Wednesday, 25 July 2012

മുജാഹിദ്‌ പ്രസ്ഥാനവും തൗഹീദിലെ ആശയക്കുഴപ്പവും


മുജാഹിദ്‌ പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍ ഭാഗം രണ്ടു 



            സംശുദ്ധമായൊരു സംസ്‌കാര നിര്‍മിതിയുടെ അടിസ്ഥാനമാണ്‌ ഇസ്‌ലാമിന്റെ മൂലശിലയായ തൗഹീദ്‌-ഏകദൈവസിദ്ധാന്തം. വ്യക്തിയുടെ വിശ്വാസവും ആരാധനയും മുതല്‍, കലയും സാഹിത്യവും ഉള്‍പ്പെടെ, നിയമവും ഭരണവും വരെ സാമൂഹിക ജീവിതമാകെ പരന്നൊഴുകുകയും എല്ലാ രംഗങ്ങളിലും സമൂലമായ പരിവര്‍ത്തനം സൃഷ്‌ടിക്കുകയും ചെയ്യുന്ന ആദര്‍ശം മൂലമാണത്‌. മനുഷ്യ സമൂഹത്തിന്റെ വിശ്വാസവും സംസ്‌കാരവും നാഗരികതയുമൊന്നാകെ ദൈവകിമൂല്യങ്ങളില്‍ പൊളിച്ചെഴുതുകയാണ്‌ തൗഹീദിന്‌ ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ദൗത്യം. വരണ്ടുണങ്ങിയ അക്കാദമിക്‌ ചര്‍ച്ചകള്‍ക്കും അരോചകമായ അക്ഷരവായനകള്‍ക്കും കള്ളിയും കളവും തിരിച്ച ഗണിതശാസ്‌ത്ര ക്രിയകള്‍ക്കും വിഷയമാകേണ്ട കേവലമൊരു തത്ത്വശാസ്‌ത്രമല്ല, ജീവിതഗന്ധിയായ ആശയസംഹിതയും വിപ്ലവോര്‍ജവുമാണ്‌ അത്‌. ആകാശ ത്തിന്റെ അനന്തതയിലിരിക്കുന്ന ഏകനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം തൗഹീദിന്റെ ആണിക്കല്ലാകുമ്പോഴും മണ്ണിലെ മനുഷ്യജീവിതത്തില്‍ സക്രിയമായി ഇടപെടാനുള്ള കരുത്ത്‌ ഏകദൈവ വിശ്വാസത്തില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നു.


വിശുദ്ധ ഖുര്‍ആനില്‍ `തൗഹീദ്‌' എന്ന പദം പ്രയോഗിച്ചിട്ടേയില്ല. പക്ഷേ, തൗഹീദിന്റെ സംസ്‌കാരം ഖുര്‍ആനിലാകെ നിറഞ്ഞുനില്‍ക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാനമായ, ഇത്രയേറെ പ്രാധാന്യമുള്ള ഒരു പദം എന്തുകൊണ്ട്‌ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടില്ല? അക്ഷരങ്ങളിലും വാക്കുകളിലും ഒതുക്കിയും കുരുക്കിയും ചര്‍വ്വിത ചര്‍വ്വണം ചെയ്യേണ്ടതല്ല അതെന്നായിരിക്കും ജഗന്നിയന്താവിന്റെ തീരുമാനം!


`തൗഹീദിന്റെ പ്രബോധകര്‍' എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ പക്ഷേ, തൗഹീദിന്റെ സൗന്ദര്യാത്മകവും സൃഷ്‌ട്യുന്മുഖവുമായ ജൈവികവശം മനസിലാക്കാനൊ പ്രബോധനം ചെയ്യാനൊ സാധിക്കാതെ പോയത്‌ ദുഃഖകരമാണ്‌. തൗഹീദിനെ കുറിച്ച്‌ അറ്റമില്ലാത്ത ഗവേഷണങ്ങളും, തലനാരിഴ കീറിയ ചര്‍ച്ചകളും നടത്തിയിട്ടും അതിന്റെ അകക്കാമ്പ്‌ കാണാനൊ ഭൂമിയിലെ മനുഷ്യജീവിതത്തെ തൗഹീദ്‌ എങ്ങിനെ അഭിമുഖീകരിക്കുന്നുവെന്ന്‌ മനസിലാക്കാനൊ പ്രസ്ഥാനത്തിന്‌ കഴിഞ്ഞില്ല. വിശുദ്ധ ഖുര്‍ആനിലെ തൗഹീദിന്റെ വിവരണവും മുജാഹിദുപ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചരീതിയും തമ്മില്‍ അന്തരങ്ങളുണ്ട്‌. ഖുര്‍ആനിലെ തൗഹീദ്‌ ജീവിതത്തെ ഒന്നാകെ അഭിമുഖീകരിക്കുന്നതാണ്‌. എന്നാല്‍, ആരാധനാ-അനുഷ്‌ടാനങ്ങളിലും, പ്രാര്‍ത്ഥന-സഹായം തേടലിലും പരിമിതമായ രീതിയിലാണ്‌ മുജാഹിദ്‌ പ്രസ്ഥാനം തൗഹീദിനെ അവതരിപ്പിച്ചത്‌. തൗഹീദിന്റെ ഭാഷാര്‍ഥം, വര്‍ഗീകരണം, മൂന്ന്‌ ഇനങ്ങളുടെ വിശദീകരണം, ഇഹലോകത്തും പരലോകത്തും അല്ലാഹുവിനെ ദര്‍ശിക്കല്‍, അല്ലാഹു സര്‍വവ്യാപിയാണെന്നു പറയുന്നതിലെ ആപത്ത്‌, അല്ലാഹുവോടു മാത്രമുള്ള പ്രാര്‍ഥനയും അതിന്റെ നിയമങ്ങളും, ഇടതേട്ടത്തെ കുറിച്ച തര്‍ക്കം, ഖബ്‌റാരാധകര്‍, മക്കാ മുശ്‌രിക്കുകളുടെ തൗഹീദ്‌, മക്കാ മുശ്‌രിക്കുകളും ഇന്നത്തെ ഖുബൂരികളും തമ്മിലുള്ള ബന്ധം, ഖുബൂരികളും തൗഹീദ്‌ വാദികളും തമ്മിലുള്ള സംഘട്ടനം.......സലഫികളുടെയും മുജാഹിദുകളുടെയും തൗഹീദ്‌ ചര്‍ച്ച ഇങ്ങിനെയാണ്‌ പൊതുവെ മുന്നോട്ടുപോകുന്നത്‌ (തൗഹീദിന്റെ പ്രാധാന്യം, മുഹമ്മദ്‌ അഹ്‌മദ്‌ ബാശമീല്‍, കെ.എന്‍.എം പ്രസിദ്ധീകരണ വിഭാഗം, മുജാഹിദ്‌ സെന്റര്‍ കോഴിക്കോട്‌. തൗഹീദിന്റെ മൗലിക തത്ത്വങ്ങള്‍ - ഡോ.ബിലാല്‍ ഫിലിപ്‌സ്‌, യുവത ബുക്‌ ഹൗസ്‌, കോഴിക്കോട്‌ തുടങ്ങിയ കൃതികള്‍ ഉദാഹരണം). പ്രാര്‍ഥന-സഹായം തേടല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്നും അതുസംബന്ധിച്ച്‌ `ഖുബൂരികളും' മുവഹിദുകളും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നും മുന്നോട്ടുപോകാന്‍ തൗഹീദിന്‌ ഗതിയില്ല! എന്നാല്‍, ഈ വിഷയത്തില്‍ പോലും ആശയവ്യക്തത കൈവരിക്കാന്‍ മുജാഹിദുകളില്‍ ചിലര്‍ക്ക്‌ സാധിച്ചിട്ടില്ലെന്നാണ്‌ ജിന്ന്‌ വിവാദം നല്‍കുന്ന സന്ദേശം. ജിന്നുകളോട്‌ സഹായം തേടാമോ, അത്‌ പ്രാര്‍ഥനയാകുമോ, ശിര്‍ക്കാകുമോ എന്നൊക്കെയുള്ള തര്‍ക്കങ്ങളില്‍ നിന്ന്‌ ഇതാണ്‌ മനസിലാകുന്നത്‌? തൗഹീദിന്റെ വിവക്ഷ, വിഭജനം, വിശദീകരണം, എണ്ണി പറയണോ എണ്ണാതെ പറയണോ, തൗഹീദിന്റെ പരിധി, തൗഹീദുല്‍ അസ്‌മാഇ വസ്വിഫാത്ത്‌ ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ടോ, തൗഹീദും ഈമാനും ഒന്നാണോ, ഹാകിമിയ്യത്ത്‌ തൗഹീദിന്റെ ഭാഗമാണോ തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദു പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ആശയഭിന്നതയുണ്ട്‌. 2002ലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ പുറത്തിറങ്ങിയ പുസ്‌തകങ്ങളിലെ ചില ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണ്‌. (ഡോ.ഹുസൈന്‍ മടവൂരിന്റെ, `ആദര്‍ശവ്യതിയാനം ഒരു പുകമറ' എന്ന പുസ്‌തകത്തിലെ തൗഹീദ്‌ ചര്‍ച്ച ഉദാഹരണം.


മറ്റെല്ലാം മാറ്റിവെച്ച്‌, തൗഹീദ്‌ പ്രബോധനത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തിട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ തൗഹീദ്‌ ശരിയായവിധം മനസിലായില്ല എന്നാണോ ഇതെല്ലാം സൂചിപ്പിക്കുന്നത്‌! ഇത്‌ ഈ ലേഖകന്റെ വിമര്‍ശനമല്ല, പ്രമുഖ മുജാഹിദ്‌ പണ്ഡിത നേതാവ്‌ ഡോ. ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബിന്റെ ആത്മഗതമാണ്‌. പുതുതായി മുജാഹിദ്‌ സംഘടനയിലേക്ക്‌ വന്ന ആളല്ല, പ്രസ്ഥാനത്തില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള വ്യക്തിയും, സ്ഥാപനനേതാക്കളിലൊരാളായ മര്‍ഹൂം ഇ.കെ മൗലവി സാഹിബിന്റെ മകനുമാണ്‌ അഹ്‌മദ്‌കുട്ടി സാഹിബ്‌. ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ``അല്ലാഹുവിനു മാത്രം കീഴ്‌പ്പെടുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യമനസുകളെ വിമലീകരിക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ട തൗഹീദ്‌ എന്ന മഹത്തായ തത്ത്വത്തിന്റെ വക്‌താക്കളും പ്രയോക്താക്കളുമായ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്ക്‌ അവര്‍ നയിക്കുന്ന തൗഹീദ്‌ സംഘടനയെ വെറും അഞ്ച്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച്‌ രണ്ട്‌ തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന്‌ ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍, അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ടവിധം മനസിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. ഔലിയാക്കളെയും പുണ്യപുരുഷന്മാരെയും മണ്‍മറഞ്ഞുപോയ മറ്റു മഹാന്മാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌ എന്നു പഠിപ്പിക്കുന്നതില്‍ മാത്രം അവര്‍ തങ്ങളുടെ തൗഹീദ്‌ പ്രബോധനം ഒതുക്കി. മനുഷ്യജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളെയും സ്‌പര്‍ശിക്കുകയും സ്വാധീനിക്കുകയും ധാര്‍മികമായി പരിവര്‍ത്തപ്പിക്കുകയും ചെയ്യുന്ന സമഗ്രജീവിത ദര്‍ശനമെന്ന നിലയില്‍ അവര്‍ തൗഹീദ്‌ പ്രബോധനം ചെയ്‌തില്ല. മനുഷ്യന്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാതിരുന്നാല്‍ മതി, ധാര്‍മിക-സദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തു തിന്മകളും തെറ്റുകളും ചെയ്‌താലും കുഴപ്പമില്ല. അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി. മനുഷ്യഹൃദയത്തെ സാന്മാര്‍ഗികമായും ധാര്‍മികമായും സംസ്‌കരിച്ച്‌ നന്നാക്കുകയെന്നത്‌ ഈമാനിന്റെയും തൗഹീദിന്റെയും താല്‍പര്യങ്ങളില്‍ പെട്ടതാണെന്ന സത്യം അവര്‍ മറന്നുകളഞ്ഞു. വിശാലമായ അര്‍ഥത്തില്‍ തൗഹീദ്‌ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതു മാത്രമല്ല. മനുഷ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ ബാധിക്കുന്ന ഏകനായ അല്ലാഹുവിന്റെ ആജ്ഞകളും നിര്‍ദേശങ്ങളും അനുസരിച്ച്‌ ജീവിക്കുന്നതും കുടിയാണ്‌ എന്ന കാര്യം ബോധപൂര്‍വമല്ലെങ്കിലും ആ പണ്ഡിതന്മാര്‍ അവഗണിച്ചു'' (മാധ്യമം ദിനപത്രം, 22-08-2002).


``അല്ലാഹുവല്ലാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കാതിരുന്നാല്‍ മതി. ധാര്‍മികസദാചാര മൂല്യങ്ങള്‍ അവഗണിച്ചു കൊണ്ട്‌ എന്തുതെറ്റു ചെയ്‌താലും കഴുപ്പമില്ല, അവന്‍ പൂര്‍ണ മുസ്‌ലിം അല്ലാതാവുകയില്ല എന്ന പ്രതീതി - ഒരു പക്ഷേ, ബോധപൂര്‍വമല്ലായിരിക്കാം - ജനിപ്പിക്കുന്ന തരത്തിലായിപ്പോയി അവരുടെ പ്രബോധനരീതി'' - എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ചിന്തനീയമാണ്‌. തങ്ങള്‍ മനസിലാക്കിയ തൗഹീദിന്‌ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കി പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം തീരുമാനിച്ചപ്പോള്‍ വന്‍പാപങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക തിന്മകള്‍ ലഘൂകരിക്കുന്ന സമീപനം വന്നുപോയി. `തൗഹീദ്‌ ശരിയായാല്‍ മതി, ശിര്‍ക്ക്‌ ചെയ്യാതിരുന്നാല്‍ മതി, മദ്യവും വ്യഭിചാരവും മോഷണവുമൊക്കെ പശ്ചാത്തപിച്ചാല്‍ പൊറുക്കപ്പെടും' എന്നൊക്കെ ഫത്‌വ നല്‍കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന്‌ ചിന്തിക്കേണ്ടിയിരുന്നു. തൗഹീദിന്റെ പ്രബോധനം ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന്‌ മനസിലാകാതെ പോയതാണ്‌ കാരണം; തൗഹീദിനെ ആരാധനകളില്‍ ഒതുക്കിയതിന്റെ അനിവാര്യ ദുരന്തം. പ്രമുഖ സലഫി പണ്ഡിതന്‍ സ്വാലിഹ്‌ബ്‌നുല്‍ ഫൗസാന്‍ അല്‍ ഫൗസാന്റെ ഈ ഫത്‌വയൊന്ന്‌ വായിച്ചു നോക്കൂ: ``പ്രബോധകന്മാര്‍ അവരുടെ ദഅ്‌വത്തില്‍ പ്രാമുഖ്യം നല്‍കേണ്ടത്‌ നിര്‍ബന്ധമായും ശിര്‍ക്കിനെതിരെയും തൗഹീദിന്‌ വേണ്ടിയുമായിരിക്കണം. ഇത്‌ മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യമുള്ളതാണ്‌. അല്ലാത്ത പക്ഷം അവരുടെ ദഅ്‌വത്ത്‌ നബി(സ)യുടെ മന്‍ഹജിലായിരിക്കുകയില്ല. അല്ലാഹു പ്രവാചകനെ നിയോഗിച്ചത്‌ ശിര്‍ക്കിനെതിരെ താക്കീത്‌ നല്‍കുവാനും തൗഹീദിലേക്ക്‌ ക്ഷണിക്കുവാനുമാണ്‌. ആയതിനാല്‍ ആദ്യമായി അടിസ്ഥാനം ഇതിന്മേല്‍ ആവണം കെട്ടിപ്പടുക്കേണ്ടത്‌. ശേഷം മറ്റുള്ള വിഷയങ്ങളിലേക്കും പ്രബോധനം വ്യാപിപ്പിക്കാവുന്നതാണ്‌. എന്നാല്‍ തൗഹീദ്‌ നേരെയായില്ലെങ്കില്‍ മറ്റെന്ത്‌ തന്നെ നന്നാക്കിയിട്ടും കാര്യമില്ലല്ലൊ. ലോകത്തിലുള്ള സര്‍വ മനുഷ്യരും വ്യഭിചാരവും മദ്യവും കളവും എല്ലാം ഉപേക്ഷിക്കുകയും ഏറ്റവും ഉല്‍കൃഷ്‌ടമായ സ്വഭാവങ്ങള്‍ പ്രകടമാക്കുകയും അതേ സമയം ശിര്‍ക്ക്‌ ഒഴിവാക്കാതെയിരിക്കുകയും ചെയ്‌താല്‍ അവരുടെ സല്‍സ്വഭാവം കൊണ്ട്‌ അവര്‍ക്ക്‌ യാതൊരു പ്രയോജനമോ നേട്ടമോ ലഭിക്കുവാനില്ല. എന്നാല്‍ ശിര്‍ക്കില്‍ നിന്നും പൂര്‍ണമായും മോചിതരായ ജനം വന്‍ പാപങ്ങള്‍ ചെയ്യുന്നവരായിരുന്നാലും അവര്‍ക്ക്‌ അല്ലാഹുവിന്റെ കാര്യണ്യത്തില്‍ ഒരുവേള പൊറുത്ത്‌ കിട്ടിയേക്കാം, അല്ലെങ്കില്‍ അവന്‍ നിശ്ചയിച്ച അവധി വരെ ശിക്ഷയനുഭവിച്ച്‌ അവന്റെ മഗ്‌ഫിറത്തിലേക്ക്‌ മടങ്ങാം എന്ന്‌ പ്രതീക്ഷിക്കാം. എന്തുതന്നെയായാലും തൗഹീദിന്റെ ആളെന്ന നിലക്ക്‌ അന്തിമമായി അവന്‍ സ്വര്‍ഗാവകാശി തന്നെയാണ്‌. തൗഹീദ്‌ ആണ്‌ അടിസ്ഥാനപരമായും മനുഷ്യന്‌ ഉണ്ടാകേണ്ടത്‌. തൗഹീദിന്റെ അഭാവത്തില്‍ ഒരുവന്‌ മോക്ഷമില്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ശ്രദ്ധ ഊന്നുക എന്നത്‌ നിര്‍ബന്ധ കാര്യമാണ്‌. മാത്രവുമല്ല, ജനങ്ങളെ ഇതിലേക്കാണ്‌ ഒന്നാമതായി ക്ഷണിക്കേണ്ടതും. അവര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കേണ്ടതും വിശദീകരിച്ചു കൊടുക്കേണ്ടതും എന്താണ്‌ തൗഹീദ്‌, എന്താണ്‌ ശിര്‍ക്ക്‌ എന്നതാവണം. മുസ്‌ലിംകള്‍ ഇവയെക്കുറിച്ച്‌ ബോധവാന്മാരാകേണ്ടതുണ്ട്‌. മാത്രവുമല്ല, ഈ വിഷയങ്ങളില്‍ അവന്‌ നല്ല ഉറപ്പും (വിശ്വാസപരമായ ദൃഢത) ഉണ്ടായിരിക്കേണ്ടതുണ്ട്‌. ഇക്കാര്യം ഓരോരുത്തരും സ്വയം പരിശോധിക്കുകയും ഉറപ്പ്‌ വരുത്തുകയും വേണം, അത്‌ അവന്‍ അപകടങ്ങളില്‍ ചെന്നു ചാടുന്നതില്‍ നിന്നും രക്ഷയാവുന്നതാണ്‌. ഈ കാര്യം അനിവാര്യവും ദഅ്‌വത്തിന്റെ മുന്‍നിരയിലുണ്ടായിരിക്കുകയും വേണ്ടതുണ്ട്‌'' (ശറഹുല്‍ ഉസൂലിസ്സലാസ-സ്വാലിഹ്‌ബ്‌നു ഫൗസാന്‍. ഉദ്ധരണം: ഇസല്‍സബീല്‍, ജമാദുല്‍ ആഖിര്‍ - 1433).


തൗഹീദിന്‌ പരമപ്രാധാന്യം നല്‍കാന്‍ വേണ്ടി സാമൂഹിക തിന്മകളോട്‌ സ്വീകരിച്ച ഈ ലാഘവത്വത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തന്നെയാണ്‌ വിലയൊടുക്കേണ്ടി വന്നത്‌. തൗഹീദിന്റെ പൂര്‍ണതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായപ്പോഴും, തിന്മകളില്‍നിന്ന്‌ ആളുകളെ സ്‌ഫുടം ചെയ്‌തെടുക്കാനാവശ്യമായ ആത്മസംസ്‌കരണം (തസ്‌കിയ) സംഘടനക്കകത്ത്‌ വേണ്ടത്ര പരിഗണന കിട്ടാതെ അവഗണിക്കപ്പെട്ടു. തൗഹീദിനെ കുറിച്ച്‌ ഘോരമായി പ്രസംഗിക്കുന്നതിനിടയില്‍ `തഖ്‌വ' ചോര്‍ന്നുപോകുന്നത്‌ അറിയാനായില്ല. സംഘടനാ പിളര്‍പ്പിന്‌ മുമ്പും ശേഷവും എഴുത്തിലും പ്രസംഗത്തിലും ഉപയോഗിക്കുന്ന ഭാഷയുടെയും ശൈലിയുടെയും നിലവാരം, അസഭ്യവര്‍ഷങ്ങള്‍, ഉദ്ധരണികളിലും ക്ലിപിംഗുകളിലും കാണിക്കുന്ന കൃത്രിമങ്ങള്‍, കള്ളവാദങ്ങളും ദുഷ്‌പ്രചാരണങ്ങളും, അധികാരമോഹവും അനഭിലഷണീയമായ ഗ്രൂപ്പ്‌ പ്രവര്‍ത്തനവുമൊക്കെ `ഉയര്‍ന്ന തട്ടിലുള്ള' ഇതിന്റെ അടയാളങ്ങളാണ്‌. `ദീനിന്‌ പുറത്തുള്ള' രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ടുറപ്പിക്കാന്‍ വേണ്ടി നടത്തുന്ന `രഹസ്യനീക്കങ്ങള്‍' താഴെ തട്ടിലുള്ള ഉദാഹരണങ്ങളിലൊന്നാണ്‌. തൗഹീദീ പ്രവര്‍ത്തനത്തിനിടയില്‍ `തസ്‌കിയ' മറന്നുപോയതും `തഖ്‌വ' ചോര്‍ന്നുപോയതുമാണിതിന്റെ കാരണങ്ങളെന്ന്‌ വിലയിരുത്തുന്നതും ഡോ.ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബ്‌ തന്നെയാണ്‌. നേതൃമോഹം, സാമ്പത്തിക താല്‍പര്യങ്ങള്‍, യുവജനവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അസൂയ, സലഫീ മന്‍ഹജില്‍ നിന്നുള്ള വ്യതിയാനാരോപണം തുടങ്ങിയ പിളര്‍പ്പിന്റെ കാരണങ്ങള്‍ സൂചിപ്പിച്ചശേഷം അദ്ദേഹം എഴുതുന്നു, ``പരസ്‌പരം ബന്ധപ്പെട്ട ഈ കാരണങ്ങളുടെയും അതുപോലുള്ള മറ്റു ചില ഘടകങ്ങളുടെയും ഫലമാണ്‌ ഇപ്പോഴത്തെ മുജാഹിദ്‌ പ്രതിസന്ധി. എന്നാല്‍ ഇതെല്ലാം ചില നിമിത്തങ്ങളാണ്‌. ഒരു മൂലകാരണത്തിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ മാത്രം. എന്താണ്‌ ആ മൂലകാരണം? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അത്‌ ദൈവഭക്തിയില്‍ നിന്നും പരലോക ഭയത്തില്‍ നിന്നും ഉത്ഭൂതമാകേണ്ട ആത്മീയ-ധാര്‍മിക-മാനസിക സംസ്‌കരണത്തിന്റെയും നിയന്ത്രണത്തിന്റെറയും അഭാവമാണെന്നും പറയാം. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ തഖ്‌വയുടെ അഭാവം.....എന്നാല്‍ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഇതെല്ലാം പഠിച്ചുറപ്പിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരാണ്‌ സ്ഥാനമോഹത്തിന്റെയും ഭൗതികസുഖാസക്തിയുടെയും വ്യക്തിവൈരാഗ്യങ്ങളുടെയും പ്രതികാരവാഞ്‌ചയുടെയും മദമാത്സര്യങ്ങളുടെയും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ, സ്വഭാവശുദ്ധിയും ധാര്‍മിക ഔന്നിത്യവും പാലിക്കാതെ ആത്മനിയന്ത്രണം കൈവിട്ട്‌, തോന്നിയതു പോലെ എന്തൊക്കെയോ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ട്‌ അവസാനം മുജാഹിദ്‌ പ്രസ്ഥാനത്തെ നാശഗര്‍ത്തത്തില്‍ തള്ളിയട്ടത്‌, എന്തൊരു ദയനീയ പതനം!'' (മാധ്യമം, 25-08-2002).


തൗഹീദും ഈമാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ഒരു ചര്‍ച്ച മുജാഹിദു പ്രസ്ഥാനത്തില്‍ നടക്കുകയുണ്ടായി. `തൗഹീദ്‌ ഈമാനാണോ അല്ലേ' എന്നതായിരുന്നു ചര്‍ച്ചയുടെ മര്‍മ്മം. ബഹുമാന്യനായ പണ്ഡിതന്‍ മൗലവി പി. മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഒരു പ്രബന്ധത്തിലെ വരികളാണ്‌ ഇതിന്‌ അടിസ്ഥാനമായത്‌. ``തൗഹീദല്ല ഈമാന്‍, ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും ഒഴിവായി എന്നതുകൊണ്ട്‌ ഈമാന്‍ ഉണ്ടായിരിക്കുകയില്ല. ഈമാന്‍ ഉള്ളില്‍ നിറഞ്ഞാല്‍ അല്ലാഹുവല്ലാത്ത മറ്റൊന്നിനോട്‌ പ്രാര്‍ഥിക്കേണ്ടിവരികയില്ല'' (ശബാബ്‌, സെമിനാര്‍ പതിപ്പ്‌ 1998, പുറം 21) ഇതിനെതിരെ ഒരു വിഭാഗം പണ്ഡിതര്‍ ഉന്നയിച്ച വിമര്‍ശമിങ്ങനെ, ``ഇവിടെ തൗഹീദ്‌ ഈമാനാണെന്നും ഈമാനിന്റെ കാതലാണെന്നും സമര്‍ഥിക്കാന്‍ തെളിവുകള്‍ നിരത്തേണ്ടതില്ല. ഇസ്‌ലാമിക പാഠമറിയുന്ന ഏതൊരാള്‍ക്കും അറിയാവുന്ന യാഥാര്‍ഥ്യമാണ്‌ തൗഹീദ്‌ ഈമാനാണെന്നും ഈമാന്റെ കാതലാണെന്നും. ഈ പരമാര്‍ഥത്തെ തന്നെയാണ്‌ ഇവിടെ നിഷേധിച്ചിരിക്കുന്നത്‌. മുജാഹിദ്‌ പ്രസ്ഥാനം രക്തം നല്‍കി വളര്‍ത്തിയ അടിസ്ഥാന സിദ്ധാന്തത്തെയാണ്‌ ഇവിടെ വില കുറച്ച്‌ കാണിക്കുന്നത്‌, തൗഹീദിന്റെ മഹത്വത്തെയാണ്‌ ഇവിടെ ഇടിച്ചു താഴ്‌ത്തുന്നത്‌...'' (കെ.എന്‍.എം കോര്‍ഡിനേഷന്‍ കമ്മിറ്റി 16-05-2001 നു ബുധനാഴ്‌ച മുജാഹിദ്‌ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധം, പേജ്‌ - 15) ഇതിന്‌ നല്‍കപ്പെട്ട മറുപടികളിലൊന്ന്‌ ഇങ്ങനെ: ``തൗഹീദ്‌ ജീവിതദര്‍ശനമായി സ്വീകരിച്ച്‌ പോരുന്നര്‍, അധാര്‍മികവും അനാശാസ്യപരവുമായ പ്രവര്‍ത്തികളില്‍ നിന്ന്‌ മാറി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുന്ന ഒരു ലേഖനമാണ്‌ മൗലവി കുട്ടശേരിയുടേത്‌. .........ഖാദിയാനികള്‍ കാഫിറുകളാണെന്ന്‌ മുസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥിച്ചുകൊണ്ടോ അല്ലാഹുവേതരരെ ആരാധിച്ചതുകൊണ്ടോ അല്ല കാഫിറുകളായത്‌. മറിച്ച്‌ തൗഹീദുണ്ടായിട്ടും അവര്‍ക്ക്‌ ഈമാനുണ്ടായിരുന്നില്ല. ഇതില്‍ നിന്ന്‌ തൗഹീദല്ല ഈമാന്‍ എന്ന്‌ വ്യക്തമാകുന്നു. ഇപ്രകാരം തൗഹീദുള്ള ഒരാള്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിനെ നിഷേധിക്കുകയാണെങ്കില്‍ അവന്‍ കാഫിറാണ്‌. എന്തിനധികം ഇബ്‌ലീസിനെ നിഷേധിക്കുന്നവന്‍ വരെ കാഫിറാണ്‌. തൗഹീദുള്ളവന്‌ ഈമാനുണ്ടാകണമെന്നതിന്‌ ഇതിലെറെ മറ്റെന്ത്‌ തെളിവ്‌ വേണം. ഒരാള്‍ മുഅ്‌മിനാകണമെങ്കില്‍ തൗഹീദ്‌ അനിവാര്യമാണ്‌, എന്നാല്‍ തൗഹീദുള്ളവരെല്ലാം മുഅ്‌മിനാകണമെന്നില്ല'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌ കാരണങ്ങളും വസ്‌തുതകളും, അല്‍ അന്‍വാര്‍ പബ്ലിക്കേഷന്‍സ്‌, കുനിയില്‍, 


തൗഹീദ്‌ മാത്ര പ്രബോധകസംഘത്തില്‍, തൗഹീദിനെകുറിച്ച്‌ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ സൂചന മാത്രമല്ല ഈ വിമര്‍ശനവും മറുപടിയും. തൗഹീദിനെ സംബന്ധിച്ച്‌ മുജാഹിദുകള്‍ നടത്തുന്ന ചര്‍ച്ചയുടെ സ്വഭാവം കൂടി ഇതില്‍ പ്രതിഫലിക്കുന്നുണ്ട്‌. വാക്കുകളില്‍ കടിച്ചു തൂങ്ങിയും അര്‍ഥമില്ലാത്ത തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടും തൗഹീദിന്റെ അന്തസത്ത കളഞ്ഞുകളിച്ചും വികലമാക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. അതുകൊണ്ടാകണം ബഹുമാന്യനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിക്ക്‌ തന്നെ ഇങ്ങനെ എഴുതേണ്ടിവന്നത്‌. .......നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌ വരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല (മുസ്‌ലിം) എന്ന്‌ നബി(സ) പറഞ്ഞപ്പോള്‍, ഇതിന്ന്‌ വിപരീതമായി, ഒരു വിശ്വാസിയോട്‌ അസൂയയോ വെറുപ്പോ തോന്നിയാല്‍ അത്‌ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കാന്‍ മാത്രം ഗുരുതരമായ കുറ്റമാണോ എന്ന്‌ സഹാബികളാരും ചോദിക്കുകയുണ്ടായില്ല. വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപേക്ഷ്യമായ സഹോദരസ്‌നേഹത്തിന്റെ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കാനുള്ള പ്രചോദനമാണ്‌ ഈ തിരുവചനങ്ങള്‍ അവരുടെ മനസുകളില്‍ ഉളവാക്കിയത്‌ എത്ര തര്‍ക്കങ്ങള്‍ക്ക്‌ ആ വചനങ്ങള്‍ക്ക്‌ പഴുതുണ്ടെന്ന്‌ അന്വേഷിച്ച്‌ നോക്കുകയല്ല അവര്‍ ചെയ്‌തത്‌.'' (ശബാബ്‌ വാരിക 2002 മാര്‍ച്ച്‌ 2, വെള്ളി) മറ്റൊരു വിലയിരുത്തല്‍ ഇങ്ങനെ. ``പ്രവാചകന്റെ ഈ വചനങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്താണ്‌? വിശ്വാസത്തിന്റെ പൂര്‍ണതക്ക്‌ അനുപക്ഷ്യമായ സഹോദരസ്‌നേഹത്തിന്‌ വിരുദ്ധമായ ദുഃസ്വഭാവങ്ങളൊക്കെ വര്‍ജിക്കുക എന്നതാണ്‌. അതല്ലാതെ അവന്‍ കാഫിറാണോ മുശ്‌രിക്കാണോ എന്ന്‌ തര്‍ക്കിക്കാനുള്ള പഴുതുണ്ടാക്കുകയല്ല.'' (മുജാഹിദ്‌ പ്രസ്ഥാനത്തിലെ ഭിന്നിപ്പ്‌, കാരണങ്ങളും വസ്‌തുതകളും - 95).
തൗഹീദും ഈമാനും ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും രണ്ടാകാമെങ്കിലും അവ തമ്മിലുള്ള ബന്ധത്തെ മുറിച്ചു മാറ്റാനാകില്ല. ഏകദൈവത്വത്തെ ഒരു സിദ്ധാന്തം മാത്രമായി അംഗീകരിക്കുന്നതിന്‌ പകരം അതിലേക്ക്‌ ആഴവും കരുത്തുമുള്ള ഈമാനിനെ സന്നിവേശിപ്പിക്കുമ്പോഴാണ്‌ വിശുദ്ധനായ വിശ്വാസി ജനിക്കുന്നത്‌. തൗഹീദിനെ ജീവിതഗന്ധിയായ ഒരു ആശയമായി കാണാന്‍ കഴിയാതെ വരികയും, തൗഹീദി പ്രബോധനവും സാമൂഹിക പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ലെന്നു വിധിയെഴുതുയും ചെയ്‌തതുകൊണ്ടാണ്‌, വിദ്യാഭ്യാസവും അനാഥ സംരക്ഷണവും വരെ നിര്‍ത്തിവെച്ച്‌ `തൗഹീദ്‌മാത്ര' ബോധകരായി മാറാന്‍ സംഘടന ആഹ്വാനം ചെയ്‌തത്‌! ഒരു സംഘം പ്രമുഖ മുജാഹിദു പണ്ഡിതര്‍ അവതരിപ്പിച്ച പ്രബന്ധത്തിലെ വരികള്‍ കാണുക: ``നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ്‌ ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ കുറച്ചുകാലത്തേക്ക്‌ നാം തൗഹീദ്‌ പ്രബോധനവുമായി മാത്രം മുന്നോട്ടുപോകണം. പ്രസ്ഥാനത്തിനനകത്തുതന്നെ വ്യതിയാനം സംഭവിച്ചവരുണ്ടായ സാഹചര്യത്തില്‍ അത്‌ തികച്ചും പ്രസക്തവുമാണ്‌. നിര്‍ബന്ധമായും പറയേണ്ട ഒരു കാര്യമാണത്‌'' (രണ്ടാം പ്രബന്ധം, പേജ്‌: 8, ഉദ്ധരണം: മുജാഹിദുകള്‍ക്ക്‌ ആദര്‍ശവ്യതിയാമോ? - എ. അബ്‌ദുസലാം സുല്ലമി, പേജ്‌: 41) ഇതേ പ്രബന്ധത്തില്‍ തന്നെ തുടര്‍ന്ന്‌ പറയുന്നു: ``ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ തൗഹീദി പ്രബോധനത്തിന്‌ വിപരീതമായിട്ടാണ്‌ ബാധിക്കുന്നത്‌. തൗഹീദ്‌ പ്രബോധനത്തിന്‌ ചെലവഴിക്കേണ്ട ഊര്‍ജവും സമയവും സമ്പത്തും മറ്റു മാര്‍ഗങ്ങളിലേക്കാണ്‌ തിരിച്ചു വിടുന്നത്‌.'' (രണ്ടാം പ്രബന്ധം, പേജ്‌: 10, ഖണ്ഡിക: 3).
അറിവും അനാഥരും എങ്ങിനെയാണ്‌ തൗഹീദ്‌ പ്രബോധനത്തിന്‌ തടസമാകുന്നത്‌? ഖുര്‍ആന്‍ പഠനം തൗഹീദി പ്രബോധനത്തിന്റെ പ്രധാന മാര്‍ഗങ്ങളിലൊന്നല്ലേ? ഖുര്‍ആന്‍ പഠനം നിര്‍ത്തിവെച്ചും അനാഥ സംരക്ഷണം സ്റ്റേ ചെയ്‌തും പ്രചരിപ്പിക്കേണ്ടതാണ്‌ തൗഹീദെങ്കില്‍, എന്താണ്‌ സുഹൃത്തുക്കളെ ആ തൗഹീദ്‌!
മനുഷ്യ ജീവിതത്തെ മുച്ചൂടും മാറ്റി പണിയുന്ന ഒരു ഏകദൈവ വിശ്വാസത്തെക്കുറിച്ചാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്‌. തൗഹീദിനെ സംബന്ധിച്ച അനാവശ്യ തര്‍ക്കങ്ങളും സംശയം ജനിപ്പിക്കുന്ന വാദങ്ങളും ഖുര്‍ആന്‍ മാറ്റിവെക്കുകയും ചെയ്യുന്നു. ആ ദിവ്യ സൂക്തങ്ങളില്‍ തെളിയുന്ന തൗഹീദി ദര്‍ശനത്തില്‍ ഏകനായ അല്ലാഹുവോടു കണ്ണീരോടെ നടത്തുന്ന പ്രാര്‍ഥനയുണ്ട്‌, അനാഥ കുഞ്ഞിന്റെ കണ്ണുനീര്‍ തുടക്കുന്ന കാരുണ്യ സ്‌പര്‍ശമുണ്ട്‌. സ്‌പോര്‍ട്‌സ്‌ മീറ്റിലെ തൗഹീദ്‌, സലഫീ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ എന്നു തന്നെ പേര്‌ വെക്കണോ, ഇല്ലെങ്കില്‍ സലഫീ മന്‍ഹജില്‍ നിന്ന്‌ പുറത്തുപോകുമോ എന്ന വിധത്തിലൊക്കെയുള്ള ചര്‍ച്ചകള്‍ നടത്തുന്നവര്‍ക്ക്‌ പക്ഷേ, തൗഹീദും മനുഷ്യജീവിതവുമായുള്ള ബന്ധം കാണാന്‍ കഴിയുന്നില്ല.

Friday, 20 July 2012

പ്രഫസര്‍ വി .മുഹമ്മദ്‌ സാഹിബ്‌ സംസാരിക്കുന്നു







താങ്കളെ പരിചയപ്പെടുത്തി ആരംഭിക്കാമെന്ന്‌ തോന്നുന്നു
എന്റെ സ്വദേശം ഗുരുവായൂരാണ്‌. ഉപ്പ കൃഷിക്കാരനായിരുന്നു. ഉമ്മ തലശ്ശേരി തച്ചറക്കല്‍ തറവാട്ടുകാരിയാണ്‌. അവരുടെ കുടുംബം തലശ്ശേരിയില്‍നിന്ന്‌ ചാവക്കാട്ട്‌ വന്ന്‌ താമസമാക്കിയതാണ്‌. തുണിക്കച്ചവടക്കാരായിരുന്നു അവര്‍.
ദീനീബോധമുള്ളതായിരുന്നു കുടുംബം. പക്ഷേ, പുരോഗമന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. യാഥാസ്ഥിതികത്വമായിരുന്നു നാടുനിറയെ. മുജാഹിദ്‌ ആശയങ്ങള്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു. എന്റെ അറബിഅധ്യാപകനായിരുന്ന ഫലകി മുഹമ്മദ്‌ മൗലവി പുരോഗമനാശയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്‌. അന്ന്‌ ഉമര്‍ മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ ഇറങ്ങിയിരുന്നു. അറബി മലയാളത്തിലായിരുന്നു അത്‌. ഞാനത്‌ വാങ്ങി ഉമ്മക്ക്‌ നല്‍കി. ഉമ്മക്ക്‌ മലയാളമറിയുമായിരുന്നില്ല. ഉമ്മ അത്‌ വായിച്ച്‌ മുജാഹിദ്‌ ആശയക്കാരിയായി. ഉപ്പക്ക്‌ മുജാഹിദ്‌-സുന്നീ ആശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ദീനീചിട്ടയില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം, അത്ര മാത്രം.
മതപഠനം എങ്ങനെയായിരുന്നു?
സ്‌കൂളില്‍ നടന്നിരുന്ന ഓത്തുപള്ളിയില്‍നിന്നായിരുന്നു മതപഠനം. സ്‌കൂളില്‍ ക്ലാസ്‌ ആരംഭിക്കുന്നതിന്‌ മുമ്പാണ്‌ മദ്‌റസാ പഠനം ഉണ്ടാവുക.
ഒരു അധ്യാപകനാണുണ്ടായിരുന്നത്‌, കുറേ വിദ്യാര്‍ഥികളും. പല പ്രായത്തിലുള്ളവരായിരിക്കും പഠിതാക്കള്‍. എല്ലാവരും ഒരേ ക്ലാസ്സില്‍തന്നെയാണ്‌ ഇരിക്കുക. ചിലര്‍ ഖുര്‍ആന്‍ ഓതി പഠിക്കുന്നുണ്ടാകും, എഴുത്ത്‌ പഠിക്കുന്നവരുണ്ടാകും, ദീനിയ്യാത്ത്‌ പഠിക്കുന്നവരുണ്ടാകും. എല്ലാവരെയും ഒരുമിച്ച്‌ നിരത്തിയിരുത്തും. കുട്ടികള്‍ വെറുതെയിരിക്കുകയാണെങ്കിലും ചിലപ്പോള്‍ മൊല്ലാക്ക വന്ന്‌ അടിക്കും.
മൊല്ലാക്കക്ക്‌ ശമ്പളം നല്‍കിയിരുന്നത്‌ സര്‍ക്കാറായിരുന്നു. അഞ്ച്‌ രൂപയാണ്‌ മാസത്തില്‍ ലഭിക്കുക. സ്‌കൂളിലേക്ക്‌ കുട്ടികളെ കിട്ടാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു മതപഠനം സര്‍ക്കാര്‍ ചെലവില്‍ സ്‌കൂളില്‍ വെച്ച്‌ നല്‍കിയിരുന്നത്‌. ബ്രിട്ടീഷുകാരുടെ കണ്ടുപിടിത്തമായിരുന്നു അത്‌.
പള്ളിദര്‍സില്‍ പഠിച്ചിരുന്നോ?
സ്‌കൂള്‍ അവധിക്കാലത്ത്‌ ഞാന്‍ പള്ളിദര്‍സില്‍ പോയി കിതാബോതിയിരുന്നു. പാടൂര്‍ പള്ളിയിലാണ്‌ പോയിരുന്നത്‌. എന്റെ സഹോദരിയെ വിവാഹം കഴിച്ചത്‌ അങ്ങോട്ടായിരുന്നു. എനിക്ക്‌ ആദ്യം കിതാബ്‌ ഓതിത്തന്ന മുദര്‍രിസ്‌ കൂട്ടായി സ്വദേശി അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാരാണ്‌. തുണിയുടുത്ത്‌, തലമൊട്ടയടിച്ച്‌, താടി നീട്ടിവളര്‍ത്തിയ അദ്ദേഹം തലയില്‍ ചൂരല്‍തൊപ്പി ധരിക്കുമായിരുന്നു. പുറത്ത്‌ പോകുമ്പോള്‍ ബനിയനോ ഷര്‍ട്ടോ ധരിക്കും. കാഴ്‌ചയില്‍ വളരെ പഴഞ്ചനായിരുന്നു. പക്ഷേ, അദ്ദേഹം വളരെ വിശാലമനസ്‌കനായിരുന്നുവെന്ന്‌ കാലം ചെല്ലുംതോറും എനിക്ക്‌ ബോധ്യംവന്നു.
പള്ളിദര്‍സില്‍ ആദ്യം ഓതുന്ന കിതാബ്‌ മുതഫര്‍രിദാണ്‌. ഖുര്‍ആനോ ഹദീസോ ഒന്നും പഠിക്കാന്‍ പാടില്ലായിരുന്നു. മുതഫര്‍രിദ്‌, നഹ്‌വ്‌ കിതാബ്‌, ഫത്‌ഹുല്‍ മുഈന്‍ തുടങ്ങിയവ ഓതിക്കഴിഞ്ഞ ശേഷമേ ഹദീസ്‌ പഠിക്കാവൂ എന്നായിരുന്നു അന്നത്തെ സങ്കല്‍പം. അതും കഴിഞ്ഞാണ്‌ ഖുര്‍ആന്‍ പഠിക്കുക. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എനിക്ക്‌ ഹദീസിന്റെ കിതാബുകളും മുതഫര്‍രിദിനോടൊപ്പം ഓതാന്‍ തരും. പള്ളി കാരണവന്മാര്‍ വരുന്നത്‌ കണ്ടാല്‍ ഹദീസ്‌കിതാബുകള്‍ മാറ്റിവെക്കാന്‍ പറയും.
പള്ളിദര്‍സില്‍ മറ്റു വിഷയങ്ങളെന്തെങ്കിലും പഠിപ്പിച്ചിരുന്നോ?
ഞാന്‍ ഓതാന്‍ പോകുമ്പോള്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ പല കിതാബുകളും എനിക്ക്‌ കാണിച്ചുതരാറുണ്ടായിരുന്നു. പെട്ടിയില്‍ അടച്ചുവെച്ചവയായിരുന്നു അവ. ഇന്നത്തെ ജ്യോമട്രി, ആസ്‌ട്രോണമി, ബയോളജി, ഫിസിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര ശാഖകളെക്കുറിച്ചുള്ള പുസ്‌തകങ്ങളായിരുന്നു അവ. എനിക്കദ്ദേഹം കാണിച്ചുതന്ന ഒരു പുസ്‌തകത്തില്‍ തീ കത്തുന്നതും നരകത്തിന്റെ ചിത്രീകരണവുമാണുണ്ടായിരുന്നത്‌. മറ്റൊന്നില്‍ പഴങ്ങളുടെയും മറ്റും ഫോട്ടോകളുള്ള സ്വര്‍ഗത്തിന്റെ ചിത്രീകരണമാണുണ്ടായിരുന്നത്‌.
ഇത്തരം പുസ്‌തകങ്ങളൊക്കെ പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്നോ?
മുമ്പ്‌ കാലത്ത്‌ ഇത്തരം വിഷയങ്ങളെല്ലാം പള്ളിദര്‍സുകളിലുണ്ടായിരുന്നു. പക്ഷേ, പില്‍ക്കാലത്ത്‌ അതെല്ലാം ഒഴിവാക്കുകയും പുസ്‌തകങ്ങള്‍ പെട്ടിയിലാക്കി പൂട്ടുകയും ചെയ്യുകയാണുണ്ടായത്‌. ഞാന്‍ പഠിക്കുന്ന കാലത്തൊന്നും അവയുണ്ടായിരുന്നില്ല. അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ അതെല്ലാം വായിച്ചിരുന്നു.
എന്റെ ചിന്തകളും ആശയങ്ങളും രൂപംകൊണ്ടതില്‍ അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ക്ക്‌ കാര്യമായ പങ്കുണ്ട്‌. പാടൂര്‍ പ്രദേശം മൗലിദ്‌-റാത്തീബുകളും മറ്റും ധാരാളമായി നടന്നിരുന്ന സ്ഥലമായിരുന്നു. പക്ഷേ, അബ്‌ദുല്ലക്കുട്ടി മുസ്‌ലിയാര്‍ ഒരൊറ്റ മൗലിദിനും റാത്തീബിനും പോയിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ്‌ വിശാലവും ചിന്ത പുരോഗമനപരവുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വമാണെന്റെ ചിന്തകളുടെ അസ്‌തിവാരം എന്നു പറയാം. പില്‍ക്കാലത്ത്‌ ശാസ്‌ത്രവിഷയങ്ങളില്‍ എനിക്ക്‌ താല്‍പര്യമുണ്ടാകാനും ശാസ്‌ത്രപഠനം നടത്താനും ഇത്‌ കാരണമായിട്ടുണ്ട്‌.
സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മകള്‍?
എന്റെ വീടിന്റെ അടുത്തുള്ള കാരക്കാട്‌ എ.എം.എല്‍.പി സ്‌കൂളില്‍നിന്നാണ്‌ പഠനം ആരംഭിക്കുന്നത്‌. പിന്നീട്‌ ചാവക്കാട്‌ ഡിസ്‌ട്രിക്‌റ്റ്‌ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ പത്താം ക്ലാസ്‌ വരെ പഠിച്ചു. 1944-ലാണ്‌ പത്താം ക്ലാസ്‌ പാസ്സായത്‌. അവിടത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ എനിക്കായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത്‌ എനിക്ക്‌ ഇംഗ്ലീഷില്‍ വലിയ താല്‍പര്യമായിരുന്നു. ക്ലാസ്സില്‍ അധ്യാപകര്‍ മലയാളത്തില്‍ പറയുന്നതും ഞാന്‍ ഇംഗ്ലീഷിലാണ്‌ എഴുതിയിരുന്നത്‌. മുഹമ്മദന്‍ കോളേജില്‍ ചെന്നപ്പോള്‍ എന്റെ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ നോക്കി വൈസ്‌ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഗനി സാഹിബ്‌ പ്രിന്‍സിപ്പലിനോട്‌ പറഞ്ഞു: `ഇംഗ്ലീഷിലെ മാര്‍ക്ക്‌ നോക്കൂ'- 74 മാര്‍ക്കുണ്ടായിരുന്നു ഇംഗ്ലീഷില്‍. അന്നത്‌ ഉയര്‍ന്ന മാര്‍ക്കായിരുന്നു.
ഉപരിപഠനം എവിടെയായിരുന്നു?
ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ പത്താംതരം പാസ്സായവര്‍ക്ക്‌ സാമൂതിരി കോളേജില്‍ സൗജന്യ ട്യൂഷനുണ്ടായിരുന്നു. എനിക്ക്‌ അതിനര്‍ഹതയുണ്ടായിരുന്നു. പക്ഷേ, സാമൂതിരി കോളേജിലെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ എനിക്ക്‌ പോകാന്‍ തോന്നിയില്ല. അയിത്താചരണം അവിടെ ശക്തമായിരുന്നു. സവര്‍ണ ഹിന്ദുക്കള്‍ക്കല്ലാതെ അധ്യാപകരെ തൊടാനോ മേശയുടെ അടുത്ത്‌ പോകാനോ പാടുണ്ടായിരുന്നില്ല. ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ സവര്‍ണര്‍ക്ക്‌ മാത്രമാണ്‌ ഇരിക്കാന്‍ പറ്റുക. മുസ്‌ലിംകളും ക്രിസ്‌ത്യാനികളും പിന്നാക്ക ജാതിക്കാരും പിറകിലാണ്‌ ഇരിക്കേണ്ടത്‌. മൂത്രമൊഴിച്ചാല്‍ ശുചീകരണത്തിന്‌ വെള്ളവും കിട്ടുമായിരുന്നില്ല. എനിക്കു മുമ്പ്‌ ചാവക്കാട്‌ സ്‌കൂളില്‍നിന്ന്‌ ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായി സാമൂതിരി കോളേജില്‍ പഠിക്കാന്‍ പോയ പലര്‍ക്കും മോശമായ അനുഭവങ്ങളാണുണ്ടായിരുന്നത്‌. അതുകൊണ്ട്‌ ഞാന്‍ മദ്രാസില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു.
മദ്രാസിലെ മുഹമ്മദന്‍ കോളേജില്‍നിന്നാണ്‌ ബി.എ പസ്സായത്‌. ഞാന്‍ അവിടെ ചേര്‍ന്ന വര്‍ഷം `മുഹമ്മദന്‍ കോളേജ്‌' എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്‌. അടുത്ത വര്‍ഷം `മുസ്‌ലിം കോളേജ്‌' എന്നാക്കി. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ `ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജ്‌' എന്ന്‌ പേരു മാറ്റി. `മുഹമ്മദന്‍ കോളേജില്‍ ചേര്‍ന്ന്‌ മുസ്‌ലിംകോളേജില്‍ പഠിച്ച്‌ ഗവണ്‍മെന്റ്‌ കോളേജില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കി' എന്നു പറയാം. 1948 മാര്‍ച്ചിലായിരുന്നു ഫൈനല്‍ പരീക്ഷ. സര്‍വീസില്‍ ചേര്‍ന്നതിനു ശേഷമാണ്‌ എം.എ പാസ്സായത്‌. പ്രൈവറ്റായിട്ടായിരുന്നു അന്ന്‌ എം.എ പഠനം.
മദ്രാസിലേക്കുള്ള യാത്രയെക്കുറിച്ച്‌?
ഫലകി മൗലവിയും ഞാനും 1944-ലെ മധ്യവേനലവധിക്ക്‌ മദ്രാസിലേക്ക്‌ പോയി. വാണിയമ്പാടിയില്‍ ബുഖാരി സാഹിബിനെ കണ്ടു. അദ്ദേഹം അടുത്ത വര്‍ഷം മുഹമ്മദന്‍ കോളേജിലേക്ക്‌ മാറാന്‍ തീരുമാനിച്ചിരുന്നു. എന്നോടും മുഹമ്മദന്‍ കോളേജില്‍ ചേരാന്‍ പറഞ്ഞു. ആ യാത്രയിലാണ്‌ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത്‌ സന്ദര്‍ശിച്ചത്‌. അന്ന്‌ കെ.സി. അബ്‌ദുല്ല മൗലവി അവിടെ വിദ്യാര്‍ഥിയായിരുന്നു. മലയാളി വിദ്യാര്‍ഥികളുടെ നേതാവും അദ്ദേഹമായിരുന്നു. അന്നവിടെ എന്തോ പ്രശ്‌നത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിസമരം നടക്കുന്നുണ്ടായിരുന്നു. കെ.സിയായിരുന്നു നേതൃത്വം നല്‍കിയത്‌.
കെ.സി വെറുമൊരു മതപണ്ഡിതനായിരുന്നില്ല. നല്ല ശുഷ്‌കാന്തിയുള്ള വ്യക്തിയായിരുന്നു. വ്യവസായം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും അദ്ദേഹത്തിന്‌ നന്നായി അറിയാം. അവിടെ വെച്ചാണ്‌ ഞങ്ങള്‍ പരിചയപ്പെട്ടത്‌. അന്നു മുതല്‍ മരണം വരെ ഞങ്ങള്‍ വലിയ അടുപ്പത്തിലായിരുന്നു.
മദ്രാസിലെ വിദ്യാഭ്യാസത്തെക്കുറിച്ച്‌?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞ ശേഷം ഞാന്‍ ബി.എ അറബിക്കിന്‌ അപേക്ഷിച്ചു. പക്ഷേ, എനിക്ക്‌ സീറ്റ്‌ തരാന്‍ പ്രിന്‍സിപ്പല്‍ വൈമുഖ്യം കാണിച്ചു. അറബിയില്‍ പി.എച്ച്‌.ഡി എടുത്ത ഡോ. അബ്‌ദുല്‍ ഹഖായിരുന്നു പ്രിന്‍സിപ്പല്‍. മൂന്നാഴ്‌ച കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു ചോദിച്ചു: `നിനക്ക്‌ മെഡിസിന്‌ ചേര്‍ന്നുകൂടേ?' ഞാന്‍ പറഞ്ഞു: `വീട്ടിലെ സാഹചര്യം അനുവദിക്കില്ല'. `എങ്കില്‍ ബി.എസ്‌.സി ആയിക്കൂടേ' എന്നായി അദ്ദേഹം. താല്‍പര്യമില്ലെന്നു പറഞ്ഞ്‌ ഞാനൊഴിവായി. അറബി പഠിക്കാനാണ്‌ ആഗ്രഹമെന്നും അറിയിച്ചു. അദ്ദേഹം പറഞ്ഞു: `നിന്റെ താല്‍പര്യം പരീക്ഷിക്കാനാണ്‌ സീറ്റ്‌ തരാതിരുന്നത്‌'. എനിക്ക്‌ ബി.എ അറബിക്കിന്‌ പ്രവേശനം തരികയും ചെയ്‌തു. കൂടുതലൊന്നും പഠിക്കാനുണ്ടായിരുന്നില്ല. കുറേയൊക്കെ എനിക്കറിയുമായിരുന്നു. ഞാന്‍ ഒരാള്‍ മാത്രമാണ്‌ ക്ലാസ്സിലുണ്ടായിരുന്നത്‌. ഒരുപാട്‌ ഒഴിവുസമയം ലഭിച്ചിരുന്നു.
ആ സമയങ്ങളെല്ലാം വായനക്ക്‌ ഉപയോഗപ്പെടുത്തി. മദ്രാസ്‌ ലൈബ്രറിയില്‍ പോയി ധാരാളം വായിക്കും. മത-ശാസ്‌ത്ര ഗ്രന്ഥങ്ങളെല്ലാം വായിക്കാറുണ്ടായിരുന്നു.
ബി.എ അറബിക്‌ തെരഞ്ഞെടുക്കാന്‍ കാരണം?
ഇന്റര്‍മീഡിയറ്റ്‌ കഴിഞ്ഞപ്പോള്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന്‌ സീറ്റ്‌ റിസര്‍വ്‌ ചെയ്‌തിരുന്നു, പ്രിന്‍സിപ്പല്‍. മെരിറ്റില്‍ അഡ്‌മിഷന്‍ ലഭിക്കാവുന്ന മാര്‍ക്ക്‌ എനിക്കുണ്ടായിരുന്നു. പക്ഷേ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. ഉമ്മക്കും ഉപ്പക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട്‌ മെഡിസിന്‍ പഠനം ആഗ്രഹമുണ്ടായിട്ടും ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെയാണ്‌ ബി.എ അറബിക്‌ തെരഞ്ഞെടുത്തത്‌. വൈദ്യശാസ്‌ത്രത്തില്‍ അതിയായ താല്‍പര്യമുണ്ടായിരുന്നതുകൊണ്ട്‌ പോസ്റ്റലായി ഹോമിയോപ്പതി പഠിച്ചു. പരീക്ഷയും പാസ്സായി. ഗവണ്‍മെന്റ്‌ കോഴ്‌സൊന്നും അന്നുണ്ടായിരുന്നില്ല. പ്രൈവറ്റായിട്ടായിരുന്നു പഠനവും പരീക്ഷയുമെല്ലാം.
ചികിത്സ നടത്താറുണ്ടോ?
ആദ്യമൊക്കെ പ്രാക്‌ടീസ്‌ ചെയ്‌തിരുന്നു. ഫാറൂഖ്‌ കോളേജില്‍ അധ്യാപകനായി വന്ന ശേഷവും ചികിത്സ നടത്തിയിരുന്നു. സൗജന്യമായി മരുന്ന്‌ നല്‍കും. കുറേ കഴിഞ്ഞപ്പോള്‍ ആളുകള്‍ മരുന്ന്‌ ചോദിച്ച്‌ ക്ലാസ്സിലേക്കും വരാന്‍ തുടങ്ങി. അങ്ങനെ അധ്യാപനത്തെ ബാധിക്കുമെന്ന്‌ തോന്നിയപ്പോഴാണ്‌ ചികിത്സ നിര്‍ത്തിയത്‌.
ഫാറൂഖ്‌ കോളേജിലെത്തുന്നത്‌ എപ്പോഴാണ്‌?
1948 ആഗസ്റ്റ്‌ 12-ന്‌ എന്നോട്‌ ഫറോക്കില്‍ വരാന്‍ പറഞ്ഞു. അന്ന്‌ ഫാറൂഖ്‌ കോളേജ്‌ ഉണ്ടായിരുന്നില്ല. ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങളുടെ വീട്ടിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. എനിക്ക്‌ പുറമെ മലയാളം അധ്യാപകനായി എത്തിയ കുര്യാക്കോസ്‌ മാസ്റ്റര്‍, കോളേജ്‌ കാര്യങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ സി.പി.എം മൊയ്‌തീന്‍ കോയ സാഹിബ്‌ എന്നിവരുമുണ്ടായിരുന്നു. ഞങ്ങള്‍ മൂന്നു പേരെ സാക്ഷികളാക്കി, ബിസ്‌മി ചൊല്ലി ഫാറൂഖ്‌ കോളേജ്‌ തുടങ്ങിയിരിക്കുന്നുവെന്ന്‌ ആറ്റക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. അതായിരുന്നു ഫാറൂഖ്‌ കോളേജിന്റെ ആരംഭം. അപ്പോള്‍ വിദ്യാര്‍ഥികളൊന്നും ഉണ്ടായിരുന്നില്ല.
അന്ന്‌ തുടങ്ങിയ ഫാറൂഖ്‌ കോളേജിലെ അധ്യാപകജീവിതം 1983 മാര്‍ച്ച്‌ 31-ലെ റിട്ടയര്‍മെന്റോടെയാണ്‌ അവസാനിക്കുന്നത്‌. 35 വര്‍ഷക്കാലം കോളേജിലുണ്ടായിരുന്നു. അറബി അധ്യാപകനായി തുടങ്ങി പ്രിന്‍സിപ്പലായിട്ടാണ്‌ വിരമിച്ചത്‌. നാലു വര്‍ഷമാണ്‌ പ്രിന്‍സിപ്പല്‍ സ്ഥാനത്തുണ്ടായിരുന്നത്‌.
ശാസ്‌ത്രവിഷയങ്ങളിലുള്ള താല്‍പര്യത്തെക്കുറിച്ച്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. വിശദീകരിക്കാമോ?
ശാസ്‌ത്രവിഷയങ്ങളെക്കുറിച്ച്‌ ഞാനൊരുപാട്‌ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ശാസ്‌ത്രകൃതികള്‍ ധാരാളം വായിച്ചിട്ടുണ്ട്‌. അവയെല്ലാം മതത്തിനെതിരാണ്‌. പക്ഷേ, നമ്മളത്‌ വായിക്കുമ്പോള്‍ മതത്തിനെതിരായല്ല, മതത്തിന്റെ വിഷയമായാണ്‌ ശാസ്‌ത്രവിഷയങ്ങള്‍ മനസ്സിലാക്കാനാവുക. മതവും ശാസ്‌ത്രവും, അല്ലെങ്കില്‍ ഖുര്‍ആനും ശാസ്‌ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മലയാളത്തില്‍ ആദ്യമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌ ഞാനാണെന്ന്‌ തോന്നുന്നു.
നിരവധി പുസ്‌തകങ്ങള്‍ ഈ വിഷയകമായി വായിച്ചിട്ടുണ്ട്‌. `തിങ്കേഴ്‌സ്‌ ലൈബ്രറി' എന്ന പേരില്‍ യുക്തിവാദികള്‍ ഇറക്കിയ ഒരു ഗ്രന്ഥപരമ്പരയുണ്ട്‌. അത്‌ ഞാന്‍ വായിച്ചിട്ടുണ്ട്‌. അതിന്റെ പഴയ അഞ്ഞൂറോളം കോപ്പികള്‍ ഫാറൂഖ്‌ കോളേജ്‌ ലൈബ്രറിയിലുണ്ട്‌. അവ അധികവും മതത്തിനെതിരാണ്‌, ശാസ്‌ത്രത്തിന്‌ അനുകൂലവും. യഥാര്‍ഥത്തില്‍ മതം എന്നതുകൊണ്ട്‌ അതിലുദ്ദേശിക്കുന്നത്‌ ക്രിസ്‌തുമതമാണ്‌. ക്രിസ്‌തുമതമെന്നാല്‍ പുരോഹിതന്മാരുടെ, പാതിരിമാരുടെ മതം. അവര്‍ നിരവധി ക്രൂരതകള്‍ ശാസ്‌ത്രകാരന്മാരോട്‌ കാണിച്ചിട്ടുണ്ട്‌. തീയിലിട്ടും വിഷം കൊടുത്തുമൊക്കെ ശാസ്‌ത്രജ്ഞരെ ക്രൈസ്‌തവ നേതൃത്വം കൂട്ടത്തോടെ കൊന്നുകളഞ്ഞിട്ടുണ്ട്‌.
ഇത്തരം ചരിത്രമൊക്കെ വായിക്കുമ്പോള്‍ ശാസ്‌ത്രത്തോട്‌ ആഭിമുഖ്യം തോന്നും. യുക്തിവാദികളിലും നല്ല വ്യക്തികളുണ്ടായിരുന്നുവെന്നും ഡാര്‍വിന്‍ ഒരു മഹാനായിരുന്നുവെന്നും തോന്നാറുണ്ട്‌. ഡാര്‍വിന്‍ ബഹുമാനിക്കപ്പെേടണ്ടവനാണെന്നാണ്‌ എന്റെ അഭിപ്രായം. ഇപ്പോഴും ഞാന്‍ ഡാര്‍വിന്‍ തിയറിയെ എതിര്‍ക്കാറില്ല.
ഡാര്‍വിന്‍ സിദ്ധാന്തം മതവിശ്വാസത്തിന്‌ എതിരാണെന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്‌?
ഡാര്‍വിന്‍ സിദ്ധാന്തം അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്‌ എതിരായിട്ടുള്ളതല്ല, സൃഷ്‌ടിപ്പിന്റെ എവല്യൂഷനാണത്‌. അതില്‍ തെറ്റില്ലെന്നാണ്‌ എന്റെ വിശ്വാസം. ചില സിദ്ധാന്തങ്ങളിലെല്ലാം തെറ്റുണ്ടാകാം. ഡാര്‍വിന്‍ നടത്തിയ പഠനം ഖുര്‍ആനില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ നടത്തേണ്ടതായിരുന്നു. `അവര്‍ക്ക്‌ ഭൂമിയില്‍ സഞ്ചരിച്ച്‌ അല്ലാഹു സൃഷ്‌ടിപ്പ്‌ എങ്ങനെ ആരംഭിച്ചുവെന്ന്‌ പഠിച്ചുകൂടേ' എന്ന ഖുര്‍ആനികാഹ്വാനം ഉള്‍ക്കൊണ്ട്‌ മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങേണ്ടതായിരുന്നു. ഒരുപാട്‌ യാത്രചെയ്‌ത്‌, ഫോസിലുകള്‍ ശേഖരിച്ച്‌, ഗവേഷണ പഠനങ്ങള്‍ നടത്തിയാണ്‌ ഡാര്‍വിന്‍ തന്റെ തിയറി ആവിഷ്‌കരിച്ചത്‌. അതെല്ലാം ശരിയായിക്കൊള്ളണമെന്നില്ല. എന്നാല്‍ മുഴുവനായും തള്ളിക്കളയേണ്ടതുമില്ല. അത്‌ മതവിരുദ്ധമോ ദൈവവിരുദ്ധമോ അല്ല. ഡാര്‍വിന്‍ ദൈവനിഷേധിയായിരുന്നില്ല, ദൈവവിശ്വാസിയിരുന്നു.
ആദം നബിയുടെ സൃഷ്‌ടിപ്പും പരിണാമസിദ്ധാന്തവും തമ്മില്‍ ഏറ്റുമുട്ടുന്നില്ലേ?
ഇല്ല. ആദം നബി മനുഷ്യരില്‍ ആദ്യത്തെയാളാണ്‌; സൃഷ്‌ടികളില്‍ ഒന്നാമനല്ല. ഇതര സൃഷ്‌ടികളെയെല്ലാം സൃഷ്‌ടിച്ച ശേഷമാണ്‌ മനുഷ്യനെ പടച്ചതെന്ന്‌ ഖുര്‍ആന്‍ പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. `ഭൂമിയില്‍ ഞാന്‍ പ്രതിനിധിയെ നിശ്ചയിക്കുന്നു'വെന്ന്‌ മനുഷ്യസൃഷ്‌ടിപ്പിന്റെ തുടക്കത്തില്‍ അല്ലാഹു പറയുന്നുണ്ട്‌. അപ്പോള്‍ മലക്കുകളും ജിന്നുകളുമെല്ലാം ഇവിടെ ഉണ്ടായിരുന്നുവെന്നാണ്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഡാര്‍വിന്‍ പറഞ്ഞതും അതുതന്നെയാണ്‌; അതായത്‌ അവസാനം മനുഷ്യനായി വളര്‍ന്നു. അവസാനമാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ എന്നു പറയുന്നതും അവസാനം മനുഷ്യനായി വളര്‍ന്നുവെന്ന്‌ പറയുന്നതും തമ്മില്‍ വാചകത്തിലും സങ്കല്‍പത്തിലും വ്യത്യാസമുണ്ടെങ്കിലും വസ്‌തുതയില്‍ വ്യത്യാസമില്ല. അതുകൊണ്ട്‌ ഡാര്‍വിന്‍ സിദ്ധാന്തം തെറ്റെന്ന്‌ പറയാന്‍ കഴിയില്ല.
വായനയില്‍നിന്നുണ്ടായ പ്രത്യേക അനുഭവങ്ങള്‍?
മദ്രാസ്‌ ലൈബ്രറിയില്‍ വെച്ച്‌ ഞാന്‍ വായിച്ച ഒരു യൂറോപ്യന്‍ എഴുത്തുകാരന്റെ പുസ്‌തകത്തില്‍, `ഹിജ്‌റ ആറാം വര്‍ഷം ഒരു സ്വഹാബി ചൈനയില്‍ എത്തിയിരുന്നു'വെന്ന്‌ രേഖപ്പെടുത്തിയതായി കാണാന്‍ കഴിഞ്ഞു. ഏതായിരുന്നു പുസ്‌തകമെന്ന്‌ ഓര്‍മയില്ല. `ചൈനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കണ'മെന്ന്‌ ഒരു പ്രവാചകവചനമുണ്ട്‌. അതെത്ര ദുര്‍ബലമാണെങ്കിലും സ്വഹാബിമാര്‍ പഠനത്തിനു വേണ്ടി ചൈനയില്‍ പോയിരുന്നുവെന്ന്‌ വ്യക്തമാണ്‌. നബി(സ)യുടെ സാന്നിധ്യമുള്ള അറേബ്യയില്‍ ലഭിക്കാത്ത എന്ത്‌ `ഇല്‍മാ'ണ്‌ ചൈനയില്‍ ലഭിക്കാനുണ്ടായിരുന്നത്‌.
`ഇല്‍മ്‌' എന്ന പ്രയോഗത്തിന്‌ വിശാലമായ അര്‍ഥങ്ങളുണ്ട്‌. എല്ലാ ജ്ഞാനവും ഇല്‍മാണ്‌. ഖുര്‍ആന്‍ പഠിച്ചാല്‍ അത്‌ ബോധ്യം വരും. ഖുര്‍ആനില്‍ ഇല്‍മ്‌, ആലിം എന്നെല്ലാം പറയുന്നത്‌ ഇന്ന്‌ വിവക്ഷിക്കപ്പെടുന്ന അര്‍ഥത്തിലല്ല. ഇന്നത്തെ ഇല്‍മും ആലിമും ഫിഖ്‌ഹ്‌, നഹ്‌വ്‌, ഇല്‍മുല്‍കലാം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടത്‌ മാത്രമാണ്‌. പക്ഷേ, ഖുര്‍ആനില്‍ പറയുന്ന ഇല്‍മ്‌ പ്രപഞ്ചത്തെയാകമാനം ഉള്‍ക്കൊള്ളുന്നതാണ്‌. ഇന്ന്‌ നാം ഫിസിക്‌സ്‌, കെമിസ്‌ട്രി, ആസ്‌ട്രോണമി തുടങ്ങിയ പേരുകളില്‍ പറയാറുള്ളതൊക്കെ ഖുര്‍ആനികഭാഷയില്‍ ഇല്‍മാണ്‌. ഇത്തരം വിഷയങ്ങളെല്ലാം അറിയുന്നവനാണ്‌ ആലിം. `അല്ലാഹുവിന്റെ അടിമകളില്‍ അവനെ ഭയപ്പെടുന്നത്‌ ആലിമുകള്‍ (പണ്ഡിതര്‍) മാത്രമായിരിക്കുമെ'ന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഒരുപാട്‌ ശാസ്‌ത്രവിഷയങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞ ശേഷമാണ്‌ ഇത്‌ പറഞ്ഞിട്ടുള്ളത്‌. ഇല്‍മിനെക്കുറിച്ച നമ്മുടെ സങ്കല്‍പം തെറ്റാണ്‌. ജ്ഞാനത്തിന്റെ നിസ്സാരമായൊരംശം മാത്രം മനസ്സിലാക്കിയവരെയാണിന്ന്‌ നാം ആലിം എന്ന്‌ പറയുന്നത്‌. വിശാല അര്‍ഥത്തിലുള്ള ഇല്‍മ്‌ നാം അവഗണിച്ചു. ഇത്തരമൊരു വിഷയം ബോധ്യം വന്നപ്പോഴാണ്‌ ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ താരതമ്യപഠനം നടത്താനും തദ്വിഷയകമായി എഴുതാനും പ്രസംഗിക്കാനുമൊക്കെ തുടങ്ങിയത്‌.
വായനയുടെ സ്വഭാവമെന്തായിരുന്നു?
ഉപകാരമുള്ളതേ വായിക്കൂ. നോവലുകള്‍ വായിക്കുന്ന പതിവില്ല. മതം,ശാസ്‌ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പുസ്‌തകങ്ങളാണ്‌ കൂടുതല്‍ വായിക്കാറ്‌. വായനക്കിടയില്‍ ലഭിക്കുന്ന പ്രധാന കാര്യങ്ങള്‍ കുറിച്ചുവെക്കാറുണ്ട്‌. വായനക്കിടയിലുണ്ടായ അനുഭവങ്ങളിലൊന്ന്‌ ഇമാം റാസിയുടെ തഫ്‌സീറില്‍നിന്ന്‌ ലഭിച്ച ചില അറിവുകളാണ്‌.
ജാലിനൂസ്‌ അലോപ്പതിയുടെ പൂര്‍വപിതാവാണ്‌. ഗ്യാലന്‍ എന്നാണ്‌ ഇംഗ്ലീഷില്‍ പറയുക. അദ്ദേഹം ഒരാളെ ചികിത്സിച്ചു. പക്ഷേ, അസുഖം മാറിയില്ല. ദീര്‍ഘനാള്‍ അതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചു. ഒരു ദിവസം രാത്രി അദ്ദേഹം ഒരു സ്വപ്‌നം കണ്ടു. രോഗിയുടെ രണ്ട്‌ വിരലുകള്‍ മുറിക്കുന്നതായിരുന്നു സ്വപ്‌നം. അദ്ദേഹം സ്വപ്‌നത്തില്‍ കണ്ടതുപോലെ ചെയ്‌തു. അതോടെ രോഗിയുടെ അസുഖം മാറി. ഇത്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌. മറ്റൊന്ന്‌ സൂറത്തുല്‍ അസ്വ്‌റിനെക്കുറിച്ചാണ്‌. കാലത്തെ പിടിച്ച്‌ അല്ലാഹു സത്യം ചെയ്‌തിരിക്കുന്നു. ഇമാം റാസി പറയുന്നു: ഞാന്‍ അതിനെ കുറിച്ച്‌ കുറേ ചിന്തിച്ചു. പക്ഷേ എന്താണതിന്റെ പൊരുള്‍ എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. അങ്ങനെ ഒരിക്കല്‍ ഞാന്‍ ബള്‍ഗാറില്‍ (ബള്‍ഗേറിയ ആയിരിക്കാം) പോയി. അവിടെ ഒരാള്‍ ഐസ്‌ തലയില്‍ വെച്ച്‌ വില്‍ക്കാന്‍ നടക്കുന്നു. അയാള്‍ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: `ഐസ്‌ വേണ്ടവര്‍ വേഗം വാങ്ങണം. ഇത്‌ കാലം പോലെയാണ്‌'. ഇതു കേട്ട്‌ ഞാന്‍ ചിന്തിച്ചു: കാലവും ഐസും തമ്മിലെന്താണ്‌ സാദൃശ്യം? ഐസ്‌ വേഗം അലിഞ്ഞലിഞ്ഞ്‌ വെള്ളമായിത്തീരും. കാലവും അങ്ങനെത്തന്നെ. പെട്ടെന്ന്‌ കടന്നുപോകും. പിന്നീട്‌ തിരിച്ചുകിട്ടില്ല. ഇതായിരിക്കണം അല്ലാഹു കാലത്തെ സത്യം ചെയ്യാന്‍ കാരണമെന്ന്‌ എനിക്ക്‌ തോന്നിയെന്ന്‌ ഇമാം റാസി രേഖപ്പെടുത്തിയിട്ടുണ്ട്‌.
മതപഠനമേഖല ആശാവഹമാണെന്ന്‌ പറയാന്‍ കഴിയുമോ? മദ്‌റസകള്‍, പള്ളിദര്‍സുകള്‍, അറബിക്‌ കോളേജുകള്‍ തുടങ്ങിയവയിലെ പഠനരീതികളെക്കുറിച്ച അഭിപ്രായം?
മുസ്‌ലിംസമൂഹത്തിന്റെ വിദ്യാഭ്യാസമേഖലക്ക്‌ സംഭവിച്ച ഏറ്റവും വലിയ ദുരന്തം മതപരം, ഭൗതികം എന്നിങ്ങനെ വിദ്യാഭ്യാസത്തെ വിഭജിച്ചു എന്നതാണ്‌. ഗുരുതരമായ അനന്തരഫലങ്ങളാണ്‌ ഈ വിഭജനം സൃഷ്‌ടിച്ചിട്ടുള്ളത്‌. ആരാധനാകാര്യങ്ങളെയും സാമ്പത്തികവും മറ്റുമായ ചില ഇടപാടുകളെയും കുറിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ളതായി മതപഠനം ചുരുങ്ങി. ഇസ്‌ലാമിന്റെ അടിത്തറയായ പരമസത്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന വിജ്ഞാനം മുസ്‌ലിംകളിലില്ലാതായി. ഈമാന്‍ കാര്യങ്ങളെന്ന പേരില്‍ എണ്ണി പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നതായി ഇത്‌ മാറി. വിശ്വാസത്തെ (ഈമാനിനെ) ഊട്ടിയുറപ്പിക്കാന്‍ അനിവാര്യമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള ജ്ഞാനശാഖകള്‍ `ഭൗതികം' എന്ന തലക്കെട്ടിനു താഴെയായി. ഇത്തരം വിഷയങ്ങള്‍ പഠിക്കുന്നത്‌ പരീക്ഷകള്‍ പാസ്സാകാനും ജോലി നേടാനും മറ്റു ഭൗതിക ലക്ഷ്യങ്ങള്‍ക്കും വേണ്ടിയായിത്തീര്‍ന്നു. ഏകദൈവത്വം, പരലോക ജീവിതം എന്നിവയിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ `ഭൗതിക'വിജ്ഞാനീയങ്ങള്‍ ഉപയോഗിക്കുന്നില്ല. അവക്ക്‌ അത്തരമൊരു മാനവും ഇന്ന്‌ കല്‍പിക്കപ്പെടുന്നില്ല.
ഇന്ന്‌ മുസ്‌ലിം വിദ്യാഭ്യാസരംഗത്തെ മുഖ്യമായ പരിപാടി സ്ഥാപനങ്ങള്‍ നടത്തലും കോഴ വാങ്ങലും സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യലുമൊക്കെയാണ്‌. ഭൗതികമെന്ന്‌ വിവക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസം യഥാര്‍ഥ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ഇഹലോകത്തും പരലോകത്തും അത്‌ വമ്പിച്ച പ്രയോജനം ചെയ്യുമായിരുന്നു. 

അറബിക്‌ കോളേജുകളില്‍നിന്നും ഇതര ഇസ്‌ലാമിക പാഠശാലകളില്‍നിന്നും ലഭിക്കുന്ന ഫലം ഒട്ടും ആശാവഹമല്ല. എന്താണ്‌ പരിഹാരം?
ഭൗതികവിഷയങ്ങള്‍ എന്ന്‌ പറയാറുള്ള ജ്ഞാനശാഖകളും അറബിക്‌ കോളേജുകളില്‍ പഠനവിഷയങ്ങളാകണം. അതിനാവശ്യമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താന്‍ അവര്‍ സന്നദ്ധരാകണം.
ജ്ഞാനവും വിജ്ഞാനവും രണ്ടാണ്‌. ജ്ഞാനം അറിവാണ്‌. വിജ്ഞാനമെന്നാല്‍ അറിവ്‌ മുഖേന നമ്മുടെ ഹൃദയത്തിന്‌ ലഭിക്കുന്ന വികാസവും കൂടിയാണ്‌. നമ്മുടെ വിദ്യാഭ്യാസത്തില്‍ വിജ്ഞാനമില്ല, ജ്ഞാനം മാത്രമേയുള്ളൂ. ഡോ. എസ്‌. രാധാകൃഷ്‌ണന്റെ ഒരു പുസ്‌തകത്തിന്റെ മുഖവുരയില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്‌ `ജ്ഞാനം വിജ്ഞാനസഹിതം സമ്പാദിക്കണം' എന്നാണ്‌. നോളജ്‌ വിസ്‌ഡത്തോടൊപ്പം, ഇല്‍മ്‌ ഇര്‍ഫാനോടൊപ്പം സമ്പാദിക്കണം.
മതപരം, ഭൗതികം എന്നിങ്ങനെ രണ്ട്‌ വിജ്ഞാനങ്ങളില്ല. എല്ലാ അറിവും ദൈവികമാണ്‌, ഖുര്‍ആനികമാണ്‌. മതവിജ്ഞാനം എന്ന്‌ ഇന്ന്‌ പറയുന്നത്‌ ആകെയുള്ള വിജ്ഞാനത്തിന്റെ വളരെ നിസ്സാരമായൊരു ഭാഗം മാത്രമാണ്‌.
വളരെ പ്രധാനപ്പെട്ട പലതും `മതപരം' എന്ന വിവക്ഷക്ക്‌ പുറത്താണ്‌. അല്ലാഹുവിന്റെ സൃഷ്‌ടികളെക്കുറിച്ച്‌ നാം പഠിക്കുന്നില്ല. `ആകാശ ഭൂമികളിലുള്ള അല്ലാഹുവിന്റെ സാമ്രാജ്യങ്ങളെക്കുറിച്ച്‌' പഠിക്കണമെന്ന്‌ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അതെല്ലാം ഭൗതികവിജ്ഞാനങ്ങളാണെന്നു പറഞ്ഞ്‌ അവഗണിക്കുന്നു. വാസ്‌തവത്തില്‍ മതവിജ്ഞാനത്തിന്റെ കാതലായ ഭാഗം അതാണ്‌.
ഇത്തരമൊരു ദുരന്തം എങ്ങനെ സംഭവിച്ചു?
യൂറോപ്പില്‍ മതവും ശാസ്‌ത്രവും തമ്മിലുണ്ടായ സംഘട്ടനം വൈജ്ഞാനിക മേഖലയെ കാര്യമായി ബാധിച്ചു. മതപരം, ഭൗതികം എന്നിങ്ങനെ വിജ്ഞാനങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. ഈ യൂറോപ്യന്‍ ചിന്താഗതി മുസ്‌ലിംസമൂഹത്തെയും സ്വാധീനിച്ചതിന്റെ ഫലമാണ്‌ ഈ ദുരന്തം.
കേരള മുസ്‌ലിംകള്‍ കഴിഞ്ഞ കാലത്ത്‌ ഭൗതികവിദ്യാഭ്യാസത്തില്‍നിന്ന്‌ മാറിനിന്ന സാഹചര്യമുണ്ടായിരുന്നുവല്ലോ?
ഭൗതികവിഷയങ്ങള്‍ പഠിക്കുന്നത്‌ തെറ്റാണെന്ന്‌ വിശ്വസിച്ചിരുന്ന പലരുമുണ്ടായിരുന്നു കേരള മുസ്‌ലിംകളില്‍. ഇംഗ്ലീഷ്‌ ഭാഷാപഠനം ഹറാമാണെന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ധാരാളം മതപണ്ഡിതന്മാരുണ്ടായിരുന്നു ഇവിടെ. മദ്രാസില്‍ പഠിക്കാന്‍ പോയ ഞാന്‍ ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ അമ്മാവന്റെ വീട്ടില്‍ പോയി. അവിടെ മൗലിദ്‌ നടക്കുന്നുണ്ടായിരുന്നു. വലിയ വലിയ പണ്ഡിതന്മാര്‍ തലയണപ്പുറത്തും സഹായികള്‍ പിറകിലും ഇരിക്കുന്നു. ചാവക്കാട്‌ മുഹമ്മദലി മുസ്‌ലിയാരും കുഞ്ഞഹമ്മദ്‌ ഹാജിയും തലയണപ്പുറത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും പ്രഗത്ഭര്‍. കുഞ്ഞഹമ്മദ്‌ ഹാജി പത്തുകൊല്ലം മദീനയില്‍ പോയി പഠിച്ച വ്യക്തിയാണ്‌. എന്നെ കണ്ടപ്പോള്‍ മുഹമ്മദലി മുസ്‌ലിയാര്‍ പറഞ്ഞു: `ആളുകള്‍ക്ക്‌ കഞ്ഞികുടിക്കാന്‍ വകയുണ്ടെങ്കില്‍ കുട്ടികളെ നരകത്തിലേക്ക്‌ തയാറാക്കുകയാണ്‌.' കുഞ്ഞഹമ്മദ്‌ ഹാജി ചോദിച്ചു: `നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?' എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ മുഹമ്മദലി മുസ്‌ലിയാര്‍ വിശദീകരിച്ചു: `കണ്ടില്ലേ, ഇവന്‍ മദ്രാസില്‍ പോയി ഇംഗ്ലീഷ്‌ പഠിക്കുകയാണ്‌. നരകത്തിലെ ഭാഷ. ഇശാ-മഗ്‌രിബിനിടയില്‍ ഇംഗ്ലീഷല്ലേ പറയുക.'
അതിനു ശേഷം 4 വര്‍ഷം കഴിഞ്ഞാണ്‌ ഞാന്‍ ഫാറൂഖ്‌ കോളേജില്‍ വരുന്നത്‌. ഞാന്‍ വന്ന്‌ മൂന്നാം വര്‍ഷം മുഹമ്മദലി മുസ്‌ലിയാര്‍ കോളേജില്‍ വന്നു. അദ്ദേഹത്തിന്റെ ഇളയമകന്‍ ഖാദറിനെ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ത്തു. ഖാദര്‍ രണ്ടു വര്‍ഷം ഇവിടെ പഠിച്ചു. പിന്നീട്‌ മെഡിസിന്‌ ചേര്‍ന്നു, ഡോക്‌ടറായി. റിട്ടയര്‍ ചെയ്‌തു. രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചു.
ഇതായിരുന്നു അവസ്ഥ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോട്‌ ആദ്യം എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. പിന്നീട്‌ അവര്‍ക്ക്‌ മാറ്റങ്ങള്‍ വന്നു. സ്വന്തം മക്കളെ ഭൗതികവിദ്യാഭ്യാസത്തിന്‌ അയക്കാന്‍ തുടങ്ങി.
സ്‌പെയിനും ബഗ്‌ദാദുമുള്‍പ്പെടെയുള്ള സമ്പന്ന ചരിത്രം പരിശോധിക്കുമ്പോള്‍ അവയെല്ലാം അറിയപ്പെട്ടത്‌ ശാസ്‌ത്ര-വൈജ്ഞാനികരംഗങ്ങളിലുള്ള വളര്‍ച്ചയുടെ പേരിലാണ്‌. പക്ഷേ, അത്തരമൊരവസ്ഥ വര്‍ത്തമാന മുസ്‌ലിംസമൂഹത്തിനില്ല. ഇതിനു കാരണം?
ശാസ്‌ത്ര-വൈജ്ഞാനികമേഖലകളൊന്നും ഇന്ന്‌ മതവുമായി ബന്ധപ്പെട്ടല്ല ഉള്ളത്‌. `ഭൗതിക'വിഷയങ്ങള്‍ പഠിക്കുന്നത്‌ മതത്തിന്റെ അടിസ്ഥാനത്തിലോ പ്രചോദനത്താലോ അല്ല. അബ്ബാസിയാ ഭരണകാലത്ത്‌ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതന്മാരിലൊരാള്‍ ഹുനൈനുബ്‌നു ഇസ്‌ഹാഖ്‌ എന്ന ക്രിസ്‌ത്യന്‍ ഭിഷഗ്വരനായിരുന്നു. അദ്ദേഹമൊരിക്കല്‍ ഇസ്‌ലാമിക പണ്ഡിതന്മാരോട്‌ ചോദിച്ചു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ വല്ലതും പറഞ്ഞിട്ടുണ്ടോ?' അവര്‍ നല്‍കിയ മറുപടി ഒരു നബിവചനമായിരുന്നു: `ആമാശയമാണ്‌ സര്‍വ രോഗങ്ങളുടെയും കേന്ദ്രം. പഥ്യമാണ്‌ എല്ലാ ശമനങ്ങള്‍ക്കും അടിസ്ഥാനം.' ഇതു കേട്ട്‌ ഹുനൈന്‍ പറഞ്ഞു: `നിങ്ങളുടെ മതത്തില്‍ വൈദ്യശാസ്‌ത്രത്തെക്കുറിച്ച്‌ ഇനിയൊന്നും പറയാനില്ലല്ലോ. മുഴുവന്‍ ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌.' അന്നത്തെ പണ്ഡിതന്മാര്‍ എല്ലാ വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു. മതപണ്ഡിതന്‍ എന്നറിയപ്പെട്ടവരും മറ്റു വിഷയങ്ങള്‍ അറിയുകയും അംഗീകരിക്കുകയും ചെയ്‌തിരുന്നു. പില്‍ക്കാലത്ത്‌ നിര്‍ഭാഗ്യവശാല്‍ ഇതിലെല്ലാം മാറ്റം വന്നു.
സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ്‌ ഇങ്ങനെയാണ്‌: `നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം അളക്കുവിന്‍. അതില്‍ അനുഗ്രഹമുണ്ട്‌.' ഒരു മതപണ്ഡിതനോട്‌ ഞാനിതിനെക്കുറിച്ച്‌ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: `പ്രസ്‌തുത ഹദീസ്‌ കിതാബുല്‍ ബൈഇല്‍(കച്ചവടത്തെക്കുറിച്ച അധ്യായം) ആണ്‌ വന്നിട്ടുള്ളത്‌. ഭക്ഷണസാധനങ്ങള്‍ അളന്നുകൊടുക്കണമെന്നാണ്‌ ഈ ഹദീസിന്റെ ഉദ്ദേശ്യം.'
ഞാന്‍ മനസ്സിലാക്കിയത്‌ അതല്ല. ഭക്ഷണം കഴിക്കുമ്പോള്‍ അളന്ന്‌ കണക്കാക്കി കഴിക്കണം, ഇത്രയേ ഞാന്‍ കഴിക്കൂ എന്ന്‌ തീരുമാനിക്കണം. നമ്മുടെ ഇപ്പോഴത്തെ രീതി വയറു നിറക്കലാണ്‌. ഇത്‌ ശരിയല്ല. മറ്റൊരു ഹദീസില്‍ വയറിന്റെ മൂന്നിലൊന്നേ ഭക്ഷണം കഴിക്കാവൂ എന്നുണ്ട്‌. ശേഷിക്കുന്ന ഒരു ഭാഗം വെള്ളം കുടിക്കണം. മൂന്നാമത്തെ ഭാഗം ശ്വാസോഛ്വാസത്തിനു വേണ്ടി ഒഴിച്ചിടണം. അതും ഒരുതരം അളക്കലാണല്ലോ.
ഈ രണ്ട്‌ ഹദീസുകളും പരസ്‌പരബന്ധിതമാണല്ലോ?
അതേ. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത്‌ ആശയം മനസ്സിലാക്കേണ്ടതാണ്‌. പക്ഷേ, ബുഖാരി തന്നെ ഇത്‌ കച്ചവടത്തെക്കുറിച്ചുള്ള അധ്യായത്തിലാണ്‌ കൊടുത്തിട്ടുള്ളത്‌. ഹദീസിന്റെ ആശയം മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമാണിത്‌.
ഇത്തരം വ്യാഖ്യാനങ്ങള്‍ ഫിഖ്‌ഹിലാണല്ലോ കാണുന്നത്‌?
അതേ. ഫിഖ്‌ഹ്‌ യഥാര്‍ഥത്തില്‍ വിജ്ഞാനത്തിന്റെ ഒരു നിസ്സാര ഭാഗമാണ്‌. നിസ്സാരമെന്ന്‌ പറഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ എതിര്‍ക്കും. ദീനിന്റെ കാര്യത്തെ നിസ്സാരവത്‌കരിക്കുകയാണെന്ന്‌ ധരിക്കും. പക്ഷേ, അങ്ങനെയല്ല. നമുക്ക്‌ പഠിക്കാനുള്ളത്‌ വളരെ വിശാലമാണ്‌. മുസ്‌ലിംസമുദായം തേടുന്നത്‌ വിജ്ഞാനമല്ല, ഫിഖ്‌ഹാണ്‌. ഫിഖ്‌ഹ്‌ നാം തെറ്റിദ്ധരിച്ച മതവിജ്ഞാനമാണ്‌. ഇസ്‌ലാമികമായി ജീവിക്കാനാവശ്യമായ നിയമങ്ങള്‍ അറിയാനാണ്‌ ഫിഖ്‌ഹ്‌. പക്ഷേ, പലരും ജീവിക്കുന്നതു തന്നെ ഫിഖ്‌ഹിനാണ്‌.
മതവിദ്യാലയങ്ങളില്‍ പൊതുവെ ഖുര്‍ആനേക്കാള്‍ പ്രാധാന്യം ഫിഖ്‌ഹിനാണല്ലോ നല്‍കപ്പെടുന്നത്‌?
ഖുര്‍ആന്‍ ഓതാന്‍ പഠിക്കുക, കുറച്ച്‌ തജ്‌വീദ്‌ അഥവാ പാരായണ നിയമം മനസ്സിലാക്കുക, അല്‍പം മനഃപാഠമാക്കുക- ഇതാണ്‌ പ്രധാനമായും നടക്കുന്നത്‌. അര്‍ഥം പഠിക്കുന്നത്‌ തീരെ വൈകിയാണ്‌, വിശദീകരണം പഠിക്കുന്നത്‌ വളരെ കുറവും. ഖുര്‍ആനെക്കുറിച്ച പഠനവും ഗവേഷണവും ചിന്തയുമാണുണ്ടാകേണ്ടത്‌. പക്ഷേ, ഈ വശം സമുദായം അവഗണിച്ചിരിക്കുന്നു. ഇന്ന ഫീ ഖല്‍ഖിസ്സമാവാത്തി... എന്നു തുടങ്ങുന്ന, പ്രാപഞ്ചിക ദൃഷ്‌ടാന്തങ്ങളില്‍ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആയത്ത്‌ ഇറങ്ങിയത്‌ രാത്രിയായിരുന്നു. അടുത്ത ദിവസം രാവിലെ സ്വുബ്‌ഹിന്‌ ബിലാല്‍(റ) നബി(സ)യുടെ അടുത്ത്‌ വന്നു. നബി(സ) സുജൂദില്‍ കിടന്ന്‌ കരയുകയായിരുന്നു. ബിലാല്‍(റ) അന്വേഷിച്ചപ്പോള്‍ നബി(സ) പ്രസ്‌തുത ആയത്ത്‌ ഓതിക്കേള്‍പ്പിച്ചു. എന്നിട്ട്‌ പറഞ്ഞു: `ഈ ആയത്ത്‌ ഓതുകയും അതേക്കുറിച്ച്‌ ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ്‌ നാശം'. ഇത്‌ മൂന്നു തവണ നബി(സ) ആവര്‍ത്തിച്ചു.
എല്ലാ വിജ്ഞാനശാഖകളിലും ഖുര്‍ആനികാടിത്തറകളില്‍നിന്ന്‌ പഠനവും ഗവേഷണവും ചിന്തയും നടക്കേണ്ടതുണ്ടെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ വശം അവഗണിച്ചതാണ്‌ വൈജ്ഞാനികരംഗത്ത്‌ നാം പിറകോട്ടു പോകാന്‍ കാരണം.
കേരളീയ മുസ്‌ലിം സമൂഹത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍?
നമ്മുടെ പഴയകാലം പല കാരണങ്ങളാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞതായിരുന്നു. ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സാഹസികമായ പ്രവര്‍ത്തനങ്ങളാണ്‌ ഇതിന്‌ മാറ്റം വരുത്തിയത്‌. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ചും ജീവന്‍ പണയം വെച്ചും വലിയ ജിഹാദാണ്‌ അവര്‍ നടത്തിയത്‌. നവോത്ഥാനത്തിന്റെ ഫലമായുണ്ടായ മാറ്റങ്ങള്‍ സ്വീകരിച്ചവരും ജിഹാദാണ്‌ ചെയ്‌തത്‌. നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കുകയെന്നത്‌ അന്ന്‌ അപകടകരവും വലിയ ത്യാഗം ആവശ്യമുള്ളതുമായിരുന്നു.
ഇവിടെ മതമെന്നത്‌ നമസ്‌കാരം, നോമ്പ്‌ എന്നിവയില്‍ പരിമിതമായിരുന്നു. സകാത്ത്‌ ശരിയായ രൂപത്തിലല്ലാതെ ചിലരൊക്കെ കൊടുക്കാറുണ്ടായിരുന്നു. ചിലര്‍ ഹജ്ജിനു പോയിരുന്നു. ബാക്കി ജീവിതരംഗങ്ങളിലൊന്നും മതമുണ്ടായിരുന്നില്ല. സാമ്പത്തിക-സാമൂഹിക രംഗങ്ങളിലൊന്നും മതത്തിന്‌ പ്രവേശനമുണ്ടായിരുന്നില്ല.
ഇസ്‌തിഗാസയും മൗലിദ്‌, റാത്തീബ്‌ തുടങ്ങി നിരവധി അനാചാരങ്ങളും വ്യാപകമായിരുന്നു. നമസ്‌കാരവും സകാത്തും കൃത്യമായി നിര്‍വഹിക്കാതെ ആളുകള്‍ ഇത്തരം അനാചാരങ്ങളില്‍ സജീവമായിരുന്നു. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യമില്ലാത്തവരും എല്ലാ അറബ്‌ മാസവും പത്തിനും പതിനൊന്നിനും മുസ്‌ലിയാക്കന്മാരെ വിളിച്ച്‌ മൗലിദും മറ്റും നടത്തുകയും വിഭവസമൃദ്ധമായ സദ്യകള്‍ ഒരുക്കുകയും ചെയ്‌തിരുന്നു. പേരിനു പോലും നമസ്‌കരിക്കാത്ത അവരോട്‌ മുസ്‌ലിയാക്കന്മാര്‍ അതിനെക്കുറിച്ച്‌ ചോദിക്കുകയോ പറയുകയോ ഇല്ല. നമസ്‌കരിച്ചില്ലെങ്കിലും മൗലിദ്‌ കഴിച്ചാല്‍ സ്വര്‍ഗം കിട്ടും എന്നായിരുന്നു അവരുടെ സങ്കല്‍പം. ഈ അവസ്ഥക്ക്‌ മാറ്റം വരുത്തിയതും വലിയൊരു വിഭാഗത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിച്ചതും നവോത്ഥാന പ്രസ്ഥാനങ്ങളാണ്‌.
ദീര്‍ഘകാലമായി ഖുത്വ്‌ബ നിര്‍വഹിച്ചുവരുന്ന വ്യക്തിയാണല്ലോ താങ്കള്‍. ഖത്വീബുമാരോട്‌ പ്രത്യേകമായ ഉപദേശങ്ങള്‍?
ഹൃദയത്തില്‍നിന്ന്‌ ഹൃദയത്തിലേക്ക്‌ ഒഴുകുന്നതാകണം ഖുത്വ്‌ബ. ബുദ്ധിയില്‍നിന്ന്‌ ബുദ്ധിയോട്‌ പറയുന്നതാകരുത്‌. ഈമാനും തഖ്‌വയും വര്‍ധിപ്പിക്കുന്ന വിഷയങ്ങളാകണം ഖുത്വ്‌ബയില്‍ പറയേണ്ടത്‌. ഖുത്വ്‌ബ പ്രസംഗമല്ല, പ്രസംഗമാകരുത്‌. ഖത്വീബ്‌ ശ്രോതാക്കളുടെ ബുദ്ധിയോടല്ല, ഹൃദയങ്ങളോടാണ്‌ സംസാരിക്കേണ്ടത്‌. ഹൃദയം തുറന്നുവെച്ചിരിക്കുന്നവര്‍ക്ക്‌ അത്‌ ഫലം ചെയ്യും. ഖത്വീബിന്റെ വാക്കുകള്‍ അവരുടെ ഹൃദയത്തില്‍ സ്വാധീനം ചെലുത്തും. ഹൃദയം അടച്ചുവെച്ച്‌ ബുദ്ധി തുറന്നുവെച്ച്‌ വരുന്നവര്‍ക്ക്‌ ഖുത്വ്‌ബ ഫലം ചെയ്യില്ല. ഇതാണ്‌ എന്റെ അനുഭവം. രാഷ്‌ട്രീയവിഷയങ്ങളും ആനുകാലിക പ്രശ്‌നങ്ങളും ഖുത്വ്‌ബക്ക്‌ വിഷയമാക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല. അതേസമയം വിഷയങ്ങളുമായി ബന്ധമുള്ള ആനുകാലിക പ്രശ്‌നങ്ങള്‍ ഞാന്‍ പരാമര്‍ശിക്കാറുണ്ട്‌.
സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളില്‍ വരെ ഖുത്വ്‌ബ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്‌. ഞാന്‍ അസുഖമായി കിടക്കുമ്പോള്‍ ഒരാള്‍ വന്നു. ട്രോളി വലിച്ച്‌ ജീവിക്കുന്ന വ്യക്തിയാണ്‌. വലിയൊരു കുടുംബമാണ്‌ അദ്ദേഹത്തിന്റേത്‌. അവരുടെയൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ അദ്ദേഹമാണ്‌. ഖുത്വ്‌ബ കേട്ടിട്ടാണ്‌ തനിക്ക്‌ മാറ്റമുണ്ടായതെന്ന്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. ഖുത്വ്‌ബയില്‍ കേട്ട ആശയങ്ങള്‍ വെച്ചുകൊണ്ട്‌ കുറേ കവിതകള്‍ അദ്ദേഹം എഴുതുകയുണ്ടായി. അവയില്‍ ചിലത്‌ എന്നെ കേള്‍പ്പിച്ചു. നല്ല കവിതകളാണ്‌.
ചിലര്‍ നല്ല ഖത്വീബുമാരെ അന്വേഷിച്ചു നടക്കാറുണ്ട്‌. മികച്ച പ്രസംഗകരെ എവിടെനിന്നെങ്കിലും കൊണ്ടുവന്ന്‌ ഖുത്വ്‌ബ നടത്തിക്കും. യഥാര്‍ഥത്തില്‍ ഓരോ പള്ളിയിലും അതത്‌ പ്രദേശങ്ങളിലെ ആളുകളാണ്‌ ഖുത്വ്‌ബ നടത്തേണ്ടത്‌. ഓരോ പ്രദേശത്തെയും ഈമാനും തഖ്‌വയും കൂടുതലുള്ള യോഗ്യരായ ആളുകള്‍ ഖത്വീബുമാരാകണം. ശമ്പളം നല്‍കി ഇമാമിനെയും ഖത്വീബിനെയും നിശ്ചയിക്കുന്നത്‌ ശരിയല്ലെന്നാണ്‌ എന്റെ വീക്ഷണം. ഖുത്വ്‌ബക്കും ഇമാമത്തിനും ബാങ്കുവിളിക്കുമൊന്നും ശമ്പളം വാങ്ങരുത്‌.
ഇമാമിന്റെയും മുഅദ്ദിന്റെയും ജീവിതച്ചെലവുകള്‍?
പള്ളിയിലെ ബാങ്കുവിളിയും ഇമാമത്തും ഖുത്വ്‌ബയുമൊന്നും ഒരു ജോലിയല്ല. ഓരോ പള്ളിയിലും നമസ്‌കരിക്കാന്‍ വരുന്നവരില്‍ കൂടുതല്‍ തഖ്‌വയുള്ളവരാണ്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കേണ്ടത്‌. പള്ളിയിലെ മറ്റു കാര്യങ്ങളും പ്രദേശവാസികള്‍ ശ്രദ്ധിക്കണം. പള്ളിപരിപാലനത്തിനും ഇമാമത്തിനുമൊക്കെ ശമ്പളം കൊടുത്ത്‌ ആളുകളെ നിയമിക്കുന്നതുകൊണ്ട്‌ പള്ളി തങ്ങളുടേതാണെന്ന ബോധം മഹല്ല്‌ നിവാസികള്‍ക്ക്‌ ഇല്ലാതെ പോകുന്നു. അറബികള്‍ പള്ളിയുണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയതോടെ ആ ബോധം തീരെ ഇല്ലാതായിരിക്കുന്നു. പള്ളിയിലെ എല്ലാ പണികളും നമസ്‌കരിക്കാന്‍ വരുന്നവര്‍ ചെയ്യണം.
ഖുത്വ്‌ബയും ഇമാമത്തും ജോലിയാകുമ്പോള്‍ ക്രൈസ്‌തവ സമൂഹത്തിലെ പോലെ മതപുരോഹിതന്മാര്‍ മുസ്‌ലിംകളിലും രൂപപ്പെടുന്നു എന്ന നിരീക്ഷണത്തെക്കുറിച്ച്‌?
ശരിയാണ്‌. ഇസ്‌ലാമില്‍ പൗരോഹിത്യമില്ല. പ്രത്യേകമായൊരു പണ്ഡിത സഭയും ദീനിലില്ല. പാണ്ഡിത്യം കൂടിയവരും കുറഞ്ഞവരുമെല്ലാം ചേര്‍ന്നതാണ്‌ മുസ്‌ലിംസമൂഹം. അവരില്‍ പ്രത്യേക അധികാരാവകാശങ്ങളുള്ള പുരോഹിതവൃന്ദത്തിന്‌ സ്ഥാനമില്ല.
മുസ്‌ലിംസമൂഹത്തിന്റേതായി നിരവധി പ്രസിദ്ധീകരണങ്ങള്‍ ഇന്ന്‌ പുറത്തിറങ്ങുന്നുണ്ട്‌. അവയുടെ നിലവാരവും സ്വാധീനവും എങ്ങനെ വിലയിരുത്തുന്നു?
പ്രസംഗങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മത്സരസ്വഭാവമാണ്‌ മുഴച്ചുനില്‍ക്കുന്നത്‌. മത്സരത്തിന്റെ അടിസ്ഥാനം സമുദായമാണ്‌. ദീനീപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌ ഇന്ന്‌ സമുദായത്തെയാണ്‌. യഥാര്‍ഥത്തില്‍ നാം ശ്രമിക്കേണ്ടത്‌ വ്യക്തികളെ സംസ്‌കരിക്കാനാണ്‌. മുസ്‌ലിം സമുദായത്തെയല്ല വ്യക്തികളെയാണ്‌, വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയാണ്‌ അല്ലാഹു പരിഗണിക്കുക. ബാഹ്യമായ അര്‍ഥത്തില്‍ മുസ്‌ലിമാവുകയും മുസ്‌ലിം സമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നല്ല, മനസ്സില്‍ ഈമാനും തഖ്‌വയുമുണ്ടോ എന്നതാണ്‌ പരിഗണനീയം. ഒരു ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട രക്തസാക്ഷിയും പണ്ഡിതനും ധര്‍മിഷ്‌ഠനും സമുദായത്തിനു വേണ്ടി പ്രകടനാത്മകമായി പ്രവര്‍ത്തിച്ചവരായിരുന്നു. പക്ഷേ, ഹൃദയശുദ്ധിയുണ്ടായിരുന്നില്ല. അതുകൊണ്ട്‌ അവരുടെ ജിഹാദും അറിവും ദാനവുമെല്ലാം നിഷ്‌ഫലമാവുകയാണ്‌ ചെയ്യുന്നത്‌. അവര്‍ നരകത്തിലേക്ക്‌ പോവുകയും ചെയ്യുന്നു.
മതസംഘടനകള്‍ സമുദായത്തെ മാത്രം ടാര്‍ഗറ്റ്‌ ചെയ്യുന്നുവെന്നാണോ സൂചിപ്പിക്കുന്നത്‌?
അതേ. സമുദായം ഇന്നൊരു `കുട്ടി ദൈവ'മായി മാറിയിരിക്കുന്നു. നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ സാമുദായികമായി ഒന്നും നാം കാണുകയില്ല. നബി(സ)യുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം നാം പഠിക്കേണ്ടതുണ്ട്‌. നബി(സ) മക്കയിലെ പൗരപ്രമുഖരെ വിളിച്ചിരുത്തി സംസാരിക്കാന്‍ തുടങ്ങി. അവര്‍ ഇസ്‌ലാം സ്വീകരിക്കണമെന്നതായിരുന്നു നബിയുടെ ആഗ്രഹം. അവരോട്‌ സംഭാഷണം നടത്തിക്കൊണ്ടിരിക്കെ അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം സദസ്സിലേക്ക്‌ വന്നു. നബി(സ)യോട്‌ ദീനിനെക്കുറിച്ചറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. പക്ഷേ, നബി(സ) പൗരപ്രമുഖരോട്‌ സംസാരം തുടര്‍ന്നു.
പക്ഷേ, അല്ലാഹുവിന്‌ അത്‌ ഇഷ്‌ടമായില്ല. ശക്തമായ ഭാഷയില്‍ ഖുര്‍ആനില്‍ ഒരധ്യായം തന്നെ ഇറങ്ങി- സൂറഃ അബസ. സന്മാര്‍ഗം കൊതിച്ചുവന്ന വ്യക്തിയെ അവഗണിക്കുകയും പൗരപ്രമുഖരുടെ ആള്‍ക്കൂട്ടത്തെ ലക്ഷ്യം വെക്കുകയും ചെയ്‌ത നബി(സ)യുടെ നടപടിയാണിവിടെ വിമര്‍ശനവിധേയമായിട്ടുള്ളത്‌. ഇതില്‍ നമുക്ക്‌ വലിയ പാഠമുണ്ട്‌.
വ്യക്തികളെ സംസ്‌കരിക്കാതെ, മത്സരസ്വഭാവത്തില്‍ ആള്‍ക്കൂട്ടങ്ങളെ ഉണ്ടാക്കാനും ശക്തി തെളിയിക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണിന്ന്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇത്‌ ഗുണം ചെയ്യില്ലെന്നു മാത്രമല്ല, വലിയ ദുരന്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. അണികളില്‍ കൊള്ളരുതാത്തവരും ദുഷിച്ചവരുമുണ്ടെങ്കിലും പലരും അത്‌ പരിഗണിക്കുന്നില്ല. അവരെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നുമില്ല.
ആദ്യകാല മുസ്‌ലിം നേതാക്കള്‍ക്ക്‌ അനുയായികളുടെ അംഗസംഖ്യ പ്രശ്‌നമായിരുന്നില്ല. ഇന്ന്‌ അനുയായികളുടെ എണ്ണം പ്രശ്‌നമാണ്‌. അനുയായികളുടെ അംഗബലം നോക്കിയിട്ടല്ല, സത്യത്തിന്റെയും മൂല്യത്തിന്റെയും അടിസ്ഥാനത്തിലാകണം നേതൃത്വം നിലകൊള്ളേണ്ടത്‌. സൂറഃ അബസയുടെ പശ്ചാത്തലം നമ്മെ പഠിപ്പിക്കുന്നതിതാണ്‌.
പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണ-പ്രത്യാരോപണങ്ങളെക്കുറിച്ച്‌?
അല്ലാഹുവിനെ ഭയമില്ലാത്തതുകൊണ്ടാണ്‌ മതസംഘടനകള്‍ക്ക്‌ ഇങ്ങനെയൊക്കെ പെരുമാറാന്‍ കഴിയുന്നതെന്നാണ്‌ എന്റെ അഭിപ്രായം. ഒരു വിഭാഗം മറുവിഭാഗത്തെ എതിരാളികളായി കണ്ട്‌ അധിക്ഷേപിച്ചാല്‍ പരലോകത്ത്‌ നേട്ടമുണ്ടാകുമോ? പരലോകം നഷ്‌ടപ്പെടുകയാണ്‌ ഇതിന്റെയൊക്കെ ഫലമെങ്കില്‍ ഇതിനൊക്കെ എന്തര്‍ഥമാണുള്ളത്‌?
ആളുകളോട്‌ സൗമ്യമായി പെരുമാറണമെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. സൗമ്യതയും സഹിഷ്‌ണുതയും നമുക്ക്‌ നഷ്‌ടപ്പെടുകയാണ്‌. വിട്ടുവീഴ്‌ച ചെയ്യുന്നവര്‍ക്ക്‌ പരലോകത്ത്‌ വലിയ പ്രതിഫലമാണുള്ളത്‌.
സമുദായത്തിലെ അനൈക്യവും സംഘടനകള്‍ക്കിടയില്‍ കലഹം വര്‍ധിക്കുന്നതും സങ്കുചിത മനസ്‌കതയുടെയും അസഹിഷ്‌ണുതയുടെയും ഫലമായിത്തന്നെയല്ലേ?
മതസംഘടനകളുടെ പല പ്രവര്‍ത്തനങ്ങളും ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ദീനിനെ യഥാര്‍ഥ രൂപത്തില്‍ ഉള്‍ക്കൊള്ളാനോ നടപ്പിലാക്കാനോ കാഴ്‌ചവെക്കാനോ പലപ്പോഴും നമുക്ക്‌ സാധിക്കുന്നില്ല. നാം ഒരുമിച്ചുനില്‍ക്കേണ്ടവരാണ്‌. `നിങ്ങള്‍ ഒന്നിച്ച്‌ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക' എന്നാണ്‌ ഖുര്‍ആന്റെ ആഹ്വാനം. `നിങ്ങള്‍ ഭിന്നിക്കരുതെന്നും' അല്ലാഹു വ്യക്തമായി പറഞ്ഞിരിക്കുന്നു. ഐക്യം അനുഗ്രഹവും ഭിന്നത നാശവുമാണെന്ന്‌ ഇതോടൊപ്പം തന്നെ വിശദീകരിച്ചത്‌ കാണാം. ഇതാണ്‌ അല്ലാഹുവിന്റെ ദീന്‍. പക്ഷേ, നാം സംഘടനകളുണ്ടാക്കുമ്പോള്‍ പലപ്പോഴും പരിമിതമായ വൃത്തത്തിലേക്ക്‌ ചുരുങ്ങിപ്പോവുകയും വിശാലത നഷ്‌ടപ്പെടുകയുമാണ്‌. വിശാലമനസ്‌കതയും വിട്ടുവീഴ്‌ചയും ഏറ്റവുമധികം കാണിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയാണ്‌. പക്ഷേ, ജമാഅത്തിനുപോലും പൂര്‍ണാര്‍ഥത്തില്‍ വിജയിക്കാന്‍ കഴിയുന്നുണ്ടോ എന്ന്‌ ചിന്തിക്കേണ്ടതാണ്‌.
പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സംഘടനക്ക്‌ എന്തു നേട്ടമുണ്ടാകുന്നുവെന്നല്ല, ദീനിന്‌ എന്ത്‌ ലഭിക്കുന്നുവെന്നാണ്‌ നാം ആലോചിക്കേണ്ടത്‌. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുകയോ, വഴിതെറ്റി ജീവിച്ചിരുന്ന ഒരു മുസ്‌ലിം സച്ചരിതനാവുകയോ ചെയ്‌താല്‍ എല്ലാ സംഘടനക്കാരും അയാളെ സമീപിച്ച്‌ തങ്ങളുടെ സംഘടനയിലേക്ക്‌ ക്ഷണിക്കുന്നു. അയാള്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിക്കട്ടെ എന്ന്‌ ആരും തീരുമാനിക്കില്ല.
പഞ്ചാബുകാരനായ ഡോ. അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ വയനാട്ടില്‍ താമസിച്ചിരുന്നു. ചെറുപ്പത്തില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തിയാണദ്ദേഹം. നാലഞ്ചു വര്‍ഷം മുമ്പായിരുന്നു മരണം. നല്ല കര്‍ഷകനും യൂനാനി ഡോക്‌ടറുമായിരുന്നു. ഇടക്കിടെ അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. ഒരിക്കല്‍ വന്നപ്പോള്‍ മുന്‍ ഉപപ്രധാനമന്ത്രി ജഗ്‌ജീവന്‍ റാമിന്റെ ഒരു കത്ത്‌ എനിക്ക്‌ വായിക്കാന്‍ തന്നു. ജഗ്‌ജീവന്‍ റാമിനെ ഇസ്‌ലാമിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ എഴുതിയ കത്തിനുള്ള മറുപടിയായിരുന്നു അത്‌. കത്തിലിങ്ങനെ എഴുതിയിരുന്നു: `താങ്കളാവശ്യപ്പെട്ട വിഷയം ദീര്‍ഘകാലമായി എന്റെ പരിഗണനയിലുള്ളതാണ്‌. പക്ഷേ, എനിക്കൊരു കാര്യം അറിയണമെന്നുണ്ട്‌: ഞാന്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഏത്‌ ജാതിയിലാണ്‌ ഉള്‍പ്പെടുക?'
യഥാര്‍ഥത്തില്‍ ഇസ്‌ലാമില്‍ ജാതീയതയില്ല. പക്ഷേ, വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിരവധി `ജാതികളു'ണ്ട്‌. പലതും തൊഴിലടിസ്ഥാനത്തിലാണ്‌. അതൊന്നും ദീന്‍ പഠിപ്പിച്ചതല്ല. ഉത്തരേന്ത്യയിലെ അത്രതന്നെയില്ലെങ്കിലും ചെറിയ രൂപത്തിലുള്ള `ജാതീയത' കേരളത്തിലെ മതസംഘടനകള്‍ക്കിടയിലുമുണ്ട്‌. വിവാഹപരസ്യങ്ങള്‍ ഇതിന്റെ സൂചനകളാണ്‌.
ഇത്തരം സങ്കുചിതത്വങ്ങള്‍ക്ക്‌ മാറ്റം വരേണ്ടതുണ്ട്‌. ശഹാദത്ത്‌ കലിമ പ്രഖ്യാപിച്ചവരെല്ലാം മുസ്‌ലിംകളാണ്‌. അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുണ്ടെങ്കില്‍ അത്‌ മാറ്റാന്‍ പരിശ്രമിക്കണം. വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കും മറ്റും ഊന്നല്‍ കൊടുക്കണം. സംഘടനാപരമായ മത്സരങ്ങള്‍ ഉപേക്ഷിക്കണം.
ഞാനൊരിക്കല്‍ കര്‍ണാടകയിലെ ബട്‌കലില്‍ പോയി. അവിടെ നാല്‍പതിലധികം പള്ളികളുണ്ട്‌. എല്ലാ വഖ്‌ത്തിലും നമസ്‌കരിക്കാന്‍ ധാരാളം ആളുകളുണ്ടാകും. സ്‌ത്രീകളും പുരുഷന്മാരുമൊക്കെ ദീനീചിട്ട പാലിക്കുന്നവരാണ്‌. പെണ്‍കുട്ടികള്‍ ഹിഫ്‌ള്‌ പഠിക്കുന്നുണ്ട്‌. പല സംഘടനകളില്‍പെട്ടവരുണ്ട്‌ അവിടെ. അവരില്‍ ഞാന്‍ കണ്ട ഒരു ഗുണം, വിവാഹം നിശ്ചയിച്ചാല്‍ മഹല്ലിലെ ഖാദിയെയോ ഉത്തരവാദപ്പെട്ടവരെയോ അറിയിക്കും. ഖാദി കാര്യങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞ ശേഷം വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ക്ക്‌ വിവാഹച്ചെലവ്‌ നിശ്ചയിച്ചുകൊടുക്കും. ഖാദി തീരുമാനിച്ചതിലധികം പണം ചെലവഴിക്കാതെയാണ്‌ അവര്‍ വിവാഹം നടത്തുക. ഇത്‌ വളരെ ഉദാത്തമായ ഒന്നാണ്‌.
പള്ളികളേക്കാളേറെ ദര്‍ഗകളുണ്ടവിടെ. പക്ഷേ, ഒരു ദര്‍ഗയും പ്രവര്‍ത്തിക്കുന്നില്ല. എല്ലാം അടച്ചിട്ടിരിക്കുന്നു. താക്കോല്‍ മുതവല്ലി സൂക്ഷിച്ചിരിക്കുന്നു. അതിനെക്കുറിച്ച്‌ പഠിച്ചപ്പോള്‍ എനിക്ക്‌ മനസ്സിലായ ഒരു കാര്യം, ദര്‍ഗയെ എതിര്‍ത്തുകൊണ്ട്‌ അവിടെ പ്രസംഗങ്ങള്‍ നടന്നിട്ടില്ല എന്നാണ്‌. ഒരു പ്രസംഗം നടന്നാല്‍ മിക്കവാറും ദര്‍ഗകള്‍ സജീവമാകും. പ്രകോപനമുണ്ടാക്കാതെ, സൗമ്യമായും വ്യക്തിസംഭാഷണങ്ങളില്‍ ഊന്നിയും പ്രബോധനം ചെയ്‌താല്‍ അനാശാസ്യമായ ഇത്തരം അനാചാരങ്ങള്‍ ഇല്ലായ്‌മ ചെയ്യാനാകും. മത്സരസ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച്‌, ജീവിതം കൊണ്ട്‌ പ്രബോധനം ചെയ്യാന്‍ ശ്രദ്ധിക്കണം.
മഹല്ല്‌ സംവിധാനങ്ങള്‍തന്നെ ഇന്ന്‌ രാഷ്‌ട്രീയക്കളരികളായിരിക്കുന്നു. പല മഹല്ലുകളുടെയും നേതൃത്വത്തില്‍ നിരീശ്വരവാദികളുണ്ട്‌. ദീനീബോധമില്ലാത്തവരുമുണ്ട്‌. പിന്നെ എങ്ങനെ മഹല്ല്‌ നന്നാകും? വാസ്‌തവത്തില്‍ മഹല്ലാണ്‌ മുസ്‌ലിംകളുടെ പ്രാദേശിക സംഘടനയാകേണ്ടത്‌. മഹല്ലുകള്‍ നന്നാകണമെങ്കില്‍ ജനങ്ങള്‍ക്ക്‌ നല്ല മനസ്സുണ്ടാകണം, പാര്‍ട്ടി മനസ്സുണ്ടാകരുത്‌.
സംഘടനകള്‍ തന്നെ അനാവശ്യമാണെന്നും അവ പിരിച്ചുവിടണമെന്നുമുള്ള വാദത്തെക്കുറിച്ച്‌?
സംഘടനകളെല്ലാം പിരിച്ചുവിടുകയെന്നത്‌ അപ്രായോഗികമാണ്‌. ഒരു സംഘടന പിരിച്ചുവിട്ടാല്‍ പുതിയ രണ്ടെണ്ണം അതില്‍നിന്നുതന്നെ ഉണ്ടാകും. സംഘടനകളുടെ പ്രവര്‍ത്തന സ്വഭാവത്തിലും സമീപനരീതികളിലും മാറ്റം വരുത്തണം. ദീനീവിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകള്‍ ഊതിപ്പെരുപ്പിക്കാതിരിക്കുകയും സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും വേണം.
ഒരു ഖുത്വ്‌ബയില്‍ ഞാന്‍ സംഘടനാ സങ്കുചിതത്വത്തെക്കുറിച്ച്‌ പറഞ്ഞു. ഖുത്വ്‌ബ കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ കുറേ ചെറുപ്പക്കാര്‍ എന്നെ വന്ന്‌ കണ്ടു. അവര്‍ പറഞ്ഞു: `സംഘടനകള്‍ വേണ്ട, സ്വതന്ത്രമായി നില്‍ക്കുകയാണ്‌ വേണ്ടത്‌ എന്നഭിപ്രായമുള്ള ഒരുപാട്‌ ആളുകളുണ്ട്‌. അവര്‍ക്കെല്ലാം ഒന്ന്‌ ഒരുമിച്ചുചേരണം. അതിനെന്താണ്‌ മാര്‍ഗം?' ഞാന്‍ പറഞ്ഞു: `അങ്ങനെ ഒരുമിച്ചു ചേര്‍ന്നാല്‍ അതൊരു സംഘടനയാകും. ഉള്ള സംഘടനകള്‍ക്ക്‌ പുറമെ പുതിയൊരു സംഘടന കൂടിയുണ്ടാകും!'
ഒരു ഇടവേളക്കു ശേഷം പഴയ വാദപ്രതിവാദങ്ങള്‍ പുതിയ രൂപത്തില്‍ പുനഃപ്രവേശം ചെയ്യുകയാണല്ലോ?
വാദപ്രതിവാദങ്ങള്‍ പാടില്ല. തര്‍ക്കങ്ങള്‍ ഹൃദയങ്ങളെ കഠിനവും കുടുസ്സാര്‍ന്നതുമാക്കി മാറ്റും. ഇന്ന്‌ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും സംഘടനാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്‌, ദീനിന്റെ പേരിലല്ല. തെരുവില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ പലതും ശിക്ഷാര്‍ഹമാണെന്നാണ്‌ എന്റെ അഭിപ്രായം. ഏതു സംഘടനക്കാര്‍ ചെയ്‌താലും അത്‌ ശിക്ഷാര്‍ഹമാണ്‌. ജനങ്ങളെ അകറ്റുന്ന നടപടികളൊന്നും എടുക്കരുത്‌. ആളുകളുടെ തെറ്റ്‌ പരസ്യപ്പെടുത്തരുതെന്നും രഹസ്യമായി ഉപദേശിച്ച്‌ തിരുത്തണമെന്നുമാണ്‌ റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌.
മുസ്‌ലിം സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നതില്‍ എത്ര മാത്രം സഹായകമായിട്ടുണ്ട്‌? സൗഹൃദവേദിയെക്കുറിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തില്‍ താങ്കളുടെ അഭിപ്രായം?
സി.എച്ച്‌ അബ്‌ദുര്‍റഹീമായിരുന്നു സൗഹൃദവേദിയെക്കുറിച്ച്‌ എന്നോട്‌ സൂചിപ്പിച്ചത്‌. ഒരു നല്ല സംരംഭമെന്ന നിലക്ക്‌ ഞാന്‍ സഹകരണം വാഗ്‌ദാനം ചെയ്യുകയും ഒപ്പം വിജയത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുറേയേറെ നന്മകള്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടായിട്ടുണ്ട്‌.
ഈമാനും തഖ്‌വയുമുണ്ടെങ്കില്‍ മാത്രമേ മുസ്‌ലിംസമൂഹത്തിലെ അനൈക്യവും ഛിദ്രതയും കലഹവും പരിഹരിക്കാന്‍ കഴിയൂ. സംഘടനകളുടെയും നേതാക്കളുടെയും പഴയ അവസ്ഥകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. താല്‍പര്യങ്ങള്‍ വര്‍ധിച്ചു. അതുകൊണ്ടുതന്നെ പരസ്‌പരം അകലവും വര്‍ധിച്ചു. എല്ലാ സംഘടനകള്‍ക്കും ജനസ്വാധീനം കൂടുതല്‍ ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. രാഷ്‌ട്രീയക്കാരുടെ മാത്സര്യമാണ്‌ ഇവിടെ മതസംഘടനകള്‍ക്കുള്ളത്‌. അംഗസംഖ്യ വര്‍ധിപ്പിക്കാനാണ്‌, ആളുകളെ സംസ്‌കരിക്കാനല്ല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്‌. സംഘടനയുടെ പ്രവര്‍ത്തകര്‍ ചെറുതോ വലുതോ ആയ തെറ്റുകള്‍ ചെയ്യുന്നു. പക്ഷേ, സംഘടന അയാളെ ഉപദേശിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല. തെറ്റ്‌ തിരുത്താന്‍ ആവശ്യപ്പെട്ടാല്‍ അയാള്‍ സംഘടന വിട്ടുപോകുമോ എന്നാണ്‌ ഭയം. വ്യക്തിയുടെ തിന്മകള്‍ തിരുത്തുന്നതോ അയാള്‍ സംഘടനാ പ്രവര്‍ത്തകനായി തുടരുന്നതോ വലുത്‌? കക്ഷിതാല്‍പര്യങ്ങള്‍ ബലികഴിച്ചും ദീനിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കാന്‍ സാധിക്കണം. സംഘടനാ സങ്കുചിതത്വം അവസാനിപ്പിക്കാന്‍ ആരെങ്കിലും രംഗത്തുവന്നാല്‍ കുറച്ചുകാലം കഴിയുമ്പോഴേക്കും അത്‌ എല്ലാവരും സ്വീകരിച്ചുകൊള്ളും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളീയ മുസ്‌ലിംകള്‍ പല കാര്യങ്ങളിലും മുന്നിലാണ്‌. എങ്കിലും ഒരുതരം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. എന്താണ്‌ കാരണം?
നാം മുസ്‌ലിമാണെന്ന്‌ പറയുന്നത്‌ ഏതര്‍ഥത്തിലാണെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. മുസ്‌ലിം പേരുണ്ട്‌, കഅ്‌ബയിലേക്ക്‌ തിരിഞ്ഞുനിന്ന്‌ നമസ്‌കരിക്കുന്നു, റമദാനില്‍ നോമ്പനുഷ്‌ഠിക്കുന്നു, പണം ചെലവഴിച്ച്‌ ഒന്നോ രണ്ടോ തവണ ഹജ്ജ്‌ ചെയ്യുന്നു... ഈ അര്‍ഥത്തില്‍ പലരും മുസ്‌ലിംകളാണ്‌.
പക്ഷേ, ദീനിന്റെ ബഹുഭൂരിപക്ഷം മേഖലകളെയും നാം അവഗണിച്ചിരിക്കുന്നു. സമൂഹത്തിന്‌ അനുഭവിക്കാനാകുന്ന ജീവിതരംഗങ്ങളിലൊന്നും നാം മുസ്‌ലിമായിട്ടില്ല. ഇതര മതവിഭാഗങ്ങളെ പല പേരിലും അകറ്റുന്ന സമീപനമാണ്‌ നാം സ്വീകരിക്കുന്നത്‌. ഇത്‌ ദീനിന്റെ കാഴ്‌ചപ്പാടല്ല. മുസ്‌ലിംസമുദായത്തില്‍പെട്ടവരേക്കാള്‍ നല്ലവരായിരിക്കും ഒരുപക്ഷേ മറ്റു മതത്തില്‍ വിശ്വസിക്കുന്ന പലരും. ധര്‍മനിഷ്‌ഠയിലും സത്യസന്ധതയിലുമൊക്കെ അവര്‍ മുമ്പിലായിരിക്കും. ചില മുസ്‌ലിംകള്‍ ഇതിനു വിപരീതവുമാകാം. എങ്കിലും നമ്മില്‍ പലരും സമുദായത്തിന്റെ പേരില്‍ ദുഃസ്സ്വഭാവിയായ മുസ്‌ലിമിനോട്‌ അടുപ്പം കാണിക്കുകയും ഇതര മതസ്ഥരോട്‌ അകലം കാണിക്കുകയും ചെയ്യുന്നു. ഈ സമീപനം ഇസ്‌ലാം പഠിപ്പിച്ചതല്ല. ഇസ്‌ലാം മനുഷ്യരെ ഒന്നായി കാണുന്നു. ദീനിനോട്‌ ശത്രുത പുലര്‍ത്തിയവരോടു പോലും സ്വന്തം സഹോദരന്മാരോടെന്ന പോലെയാണ്‌ നബി(സ) പെരുമാറിയത്‌. ത്വാഇഫുകാരോടുള്ള നബിയുടെ സമീപനവും ഫത്‌ഹ്‌ മക്കയുടെ സന്ദര്‍ഭത്തിലുള്ള നടപടിയും ഉദാഹരണം.
വിഗ്രഹങ്ങള്‍ എടുത്തുമാറ്റി കഅ്‌ബയെ ശുദ്ധീകരിച്ച നബി(സ) മുന്‍ സൂക്ഷിപ്പുകാരന്‍ ഉസ്‌മാനുബ്‌നു മള്‌ഊന്നുതന്നെ കഅ്‌ബയുടെ താക്കോല്‍ തിരിച്ചുകൊടുത്തു. ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരുമായവരെത്തന്നെയാണ്‌ നബി(സ) കഅ്‌ബാ സൂക്ഷിപ്പ്‌ ഏല്‍പിച്ചത്‌. പല സ്വഹാബിമാര്‍ക്കും ഇത്‌ ഇഷ്‌ടപ്പെട്ടില്ല. കഅ്‌ബ ശുദ്ധീകരിച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ `നിങ്ങള്‍, വിശ്വസിച്ചേല്‍പിച്ചവ (അമാനത്ത്‌) അവയുടെ യഥാര്‍ഥ അവകാശികള്‍ക്കു തന്നെ തിരിച്ചുകൊടുക്കണം' എന്നും `ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നുവെങ്കില്‍ നീതിപൂര്‍വം വിധിക്കണം' എന്നും ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായതെന്ന്‌ സ്വഹാബിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
സാമുദായികചിന്തയെ നിരാകരിക്കുകയാണ്‌ ഖുര്‍ആനും നബി(സ)യും ചെയ്യുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അന്ധമായ സാമുദായികചിന്ത നമ്മെ ഇതര ജനവിഭാഗങ്ങളില്‍നിന്ന്‌ ഒറ്റപ്പെടുത്തും.
വിദേശ ജോലിയെയുംപ്രവാസജീവിതത്തെയും കുറിച്ച താങ്കളുടെ വിലയിരുത്തല്‍ എന്താണ്‌?
നന്മയുടേതും തിന്മയുടേതുമായ രണ്ടു വശങ്ങളുണ്ട്‌ പ്രവാസജീവിതത്തിന്‌. സാമ്പത്തിക അഭിവൃദ്ധിയും സാമൂഹിക വികാസവും അതുകൊണ്ടുള്ള നേട്ടമാണ്‌. ലോകം കൈയിലൊതുക്കാവുന്നതായി മാറുന്നുവെന്ന സത്യവും ഇതിലൂടെ കാണാന്‍ കഴിയുന്നു. അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണിത്‌. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒരാളുടെ മക്കള്‍ വ്യാപിച്ചുകിടക്കുന്നതു കാണാം. ഇത്‌ അനുകൂല ഘടകമാണ്‌.
പക്ഷേ, ഇതിന്‌ മറുവശമുണ്ട്‌. പ്രവാസജീവിതം കാരണം പരസ്‌പര ബന്ധം ഗണ്യമായ തോതില്‍ കുറഞ്ഞുപോകുന്നുണ്ട്‌. മാതാപിതാക്കളുമായുള്ള ബന്ധം പലര്‍ക്കും നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടാകാം. പക്ഷേ, അതിനപ്പുറമുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലര്‍ക്കും സാധ്യമാകുന്നില്ല. കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനു പറ്റുന്ന സമ്പാദ്യവും സമ്പാദ്യമാര്‍ഗങ്ങളുമേ സ്വീകരിക്കാവൂ. ഇന്ന്‌ ഇതെല്ലാം മറക്കുകയും സമ്പാദ്യം വര്‍ധിപ്പിക്കലും ഭൗതികപുരോഗതി നേടലും മാത്രം ലക്ഷ്യമായി മാറുകയുമാണ്‌. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കാതെയും ബന്ധങ്ങള്‍ നിലനിര്‍ത്താതെയുമാണ്‌ പണത്തിനു പിറകെ പലരും ഓടുന്നത്‌.
ദാമ്പത്യബന്ധത്തിലും പ്രവാസജീവിതം വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്‌. സദാചാരത്തകര്‍ച്ചക്കും ഇത്‌ കാരണമാകുന്നുവെന്നതാണ്‌ വസ്‌തുത. യുദ്ധം നടക്കുമ്പോള്‍ പോലും മൂന്നു മാസത്തിലധികം ഭാര്യയെ പിരിഞ്ഞിരിക്കാന്‍ പാടില്ല എന്നതാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌. പക്ഷേ, ഉയര്‍ന്ന വരുമാനം കിട്ടുന്ന ജോലിയാണെങ്കില്‍ മൂന്നു മാസമല്ല, മൂന്നു വര്‍ഷവും അതിനപ്പുറവും ഭാര്യമാരെ പിരിഞ്ഞിരിക്കുകയാണ്‌ പലരും. വിദേശത്ത്‌ ജോലിചെയ്യുന്ന പുരുഷന്മാര്‍ വഴിതെറ്റിപ്പോകാനും ഏറെ സാധ്യതയുണ്ട്‌. 

Monday, 16 July 2012

ഇപ്പോള്‍ കെ എന്‍ എമ്മില്‍ നടക്കുന്ന വിവാദത്തിന്റെ മര്‍മ്മം


പി കെ മൊയ്‌തീന്‍കുട്ടി സുല്ലമി കുഴിപ്പുറം
ഇപ്പോള്‍ കെ എന്‍ എമ്മില്‍ നടക്കുന്ന വിവാദത്തിന്റെ മര്‍മ്മം

യഥാര്‍ത്ഥത്തില്‍, അന്യന്‌ നേരെ അന്യായമായി കുഫ്‌റോ അധര്‍മമോ ഉന്നയിച്ചാല്‍ ആരോപണങ്ങള്‍ ആരോപകരിലേക്ക്‌ തിരിച്ച്‌വരുമെന്ന പ്രവാചകന്‍(സ)യുടെ മുന്നറിയിപ്പിന്റെ നേര്‍ക്കാഴ്‌ചയാണ്‌ എ പി വിഭാഗത്തില്‍ നാം കാണുന്നത്‌. ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ നിന്നും പിഴച്ചു എന്ന്‌ അരോപിച്ചാണ്‌ പത്ത്‌ വര്‍ഷം മുമ്പ്‌ ഹുസൈന്‍ മടവൂരിന്റെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള മുജാഹിദ്‌ പണ്ഡിതന്‍മാരെയും യുവജന സംഘടനയെയും ഇവര്‍ വേട്ടയാടിയിരുന്നത്‌. അന്ന്‌ ആ വിവാദത്തിനൊടുവില്‍ സംഘടന പിളര്‍ത്തി വേറിട്ട്‌ നിന്ന ഈ വിഭാഗത്തില്‍, ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ വല്ലതും അവശേഷിക്കുന്നുണ്ടോ? കൃത്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം പഠിപ്പിച്ച ആദര്‍ശങ്ങള്‍ പലതും അവര്‍ അട്ടിമറിച്ചു. അടിസ്ഥാന ആദര്‍ശത്തില്‍ പോലും അവരുടെ അട്ടിമറി ശ്രമമുണ്ടായി. ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍ ശിര്‍ക്കിന്റെ പരിധിയില്‍ നിന്ന്‌ മാറ്റി ഇവര്‍ അനുവദനീയമാക്കി. പ്രമാണങ്ങളെയും ഇവര്‍ അട്ടിമറിച്ചു. അതോടെ വിശ്വാസ - കര്‍മ്മ മേഖലകളില്‍ പ്രസ്ഥാനം പഠിപ്പിച്ച പലതും ഇവര്‍ മാറ്റി തിരുത്തി. 

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തുമാണ്‌. ഇജ്‌മാഉം ഖിയാസും അവയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ്‌ വരുന്ന പ്രമാണങ്ങളാണ്‌. എന്നാല്‍ ചില ആധുനിക പണ്ഡിതന്‍മാരെ അന്ധമായി അനുകരിക്കുകയാണ്‌ എ പി വിഭാഗത്തിലെ ജിന്ന്‌ മുജാഹിദുകളിപ്പോള്‍. പിശാചിനെ അല്ലാഹു ഒരു പരീക്ഷണം എന്ന നിലയിലാണ്‌ നിയോഗിച്ചിട്ടുള്ളത്‌. പിശാചിന്റെ ജോലി മനുഷ്യ മനസ്സില്‍ വസ്‌വാസുണ്ടാക്കലും തെറ്റിലേക്ക്‌ ക്ഷണിക്കലുമാണ്‌. എന്നാല്‍ സക്കരിയ്യാ വിഭാഗത്തിന്റെ വാദം പിശാച്‌ മനുഷ്യ ശരീരത്തില്‍ കയറിക്കൂടി പല ദ്രോഹങ്ങളും നടത്തും. അവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്‌താല്‍ അവന്‍ സഹായിക്കും. പിശാചിന്‌ രൂപം മാറാന്‍ സാധിക്കും തുടങ്ങിയവയാണ്‌. ഇക്കൂട്ടരുടെ ഇത്തരം അപകടകരമായ വാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവരുടെ നേതൃത്വം ഇവര്‍ക്ക്‌ വര്‍ഷങ്ങളോളം എല്ലാ സൗകര്യവും നല്‍കി. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലവും മര്‍മ്മവും ഇതൊക്കെയാണ്‌. 
വിവാദത്തിന്‌ പിന്നിലെ സാമ്പത്തിക താല്‍പര്യം?

ഇല്ലെന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല. ഇപ്പോള്‍ വിവാദമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക്‌ പെട്ടെന്ന്‌ സാമ്പത്തികാഭിവൃദ്ധിയുണ്ടാവുന്നത്‌ സംശയാസ്‌പദമാണെന്ന്‌ അവരുടെ ചില പ്രമുഖ നേതാക്കള്‍ തന്നെ പറയുന്നുണ്ടല്ലോ. 
മടവൂരിനെ പുറത്താക്കാന്‍ കളിച്ചവര്‍ തന്നെയാണോ പുതിയ പുറത്താക്കലിനു പിന്നിലും?

മടവൂരിനും സി പിക്കുമൊക്കെ എതിരില്‍ നടന്ന കളിയും ഇപ്പോഴത്തെ വിവാദങ്ങളും വ്യത്യസ്‌തമാണ്‌. മടവൂരിനെ എന്തിനാണ്‌ പുകച്ച്‌ ചാടിക്കാന്‍ ശ്രമിച്ചതെന്ന്‌ പഠിക്കേണ്ടതുണ്ട്‌. മടവൂരിന്‌ സംഭവിച്ചെന്ന്‌ ഇവര്‍ പറഞ്ഞ `വ്യതിയാനം' 12 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും മനസ്സിലായിട്ടില്ല. സംഘടനാ പിളര്‍പ്പിന്റെ നാളില്‍ ഞാന്‍ അവരോടൊപ്പമായിരുന്നു. മടവൂര്‍ വിഭാഗത്തിന്‌ വ്യതിയാനമുണ്ടായി എന്ന വിഷയത്തില്‍ ഒന്ന്‌ രണ്ട്‌ സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍ പോയിട്ടുണ്ട്‌ ഞാന്‍. എന്റെ ജീവിതത്തില്‍ വിഷയദാരിദ്ര്യം മൂലം ഇത്രവിഷമിച്ച ഒരവസ്ഥഉണ്ടായിട്ടില്ല. എന്താണ്‌ വ്യതിയാനം? പറഞ്ഞുണ്ടാക്കിയവര്‍ക്ക്‌ പോലും അറിയില്ല. കാര്യമായ വ്യതിയാനം ഇതായിരുന്നുവത്രെ; തൗഹീദു പ്രബോധനത്തോടൊപ്പം സാമൂഹ്യ സേവനം നടത്തണം. ജനങ്ങള്‍ക്ക്‌ നന്മ ചെയ്യണം. ഇത്‌ വ്യതിയാനമാണോ? ഒരിക്കലുമല്ല. എന്നാല്‍ സക്കരിയാ സ്വലാഹിയേയും കൂട്ടരെയും പുറത്താക്കിയ കളി സാധാരണ കളിയല്ല. ഒത്തുകളിയാണ്‌. കാരണം നാലഞ്ച്‌ വര്‍ഷത്തോളം അവരുടെ വഴിപിഴച്ച വാദങ്ങള്‍ ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്‌തുകൊടുത്തു. അവരെ പുറത്താക്കാതിരിക്കാന്‍ കാരണം സംഘടനയില്‍ ആള്‍ബലം കുറയും എന്നതുകൊണ്ട്‌ മാത്രമാണ്‌. ഇപ്പോള്‍ താല്‍ക്കാലികമായി അവരെ പൊതുപരിപാടികളില്‍ നിന്നും ഒഴിച്ച്‌ നിറുത്തുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌. അവരെ പുറത്താക്കിയാല്‍ അവരുടെ സംഘടന പകുതിയാകും മേല്‍നടപടിതന്നെ എടുക്കാന്‍ കാരണം സംഘടനയില്‍ ആദര്‍ശമുള്ളവര്‍ കൊഴിഞ്ഞ്‌ പോക്ക്‌ തുടങ്ങി എന്നതിനാലാണ്‌. 
ഔദ്യോഗിക വിഭാഗം തീവ്ര സലഫിസം വെടിഞ്ഞ്‌ മടവൂരിനോട്‌ അടുക്കുമോ?

തീവ്ര സലഫിസം എന്നൊന്നില്ല. സലഫികള്‍ പ്രമാണമാക്കുന്നത്‌ ഖുര്‍ആനും സുന്നത്തുമാണ്‌. അതിന്‌ പ്രബലത നല്‍കാനാണ്‌ ചിലപ്പോള്‍ പണ്ഡിതാഭിപ്രായങ്ങള്‍ ഉദ്ധരിക്കാറ്‌. മറുവിഭാഗത്തിലെ ഔദ്യോഗികക്കാരെല്ലാവരും നിങ്ങളുദ്ധേശിച്ച ആ തീവ്രതയുടെ ആള്‍ക്കാരാണെന്ന്‌ എനിക്ക്‌ അഭിപ്രായമില്ല. സക്കരിയ്യാ സ്വലാഹിയും കൂട്ടരുമാണ്‌ അതിലെ തീവ്രവാദികള്‍. അവര്‍ പ്രചരിപ്പിക്കുന്നത്‌ അഹ്‌ലുസ്സുന്നയുടെ വാദങ്ങളല്ല. മറിച്ച്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌. അത്‌ ഒഴിവാക്കാത്ത കാലത്തോളം യോജിക്കാന്‍ കഴിയില്ല. ഇവരല്ലാത്ത ഔദ്യോഗികക്കാര്‍ ഈ സംഘടനയിലേക്കു വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. മറ്റുള്ളവര്‍ തെറ്റ്‌ തിരുത്തി തൗബ ചെയ്‌ത്‌ മടങ്ങിവന്നാല്‍ അവരേയും സ്വീകരിക്കും. 
ബാലുശ്ശേരി മഞ്ഞളാം കുഴി അലിയെ കാഫിറും മുശ്‌രിക്കുമാക്കിയത്‌ മുജാഹിദുകളെ എങ്ങനെ ബാധിക്കും?

മുജാഹിദ്‌ പ്രസ്ഥാനവും അതിന്റെ ആദര്‍ശവും എന്താണെന്ന്‌ മനസ്സിലാക്കാതെ പ്രസംഗം മാത്രം പഠിച്ചു വന്ന ആളാണ്‌ ബാലുശ്ശേരി എന്നാണ്‌ എനിക്ക്‌ മനസ്സിലായിട്ടുള്ളത്‌. അത്തരക്കാര്‍ വായില്‍ വന്നതൊക്കെ പറയും. വിജ്ഞാനം കുറയുകയും അഹങ്കാരം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ അത്തരക്കാരില്‍ നിന്നും ഇങ്ങനെയൊക്കെ ഉണ്ടാകും. മുസ്‌ലിമാണെന്ന്‌ വാദിക്കുന്ന ഒരാളെയും കാഫിറും മുശ്‌രിക്കുമാക്കാന്‍ ആരെയും ഇസ്‌ലാം അനുവദിക്കുന്നില്ല. അതും ഒരു വ്യക്തിയുടെ പേരെടുത്തു പറഞ്ഞതുകൊണ്ട്‌ അപ്രകാരം പറയല്‍ മഹാഗൗരവമുള്ളതാണ്‌. ഇന്ന സംഗതി ശിര്‍ക്കാണ്‌, കുഫ്‌റാണ്‌, ഹറാമാണ്‌ എന്നിങ്ങനെ പറയാം എന്നുമാത്രം. തൗഹീദി ആദര്‍ശം ഉള്‍കൊണ്ട്‌ അതിനുവേണ്ടി ജീവിച്ച പണ്ഡിതന്‍മാരെയും പ്രവര്‍ത്തകരെയും കാഫിറാക്കാന്‍ ഇവര്‍ക്കൊക്കെ ലൈസന്‍സ്‌ നല്‍കി കയറൂരി വിട്ടിരിക്കുകയാണല്ലോ ഇവരുടെ നേതൃത്വം. 
സക്കരിയ്യാ സ്വലാഹിയുടെ ഗ്രൂപ്പ്‌ ഏതൊക്കെ വിഷയത്തിലാണ്‌ മുജാഹിദ്‌ ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ചത്‌?

പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രബോധനം നടത്തിയിരുന്ന അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നെല്ലാം ഇവര്‍ ബഹുദൂരം അകന്ന്‌ പോയിട്ടുണ്ട്‌. 
ഗള്‍ഫു സലഫികള്‍ സംഘടനയില്‍ ഇടപ്പെടുന്നുവോ?


ഗള്‍ഫു സലഫികള്‍ എന്നറിയപ്പെടുന്ന എല്ലാവരും അന്ധ വിശ്വാസികളല്ല. അതില്‍ കൃത്യമായി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കുന്നവരും പ്രബോധനം നടത്തുന്നവരും മഹാപണ്ഡിതന്മാരിയിട്ടുള്ളവരാണ്‌. ഗള്‍ഫിലും അന്ധവിശ്വാസികളായിട്ടുള്ളവരുമുണ്ട്‌. ഞങ്ങളുടെ സംഘടനയില്‍ ഗള്‍ഫുസലഫികളുടെ യാതൊരുവിധ ഇടപെടലും ഇല്ല എന്നതാണ്‌ ഈ യുള്ളവന്റെ അറിവ്‌. സക്കരിയ്യാ സ്വലാഹിയേയും അനുയായികളേയും പുറത്താക്കാനുള്ള ഭയം മേല്‍പറഞ്ഞ ഗള്‍ഫു സലഫികളുടെ രിയാലുകള്‍ മുടങ്ങും എന്നതുകൊണ്ടാണെന്ന്‌ ഈയുള്ളവനെ പോലെയുള്ളവര്‍ വിശ്വസിക്കുന്നു. അവര്‍ സംഘടനയില്‍ ഇടപെടണം എന്നില്ല. അവര്‍ക്കനുസരിച്ച്‌ നീങ്ങിയാല്‍ മതിയല്ലോ? ആ നീക്കമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. 
സലഫിയും ആളുകളും നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ?

അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും സക്കരിയ്യാ സ്വലാഹിയുമൊക്കെ ഈയുള്ളവന്റെ സുഹൃത്തുക്കളും പണ്ഡിതന്മാരുമാണ്‌. ബാലുശ്ശേരിയെ പോലെയല്ല. പക്ഷെ ഓരോ വ്യക്തിക്കും ഓരോ ദൗര്‍ബല്യങ്ങളുണ്ടാകും. ആദര്‍ശ രംഗത്ത്‌ അതുവെച്ച്‌ പൊറുപ്പിക്കാന്‍ സാധ്യമല്ല. മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയതുതന്നെ എ പി വിഭാഗത്തില്‍ ഇന്നുള്ള പലരുടെയും നേതൃത്വരയാണ്‌. ഈ ത്വരയില്ലാത്തവര്‍ വളരെ കുറവാണ്‌. നേതൃത്വരയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ഒരു വിഭാഗത്തെ പുറത്താക്കാന്‍ ശ്രമം നടന്നതും, സംഘടന രണ്ടായതും. ഇപ്പോള്‍ ആരെക്കെയാണ്‌ സംഘടനയെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നതെന്ന്‌ തീര്‍ത്തുപറയാന്‍ ഈയുള്ളവന്റെ പക്കല്‍ കൃത്യമായ തെളിവില്ല. 
ജിന്നുകളും പിശാചുക്കളും സഹായിക്കുമെന്ന വാദം സുന്നികളുടെ ഇസ്‌തിഗാസയുമായി എങ്ങനെ ബന്ധപ്പെടും?

ഈയുള്ളവന്‍ 30 വര്‍ഷത്തോളം പ്രബോധന രംഗത്തുണ്ടായിരുന്നു. ഒരുപാട്‌ ഖണ്ഡന പ്രസംഗങ്ങള്‍ സുന്നികളുമായി നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ വയസ്സ്‌ 60 കഴിഞ്ഞു. ഈ കാലത്തിനിടയില്‍ ഒരു സുന്നീ പണ്ഡിതനും അമ്പിയാ ഔലിയാക്കളോട്‌ സഹായം തേടാം എന്ന്‌ സമര്‍ത്ഥിക്കുകയല്ലാതെ ജിന്നുകളെയും മലക്കുകളേയും വിളിച്ചുതേടാം എന്നു വാദിച്ചതായി ഈയുള്ളവന്റെ ഓര്‍മ്മയിലില്ല. എന്നാലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാം എന്ന വാദം സുന്നികളുടെ വാദം പോലെതന്നെ പഴിപിഴച്ചതായി മാത്രമേ വിലയിരുത്താന്‍ കഴിയൂ. 
ഹദീസ്‌ നിഷേധം കെ എന്‍ എമ്മില്‍ വിവാദമായത്‌ എന്നു മുതല്‍? എ പിയും സക്കരിയ്യയും പരസ്‌പരം ഹദീസ്‌ നിഷേധികളാക്കുന്നതിനെ കുറിച്ച്‌?

ഹദീസ്‌ നിഷേധം ആദ്യം തുടങ്ങിവച്ചത്‌ എ പി വിഭാഗം നേതൃത്വം തന്നെയാണ്‌. അന്ന്‌ അവരില്‍ ആ വിഷയത്തില്‍ ഗ്രൂപ്പുണ്ടായിരുന്നില്ല. ആദ്യം അവര്‍ പ്രചരിപ്പിച്ചത്‌ സി പിക്കും മടവൂരിനും ഐ എസ്‌ എമ്മിനുമൊക്കെ ആദര്‍ശ വ്യതിയാനം സംഭവിച്ചു എന്ന നുണയായിരുന്നു. അത്‌ ഫലിക്കാതെ പോയപ്പോഴാണ്‌ `മടവൂരികള്‍ ഹദീസ്‌ നിഷേധികളാണ്‌'' എന്ന പുതിയ നുണ പടച്ചുവിട്ടത്‌. അതിന്‌ കാര്യമായി ഇറക്കിയത്‌ അനസ്‌മുസ്‌ലിയാരെയായിരുന്നു. മുജാഹിദ്‌ ആദര്‍ശം മനസ്സിലാക്കാതെ വിഴുപ്പലക്കുന്ന സമ്പ്രദായമാണ്‌ അദ്ദേഹത്തിനും ഉള്ളത്‌. പക്ഷെ ഞങ്ങളെ ഹദീസ്‌ നിഷേധികളാക്കുന്നതില്‍ എ പിക്കും ടി പിക്കും മറ്റുചില നേതാക്കള്‍ക്കും അത്രതാല്‍പര്യം ഉണ്ടായിരുന്നില്ല എന്ന്‌ പിന്നീട്‌ ടി പിയുടെ പ്രസ്‌താവനയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അന്ന്‌ ഹദീസ്‌ നിഷേധത്തിന്റെ പ്രധാന ഇര സലാം സുല്ലമിയായിരുന്നു. ഇന്നും അങ്ങനെ തന്നെ. പക്ഷെ അദ്ദേഹത്തന്റെ വിശദീകരണങ്ങള്‍ക്ക്‌ മറുപടി പറയാനോ എഴുതാനോ ഇവര്‍ക്കാര്‍ക്കും സാധിക്കാത്തതിനാല്‍ ഇവര്‍ നിസ്സഹായരാണ്‌. അന്ന്‌ ``മടവൂരികള്‍ ഹദീസ്‌ നിഷേധികളാണ്‌'' എന്നു പറഞ്ഞവര്‍ തന്നെയാണ്‌ എപിയെയും വിമര്‍ശിക്കുന്നത്‌. എ പി മറ്റുള്ളവരെ തല്ലാന്‍ കൊടുത്ത വടി അദ്ദേഹത്തിന്റെ നേരെയും തിരിഞ്ഞു. അന്ന്‌ മൗനം പാലിച്ചതിനുള്ള സമ്മാനം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ പ്രചരിപ്പിക്കുന്ന ദുര്‍ബലമോ നിര്‍മ്മിതമോ ഖുര്‍ആനിന്‌ വിരുദ്ധമോ ആയിവന്നിട്ടുള്ളവാറോലകളെ എതിര്‍ക്കുന്നവരെയെല്ലാം ഇവര്‍ ഹദീസ്‌ നിഷേധികളായി മുദ്രകുത്തുന്നു. 
താങ്കള്‍ മറുവിഭാഗം പണ്ഡിത സഭ ഉപേക്ഷിക്കാന്‍ കാരണം?

2009 ഡിസംബര്‍ മാസത്തിലാണ്‌ ഈയുള്ളവന്‍ കെ എന്‍ എം വിടുന്നത്‌. പ്രധാന കാരണം ആദര്‍ശംതന്നെ. തൗഹീദായിരുന്നാലും മറ്റു കര്‍മ്മ ശാസ്‌ത്രമായിരുന്നാലും ജിന്നുകളായിരുന്നാലും സക്കരിയ്യാ സ്വലാഹിയുടെയും കൂട്ടരുടെയും പുതിയ വാദങ്ങളെ ചാന്‍സ്‌ കിട്ടുന്നേടത്തല്ലാം ഈയുള്ളവന്‍ എതിര്‍ത്തുപോന്നിരുന്നു. കൃത്യമായി തെളിവ്‌ കിട്ടിയാല്‍ പലരെപ്പോലെയും അത്‌ തുറന്ന്‌ പറയല്‍ എന്റെ സ്വഭാവമാണ്‌. ഏത്‌ പ്രസംഗമായിരുന്നാലും. അത്‌കൊണ്ട്‌ ഇന്നേവരെ ഒരു നഷ്‌ടവും വന്നിട്ടില്ല. ദുനിയാവ്‌ കുറയും അത്‌ പ്രശ്‌നമല്ല. 31 വര്‍ഷമായി ഇന്നും തിരൂരങ്ങാടിയില്‍ ഖത്തീബാണ്‌. ചില നേതാക്കളുടെ വാലുഴിഞ്ഞുനടന്നാല്‍ ഹജ്ജ്‌ വളണ്ടിയറാകാം. അവിഹിതമായി അറബികളുടെ സമ്പത്ത്‌ പ്രബോധനത്തിന്റെ പേരില്‍ സമ്പാദിക്കാം. ഗള്‍ഫുനാടുകള്‍ സന്ദര്‍ശിക്കാം. സംസ്ഥാന സമ്മേളനങ്ങളില്‍ സ്റ്റേജില്‍ ഇമ്മിണി വലിയ ആളാകാം. അതിനൊന്നും ഈയുള്ളവന്‍ നിന്നിട്ടില്ല. ആദര്‍ശത്തിന്‌ ആസംഘടനയില്‍ പുല്ലുവില. ജിന്നു ഗ്രൂപ്പിന്‌ വിരുദ്ധമാണെന്നതിനാല്‍ പ്രബോധന രംഗത്ത്‌ നിന്നുപോലും തഴഞ്ഞു നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു. ആയിടക്കാണ്‌ 2009ല്‍ സക്കരിയ്യാ സ്വലാഹിയും സലഫിയും തമ്മില്‍ ജിന്നുകയറലിനെ കുറിച്ച്‌ പുളിക്കല്‍ വച്ച്‌ ചേരിതിരിഞ്ഞ്‌ വാദപ്രതിവാദം നടക്കുന്നത്‌. അതോടെ സംഘടനവിടാന്‍ തീരുമാനിച്ചു. 

Wednesday, 11 July 2012

ഈ സദ്‌റുവിനെന്തു പറ്റി ?





സ്വയംകൃതങ്ങളുടെ ശാപബാണങ്ങളേറ്റു മുടിഞ്ഞുപോയ യാദവകുലത്തെ ഓര്‍മ്മിപ്പിക്കുന്നു മലബാറിലെ നദ്‌വത്തുക്കളുടെ പുതുവര്‍ത്തമാനങ്ങള്‍. ഇതിലിടപെട്ടു സുഹൃത്ത്‌ സദ്‌റുദ്ദീന്‍ നടത്തിയ സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. (ലക്കം 6, ജൂലായ്‌ 7) പക്ഷേ തന്റെ വിശകലന പരിശ്രമത്തില്‍ സദ്‌റു അകാരണമായി വിനയം കാട്ടിയതായി തോന്നുന്നു. കെ.എം. മൗലവിയും മുഹമ്മദ്‌ അബ്‌ദുറഹിമാനും കേരളത്തിന്റെ സാമൂഹികതയില്‍ അനിരോധ്യമായ ഒരു സത്തയായിരുന്ന ശ്രേഷ്‌ഠകാലം കുറച്ചാല്‍ കേരളീയ മത മണ്‌ഡലത്തില്‍ നദ്‌വത്തുകളുടെ ഇടപഴക്കം തീര്‍ത്തും പ്രതിലോമപരമായിരുന്നു. ഈ നേരുകള്‍ മുഴക്കിപ്പറയേണ്ടിടത്ത്‌, നദ്‌വത്തുകളുടെ മലിന ചരിത്രം എഞ്ചുവടി പോലെ മനപ്പാഠമമുള്ള സദ്‌റു എന്തിനാണ്‌ മയത്തില്‍ പെരുമാറുന്നത്‌ ? അഹംബോധവും പരനിന്ദയുമാണ്‌ നദ്‌വത്തുകളില്‍ ആവേശിച്ചിരിക്കുന്ന ജിന്ന്‌. ഈ ജിന്ന്‌ ബാധ �ളഹ്‌റാ�ക്കി പറയേണ്ട സദ്‌റില്‍ ഭയത്തിന്റെ ജിന്നു കയറിയോ? 
ഇസ്‌ലാം എന്താണെന്ന്‌ ഞങ്ങളോട്‌ മാത്രം ചോദിച്ചാല്‍ മതി. മലബാറിന്റെ ഈ കാല്‍ ഇഞ്ച്‌ വൃത്തച്ഛേദത്തില്‍ നിന്ന്‌ ഞങ്ങള്‍ ഇറക്കുന്ന തിട്ടൂരമാണ്‌ ലോക ഇസ്‌ലാം. അതനുസരിക്കുക. ഇല്ലെങ്കില്‍ ക്ലിപ്പിംങ്‌്‌ വടിവാളും ഫ്‌ളക്‌സ്‌ ബോംബുകളുമായി കൊടി സുല്ലമിമാരേയും കാരായി മദനിമാരേയും വിട്ട്‌ വെട്ടം മങ്ങിയ കവലകളില്‍ പതിയിരുന്ന്‌ തലവെട്ടിക്കീറും. ഈ �അഫ്‌ളലുല്‍ ജിഹാദിന്‌� സാധിച്ചില്ലെങ്കില്‍ മലിനപദങ്ങള്‍ കൊണ്ടും പരിഹാസ ഉക്തികള്‍ കൊണ്ടും മാനം കെടുത്തി �അദഹഫുല്‍ ഈമാന്‍� പൂര്‍ത്തിയാക്കും. ഈമാന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇവരെങ്ങിനെ ഇസ്‌ലാമാകും. കൊടും ശാഠ്യത്തോടെ തല മറയ്‌ക്കാതെയും �ബിസ്‌മി ജഹ്‌റാ�ക്കിയും കൈവിരലുകള്‍ കൊണ്ട്‌ ചടുലതാളം കൊട്ടിയും നമസ്‌കരിച്ചിറങ്ങുന്ന ഈ വികൃതവേഷങ്ങള്‍ മലബാറിന്റെ പൊതു നിരത്തുകളില്‍ കെട്ടിയാടിയ തീച്ചാമുണ്‌ഡിക്ക്‌ ആകാശത്ത്‌ നിന്നെത്തിയ നീതിയാണിത്‌. ചരിത്രത്തിന്റെ കാവ്യ നീതി. യാദവ കുലം മുടിഞ്ഞു തീരും. ഇസ്‌ലാമിന്‌ ആരുംപറയാത്ത അര്‍ത്ഥം നല്‍കികള്‍, നമസ്‌കാരം പട്ടാള നീക്കമാക്കിയവര്‍, വിപ്ലവം വരുത്തികള്‍, ഷിയാക്കള്‍, ഭരണം നോക്കികള്‍, തീവ്രവാദികള്‍, ഭീകരര്‍, തുറുങ്കിലടക്കേണ്ടവര്‍, പാക്കിസ്ഥാനികള്‍ ഇതൊക്കെയാണ്‌ സഹോദര പ്രസ്ഥാനങ്ങളെ നദ്‌വത്തുകള്‍ വിളിച്ചു ചൊല്ലിയ അസ്‌മാഉുല്‍ ഉസ്‌നകള്‍.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ഊര്‍ജ്ജസ്വലതയെ മൗദൂദികള്‍ എന്ന അപരനാമം വിളിച്ചവരിന്ന്‌ ജിന്നൂരികളെന്നും മടവൂരികളെന്നും പരസ്‌പരം വിളിച്ചു രസിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ ദൈവനീതി പൂര്‍ണ്ണമാകുന്നു. തര്‍ക്കമെന്തെന്നുപോലുമറിയാതെ അങ്കക്കലി കൊണ്ടവര്‍ കടത്തനാടന്‍ ചേകോന്‍മാരെപ്പോലെ ഓതിരവും കടകവും പരസ്‌പരം വെട്ടുന്നു. നദ്‌വത്തുകളുടെ ഈമാന്‍ കാര്യം മൂന്നെണ്ണമാണ്‌. ഇബാദത്തിന്‌ ഒരര്‍ത്ഥമേ പാടുള്ളു. ദീനും ദുനിയാവും രണ്ടായിരിക്കണം. മൗദൂദിക്ക്‌ അറബിയറിയാന്‍ പാടില്ല. ഈ മുന്ന്‌ അഖീദകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌ നദ്‌വത്ത്‌. ഏതോ ഗ്രാമീണ അറബി കര്‍ഷകന്‍ ഈത്തപ്പനക്ക്‌ പരാഗണം നടത്തിയ ഹദീസില്‍ കൊളുത്തി ദീനില്‍ നിന്നും ദുനിയാവിനെ മാന്തി മാറ്റാന്‍ നദ്‌വത്തിന്റെ പുത്തന്‍ മൗലവികള്‍ക്ക്‌ എന്താക്രാന്തമായിരുന്നു. ദീനില്‍ നിന്നും വിമോചിപ്പിക്കപ്പെട്ട ദുനിയാവാണ്‌ യഥാര്‍ത്ഥത്തില്‍ കൂട്ടില്‍ നിന്നും പുറത്തുകടന്ന പുള്ളിപ്പുലിയെപ്പോലെ നദ്‌വത്തിനെ കടന്നു പിടിച്ചത്‌. ഇബാദത്തിന്റെ അര്‍ത്ഥ കല്‍പ്പനയില്‍ പരിഗണിക്കേണ്ട സമ്പൂര്‍ണ്ണതയില്‍ ഇക്കാലമൊക്കെയും കിത്താബ്‌ നോക്കിയിട്ടും ഇവര്‍ക്കൊന്നു മാത്രമേ പിടികിട്ടിയിട്ടുള്ളു. മനുഷ്യര്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുവായിരിക്കും. നദ്‌വത്തുകള്‍ കൂടുതല്‍ ശത്രുക്കളായിരിക്കും. ഇബാദത്തിന്റെ അര്‍ത്ഥകല്‍പ്പനയില്‍ നാലില്‍ ഒന്നു മാത്രം മനസ്സിലായ ഇവര്‍ ദുനിയാവിന്റെ ആക്രാന്തത്തില്‍ മറ്റുള്ളവരെ കടിക്കാന്‍ വരുന്നു. 
നവോത്ഥാന നായകനായ സയ്യിദ്‌ മൗദൂദിയെ പരിഹസിക്കാന്‍ നദ്‌വത്തുകള്‍ പറഞ്ഞു പരത്തുന്ന കല്‍പ്പിത കഥയാണ്‌ അദ്ദേഹത്തിന്റെ അറബി പരിജ്ഞാനം. മൗദൂദിക്ക്‌ അറബി അറിയില്ല. പിന്നെ ആര്‍ക്കാണ്‌ അറബി അറിയുക ? സര്‍ക്കാറിന്റെ പ്രാഥമിക പള്ളിക്കൂടുകളില്‍ �അലിഫും� �ബാ�യും പിന്നെ �താ� യും പാഠം ചൊല്ലി ബാക്കി നേരമത്രയും കഞ്ഞിയിലും കഞ്ഞിക്കണക്കിലും വെള്ളം ചേര്‍ക്കുന്ന മുറി സുല്ലമിക്കോ ? ഇത്തരം അല്‍പ്പന്‍മാരെ എന്തുകൊണ്ടാണ്‌ സുഹൃത്ത്‌ സദ്‌റ്‌ കേരളീയ നവോത്ഥാനത്തിന്റെ ഊരാളന്‍മാരാക്കിയത്‌ ? സത്യത്തില്‍ ലോക ഇസ്‌ലാമിക ചിന്താ കൈവഴികളിലെവിടേയും ഇത്തരമൊരു മൂഢ വര്‍ഗ്ഗമില്ല. ഇന്നിവര്‍ കൊയ്യുന്നത്‌ ഇവര്‍ വിതച്ചതു മാത്രമാണ്‌. പണ്‌ഡിതനായ സദര്‍ ഇതുകൂടി നോക്കിക്കാണണം. 
പി.ടി. കുഞ്ഞാലി
�സത്രം�
ചേന്ദമംഗല്ലൂര്‍

Monday, 2 July 2012

മുജാഹിദ്‌ പ്രസ്ഥാനം അപചയത്തിന്റെ നിമിത്തങ്ങള്‍





ആശയരംഗത്തും സംഘടനാ തലത്തിലും ആഴമുള്ള പ്രതിസന്ധികളുടെ നീര്‍ചുഴിയിലാണ്‌ കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം അകപ്പെട്ടിരിക്കുന്നത്‌. മഹത്തായൊരു ലക്ഷ്യം മുന്‍ നിര്‍ത്തി രംഗപ്രവേശം ചെയ്‌ത, അഭിമാനകരമായ സംഭാവനകളര്‍പ്പിച്ച്‌ കടന്നുവന്ന പ്രസ്ഥാനത്തിന്‌ കാലത്തെ അതിജീവിക്കാന്‍ കരുത്തില്ലാതെ പോയതിന്റെ അടയാളങ്ങളാണ്‌ ഒരു പതിറ്റാണ്ടായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിവാദങ്ങളും. '90കളില്‍ സംഘടനക്കകത്ത്‌ ആരംഭിച്ച പ്രശ്‌നങ്ങള്‍, 2002-ലെ പിളര്‍പ്പിന്‌ ശേഷം, ജിന്ന്‌ വിവാദത്തിലൂടെ 2012-ല്‍ പുതിയൊരു തലം കൈവരിച്ചിരിക്കുകയാണ്‌.

ഇരുട്ട്‌ പരന്നുകൊണ്ടിരുന്ന കേരളീയ മുസ്‌ലിംസമൂഹത്തിന്റെ ഗതകാലത്തെയും, ആ ദശാസന്ധിയില്‍ വെളിച്ചം പ്രസരിപ്പിക്കുന്നതില്‍ പങ്കുവഹിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ മഹത്തായ ചരിത്രത്തെയും കുറിച്ച്‌ ധാരണയുള്ള ഏതൊരു ദീനീ സ്‌നേഹിയെയും ദുഃഖിപ്പിക്കുന്നതാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ സമീപകാല ആശയകാലുഷ്യവും അന്തസംഘര്‍ഷങ്ങളും. ഇന്നത്തെ സാഹചര്യത്തില്‍, പലതരം അനഭിലഷണീയ വിവാദങ്ങളും സൃഷ്‌ടിക്കുന്ന, കക്ഷിത്വവും അതിവാദങ്ങളുമുള്ള മതസംഘടനയായാണ്‌ പുതിയ തലമുറ മുജാഹിദ്‌ പ്രസ്ഥാനത്തെ കാണുന്നത്‌. അങ്ങനെ വിലയിരുത്തുന്നവരെ കുറ്റപ്പെടുത്താനാകാത്ത പിന്‍മടക്കം സംഘടനയിലെ ഒരു വിഭാഗം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പ്രസ്ഥാനത്തിന്റെ ഇന്നലെകളിലെ നന്മകള്‍ നിഷേധിക്കാന്‍ അതൊരിക്കലും കാരണമാകേണ്ടതില്ല. മുജാഹിദ്‌ സംഘടനകള്‍ നടത്തിയ അന്ധമായ വിമര്‍ശനങ്ങളും ദുഷ്‌പ്രചാരണങ്ങളും തത്തുല്യമായി പ്രതികരിക്കാന്‍ പ്രചോദനമായിക്കൂടാ.

സംഭാവനകള്‍
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ കാണാതെയും സംഭാവനകള്‍ അടയാളപ്പെടുത്താതെയും കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രം രേഖപ്പെടുത്താനാകില്ല. കേരളത്തിലെ പൊതുവായ സാമൂഹിക വളര്‍ച്ച, വിഭജനത്തിന്റെ ദുരന്തത്തില്‍ ഏറെക്കുറെ മുക്തമായ രാഷ്‌ട്രീയ സാമുദായിക അവസ്ഥ, ഗര്‍ഫ്‌ജീവിതത്തിന്റെ സ്വാധീനം, ജമാഅത്തെ ഇസ്‌ലാമിയുടെ സര്‍വതല സ്‌പര്‍ശിയായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടത്തെ മുസ്‌ലിം നവജാഗരണത്തില്‍ പല തലങ്ങളിലായി പങ്കുവഹിച്ചിട്ടുണ്ട്‌. അതിലെ തിളക്കമുള്ള ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ സാധിച്ചിട്ടുണ്ട്‌.
അന്ധവിശ്വാസങ്ങളുടെ ഇരുള്‍നിലങ്ങളില്‍നിന്നും അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകളില്‍നിന്നും മുസ്‌ലിം സമൂഹത്തെ മോചിപ്പിക്കാന്‍ നടത്തിയ ത്യാഗപൂര്‍ണമായ പരിശ്രമങ്ങളാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം. മാല-മൗലിദുകളുടെയും ഓത്തുപള്ളി-ഉര്‍ദിയാദികളുടെയും പരിമിതികളില്‍നിന്ന്‌ ദീനീ വിജ്ഞാനമേഖലയെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവന്നതും ഗുണകരമായ വളര്‍ച്ച കൈവരിച്ചതുമാണ്‌ മറ്റൊന്ന്‌. മദ്‌റസാ പ്രസ്ഥാനം, ഖുര്‍ആന്‍ പഠനം, മലയാള ഖുത്വ്‌ബകള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ വഴികളായിരുന്നു. നവോത്ഥാനത്തെ വിചാരണ ചെയ്യുന്നവരുടെ ഖുര്‍ആന്‍ പ്രഭാഷണങ്ങളുടെ കേരളീയ വേരുകള്‍ ചെന്നുനില്‍ക്കുന്നതും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയുമൊക്കെ പാരമ്പര്യത്തില്‍ തന്നെയാണ്‌. മുസ്‌ലിം സ്‌ത്രീകളുടെ ഉന്നമനത്തില്‍ വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്‌. സ്‌ത്രീ വിദ്യാഭ്യാസം, പള്ളിപ്രവേശം, ദീനീ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങിയ വഴികളിലൂടെ കേരളത്തിലെ മുസ്‌ലിം സ്‌ത്രീകളില്‍ ഉണ്ടായ ഗുണകരമായ വളര്‍ച്ച ഇസ്‌ലാഹീ മൂവ്‌മെന്റിന്‌ നല്ല പങ്കുണ്ട്‌. സ്‌കൂളും അറബിക്‌ കോളേജുകളും യത്തീംഖാനകളും സ്ഥാപിച്ചുകൊണ്ടും മറ്റു പ്രോത്സാഹനങ്ങള്‍ നല്‍കിയും മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ച സാധിക്കുന്നതിലും ഈ സ്വാധീനം കാണാം. മദ്‌ഹബുകളെ അന്ധമായി തഖ്‌ലീദ്‌ ചെയ്യുന്നതില്‍നിന്നും പൗരോഹിത്യ ചൂഷണത്തില്‍നിന്ന്‌ വലിയൊരളവോളം ജനം രക്ഷപ്പെട്ടത്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കൂടി ശ്രമഫലമായാണ്‌. ഇങ്ങനെ മലയാളി മുസ്‌ലിംകളുടെ സാമൂഹിക വളര്‍ച്ചയില്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ വഹിച്ച പങ്കിന്‌,കാലാനുസൃതമായ പരിഷ്‌കരണങ്ങളോടെ തുടര്‍ച്ചയില്ലാതെ പോയതാണ്‌ പ്രശ്‌നം.
യഥാര്‍ഥത്തില്‍ എന്താണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ചത്‌? വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യങ്ങളോട്‌ സക്രിയമായി പ്രതികരിക്കാനും ഭാവിയിലേക്ക്‌ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നുവെക്കാനും കഴിയാതെ ഭൂതകാലത്തിന്റെ തടവറയില്‍ മുജാഹിദ്‌ പ്രസ്ഥാനം തളച്ചിടപ്പെട്ടു. കാലാതിവര്‍ത്തിയായ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ പലതും കാലാന്തരത്തില്‍ പ്രസ്ഥാനത്തിന്‌ കൈമോശം വന്നു. ഒരു പരിഷ്‌കരണ പ്രസ്ഥാനത്തിന്‌ അനിവാര്യമായും ഉണ്ടാകേണ്ടിയിരുന്ന സവിശേഷതകള്‍ ആര്‍ജിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള ശ്രമങ്ങളും സംഘടനക്കകത്ത്‌ ഫലപ്രദമായി നടന്നില്ല. ആ ശ്രമങ്ങള്‍ സജീവമായപ്പോഴാകട്ടെ, സംഘടനയിലെ വലിയൊരു വിഭാഗവും അതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഊഷരമനസിന്റെ ഉടമകളായിത്തീര്‍ന്നിരുന്നു. പിളര്‍പ്പിന്‌ ശേഷം, മാറ്റങ്ങളുടെ വഴി തേടുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും, പ്രസ്ഥാനത്തെ ബാധിച്ച മൗലിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാതെ അവര്‍ക്കും എത്രത്തോളം മുന്നോട്ടു പോകാനാകും എന്നത്‌ ചിന്തിക്കേണ്ടതാണ്‌.
അടിസ്ഥാനപരമായ അപചയങ്ങള്‍ തന്നെയാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തെ ഇന്നു കാണുന്ന ദുഃഖകരമായ പതനത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്‌. അതില്‍ ചിലത്‌ ആദര്‍ശപരമായ വൈകല്യങ്ങളാണ്‌; മറ്റുചിലത്‌ സംഘടനാപരമായ ദൗര്‍ബല്യങ്ങളും. 1990കളില്‍ സംഘടനക്കകത്ത്‌ രൂപപ്പെട്ട പരിഷ്‌കരണ ചര്‍ച്ചകള്‍, തദ്വാരാ സൃഷ്‌ടിക്കപ്പെട്ട ആശയ സംഘട്ടനം, 2002ലെ ദുഃഖകരമായ പിളര്‍പ്പ്‌, തുടര്‍ന്ന്‌ രംഗത്തുവന്ന അവാന്തര വിഭാഗങ്ങള്‍, ബഹുമാന്യനായ എ.പി അബ്‌ദുല്‍ ഖാദിര്‍ മൗലവി നേതൃത്വം നല്‍കുന്ന ഔദ്യോഗികം എന്ന്‌ വിശേഷിപ്പിക്കപ്പെട്ട കെ.എന്‍.എമ്മിലെ മിതവാദി-ഉഗ്രവാദി-ജിന്ന്‌ വാദി ഗ്രൂപ്പുകള്‍, അവയെല്ലാം ചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന അന്തസംഘര്‍ഷങ്ങള്‍, സംഘടനാ സങ്കുചിതത്വവും അധികാരതാല്‍പര്യങ്ങളും, സഭ്യതയുടെ അതിരുകള്‍ ലംഘിച്ച്‌ പ്രസിദ്ധീകരണങ്ങളിലും വെബ്‌ലോകത്തും തെരുവിലും നടത്തുന്ന തമ്മിലടികള്‍, കത്തിപടരുന്ന ജിന്ന്‌ വിവാദം, ശിര്‍ക്ക്‌-കുഫ്‌ര്‍ ഫത്‌വകള്‍, ഗ്രൂപ്പിസം, യുവപ്രസംഗകര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയവ യഥാര്‍ഥത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തെ ബാധിച്ച രോഗങ്ങളല്ല, രോഗലക്ഷണങ്ങള്‍ മാത്രമാണ്‌. അഥവാ, ആദര്‍ശപരവും സംഘടനാപരവുമായ അപചയത്തിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്‌ മുജാഹിദു പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍. അതുകൊണ്ട്‌, അടിസ്ഥാനപരമായ വൈകല്യങ്ങളെയും ദൗര്‍ബല്യങ്ങളെയും വിശകലനം ചെയ്യാതെ പുതിയ വിവാദങ്ങളെ അഭിമുഖീകരിക്കാനാവില്ല.

പ്രസ്ഥാനത്തിന്‌ സംഭവിച്ചത്‌
തൗഹീദിന്റെ വിവക്ഷയും വിശാല ഭൂമികയും, തൗഹീദി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മണ്ഡലം, പ്രബോധനത്തിന്റെ മുന്‍ഗണനാക്രമം, വിശ്വാസ കാര്യങ്ങളുടെ വിശദാംശങ്ങളിലും കര്‍മശാസ്‌ത്ര തര്‍ക്കങ്ങളിലും സ്വീകരിക്കേണ്ട നിലപാട്‌, അതത്‌ കാലഘട്ടങ്ങളിലെ സാമൂഹിക പ്രശ്‌നങ്ങളോടുള്ള സമീപനം, ആദര്‍ശവും നയവും തമ്മിലുള്ള ബന്ധവും അന്തരങ്ങളും, സുന്നത്തിന്റെ പുനഃസ്ഥാപനത്തിലും ബിദ്‌അത്തിന്റെ നിര്‍മാര്‍ജനത്തിലും പുലര്‍ത്തേണ്ട സ്ഥലകാല ബോധവും യുക്തിദീക്ഷയും, മുസ്‌ലിം സമൂഹത്തിനകത്തെ ആശയവിയോജിപ്പുകളോടും ഇതര സംഘടനകളോടും സ്വീകരിക്കേണ്ട സമീപനരീതി, ബഹുമത സമൂഹത്തിലെ ദീനീപ്രസ്ഥാനത്തിന്റെ അജണ്ട....... സുപ്രധാനമായ ഇത്തരം വിഷയങ്ങളില്‍ മുജാഹിദ്‌ പ്രസ്ഥാനം പുലര്‍ത്തി വന്ന ശരിയല്ലാത്ത കാഴ്‌ച്ചപ്പാടുകള്‍ തന്നെയാണ്‌ ഇന്ന്‌ കാണുന്ന അപചയത്തിലേക്ക്‌ സംഘടനയെ നയിച്ചത്‌. ഇത്‌ മനസിലാക്കാനും തിരുത്താനും ശ്രമിക്കാതെ, വിമര്‍ശനങ്ങളെ അസഹിഷ്‌ണുതയോടെ കാണുകയും അസഭ്യവര്‍ഷങ്ങളോടെ മറുപടി എഴുതുകയും ചെയ്‌തതു കൊണ്ടൊന്നും വീണു കിടക്കുന്ന ഗര്‍ത്തത്തില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല.
പ്രവാചകന്മാരുടെ പൈതൃകത്തിന്റെ നീള്‍ച്ചയാണ്‌ നവോത്ഥാന നായകരും പരിഷ്‌കരണ പ്രസ്ഥാനങ്ങളും മുജാഹിദ്‌ പ്രസ്ഥാനവും തഥാ. എന്നാല്‍, സന്തുലിതമായ ദൈവികദര്‍ശനത്തെ സ്ഥലകാല യാഥാര്‍ഥ്യങ്ങളില്‍ നിന്നുകൊണ്ട്‌ പ്രബോധനം ചെയ്‌ത പ്രവാചക പാരമ്പര്യത്തെ പുതിയ കാലത്ത്‌ ശരിയായ അര്‍ഥത്തില്‍ അനന്തരമെടുക്കാന്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സാധിച്ചില്ല. ആശയപരമായ വ്യക്തത, മാനവികത, സാമൂഹിക ബോധം, വികാസക്ഷമത, സ്വയം നവീകരണ ശേഷി, മധ്യമ നിലപാട്‌, രാഷ്‌ട്രീയ ഉള്ളടക്കം, വിശാല വീക്ഷണം, വിട്ടുവീഴ്‌ചാ മനസ്‌, അകത്തും പുറത്തുമുള്ള ബഹുസ്വരതയെ അംഗീകരിക്കല്‍, പ്രബോധനത്തിലെ യുക്തിദീക്ഷ, പ്രബോധിതരോടുള്ള ഗുണകാംക്ഷ........... ഇസ്‌ലാമിന്റെ ഇത്യാദി സവിശേഷതകള്‍ ഏറിയോ കുറഞ്ഞോ പ്രസ്ഥാനത്തിന്‌ നഷ്‌ടപ്പെട്ടുപോയി. അക്ഷര പൂജ, നിഷേധാത്മക പ്രവര്‍ത്തന ശൈലി, സംഘടനാ സങ്കുചിതത്വം, അരാഷ്‌ട്രീയത, വിമര്‍ശനത്തിലെ തീവ്രത, അപമാനവീകരണം, ആശയക്കുഴപ്പം സൃഷ്‌ടിക്കല്‍, അനാവശ്യവും അപകടകരവുമായ മതതര്‍ക്കങ്ങളുടെ പ്രചാരണം, അസഹിഷ്‌ണുത, ആത്മീയരംഗത്തെ അതിവാദങ്ങള്‍....... ഇസ്‌ലാം വിലക്കുകയോ നിരാകരിക്കുകയോ ചെയ്‌ത പല നടപടിക്രമങ്ങളും സംഘടന വാശിയോടെ മുറുകെ പിടിക്കുകയും ചെയ്‌തു.
നിയമത്തിന്റെ കര്‍ക്കശമായ അളവു കോല്‍ കൊണ്ട്‌ മാത്രം ദീനിനെ മനസിലാക്കുകയും പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തപ്പോള്‍ ആത്മാവ്‌ ചോര്‍ന്ന്‌ പോയ ജഡിക മതമാണ്‌ മുജാഹിദുകളുടെ കൈയില്‍ ബാക്കിയായത്‌. പ്രമാണങ്ങളുടെ അക്ഷരവായനയും പൂര്‍വികരുടെ നടപടി ക്രമങ്ങളോടുള്ള അന്ധമായ അനുകരണഭ്രമവും ഭൂതകാലത്തിന്റെ തടവറയില്‍ പ്രസ്ഥാനത്തെ തളച്ചിടുകയും, മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുകയും ചെയ്‌തു. മറ്റു സംഘടകള്‍ക്കെതിരായ വിമര്‍ശനത്തില്‍ അവരവരുടെ പഴയ നിലപാടുകളും ഉദ്ധരണികളുമാണ്‌ മുജാഹിദ്‌ എഴുത്തുകാരുടെയും പ്രസംഗകരുടെയും തുറുപ്പു ചീട്ട്‌. ഈ രംഗത്ത്‌ പുരാവസ്‌തു ഗവേഷണത്തിന്റെ മതപരമായ ഒരു രീതിശാസ്‌ത്രം തന്നെ അവര്‍ വളര്‍ത്തിയെടുത്തു. സ്വയം ഭൂതകാലത്തില്‍ കുടുങ്ങികിടക്കുന്നവരും, പഴയ നിലപാടുകളില്‍ നിന്ന്‌ മാറാന്‍ കഴിയാത്തവരുമാണല്ലോ, മറ്റുള്ളവരെ പഴയ ഉദ്ധരണികളില്‍ കുടുക്കിയിടാന്‍ ശ്രമിക്കുക! സ്വയം മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മറ്റുള്ളവരെയും മാറാന്‍ അനുവദിക്കില്ല എന്നതാണ്‌ മനഃശാസ്‌ത്രം. പിന്നിട്ട ഒരു നൂറ്റാണ്ടിനെയാണിപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനം അഭിമാനത്തോടെ ആഘോഷിക്കുന്നത്‌. തീര്‍ച്ചയായും, അഭിമാനിക്കാവുന്ന ഒട്ടേറെ ഈടുവെപ്പുകള്‍ നവോത്ഥാനത്തിന്റെ കഴിഞ്ഞൊരു നൂറ്റാണ്ടിലുണ്ടായിട്ടുണ്ട്‌. എന്നാല്‍ ഒരു പരിഷ്‌കരണപ്രസ്ഥാനം പിന്നിട്ട നൂറ്റാണ്ടിനെ കുറിച്ച്‌ മാത്രം ആത്മരതി കൊള്ളേണ്ടിവരുന്നത്‌, മുന്നിലുള്ള നൂറ്റാണ്ടിനെകുറിച്ച്‌ അവര്‍ക്ക്‌ പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ടാണ്‌. ചനലനാത്മകതയുള്ള പ്രസ്ഥാനത്തില്‍ നിന്ന്‌, സ്വപ്‌നങ്ങളില്ലാത്ത `സംഘടന'യായും അജണ്ടകള്‍ തീര്‍ന്നുപോയ ആള്‍ക്കൂട്ടമായും മുജാഹിദ്‌ പ്രസ്ഥാനം മാറിയതുകൊണ്ടാണ്‌.
പ്രസ്ഥാനം ഒരു പ്രവാഹമാണ്‌. അത്‌ നിശ്ചലമായാല്‍ എളുപ്പം മലിനീകരിക്കപ്പെടും. കെട്ടി നില്‍ക്കുന്ന വെള്ളത്തിന്റെ മലീനീകരണ സാധ്യതയെക്കാള്‍ കൂടുതലാണ്‌, നിശ്ചലമായിത്തീര്‍ന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ മലിനീകരണ സാധ്യത. മുന്നോട്ടു ചലിക്കാന്‍ കഴിയാത്ത പ്രസ്ഥാനം മൃതമാണ്‌; കാലത്തെ കാണാന്‍ കഴിയാത്തത്‌ അന്ധവും. ജീവനില്ലാത്ത ശരീരം ഏറെ നാള്‍ വെച്ചുകൊണ്ടിരുന്നാല്‍ ജീര്‍ണിക്കും, അസഹ്യമായ ദുര്‍ഗന്ധം വമിക്കും. അത്തരമൊരു ജീര്‍ണാവസ്ഥയിലാണിപ്പോള്‍ മുജാഹിദ്‌ പ്രസ്ഥാനം എത്തിപ്പെട്ടിരിക്കുന്നത്‌. ഈ ജീര്‍ണതകളില്‍ നിന്ന്‌ സ്വയം ശുദ്ധമായി, ധന്യമായ പൈതൃകത്തെ തിരിച്ചുപിടിക്കുന്നതിനെ കുറിച്ചാണ്‌ പ്രസ്ഥാനം ആഴത്തില്‍ ചിന്തിക്കേണ്ടത്‌.

അജണ്ടകള്‍ മാറിയതെങ്ങിനെ?
വിശ്വാസ പരിവര്‍ത്തനത്തിന്റെയും, വിദ്യാഭ്യാസ വളര്‍ച്ചയുടെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും മഹത്തായ മാതൃക കാഴ്‌ചവെച്ച പ്രസ്ഥാനം കാലക്രമത്തില്‍ ദൗത്യം മറന്നു. പുതിയ പുതിയ സുന്നത്തുകളെയും ബിദ്‌അത്തുകളെയും ലിസ്റ്റു ചെയ്യലായി ഇസ്‌ലാഹി പ്രവര്‍ത്തനം മാറി. പല വിഷയങ്ങളിലും പുതിയ ഹറാം ഫത്‌വകള്‍ സമുദായത്തിന്‌ ഇടക്കിടെ അവര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അഭിപ്രായ ഭിന്നതകളുള്ള കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ ഒരു വീക്ഷണത്തില്‍ നിന്ന്‌ മറ്റൊരു വീക്ഷണത്തിലേക്ക്‌ ആളുകളെ മാറ്റിയെടുക്കലാണ്‌ ഇസ്‌ലാഹീ പ്രവര്‍ത്തനം എന്ന ധാരണ സൃഷ്‌ടിക്കപ്പെട്ടു. അനാവശ്യമായ മത തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന്‌, മുസ്‌ലിം സാമൂഹികാന്തരീക്ഷത്തെ ഇത്രമേല്‍ കലുഷമാക്കിതീര്‍ത്തതില്‍ മുജാഹിദ്‌ സംഘടന മുഖ്യപങ്കു വഹിച്ചു; എ.പി വിഭാഗം സമസ്‌തയാണ്‌ ഇതിലവരുടെ പങ്കു കച്ചവടക്കാര്‍. ദീനിന്റെ ലളിതമായ പല വിഷയങ്ങളും തര്‍ക്കിച്ച്‌ സങ്കീര്‍ണമാക്കി. വിശാലമായ പലതും ഗവേഷണം നടത്തി കുടുസ്സാക്കുകയും ചെയ്‌തു. തൗഹീദ്‌ മുതല്‍ ജനസേവനം വരെയും, പ്രാര്‍ഥന മുതല്‍ ഇതര മതസ്ഥരോടുള്ള സ്‌നേഹബന്ധം വരെയുമുള്ള വിഷയങ്ങളില്‍ മുസ്‌ലിം സാധാരണക്കാര്‍ക്കിടയില്‍ പോലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നവിധം അനാരോഗ്യകരമായ തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിച്ചു. തര്‍ക്കിക്കാന്‍ പഴുതു തേടി നടക്കുക സംഘടനയുടെ സാംസ്‌കാരമായി മാറി. ഇത്തരം ചര്‍ച്ചകളിലേറെയും മനുഷ്യ ജീവിതവുമായോ, സാമൂഹിക പ്രശ്‌നങ്ങളുമായോ വലിയ ബന്ധമില്ലാത്തവയാണു താനും. ഇത്തരം ചര്‍ച്ചകള്‍ കാടുകയറിയപ്പോള്‍, പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥലകാല ബന്ധം നഷ്‌ടപ്പെടാന്‍ തുടങ്ങി.
ആചാരാനുഷ്‌ടാനങ്ങളിലെ ശാഖാപരമായ വിഷയങ്ങളെ അടിസ്ഥാന പ്രശ്‌നങ്ങളെന്ന വണ്ണം ഉയര്‍ത്തിപ്പിടിക്കുകയും നിസാരമായ വിഷയങ്ങളെ പര്‍വതീകരിച്ച്‌ അവതരിക്കുകയും ചെയ്‌തതാണ്‌ ഒരബദ്ധം. പ്രമാണങ്ങളിലെ കല്‍പനാപ്രയോഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും നിയമങ്ങളുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെയുള്ള ഉസ്വൂലുല്‍ ഫിഖ്‌ഹിലെ വിശദീകരണങ്ങള്‍ അവഗണിച്ചതു കൊണ്ടുകൂടിയാണിത്‌ സംഭവിച്ചത്‌. അതേസമയം, ഗൗരവപ്പെട്ട ഒട്ടേറെ സാമൂഹിക പ്രശ്‌നങ്ങളോട്‌ തൗഹീദി പ്രബോധനത്തിന്റെ പേരില്‍ മുഖം തിരിച്ചു നില്‍ക്കുകയും ചെയ്‌തു. കടുക്‌ ചോരുന്നത്‌ സൂക്ഷ്‌മദര്‍ശനിയിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴും ഒട്ടകം ചോരുന്നതറിയാത്ത സ്ഥിതി!
അന്ധമായ തഖ്‌ലീദിനെതിരെ സമരം ചെയ്‌ത്‌ രംഗത്തുവന്ന പ്രസ്ഥാനത്തിലേക്ക്‌ മറ്റൊരു വഴിയിലൂടെ `തഖ്‌ലീദ്‌' കയറി വന്നു. വ്യക്തി കേന്ദ്രീകൃത തുരുത്തുകള്‍ സംഘടക്കകത്ത്‌ രൂപപ്പെടാന്‍ തുടങ്ങി. ഓരോ രംഗത്തും നേതൃത്വം കൊടുത്ത വ്യക്തികള്‍, അവരവരുടെ വിഷയങ്ങളില്‍ സ്വതന്ത്രമായ ഇജ്‌തിഹാദ്‌ നടത്തി സ്വന്തം വഴികള്‍ വെട്ടിത്തുറന്നു. അവരെ തഖ്‌ലീദ്‌ ചെയ്യാന്‍ അനുയായികളുണ്ടായി. അങ്ങനെ മുജാഹിദ്‌ പ്രസ്ഥാനത്തിനകത്ത്‌ കൊച്ചു കൊച്ചു പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. അവ പലപ്പോഴും പ്രതിലോമപരത പ്രകടിപ്പിക്കുകയും ചെയ്‌തു. ഉദാഹരണമായി `ബിസ്‌മി'. വൈവാഹികരംഗത്തെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തുവന്ന `ബിസ്‌മി' എന്ന മാതൃകാ സംരംഭം `ബഹുഭാര്യാത്വ പ്രസ്ഥാന'മായി മാറുകയും ഇസ്‌ലാമിനെ പൊതുസമൂഹത്തിനു മുമ്പില്‍ പരിഹാസ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഈ അവസ്ഥ എന്തു മാത്രം ദുഃഖകരമാണ്‌. 
മുസ്‌ലിം സമുദായത്തെ മുഖ്യശത്രുവായി കണ്ടും അവരില്‍ വലിയൊരു വിഭാഗത്തില്‍ ശിര്‍ക്ക്‌-കുഫ്‌ര്‍-ബിദ്‌അത്ത്‌ ആരോപിച്ചുമാണ്‌ മുജാഹിദു പ്രസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്ത്‌ രൂപപ്പെട്ടു വന്നത്‌. മറ്റു മുസ്‌ലിം സംഘടനകളെ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക എന്നത്‌ മുജാഹിദുകളുടെ മുഖ്യ അജണ്ടയായി മാറി. മറ്റുള്ളവരുമായി യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുന്നതും സഹകരണവും സഹിഷ്‌ണുതയും പുലര്‍ത്തുന്നതും ആദര്‍ശത്തിലെ വിട്ടുവീഴ്‌ച്ചയായി വിലയിരുത്തുന്ന പ്രവണതക്കാണ്‌ സംഘടയില്‍ സ്വീകാര്യത ലഭിച്ചത്‌. സഹിഷ്‌ണുതാ മനസിനെയും സഹകരണ സമീപനത്തെയും `മുവാസന' എന്ന്‌ പേരിട്ടു വിളിച്ചാണ്‌ മുജാഹിദുകളില്‍ ഒരു വിഭാഗം വിമര്‍ശിച്ചത്‌. `മുവാസന' ബിദ്‌അത്താണെന്നും അവര്‍ പ്രഖ്യാപിച്ചു. മുസ്‌ലിം സംഘടനകളോടുള്ള ശത്രുതാ സമീപനത്തിന്റെ അനിവാര്യമായ തിന്മകളെല്ലാം ക്രമത്തില്‍ സംഘടനയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സംഘടനാ സങ്കുചിതത്വത്തിന്റെ മൂര്‍ത്തമായ ഉദാഹരണമായി പലപ്പോഴും അവര്‍ മാറി. ജയിക്കാനും തോല്‍പിക്കാനുമുള്ള വാശിക്കിടയില്‍ ആശയ സംവാദത്തിന്റെ സാമാന്യ മര്യാദകളും നഷ്‌ടപ്പെട്ടു. `ലോകത്ത്‌ ഖുര്‍ആനും സുന്നത്തും ശരിയായ അര്‍ഥത്തില്‍ മനസിലാക്കിയ, യഥാര്‍ഥ തൗഹീദില്‍ നിലകൊള്ളുന്ന ഏക കക്ഷി മുജാഹിദുകള്‍ മാത്രമാണെന്ന' വാദത്തിന്റെ തീവ്രതയില്‍ മറ്റുള്ളവരെ ദീനീ വൃത്തത്തില്‍ നിന്ന്‌ പുറത്താക്കും വിധമുള്ള പ്രചാരണങ്ങളും നടന്നു. കാഫിര്‍, മുശ്‌രിക്‌, മുബ്‌തദിഅ്‌, ഖുറാഫി..... ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാനുള്ള സൂക്ഷമത പലപ്പോഴും പ്രസംഗര്‍ക്കും എഴുത്തുകാര്‍ക്കും കൈമോശം വന്നു. `ശിര്‍ക്ക്‌ ചെയ്യുന്നവന്‍ മുശ്‌രിക്കല്ലേ, അവനെ മുസ്‌ലിമായി ഗണിക്കാമോ, പിന്തുടര്‍ന്ന്‌ നമസ്‌കരിക്കാമോ' തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയാണ്‌, ഒരു മുസ്‌ലിം രാഷ്‌ട്രീയ നേതാവിനെതിരെ `ശിര്‍ക്ക്‌-കുഫ്‌ര്‍' ഫത്‌വ പുറപ്പെടുവിച്ച മുജാഹിദ്‌ പ്രസംഗകന്റെ നടപടി.
ഒരു മുസ്‌ലിം ലീഗ്‌ മന്ത്രിക്കെതിരെ യുവ മുജാഹിദ്‌ നേതാവ്‌ നടത്തിയ `കാഫിര്‍-മുശ്‌രിക്ക്‌' പ്രയോഗങ്ങള്‍ ഒരു പ്രസംഗകന്റെ യാദൃഛിക പരാമര്‍ശമായി കാണാവുന്നതോ, സംഘടനയുടെ അച്ചടക്ക നടപടികള്‍കൊണ്ട്‌ ലഘൂകരിക്കാവുന്നതോ അല്ല. ഗൗരവമുള്ള ചില വശങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്‌. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ തൗഹീദീ കാഴ്‌ചപ്പാട്‌, മുശ്‌രിക്ക്‌, കാഫിര്‍, മുര്‍ത്തദ്‌, മുനാഫിഖ്‌ പ്രയോഗങ്ങളുടെ അടിസ്ഥാനം, മുസ്‌ലിം സമൂഹത്തിലെ മറുവീക്ഷണക്കാരോട്‌ പുലര്‍ത്തേണ്ട സമീപനം, കുഫ്‌ര്‍-ശിര്‍ക്ക്‌ ഫത്‌വകള്‍ പുറപ്പെടുവിക്കാനുള്ള മാനദണ്ഡവും അധികാരവും തുടങ്ങിയ മൗലിക വിഷയങ്ങളുമായി ഇത്‌ ബന്ധപ്പെട്ടു കിടക്കുന്നു. മുജാഹിദ്‌ സംഘടന പുലര്‍ത്തിവരുന്ന വിയോജിപ്പിന്റെ രീതിശാസ്‌ത്രത്തെയും വിമര്‍ശന സംസ്‌കാരത്തെയും പ്രശ്‌നവത്‌കരിക്കാനും ഇത്‌ നിമിത്തമാകേണ്ടതുണ്ട്‌.
മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സമീപകാല പാരമ്പര്യം ഇവ്വിഷയകമായി എന്താണെന്നും ചിന്തിക്കണം. മുസ്‌ലിം സമൂഹത്തില്‍ തങ്ങള്‍ക്ക്‌ ആശയ വിയോജിപ്പുകള്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ അവര്‍ ധാരാളം നടത്താറുണ്ട്‌. ആദ്യ ഘട്ടത്തില്‍ അത്‌ സമസ്‌തക്കും അനുബന്ധ സംഘടനകള്‍ക്കുമെതിരായിരുന്നുവെങ്കില്‍, പിന്നീടത്‌ ജമാഅത്തെ ഇസ്‌ലാമിക്കും സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിക്കും മറ്റും എതിരിലായിരുന്നു. കുഫ്‌റ്‌ മുതല്‍ തീവ്രവാദവും ഭീകരവാദവും വരെയുള്ള `ഫത്‌വ'കളിലൂടെ ആദര്‍ശ `ശത്രു'ക്കളെ വേട്ടയാടിക്കൊണ്ട്‌ സമീപകാലത്ത്‌ രംഗത്തുവന്ന യുവ പ്രസംഗകര്‍ സകല പരിധികളും ലംഘിച്ചു മുന്നോട്ടുപോയി. മുജാഹിദ്‌ പ്രസ്ഥാനത്തിലെ മുതിര്‍ന്ന പണ്ഡിതരും നേതാക്കളും അതിന്‌ അനുവാദവും അംഗീകാരവും നല്‍കി, അവരെ കയറൂരിവിട്ടു. ജമാഅത്ത്‌-മൗദൂദി വേട്ടയില്‍ യുവ മുജാഹിദ്‌ പ്രസംഗകരെ മുസ്‌ലിം ലീഗും നന്നായി പ്രോത്സാഹിപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ഇതിന്റെ ഏറ്റവും ജീര്‍ണമായ മുഖം നാം ദര്‍ശിച്ചതാണ്‌. എന്നാല്‍, തങ്ങള്‍ പാലു കൊടുത്ത്‌ വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്തുന്നതാണിപ്പോള്‍ മുസ്‌ലിം ലീഗ്‌ കണ്ടത്‌. തങ്ങളുടെ രാഷ്‌ട്രീയ യജമാനന്മാര്‍ക്കെതിരെ വിമര്‍ശനങ്ങളുടെ നാവ്‌ നീണ്ടപ്പോള്‍ നടപടിയെടുക്കാന്‍ മുജാഹിദ്‌ നേതൃത്വവും മുന്നോട്ടുവന്നു! ആര്‍ക്കെതിരെയും എന്തും പ്രസംഗിക്കാനും എന്തിനെയും വിമര്‍ശിക്കാനും അപക്വത മാത്രം അലങ്കാരമാക്കിയ യുവ നിരയെ കയറൂരിവിട്ടതിന്റെ അനിവാര്യ `തിരിച്ചടി'യാണിത്‌. സംഘടന പുലര്‍ത്തിവരുന്ന വിമര്‍ശന സംസ്‌കാരം തിരുത്താതെ. നേതൃത്വത്തിന്റെ സ്വകാര്യ വിലാപങ്ങള്‍ കൊണ്ടോ അച്ചടക്ക നടപടികള്‍കൊണ്ടോ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങളൊന്നും. 

പുതിയ വിവാദങ്ങള്‍
വരണ്ട വിശ്വാസ ചര്‍ച്ചകളിലും ആരാധനാമാത്രമായ മത സങ്കല്‍പങ്ങളിലും തൗഹീദീ പ്രബോധനത്തെ തളച്ചിട്ടപ്പോള്‍ അജണ്ടകള്‍ തീര്‍ന്നുപോയ ആള്‍ക്കൂട്ടമായി മുജാഹിദ്‌ പ്രസ്ഥാനം മാറി. 50 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമേയങ്ങള്‍, മുദ്രാവാക്യങ്ങള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ അപ്പടി ആവര്‍ത്തിച്ചുകൊണ്ട്‌ ഒരു പരിഷ്‌കരണ പ്രസ്ഥാനത്തിന്‌ ഏറെക്കാലം മുന്നോട്ടു പോകാനാകില്ല. അതിന്റെ പ്രവര്‍ത്തനമണ്ഡലം നാല്‍ക്കുനാള്‍ ചുരുങ്ങിവരും, ഭാവി ദിനംതോറും ഇരുളടഞ്ഞുകൊണ്ടിരിക്കും, ആശയങ്ങള്‍ വറ്റിത്തീരും. ഇത്തരമൊരവസ്ഥയെ അഭിമുഖീകരിച്ചപ്പോള്‍ പുതിയ പുതിയ വിഷയങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളിലായി മുജാഹിദുകളില്‍ ചിലരുടെ ശ്രദ്ധ. നിസ്സാര പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച്‌ തര്‍ക്കങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി അവര്‍. താടിയുടെ നീളവും അത്തഹിയ്യാത്തിലെ വിലരനക്കവും പെരുന്നാള്‍ ആശംസയായ ഈദ്‌ മുബാറക്കും ഖുര്‍ആന്‍ പാരായണാനന്തരം പറയുന്ന `സ്വദഖല്ലാഹുല്‍ അളീം' എന്ന വാചകവും തൗഹീദീ പ്രസ്ഥാനത്തിന്റെ ചര്‍ച്ചയില്‍ സജീവമായതങ്ങനെയാണ്‌. അവിടം കൊണ്ടൊന്നും കാര്യങ്ങള്‍ നിന്നില്ല. ഗവേഷണം നടത്താനും എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ യഥേഷ്‌ടം പ്രചരിപ്പിക്കാനും അനുവാദം നല്‍കി, സംഘടന പടച്ചുവിട്ട ആയിരക്കണക്കിന്‌ സ്വതന്ത്ര ഗവേഷകര്‍ (മുജ്‌തഹിദ്‌ മുത്‌ലഖ്‌) ആദര്‍ശകാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാന്‍ തുടങ്ങി. പൊതുജനങ്ങളുടെ മുമ്പില്‍ ചര്‍ച്ചക്ക്‌ വെക്കരുതെന്ന്‌ സംഘടന തീരുമാനിച്ച ചില വിഷയങ്ങള്‍ പുതിയൊരു അജണ്ട ലഭിച്ച ആവേശത്തില്‍ അവര്‍ പ്രചരിപ്പിക്കാന്‍ മുന്നോട്ടുവന്നു. അതിന്റെ കൂടി ഉല്‍പന്നമാണ്‌ കത്തിപ്പടരുന്ന ജിന്ന്‌ വിവാദം.
മുജാഹിദ്‌ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്ന പുതിയ വിഷയങ്ങളില്‍ ഒന്നു മാത്രമാണ്‌ ജിന്നും സിഹ്‌റും. ആത്മീയ രംഗത്തെ അതിവാദങ്ങള്‍, താടിയുടെ നീളം പോലെ ചില ബാഹ്യ ചിഹ്നങ്ങളോടുള്ള ഭ്രാന്തമായ അഭിനിവേശം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വസ്‌ത്രധാരണം തുടങ്ങിയവയിലെ കടുത്ത പിന്തിരിപ്പന്‍ നിലപാടുകള്‍, അറബ്‌വത്‌കരണ ത്വര, യമനിലേക്കും സാധ്യമാകാത്ത രാഷ്‌ട്രീയ സാഹചര്യത്തില്‍ സുഊദിയിലേക്കും ഹിജ്‌റ ചെയ്യാനുള്ള ആഹ്വാനം, പ്രകട ഭക്തിയുടെ ചേഷ്‌ടകള്‍ കുടുംബ ജീവിതത്തില്‍ സൃഷ്‌ടിക്കുന്ന അസ്വാരസ്യങ്ങള്‍, തദ്വാരാ പുതിയ രൂപത്തില്‍ സംഭവിക്കുന്ന വിവാഹമോചനങ്ങള്‍, ബഹുഭാര്യാത്വാ പ്രവണതകള്‍, വിദ്യാ സമ്പന്നരായ യുവതലമുറയെ സംശയാലുക്കളാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ആത്മീയ ചര്‍ച്ചകള്‍, ബഹുമത സമൂഹത്തില്‍ മറ്റു മതവിഭാഗക്കാരുമായുള്ള സ്‌നേഹ ബന്ധങ്ങളും സേവന പ്രവര്‍ത്തനങ്ങളും പാടില്ലെന്ന പ്രചാരണം തുടങ്ങി പ്രതിലോമകരമായ ഒട്ടേറെ വാദങ്ങളുടെ ഉല്‍പാദന കേന്ദ്രമാണിന്ന്‌ മുജാഹിദ്‌ പ്രസ്ഥാനം. സൂഫി ത്വരീഖത്തുകളോട്‌ കിടപിടക്കുന്ന ആത്മീയ തീവ്രവാദം മുജാഹിദുകളില്‍ പതുക്കെ ശക്തിപ്പെട്ടുവരുന്നുണ്ട്‌. സ്‌ത്രീകളുടെ സാമൂഹിക പ്രവേശത്തെ നിരോധിക്കുക, മുഖം മറക്കാന്‍ നിര്‍ബന്ധിക്കുക, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്‌ മുറികള്‍ ഏര്‍പ്പെടുത്തുക, ആഇശാ ബീവിയുടെ വിവാഹ പ്രായം ചൂണ്ടിക്കാട്ടി ശൈശവ വിവാഹത്തിന്‌ വാദിക്കുക, മഹ്‌റമുകള്‍ (വിവാഹം നിഷിദ്ധമായവര്‍) അല്ലാത്ത കുടുംബാംഗങ്ങള്‍ക്ക്‌ പോലും വീടുകളിലേക്ക്‌ പ്രേവശനം നിഷേധിക്കുക തുടങ്ങിയ അതിവാദങ്ങളും മുജാഹിദു മുറ്റത്ത്‌ പിച്ചവെക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. സൗഊദി സലഫിസത്തിന്റെ യമനീ സലഫിസത്തിന്റെയും മറ്റും ഇറക്കുമതിയാണ്‌ വിവിധ മുജാഹിദു ധാരകള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ക്ക്‌ ആക്കം കൂട്ടുന്നത്‌. ആശയപരമായി കടുത്ത അരാജകത്വമാണ്‌ ഇതെല്ലാം ചേര്‍ത്തുകൊണ്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. സുബൈര്‍ മങ്കടയുടെ മുജാഹിദ്‌ സലഫി സധാര ഈ രംഗത്ത്‌ കനപ്പെട്ട സംഭവാനകള്‍ നല്‍കുന്നുണ്ട്‌; പല അതിവാദങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്‌. സ്വന്തം പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമായി കേരളീയ മുസ്‌ലിം സമൂഹത്തിലുണ്ടായിത്തീര്‍ന്ന നവജാഗരണത്തിന്റെ സദ്‌ഫലങ്ങള്‍, നവയാഥാസ്ഥിതികതയിലേക്ക്‌ വഴി വെട്ടിക്കൊണ്ട്‌ പറിച്ചുകളയാനും കുഴിച്ചുമൂടാനുമാണോ ഇതിലൂടെ മുജാഹിദു പ്രസ്ഥാനത്തിലെ ചിലര്‍ ശ്രമിക്കുന്നത്‌?

അപചയത്തിന്റെ നിമിത്തങ്ങള്‍
കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഇരുള്‍ നിലങ്ങളില്‍ പ്രകാശം പരത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച ആദ്യകാല ഇസ്‌ലാഹീ മൂവ്‌മെന്റും പിന്നീട്‌ വന്ന മുജാഹിദ്‌ പ്രസ്ഥാനവും മാനുഷികമായ ഇടര്‍ച്ചകളില്‍നിന്നും പോരായ്‌മകളില്‍നിന്നും ആദ്യകാലത്തേ പൂര്‍ണമുക്തമായിരുന്നില്ലെങ്കിലും, ആശങ്കജനകമായ വൈകല്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്‌ 1970-കളിലാണ്‌. പിന്നീടത്‌ ക്രമേണ അപകടകരമായ തലം കൈവരിക്കുകയാവും ഇന്നു കാണുന്ന പതനത്തില്‍ പ്രസ്ഥാനത്തെ കൊണ്ടെത്തിക്കുകയും ചെയ്‌തു. അതിന്റെ പ്രധാന നിമിത്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. തൗഹീദിലെ ആശയക്കുഴപ്പം. തൗഹീദിന്റെ ബഹുമുഖതലങ്ങള്‍ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പാളിച്ചയും വിശ്വാസ ആരാധനാ രംഗങ്ങളിലേക്കുള്ള ന്യൂനീകരണവും.മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ്‌, ഡോ. ഇ.കെ അഹ്‌മദ്‌ കുട്ടി സാഹിബ്‌ ഇവ്വിഷയകമായി നടത്തിയ ആത്മവിചാരണപരമായ വിശകലനം ചിന്തനീയമാണ്‌ (മാധ്യമം ദിനപത്രം, 22-8-2002).
2. സാമൂഹികതയുടെ നിരാകരണം. ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ബന്ധമായും ഇടപെടേണ്ടിയിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ തൗഹീദീ പ്രബോധനത്തിന്റെ പേരില്‍ അവഗണിച്ചു.
3. വികാസക്ഷമതയുടെ നിഷേധം. ഇസ്‌ലാമിന്റെ കാലാനുസൃതമായ വികാസക്ഷമതയുടെ നിഷേധവും അക്ഷരവായനയിലധിഷ്‌ഠിതമായ ഭൂതകാല ഭക്തിയും.
4. അടിസ്ഥാനങ്ങളും ശാഖകളും തമ്മില്‍ അന്തരമില്ലാതെ നടത്തിയ പ്രബോധനവും കര്‍മശാസ്‌ത്രത്തിലെ നിദാനതത്ത്വങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്‌ഹ്‌) പരിഗണിക്കാത്ത നിയമവ്യാഖ്യാനങ്ങളും.
5. അരാഷ്‌ട്രീയവത്‌കരണം. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ ഉള്ളടക്കത്തോടു സ്വീകരിച്ച നിഷേധാത്മക സമീപനം.
6. സ്വയം നവീകരണത്തിന്റെ അഭാവം. ആത്മവിമര്‍ശനത്തെ ആത്മനിന്ദയായി കാണുകയും സ്വന്തം പാളിച്ചകള്‍ കണ്ടെത്താനും തിരുത്താനുമുള്ള ശ്രമങ്ങളുടെ അഭാവവും.ഒരു പരിഷ്‌കരണ പ്രസ്ഥാനം സ്വയം നവീകരിച്ചുകൊണ്ട്‌ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഗൗരവമുള്ള ചര്‍ച്ചകള്‍, പിന്നീട്‌ ആദരണീയനായ മൗലവി പി. മുഹമ്മദ്‌ കുട്ടശ്ശേരിയും മുജീബുര്‍റഹ്മാന്‍ കിനാലൂരും മറ്റും മുന്നോട്ടുവെച്ചത്‌ കാലാനുസൃതമായ വികാസത്തിന്റെ ശുഭസൂചനകങ്ങളാണ്‌ (ശൈലിയില്‍ കാലോചിതമായ മാറ്റം ആവശ്യം- പി. മുഹമ്മദ്‌ കുട്ടശ്ശേരി, നവോത്ഥാനത്തിന്‌ പരിഷ്‌കരിച്ച അജണ്ട വേണം-മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ തുടങ്ങിയ ലേഖനങ്ങള്‍ ഉദാഹരണം. നവോത്ഥാന പ്രസ്ഥാനം വഴിയും പോരാട്ടവും, പേജ്‌ 96,101, യുവത ബുക്‌സ്‌ ഹൗസ്‌ കോഴിക്കോട്‌).
7. തീവ്രമായ പ്രവര്‍ത്തനശൈലി. ആശയപരമായ വിയോജിപ്പുള്ളവരോട്‌ പുലര്‍ത്തിയ `ശത്രുതാ'പരമായ സമീപനം, പ്രബോധനരംഗത്ത്‌ മുറുകെപ്പിടിച്ച കാര്‍ക്കശ്യവും.
8. പക്വതയും പാണ്ഡിത്യവുമില്ലാത്ത, യുവാക്കളായ സ്വതന്ത്ര ഗവേഷകരുടെ രംഗപ്രവേശവും അവരോടുള്ള തഖ്‌ലീദും.
9. ബഹുസ്വരതയുടെ നിരാകരണം. പ്രസ്ഥാനത്തിനകത്തെ വീക്ഷണ-പ്രവര്‍ത്തന വൈവിധ്യങ്ങളോടും മുസ്‌ലിം സമൂഹത്തിലെ ആശയവ്യത്യാസങ്ങളോടും സ്വീകരിച്ച നിഷേധാത്മകതയും രാഷ്‌ട്രത്തിന്റെ ബഹുമത സ്വഭാവം പരിഗണിക്കാത്ത പ്രബോധനശൈലിയും.
10. രാഷ്‌ട്രീയ വിധേയത്വം. മുസ്‌ലിം ലീഗിനോട്‌ കാണിച്ച വിധേയത്വമനസ്സും ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ നല്‍കിയ സ്വാതന്ത്ര്യവും പ്രസ്ഥാനത്തിന്റെ മതവീക്ഷണത്തിലും നിലപാടുകളിലും സൃഷ്‌ടിച്ച വൈകല്യങ്ങള്‍.
11. സാമ്പത്തികം. സംഘടനയുടെ ഭൗതികവളര്‍ച്ചയും ഗള്‍ഫ്‌ പണത്തിന്റെ ഒഴുക്കും മറ്റും സൃഷ്‌ടിച്ച സാമ്പത്തിക താല്‍പര്യങ്ങള്‍.
ഇവ കുറച്ച്‌ സംക്ഷിപ്‌ത വിശകലനത്തിലേക്ക്‌ പ്രവേശിക്കും മുമ്പ്‌ പ്രസ്ഥാനം സംഘടനാപരമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ചിലത്‌ സൂചിപ്പിക്കുന്നത്‌ സംഗതമാണെന്ന്‌ തോന്നുന്നു.

സംഘടാനാ പ്രതിസന്ധി
പിളര്‍പ്പാനന്തരം ബഹുമാന്യരായ എ.പി അബ്‌ദുല്‍ ഖാദര്‍ മൗലവിയും ടി.പി അബ്‌ദുല്ല കോയ മദനിയും നേതൃത്വം നല്‍കുന്ന കെ.എന്‍.എം, സംഘടനാപരമായി കടുത്ത ആഭ്യന്തര ശൈഥില്യത്തെയാണ്‌ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്‌ എന്നാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. അധികാരമോഹം, വ്യക്തി താല്‍പര്യങ്ങള്‍, ഗ്രൂപ്പിസം, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍, നേതാക്കള്‍ക്കെതിരായ ദുഷ്‌പ്രചാരണം തുടങ്ങിയവ പാര്‍ട്ടിക്കകത്ത്‌ സജീവമായി നടക്കുന്നു. മുസ്‌ലിം സമൂഹത്തിലെ മറ്റു സംഘടനകള്‍ക്കെതിരെ മുജാഹിദ്‌ പ്രസ്ഥാനം കാലാകാലങ്ങളില്‍ എന്തൊക്കെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ചിരുന്നുവോ അതെല്ലാം സംഘടനക്കകത്തെ മറു ഗ്രൂപ്പുകള്‍ക്കെതിരെ ഓരോ വിഭാഗവും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനവും സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും കൈക്കലാക്കി സംഘടനയെ വരുതിയിലാക്കാനുള്ള ശ്രമമാണ്‌ ജിന്ന്‌ വാദികള്‍ നടത്തുന്നത്‌. അല്‍പം മുമ്പ്‌ കെ.എന്‍.എം സംസ്ഥാന കൗണ്‍സലിലേക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മറ്റും തെരഞ്ഞെടുപ്പ്‌ നടക്കുകയുണ്ടായി. വിദേശത്തുനിന്ന്‌ ബ്രാന്റ്‌ പ്രഭാഷകനെ കൊണ്ടുവന്ന്‌ മത്സരിപ്പിക്കാനുള്ള ശ്രമമാണ്‌ ഇവര്‍ നടത്തിയത്‌. മലപ്പുറം ജില്ലയില്‍ നിന്ന്‌ കൗണ്‍സിലിലേക്ക്‌ എത്തിയാലേ അദ്ദേഹത്തിന്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കാനാകൂ. അത്‌ സാധിക്കില്ലെന്നും പിന്തുണ ലഭിക്കില്ലെന്നും മനസ്സിലായപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്‌. തങ്ങളുടെ ജിന്നുവാദങ്ങള്‍ തല്‍ക്കാലം മറച്ചുവെച്ചും വിമര്‍ശിക്കപ്പെട്ടവരോട്‌ മാപ്പു പറഞ്ഞും, സസ്‌പെന്‍ഷന്‍ നടപടികള്‍ക പിന്‍വലിപ്പിച്ചും സംഘടനയില്‍ സജീവമാകാനും അതുവഴി നേതൃത്വത്തിലേക്ക്‌ എത്താനുമാണ്‌ ഇപ്പോള്‍ അവരുടെ ശ്രമം. ജിന്ന്‌ വാദികളായ യുവ പ്രസംഗകര്‍ക്ക്‌ സംഘടനയില്‍ അധികാരസ്ഥാനങ്ങള്‍ കുറവാണ്‌. എന്നാല്‍ ആവേശപ്രസംഗകരായ ഇവര്‍ക്കാണ്‌ അണികളില്‍ സ്വാധീനം. ഇതിന്റെ ബലത്തിലാണിവരുടെ നീക്കങ്ങള്‍.
എന്നാല്‍, നിലവില്‍ സംഘടനയില്‍ അധികാരം കൈയാളുന്നവരും രോഗഗ്രസ്ഥനായ ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തുനിന്നുകൊണ്ട്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരും എങ്ങനെയും പാര്‍ട്ടിയെ ജിന്ന്‌ വാദികളില്‍നിന്ന്‌ മോചിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌. ജിന്ന്‌ വാദി നേതാക്കളെ പുറത്താക്കിയും സ്ഥാപനങ്ങളെല്ലാം കേന്ദ്ര ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യിച്ചും സംഘടനാ തെരഞ്ഞെടുപ്പില്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയും ഇവര്‍ മുന്നോട്ടു പോകുന്നു. ഈ വിഭാഗത്തിലേറെ പേരും മുതിര്‍ന്ന നേതാക്കളാണ്‌. ആവേശം വിതറുന്ന പ്രസംഗകരല്ലാത്തതിനാല്‍ അണികള്‍ക്കിടയില്‍ പക്ഷേ, ഇവര്‍ക്ക്‌ സ്വാധീനം കുറവാണത്രെ. ഈ രണ്ട്‌ വിഭാഗത്തിലും പെടാത്ത ചിലരുണ്ട്‌. ജിന്ന്‌ വാദമില്ലാത്ത ചില നിഷ്‌പക്ഷ നേതാക്കള്‍ സംഘടനാപരമായി ജിന്ന്‌ വാദികളോട്‌ ചേര്‍ന്നുനില്‍ക്കുന്നത്‌ ജനറല്‍ സെക്രട്ടറി പദവി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചയര്‍പ്പിച്ചുകൊണ്ടാണത്രെ.
വ്യക്തിതാല്‍പര്യങ്ങള്‍ക്കും അധികാരമോഹത്തിനും ഗ്രൂപ്പ്‌ പ്രവര്‍ത്തനത്തിനും ആശയപരമായ മാനം കൈവന്നത്‌ ജിന്ന്‌-സിഹ്‌ര്‍ വിവാദത്തോടെയാണ്‌. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദ്‌ പ്രസ്ഥാനം നടത്തിയ ധീരമായ പോരാട്ടങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെട്ട ജീര്‍ണതകള്‍ അതേ പ്രസ്ഥാനത്തിന്റെ ലേബലില്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ ജിന്നുവാദികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ യഥാവിധി പ്രതിരോധിക്കാന്‍ കെ.എന്‍.എം നേതൃത്വത്തിന്‌ സാധിച്ചില്ലെങ്കില്‍ നവോത്ഥാനത്തിന്റെ മഹത്തായ പൈതൃകമുള്ള ഒരു പ്രസ്ഥാനം നവയാഥാസ്ഥിതികതയില്‍ തീര്‍ത്തും മുങ്ങിപ്പോകും. ആത്മവിചാരണ നടത്തി ദൗര്‍ബല്യങ്ങള്‍ കണ്ടെത്തിയും തെറ്റുകള്‍ തിരുത്തിയും ജീവിക്കുന്ന കാലത്തിന്റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച്‌ അജണ്ടകള്‍ രൂപപ്പെടുത്തിയതും മുന്നോട്ടുപോകാന്‍ ശ്രമിച്ചില്ലെങ്കില്‍ മുജാഹിദ്‌ പ്രസ്ഥാനം ചരിത്രത്തിലേക്ക്‌ എടുത്തെറിയപ്പെടും. അത്‌ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രസ്ഥാനത്തെ ബാധിച്ച ദൗര്‍ബല്യങ്ങളും വൈകല്യങ്ങളും തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates