കും. സ്ത്രീകള്‍ ഇരുട്ടില്‍നിന്ന് വെളിച്ചത്തുവന്ന ശേഷമല്ലേ അവര്‍ക്ക് സംഘടന രൂപീകരിക്കാന്‍ പറ്റൂ. അതുകൊണ്ട് വനിതാ സംഘടനകള്‍ രൂപീകരിക്കുന്നത് കുറച്ച് വൈകിപ്പോയി എന്ന് തോന്നുന്നു. സംഘടന രൂപീകരിച്ച് സ്ത്രീകളെ പുറത്തിറക്കിയാല്‍ എന്തു സംഭവിക്കും എന്ന പേടിയും ഉണ്ടായിക്കാണും. പിന്നെ സംഘടനയെ നയിക്കാന്‍ പ്രാപ്തരായ സ്ത്രീകള്‍ ഉണ്ടാകണമായിരുന്നു. സമ്മേളനങ്ങളിലും പള്ളികളിലും പള്ളിക്കൂടങ്ങളിലും സ്ത്രീകള്‍ക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരികയാണ് ആദ്യ ഘട്ടത്തില്‍ ചെയ്തത്. സമൂഹത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ നല്ല മുന്നൊരുക്കം വേണ്ടിയിരുന്നു. ഇതാണ് ആദ്യഘട്ടത്തില്‍ നവോത്ഥാന രംഗത്തുള്ളവര്‍ ചെയ്തത്. എന്നാലും ഹലീമാ ബീവിയും മറ്റും നേരത്തേ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ച നല്‍കുന്നതില്‍ അല്‍പം വൈകിപ്പോയിട്ടുണ്ട് എന്ന് തോന്നുന്നു.

1940-'60 കാലത്ത് കരുത്തുറ്റ കുറെ മുസ്‌ലിം സ്ത്രീപ്രതിഭകള്‍ കേരളത്തിലുണ്ടായിരുന്നു. ആ നിരയില്‍ ചേര്‍ത്തുവെക്കാവുന്ന പ്രതിഭകള്‍ അതുപോലെ പിന്നീട് ഉണ്ടായിട്ടുണ്ടോ?
ശരിയാണ്, കഴിവും കരുത്തുമുളള വനിതാ നേതാക്കള്‍ ഇസ്‌ലാമിക സ്ത്രീ സംഘടനാ രംഗത്ത് ഇന്ന് കുറവാണ്. പ്രതിഭയുള്ള എഴുത്തുകാരികളും സാമൂഹിക പ്രതിബദ്ധതയും നേതൃശേഷിയുമുള്ള സ്ത്രീ വ്യക്തിത്വങ്ങളും നന്നെ കുറവായിട്ടാണ് അനുഭവം. ഇതേക്കുറിച്ച് മുസ്‌ലിം വനിതാ സംഘടനകള്‍ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക ഉണര്‍വിന്റെയും ഫലമായി വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സ്ത്രീ വലിയ മുന്നേറ്റം നടത്തുന്നുണ്ട്. അതുപക്ഷേ, അക്കാദമിക രംഗത്തും ഗവേഷണ പഠനങ്ങളിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലുമൊക്കെയാണ് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തന രംഗത്തേക്ക് വരുന്ന പ്രതിഭകളാണ് കുറയുന്നത്. ജീവിത കാഴ്ചപ്പാട് മാറുകയും ഭൗതികത വര്‍ധിക്കുകയും ചെയ്തതും ഗള്‍ഫ് ജീവിതത്തിന്റെ അതിപ്രസരവുമൊക്കെ ഇതിന് കാരണായിട്ടുണ്ടാകും

 മുജാഹിദ് വനിതാ വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലക്ക് സംഘടനയുടെ ചരിത്രവും അനുഭവങ്ങളും?


നവോത്ഥാനം വലിയൊരു പോരാട്ടമായിരുന്നു കേരളത്തില്‍. ആദ്യകാല നവോത്ഥാന പ്രവര്‍ത്തകര്‍ ഒരുക്കിത്തന്ന മണ്ണിലാണ് ഞങ്ങളൊക്കെ പ്രവര്‍ത്തിച്ചത്. ഇന്ന് ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തുള്ള പെണ്‍കുട്ടികള്‍, കഴിഞ്ഞ തലമുറ ഏറെ പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ മറക്കാന്‍ പാടില്ല. 1984-'85 കാലത്തുതന്നെ ഐ.എസ്.എം ലേഡീസ് വിംഗ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ എം.ജി.എം നിലവില്‍ വന്നു. സ്ത്രീ വിദ്യാഭ്യാസം, കുടുംബ സംസ്‌കരണം, സാമൂഹിക ജീവിതത്തിലെ സ്ത്രീ ഇടപെടല്‍ എന്നിവയിലായിരുന്നു എം.ജി.എമ്മിന്റെ ഊന്നല്‍. ഖുര്‍ആന്‍ ക്ലാസ്സുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ വ്യാപകമായി സംഘടിപ്പിച്ചു. വലിയ എതിര്‍പ്പുകള്‍ തന്നെയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടിവന്നത്. സുഭദ്ര കുടുംബം ധാര്‍മിക കുടുംബം, സ്ത്രീധന വിരുദ്ധ ബോധവത്കരണങ്ങള്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രചാരണം, സ്ത്രീശാക്തീകരണം, സാമൂഹിക സുരക്ഷക്ക് സ്ത്രീശക്തി തുടങ്ങിയ കാമ്പയിനുകളും മറ്റും എം.ജി.എമ്മിന്റെ ശ്രദ്ധേയമായ പരിപാടികളായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും എം.ജി.എം കാര്യമായ പങ്കുവഹിച്ചു.
എടവണ്ണ എ. ജമീല ടീച്ചര്‍, പി.കെ സുബൈദ ടീച്ചര്‍, ആഇശ ടീച്ചര്‍ എടവണ്ണ, ആമിന അന്‍വാരിയ്യ, ആഇശ ടീച്ചര്‍ പാലക്കാട്, എന്‍.വി സുആദ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ കോഴിക്കോട്, ബുഷ്‌റ നജാത്തിയ്യ, നൂറുന്നീസ, സുഹ്‌റ നജാത്തിയ്യ, ഹബീബ ടീച്ചര്‍, സനിയ്യ ടീച്ചര്‍, സക്കീന നിലമ്പൂര്‍, ജുവൈരിയ ടീച്ചര്‍, സുബൈദ സുല്ലമിയ്യ, ശഹാദത്ത് ബീവി, ശംസാദ്, ശരീഫ ടീച്ചര്‍ ആലപ്പുഴ, കുഞ്ഞബീവി ടീച്ചര്‍, സല്‍മ തൃശൂര്‍, മൈമൂന അരീക്കോട്, ഫസിയ പാലത്ത്, സഫിയ നല്ലളം, സല്‍മ മടവൂര്‍, മര്‍യം കണ്ണൂര്‍, നുസൈബ, ഖൈറുന്നീസ തുടങ്ങിയവരൊക്കെയാണ് എം.ജി.എമ്മിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ആദ്യകാല സംസ്ഥാന - ജില്ലാ നേതാക്കള്‍.


പ്രവര്‍ത്തന രംഗത്ത് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. സ്ത്രീപുരുഷ സംഘര്‍ഷത്തിന്റെ സാഹചര്യമാണല്ലോ ഇന്നുള്ളത്?

എനിക്ക് പ്രവര്‍ത്തന രംഗത്ത് ഇസ്‌ലാമികമായ എല്ലാ സ്വാതന്ത്ര്യവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കുന്നുണ്ട്. സ്ത്രീയും പുരുഷനും സംഘര്‍ഷപ്പെടുകയല്ല, സമന്വയിക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്. സ്ത്രീ വിമോചനം എന്നാല്‍ പുരുഷ വിരോധമല്ല. 'സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും പരസ്പരം സംരക്ഷകരും സഹായികളുമാണ്' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്ത്രീ സ്വന്തമായും സ്വതന്ത്രമായും മുന്നേറുക എന്നല്ല, രണ്ടുപേരും ഒരുമിച്ച് സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. സ്ത്രീ പുരുഷന്റെ അടിമയല്ല, പുരുഷന്‍ സ്ത്രീയുടെ ശത്രുവുമല്ല. സ്ത്രീയെ ജീവിതത്തിന്റെ വലിയൊരു ഭാഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ല. ഖലീഫ ഉമറിനെപ്പോലൊരു ധീരനെ ചോദ്യം ചെയ്ത ഖൗലയുടെ ആര്‍ജവം സ്ത്രീകള്‍ക്കുണ്ടാകണം. എന്നുവെച്ച് എല്ലാ അതിരുകളും പരിധികളും ലംഘിച്ച് മുന്നോട്ടു പോകണമെന്ന ഫെമിനിസ്റ്റ് നിലപാടല്ല മുസ്‌ലിം സ്ത്രീകള്‍ക്ക് ഉണ്ടാകേണ്ടത്. എല്ലാ വിമോചന ചിന്തകളെയും വാദങ്ങളെയും ഇസ്‌ലാമിക അധ്യാപനങ്ങളോടു ചേര്‍ത്തുവെച്ചും പരിശോധിച്ചും മാത്രമേ നാം സ്വീകരിക്കാന്‍ പാടുള്ളൂ. സ്ത്രീ വിമോചനമെന്നാല്‍, സ്ത്രീ പുരുഷനെപ്പോലെ ആകലല്ല. സ്ത്രീ അവളുടെ വ്യക്തിത്വവും ധര്‍മവും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കലാണ്. സൈനബുല്‍ ഗസാലിയെയും തവക്കുല്‍ കര്‍മാനെയും നോക്കൂ. അവര്‍ യഥാര്‍ഥ ഇസ്‌ലാമിക സ്ത്രീ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്നത്. അവരൊന്നും ഫെമിനിസ്റ്റ് വിമോചന വഴിയല്ല സ്വീകരിച്ചത്. വിമോചനമെന്നാല്‍ വില്‍പ്പനച്ചരക്കാകലല്ല. സ്വന്തം അസ്തിത്വം സംരക്ഷിക്കുക. സ്ത്രീക്ക് തന്റെ പ്രകൃതത്തിലും അസ്തിത്വത്തിലും അപകര്‍ഷത തോന്നേണ്ടതില്ല. പുരുഷന്‍ തെങ്ങില്‍ കയറുന്നു, അതുകൊണ്ട് സ്ത്രീയും തെങ്ങില്‍ കയറണം, സ്ത്രീക്കെന്താ തെങ്ങില്‍ കയറിയാല്‍-ഈ സ്വഭാവത്തിലുള്ള വിമോചന ചിന്തകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. രാത്രി പന്ത്രണ്ടു മണിക്ക് പുരുഷന്‍ ഒറ്റക്ക് റോട്ടിലിറങ്ങി നടക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നുണ്ടല്ലോ! അതുകൊണ്ട് തനിക്കും എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് ചില പെണ്‍കുട്ടികള്‍ ചോദിക്കുന്നു. സമൂഹത്തില്‍ എല്ലാവരും ഒരു പോലെയല്ല എന്നും, സാഹചര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിലുള്ള തിന്മകള്‍, ദുഷ്ടശക്തികള്‍ തന്നെ ബാധിക്കാതെ വ്യക്തിത്വം സംരക്ഷിക്കാന്‍ സ്ത്രീ ശ്രദ്ധിക്കണം. പണവും മറ്റും സൂക്ഷിക്കുന്ന അലമാരകളും വീടും നാമെന്തിനാണ് അടച്ചിടുന്നത്? എല്ലാം തുറന്നുവെച്ചുകൂടേ! അതിനുള്ള സ്വാതന്ത്ര്യമില്ലേ? സാമൂഹിക ദ്രോഹികളില്‍ നിന്ന് രക്ഷപ്പെടാനാണ് നാമത് ചെയ്യുന്നത്. അതുപോലെ സ്ത്രീകളും സംരക്ഷണത്തിന്റെ സംവിധാനങ്ങള്‍ സ്വീകരിക്കണം.

സാരിയാണല്ലോ ടീച്ചറുടെ വേഷം, എന്താണ് പര്‍ദ ധരിക്കാത്തത്?

വര്‍ഷങ്ങളായി സാരിയും ബ്ലൗസും മഫ്തയുമാണ് ഞാന്‍ ധരിക്കുന്നത്. ഇസ്‌ലാം പഠിപ്പിച്ച വസ്ത്ര സംസ്‌കാരം പൂര്‍ണമായും പാലിക്കാന്‍ ഈ വസ്ത്ര രൂപത്തില്‍ എനിക്ക് കഴിയുന്നുണ്ട്. ഇന്ന് നാം കാണുന്ന പര്‍ദ അറേബ്യന്‍ സ്ത്രീകളുടെ വസ്ത്രമാണ്. അതിന് ഇസ്‌ലാമുമായി പ്രത്യേകിച്ച് ആദര്‍ശ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കറുപ്പ് നിറത്തിലുള്ളത് ധരിക്കണമെന്ന് ഖുര്‍ആനോ, നബിചര്യയെ പഠിപ്പിച്ചിട്ടില്ല. ഗള്‍ഫ് പ്രവാസവും മറ്റുമാണ് ഇത്തരം വസ്ത്ര രൂപങ്ങള്‍ ഇവിടെ വ്യാപകമാക്കിയത്, പിന്നെ കച്ചവടക്കമ്പനികളും. പര്‍ദ ധരിക്കുന്നതില്‍ എളുപ്പവും സൗകര്യവുമുണ്ടെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ കറുത്ത പര്‍ദ മറ്റുള്ളവരില്‍നിന്ന് നമ്മെ അകറ്റുന്നുണ്ടോ എന്ന് നാം ആലോചിക്കണം. വിഭാഗീയതയും വേര്‍തിരിവും സംഭവിച്ചുപോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഇസ്‌ലാം നിര്‍ബന്ധിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യാത്ത 'പര്‍ദ' എന്ന പ്രത്യേക വസ്ത്രം തന്നെ അണിയണം എന്ന് ചിലര്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇസ്‌ലാം പഠിപ്പിച്ച പ്രകാരം മറയ്‌ക്കേണ്ട ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന ഏതു വസ്ത്രവും ധരിക്കാം. അതില്‍ പ്രാദേശിക വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇവിടെ മുമ്പുമുതലേ സാരിയും ബ്ലൗസുമാണ് ധാരാളം സ്ത്രീകള്‍ ധരിച്ചുവരുന്നത്. ബ്ലൗസിന്റെ ഇറക്കവും, കൈയിന്റെ നീളവും കൂട്ടിയും സാരി തുമ്പ് ഊര്‍ന്ന് വീഴുവിധം തലയിലിടുന്നതിന് പകരം മഫ്ത ധരിച്ചും ചുമലിലൂടെ സാരി തുമ്പ് കൊണ്ട് പുതച്ചുമൊക്കെ അതിനെ ഇസ്‌ലാമികമാക്കി മാറ്റുകയാണ് ഞങ്ങള്‍ ചെയ്തത്. വെള്ളക്കാച്ചിയും കറുത്ത സൂപ്പും ഇറുകിയ ഉമ്മക്കുപ്പായവുമായിരുന്നു മുസ്‌ലിം സ്ത്രീകളുടെ പൊതു വേഷം. തട്ടം പുറകിലേക്കിട്ടും മാറിടത്തിലേക്ക് താഴ്ത്തിയിടുമായിരുന്നില്ല. അടിപ്പാവാടയും അടിവസ്ത്രങ്ങളും ധരിക്കുന്നത് മുസ്‌ലിം സ്ത്രീക്ക് വിലക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അടിവസ്ത്രങ്ങള്‍ ഹിന്ദുക്കളുടേതാണെന്ന് പറഞ്ഞ കാലം എന്റെ അനുഭവത്തിലുണ്ട്. അതില്‍ നിന്നൊക്കെ മാറ്റി വസ്ത്രത്തെ ഇസ്‌ലാമികമാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ മുഖം ഉള്‍പ്പെടെ മറയ്ക്കണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ ഈ നവോത്ഥാന മൂല്യങ്ങളെ പിറകോട്ട് വലിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിം സ്ത്രീ നവോത്ഥാന പ്രസ്ഥാനമായ എം.ജി.എമ്മിന്റെ സെക്രട്ടറിയും പ്രസിഡന്റുമായി ഞാന്‍ പ്രവര്‍ത്തിച്ചത് ഇതേ വസ്ത്രത്തില്‍ തന്നെയാണ്. എന്നു മാത്രമല്ല, പൂര്‍ണ ഹിജാബ് പാലിച്ചാണ് ഞാന്‍ പരിസ്ഥിതി-മദ്യനിരോധന രംഗത്ത് ഇതര മതവിഭാഗക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്നത്. പൊതുവില്‍ അവരൊന്നും എന്റെ വേഷത്തെ ചോദ്യം ചെയ്യുകയോ, പരിഹസിക്കുകയോ ചെയ്തിട്ടില്ല. ഈ വസ്ത്രം ധരിച്ചതുകൊണ്ട് അവര്‍ക്കിടയില്‍ ഞാന്‍ അസ്വീകാര്യയോ, രണ്ടാം തരക്കാരിയോ ആയിട്ടുമില്ല. അമുസ്‌ലിംകള്‍ വലിയ ആദരവും പരിഗണനയുമാണ് നല്‍കാറുള്ളത്. രണ്ടു പേര്‍ മാത്രമാണ് ഈ കാലയളവിനുള്ളില്‍ ഈ വേഷത്തെ കുറിച്ച് ചില സംശയങ്ങള്‍ എന്നോട് ചോദിച്ചത്. അതിന് ശരിയായ വിശദീകരണം നല്‍കിയപ്പോള്‍ അവര്‍ സംതൃപ്തരാവുകയും ചെയ്തു. നമ്മുടെ പെരുമാറ്റവും ഇടപെടലും ഭാഷയും ശൈലിയുമൊക്കെയാണ് ജനങ്ങളെ അകറ്റുന്നതും അടുപ്പിക്കുന്നതും.

പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് സജീവമാണല്ലോ ടീച്ചര്‍, എന്താണതിന്റെ പ്രചോദനം, എന്തൊക്കെയാണ് അനുഭവങ്ങള്‍?

പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനം നല്‍കുന്നത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. എന്തുമാത്രം പരിസ്ഥിതി പാഠങ്ങളാണ് ഖുര്‍ആനിലുള്ളത്! വിശ്വാസപരവും ആരാധനാപരവുമായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുപോലെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിര്‍ദേശങ്ങളും നാം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പര്‍വതങ്ങളെ ആണികളായാണ് സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. അത് വായിച്ച ശേഷം കുന്നും മലകളും ഇടിച്ചുനിരത്തുന്നത് കാണുമ്പോള്‍ മനസ്സില്‍ ഒരുതരം ആധിയാണ്. മലയും മരങ്ങളും പുല്ലും കാടും സമുദ്രവുമൊക്കെ നിലനില്‍ക്കേണ്ടത് മനുഷ്യജീവിതം ആരോഗ്യകരമായി മുന്നോട്ടുപോകാന്‍ അനിവാര്യമാണ്. അതെല്ലാം സംരക്ഷിക്കാന്‍ അല്ലാഹുവിന്റെ ആജ്ഞാ നിര്‍ദേശങ്ങളുണ്ടല്ലോ. പക്ഷേ, മുസ്‌ലിംകളേക്കാള്‍ പരിസ്ഥിതി സംരക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരാണ്.
മറ്റു മത സമുദായങ്ങളുമായി ഇടപഴകാനുള്ള അവസരം കൂടി പരിസ്ഥിതി സംരക്ഷണം, മദ്യ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ വഴി ലഭിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പരിസ്ഥിതി പാഠങ്ങള്‍ ഇതര മത സമുദായങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുക വഴി ഒരു നിശ്ശബ്ദ പ്രബോധനം കൂടിയാണ് നിര്‍വഹിക്കാന്‍ സാധിക്കുന്നത്. മഴയെക്കുറിച്ച് കോഴിക്കോട്ട് ഡോ. ജേക്കബ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ ഒരു പരിപാടി നടക്കുകയുണ്ടായി. മഴയെ സംബന്ധിച്ച ഖുര്‍ആനിക അധ്യാപനങ്ങളായിരുന്നു എന്റെ പ്രഭാഷണ വിഷയം. ''മഴയും വെയിലും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കും കിട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റോ സുഊദി രാജാവോ വിചാരിച്ചാല്‍ അത് തടയാന്‍ കഴിയില്ല. അവര്‍ തീരുമാനിച്ചാല്‍ അതൊന്നും ഉണ്ടാക്കാനും കഴിയില്ല. അതിനു പിന്നില്‍ ദൈവത്തിന്റെ ശക്തിയാണുള്ളത്. അതുകൊണ്ടാണത് എല്ലാവര്‍ക്കും ലഭിക്കുന്നത്. പര്‍വതങ്ങളുടെ പ്രയോജനങ്ങള്‍ വളരെ വലുതാണ്. നാം പക്ഷേ, അത് ഇടിച്ചുനിരത്തുന്നു. നമുക്ക് അങ്ങനെയൊന്ന് ഉണ്ടാക്കാന്‍ കഴിയില്ല. അത് അതിന്റെ അധിപനു മാത്രമേ സാധിക്കൂ. മനുഷ്യരുടെ അതിക്രമങ്ങളുടെ ഫലമായാണ് പല നാശങ്ങളും പൊട്ടിപ്പുറപ്പെടുന്നതെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്''- ഇതായിരുന്നു എന്റെ പ്രസംഗത്തിന്റെ പൊരുള്‍. 'എല്ലാവരും മഴയുടെ, പരിസ്ഥിതിയുടെ ഭൗതിക ശാസ്ത്രം പറഞ്ഞപ്പോള്‍ ടീച്ചറുടേത് പരിസ്ഥിതിയെ സംബന്ധിച്ച ഒരു ആത്മീയ പ്രഭാഷണമായിരുന്നു'വെന്നാണ് ആളുകള്‍ പ്രതികരിച്ചത്. ഹൈന്ദവ- ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് ഇത്തരം അവതരണങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നതായാണ് എന്റെ അനുഭവം. ഖുര്‍ആനോ ഹദീസോ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നതല്ല, നാം ഏത് ഭാഷയും ശൈലിയും അതിന് വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം.
രാത്രികാല വിശ്രമത്തെക്കുറിച്ച ഖുര്‍ആന്‍ പാഠങ്ങള്‍ വിശദീകരിച്ചപ്പോള്‍ തിരൂരിലെ ഓര്‍ത്തോപതി ഡോക്ടര്‍ രാധാകൃഷ്ണന്‍ സാറിനും മറ്റും ഏറെ ഇഷ്ടപ്പെടുകയുണ്ടായി. രാത്രി വിശ്രമവേളയാണെന്ന് ഖുര്‍ആന്‍ പറയുന്നു. നേരത്തെ ഉറങ്ങണമെന്ന് നബി പഠിപ്പിക്കുന്നു. മറ്റു ജീവജാലങ്ങളെ നോക്കുക. സൂര്യാസ്തമയത്തോടെ അവയെല്ലാം വിശ്രമം തുടങ്ങുന്നു. പ്രപഞ്ചം നിശ്ശബ്ദമായിത്തീരുന്നു. പക്ഷേ നമ്മളോ, പാതിരാത്രിയോളം ലൈറ്റും കത്തിച്ച് ടി.വിയും സോഷ്യല്‍ മീഡിയയും തുറന്നുവെച്ച് ബഹളം കൂട്ടുന്നു. ഇതിനു വേണ്ടി ചെലവാകുന്ന കറന്റിനെക്കുറിച്ച് മാത്രം ചിന്തിച്ചുനോക്കൂ! എത്ര വെള്ളം വേണം ആ കറന്റ് ഉല്‍പാദിപ്പിക്കാന്‍? അത് പരിസ്ഥിതിക്കുണ്ടാക്കുന്ന നാശം എത്രയാണ്? ഉറക്കമിളച്ച് ഇരുന്നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ എത്രയാണ്? മത ചടങ്ങുകളും പ്രഭാഷണങ്ങളും പോലുള്ളവ പാതിരാത്രി വരെ നീളുന്നതിന്റെ ഇസ്‌ലാമിക മാനം എന്ത് എന്ന് നാം ആലോചിക്കണം. യഥാര്‍ഥത്തില്‍ മനുഷ്യന്റെ ആര്‍ത്തിയും സുഖലോലുപതയുമാണ് പരിസ്ഥിതി നശീകരണത്തിന്റെ പ്രധാന കാരണം.


പരിസ്ഥിതി നശീകരണത്തിന്റെ അപകടം മനുഷ്യന്‍ തിരിച്ചറിയാത്തതെന്താണ്?

ശരിയായ ജനാധിപത്യമല്ല, കോര്‍പറേറ്റുകളാണ് ഇന്ന് ലോകം അടക്കിഭരിക്കുന്നത്. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയും ജനങ്ങളെ പ്രലോഭിപ്പിച്ച് മയക്കി അടിമകളാക്കുകയുമാണ് കോര്‍പറേറ്റുകള്‍ ചെയ്യുന്നത്. മാധ്യമങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന പരസ്യങ്ങള്‍ അതിന്റെ ഉപകരണങ്ങളാണ്. സത്യവിശ്വാസികളായ ഇസ്‌ലാമിക സമൂഹം പോലും അവയുടെ അഡിക്റ്റുകളായി ഭൗതിക പ്രമത്തരായിത്തീരുകയാണ്. ലാളിത്യം എന്താണെന്ന് ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്.  പക്ഷേ, ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്താണ്! നമുക്കിടയില്‍ രോഗങ്ങള്‍ ഇത്രയേറെ പെരുകാനുള്ള കാരണമെന്ത്? മനുഷ്യരെ രോഗികളാക്കി മരുന്ന് വിപണനം കൊഴുപ്പിക്കുന്ന കമ്പനികളുണ്ട്. മരുന്ന് മാഫിയ ലോകമാകെ പിടിമുറുക്കുന്നു. അല്ലാഹു തന്ന ആരോഗ്യം-പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച പ്രതിരോധശേഷി- മനുഷ്യന്റെ കൃത്രിമത്വങ്ങള്‍ കൊണ്ടാണ് തകരുന്നത്. രാസവളങ്ങളുടെ ഉപയോഗം, മലിനീകരണങ്ങള്‍ തുടങ്ങിയവ കൊണ്ട് നമ്മുടെ ഭക്ഷണവും വായുവും വിഷമയമായിരിക്കുന്നു. ജൈവകൃഷിയെ തകര്‍ക്കുന്നത് രാസവള കമ്പനികള്‍ കൂടിയാണ്. ധൂര്‍ത്തന്‍ ജീവിതശൈലിയെ തൃപ്തിപ്പെടുത്താന്‍ അധിക വിഭവങ്ങള്‍ വേണ്ടിവരും. ഇത് അമിതോല്‍പാദനം സൃഷ്ടിക്കുന്ന രാസവളങ്ങളും മാരക കീടനാശിനികളും അനിവാര്യമാക്കുന്നു. എന്നാല്‍, ഇസ്‌ലാം പഠിപ്പിച്ചപോലെ മിതവ്യയവും ലളിത ജീവിതവും ശീലമാക്കിയാലോ, സാമ്പത്തിക ലാഭം മാത്രമല്ല ഉണ്ടാകുന്നത്. പ്രകൃതിയുടെ താളം തെറ്റാതെ നോക്കാം, ആരോഗ്യം നിലനിര്‍ത്താം. ആവാസ വ്യവസ്ഥ തകര്‍ക്കുന്ന മുതലാളിത്ത സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും ജീവിത ശീലങ്ങള്‍ക്കുമെതിരെ നാം പ്രവര്‍ത്തിക്കണം. പ്രവാചകന്‍ തന്നെയാണ് നമുക്കതില്‍ മാതൃക. മരങ്ങള്‍ നട്ടുവളര്‍ത്താനുള്ള നബിയുടെ നിര്‍ദേശം, കുടിവെള്ളം ലഭ്യമാക്കുന്നതിലെ പുണ്യത്തെ കുറിച്ച ഹദീസ്, അതീവ ലളിതമായ പ്രവാചക ജീവിതം, പൊതു മുതല്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ സംരക്ഷിച്ച നബിശിഷ്യരുടെ നടപടികള്‍, പാതിരാത്രി വഴിയാത്രക്കാരുടെ ടെന്റില്‍ പ്രസവമെടുക്കാന്‍ ഭാര്യയെയും കൊണ്ടുപോയ ഖലീഫാ ഉമറിന്റെ മാതൃക തുടങ്ങി എത്രയെത്ര കാര്യങ്ങളുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍! ഇതൊക്കെ, പ്രകൃതി സംരക്ഷണത്തിനും ജനസേവനത്തിനും പ്രോത്സാഹനം നല്‍കുന്നതാണ്. ദീനിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വിഷയത്തിലെല്ലാം മാറിചിന്തിക്കാന്‍ നാം തയാറാകേണ്ടതുണ്ട്.

പ്രകൃതി ജീവനമാണ് വര്‍ഷങ്ങളായി ടീച്ചര്‍ പിന്തുടരുന്നത്. എങ്ങനെയാണ് ഇതിലേക്ക് എത്തിയത്?

അധ്യാപന ജീവിതം ആരംഭിച്ചപ്പോള്‍, വല്ലാത്ത ശാരീരിക പ്രയാസങ്ങളുണ്ടായി. ആയുര്‍വേദ ഡോക്ടറെ കണ്ടു. കുറേ മരുന്ന് കഴിച്ചു. എന്നും ഇങ്ങനെ മരുന്ന് കഴിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് 'മരുന്നില്ലാത്ത രോഗചികിത്സ'യെ കുറിച്ച് തൃശൂരില്‍ നടക്കുന്ന ഒരു സെമിനാറിനെ പറ്റി കേള്‍ക്കുന്നത്. അതെന്താണെന്ന് അറിയണമെന്ന് അതിയായ ആഗ്രഹം. പക്ഷേ, 'മലപ്പുറത്തെ ഒരു മുസ്‌ലിം പെണ്ണ്, തൃശൂരില്‍ നടക്കുന്ന ഇത്തരമൊരു സെമിനാറില്‍ എങ്ങനെ പങ്കെടുക്കും?' 1986 ലാണ് സംഭവം. അന്ന് അതൊക്കെ ഒരു പ്രശ്‌നം തന്നെയാണ്. ഭര്‍ത്താവിന്റെ വാപ്പ തന്ന ധൈര്യത്തില്‍ സെമിനാറില്‍ പങ്കെടുത്തു. അതൊരു പുതിയ അനുഭവമായിരുന്നു. 'ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം, നല്ല ഭക്ഷണം തന്നെയാണ് മരുന്ന്' എന്നതായിരുന്നു സെമിനാറിന്റെ കാമ്പ്. അതോടെ, ഭക്ഷണരീതിയിലും ജീവിതശൈലിയിലും ക്രമേണ വലിയ മാറ്റങ്ങള്‍ വരുത്തി. അരിഭക്ഷണത്തോടൊപ്പം അതിന്റെ രണ്ടിരട്ടി വേവിച്ച പച്ചക്കറി കഴിക്കും. പഞ്ചസാര തീര്‍ത്തും ഉപേക്ഷിച്ചു. അത് വെളുത്ത വിഷമാണെന്നാണ് പറയുന്നത്. പകരം തേനും ശര്‍ക്കരയുമാണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ വര്‍ഷങ്ങളായി വീട്ടില്‍ പഞ്ചസാര ഉപയോഗിക്കാറേ ഇല്ല. പാലും മുട്ടയും ഒഴിവാക്കി. രാവിലെ അരി ഭക്ഷണം. ഉച്ചക്ക് പഴങ്ങള്‍, സലാഡ്, കഞ്ഞി, പയര്‍ തുടങ്ങിയവ കഴിക്കും. ഈ ഭക്ഷണരീതി സ്വീകരിച്ച് ആറു മാസം കഴിഞ്ഞതോടെ എന്റെ അസുഖങ്ങള്‍ തീര്‍ത്തും ഭേദമായി. അതേ ഭക്ഷണരീതി 1987 മുതല്‍ തുടര്‍ന്നുവരുന്നു. രാത്രി ലഘുഭക്ഷണം. അതും അസ്തമയത്തിനു മുമ്പേ. രാത്രിയില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. സൂര്യപ്രകാശത്തിലാണ് ശരിയായ ദഹനം നടക്കുന്നത്. ഇശാ നമസ്‌കരിച്ച് ഉറങ്ങുക എന്നതാണല്ലോ നബിചര്യ. മുമ്പ് വിളക്ക് കത്തിക്കുന്ന കാലത്ത് നേരത്തെ ഭക്ഷണം കഴിച്ച്, നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോള്‍ ലൈറ്റ് ഇട്ട് പാതി രാത്രി വരെ ഇരിക്കും. കുട്ടികള്‍ക്കൊന്നും രാത്രി ഉറക്കമില്ല. ഇതൊക്കെ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ജീവിത രീതിയില്‍ ഗുണപരമായ മാറ്റം വരുത്തണം നമ്മള്‍. രോഗങ്ങളില്ലാത്ത ജീവിതത്തിനുള്ള വഴിയാണത്.

Sunday, 24 November 2013

ജമാഅത്തും സി.പി.എമ്മും സംവാദത്തിന്‌ സ്വാഗതം.


ജമാഅത്തും സി.പി.എമ്മും 
സംവാദത്തിന്‌ സ്വാഗതം. 
ടി. ആരിഫലി / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റിദ്ധാരണാജനകമായ വിമര്‍ശനവുമായി രംഗത്ത്‌ വരികയുണ്ടായി. രാഷ്‌ട്ര സങ്കല്‍പത്തെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്‌.എസ്സുമായി തുലനം ചെയ്യുന്ന പിണറായിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലവും രാഷ്‌ട്രീയവും എന്താണ്‌?
സി.പി.എം സംഘടിപ്പിച്ച രണ്ട്‌ മുസ്‌ലിം സമ്മേളനങ്ങളില്‍ വെച്ചാണ്‌ പിണറായി വിജയന്‍ ജമാഅത്തിനെ വിമര്‍ശിച്ചത്‌. ഈ സമ്മേളനങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ മുമ്പില്‍ കണ്ടാണ്‌ സംഘടിപ്പിക്കപ്പെട്ടത്‌. തെരഞ്ഞെടുപ്പില്‍ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ്‌ അതില്‍ അദ്ദേഹം നടത്തിയത്‌. അതുകൊണ്ടുതന്നെ, രാഷ്‌ട്രീയ പ്രേരിതമായ വിമര്‍ശനമാണിതെന്നതില്‍ സംശയമില്ല. അതിനപ്പുറമുള്ള മാനമോ ആഴമോ ജമാഅത്തെ ഇസ്‌ലാമി ആ വിമര്‍ശനങ്ങള്‍ക്ക്‌ കാണുന്നില്ല. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുകയെന്നത്‌ സി.പി.എമ്മിന്റെ ദേശീയ തലത്തിലുള്ള തീരുമാനമാണ്‌. അതിന്റെ ഭാഗമാണ്‌ കണ്ണൂര്‍-കോഴിക്കോട്‌ സമ്മേളനങ്ങളും മുഖ്യധാര മാസികയും. ഇതുവഴി മുസ്‌ലിം മനസ്സിലേക്ക്‌ തങ്ങള്‍ക്ക്‌ പ്രവേശനം ലഭിക്കും എന്ന ധാരണയില്‍ നിന്നാണ്‌ മുസ്‌ലിം സമുദായത്തിലെ കടുത്ത യാഥാസ്ഥിതിക വിഭാഗത്തെ കൂട്ടുപിടിക്കുകയും ജമാഅത്തിനെ അടച്ചാക്ഷേപിക്കുകയും ചെയ്യാന്‍ പിണറായി വിജയന്‍ മുതിര്‍ന്നത്‌. മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ യഥാവിധി പഠിക്കാനോ അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാനോ ഉള്ള ഒരു മാധ്യമവും സി.പി.എമ്മിന്റെ കൈയിലില്ല. അതുകൊണ്ടാണ്‌ മുസ്‌ലിം വിഷയത്തില്‍ അവരെടുക്കുന്ന പല നിലപാടുകളും അബദ്ധത്തില്‍ ചെന്നു പെടുന്നത്‌. യഥാര്‍ഥത്തില്‍, മുസ്‌ലിം സമൂഹത്തെക്കുറിച്ച്‌ പഠിക്കാന്‍ പിണറായി വിജയന്‍ അവലംബിക്കുന്നത്‌ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്രങ്ങളെയാണ്‌. മുസ്‌ലിം സമൂഹത്തെ നേരിട്ട്‌, വസ്‌തുനിഷ്‌ഠമായി പഠിക്കാന്‍ സി.പി.എം നേതൃത്വം സന്നദ്ധമാകണം. ഏറ്റവും യാഥാസ്ഥിതികരായ മത സംഘടനകളെയും അവരുടെ നേതാക്കളെയും പുരോഗമന വാദികളായി അവതരിപ്പിക്കുന്നത്‌ മുസ്‌ലിം സമുദായത്തില്‍ സി.പി.എം നിലപാടിനെ പരിഹാസ്യമാക്കിത്തീര്‍ക്കുകയാണ്‌. അദ്ദേഹം ചിന്തിച്ചത്‌ ഇങ്ങനെയായിരിക്കും; ജമാഅത്തെ ഇസ്‌ലാമി വലിയ വോട്ട്‌ ബാങ്ക്‌ ഇല്ലാത്ത സംഘടനയാണ്‌. ജമാഅത്തിനെ വിമര്‍ശിച്ചാല്‍, ജമാഅത്തിനോട്‌ എതിര്‍പ്പുള്ള മുസ്‌ലിം സംഘടനകളുടെ വോട്ട്‌ സി.പി.എമ്മിന്‌ നേടാന്‍ കഴിയും. മുസ്‌ലിംകളെ സംഘടിപ്പിച്ച്‌ അവരുടെ വോട്ട്‌ നേടാന്‍ ശ്രമിക്കുന്നത്‌ മുസ്‌ലിം പ്രീണനമാണെന്ന്‌ ഹൈന്ദവ സഹോദരങ്ങള്‍ ധരിക്കാനിടയുണ്ട്‌. `മുസ്‌ലിം പ്രീണന' ധാരണയെ മറികടക്കാനും അതുവഴി നഷ്‌ടപ്പെടാന്‍ സാധ്യതയുള്ള ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്താനും ജമാഅത്തിനെ പഴിപറഞ്ഞാല്‍ മതി. പാര്‍ട്ടി സെക്രട്ടറിയുടെ ഇത്തരമൊരു ലളിതയുക്തിയാണ്‌ വിമര്‍ശനത്തിന്റെ അടിസ്ഥാനം.
ഏഴ്‌ പതിറ്റാണ്ടായി ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഇന്ന്‌ ഇത്തരമൊരു ആരോപണം വിലപ്പോകുമോ?
ഇന്ന്‌ കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ആശയപ്രചാരണത്തിലൂടെയും നവോത്ഥാന-സേവന പ്രവര്‍ത്തനങ്ങളിലൂടെയും പോഷക സംഘടനകളുടെയും അച്ചടി-ദൃശ്യ മാധ്യമങ്ങളുടെയും നിലപാടുകളിലൂടെയും ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന്‌ കേരളീയ സമൂഹം മനസ്സിലാക്കിയിട്ടുണ്ട്‌. മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഏറ്റവുമധികം ഹൈന്ദവ -ക്രൈസ്‌തവ സുഹൃത്തുക്കള്‍ ഉള്ളത്‌ ജമാഅത്തെ ഇസ്‌ലാമിക്കാണ്‌. ഇതുപോലെ സഹോദര സമുദായക്കാരുമായി സൗഹൃദമുള്ള മറ്റൊരു മുസ്‌ലിം സംഘടനയും ഇവിടെയില്ല. ഹിന്ദു സന്യാസിമാരുമായും സമുദായ നേതാക്കളുമായും ക്രൈസ്‌തവ പണ്ഡിതരുമായും മറ്റും ജമാഅത്ത്‌ നേതൃത്വത്തിന്‌ അടുത്ത ബന്ധമുണ്ട്‌. സൗഹൃദ സന്ദര്‍ശനങ്ങളും ദീര്‍ഘ സംഭാഷണങ്ങളും ഞങ്ങള്‍ക്കിടയില്‍ നിത്യസംഭവമാണ്‌. ജമാഅത്ത്‌ ഘടകങ്ങളുള്ള പ്രാദേശിക തലങ്ങളില്‍ സഹോദര സമുദായാംഗങ്ങള്‍ക്ക്‌ പ്രസ്ഥാനത്തിന്റെ നന്മകള്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ക്ക്‌ ജമാഅത്തിനോട്‌ പുലര്‍ത്താന്‍ കഴിയുന്ന ഒരു സുഹൃദ്‌ ബന്ധം മറ്റൊരു മുസ്‌ലിം സംഘടനയുമായും പുലര്‍ത്താനാകില്ല. അതുകൊണ്ട്‌ ജമാഅത്തിനെതിരായ ഇത്തരമൊരു വിമര്‍ശം കേരളീയ സമൂഹത്തില്‍ വിലപ്പോവുകയില്ല.
സി.പി.എമ്മിന്റെ ജമാഅത്ത്‌ വിമര്‍ശത്തെ കേരളീയ സമൂഹവും മാധ്യമങ്ങളും തള്ളിക്കളയുകയാണുണ്ടായത്‌. അതിനുകാരണം, ഇതൊരു വോട്ടുബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന്‌ ജനങ്ങള്‍ക്കറിയാമെന്നതാണ്‌. കിനാലൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി ജമാഅത്തിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമാഅത്ത്‌ അതിന്‌ ശക്തമായി മറുപടിയും പറഞ്ഞു. അതിനുശേഷം കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നപ്പോള്‍ ജമാഅത്ത്‌-സി.പി.എം ചര്‍ച്ച നടന്നു. ആലപ്പുഴയില്‍വെച്ച്‌ പിണറായി വിജയനും ഞാനും തമ്മിലാണ്‌ സംസാരിച്ചത്‌. ഈ സംഭാഷണത്തെ കുറിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍, പിണറായി മാധ്യമങ്ങളോട്‌ വിശദീകരിച്ചത്‌, ഞങ്ങളും ജമാഅത്തും തമ്മില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. അതിപ്പോള്‍ നിലനില്‍ക്കുന്നില്ല, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ഉറച്ചനിലപാടുള്ള സംഘടനയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നൊക്കെയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, ജമാഅത്തെ ഇസ്‌ലാമിക്ക്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ലല്ലോ. ജമാഅത്തിന്റെ ആദര്‍ശവും രാഷ്‌ട്രീയ-സാമൂഹിക വ്യവസ്ഥകളെ കുറിച്ച കാഴ്‌ചപ്പാടും അതിനുമുമ്പേയുള്ളതു തന്നെയാണ്‌. അപ്പോള്‍ പിന്നെ, ഇങ്ങനെയൊരു വിമര്‍ശം ഇപ്പോള്‍ ഉന്നയിക്കുന്നത്‌ തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമായാണെന്ന്‌ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ ഈ വിമര്‍ശം എങ്ങുമെത്താതെ പോയത്‌.

ആര്‍.എസ്‌.എസ്സുമായി ജമാഅത്തെ ഇസ്‌ലാമിയെ തുലനം ചെയ്‌തുകൊണ്ടാണ്‌ രണ്ടുതവണ, 1975-ലും 1992-ലും കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ജമാഅത്തിനെ നിരോധിച്ചത്‌. അന്ന്‌ അതിനെ പിന്തുണക്കാനും ചിലരുണ്ടായി. ആ സമീകരണത്തെ ഏറ്റെടുക്കുംവിധത്തിലാണല്ലോ ഇപ്പോള്‍ സി.പി.എം സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്‌?
ആര്‍.എസ്‌.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്‌ഠിതമായ ഒരു ഹിന്ദുത്വ രാഷ്‌ട്രത്തെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക്‌ ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ്‌ ആര്‍.എസ്‌.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ്‌ ആര്‍.എസ്‌.എസ്‌ പ്രതിനിധീകരിക്കുന്നത്‌ എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്‌കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത്‌ അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്‌. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന്‌ ആട്ടിയോടിക്കുകയും ചെയ്യുന്നതാണ്‌ അവരുടെ നയം. ഇത്‌ ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്‌. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ്‌ ആര്‍.എസ്‌.എസ്‌ സ്വീകരിച്ചിട്ടുള്ളത്‌. അപ്പോള്‍ വംശാധിപത്യമെന്ന  ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ്‌ അവര്‍ക്കുള്ളതെന്ന്‌ വ്യക്തം.
എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്‌ഠിതമല്ല ജമാഅത്ത്‌ മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്‌ രാഷ്‌ട്രം നിലനില്‍ക്കേണ്ടത്‌. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്‌. അത്‌, രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്‌ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ്‌ ജമാഅത്തിന്റെ കാഴ്‌ചപ്പാട്‌. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന്‌ തികച്ചും വിരുദ്ധമാണ്‌. ആര്‍.എസ്‌.എസ്‌ വംശീയാധിപത്യത്തെക്കുറിച്ച്‌ പറയുന്നു, ജമാഅത്ത്‌ ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച്‌ സംസാരിക്കുന്നു എന്നതാണ്‌ രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക്‌ എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ്‌ അവലംബിക്കുന്നതെന്ന്‌ സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യരുടെ ഹൃദയ-മസ്‌തിഷ്‌കങ്ങളോട്‌ സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക്‌ നീങ്ങുകയും ചെയ്‌താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്‌ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക്‌ നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച്‌ എവിടെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട്‌ സംഘടനകളെ തുലനം ചെയ്‌ത്‌ വിമര്‍ശിക്കുന്നത്‌ വിഷയങ്ങള്‍ പഠിച്ച്‌ മനസ്സിലാക്കാതെയാണ്‌. ജമാഅത്തിനെക്കുറിച്ച്‌ നേരിട്ട്‌ പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ ശരിയല്ല.

ജമാഅത്തിനെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ കൂടെകൂട്ടാന്‍ പറ്റില്ലെന്ന്‌ പറയുന്ന പിണറായി വിജയന്‍ ചരിത്രത്തിലെ പോരാളികളായ മുസ്‌ലിം നേതാക്കളെ വാഴ്‌ത്തുകയുണ്ടായി.

ഫസല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാദി, ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരൊക്കെ  സാമ്രാജ്യത്വവിരുദ്ധ പോരാളികളായിരുന്നുവെന്ന്‌ പിണറായി വിജയന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇവരെ അംഗീകരിക്കാന്‍ തയാറായത്‌ നയപരമായ വികാസമാണെങ്കില്‍, അത്‌ സി.പി.എം തുറന്നു പറയണം. ആ വികാസം നിലപാടുകളില്‍ പ്രതിഫലിക്കുകയും വേണം. ഇന്ത്യയില്‍ സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. അതിന്റെ പത്ര-പ്രസിദ്ധീകരണങ്ങള്‍ ഈ നിലപാടിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ ചരിത്രത്തില്‍ ഇസ്‌ലാമിക പോരാളികള്‍ ഏതൊരു ദര്‍ശനത്തിന്റെ പ്രചോദനത്താലാണോ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചത്‌ ആ ദര്‍ശനത്തിന്റെ അടിത്തറയും പ്രചോദനവും ഉള്ളതുകൊണ്ടാണ്‌ ജമാഅത്തിനു ഇത്രയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നത്‌. മണ്‍മറഞ്ഞുപോയ പോരാളികളെ അംഗീകരിക്കുകയും അതിന്റെ പിന്തുടര്‍ച്ചയായ പ്രസ്ഥാനത്തെ നിരാകരിക്കുകയും ചെയ്യുന്നത്‌ തികഞ്ഞ വൈരുധ്യമാണ്‌. ഈ വൈരുധ്യം തിരിച്ചറിയാനും സി.പി.എമ്മിന്‌ കഴിയണം.

ജമാഅത്തെ ഇസ്‌ലാമിയുടെ സ്വതന്ത്രമായ അസ്‌തിത്വവും നിലപാടുകളും ഈ വിമര്‍ശത്തിന്‌ നിമിത്തമായിട്ടുണ്ടാകുമല്ലോ.
തീര്‍ച്ചയായും. മത സംഘടനയുടെ പരിധിയെ സംബന്ധിച്ച്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഒരു കാഴ്‌ചപ്പാടുണ്ട്‌. രാഷ്‌ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടാതെ, `മതപരം' എന്ന്‌ പലരും വിവക്ഷിക്കുന്ന കളങ്ങളില്‍ ഒതുങ്ങി നില്‍ക്കണം എന്നതാണത്‌. മാത്രമല്ല, ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ധാരണയുണ്ടാവുകയാണെങ്കില്‍ അവരുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ല. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ കീഴൊതുങ്ങി നില്‍ക്കുന്ന ഒരു സാമ്പ്രദായിക മത സംഘടനയല്ല. പ്രശ്‌നാധിഷ്‌ഠിതമായാണ്‌ ജമാഅത്ത്‌ ആരെയും പിന്തുണക്കുന്നതും വിമര്‍ശിക്കുന്നതും. ഒരു സംഘടനയോടും നമുക്ക്‌ അന്ധമായ വിരോധമില്ല, ഒരു സംഘടനയോടും പൂര്‍ണമായ വിധേയത്വവുമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനയുമല്ല. ചില മതപുരോഹിതന്മാരെയോ സമുദായ നേതാക്കളെയോ വിലക്കെടുക്കാന്‍ കഴിയുമായിരിക്കും. മുസ്‌ലിം ചിഹ്നങ്ങളായ തൊപ്പിയും തലപ്പാവും പര്‍ദയുമൊക്കെ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. അത്‌ ധരിച്ചവരെയും ചിലപ്പോള്‍ വില കൊടുത്ത്‌ വാങ്ങാനാകും. നരേന്ദ്രമോഡിയുടെ ചില പരിപാടികളില്‍ കാണുന്ന `മുസ്‌ലിം വേഷങ്ങള്‍' ഇതിന്റെ ഉദാഹരണമാണ്‌.
ജമാഅത്ത്‌, കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും ഇടതു പക്ഷത്തിനാണ്‌ വോട്ട്‌ ചെയ്‌തത്‌. മറ്റു ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ വളരെ മുന്‍തൂക്കുമുള്ള നയമാണ്‌ സ്വീകരിച്ചത്‌. അങ്ങനെ വോട്ടു ചെയ്യാനുള്ള തീരുമാനം കമ്യൂണിസത്തിനോ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കോ ഉള്ള പിന്തുണയായിരുന്നില്ല. മറിച്ച്‌, ജമാഅത്ത്‌, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു. ഈ ജമാഅത്ത്‌ നിലപാടിനോട്‌ താരതമ്യേന കൂടുതല്‍ യോജിക്കുന്ന നയനിലപാടുകള്‍ ഉള്ളവര്‍ എന്ന നിലക്കു മാത്രമാണ്‌ ഇടതുപക്ഷത്തെ പിന്തുണച്ചത്‌. അത്‌ മാര്‍ക്‌സിസത്തിനുള്ള വോട്ടല്ല, ജമാഅത്തിന്റെ നയത്തിന്‌ ജമാഅത്ത്‌ ചെയ്യുന്ന വോട്ടാണ്‌.
ഒരു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലുമൊരു കക്ഷിക്ക്‌ വോട്ട്‌ ചെയ്‌താല്‍, അവരുടെ എല്ലാ നയങ്ങളെയും ജമാഅത്ത്‌ പിന്തുണക്കും എന്ന്‌ പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ തെറ്റുകളെ വിമര്‍ശിക്കില്ല എന്നും കരുതേണ്ടതില്ല. ജമാഅത്ത്‌ അങ്ങനെ പിന്തുണക്കുന്നത്‌ സ്വാര്‍ഥ നേട്ടങ്ങള്‍ക്കു വേണ്ടിയോ സംഘടനാപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ അല്ല, രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌. ജമാഅത്ത്‌ സ്വന്തം കാലില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ്‌. ഏതെങ്കിലും സംഘടനയുമായി അസ്‌തിത്വം പങ്കിടുന്ന പ്രസ്ഥാനമല്ല. മതപരം, രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു കാലുകള്‍ സങ്കല്‍പിക്കുകയാണെങ്കില്‍ അത്‌ രണ്ടും ഒരു തോണിയിലാണ്‌ ജമാഅത്ത്‌ വെച്ചിട്ടുള്ളത്‌. ഓരോ വിഷയത്തിലും ജമാഅത്തിന്‌ കൃത്യമായ നിലപാടുണ്ട്‌. അത്‌ സി.പി.എം നേതാക്കളുമായി സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ നാം തുറന്നു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ രാഷ്‌ട്രീയ - സാമൂഹിക ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനത്തെ, സ്‌കൂളുകളും കോളേജുകളും അനുവദിച്ചോ ചില കമ്മിറ്റികളില്‍ സ്ഥാനം നല്‍കിയോ തങ്ങള്‍ ഇഛിക്കുന്ന വഴിയില്‍ നടത്തിക്കളയാം എന്ന്‌ ആരും മോഹിക്കേണ്ടതില്ല. ഭീഷണി പ്രസംഗങ്ങള്‍ നടത്തിയാല്‍ ജമാഅത്ത്‌ ഭയന്ന്‌ ആരുടെയെങ്കിലും മുമ്പില്‍ വന്ന്‌ കൈകൂപ്പി നില്‍ക്കും എന്നു കരുതേണ്ടതില്ല.

ഒരു മുന്നണി എന്ന നിലക്ക്‌ ജമാഅത്ത്‌ കൂടുതല്‍ തവണ പിന്തുണച്ചത്‌ ഇടതുപക്ഷത്തെയാണ്‌. എന്തായിരുന്നു അതിലടങ്ങിയ രാഷ്‌ട്രീയം?

ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം നേരിടുന്ന ഭീഷണികള്‍ എന്തൊക്കെയാണെന്ന്‌ ജമാഅത്ത്‌ വിലയിരുത്തിയിട്ടുണ്ട്‌. അതിലേറ്റവും ഗൗരവമര്‍ഹിക്കുന്നത്‌ വര്‍ഗീയ ഫാഷിസത്തിന്റെ ഭീഷണിയാണ്‌. വംശീയ ആധിപത്യത്തിലധിഷ്‌ഠിതമായ വര്‍ഗീയ ഫാഷിസം ഇവിടെ മേധാവിത്വം നേടിയാല്‍, മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും രണ്ടാംതരം പൗരന്മാരായി മാറും. അവര്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാന്‍ അനുവാദമുണ്ടാകില്ല. അന്യവത്‌കരണവും ഉന്മൂലന പ്രക്രിയയും സംഘര്‍ഷങ്ങളുമാണ്‌ പിന്നെ രാജ്യത്ത്‌ സംജാതമാവുക. ഇവിടത്തെ സൈ്വരജീവിതവും സമാധാനവും തകരും. ഇത്‌ ഏറ്റവും അപകടകരമാണ്‌. രണ്ടാമത്തെ ശത്രു സാമ്രാജ്യത്വമാണ്‌. നവ  സാമ്രാജ്യത്വം നേരിട്ടുവന്ന്‌ രാജ്യം ഭരിക്കുകയല്ല. മറിച്ച്‌ നമ്മുടെ ഭരണകൂടങ്ങളെ അപ്രസക്തമാക്കുകയും സാമ്രാജ്യത്വ ഏജന്റുമാര്‍ മാത്രമാക്കി അവയെ മാറ്റുകയുമാണ്‌ ചെയ്യുന്നത്‌. മൂന്നാമത്തെ ഭീഷണി, രാജ്യം മൊത്തത്തില്‍ തന്നെ നേരിടുന്ന മൂല്യച്യുതിയുടേതാണ്‌. എല്ലാ മേഖലകളെയും പലതരത്തിലുള്ള ജീര്‍ണതകള്‍ ബാധിച്ചിട്ടുണ്ട്‌. ജമാഅത്തിന്റെ രാഷ്‌ട്രീയ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ മൂന്ന്‌ ഭീഷണികളുടെയും അവസ്ഥയനുസരിച്ചാണ്‌ പ്രസ്ഥാനം രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിച്ചതെന്ന്‌ വ്യക്തമാകും. ഈ വിഷയത്തില്‍ ജമാഅത്തിന്റെ നയവികാസം രാജ്യത്തിന്റെ രാഷ്‌ട്രീയ ഗതിവിഗതികളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്‌. ഫാഷിസവും സാമ്രാജ്യത്വവും ഇത്ര ശക്തിപ്പെട്ടുവന്നിട്ടില്ലാത്ത ഘട്ടത്തിലാണ്‌ ജമാഅത്ത്‌ എല്ലാ പാര്‍ട്ടികളിലും പെട്ട മൂല്യമുള്ള വ്യക്തികള്‍ക്ക്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. എന്നാല്‍, അടുത്ത ഘട്ടത്തില്‍ ഫാഷിസം ക്രമേണ വളരുകയും വലിയ ഭീഷണിയാവുകയും ചെയ്‌തു. ബി.ജെ.പി രണ്ടു സീറ്റില്‍ തുടങ്ങി കേവല ഭൂരിപക്ഷത്തിലേക്ക്‌ നീങ്ങാന്‍ തുടങ്ങിയ രാഷ്‌ട്രീയ സാഹചര്യത്തെ ജമാഅത്ത്‌ ഗൗരവത്തോടെ സമീപിക്കുകയായിരുന്നു. അപ്പോഴാണ്‌ ഇടതുപക്ഷവും കോണ്‍ഗ്രസിതര മതേതര കക്ഷികളും പാര്‍ലമെന്റില്‍ നിര്‍ണായക കക്ഷിയായി ഉണ്ടാകണം എന്ന്‌ ജമാഅത്ത്‌ തീരുമാനിച്ചത്‌. മതേതരത്വത്തോട്‌ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ പാര്‍ലമെന്റിലെത്തേണ്ടത്‌ ഇന്ത്യന്‍ മതേതരത്വം നിലനില്‍ക്കാന്‍ അനിവാര്യമാണ്‌.
കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിട്ട്‌ ഏറ്റുമുട്ടുകയും ഇടതുപക്ഷം പ്രസക്തമല്ലാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ നയം. എന്നാല്‍, ബി.ജെ.പി പ്രസക്തമല്ലാതിരിക്കുകയും കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഏറ്റുമുട്ടുകയും ചെയ്യുന്ന കേരളം പോലുളള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കുകയാണ്‌ ജമാഅത്ത്‌ ചെയ്‌തുപോന്നിട്ടുള്ളത്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്‌ ഇടതു-മതേതര പാര്‍ട്ടികള്‍ക്കാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. സാമ്രാജ്യത്വ അനുകൂല നിലപാടിന്റെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്സും ഒരുപോലെയാണ്‌. അതേസമയം, മുസ്‌ലിം വിരുദ്ധതയുടെയും ഹിന്ദുത്വ വര്‍ഗീയതയുടെയും കാര്യത്തില്‍ (ഹിന്ദു മതമല്ല ഹിന്ദുത്വം) ബി.ജെ.പി കോണ്‍ഗ്രസ്സിനേക്കാള്‍ അപകടകാരിയാണെന്ന്‌ ജമാഅത്ത്‌ മനസ്സിലാക്കുന്നു. അതുകൊണ്ട്‌ കോണ്‍ഗ്രസ്സിനെ പിന്തുണക്കേണ്ടതുണ്ട്‌. എന്നാല്‍, കോണ്‍ഗ്രസ്‌ ഇതര മതേതര കക്ഷികളിലേക്ക്‌ വരുമ്പോള്‍ സാമ്രാജ്യത്വ-വര്‍ഗീയവിരുദ്ധതയുടെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മെച്ചപ്പെട്ട്‌ നില്‍ക്കുന്നു എന്നതുകൊണ്ടാണ്‌ ജമാഅത്ത്‌ അവരെ പിന്തുണച്ചത്‌.
സമാജ്യത്വ-വര്‍ഗീയ ഫാഷിസ്റ്റ്‌ ഭീഷണികള്‍ക്ക്‌ തടയിടാന്‍ വലിയൊരളവോളം ഇടതുപക്ഷത്തിന്‌ സാധ്യമാകും. പൂര്‍ണമായും അവര്‍ അവലംബനീയമാണെന്ന്‌ ജമാഅത്തിന്‌ അഭിപ്രായമില്ല. ഒരുപരിധി വരെ അവര്‍ക്ക്‌ അത്‌ സാധ്യമാകും എന്നാണ്‌ നാം പ്രതീക്ഷിച്ചത്‌. ഇടതുപക്ഷത്തിന്‌ പാര്‍ലമെന്റില്‍ ഒരു ശക്തി ഉണ്ടായിരുന്ന സമയത്ത്‌, ആ ദൗത്യം ഒരളവുവരെ അവര്‍ നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ അര്‍ഥത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്‌ പിന്തുണ നല്‍കിയ ജമാഅത്തിന്റെ രാഷ്‌ട്രീയ നിലപാട്‌ ശരിയായിരുന്നു എന്നതു തന്നെയാണ്‌ നമ്മുടെ അനുഭവം. അതേസമയം, പിന്നീട്‌ അവരുടെ തന്നെ ദൗര്‍ബല്യങ്ങളാല്‍ പ്രമുഖരായ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്താതിരുന്നതിനാലും, പ്രതിനിധീകരിക്കുന്നവരുടെ എണ്ണവും ശേഷിയും ചുരുങ്ങിയപ്പോയതിനാലുമാണ്‌ അവര്‍ക്ക്‌ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയാതെ പോയത്‌. പല സന്ദര്‍ഭങ്ങളിലായി യു.പി.എ സ്വീകരിച്ച സാമ്രാജ്യത്വാനുകൂല നിലപാടുകളാണ്‌ പിന്തുണയില്‍നിന്ന്‌ പുറകോട്ടുപോകാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്‌. സി.പി.എം  പാര്‍ലമെന്റില്‍ നിര്‍ണായക ശക്തിയാവുകയും, ഇടതുപിന്തുണയില്ലാതെ യു.പി.എക്ക്‌ ഭരിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ ജനോപകാരപ്രദമായ നടപടികള്‍ കോണ്‍ഗ്രസ്‌ മുന്നണിയില്‍നിന്ന്‌ ഉണ്ടായത്‌. ജമാഅത്ത്‌ എടുത്ത തീരുമാനം ഫലപ്രദമായിരുന്നു എന്നതിന്റെ സൂചനയാണിത്‌.

സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്‍ഗീയ പാര്‍ട്ടിയാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ?
സി.പി.എം ഒരു ഹിന്ദു പാര്‍ട്ടിയോ ഹിന്ദുത്വ വര്‍ഗീയ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‍ക്‌സിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്‍പ്പാണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്‍ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്‍ഥത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്‍ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്‍ശം ക്രമേണ ചോര്‍ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെപ്പോലെ ആയിത്തീര്‍ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്‍ട്ടിക്ക്‌ നിലനില്‍ക്കാന്‍ കഴിയൂ.
കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്‍ഗ്രസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികള്‍ക്ക്‌ കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്‍ട്ടികള്‍ക്ക്‌ സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്‍ഥം, സി.പി.എം ഒരു ഹിന്ദുവര്‍ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്‍ഗീയ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്‍ക്ക്‌ കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.

സി.പി.എമ്മും മുസ്‌ലിംകളുമായുള്ള ബന്ധത്തെ കുറിച്ച്‌?

സി.പി.എമ്മിന്റെ ഉന്നത നേതാക്കളിലോ നയരൂപീകരണ ബോഡികളിലോ മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ഇല്ല എന്നതുകൊണ്ട്‌, മുസ്‌ലിം മനസ്‌ എവിടെ നില്‍ക്കുന്നുവെന്നോ, മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നോ ശരിയായ അളവില്‍ മനസ്സിലാക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. ഉദാഹരണമായി വി.എസ്‌ അച്യുതാനന്ദന്‍. സാമൂഹിക പ്രധാനമായ വിഷയങ്ങളിലെ വി.എസിന്റെ ഒരുപാട്‌ നിലപാടുകളോട്‌ എനിക്ക്‌ അഭിപ്രായ ഐക്യമുണ്ട്‌. അതേസമയം മുസ്‌ലിം സമുദായത്തെ സംബന്ധിച്ച വി.എസിന്റെ പഠനത്തില്‍ വലിയ അപര്യാപ്‌തതകള്‍ ഉണ്ട്‌. അതുകൊണ്ട്‌ അബദ്ധം നിറഞ്ഞ നിലപാടുകളാണ്‌ പലപ്പോഴും മുസ്‌ലിം വിഷയങ്ങളില്‍ അദ്ദേഹം എടുക്കാറുള്ളത്‌. പിണറായി വിജയനെ സംബന്ധിച്ചേടത്തോളം, കണ്ണൂര്‍ സ്വദേശിയായതിനാല്‍ കുറേക്കൂടി മുസ്‌ലിം സമുദായവുമായി ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുകൊണ്ട്‌ സാധ്യമാവുകയില്ല എന്നും തിരിച്ചറിയേണ്ടതുണ്ട്‌.
മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒന്നാമതായി സി.പി.എം മനസ്സിലാക്കേണ്ടത്‌, ഒരു `ജാതി സമുദായം' അല്ല, മതവിഭാഗമാണ്‌ മുസ്‌ലിംകള്‍ എന്നതാണ്‌. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയില്‍ വളര്‍ച്ച നേടിക്കൊടുത്താല്‍ `ജാതി സമുദായം' തൃപ്‌തരാകും. എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ മതപരമായ ഒരു അസ്‌തിത്വവും വ്യക്തിത്വവും ഉണ്ട്‌. ശക്തമായ പ്രമാണങ്ങളുള്ള ഒരു മതത്തിന്റെ വക്താക്കളെന്ന നിലക്ക്‌ ആ അസ്‌തിത്വം നിലനിര്‍ത്താനും അടുത്ത തലമുറയെ അതനുസരിച്ച്‌ വളര്‍ത്താനുമുള്ള അവസരം നീതിപൂര്‍വകമായി അവര്‍ക്ക്‌ ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിനെ കൂടി സി.പി.എമ്മിന്‌ അഭിസംബോധന ചെയ്യാന്‍ കഴിയണം. ദലിതരെയും ആദിവാസികളെയും പോലെ മുസ്‌ലിംകളെ മനസിലാക്കരുത്‌. ഇസ്‌ലാമിക ആദര്‍ശവും വ്യക്തിത്വവും സുരക്ഷിതമാകണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. തൊഴില്‍, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അവഗണനകള്‍ ഉണ്ടാകുമ്പോള്‍ പ്രകടിപ്പിക്കാത്ത വികാരം തങ്ങളുടെ വിശ്വാസാചാരങ്ങള്‍ അപകടത്തിലാകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്നത്‌ ഇക്കാരണത്താലാണ്‌. അതേസമയം ശരീഅത്തിനെതിരായ വിമര്‍ശം മുസ്‌ലിംകളെ വല്ലാതെ  പ്രയാസപ്പെടുത്തും. ഈ ഒരു വശം സി.പി.എം തിരിച്ചറിയണം. ഇന്ത്യയില്‍ പൊതുവെ അംഗീകരിക്കപ്പെട്ട മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍, മുസ്‌ലിം സമൂഹത്തിന്റെ മതപരമായ അസ്‌തിത്വത്തെയും പേഴ്‌സണല്‍ ലോ ഉള്‍പ്പെടുന്ന കാര്യങ്ങളെയുമൊക്കെ പോസിറ്റീവായി സമീപിക്കാന്‍ സി.പി.എമ്മിന്‌ കഴിയണം. കമ്യൂണിസ്റ്റ്‌ സാമ്പത്തിക തത്ത്വങ്ങളില്‍ പല വിട്ടുവീഴ്‌ചകളും ചെയ്‌തുകൊണ്ടാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌. എങ്കില്‍, മതരഹിത മതേതരത്വത്തിലും മതങ്ങളോടുള്ള സമീപനത്തിലും കാര്യമായ നയംമാറ്റം സി.പി.എമ്മിന്‌ നടത്തിക്കൂടേ.

ഇന്ത്യയിലെ മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും എന്ന രീതിയിലാണ്‌ സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോഴിക്കോട്ട്‌ പ്രസംഗിച്ചത്‌. ഇതിനെ എങ്ങനെയാണ്‌ ജമാഅത്ത്‌ നോക്കിക്കാണുന്നത്‌?
ഇന്ത്യയിലെ മത-ജാതി വൈവിധ്യങ്ങളെ അറിയാനും അഭിമുഖീകരിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സി.പി.എം ശ്രമിച്ചില്ല എന്നതുകൊണ്ടാണ്‌ അവര്‍ രണ്ടുമൂന്നു സംസ്ഥാനങ്ങളില്‍ പരിമിതപ്പെട്ടുപോയത്‌. മതവിശ്വാസികളാണ്‌ ഇന്ത്യയിലെ മഹാഭൂരിപക്ഷം. ജാതി പ്രശ്‌നങ്ങള്‍ ഇവിടെ സജീവമാണ്‌. ഇവ രണ്ടിനെയും അഭിസംബോധന ചെയ്യാതെ പാര്‍ട്ടിക്ക്‌ പിടിച്ചുനില്‍ക്കാനാകില്ല. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ നടുവിലാണ്‌ ജീവിക്കുന്നത്‌. ഭീകരവേട്ടയുടെ പീഡനവും ദാരിദ്ര്യവും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഉദാഹരണം. ജയിലിലടക്കപ്പെട്ട നിരപരാധികളായ ഒട്ടധികം മുസ്‌ലിം യുവാക്കളുണ്ട്‌. ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ ആത്മാര്‍ഥതയോടെ ഏറ്റെടുക്കാന്‍ സി.പി.എം സന്നദ്ധമാകുമെങ്കില്‍ ജമാഅത്തിന്‌ അതില്‍ സന്തോഷമേ ഉള്ളൂ.
അതേസമയം കഴിഞ്ഞകാല അനുഭവങ്ങള്‍ മുന്നില്‍ വെച്ച്‌ സി.പി.എം മുസ്‌ലിം പ്രശ്‌നങ്ങള്‍ ഗൗരവത്തിലെടുത്ത്‌ പരിഹരിക്കും എന്നുപറയാന്‍ കഴിയില്ല. കേരളത്തില്‍ മുസ്‌ലിംകള്‍ നേടിയ വളര്‍ച്ച പല ഘടകങ്ങള്‍ ചേര്‍ന്ന്‌ ഉണ്ടായതാണ്‌. അതില്‍ സി.പി.എമ്മിന്‌ വലിയ പങ്കാളിത്തമൊന്നും ഇല്ല. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന പശ്ചിമ ബംഗാളിലെ അവസ്ഥ നമ്മുടെ മുമ്പിലുണ്ട്‌. പശ്ചിമ ബംഗാള്‍ മൂന്നു പതിറ്റാണ്ട്‌ ഭരിച്ച സി.പി.എം എന്താണ്‌ ചെയ്‌തതെന്ന്‌ അവര്‍ തന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ബംഗാളിലെ മുസ്‌ലിം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ കാലത്ത്‌ ശ്രമിച്ചിരുന്നുവെങ്കില്‍, അവരുടെ അവസ്ഥ ഇതാകുമായിരുന്നില്ലല്ലോ. ബംഗാളില്‍നിന്ന്‌ ലഭിക്കുന്നത്‌ വിപരീത സാക്ഷ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്‌ നാം ഇപ്പോള്‍ പറയുന്നതല്ല. മുമ്പ്‌ സി.പി.എമ്മിന്‌ വോട്ടുചെയ്‌തപ്പോള്‍ തന്നെ ജമാഅത്ത്‌ പശ്ചിമ ബംഗാളിന്റെ പ്രശ്‌നം അവരുടെ മുമ്പില്‍ വെച്ചിട്ടുണ്ട്‌. അതേസമയം, വര്‍ഗീയ കലാപങ്ങളില്‍നിന്ന്‌ പശ്ചിമ ബംഗാള്‍ മുസ്‌ലിംകള്‍ ഏറെക്കുറെ സംരക്ഷിക്കപ്പെട്ടുവെന്നത്‌ സി.പി.എം ഭര


ണത്തിന്റെ ഗുണവശമായി കാണേണ്ടതുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായ മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ നടന്നപ്പോള്‍, പശ്ചിമ ബംഗാള്‍ അതിന്‌ അപവാദമായി നിലകൊണ്ടിട്ടുണ്ട്‌. മാറിയ സാഹചര്യത്തില്‍ മതസമൂഹത്തോട്‌ പുതിയ സമീപനം സ്വീകരിക്കുന്നുണ്ടെങ്കില്‍ അത്‌ പ്രയോഗത്തില്‍ തെളിയിക്കേണ്ടതാണ്‌.

മാര്‍ക്‌സിസം-ഇസ്‌ലാം സംവാദത്തിന്റെ സമ്പന്നമായൊരു ചരിത്രം കേരളത്തിനുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയാണ്‌ അതിന്‌ മുന്‍കൈ എടുത്തതും മേല്‍കൈ നേടിയതും. കമ്യൂണിസം ലോകത്ത്‌ വളരെ ദുര്‍ബലമായിട്ടുണ്ടെങ്കിലും, ഇന്നത്തെ രാഷ്‌ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ഇടതുപക്ഷവുമായി ഒരു ക്രിയാത്മക സംവാദത്തിന്‌ ഇനിയും ഇടമുണ്ടെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നുണ്ടോ?

ഭിന്ന പ്രത്യയശാസ്‌ത്രങ്ങളുടെ വക്താക്കള്‍ക്കിടയില്‍ ആരോഗ്യകരമായ സംവാദത്തിന്റെ രീതിശാസ്‌ത്രം പ്രായോഗികമായി ജമാഅത്ത്‌ കേരളത്തിന്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌. അതില്‍ പ്രധാനമായിരുന്നു മാര്‍ക്‌സിസം- ഇസ്‌ലാം സംവാദം. പക്ഷേ ഇന്ന്‌ മാര്‍ക്‌സിസം -ഇസ്‌ലാം സംവാദം പ്രസക്തമല്ല. കാരണം, സി.പി.എം ഇന്ന്‌ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തെ പ്രതിനിധീകരിക്കുന്നില്ല, അവര്‍ക്കതില്‍ താല്‍പര്യവുമില്ല. സംവാദ വിഷയമാക്കാവുന്ന ഒരു ആഗോള കമ്യൂണിസം ഇന്ന്‌ ലോകത്ത്‌ നിലവിലില്ല. കമ്യൂണിസം ലോകത്ത്‌ കത്തിനിന്നപ്പോഴാണ്‌ ജമാഅത്ത്‌ അവരുമായി സംവാദം നടത്തിയത്‌. അന്ന്‌ ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ നേര്‍വിപരീതമായിരുന്നു. ദുര്‍ബലരും നിരാശരുമായിരുന്നു പൊതുവെ മുസ്‌ലിംകള്‍. എന്നാല്‍ ഇന്ന്‌ ഇസ്‌ലാം അങ്ങനെയല്ല. ഇന്ന്‌ ലോകത്ത്‌ വലിയ സാന്നിധ്യവും സ്വാധീനവും ഉണ്ട്‌ ഇസ്‌ലാമിന്‌. വലിയ തിരിച്ചുവരവ്‌ നടത്തിയ ഇസ്‌ലാം ലോക വ്യാപകമായി മുഖ്യചര്‍ച്ചാവിഷയമായിരിക്കുകയാണ്‌. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ ഭൂപടത്തില്‍ അതിപ്രധാനമായ സ്ഥാനമാണിപ്പോള്‍ കൈവന്നിരിക്കുന്നത്‌. ഇത്‌ ഇസ്‌ലാമിക സമൂഹത്തിന്‌ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. എന്നാല്‍, നിലപാടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍, ജമാഅത്തും സി.പി.എമ്മും തമ്മില്‍ ആരോഗ്യകരമായ സംവാദത്തിന്റെ സാധ്യതകളുണ്ട്‌, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യവുമുണ്ട്‌. അങ്ങനെ സംവാദം ആവശ്യമുള്ള, അതിന്‌ കരുത്തുള്ള മുസ്‌ലിം സംഘടന ജമാഅത്തല്ലാതെ ഇല്ല. മുസ്‌ലിംകളെക്കുറിച്ച്‌ പഠിക്കാനും അറിയാനുമുള്ള വിശ്വസനീയമായ സോഴ്‌സും ജമാഅത്താണ്‌. അത്തരമൊരു സംവാദത്തിന്‌ പിണറായി വിജയനും സി.പി.എമ്മിനും സ്വാഗതം. 

Wednesday, 5 June 2013

പെരുമ്പടവത്തിന്റെ കൂടെ/സുനില്‍കുമാര്‍

പെരുമ്പടവത്തിന്റെ കൂടെ

വിവരസാങ്കേതികയുഗത്തിലെ മലയാളികള്‍ മിക്കവരും യഥാര്‍ത്ഥ വായനയും എഴുത്തും മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാണ്‌. ഇവിടെ, ഈ മരുഭൂമിയുടെ ചൂട്‌ അവരുടെ മറവിക്ക്‌ കൂടുതല്‍ ആഴം നല്‍കുന്നു. വല്ലപ്പോഴും അനുഭവപ്പെടുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളോ സംഭവങ്ങളോ സാധാരണജീവിതരീതിയില്‍നിന്നും മാറിനിന്ന്‌ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കാറുണ്ട്‌. അങ്ങനെ ഒരു അസുലഭമുഹൂര്‍ത്തത്തിനു് ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിമൂന്നുമുതല്‍ മാര്‍ച്ച്‌ നാലുവരെ കളമൊരുക്കിയത്‌ ദമ്മാമിലെ പള്ളിക്കൂടം സാംസ്കാരികവേദിയും റിയാദിലെ സാഹിത്യ സഹൃദയവേദിയുമായിരുന്നു. ഇതിനുകാരണമായത്‌ ശ്രീ പെരുമ്പടവം ശ്രീധരന്റെ സൌദി സന്ദര്‍ശനവും.
അല്‍പ്പമെങ്കിലും വായിക്കുന്ന ഒരു മലയാളിക്ക്‌ പെരുമ്പടവം ശ്രീധരനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ പാടില്ല എന്ന്‌ വിചാരിക്കുന്നു. ഒരു സാത്വികന്‍, സാദാ നാട്ടിന്‍പുറത്തുകാരന്‍ മലയാളി എന്നാണ്‌ ആദ്യത്തെ പരിചയപ്പെടലില്‍നിന്നും ഉണ്ടായ തോന്നല്‍. ഈ ദിവസങ്ങളില്‍ പെരുമ്പടവം ശ്രീധരനുമായി ഒരുമിച്ച്‌ പലസമയങ്ങളും ചെലവിട്ടു. അദ്ദേഹവുമായി ഒരുപാട്‌ ആശയവിനിമയം നടന്നു. അതിനുശേഷവും ആദ്യതോന്നലില്‍ മാറ്റമുണ്ടായില്ല.
പെരുമ്പടവത്തിന്റെ ആദ്യനോവലായ "ആയില്യം" പെരുമ്പടവം ഗ്രാമത്തിലെ ഒരു സര്‍പ്പക്കാവും അവിടെ നടന്ന സര്‍പ്പബലിയും കണ്ടുകൊണ്ട്‌, അതിന്റെ അനുഭവമുള്‍ക്കൊണ്ടുകൊണ്ടാണ്‌ എഴുതിയത്‌. "ജനയുഗം" വാരികയിലാണ്‌ അത്‌ അച്ചടിച്ചു വന്നത്‌. പിന്നീട്‌ കാമ്പിശ്ശേരി കരുണാകരന്‍ നേരിട്ട്‌ കണ്ടപ്പോള്‍ പറഞ്ഞു: "ഒരു വലിയ പ്രായമുള്ള മനുഷ്യനാണ്‌ പെരുമ്പടവം ശ്രീധരന്‍, എന്നുകരുതിയാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌"എന്ന്‌. താനൊരു "ജനയുഗം" പ്രൊഡക്റ്റ്‌ ആണെന്ന്‌ പെരുമ്പടവം ശ്രീധരന്‍ സമ്മതിയ്‌ക്കുന്നു. ജനയുഗത്തെ പുഃനരുജ്ജീവിപ്പിക്കാന്‍ നടന്ന വിഫലങ്ങളായ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം ഞങ്ങളോട്‌ സംസാരിച്ചു.
അനുഭവങ്ങളുടെ സ്വാംശീകരണവും തുടര്‍ന്ന്‌ സ്വാഭാവികമായുണ്ടാകുന്ന പരിണാമവുമാണ്‌ തന്റെ നോവലുകളും കഥകളും എന്നദ്ദേഹം പറഞ്ഞു. കവിതയിലാണ്‌ അദ്ദേഹം ആദ്യം കൈവച്ചത്‌. പെട്ടെന്നുതന്നെ ഇത്‌ തന്റെ വഴിയല്ല എന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രചനകളെപ്പറ്റി പൊതുവായി ശ്രീ പി.ജെ.ജെ. ആന്റണി ഇങ്ങനെ പറയുന്നു.
“മലയാളനോവല്‍ സാഹിത്യശാഖയുടെ വികാസപരിണാമങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍, ആദ്യം ചന്തുമേനോന്‍ സമൂഹത്തിന്‌ പ്രാധാന്യം കൊടുത്തു. പിന്നീട്‌ വന്ന സി.വി രാമന്‍പിള്ളപോലുള്ളവര്‍ വ്യക്തികള്‍ക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. ശ്രീ പെരുമ്പടവവും സി.വി. രാമന്‍പിള്ളയുടെ ശാഖയില്‍പ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളില്‍ വ്യക്തികളുടെ ആത്മസംഘര്‍ഷങ്ങള്‍ക്കാണ്‌ മുന്‍തൂക്കം.”
ഒരുകാലംവരെ നമ്മുടെ എഴുത്തുകാര്‍ സാമൂഹ്യപോരാളികളായിരുന്നുവെന്നത്‌ മറ്റെവിടെയും കാണാത്ത ഒരു സവിശേഷതയാണ്‌. പക്ഷെ ആധുനികതയുടെ കാലം വന്നപ്പോള്‍ ഇതില്‍ വ്യക്തമായ ഒരു മാറ്റം വന്നു. സാമൂഹ്യജീവിതവുമായി സാഹിത്യകാരന്റെ ജീവിതത്തിന്‌ ഇഴയടുപ്പം നഷ്ടപ്പെട്ടു. അക്കാലത്താണ്‌ പൈങ്കിളിപ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ വന്നുതുടങ്ങിയത്‌. മനുഷ്യനെ വീണ്ടും മുഖ്യധാരാസാഹിത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ സഹായിച്ച ഒരു എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.
ഇന്‍ഫോര്‍മേഷന്‍ യുഗത്തില്‍ ആഴം എഴുത്തിന് ആഴം നഷ്ടപ്പെടുകയും ഉപരിതല വിസ്തീര്‍ണം കൂടുകയും ചെയ്തു. ജനകീയമായ ധാരാളം എഴുത്തുകാരും കൃതികളും വന്നു. ശകലീകൃതമായ ഒരു ജീവിതമാണ്‌ ഉത്തരാധുനികത കൊണ്ടുവന്നത്‌. ജനകീയ സാഹിത്യവും വരേണ്യ എഴുത്തും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരുന്ന ഒരു സ്വഭാവം ഉത്തരാധുനികത പ്രകടിപ്പിക്കുന്നു. ലളിതമായി വായിക്കാവുന്ന ക്ലാസിക്കുകള്‍ അപ്പോളുണ്ടായി. പെരുമ്പടവം ശ്രീധരന്റെ "അരൂപിയുടെ മൂന്നാംപ്രാവ്‌" ഇത്തരുണത്തില്‍ എടുക്കാവുന്ന ഒരു രചനയാണ്‌.
എ.പി അഹമ്മദിന്റെ നിരീക്ഷണം ഇങ്ങനെയാണ്‌.
“മലയാളനോവല്‍പ്രസ്ഥാനത്തിന്റെ രൂപപരിണാമങ്ങളുടെ ഒപ്പം ചരിത്രപരമായി സഞ്ചരിച്ച്‌ അതിനൊക്കെ ദൃക്‌സാക്ഷിയായിയെങ്കിലും ഈ പരിണാമങ്ങളൊന്നും തന്നെ തെല്ലും അലട്ടാതെ അചഞ്ചലമായി സ്വന്തം നിലപാടുകളില്‍ തന്നെ നിന്ന്‌ ഇക്കാലമത്രയും സാഹിത്യസപര്യ തുടര്‍ന്ന എഴുത്തുകാരനാണ്‌ പെരുമ്പടവം ശ്രീധരന്‍.”
വായനയുടെ പലഘട്ടങ്ങളിലായി പലപ്പോഴായി വലിച്ചെറിയപ്പെട്ട എഴുത്തുകാര്‍ നമുക്കുണ്ട്‌ എങ്കിലും ഒരിക്കലും വലിച്ചെറിയപ്പെടാത്ത ഒരെഴുത്തുകാരനായി പെരുമ്പടവം ഇപ്പോഴും തുടരുന്നു.
ഇന്നത്തെ സാമൂഹിക അപചയത്തെക്കുറിച്ച്‌ ഒരു പക്ഷെ മലയാളത്തില്‍ ആദ്യമായി എഴുതിയത്‌ പെരുമ്പടവമായിരിക്കും. 1971-ല്‍. എം.സുകുമാരന്റെ "ശേഷക്രിയ"ക്ക്മുന്‍പ്‌ "കാല്‍വരിയിലേക്ക്‌വീണ്ടും" എന്ന കഥ ശ്രീധരനെഴുതിയിട്ടുണ്ട്‌. അതിലിന്നത്തെ നമ്മുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്‌. 'രാഷ്ട്രീയക്കാര്‍ക്ക്‌ വാടകക്ക്‌ കൊടുക്കപ്പെടും' എന്ന ബോര്‍ഡ്‌ എഴുപത്തിയൊന്നില്‍ തന്നെ പെരുമ്പടവം തന്റെ കഥയില്‍ തൂക്കിയിരുന്നു.
ഞങ്ങളൊന്നിച്ച്‌ പ്രണയത്തിന്റെ പ്രതീകമായി ലോകമെങ്ങുംകൊണ്ടാടപ്പെടുന്ന ലൈല മജ്‌നുവിന്റെ കഥ നടന്ന പ്രദേശം കാണാന്‍ പോയി. ഇന്നവിടെ വെറും മണല്‍കൂമ്പാരങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ആ കുന്നുകള്‍ അനായാസേന കയറുന്ന പെരുമ്പടവത്തിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലിപ്പോളും തന്റെ ലൈലയോടുള്ള പ്രണയം ജീവിച്ചിരിപ്പുണ്ടെന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. ഈ മണല്‍കുന്നുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ആരാണ്‌ പ്രേമിക്കാതിരിക്കുക?
photo
സുഖമുള്ള ഒരു തണുത്ത സുപ്രഭാതത്തിലാണ്‌ ഞങ്ങള്‍ ലൈല അല്‍‌ഫലാജിലേക്ക്‌ യാത്രതിരിച്ചത്‌.സമയം ചെല്ലുംതോറും ദിവസച്ചൂട്‌ വര്‍ദ്ധിക്കുന്നതുപോലെ സംസാരവിഷയങ്ങളിലും പലപ്പോഴും ചൂടിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടു. പി.കണ്ണന്‍കുട്ടി മലയാളത്തിലെ നല്ല പുതുനോവലിസ്റ്റാണെന്ന്‌ പെരുമ്പടവത്തിന്റേതായി 'മലയാളം ന്യൂസ്‌'ല്‍ വന്ന പ്രസ്താവന വായിച്ചുകൊണ്ടാണ്‌ സംസാരവിഷയം ചൂടുപിടിച്ചത്‌. ഉടന്‍ തന്നെ മലയാളം ന്യൂസ്‌ ലേഖകനെ വിളിച്ച്‌ അദ്ദേഹം സംസാരിച്ചു. കാത്തിരുന്ന ഒരു വിഷയചലനമായിരുന്നു അത്‌.
പെരുമ്പടവം ശ്രീധരന്‍ അദ്ദേഹം തന്റെ വായനാനുഭവങ്ങളെപ്പറ്റിയും രചനകളെപ്പറ്റിയുമൊക്കെ ധാരളം വസ്തുതകള്‍ ഞങ്ങളുമായി പങ്കുവച്ചു. പ്രവാസിമലയാളികളുടെ ദുരിതങ്ങള്‍ പതിവുപോലെ ഒരു വിദ്വാന്‍ വിളമ്പാന്‍ തുടങ്ങിയപ്പോള്‍, കേരളത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥകള്‍ പറഞ്ഞ്‌ അദ്ദേഹം ആ വിദ്വാന്റെ വായടച്ചു. സ്വകാര്യജീവിതം തന്റെ സ്വന്തം കാര്യമാണെന്നും അത്‌ കൂടുതല്‍ പറയാനും പരസ്യമാക്കുവാനും താന്‍ വിമുഖനാണെന്നും പലപ്പോഴായി അദ്ദേഹം സൂചിപ്പിച്ചെങ്കിലും തനി മലയാളികളായ ഞങ്ങളുണ്ടോ വിട്ടുകൊടുക്കുന്നു?
വിവാഹം, കുടുംബം?
അതൊക്കെ ഒരു കഥയാണ്‌. എന്തുകൊണ്ടങ്ങനെയൊക്കെ ഉണ്ടായി എന്നുചോദിച്ചാല്‍ ഉത്തരമില്ല. അങ്ങനെയൊക്കെ സംഭവിച്ചു എന്നുമാത്രം. ഒരു ഒളിച്ചോട്ടമായിരുന്നു. ഞങ്ങള്‍, ലൈലയും ഞാനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവരെപ്പറ്റി ആലോചിച്ചില്ല. എതിര്‍പ്പ്‌ ഉറപ്പായതിനാല്‍ മദിരാശിക്ക്‌ വണ്ടികയറി. പിന്നീട്‌ തൊടുപുഴയിലേക്ക്‌ വന്നു. ലൈല പെരുമ്പടവത്തിനടുത്ത ഗ്രാമത്തിലെ ഒരു മുസ്ലിം പെണ്‍കുട്ടിയാണ്‌. അവളുമായാണ്‌ ഞാന്‍ നാടുവിട്ടത്‌. കല്യാണം ഇന്നുവരെ നടത്തിയിട്ടില്ല. അഞ്ചു പവന്‍ ആരെങ്കിലും തരുമെങ്കില്‍ ഒരു താലി വാങ്ങിക്കെട്ടാമായിരുന്നു എന്ന്‌ ഇപ്പോള്‍ അവള്‍ പറയുന്നുണ്ട്‌. വയസ്സുകാലത്ത്‌ നിനക്ക്‌ സ്വര്‍ണ്ണഭ്രമമാണ്‌ എന്ന്‌ ഞാനും പറയും. ഏതായാലും ജാതിയും മതവുമൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. നാലുമക്കള്‍ക്കും അതറിയില്ല. രണ്ടുപെണ്‍മക്കളെ കൃസ്ത്യന്‍ കുടുംബങ്ങളില്‍ പിറന്നവരാണ്‌ വിവാഹം ചെയ്തിരിക്കുന്നത്‌. അവസാനത്തെ മകള്‍ ലക്ഷ്മി എഴുത്തിനോട്‌ അടുപ്പം കാണിക്കുന്നവളാണ്‌. എല്ലാവരും അത്യാവശ്യം നല്ലനിലയില്‍ പലസ്ഥലത്തുമായി കഴിയുന്നു. ഇതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്നങ്ങളും നേരിട്ടിട്ടില്ല. പാസ്പ്പോര്‍ട്ട്‌ എടുക്കാന്‍ ചെറുതായി ബുദ്ധിമുട്ടിയെങ്കിലും നല്ലവരായ സുഹൃത്തുക്കള്‍ സഹായിച്ചു. ഇപ്പോള്‍ പെരുമ്പടവത്തെകാര്യങ്ങള്‍ നോക്കാന്‍ അവളും തിരുവനന്തപുരത്ത്‌ ഞാനും കഴിയുന്നു. പ്രസാധകരുമായുള്ള കണക്കുകളും മറ്റു സ്വത്തുവിവരങ്ങളും എല്ലാം ലൈലയുടെ ചുമതലയിലാണ്‌. ഞാനതിലൊന്നും ഇടപെടാറില്ല.
എല്ലാ പുസ്തകങ്ങളും ആശ്രാമം ഭാസി തന്നെയാണോ പ്രസാധനം?
അതെ, ഇരുപത്തിയഞ്ച്‌ നോവലുകളും കഥകളും എല്ലാം "സങ്കീര്‍ത്തനം" തന്നെ പ്രസിദ്ധീകരിക്കുന്നു. രണ്ടു മൂന്നു പുസ്തകങ്ങള്‍ ഡി.സി രവി ചോദിച്ചു. ഞാന്‍ പറഞ്ഞു, ഭാസിയോട്‌ ചോദിക്കാന്‍. ഭാസിയാണ്‌ അവ ഡി.സിയ്ക്ക്‌ കൊടുത്തത്‌. പ്രസാധകന്‍ എന്ന നിലയില്‍ സുതാര്യവും സത്യസന്ധവുമാണ്‌ ഭാസിയുടെ ഇടപാടുകള്‍. ഒരു പ്രസാധകനുമായുള്ള ബന്ധമല്ല, എനിക്ക്‌ ഭാസിയോട്‌. അതിനപ്പുറം എന്തോ അവാച്യമായ ഒരു ആത്മബന്ധം.
ഇത്രയുമായപ്പോളേക്കും പ്രഭാതഭക്ഷണത്തിനായുള്ള ഉള്‍വിളികള്‍ കേട്ടുതുടങ്ങിയതിനാല്‍ ഒരു അഫ്‌ഗാനിയുടെ കടയില്‍ കയറി, തമീസ്‌ എന്നൊരുതരം റൊട്ടി 'ഫൂല്‍'ഉംകൂട്ടിക്കഴിച്ചു. ഉത്സുകനായ ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ഫൂലിന്റേയും തമീസിന്റെയും രഹസ്യങ്ങള്‍ അഫ്ഗാനികളോട്‌ ചോദിച്ച്‌ മനസ്സിലാക്കി. അഫ്ഗാനികളുടെ കഥകള്‍ പറഞ്ഞ്‌ അവസാനം തിരിച്ച്‌ ഡൊസ്റ്റോയോവ്സ്കിയുടെ ജീവിതത്തിലേക്കെത്തി.
ഡൊസ്റ്റോയോവ്സ്കി എന്ന വ്യക്തിയുടെ ജീവിതം എത്ര സ്വാധീനിച്ചിട്ടുണ്ട്‌?
ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം എന്നെ സ്വാധീനിക്കുകയല്ല മോഹിപ്പിക്കുകയാണ്‌ ചെയ്തത്‌. ഇങ്ങനെ ഒരു മനുഷ്യനോ എന്ന അത്ഭുതം തന്നെയാണെനിക്കിപ്പോഴും ഉള്ളത്‌. ഭ്രാന്താലയത്തിലെ ഷേക്സ്പിയര്‍ എന്നദ്ദേഹത്തെ പറഞ്ഞത്‌ ലെനിനാണ്‌. അദ്ദേഹത്തിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിനുമുത്തരം സിമ്പിള്‍ ആയി പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക ജീവിതം ഏതുതരത്തിലാണ്‌ എന്നുചോദിച്ചാല്‍ അത്‌ ആത്മീയതലത്തിലുള്ളതാണ്‌ എന്നുപറയാന്‍ എന്നെക്കൊണ്ടാവില്ല. ഒരു ദിവസം അദ്ദേഹം ദൈവവിശ്വാസിയാണെങ്കില്‍ അടുത്തദിവസം ദൈവത്തെ മുഴുവന്‍ ചീത്തവിളിക്കുന്ന, ദൈവത്തെ വിചാരണചെയ്യുന്ന ആളാണ്‌. ഒരോനിമിഷങ്ങളിലും മാറിമാറി ജീവിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഇങ്ങനെയുള്ള ഒരാളിനെ എങ്ങനെ നാം മനുഷ്യനെന്നനിലക്കും എഴുത്തുകാരനെന്ന നിലക്കും വിശ്വസിക്കാമെന്ന അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്‌. ഇതിന്റെ ഉത്തരമാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവനും. ഒരു ദൈവമുണ്ടെങ്കില്‍, അദ്ദേഹമാണ്‌ പരമമായ കര്‍ത്താവ്‌ എങ്കില്‍ ഈ ജീവിതം എന്തുകൊണ്ടിങ്ങനെയൊക്കെ ആയിത്തീര്‍ന്നു? അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും ധാര്‍മ്മികതയെ മുന്‍പില്‍ നിര്‍ത്തുകയുമാണ്‌ അദ്ദേഹം ചെയ്തത്‌. ഇതാണെന്റെ പരിമിതമായ അറിവ്‌. ഇതുകൊണ്ടൊക്കെയാണ്‌ അദ്ദേഹം എന്നെ മോഹിപ്പിച്ചത്‌.
എഴുത്തുകാരന്റെ മരണസദൃശമായ ജീവിതത്തെക്കുറിച്ചാണ്‌ ഒരു സങ്കീര്‍ത്തനം പോലെയില്‍ ഞാനെഴുതിയത്‌. അല്ലാതെ ഡോസ്റ്റോയോവ്സ്കിയും അന്നയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചല്ല. അങ്ങനെ കരുതാനുള്ള അവകാശം വായനക്കാര്‍ക്കുണ്ടെങ്കിലും. അതിനൊരു രണ്ടാംഭാഗവും ഉണ്ടാകാന്‍ പോകുന്നില്ല. അത്തരത്തിലൊരു കഥയല്ല അത്‌.
സാമൂഹ്യപ്രതിബദ്ധത: 
ഏതെഴുത്തിലും രാഷ്ട്രീയം വരും. ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഒരുവന്‌ രാഷ്ട്രീയം ഒഴിവാക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയം എന്നുപറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ നിങ്ങള്‍ കരുതുന്ന രാഷ്ട്രീയപാര്‍ട്ടികളോ കക്ഷിരാഷ്ട്രീയമോ അല്ല. ഒരോരുത്തരും സുചിന്തിതമായി എടുത്ത അഭിപ്രായങ്ങളോട്‌ വിയോജിക്കേണ്ട ആവശ്യമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കൂടി അതവരുടേത്‌ എനിക്കെന്റേത്‌ എന്ന നിലയില്‍ നില്‍ക്കാം. തിരുത്തലുകള്‍ സ്വാഗതം, പക്ഷെ ഈ തിരുത്തലുകള്‍ സ്വയം ബോദ്ധ്യം വന്നതായിരിക്കണം. നമ്മളെല്ലാവരും കൂടിയിരുന്ന്‌ തീരുമാനിച്ച ഒരു തീരുമാനവും നാളെ സാഹിത്യത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഒരു സൌഹൃദത്തില്‍ നമുക്ക്‌ പോകാം. പഠിച്ചുവച്ച ചില ക്ലീഷെഭാഷകളില്‍നിന്ന്‌ ചിലര്‍ക്ക്‌ മാറാന്‍ പറ്റില്ല. വിരോധമില്ല, അതവിടെത്തന്നെ നിന്നോട്ടെ.
എസ്‌.കെ.പൊറ്റക്കാട്‌ സോവിയറ്റുനാടുകളില്‍ പോയി യാത്രാവിവരണം എഴുതി. പക്ഷെ ഡോസ്റ്റോയോവ്സ്കി എന്ന ഒരെഴുത്തുകാരന്‍ അവിടെയെങ്ങും ജീവിച്ചരു‍ന്നതായി ഒരക്ഷരം പോലും എഴുതിയില്ല. ഒരു കാലത്ത്‌ ഡോസ്റ്റോയോവ്സ്കി പാര്‍ട്ടിയ്ക്കഭിമതനായിരുന്നു, പക്ഷെ പൊറ്റെക്കാട്‌ യാത്രാവിവരണം എഴുതുന്ന കാലത്ത്‌ ഡോസ്റ്റോയോവ്സ്കി അനഭിമതനായിരുന്നു! അന്നതെഴുതാന്‍ പൊറ്റെക്കാടിന്‌ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളുടെ സ്വാധീനം കാരണം അദ്ദേഹം എഴുതിയില്ല. ആവിഷ്കാരസ്വാതന്ത്ര്യം നിയന്ത്രിതമായിരുന്നു. ചോദ്യം ചെയ്യലിനെയും വിമര്‍ശനത്തിനേയും സഹിഷ്‌ണുതയോടേ ഉള്‍ക്കൊള്ളാനുള്ള മനോഭാവം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകാറില്ല. അപ്പോള്‍ എഴുത്തുകാരന്‍ ഒരു പ്രതിയോ കുറ്റവാളിയോ ആയിത്തീരുന്നു.
പ്രതിബദ്ധത എന്നുപയോഗിക്കുന്നത്‌ തെറ്റാണ്‌, പ്രതിജ്ഞാബദ്ധതയാണ്‌ ശരി. എനിക്ക്‌ പ്രതിജ്ഞാബദ്ധതയുള്ളത്‌ എന്റെ സമൂഹത്തോടാണ്‌. ആ സമൂഹത്തെ നിങ്ങള്‍ നിര്‍വ്വചിക്കുന്ന നിര്‍വ്വചനം കൊണ്ടല്ല ഞാന്‍ കാണുന്നത്‌. അധാര്‍മ്മികതയ്ക്കെതിരെ ഒരു പോരാളിയെപ്പോലെ നില്‍ക്കുക എന്നതാണ്‌ ഒരെഴുത്തുകാരന്റെ ധര്‍മ്മം. അതുതന്നെയാണ്‌ സാഹിത്യത്തില്‍ കൊണ്ടുവരേണ്ടത്‌. മുദ്രാവാക്യം വിളിക്കുന്നതല്ല സാഹിത്യം. നെരൂദ ഒരു കമ്മിറ്റ്മെന്റ്‌ ഉള്ള കവിയാണെന്ന്‌ പറയുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഈ കമ്മിറ്റ്മെന്റിനപ്പുറം ഉള്ള മഹാകാര്യങ്ങള്‍ കാണാം. അതുകൊണ്ടാണ്‌ നെരൂദ ഒരു മഹാകവി ആകുന്നത്‌.
photo
വഴിയിലുടനീളം ഉള്ള ചെക്ക്‌ പോയന്റുകള്‍ കണ്ട്‌ അദ്ദേഹം കൌതുകമാര്‍ന്ന്‌ കാരണം ചോദിച്ചപ്പോള്‍, സൌദിമലയാളികളുടെ ജീവിതത്തിലെ ഒരു ഭാഗമാണിതില്ലാം, ഞങ്ങള്‍ കാരണം ചോദിക്കാറില്ല, ഫലങ്ങള്‍ അനുഭവിക്കാറേയുള്ളൂ എന്നു പറഞ്ഞത്‌ മുഴുവന്‍ അദ്ദേഹത്തിന്‌ ദഹിച്ചില്ലെന്ന്‌ തോന്നുന്നു. അദ്ദേഹം തുടര്‍ന്നു.
ആത്മപീഡനത്തിലൂടെയാണ്‌ വ്യക്തിയുടെ വിമോചനം എന്ന്‌ ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതുന്നകാലത്ത്‌ വിശ്വസിച്ചിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ അവസാനത്തെ അസ്തിത്വയുദ്ധത്തില്‍ ഹെമിങ്ങ്‌വേയുടെ കിഴവന്‍ സാന്റിയാഗൊ പുറം കടലിലേക്ക്‌ പോകുന്നു. അവസാനം, മത്സ്യത്തെ, മനുഷ്യന്‍ തോല്‍പ്പിച്ച്‌ കടല്‍ക്കരയില്‍ എത്തുമ്പോള്‍ ചൂണ്ടയില്‍ കിടക്കുന്നത്‌ മത്സ്യത്തിന്റെ വെറും അസ്ഥിപഞ്ജരം മാത്രമാണ്‌. മനുഷ്യന്‍ നിലനില്‍ക്കുന്ന സമൂഹത്തിനെതിരായ ശക്തികളോട്‌ പൊരുതുക, അങ്ങനെ പലതരത്തിലുള്ള വിതാനങ്ങളിലാണ്‌ ഇത്‌ കാണുന്നത്‌. ഇതിനകത്ത്‌ പ്രത്യയശാസ്ത്രം വരുന്നില്ല, പ്രതിജ്ഞാബദ്ധതയില്ല. ജീവിതം തന്നെ ആണ്‌ പ്രധാനം. നിങ്ങള്‍ക്കിതിനെ ആത്മീയമായി എടുക്കാം. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആത്മീയതയല്ല ഞാന്‍ മനസ്സിലാക്കിയതും പറയുന്നതുമായ ആത്മീയത. ലോകത്ത്‌ എന്തുമാറ്റങ്ങള്‍ വന്നാലും സാഹിത്യം നിലനില്‍ക്കും എന്നുവിശ്വസിക്കുന്നവനാണ്‌ ഞാന്‍.
നഗരാതിര്‍ത്തി കടന്ന്‌ വളരെ ദൂരം പോയിരുന്നു. മരുഭൂമിയുടെ വേറൊരു മുഖമാണ്‌ ഈ ഭാഗങ്ങളില്‍. ഒരു ചിത്രകാരന്റെ ഭാവനയോടെ കാറ്റ്‌ വരച്ച മണല്‍ ചിത്രങ്ങള്‍ക്കപ്പുറത്ത്‌ പല ഉയരങ്ങളിലുമായി ചുണ്ണാമ്പുകല്ലുകള്‍ അടുക്കിവച്ചപോലെ കുന്നുകളുണ്ടായിരുന്നു. ഇങ്ങനെയുള്ള കുന്നുകളുടേയും താഴ്വാരങ്ങളുടെയും ഇടയിലേക്കാണ്‌ ഞങ്ങള്‍ പോകുന്നത്‌. ഇവിടെ വാഡികള്‍ അഥവാ താഴ്വരകള്‍ ധാരാളമുള്ളതിനാലും മഴയുടെ അനുഗ്രഹം ചെറുതായെങ്കിലും ഉള്ളതിനാലും പച്ചപ്പ്‌ അല്‍പ്പം കൂടുതലാണ്‌. പലതട്ടുകളിലായുള്ള കുന്നുകള്‍ കണ്ടാല്‍ പൂര്‍വ്വാതീതകാലത്ത്‌ ഇവിടമെല്ലാം സമുദ്രാന്തര്‍ഭാഗത്തുനിന്ന്‌ പൊങ്ങിവന്ന്‌ രൂപപരിണാമം സംഭവിച്ചതാകാം എന്ന് ആരും പറഞ്ഞുപോകും. അറേബ്യന്‍മരുഭൂമിയുടെ ചരിത്രവും അതാണ്‌. പിന്നീട്‌ രൂപപരിണാമങ്ങളിലേക്കായി ചര്‍ച്ച.
രൂപപരിണാമങ്ങള്‍ ബാഹ്യമായി മാത്രമല്ല ഉണ്ടാകുന്നത്‌. നോവലിന്റെ ആന്തരികമായിട്ടുമുണ്ടാകുമെന്ന്‌ ബഷീറിനെ വച്ച്‌ നമുക്ക്‌ വാദിക്കാം. അന്നന്നത്തെ അങ്ങാടിനിലവാരം നോക്കി പുസ്തകമെഴുതുന്നവര്‍ക്ക്‌ ബഷീറിനെപ്പോലെ എഴുതാന്‍ പറ്റില്ല. ഹിജഡകളുടെ കാര്യം പറയാനല്ല ബഷീര്‍ 'ശബ്ദങ്ങള്‍' എഴുതിയത്‌. സമയത്തിനുമുന്‍പ്‌ പുറത്തുവന്ന പുസ്തകം എന്ന കുഴപ്പം ശബ്ദങ്ങള്‍ക്കുണ്ടായിട്ടുണ്ട്‌. എന്തുകൊണ്ട്‌ ഹിജഡകള്‍ ലോകത്തുണ്ടാകുന്നു? വ്യക്തിയുടെ ജീവിതത്തിലിരുന്നുകൊണ്ടുതന്നെ സമൂഹത്തിന്റേയുംകാലത്തിന്റെയും മഹാവ്യസനങ്ങളിലേക്ക്‌ കടന്നു പോകുന്നു ശബ്ദങ്ങള്‍. അതാണതിന്റെ രാഷ്ട്രീയം അല്ലാതെ അന്യവത്ക്കരിക്കപ്പെട്ട ആണ്‍വേശ്യകളുടേതല്ല. ഇമ്മാതിരിപദങ്ങള്‍ കേട്ടാല്‍ ഓക്കാനം വരുമെന്നായിട്ടുണ്ട്‌. ആദ്യമായി -ദ്വന്ദ്വവ്യക്തിത്വം - ഡുവല്‍ പേഴ്സണാലിറ്റി- യെ അവതരിപ്പിച്ചത്‌ മലയാളത്തില്‍ ബഷീറായിരുന്നു. കസ്സാന്‍ സാക്കീസ്‌ പറയുന്നതുപോലെ ഞാനെന്റെ സങ്കടങ്ങള്‍ ആരുമായി പങ്കുവെയ്‌ക്കും എന്നുതന്നെയാണ്‌ ബഷീറും ചോദിച്ചത്‌. ഒരെഴുത്തുകാരന്റെ ആത്യന്തികമായ സങ്കടം തന്നെയാണിത്‌. വെര്‍ജീനിയാ വുള്‍ഫ്‌ പറയുന്നു "എന്റെ ദുഃഖം ഏകവചനമല്ല". ലോകത്തിന്റെ മുഴുവന്‍ ദുഃഖവും ചുമന്നുകൊണ്ടുനടക്കുന്ന ഒരു ചെറിയ മനസ്സാണ്‌ തന്റേതെന്ന്‌ വെര്‍ജീനിയാ വുള്‍ഫ്‌ ഏറ്റുപറഞ്ഞിട്ടുണ്ട്‌. 'ലോകാലോകങ്ങളുടെ സൃഷ്ടാവെ എനിക്കിത്‌ താങ്ങാന്‍ കഴിയുന്നില്ല' എന്നു ബഷീര്‍ പറയുന്നത്‌ വായിക്കുമ്പോള്‍ എനിക്കിപ്പോഴും വികാരവിമ്മിഷ്ടം അനുഭവപ്പെടാറുണ്ട്‌. ഇവിടെയൊക്കെ ബഷീര്‍ താന്‍ ജീവിച്ചിരുന്ന രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെ ഒരു ആത്മീയ അനുഭവമാക്കി മാറ്റുകയാണ്‌ ചെയ്തത്‌. ഇതാണ്‌ എഴുത്തുകാരന്റെ കടമ.
ലക്ഷണമൊത്ത നോവല്‍ എന്നുപറഞ്ഞാല്‍ ആ ഒരൊറ്റ ലക്ഷണത്തോടെ നോവലിന്റെ കഥകഴിഞ്ഞു. പിന്നെ വേറൊരു നോവല്‍ ആവശ്യമില്ല. ഒന്നിന്റെ തന്നെ പല വാര്‍പ്പുകള്‍ എന്തിനാണ്‌? മൌലികമായ ഒരു കൃതി അതിന്റെ തന്നെ ഒരു രൂപം ഉണ്ടാക്കുകയും പഴയതിന്റെ രൂപം പൊളിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ഒരു നിയമാവലിയില്‍ ഒതുങ്ങന്നതല്ല. അരുന്ധതിറോയിയുടെ പുസ്തകം ഒരു പൊട്ടപുസ്തകമാണെങ്കിലും ഇംഗ്ലീഷിലെഴുതിയതുകൊണ്ട്‌ ധാരാളം വായനക്കാരെ ഉണ്ടാക്കി. മലയാളത്തിലുള്ള ചില എഴുത്തുകാരെങ്കിലും ഇംഗ്ലീഷിലെഴുതിയാല്‍ ലോകസാഹിത്യത്തിലേക്ക്‌ കടന്നുചെല്ലുമായിരുന്നു.
മലയാളത്തില്‍ രണ്ടുപുസ്തകങ്ങളാണ്‌ കൂടുതല്‍ വിറ്റഴിയുന്നത്‌, സങ്കീര്‍ത്തനം പോലെയും ഖസ്സാക്കിന്റെ ഇതിഹാസവും. രണ്ടിലേയും നായകന്മാര്‍ സമൂഹത്തിന്‌ മാതൃകകളായിരുന്നില്ല. പക്ഷെ രണ്ടുപേരെക്കുറിച്ചെഴുതിയകാര്യങ്ങളും ധാരാളം പേര്‍ വായിച്ചു. ഇങ്ങനെ മാതൃകകളല്ലാത്തവരെക്കുറിച്ചെഴുതാനുള്ള അങ്ങയുടെ ചേതോവികാരം എന്താണ്‌?
മാതൃകകളെ ഉണ്ടാക്കുകയല്ല എഴുത്തുകാരന്റെ ധര്‍മ്മം. അരാജകമായി ജീവിതം നയിക്കുന്നത്‌ ശ്രേഷ്ഠമാണെന്നുപറയാനുമല്ല ഞാന്‍ സങ്കീര്‍ത്തനം പോലെ എഴുതിയത്‌. ഞാന്‍ പറയാനുദ്ദേശിച്ചത്‌ പീഡാനുഭവങ്ങളിലൂടെ സഹനങ്ങളിലൂടെ മനുഷ്യന്‍ വിശുദ്ധിയെ പ്രാപിക്കുന്നു എന്നാണ്‌.
താങ്കള്‍ പറയനുദ്ദേശിച്ചതല്ല വായനക്കാര്‍ വായിച്ചതെങ്കില്‍ വായനക്കാരും കൃതിയും തമ്മില്‍ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടായതായി തോന്നിയിട്ടുണ്ടോ?
എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരോരുത്തരുടെ വായന എന്നേതോന്നിയിട്ടുള്ളൂ. എന്നിരുന്നാലും മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കുന്ന ആളാണ്‌ ഞാന്‍.ബെസ്റ്റ്‌ സെല്ലര്‍ ആണെന്നു പറയാം. പുസ്തകം കൂടുതല്‍ ചെലവാകുന്നത്‌ അതിന്റെ മഹത്വം കൊണ്ടാണെന്നൊന്നും ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല. എങ്കിലും വായിക്കുന്നവരുടെ സ്നേഹം ഞാന്‍ തിരിച്ചറിയുന്നുണ്ട്‌. എന്റെ കൃതികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍, എന്തിന്‌ ഒരു കൊടുങ്കാറ്റിനെ തന്നെ ഒറ്റക്ക്‌ നേരിടാന്‍ ഞാന്‍ തയ്യാറാണ്‌. എന്റെ കൂടെ എപ്പോഴും എന്റെ നിഴല്‍ മാത്രമേ ഉണ്ടായിട്ടുളൂ. അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ പറന്നുപൊയ്ക്കോട്ടെ എന്നുവിചാരിക്കും അത്രതന്നെ.
യഥാര്‍ത്ഥവായന ക്രിയേറ്റീവ്‌ ആണ്‌. വാര്‍പ്പുകള്‍ ഉടയ്ക്കുക എന്നത്‌ എഴുത്തുകാരന്റെ മൌലികമായ കടമയാണ്‌.
"ഡിസംബര്‍" എന്ന കഥാസമാഹാരമാണ്‌ അടുത്തതായി വരുന്നത്‌ ഒരു പക്ഷെ ഏറ്റവും കത്തിക്കപ്പെടാന്‍ പോകുന്നത്‌ ഈ പുസ്തകമായിരിക്കും. നമ്മള്‍ ചുമക്കുന്ന ഭാണ്ഡത്തിനകത്ത്‌ നമ്മുടെ പാപങ്ങളും പുണ്യങ്ങളും മാത്രമേ ഉള്ളൂ, എന്ന്‌ അതിലെ ഒരു കഥയില്‍ മണ്ണാങ്കട്ട കരിയിലയോട്‌ ചോദിക്കുന്നു. 'നാരായണം' വെള്ളാപ്പള്ളി നടേശന്‍ രണ്ടായിരം കോപ്പികള്‍ വാങ്ങി. ചിലര്‍ നാരായണം കത്തിച്ചു. എനിക്കതിനുവിരോധമൊന്നുമില്ല. കത്തിച്ച കോപ്പികളുടെ കണക്കുണ്ടായിരുന്നാല്‍ മതി, അവയെല്ലാം പൈസകൊടുത്ത്‌ വാങ്ങിയവ ആയാല്‍ മതി. വെള്ളാപ്പള്ളി എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ്‌. അദ്ദേഹം നാരായണം അറിഞ്ഞുതന്നെ വാങ്ങിയതാണ്‌. അതുകാരണം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ബന്ധത്തിന്‌ ഒരു പ്രശ്നവുമില്ല. ഒരു ലക്ഷം രൂപവരെ ചിലര്‍ പുതിയ ഒരു പുസ്തകത്തിനായി വാഗ്ദാനം ചെയ്തു. ഇതെനിക്ക്‌ കിട്ടിയ അംഗീകാരമാണ്‌.
ബഷീറിനുശേഷം മലയാളത്തില്‍ എഴുത്തുകൊണ്ട്‌ ജീവിക്കാം എന്നു തീരുമാനിച്ച ഒരേ ഒരു സാഹിത്യകാരന്‍ താങ്കളായിരിക്കും. എന്തായിരുന്നു അത്തരത്തിലൊരു തീരുമാനത്തില്‍ താങ്കളെ എത്തിച്ച ഘടകം? മലയാളത്തില്‍ എഴുത്തുകാരനായിരിക്കുക എന്നത്‌ പ്രത്യേകിച്ച്‌ സാമ്പത്തിക നേട്ടം ഉണ്ടാവാത്ത കാര്യമാണല്ലൊ.. എഴുതിത്തന്നെ ജീവിക്കാന്‍ തുടങ്ങിയത്‌ എന്നുമുതലാണ്‌?
"അഭയം" മുതലാണ്‌. അതിനുമുന്‍പ്‌ കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്തു. ഒടുവിലത്തെ ജോലി മലയാളനാടിലായിരുന്നു. ഏഴുമാസം അവിടെ ജോലിചെയ്തു. എസ്‌.കെ നായരോട്‌ കലഹിച്ച്‌ ഇറങ്ങിപ്പോരുമ്പോള്‍ തീരുമാനിച്ചു "ആരുടേയും ശമ്പളമില്ലെങ്കിലും ഞാന്‍ ജീവിക്കും". അന്നുമുതല്‍ എഴുതിത്തന്നെ ജീവിക്കുന്നു. നല്ലവരായ മലയാളിവായനക്കാര്‍ എന്റെ അന്നം മുടക്കിയിട്ടില്ല.
എഴുത്തുകൊണ്ടുമാത്രം ജീവിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമാണ്‌ മലയാളത്തില്‍. പിന്നെ എന്റെ ജീവിതം വായനയും എഴുത്തുമാണെന്ന്‌ വളരെക്കാലം മുന്‍പ്‌ തന്നെ എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അതിനകത്തെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ഉത്ക്കണ്ഠയോ വേവലാതിയോ ഉണ്ടായിരുന്നില്ല. ഇതല്ലാതെ ഒരു ബീഡിതിരിപ്പുകൂടി എനിക്കറിയില്ല. എഴുത്തെന്റെ ജോലിയല്ല, ധ്യാനമാണ്‌, ഉപാസനയാണ്‌, ജീവിതമാണ്‌. ഒരെഴുത്തുകാരനായി ജീവിക്കുക എന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ സഹൃദയരായ മലയാളികളുടെ സ്നേഹവും വാത്സല്യവുംകൊണ്ട്‌ എളിയതോതില്‍ ഒരു എഴുത്തുകാരന്റെ ജീവിതം ജീവിച്ചുപോകാനുള്ള സാഹചര്യങ്ങളൊക്കെ ഒത്തുകിട്ടി.
നോവലെഴുത്ത്‌ ശാരീരികമായ അദ്ധ്വാനം കൂടിയ പണിയാണ്‌.. ഒപ്പം മാനസിക അദ്ധ്വാനവും. എന്നാല്‍ സാമ്പത്തിക ലാഭം തീരെ ഇല്ലാത്ത പണിയും. ചെറുകഥയെ അപേക്ഷിച്ച്‌ എന്തായിരുന്നു തന്റെ മീഡിയം നോവല്‍ തന്നെയാണെന്ന്‌ ഉറപ്പിക്കാനുള്ള കാരണം?
ബാല്യകാലസഖിയ്‌ക്കുവേണ്ടി എം.പി.പോള്‍സാര്‍ എഴുതിയ പ്രസിദ്ധമായ അവതാരിക "ഇത്‌ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്‌, ഇതില്‍ ജീവിതത്തിന്റെ രക്തം പുരണ്ടിരിക്കുന്നു" ഇതെന്നെ പ്രചോദിപ്പിച്ച വരികളാണ്‌ നോവലെഴുത്ത്‌ ശാരീരികവും മാനസികവുമായി അദ്ധ്വാനം കൂടിയ പണിതന്നെയാണ്‌. പക്ഷെ അങ്ങനെ അല്ലാതെ ഒരു ജീവിതം സങ്കല്‍പ്പിക്കന്‍ എനിക്ക്‌ സാദ്ധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ നോവല്‍ കഥ എന്നിവിടങ്ങളില്‍ എന്റെ മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തി. ഒരു കഥാകൃത്തെന്ന നിലയില്‍ വലിയ അവകാശവാദങ്ങളൊന്നും ഇല്ല. എന്നാല്‍ നോവലിന്റെ കാര്യത്തില്‍ ഉണ്ടോ എന്ന്‌ ചോദിക്കരുത്‌. കഴിവിനനുസരിച്ച്‌ അതിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മോശമെന്നുതോന്നിയാല്‍ നിറുത്തും. മനുഷ്യന്റെ സങ്കടങ്ങളോട്‌ എനിക്ക്‌ എന്തോ പറയാനുണ്ട്‌. എഴുത്ത്‌ എന്താണെന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും നിരാശകളും പങ്കുവെയ്‌ക്കുക എന്നതാണ്‌. അങ്ങനെയാണ്‌ ഞാന്‍ വായനക്കാരുമായി സംവേദിക്കുന്നത്‌. ഒരെഴുത്തുകാരന്റെ ദൌത്യം കഥപറയലാണോ? അല്ല അതിനുമപ്പുറം ഒരു വിതാനം വേണം. കഥയ്‌ക്കുമപ്പുറത്തെ ജീവിതം എഴുത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.
എന്നെ എഴുതാന്‍ പ്രാപ്തനാക്കിയത്‌ എന്റെ ഭാഷതന്നെയാണ്‌. ഞാന്‍ വായനതുടങ്ങിയകാലത്ത്‌ ധാരാളം റഷ്യന്‍ പുസ്തകങ്ങള്‍ തര്‍ജ്ജമചെയ്ത്‌ മലയാളത്തില്‍ കിട്ടുമായിരുന്നു. അവയെല്ലാം ഗ്രാമീണവായനശാലകളിലൂടെ എന്നെപ്പോലുള്ളവര്‍ക്ക്‌ ലഭ്യവുമായിരുന്നു. ബഷീറിനേയും തകഴിയെയും വി.ടി.ഭട്ടതിരിപ്പാടിനേയുമൊക്കെപ്പോലെത്തന്നെ ടോള്‍സ്റ്റോയിയേയും ഡോസ്റ്റൊയോവ്സ്കിയെയും പുഷ്കിനെയും ടര്‍ജനീവിനേയും വായിച്ചാണ്‌ ഞാന്‍ വളര്‍ന്നത്‌. അത്‌ മലയാളഭാഷയുടെ വലിയ ഭാഗ്യമാണ്‌. ഗ്രാമീണവായനശാലകള്‍ നമ്മുടെ ഭാഷയുടെ ഗുണമാണ്‌.
നോവല്‍ ഒരു സാമൂഹ്യരേഖയാണ്‌.പുതുതായി ഒന്നുമെഴുതാനില്ലെങ്കില്‍ നമ്മുടെ ഹൃദയമുദ്ര എഴുത്തില്‍ ഇടുക. ലോകത്തെ കൃസ്തുവിന്റെ രക്തം കൊണ്ട്‌ വെഞ്ചരിക്കുക എന്നുപറയുന്നപോലെ നമ്മുടെ രക്തം കൊണ്ട്‌ എഴുത്തിനെ വെഞ്ചരിക്കുക.സങ്കീര്‍ത്തനം പോലെ എഴുതുന്ന സമയത്ത്‌ ഞാന്‍ ഹൃദയത്തിന്‌ പുറത്തായിരുന്നു. ഭ്രാന്തായിരുന്നു. ഇതുപറഞ്ഞാല്‍ പൊങ്ങച്ചമാകും. അതിനാല്‍ പറയട്ടെ, ഞാന്‍ എന്റെ ഹൃദയം കൊണ്ട്‌ കഴിയുന്നതിന്റെ പരമാവധി ഡോസ്റ്റോയോവ്സ്കിയുടെ ജീവിതം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്‌.
ലൈലയെക്കാത്ത്‌ മജ്നുവായ (ഭ്രാന്തനായ) അബ്ദുല്‍ഖാദര്‍ ഇരുന്നിരുന്നു എന്നുപറയപ്പെടുന്ന ഗുഹകളുള്ള കുന്നിന്‍ചെരുവുകളിലേക്ക്‌ ഞങ്ങള്‍ എത്താറായിരുന്നു. വഴിചോദിക്കുന്നതിനായി പരിസരവാസികളോട്‌ സംസാരിച്ചു. വഴിമനസ്സിലാക്കിയശേഷം ചോദ്യങ്ങള്‍ പലവഴിക്കുതിരിഞ്ഞു. യമനികളായിരുന്നു ഞങ്ങള്‍ കണ്ടവരില്‍ അധികവും. അബ്ദുല്‍ഖാദറും ഒരു യമനിയായിരുന്നത്രെ. രമണനെപ്പോലെ ആടുമേക്കലായിരുന്നു അബ്ദുള്‍ഖാദറിന്റേയും ജോലി. അത്ഭുതപ്പെടുത്തിയത്‌ ഇവിടെ ചിലരെല്ലാം കുന്നിന്‍ ചെരുവകളിലുള്ള ഗുഹാമുഖങ്ങളില്‍ തന്നെയാണ്‌ ഊണുമുറക്കവും എന്നതായിരുന്നു! ഭക്ഷണം പാകം ചെയ്യുന്നതുപോലും സൂര്യതാപത്തില്‍! നമ്മുടേതുപോലെ വിഭവസമൃദ്ധമായ ഒരു ഭക്ഷണശീലമൊന്നും ഇവര്‍ക്കുള്ളതായി കണ്ടില്ല. താമസവും ഭക്ഷണവുമെല്ലാം പരിതസ്ഥിതികള്‍ക്കനുസരിച്ചാണല്ലൊ. പരിസ്ഥിതികള്‍ മാറുന്നതിനനുസരിച്ച്‌ ജീവിതസമ്പ്രദായത്തിലും മാറ്റം വരും.
ആധുനികതയുടെ കാലത്തിനുമുന്‍പ്‌ എഴുതി തുടങ്ങിയ ആളാണ്‌ താങ്കള്‍, ആധുനികതയുടെ കാലത്തും എഴുതി. ഇപ്പോഴിതാ ഉത്തരാധുനികതയുടെ കാലത്തും എഴുത്തു തുടരുന്നു.. ഇതിനിടയ്ക്ക്‌ എഴുത്തിന്റെ പ്രശ്നങ്ങളും, വായനക്കാരുടെ സംവേദനം പലപ്രാവശ്യം മാറിക്കാണുമല്ലൊ. താങ്കള്‍ ശ്രദ്ധിച്ചിട്ടുള്ള മാറ്റങ്ങള്‍...?
എഴുത്തേ എനിക്കറിയാവൂ.. മാറിമാറി വന്ന സംവേദനശീലങ്ങളില്‍ ഒഴുകിപ്പോകാതെ അതില്‍ ഭ്രമിക്കാതെ എന്റെ മനസ്സിന്റെ മുഴക്കങ്ങള്‍ കേള്‍പ്പിക്കുകയാണ്‌ ഞാന്‍ ചെയ്തത്‌. അതിന്‌ ആധുനികതയുടെയൊ അത്യന്താധുനികതയുടെയൊ ഉത്തരാധുനികതയുടെയൊ ഒരു ഭാഷയും എനിക്കാവശ്യമുണ്ടായിരുന്നില്ല. ഇന്നത്തെ മാറിമാറി വന്നു പോകുന്ന ഫാഷനുകളാണ്‌ ഇവയെല്ലാം എന്ന്‌ ഏതാണ്ടിപ്പോള്‍ എനിക്കുറപ്പായിട്ടുണ്ട്‌. പക്ഷെ ആധുനികതയെയൊന്നും നിഷേധിക്കുന്നില്ല ഞാന്‍. അവര്‍ എഴുത്തിന്റെ മേഖലയില്‍ അവതരിപ്പിച്ച ഒരു ആഖ്യാനസൌന്ദര്യത്തെ ഭാവുകത്വത്തെ ഇഷ്ടപ്പെടുന്നു. ഞാന്‍ സ്വീകരിക്കാതിരുന്നത്‌ ആ സാഹിത്യസിദ്ധാന്തം മുന്നോട്ട്‌ വച്ച ജീവിതദര്‍ശനത്തെയാണ്‌. അവര്‍ക്ക്‌ ജീവിതദര്‍ശനം എന്നുപറയുന്നത്‌ ജീവിത നിഷേധമായിരുന്നു. മരണോപാസനയായിരുന്നു. ജീവിതം നിരര്‍ഥകമാണെന്ന ഒരു സിദ്ധാന്തം അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ എങ്കില്‍ സ്വന്തം ജീവിതം കൊണ്ടതിനെന്തെങ്കിലും അര്‍ഥം കണ്ടെത്തുക എന്നാണെനിക്കു പറയാനുള്ളത്‌. അല്ലെങ്കിലെന്തുകൊണ്ടവര്‍ ആത്മഹത്യചെയ്യുന്നില്ല? ജീവിതം എല്ലാ സൌകര്യങ്ങളോടും കൂടി ആസ്വദിച്ച്‌ ജീവിക്കുന്ന ആളുകളെയാണ്‌ ഞാന്‍ കണ്ടത്‌. അവര്‍ കാപട്യം കാണിച്ചു എന്ന്‌ പറയുന്നില്ലെങ്കിലും എഴുത്തും ജീവിതവും തമ്മില്‍ വലിയൊരു വിടവുണ്ടായിരുന്നു.
ഇന്നത്തെ പല എഴുത്തുകാര്‍ക്കും മാധ്യമങ്ങളുടേതായ ഒരു സൌകര്യമുണ്ട്‌. ഇതില്ലാത്ത എഴുത്തുകാര്‍ ആ അസൌകര്യത്തെ നേരിടാന്‍ ബാധ്യസ്ഥരുമാണ്‌.
ആധുനികതയ്ക്കുണ്ടായിരുന്ന ഒരു സ്വഭാവം അനുഭവത്തിന്റെ സാമാന്യവത്ക്കരണമാണ്‌. യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അനുഭവങ്ങള്‍ നമ്മുടേതാക്കി മാറ്റുക എന്നതായിരുന്നു നമ്മുടെ എഴുത്തുകാര്‍ ചെയ്ത ഒരു കാര്യം. ഇതിനു പരക്കെ സ്വീകാര്യത ഉണ്ടായി. ഈ ഒരംശം തന്നെയല്ലെ 'ഒരു സങ്കീര്‍ത്തനം പോലെ'യുടേയും വിജയ രഹസ്യം? കേരളീയതയില്‍ പ്രാദേശികതയിലൂന്നി എപ്പോഴും കഥപറഞ്ഞുതന്നിട്ടുള്ള താങ്കള്‍ ഡോസ്റ്റോയോവ്സ്കിയെ നായകനായി തെരഞ്ഞെടുക്കുമ്പോള്‍ അറിയാതെ ആധുനികതയുടെ അന്തരീക്ഷം സ്വാധീനിക്കുകയായിരുന്നോ?
അനുഭവത്തിന്റെ ഒരു സാമാന്യവത്ക്കരണം ഉണ്ടായിരുന്നു. സമാനമായ ജീവിത അനുഭവങ്ങളെ ഉള്‍ക്കൊള്ളുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അതിനകത്തൊരു സമാനത ഉണ്ടാക്കുകയെന്നത്‌ എഴുത്തുകാരന്റെ നിയോഗമാണ്‌. ആധുനികരായ എഴുത്തുകാര്‍ വൈദേശികമായ ദര്‍ശനത്തെ സ്വീകരിക്കുകയും ജീവിതത്തില്‍ അതില്‍ നിന്നും മാറിനില്‍ക്കുകയും ചെയ്തു. പക്ഷെ ഒരു സങ്കീര്‍ത്തനം പോലെക്ക്‌ അത്തരമൊരു നിലപാടുമായി ബന്ധമുണ്ടെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല. അത്‌ നേരിട്ട്‌ ജീവിതത്തിന്റെ സങ്കടങ്ങള്‍ എഴുത്തിലെ സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുക എന്നതായിരുന്നു. അതിന്‌ ഏറ്റവും ലളിതവുമായ ഒരു ശൈലിയാണ്‌ ഞാന്‍ സ്വീകരിച്ചത്‌. എന്നു പറഞ്ഞാല്‍ ഭാരതീയ പാരമ്പര്യമുള്ള ഒരു കഥപറയല്‍ രീതി സ്വീകരിച്ചു. എന്റെ അനുഭവങ്ങള്‍, മറ്റുള്ളവരുമായി ഈ കഥപറയുന്ന രീതിയില്‍ പങ്കുവച്ചു. ഡോസ്റ്റോയോവ്സ്കിയും അദ്ദേഹത്തിന്റെ ജീവിതവുമായിരുന്നു കഥാവസ്തു.
ആധുനികതയും ഉത്തരാധുനികതയൊക്കെ പഠിക്കാന്‍ ശ്രമിച്ചു. എന്റെ അഭിരുചികള്‍ക്കിണങ്ങിപോകാത്ത ചിന്തകള്‍ പോലും പഠിക്കുക എന്നത്‌ എന്റെ ഒരു ശീലമാണ്‌. അപ്പോള്‍ കൂടുതല്‍ സന്ദേഹങ്ങള്‍ വന്നു. ഇവയൊന്നും സാഹിത്യത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമേ അല്ല. മാറിവന്ന ജീവിതസാഹചര്യങ്ങളില്‍ മനുഷ്യന്‍ നേരിടുന്ന ചില പ്രതിസന്ധികളെക്കുറിച്ചുള്ള, അവന്റെ അവസ്ഥകളെക്കുറിച്ചുള്ള ആലോചനയായിരുന്നു. ഇത്‌ സാഹിത്യത്തില്‍ സംഭവിച്ചതല്ല. ഇവിടെ നമ്മുടെ ആളുകള്‍, ഇപ്പോള്‍ കപ്പലിറങ്ങിവരുന്ന എന്തിനെയും സ്വീകരിക്കുക എന്ന സ്വഭാവം കൊണ്ട്‌ നമ്മുടെ സാഹിത്യത്തില്‍ ഇത്‌ വന്നതാണ്‌.പണ്ട്‌ ഒരു കഥയില്‍ നമ്പൂരിശ്ശന്‍ ആധാരക്കെട്ടുകള്‍ മാലയാക്കി കഴുത്തിലിട്ട്‌ കേമത്തം കാണിച്ചപോലെയാണിത്‌. സ്വാഭവികമായി നമ്മുടെ ജീവിതത്തില്‍ ഉരുത്തിരിഞ്ഞുവന്ന സംഗതിയല്ല ഇത്‌.
അഭയത്തില്‍ രാജലക്ഷ്മി, സങ്കീര്‍ത്തനംപോലെയില്‍ ഡൊസ്റ്റോയോവ്സ്കി, നാരായണത്തില്‍ ശ്രീനാരായണഗുരു, കുമാരനാശാനെപ്പറ്റിയും ഒരു നോവല്‍ മനസ്സിലുണ്ടെന്ന്‌ കേള്‍ക്കുന്നു.. എങ്ങനെ യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വങ്ങളെ കഥാപാത്രങ്ങളാക്കുമ്പോള്‍ നോവലിസ്റ്റ്‌ എന്ന നിലക്ക്‌ ഒരുപാട്‌ സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ
നോവലിലെന്തായാലുംകല്‍പ്പിതാംശമുണ്ട്‌..യഥാര്‍ത്ഥസംഭവങ്ങളുടെയും ഭാവനയുടെയും അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കും? ഗുരുവിനെപ്പറ്റി വീണ്ടുമൊരു നോവല്‍ എഴുതാനുള്ള പ്രേരണ എന്തായിരുന്നു?
എഴുത്ത്‌ മറ്റുള്ള പണിപോലെയുള്ള ഒരു പണിയല്ല എങ്കില്‍, കേവലമായി നിങ്ങള്‍ പറയുന്നപോലെ ദൈവത്തിന്റെ‌ കയ്യൊപ്പുമല്ല. ഭാവനയുടെ അതിര്‍വരമ്പുകള്‍ എങ്ങനെ നിര്‍ണ്ണയിക്കുമെന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌. എങ്കിലും ഒന്ന്‌ പറയട്ടെ. ഡോസ്റ്റോവ്സ്കിയോ നാരായണഗുരുവോ ചരിത്രപുരുഷന്മാരായിട്ടല്ല എന്റെ രചനകളില്‍ ഞാന്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്‌. ഞാന്‍ അവരെ വായിച്ചരീതിയില്‍ എന്റേതായ രീതിയില്‍, കഥാപാത്രങ്ങളായി അവരെ ആവിഷ്ക്കരിക്കുകയായിരുന്നു. കെ.സുരേന്ദ്രന്‍ എഴുതിയ ഗുരുവിനെപറ്റിയുള്ള നോവലില്‍നിന്നും വ്യത്യ്സതമായ ഒരു പാഠം ആണ്‌ ഞാന്‍ ഗുരുവിനെപ്പറ്റി വായിച്ചപ്പോള്‍ കിട്ടിയത്‌. അതുകൊണ്ടാണ്‌ ഞാന്‍ എന്റെ രീതിയില്‍ എഴുതിയത്‌.
അഭയത്തിലെ സേതുലക്ഷ്മി, യഥാര്‍ഥത്തില്‍ രാജലക്ഷിമായണോ?
സത്യത്തില്‍ അല്ല. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിനുമുന്‍പേ എഴുതിയ പുസ്തകമാണ്‌ അഭയം. 1969 ലാണ്‌ അഭയമെഴുതി പ്രസിദ്ധീകരിച്ചത്‌. 1971 ലാണ്‌ രാജലക്ഷ്മി ആത്മഹത്യ ചെയ്തത്‌. രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. അല്ലാതെ, അവരെക്കുറിച്ച്‌ യാതൊരു വിവരവും എനിക്കറിയാമായിരുന്നില്ല. എന്നാല്‍ അഭയം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു അത്‌ രാജലക്ഷ്മിയുടെ കഥയാണെന്ന്‌. എല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അതങ്ങ്‌ സമ്മതിച്ചുകൊടുത്തു. പിന്നെ ഞാന്‍ നിഷേധിക്കാന്‍ നിന്നില്ല.
"അരൂപിയുടെ മൂന്നാം പ്രാവ്‌" അല്ലേ മികച്ച രചന?
അങ്ങനെയാണ്‌ എനിക്കും തോന്നിയത്‌. പലരും അത്‌ പറയുകയും ചെയ്തു. പക്ഷെ "ഒരു സങ്കീര്‍ത്തനം പോലെ" വലിയ വിജയമായതോടെ അരൂപിയുടെ മൂന്നാം പ്രാവ്‌ അവഗണിക്കപ്പെട്ടു.
അരൂപിയുടെ മൂന്നാം പ്രാവ്‌, ആഖ്യാനശൈലിയിലും പ്രമേയസ്വീകരണത്തിലുമൊക്കെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സങ്കീര്‍ത്തനം പോലെ അത്ര ഉയര്‍ന്നു നിന്നതുകൊണ്ടാവണം അതിനുശേഷം വന്ന നോവലുകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നു തോന്നുന്നു.
സ്വന്തം കൃതിയുടെ നിഴല്‍ മറ്റു കൃതികളിലേക്ക്‌ വീഴുന്നത്‌ സന്തോഷമുള്ള കാര്യമാണോ? പ്രത്യേകിച്ചും വായനക്കാര്‍ ചര്‍ച്ചചെയ്യണം എന്നു നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം അവര്‍ ശ്രദ്ധിച്ചിട്ടേയില്ല എന്നു വരുമ്പോള്‍?
അരൂപിയുടെ മൂന്നാംപ്രാവ്‌ അങ്ങനെ ആവണമെന്നു വിചാരിച്ചിട്ടുതന്നെ എഴുതിയതാണ്‌. എഴുത്തിനൊരു ധ്യാനമുണ്ട്‌. ഒരു സങ്കീര്‍ത്തനം പോലെ പ്രശസ്തമായതുകൊണ്ട്‌ മറ്റുനോവലുകള്‍ക്ക്‌ മങ്ങലേറ്റു എന്നു പറയുന്നില്ല. എങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും പത്ത്‌ എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞു. നാരായണം പോലും എട്ടെഡിഷനുകള്‍ ആയി. രണ്ടു തര്‍ജ്ജമകള്‍ വന്നു കഴിഞ്ഞു. ഗുജറാത്തിയിലും ഇംഗ്ലീഷിലും. സങ്കീര്‍ത്തനം പോലെ ഗുജറാത്തിയില്‍ വന്‍ വിജയം ആയതുകൊണ്ടാണ്‌ മറ്റുള്ളവയും ഗുജറാത്തിയിലേക്ക്‌ പരിഭാഷചെയ്യപ്പെട്ടത്‌. കഴിയുന്നതും നല്ലതായി രക്തം വിയര്‍ത്ത്‌ എഴുതുക. പ്രസിദ്ധിയും മറ്റും എഴുത്തിന്റെ വിധിയാണ്‌. എന്റെ ജീവിതംകൊണ്ട്‌ ചെയ്യാവുന്ന ഏറ്റവും നല്ല സല്‍ക്കര്‍മ്മം എഴുത്താണ്‌.
ഒരു സ്വന്തം കൃതിയുടെ നിഴല്‍ മറ്റുള്ളവയിലേക്ക്‌ വീഴുന്നതില്‍ സങ്കടപ്പെടാനൊന്നുമില്ല. പിന്നെ ഒരു കൃതി അതെഴുതപ്പെടുന്ന കാലത്തുതന്നെ വായിക്കണമെന്നു നിര്‍ബന്ധമൊന്നുമില്ല. ചിലപ്പോള്‍ ഈ കൃതിയുടെ കാലം വരുന്നത്‌ പിന്നീടായിരിക്കും. ഇത്‌ അടിസ്ഥനപരമായ കാര്യമാണ്‌. ഉദാഹരണമായി ബഷീറിന്റെ ശബ്ദങ്ങള്‍ തന്നെ എടുക്കാം.
എഴുത്തിന്റെ രീതിയെന്താണ്‌? കഥ തെരഞ്ഞെടുക്കല്‍ കഥാപാത്രങ്ങളെ സ്വരൂപിക്കല്‍, ആഖ്യാനരീതി നിശ്ചയിക്കല്‍.. ഇതെല്ലാം കഴിഞ്ഞ്‌ അത്‌ പകര്‍ത്തല്‍..ഇതിനൊക്കെയുള്ള താങ്കളുടെ വഴി എന്താണ്‌?
ആശയം ആണ്‌ ആദ്യം വരുന്നത്‌. പിന്നീട്‌ കഥാപാത്രങ്ങളും അന്തരീക്ഷവുമൊക്കെ മനസ്സില്‍ വരുന്നു. ബാക്കിയെല്ലാം സ്വാഭവികവളര്‍ച്ചയാണ്‌.
ഒരു എഴുത്തുകാരന്‍ തന്നെത്തന്നെ അനുകരിക്കരുത്‌. അത്‌ ആത്മഹത്യാപരമായിരിക്കും.ഒരേ ഭാഷയില്‍ വീണ്ടുമൊരു നോവല്‍ എഴുതരുത്‌ എന്നെനിക്കുനിര്‍ബന്ധമുണ്ട്‌. പ്രമേയത്തിന്‌ അനുയോജ്യമായ ആഖ്യാനശൈലി വേണം. ഭാഷ വേണം.ഇതൊക്കെ സ്വാഭാവികമായി വരുന്നതാണ്‌. അതിനിടയ്ക്ക്‌ എഴുത്തുകാരന്‍ സ്വകാര്യമായ ആഹ്ലാദങ്ങള്‍ അവിചാരിതമായി അനുഭവിക്കാറുണ്ട്‌. അതാണ്‌ ഷേക്സ്പിയര്‍ പറഞ്ഞത്‌ ഹാംലെറ്റ്‌ എന്റെ കൈവിട്ടുപോയെന്ന്‌.
നാലഞ്ചുകൊല്ലമായി രണ്ടുനോവലുകള്‍ എഴുതിതീര്‍ത്തുവച്ചിരിക്കുന്നു. എന്തോ കുറവുണ്ടെന്ന തോന്നലിനാല്‍ അത്‌ പ്രസിദ്ധീകരിക്കാന്‍ കൊടുത്തിട്ടില്ല. ഒന്നില്‍ -അവനിവാഴ്‌വ്‌ കിനാവുകഷ്ടം- കുമാരനാശാനും മറ്റേതില്‍ -തിരികല്ല്‌ തേടി ഒരു ധാന്യമണി-സി.ജെ തോമസ്‌ ആണ്‌ നായകന്‍. അവസാനം പറഞ്ഞത്‌ ആറേഴുകൊല്ലമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ മൂന്നുരൂപങ്ങള്‍ കയ്യിലുണ്ട്‌. നാലാമതൊരു രൂപം കൂടി എഴുതുകയാണ്‌. ഇവമൂന്നും ഒന്നിച്ച്‌ പ്രസിദ്ധീകരിക്കാന്‍ ആശ്രാമം ഭാസിപറഞ്ഞു. എങ്കിലും ഏതാണ്‌ നല്ലതെന്നുതോന്നിയാല്‍ അതുമാത്രമേ പ്രസിദ്ധീകരിക്കൂ. നാലോ അഞ്ചോ വര്‍ഷം കാത്തുവച്ചാല്‍ പഴയതായിപോവുകയാണെങ്കില്‍ എന്തിന്‌ എഴുതണം? സി.ജെ തോമസ്‌, വി.ടി ഭട്ടതിരിപ്പാട്‌, ബഷീര്‍ തുടങ്ങിയവര്‍ ജീവിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്‌ നമുക്ക്‌ ‘ഗോള്‍ഡന്‍ ഏജ്‌‘ എന്നുവേണമെങ്കില്‍ പറയാം. ഈ കാലഘട്ടത്തിന്റെ ചരിത്രമാണ്‌ നോവലില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നത്‌. ഇവരെല്ലാം കഥാപാത്രങ്ങളാണ്‌. ബഷീര്‍ തന്റെ സ്വന്തം പേരുതന്നെ ഉപയോഗിക്കാന്‍ അനുമതി തന്നിട്ടുണ്ട്‌. എങ്കിലും കബീര്‍ എന്ന പേരാണ്‌ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സി.ജെയുടെ പേര്‌ എല്‍ദോ എന്നാണ്‌. എം.ഗോവിന്ദന്‍ ഗോവിന്ദനെന്നപേരില്‍തന്നെയാണ്‌.എം.പി.പോള്‍ രാമനാഥന്‍ എന്നപേരിലാണ്‌. പുരോഗമനാശയങ്ങളുടെ പ്രതീകമായി അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നു.പി.കെ.ബാലകൃഷ്ണനെ ബാലകൃഷ്ണന്‍ എന്നുതന്നെയാണ്‌ പേരിട്ടിരിക്കുന്നത്‌. നവോത്ഥാനമൂല്യങ്ങളില്‍നിന്നും ഇപ്പോളുള്ള കുന്നിറക്കം ഈ നോവലില്‍ പ്രതിഫലിക്കുന്നില്ല. എന്റെ ഒരു രീതിവച്ച്‌ കുറച്ചുകാലം സൂക്ഷിച്ചുവച്ച്‌, പിന്നീട്‌ ഒരുശത്രു എഴുതിയ നോവല്‍ എന്നപോലെ വായിച്ചാലറിയാം നോവലിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നത്‌. മിടിക്കുന്നില്ലെങ്കില്‍ വീണ്ടും പരിഷ്കരിക്കും. എം.ഗോവിന്ദന്‍ പറഞ്ഞപോലെ സ്വല്‍പ്പം ചിന്തിച്ചാലെന്ത്‌? ഇപ്പോള്‍ കുറവുകളെല്ലാം കണ്ടുപിടിച്ചു.
മലകയറുന്നതില്‍ അദ്ദേഹത്തിന്‌ യാതൊരു വിഷമവുമുണ്ടായില്ല. മലഞ്ചെരുവിലെ ഗുഹകളില്‍ ഒരുമണിക്കൂറോളം ഇരുന്ന്‌ വിശ്രമിച്ചായിരുന്നു ഞങ്ങള്‍ മടങ്ങിയത്‌. അത്ഭുതകരമായ തണുപ്പായിരുന്നു ഈ ഗുഹകള്‍ക്കുള്ളില്‍ എന്നതായിരുന്നു ആശ്ചര്യം. അവിടുത്തെ കല്ലുകളുടെ പ്രത്യേകതയായിരിക്കാം അത്‌.
വിമര്‍ശനങ്ങളെ എങ്ങനെയാണ്‌ കാണുന്നത്‌? നമുക്ക്‌ നല്ല വിമര്‍ശകന്മാരുണ്ടോ? കൃതിയ്‌ക്കും വായനക്കാര്‍ക്കുമിടക്ക്‌ പുരോഹിതരുടെ ആവശ്യമുണ്ടോ? അതോ വിമര്‍ശകന്റെ ധര്‍മ്മം കൃതിക്ക്‌ വെളിയിലാണോ?
പുരോഹിതന്മാര്‍ക്ക്‌ ഞാന്‍ പണ്ടുമുതലേ എതിരാണ്‌. വിമര്‍ശനം സാഹിത്യകലതന്നെയാണ്‌. സര്‍ഗ്ഗാത്മകമായ ഒരു പ്രവൃത്തിയുമാണ്‌. നമ്മുടെ നിരൂപകന്മാരങ്ങനെത്തന്നെയാണോ എന്നുചോദിച്ചാല്‍ കൂടുതല്‍ പേരും അങ്ങനെയല്ല. മാരാരെപ്പോലെ മുണ്ടശ്ശേരിയെപ്പോലെയുള്ളവര്‍ ഇപ്പോളില്ല. കെ.പി.അപ്പനെ അങ്ങനെ കാണുന്നില്ല. എനിക്കദ്ദേഹത്തിന്റെ നിലപാടുകളോട്‌ ശക്തമായ വിയോജിപ്പുണ്ട്‌. എഴുത്തുകാരന്റെ ഏറ്റവും വലിയ വിമര്‍ശകന്‍ അവന്‍ തന്നെയാണ്‌ എന്നാണെനിക്കുതോന്നിയിട്ടുള്ളത്‌. എന്റെ നിര്‍ഭയനായ വിമര്‍ശകന്‍ ഞാന്‍ തന്നെയാണ്‌. കൃതിയുടെ ഗുണദോഷങ്ങള്‍ പറയുന്നതാണ്‌ വിമര്‍ശകന്‍ എന്നുപറയിന്നിടത്ത്‌ അഭിപ്രായവ്യത്യാസമുണ്ട്‌. വിമര്‍ശകന്റെ സ്വഭാവം കൃതിയുടെ ഹൃദയം കണ്ടെത്തുക, അതിന്റെ അപൂര്‍വ്വത കണ്ടെത്തുക എന്നുള്ളതാണ്‌. അങ്ങനെയൊക്കെയാണോ നമ്മുടെ നിരൂപകന്മാര്‍ ചെയുന്നത്‌ എന്നുചോദിച്ചാല്‍ അറിയാന്‍മേല. വായനക്കാരുടേയും എഴുത്തുകാരുടെയും ഇടയില്‍ പുരോഹിതന്‍മാരെ ഞാന്‍ അംഗീകരിക്കുന്നില്ല. വിമര്‍ശകരാകാം. ഇവിടെയുള്ളത്‌ ഒരോരോ എഴുത്തുകാരുടെയും പിന്നില്‍ ഒരോ ഗ്രൂപ്പായി വിമര്‍ശകന്മാര്‍ കൂടുകയാണ്‌. പിന്നെ ആ കൃതിയേയും ആ എഴുത്തുകാരനേയും കുറിച്ചുള്ള ഒരു സ്കൂള്‍ നടത്തുകയാണ്‌ അവര്‍ ചെയ്യുന്നത്‌. ചിലര്‍ക്ക്‌ ഇതില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. എനിക്കതിന്റെ ആവശ്യമില്ല. സ്വന്തം കാലില്‍ തന്നെ നിന്നു നോക്കട്ടെ.
അറുപതുമുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ താങ്കള്‍.. ഈ നാല്‍പ്പതോളം വര്‍ഷത്തെ മലയാള സാഹിത്യത്തെ വിലയിരുത്തിയാല്‍ ആരുടെയൊക്കെ രചനകളാണ്‌ നമ്മെ മുന്നോട്ട്‌ നയിച്ചത്‌.. ആരുടെയൊക്കെ കൃതികളാണ്‌ നമ്മെ പിന്നിലേക്ക്‌ കൊണ്ടുപോയത്‌ എന്നൊരു തെരഞ്ഞെടുപ്പ്‌ എളുപ്പമാണോ?
അറുപതു മുതല്‍ മലയാള സാഹിത്യത്തിലെ നിരന്തരമായ സാന്നിധ്യമാണ്‌ എന്നു പറഞ്ഞത്‌ നല്ലത്‌. മുന്നോട്ട്‌ നയിക്കുന്നത്‌ എന്നൊക്കെ ചോദിച്ചാല്‍ അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കൃതി മറ്റുള്ളവര്‍ക്ക്‌ അതുപോലെ തോന്നണമെന്നില്ല. അവരവരുടെ അഭിരുചികള്‍. എന്നെ സംബന്ധിച്ചിടത്തോളം എനിക്കിഷ്ടപ്പെടാത്തതും എന്നെ ഇഷ്ടപ്പെടാത്തവരേയും എനിക്ക്‌ വായിക്കാന്‍ കഴിയും.
മടക്ക യാത്രയില്‍ സ്ത്രീകഥാപാത്രങ്ങളും അവരുടെ പ്രതികാരവും ഒരു ചര്‍ച്ചാവിഷയമായിരുന്നു. ഹിന്ദ്‌ എന്നുപേരുള്ള ഒരു അറേബ്യന്‍സ്ത്രീ തന്റെ ഭര്‍ത്താവിനെ കൊന്നയാളെ കുന്തം കൊണ്ടെറിഞ്ഞു കൊന്ന്‌ അയാളുടെ കരള്‍ കടിച്ച്‌ ചവച്ച്‌ തിന്നുകൊണ്ട്‌ യുദ്ധക്കളമാകെ നടന്ന കഥ മുസ്ലീം യുദ്ധചരിത്രങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളതായി കേട്ടപ്പോള്‍ നമ്മുടെ കഥകളിയിലെ രൌദ്രഭീമന്റെ ചിത്രം ഓര്‍ത്തുപോയി. ഇത്തരം പ്രതികാര ദുര്‍ഗ്ഗകളുടെ ചരിതം നമുക്ക്‌ സാഹിത്യത്തില്‍ വിഷയമായിട്ടുണ്ടോ?
പ്രവാസിമലയാളികള്‍ക്ക്‌ അവരുടെ അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട്‌ ഒരു നോവലെഴുതാന്‍ സാധിച്ചിട്ടില്ല. കഥകളുമില്ല. കാരണമെന്തായിരിക്കും?
നോവലെഴുതാന്‍മേല എന്ന്‌ ഇപ്പൊതീരുമാനിക്കേണ്ട ആവശ്യമില്ല. 'ഹിന്ദ്‌'ന്റെ കഥകള്‍ പോലെയുള്ള നാടന്‍ കഥകളും ഇവിടുത്തെ അനുഭവങ്ങളും സ്വാംശീകരിച്ച്‌ പിന്നീടുമെഴുതാം. ഉടനെത്തന്നെ വേണമെന്നു പറയുന്നതില്‍ അര്‍ഥമില്ല. സ്വന്തം അനുഭവങ്ങളോ, കണ്ടോ കേട്ടോ ഉണ്ടായ അനുഭവങ്ങളോ ഇങ്ങനെ സ്വാംശീകരിക്കാം. ഇനി എമിലി ബ്രോണ്ടി വുതെറിംഗ്‌ ഹൈറ്റ്സ്‌ എഴുതിയപോലെ അനുഭവങ്ങള്‍ ഇല്ലാതെയും എഴുതാം. എമിലി ബ്രോണ്ടി സന്യാസിനി മഠത്തില്‍ നിന്നും പുറത്തിറങ്ങാതെ എഴുതിയ ഒരു മഹത്തായ കൃതിയാണ്‌ വുതെറിംഗ്‌ ഹൈറ്റ്സ്‌. ഉള്‍ക്കാഴ്ച്ചയാണ്‌ വേണ്ടത്‌. ഇതിനകത്ത്‌ പ്രതിഭയെവിടെ എന്നുചോദിച്ചാല്‍ എനിക്കറിയാന്‍മേല. മുന്‍പുപറഞ്ഞപോലെ ദൈവത്തിന്റെ കയ്യൊപ്പാണോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവ്‌ കയ്യൊപ്പിട്ടതാണോ എന്നൊന്നുമെനിക്കറിയില്ല.
സത്യത്തില്‍ പ്രവാസം എന്ന അവസ്ഥ മലയാളികള്‍ക്കുണ്ടായിട്ടില്ല. ഒരു നാട്ടില്‍ നിന്നും അടിച്ചോടിക്കപ്പെടുമ്പോളാണ്‌ പ്രവാസം എന്ന അവസ്ഥ ഉണ്ടാവുന്നത്‌. നാം പ്രവാസമെന്ന വാക്ക്‌ തെറ്റായി ഉപയോഗിക്കുകയാണ്‌.
മലകയറി ക്ഷീണിതരായി ഞങ്ങള്‍ വിശപ്പടക്കാന്‍ ഹോട്ടലില്‍ കയറി. ബിരിയാണിച്ചോറുപോലെയുള്ള ചോറ്‌ മാട്ടിറച്ചിയും ചേര്‍ത്ത്‌, 'മന്തി' എന്നുപറയുന്ന നാടന്‍ ഭക്ഷണം, ഒരേപ്ലേറ്റില്‍നിന്നും പാരമ്പര്യരീതിയില്‍ത്തന്നെ എല്ലാവരും കഴിച്ചു. ഭക്ഷണശേഷം തിരിച്ച്‌ കാറില്‍ക്കയറിയപ്പോഴും കരള്‍ ചവച്ച്‌ യുദ്ധക്കളമാകെ അലറി നടന്ന്‌ പ്രതികാരം തീര്‍ത്ത 'ഹിന്ദ്‌'ന്റെ ചിത്രം മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ഗാന്ധാരിയോട്‌ ഇക്കഥയ്ക്കുള്ള സാമ്യത പറഞ്ഞ്‌ അവസാനം ഡോസ്റ്റോയോവ്സ്കിയിലേക്ക്‌ തന്നെ തിരിച്ചെത്തി.
ഡോസ്റ്റോയോവ്സ്കിയെപ്പറ്റി ശ്രീധരന്‍ ഞങ്ങള്‍ക്കൊരു കഥകേള്‍പ്പിച്ചു തന്നു.
ക്രൈം ആന്റ്‌ പണിഷ്‌മന്റ്‌ എഴുതിയശേഷം ഗബ്രിയേല്‍ മാലാഖ ഡോസ്റ്റോയോവ്സ്കിയെക്കാണാന്‍ ചെന്നു. മാലാഖ അദ്ദേഹത്തോട്‌ പറഞ്ഞു "വളരെ വിഷമിച്ച്‌ രണ്ടുമൂന്നുദിവസം കൊണ്ട്‌ ദൈവം ഉണ്ടാക്കിയെടുത്തതാണ്‌ ഈ ലോകം. അപ്പോള്‍ കൈപ്പിഴകളോക്കെ സാധാരണമല്ലേ? എന്തിനാ ദൈവത്തെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌?"
ഡോസ്റ്റോയോവ്സ്കി മാലാഖയെ സമാധാനിപ്പിച്ച്‌ പറഞ്ഞയച്ചതിനുശേഷം എഴുതിയതാണത്രെ 'കാരമസോവ്‌ സഹോദരന്മാര്‍'.
ആത്മകഥ എഴുതുമോ?
എഴുതിയ കഥകളിലെല്ലാം ആത്മാംശങ്ങളുണ്ട്‌. ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതണമെന്ന്‌ ഉദ്ദേശമുണ്ട്‌. ഒരു പക്ഷെ ആത്മകഥ എഴുതിക്കൂടെന്നില്ല. ജീവിച്ചു തീര്‍ക്കട്ടെ, ആലോച്ചിക്കാം.
വെള്ളാപ്പള്ളി നടേശന്റെ ജീവചരിത്രം എഴുതുന്നുണ്ട്‌. അതിന്റെ അവതാരിക ഞാനാണെഴുതുന്നത്‌. ഇനി അതിന്റെ പേരില്‍ എന്തൊക്കെയാണാവോ കേള്‍ക്കേണ്ടിവരുക.
വ്യത്യസ്തമായതേ നിലനില്‍ക്കൂ, അതിന്‌ ആന്തരികമായ മഹത്വമുണ്ടെങ്കില്‍. ഇപ്പോഴും ജീവിതത്തില്‍ നല്ലൊരു കഥയോ നോവലോ എഴുതാന്‍ പറ്റണമേ എന്ന്‌ പ്രാര്‍ഥിക്കുകയാണ്‌ ഞാന്‍. എന്റെ ജീവിതം തികച്ചും എന്റെ സ്വകാര്യമാണ്‌, ആരേയും പഠിപ്പിക്കാന്‍ ഒരു സന്ദേശവുമില്ലhttp://www.chintha.com/node/654

Tuesday, 21 May 2013

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി

ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി
ഡോ. ഖാദര്‍ മാങ്ങാട്‌


ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പി.എച്ച്‌.ഡിക്കായുള്ള ഗവേഷണത്തിനിടയില്‍ കമലാദാസിനെ കണ്ടിരുന്നു. അപ്പോള്‍ നടത്തിയ സംഭാഷണങ്ങളാണിത്‌. ചില നേരങ്ങളില്‍ ആവേശത്തോടെയുള്ള സംസാരം. മറ്റു ചിലപ്പോള്‍ ഔപചാരികത കൂടുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അവര്‍ സംസാരം നിര്‍ത്തും. ഫോണ്‍ വിളികള്‍ പലപ്പോഴും അഭിമുഖങ്ങളായി മാറിയിട്ടുണ്ട്‌. നീര്‍മാതളത്തിന്റെയും ചന്ദനമരങ്ങളുടെയും മണമുള്ളതായിരുന്നു സന്തോഷകരമായ ഓരോ അഭിമുഖവും. വ്യക്തവും നിഷ്‌കളങ്കവുമായ അവരുടെ ഓരോ വാക്കുകളും സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും വിളിച്ചോതലുകളായിരുന്നു.
എന്നു മുതലാണ്‌ കവിതകള്‍ എഴുതിത്തുടങ്ങിയത്‌?
പതിനാലാമത്തെ വയസ്സില്‍. സോഫിയ വാഡിയ എഡിറ്ററായ `പെന്‍' മാസികയിലാണ്‌ എന്റെ ഇംഗ്ലീഷ്‌ കവിത ആദ്യമായി അച്ചടിച്ചു വന്നത്‌. യുദ്ധത്തെക്കുറിച്ചായിരുന്നു കവിത. ഈ കവിതയാണ്‌ ബ്രേക്കായത്‌. പിന്നീട്‌ മാതൃഭൂമിയില്‍ എന്റെ കഥകള്‍ വരാന്‍ തുടങ്ങി. എന്റെ മനസ്സു മുഴുവന്‍ അമ്മാമ്മയ്‌ക്കു മുന്നില്‍ തുറന്നു വെക്കാനാവാത്തപ്പോഴാണ്‌ എഴുതാനാരംഭിച്ചത്‌. ദാസേട്ടന്റെ അച്ഛന്‍ സുബ്രഹ്‌മണ്യ അയ്യര്‍ ശേഖരിച്ച പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ വായിച്ചു. `ബിഷപ്പസ്‌ കാന്റില്‍ സ്റ്റിക്‌സ്‌' എന്നെ വല്ലാതെ സ്വാധീനിച്ചു. കള്ളനു മാപ്പുകൊടുക്കാന്‍ എനിക്കു കഴിയില്ല.
ആരാണ്‌ എഴുത്തിന്റെ ലോകത്തേക്ക്‌ വരാന്‍ സഹായിച്ചത്‌?
നാലപ്പാട്ടെ അന്തരീക്ഷം തന്നെ. അമ്മാവനും അമ്മയും പ്രചോദനമുണ്ടാക്കിയിട്ടുണ്ട്‌. അമ്മ എഴുതിയ കവിതകള്‍ അച്ഛന്‍ നിത്യവും വായിക്കുമായിരുന്നു. പത്തു വയസ്സുള്ളപ്പോള്‍ ഞാന്‍ ആദ്യത്തെ കഥയെഴുതി.
സ്‌നേഹത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമുള്ള സങ്കല്‍പമെന്താണ്‌? സ്‌നേഹവും അടുപ്പവും തമ്മില്‍ വ്യത്യാസമുണ്ടോ?
ഇവ രണ്ടും രണ്ടാണ്‌. അടുപ്പത്തില്‍ക്കൂടിയാണ്‌ നാം സ്‌നേഹത്തിലെത്തുന്നത്‌. സ്‌നേഹം അനുഭവത്തിന്‌ ഒരു പടി മുന്നിലാണ്‌. അടുപ്പത്തില്‍നിന്നാണ്‌ സ്‌നേഹം വിടരുന്നത്‌. സ്‌നേഹത്തിന്‌ ഉപാധികള്‍ പാടില്ല. സ്‌നേഹപ്രകടനത്തില്‍കൂടി ചെറുപ്പം നമുക്ക്‌ നിലനിര്‍ത്താനാകുമെന്ന്‌ എനിക്കുറപ്പുണ്ട്‌. സ്‌നേഹമില്ലാത്ത ജീവിതം ഇലകളില്ലാത്ത വൃക്ഷം പോലെയാണ്‌.
അമ്മയുടെ സ്‌നേഹവുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലും ഒരു അനുഭവം പറയാമോ?
കുട്ടിക്കാലത്ത്‌ ഞാന്‍ കല്‍ക്കത്തയില്‍നിന്ന്‌ നാലപ്പാട്ട്‌ വന്ന കാലം. ചുമരില്‍ തൂക്കിയ മഹാത്മാഗന്ധിയുടെ പടം കാണിച്ച്‌ അമ്മാമ്മ പറഞ്ഞു, അത്‌ ദൈവതുല്യനായ ആളാണെന്ന്‌. ഗാന്ധിജി ചോദിക്കുന്നതെന്തും നല്‍കണം. എന്നെയും ഗാന്ധിജിക്ക്‌ നല്‍കുമോ എന്നു ചോദിച്ചപ്പോള്‍, ആവേശത്തോടെ അവര്‍ പറഞ്ഞു, എന്റെ കമലയെ ഞാന്‍ ആര്‍ക്കും നല്‍കില്ലെന്ന്‌. ഗുരുവായൂരപ്പന്‍ ചോദിച്ചാല്‍ പോലും.
എങ്ങനെ എല്ലാവരോടും അടുപ്പം കൂടാന്‍ കഴിയുന്നു?
നമ്മള്‍ സ്‌നേഹവും അടുപ്പവും കാണിച്ചാല്‍ മറ്റുള്ളവരുടെ മുഖവും വികസിക്കും. അടുപ്പം പലതരത്തില്‍ കാണിക്കാം. ചിലപ്പോള്‍ ആവശ്യമുള്ളവര്‍ക്ക്‌ ഞാന്‍ പണം നല്‍കുന്നു. രോഗികളെ തൊടുകയും ആശ്വസിപ്പിക്കുകയും ചെയ്യും. ജയില്‍ തടവുകാരെ ഞാന്‍ ജയിലില്‍ സന്ദര്‍ശിക്കാറുണ്ട്‌.
ഇടക്കിടെ കാനഡ സന്ദര്‍ശിക്കുന്നുണ്ടല്ലോ. എന്താണവിടുത്തെ പ്രത്യേകത?
ഞാനിഷ്‌ടപ്പെടുന്ന പല എഴുത്തുകാരും കാനഡയിലാണ്‌. അവരുടെ ഊഷ്‌മളതയും സ്‌നേഹവും എനിക്കിഷ്‌ടമായി. എന്റ ജീവചരിത്രകാരി മെറിലിന്‍ കാനഡയിലാണ്‌. കാനഡയില്‍ എനിക്ക്‌ ശത്രുക്കളില്ല.
ആരുമായിട്ടാണ്‌ ഇപ്പോള്‍ കൂടുതല്‍ അടുപ്പം?
ദൈവത്തോട്‌. ഏകാന്തതകളില്‍ ഞാന്‍ ദൈവത്തോട്‌ ദുഃഖങ്ങള്‍ പറയും. ഇത്‌ എനിക്ക്‌ ആശ്വാസമേകുന്നു.
കടലിനോട്‌ കൂടുതല്‍ അടുപ്പമുള്ളതായി കവിതകളില്‍ കാണുന്നു. എന്താണിതിനു കാരണം?
കടല്‍ എനിക്ക്‌ വീടുപോലെയാണ്‌. എന്റെ മനസ്സ്‌ അതിന്റെ ആഴങ്ങളില്‍ ചെല്ലാറുണ്ട്‌. അവിടം നിറയെ നിഗൂഢതകളാണ്‌.
പുന്നയൂര്‍ക്കുളത്തോട്‌ പഴയ മമത ഇപ്പോഴുമുണ്ടോ?
അവിടെയാകെ മാറിപ്പോയില്ലേ? പുന്നയൂര്‍ക്കുളം ഇപ്പോള്‍ ചെറിയൊരു ടൗണ്‍ ആയി.
`ചന്ദനമരങ്ങളി'ലെ ഷീലയും കല്യാണിക്കുട്ടിയും തമ്മിലുള്ള ബന്ധത്തില്‍ വിമര്‍ശകര്‍ ലെസ്‌ബിയന്‍ അംശം കാണുന്നുണ്ടല്ലോ. എന്താണഭിപ്രായം?
രാത്രികളില്‍ കല്യാണിക്കുട്ടിയെ ഭര്‍ത്താവ്‌ ഉപദ്രവിക്കുന്നു. അവള്‍ക്ക്‌ കല്യാണമെന്നാല്‍ സെക്‌സ്‌ മാത്രമല്ല. ഷീലയില്‍ അവള്‍ സ്‌നേഹം കണ്ടെത്തുന്നു. ഷീലയുടെ ഭര്‍ത്താവിന്‌ അവരേക്കാള്‍ 21 വയസ്സ്‌ കൂടുതലുണ്ട്‌. രണ്ടു സ്‌ത്രീകള്‍ക്കും സമാനമായ പ്രശ്‌നങ്ങളുണ്ട്‌. വിമര്‍ശകര്‍ക്ക്‌ മറുപടി പറയാന്‍ എനിക്കാവില്ല. 
മതം മാറിയതെന്തിനാണ്‌?
ഭര്‍ത്താവിന്റെ മരണശേഷം ഞാന്‍ കുറെ കഷ്‌ടതകളനുഭവിച്ചു. എന്റെ ആളുകളില്‍നിന്നും കരുണയും സ്‌നേഹവുമാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ ക്ഷേത്രത്തിലേക്ക്‌ പുറപ്പെട്ടവര്‍ വിധവയായ എന്നെ കണികണ്ടപ്പോള്‍ ഓടിപ്പോയി കതകടച്ചു. ഇസ്‌ലാമില്‍ വിധവകളോട്‌ കരുണ കാണിക്കുന്നു. അവര്‍ക്ക്‌ പുനര്‍വിവാഹം ചെയ്യാം. മാത്രമല്ല, ഇസ്‌ലാമില്‍ ഏതു തെറ്റിനും പ്രായശ്ചിത്തമുണ്ട്‌. അല്ലാഹുവിനോടു പ്രാര്‍ഥിച്ചാല്‍ ഏതു കുറ്റവും ക്ഷമിക്കപ്പെടും. പരലോകത്ത്‌ സ്വര്‍ഗം ഞാന്‍ ആഗ്രഹിക്കുന്നു.
മതം മാറാനുള്ള തീരുമാനം പെട്ടെന്നുള്ളതായിരുന്നുവെന്നും കേട്ടിട്ടുണ്ട്‌. ശരിയാണോ?
ഞാന്‍ സംരക്ഷണം ആഗ്രഹിച്ചു. ഇപ്പോഴത്‌ മതിയായി. തൃശൂരിലെ കോണ്‍വെന്റിലായിരുന്നപ്പോള്‍ ഞാന്‍ ക്രിസ്‌ത്യാനിയാകാന്‍ ആഗ്രഹിച്ചിരുന്നു. കാരണം സിസ്റ്റര്‍ ഫിലോമിന എന്നെ അത്രകണ്ട്‌ സ്‌നേഹിച്ചിരുന്നു.
പര്‍ദ്ദ ധരിക്കുന്നതെന്തിനാണ്‌?
മാന്യമായ വസ്‌ത്രമാണത്‌. പര്‍ദ്ദയിട്ടവരെ ആരും കളിയാക്കില്ല. ബഹുമാനം കിട്ടുകയും ചെയ്യും. പിന്നെ തലമുടി ചീകി സമയം കളയേണ്ടല്ലോ. മുടിയില്‍ പൊടി പറ്റില്ല. പര്‍ദ്ദ ശക്തിയാണ്‌; ദൗര്‍ബല്യമല്ല. ദൈവത്തെ അനുസരിക്കലുമാണത്‌. 
ആളുകള്‍ എന്തിനാണ്‌ നിങ്ങളെ ആക്രമിക്കുന്നത്‌? പ്രണയത്തെപ്പറ്റി പറയുന്നതുകൊണ്ടാണോ?
എന്റെ കാഴ്‌ചപ്പാടും അവരുടേതും വ്യത്യസ്‌തമാണ്‌. സ്‌നേഹിക്കുന്നത്‌ കുറ്റമാണെന്നവര്‍ കരുതുന്നുണ്ടാവണം. വെറുക്കുന്നത്‌ നല്ലതിനെന്നും. എന്റെ സ്‌നേഹം പ്രത്യേകം ഒരാളിനോടല്ല, പതിനായിരങ്ങളോടാണ്‌. എന്നില്‍ ആളുകള്‍ ഒരമ്മയെയാണ്‌ കാണുന്നത്‌.
ഫെമിനിസ്റ്റാണോ?
അങ്ങനെയാകാനാഗ്രഹിമില്ല. ഫെമിനിസ്റ്റുകള്‍ സ്‌ത്രീത്വം നഷ്‌ടപ്പെട്ട്‌ പരുക്കനാകും. സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീത്വം നഷ്‌ടപ്പെട്ടാല്‍ പിന്നെ പ്രകൃതിയുണ്ടോ?
`എന്റെ കഥ' യഥാര്‍ഥ അനുഭവമാണോ?
കൂടുതലും യഥാര്‍ഥമാണ്‌. ചിലത്‌ ഭാവനയും.
ഏതൊക്കെയാണ്‌ യഥാര്‍ഥമെന്ന്‌ പറയാനാകുമോ?
ഇല്ല. പറഞ്ഞാല്‍ `എന്റെ കഥ' ആരു വായിക്കാന്‍?
`എന്റെ കഥ' വായിച്ചപ്പോള്‍ ദാസേട്ടന്റെ പ്രതികരണമെന്തായിരുന്നു?
ദാസേട്ടനാണ്‌ എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്‌. ചില കഥാപാത്രങ്ങളെ പറഞ്ഞുതന്നതും ദാസേട്ടനാണ്‌. നായികയുടെ താന്തോന്നിത്തങ്ങള്‍ ഭാവനയാണ്‌.
കവിതകള്‍ ഇംഗ്ലീഷിലും കഥകള്‍ മലയാളത്തിലുമെഴുതുന്നത്‌ എന്തുകൊണ്ടാണ്‌?
വായനക്കാരുമായി കൂടുതല്‍ അടുക്കാനാഗ്രഹിക്കുമ്പോള്‍ ഞാന്‍ ഇംഗ്ലീഷിലെഴുതുന്നു. ഇംഗ്ലീഷ്‌ വായനക്കാരെ എനിക്ക്‌ ഭയക്കേണ്ടതില്ല. ഇതുപോലെ മലയാളത്തില്‍ എഴുതിയാല്‍ അവരെന്നെ കല്ലെറിയും.
മലയാളം വായനക്കാരന്റെ വായനാനിലവാരം ഉയരേണ്ടതുണ്ടോ?
എന്നു ഞാന്‍ പറയില്ല. മലയാളം വായനക്കാര്‍ എന്നോട്‌ നീതി കാണിച്ചില്ല. അവര്‍ ചീത്ത വാക്കുകള്‍ ഉപയോഗിച്ചു. 
എഴുത്തില്‍ മരണം ഇടക്കിടെ കയറിവരുന്നു. മരണത്തെ ഭയമില്ലേ?
എനിക്ക്‌ മൂന്നുതവണ ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി. മരണശേഷം എന്താകുമെന്ന ഭീതി എനിക്കുണ്ടായിരുന്നു. ഇപ്പോഴതില്ല.
ദാസേട്ടനെപ്പറ്റി ഇപ്പോള്‍ എന്തുതോന്നുന്നു?
ദാസേട്ടനെ ഞാന്‍ ഏറെ സ്‌നേഹിച്ചു. ദാസേട്ടന്‍ മരിച്ചപ്പോള്‍ ഞാനും മരണം ആഗ്രഹിച്ചു. ഭക്ഷണമുപേക്ഷിച്ചപ്പോള്‍ മോനു എന്നെ ആസ്‌പത്രിയിലാക്കി.
ഒരു ഗവേഷകന്‍ പറഞ്ഞത്‌ കമലാദാസിന്‌ വാക്കുകള്‍ പരിമിതമായതുകൊണ്ടാണ്‌ ചിത്രരചനയിലേക്കു തിരിഞ്ഞത്‌ എന്നാണ്‌?
എഴുത്തും ചിത്രരചനയും രണ്ടു മേഖലകളാണ്‌. ഒന്നിന്‌ മറ്റൊന്നിന്റെ സ്ഥാനത്ത്‌ കയറി വരാനാകില്ല. 1984-ല്‍ നോബല്‍ പ്രൈസിന്‌ എന്റെ പേരുണ്ടായിരുന്നു. എഴുതാന്‍ കഴിവില്ലെങ്കില്‍ എന്നെ അവര്‍ പരിഗണിക്കുമായിരുന്നോ?
ഇന്ത്യന്‍ എഴുത്തുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
പലരും അനുകരണഭ്രമമുള്ളവരാണ്‌. വ്യത്യസ്‌ത സംസ്‌കാരവും ജീവിതക്രമവുമുള്ള നമ്മള്‍ മറ്റുള്ളവരെ അനുകരിക്കുന്നത്‌ ശരിയല്ല.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള സ്‌ത്രീകഥാപാത്രങ്ങള്‍ കൂടുതല്‍ ജീവസ്സുറ്റതും നഗര പശ്ചാത്തലത്തിലുള്ളവര്‍ താരമതമ്യേന ദുര്‍ബ്ബലരുമായി കാണുന്നു. എന്താണിങ്ങനെ?
എന്റെ ഗ്രാമീണ കഥാപാത്രങ്ങള്‍ എന്റെ ജീവിതവുമായി കൂടുതല്‍ അടുപ്പമുള്ളവരാണ്‌. പാവങ്ങളാണെങ്കിലും എന്റെ ജീവിതത്തില്‍ അവര്‍ കൂടുതല്‍ ഇഴചേര്‍ന്നു നില്‍ക്കുന്നു. എന്നെ കൂടുതല്‍ മനസ്സിലാക്കിയ ആളുകളാണവര്‍. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ശേഷിപ്പുകളാണവര്‍. നഗരപശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ ഉപരിതല സ്വഭാവമുള്ളവരാണ്‌. പൊള്ളയായ കഥാപാത്രങ്ങള്‍. സ്‌ത്രീകളുടെ ജീവിതം നഗരങ്ങളില്‍ പാഴായിപ്പോവുകയാണ്‌. നഗരത്തില്‍ ജീവിക്കുന്നവര്‍ പൊങ്ങച്ചം കാണിക്കുകയും മേനി നടിക്കുകയും ചെയ്യും.
കമല എങ്ങനെയാണ്‌ മാധവിക്കുട്ടിയായത്‌?
പതിനെട്ടു വയസ്സുണ്ടായിരുന്നപ്പോഴാണ്‌ ആദ്യമായി മാധവിക്കുട്ടി എന്ന പേരുപയോഗിച്ചത്‌. വലിയവരുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ച്‌ ഞാന്‍ കഥയെഴുതി. അച്ഛന്‍ തിരിച്ചറിയാതിരിക്കാനാണ്‌ `പുഴ വീണ്ടും ഒഴുകുന്നു' എന്ന കഥ മാധവിക്കുട്ടി എന്ന പേരില്‍ എഴുതിയത്‌. പിന്നെ അത്‌ മലയാളത്തില്‍ തുടര്‍ന്നു.
വിവാഹബാഹ്യബന്ധങ്ങള്‍ കഥകളില്‍ സാധാരണ കടന്നുവരുന്നതായി കാണുന്നു. മൂല്യങ്ങള്‍ തകര്‍ന്നതായി തോന്നുന്നുണ്ടോ?
ഭാര്യയുടെ അഭിമാനം സംരക്ഷിക്കുന്ന ഭര്‍ത്താവ്‌ സ്‌നേഹിക്കപ്പെടും. ഒരു സ്‌ത്രീയെ സ്‌ത്രീയായി കാണുന്ന ഭര്‍ത്താവിനെയാണ്‌ എന്റെ കഥാപാത്രങ്ങള്‍ തേടുന്നത്‌. സാമൂഹ്യാനുഭവങ്ങള്‍ അങ്ങനെതന്നെ ചിത്രീകരിക്കുന്നുവെന്നേയുള്ളൂ.
വായിക്കാന്‍ സമയം തികയുന്നുണ്ടോ?
ചെറുപ്പത്തില്‍ ഒരു പാട്‌ വായിക്കുമായിരുന്നു. ചാള്‍സ്‌ ഡിക്കന്‍സും ടോള്‍സ്‌റ്റോയിയും ഓസ്‌കര്‍ വൈല്‍ഡും എല്ലാം വായിച്ചിട്ടുണ്ട്‌. അച്ഛന്‍ പുസ്‌തകത്തിന്‌ പണം ചെലവാക്കുന്നതില്‍ പിശുക്കനായിരുന്നു. അമ്മാവന്റെ ലൈബ്രറിയായിരുന്നു ആശ്രയം. 
ആധുനിക സ്‌ത്രീയെ എങ്ങനെ കാണുന്നു?
മിടുക്കികളാണ്‌. പലര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ട്‌. ചിലര്‍ക്ക്‌ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത്‌ ഇഷ്‌ടമല്ല. സ്‌ത്രീത്വത്തിന്‌ അര്‍ഥമുണ്ടാക്കുന്നത്‌ പുരുഷനാണ്‌.
`ആല്‍ഫബെറ്റ്‌ ഓഫ്‌ ലസ്റ്റ്‌' ഒരു ഉത്തരാധുനിക നോവലാണെന്ന വാദമുണ്ട്‌?
ഇസങ്ങളിലൊന്നും എനിക്കു താല്‍പര്യമില്ല. ഞാന്‍ പുന്നയൂര്‍ക്കുളത്തുകാരി ഗ്രാമീണ സ്‌ത്രീയാണ്‌.
സൗന്ദര്യത്തെക്കുറിച്ചുള്ള സങ്കല്‍പം `സോനാഗാച്ചി' എന്ന കഥയില്‍ സുന്ദരിയായ ഭാര്യയുണ്ടായിരുന്നിട്ടും രാജേന്ദ്രന്‍ എന്ന കഥാപാത്രം വിരൂപയായ വേശ്യയെ തേടിപ്പോകുന്നു. എന്തുകൊണ്ടാണിത്‌?
സെക്‌സും സൗന്ദര്യവും രണ്ടാണ്‌. രൂപവുമായാണ്‌ സെക്‌സ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. സൗന്ദര്യം സെക്‌സുമായി ബന്ധപ്പെടുത്താനാകില്ല. നോക്കിക്കാണുന്നവന്റെ മനസ്സിലാണ്‌ സൗന്ദര്യം. സ്‌നേഹവും കാമവും പലപ്പോഴും രണ്ടുവഴിക്കു പോകുന്നതായും തോന്നിയിട്ടുണ്ട്‌. സ്‌നേഹം സ്ഥായിയും കാമം താല്‍ക്കാലികവുമാണ്‌. സുന്ദരമായതിന്‌ കാമമുണര്‍ത്താന്‍ കഴിയണമെന്നില്ല. 
(ഡോ. ഖാദര്‍ മാങ്ങാടിന്റെ ഇന്റിമസി ഇന്‍ കമലാദാസ്‌ എന്ന പുസ്‌തകത്തിന്റെ അനുബന്ധമായി കൊടുത്ത സംഭാഷണം)

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates