Thursday, 10 January 2013

സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകള്‍ ഒന്നിച്ചു നില്‍ക്കണം


കേരളീയ മുസ്‌ലിം നവോത്ഥാനത്തില്‍ മുഖ്യ പങ്ക്‌ വഹിച്ച കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ എട്ടാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട്‌ നടക്കുകയാണല്ലോ. എന്താണ്‌ മുജാഹിദ്‌ പ്രസ്ഥാനം നിര്‍വഹിക്കുന്ന നവോത്ഥാന ദൗത്യം?

ആദര്‍ശ-വിശ്വാസങ്ങളെയും ആരാധന-അനുഷ്‌ഠാനങ്ങളെയും സംബന്ധിച്ച്‌ മുസ്‌ലിം സമൂഹത്തെ ഇടക്കിടക്ക്‌ ഓര്‍മപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. കാലാന്തരത്തില്‍ മുസ്‌ലിം സമൂഹത്തിലുണ്ടാകാനിടയുള്ള വ്യതിചലനങ്ങള്‍ സത്യവും അസത്യവും തിരിച്ചറിയാനാകാത്തവിധം എതിര്‍ദിശയിലായിരിക്കും പലപ്പോഴും. അത്തരം ഘട്ടങ്ങളില്‍ വഴിതെറ്റിയ സമൂഹത്തെ ഇസ്‌ലാമിന്റെ നേര്‍വഴിയിലേക്ക്‌ തിരിച്ചുനടത്താനാണ്‌ പ്രവാചകന്മാര്‍ ആഗതരായത്‌. പ്രവാചകന്മാര്‍ക്ക്‌ ലഭിച്ച സന്മാര്‍ഗം എന്നും ഒന്നുതന്നെയായിരുന്നു; ഏകദൈവവിശ്വാസം അഥവാ തൗഹീദ്‌. ഇതില്‍ യാതൊരു മാറ്റവും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, കാലക്രമത്തില്‍ അനുയായികള്‍ തന്നെ ആദര്‍ശത്തെ വികൃതമാക്കും. ഏകദൈവവിശ്വാസത്തിന്‌ കളങ്കമേല്‍ക്കുകയും ശിര്‍ക്ക്‌ കടന്നുവരികയും ചെയ്യും. ഇത്‌ തിരുത്താന്‍ പിന്നെയും വന്നുകൊണ്ടിരുന്ന പ്രവാചക പരമ്പര മുഹമ്മദ്‌ നബിയില്‍ അവസാനിച്ചു. അവര്‍ നടത്തിയ ദഅ്‌വത്തിന്റെ തുടര്‍ച്ചയാണ്‌ നവോത്ഥാനം. മുഹമ്മദ്‌ നബിയുടെ കാലശേഷം ഖലീഫമാരും സ്വഹാബിമാരും താബിഉകളുമാണ്‌ മുസ്‌ലിം സമുദായത്തെ വൈകല്യങ്ങളില്‍നിന്ന്‌ രക്ഷിച്ച്‌ മുന്നോട്ട്‌ നയിച്ചത്‌. പിന്നീട്‌ വിവിധ കാലഘട്ടങ്ങളില്‍ പലരും ഈ ദൗത്യം നിര്‍വഹിച്ചു. അതിലെ തിളക്കമുള്ള അധ്യായങ്ങളാണ്‌ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍ വഹാബ്‌, സയ്യിദ്‌ റശീദ്‌ രിദ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍. അവരുടെയൊക്കെ ദൗത്യത്തിന്റെ തുടര്‍ച്ചയാണ്‌ കേരളത്തില്‍ മക്‌തി തങ്ങളും വക്കം മൗലവിയും മുസ്‌ലിം ഐക്യ സംഘവും അതിന്റെ തുടര്‍ച്ചയായി കേരള ജംഇയ്യത്തുല്‍ ഉലമായും കേരള നദ്‌വത്തുല്‍ മുജാഹിദീനും നിര്‍വഹിച്ചുവരുന്നത്‌.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുജാഹിദ്‌ പ്രസ്ഥാനം സ്വീകരിക്കുന്ന അടിസ്ഥാനങ്ങള്‍ എന്തൊക്കെയാണ്‌?


വഴിതെറ്റിയ മുസ്‌ലിം സമൂഹത്തെ നേര്‍വഴിയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ മാനദണ്ഡമായി സ്വീകരിക്കേണ്ടത്‌ അല്ലാഹുവിന്റെ ഗ്രന്ഥവും (കിതാബ്‌) പ്രവാചകന്റെ ചര്യയും (സുന്നത്ത്‌) മാത്രമാണ്‌. കിതാബിലേക്കും സുന്നത്തിലേക്കും ജനങ്ങളെ കൊണ്ടുവരലാണ്‌ നവോത്ഥാനം. പാശ്ചാത്യ സംസ്‌കാരത്തില്‍ വ്യവഹരിക്കപ്പെടുന്ന റിനൈസന്‍സ്‌ അല്ല നാം പറയുന്ന നവോത്ഥാനം. പാശ്ചാത്യന്റേത്‌ ഭൗതികാധിഷ്‌ഠിതമാണ്‌. ഇസ്‌ലാമിക നവോത്ഥാനം ഖുര്‍ആനും സുന്നത്തുമടിസ്ഥാനമാക്കിയുള്ള ആത്മീയ ദൗത്യമാണ്‌. `നിങ്ങള്‍ക്ക്‌ രണ്ട്‌ കാര്യങ്ങള്‍ തന്നിട്ടാണ്‌ ഞാന്‍ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും റസൂലിന്റെ ചര്യയും' എന്ന്‌ നബി പറഞ്ഞത്‌ വളരെ അര്‍ഥവത്താണ്‌.
നബി(സ)ക്കു ശേഷമുള്ള മൂന്ന്‌ ശ്രേഷ്‌ഠ നൂറ്റാണ്ടുകളിലെ സച്ചരിതരായ (സലഫുസ്സ്വാലിഹ്‌) വ്യക്തിത്വങ്ങളാണ്‌ നമുക്ക്‌ മാതൃക. ആദ്യ മൂന്നു നൂറ്റാണ്ടുകളിലാണ്‌ അനുകരണീയ വ്യക്തിത്വങ്ങളെല്ലാം ഏറക്കുറെ ഉണ്ടായിട്ടുള്ളത്‌. തൊട്ടടുത്ത നൂറ്റാണ്ടിലും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്‌. അവരുടെ പ്രവര്‍ത്തനങ്ങളാണ്‌ നാം മാതൃകയായി സ്വീകരിക്കേണ്ടത്‌. പിന്നീട്‌ പലതരം നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ കടന്നുവന്നത്‌ കാണാന്‍ കഴിയും. രാജാക്കന്മാര്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ മതത്തെ വ്യാഖ്യാനിച്ചു. അവരുടെ താല്‍പര്യത്തിന്‌ വഴങ്ങാത്ത പണ്ഡിതന്മാരെ പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, ഭരണകൂട താല്‍പര്യത്തിനനുസരിച്ച്‌ മതത്തെ വളച്ചൊടിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്‌ ഒരിക്കലും ശരിയായ രീതിയല്ല. ആ ചിന്തയാണ്‌ നവോത്ഥാന നായകന്മാരെ നയിച്ചിരുന്നത്‌. അതുകൊണ്ടാണവര്‍ക്ക്‌ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്‌. നവോത്ഥാന നായകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രയാസങ്ങള്‍ ധാരാളമുണ്ടാകും. വളരെ സുഗമമായ വഴിയിലൂടെ അവര്‍ക്ക്‌ സഞ്ചരിക്കാനാവില്ല. അതേസമയം മറ്റു മത വിഭാഗങ്ങള്‍ക്കൊന്നുമില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിന്‌ ഭരണ-രാഷ്‌ട്രീയ നേതൃത്വം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാന്‍ നവോത്ഥാന നായകരോട്‌ ജനങ്ങള്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്‌. അവരത്‌ സ്വീകരിച്ചോ ഇല്ലയോ എന്നത്‌ മറ്റൊരു കാര്യം. നവോത്ഥാന നായകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ച സുവര്‍ണകാലഘട്ടവും ചരിത്രത്തിലുണ്ടായിട്ടുണ്ട്‌.

പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മുജാഹിദ്‌ പ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത്‌ ഏതൊക്കെ മേഖലകള്‍ക്കാണ്‌?

വിശ്വാസരംഗം ശുദ്ധീകരിക്കുന്നതിനും ആരാധനകളും ആചാരങ്ങളും പ്രമാണപരമാകുന്നതിനുമാണ്‌ സലഫി പ്രസ്ഥാനം ഊന്നല്‍ നല്‍കുന്നത്‌. കറകളഞ്ഞ തൗഹീദ്‌-ഏകദൈവ വിശ്വാസം- ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും ശിര്‍ക്കിനെ-ബഹുദൈവാരാധന- ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നവരാണ്‌ സലഫികള്‍. അതില്‍ യാതൊരു വിട്ടുവീഴ്‌ചക്കും ഒരുക്കമല്ല. വിശ്വാസം ശുദ്ധീകരിക്കപ്പെട്ട ശേഷമേ മറ്റേതൊരു കാര്യവും പരിഗണിക്കാന്‍ പാടുള്ളൂ. നബി(സ)യുടെ പ്രബോധനം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌. നബി(സ) പ്രബോധനം ആരംഭിച്ച്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞ ശേഷമാണ്‌ നമസ്‌കാരം നിര്‍ബന്ധമാക്കുന്നത്‌. മുസ്‌ലിമിനെയും അമുസ്‌ലിമിനെയും വേര്‍തിരിക്കുന്ന, ദീനിലെ ഏറ്റവും പ്രധാന ആരാധനയാണ്‌ നമസ്‌കാരം. `ഒരാള്‍ നമസ്‌കരിക്കട്ടെ, വിശ്വാസം പിന്നീട്‌ ശരിയായിക്കൊള്ളും' എന്ന കാഴ്‌ചപ്പാട്‌ ഇസ്‌ലാമികമല്ല. വിശ്വാസം സംസ്‌കരിക്കപ്പെട്ട ശേഷമേ സല്‍ക്കര്‍മങ്ങള്‍ പോലും പൂര്‍ണവും സ്വീകാര്യവുമാവുകയുള്ളൂ. പതിനൊന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം നമസ്‌കാരം നിര്‍ബന്ധമാക്കാനുള്ള കാരണമിതാണ്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ മറ്റു പല നിയമങ്ങളും വരുന്നത്‌. സലഫികള്‍ പ്രബോധന രംഗത്ത്‌ സ്വീകരിക്കുന്ന മുന്‍ഗണനാക്രമവും ഇതുതന്നെയാണ്‌. വിശ്വാസ-ആരാധനാ മേഖലകളിലെ അനിസ്‌ലാമികതകള്‍ക്കെതിരെ ഏറ്റവും ശക്തമായി പൊരുതിയിട്ടുള്ളവരാണ്‌ സലഫികള്‍.

`നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌' എന്ന സമ്മേളന പ്രമേയത്തിലൂടെ എന്ത്‌ സന്ദേശമാണ്‌ നല്‍കാനുദ്ദേശിക്കുന്നത്‌?
നവോത്ഥാന ദൗത്യത്തിന്‌ വിധേയമാകുന്ന സമൂഹത്തെ കഴിഞ്ഞകാലം ഓര്‍മിപ്പിക്കുകയെന്നത്‌ അടിസ്ഥാനപരമായ ഒരു ആവശ്യമാണ്‌. ജീവിക്കുന്ന ഇന്നില്‍ നിന്നല്ല നാം പാഠമുള്‍ക്കൊള്ളേണ്ടത്‌; ഇന്നലെകളുടെ അനുഭവങ്ങളില്‍നിന്നാണ്‌. അതില്‍ നിന്നാണ്‌ നാളെക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടത്‌. അതാണ്‌ `നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌' എന്ന പ്രമേയം നല്‍കുന്ന സന്ദേശം. കേരളത്തിലെ നവോത്ഥാന ശ്രമങ്ങള്‍ ജനകീയമാക്കിയ സനാഉല്ല മക്‌തി തങ്ങള്‍ മരണപ്പെട്ട 1912 മുതലുള്ള കാലം മുന്‍നിര്‍ത്തിയാണ്‌ ഒരു നൂറ്റാണ്ട്‌ എന്ന്‌ പ്രയോഗിച്ചിരിക്കുന്നത്‌. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ചരിത്രവും അതില്‍ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ചരിത്രവും പുതിയ മുസ്‌ലിം തലമുറയെ പഠിപ്പിക്കുകയാണ്‌ ഇതിലൂടെ.
പ്രവാചകന്മാര്‍ക്കും മുന്‍ഗാമികളായ നവോത്ഥാന നായകര്‍ക്കും നേരിടേണ്ടിവന്നതുപോലുള്ള പീഡനങ്ങളും പ്രയാസങ്ങളും കേരളത്തിലെ സലഫീ പ്രസ്ഥാനത്തിനും ആദ്യകാലങ്ങളില്‍ വളരെയേറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്‌. ഒരുപാട്‌ ത്യാഗങ്ങള്‍ സഹിച്ചാണ്‌ മുന്‍ഗാമികള്‍ ഇതിനെ വളര്‍ത്തിയത്‌. മുന്നില്‍ നടന്നവര്‍ക്കാണ്‌ പ്രതിബന്ധങ്ങള്‍ തട്ടിമാറ്റേണ്ടിയിരുന്നത്‌. പിന്നില്‍ നടന്നവര്‍ക്ക്‌ ഇതൊന്നും പ്രശ്‌നമല്ല. അത്തരം മുന്‍ഗാമികളോട്‌ പിന്നില്‍ നടക്കുന്നവര്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ ചരിത്രം മാറ്റി നിര്‍ത്തി ഒരു ആധുനിക ചരിത്രം ഉണ്ടാക്കാനാണ്‌ പുതിയ ആളുകള്‍ ശ്രമിക്കുന്നത്‌. സ്വന്തം കാലടിയില്‍ നിന്ന്‌ ചരിത്രം രചിക്കാനാണ്‌ അവരുടെ ശ്രമം. അതുണ്ടാകാന്‍ പാടില്ലാത്തതാണ്‌. കടന്നുവന്ന വഴികള്‍ അവര്‍ വിസ്‌മരിക്കരുത്‌. യുവാക്കളെയാണ്‌ ഈ രോഗം ഏറ്റവും വേഗത്തില്‍ ബാധിക്കുക. ചുറ്റുഭാഗത്തുള്ള മര്‍ദങ്ങളാണ്‌, സ്വന്തം അനുഭവങ്ങളാണ്‌ യുവാക്കളെ പ്രതികരിപ്പിക്കുന്നത്‌. ചരിത്രത്തിന്റെ മര്‍ദമല്ല. നിലവിലുള്ള അനുഭവങ്ങളില്‍ മാത്രം നാം കാര്യങ്ങളെ കാണരുത്‌. ഇന്ന്‌ പ്രതിയോഗികള്‍ പോലും മുജാഹിദ്‌ പ്രസ്ഥാനത്തോട്‌ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ വളര്‍ന്നുവരുന്ന സംഘടനകളൊന്നും മുജാഹിദ്‌ പ്രസ്ഥാനം വെട്ടിതെളിച്ച വഴി മറക്കാന്‍ പാടില്ലാത്തതാണ്‌. വിശ്വാസ-ആരാധനാ മണ്ഡലങ്ങളിലെ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ ഇകഴ്‌ത്തുകയും വിദ്യാഭ്യാസപരവും മറ്റുമായ ചില മേഖലകളിലെ ചിലരുടെ വളര്‍ച്ചയെ പുകഴ്‌ത്തുകയും ചെയ്യുന്ന ഒരു ശൈലി അറിയാതെ വന്നുപോകുന്നുണ്ട്‌. എന്നാല്‍, അത്തരം വിഭാഗങ്ങളുടെ വളര്‍ച്ചക്ക്‌ സഹായിക്കുന്ന പടവുകള്‍ സൃഷ്‌ടിച്ചത്‌ മുജാഹിദ്‌ പ്രസ്ഥാനമാണെന്നത്‌ മറക്കരുത്‌. ഈ സമ്മേളനത്തിലൂടെ പരിവര്‍ത്തനങ്ങളുടെ, ത്യാഗങ്ങളുടെ, രക്തസാക്ഷികളുടെ ചരിത്രമുള്ള, കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കേരളമുസ്‌ലിംകളെ പഠിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഞങ്ങളോടൊപ്പമുള്ള പുതിയ തലമുറയെയും ഇത്‌ ഓര്‍മിപ്പിക്കുന്നു. ശൂന്യതയില്‍നിന്ന്‌ ഒരു പുതിയ ലോകം പടുത്തുയര്‍ത്താന്‍ ആരും ശ്രമിക്കരുത്‌.

കഴിഞ്ഞ 62 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്താണ്‌ പ്രസ്ഥാനം നേടിയത്‌, കേരളത്തിലെ ഇസ്‌ലാഹി മൂവ്‌മെന്റിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്‌?
നേടിയ ചരിത്രമേ ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ. ഒന്നും ഞങ്ങള്‍ക്ക്‌ നഷ്‌ടപ്പെട്ടിട്ടില്ല. ഒന്നാമത്തേത്‌ അന്ധവിശ്വാസങ്ങളില്‍നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാനായതുതന്നെ. ശിര്‍ക്കില്‍നിന്ന്‌ സമൂഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ശിര്‍ക്കിന്റെ ആളുകള്‍ തന്നെ തൗഹീദിനെ തിരിച്ചറിയുന്ന അവസ്ഥയുണ്ടായി. മറ്റു പല കാരണങ്ങള്‍ക്കൊണ്ടും അതിലേക്ക്‌ കടന്നുവരാനോ പ്രഖ്യാപിക്കാനോ അവര്‍ തയാറാകുന്നില്ല എന്നല്ലാതെ, എന്താണ്‌ തൗഹീദ്‌, എന്താണ്‌ ശിര്‍ക്ക്‌ എന്നവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ സലഫി പ്രസ്ഥാത്തിന്‌ സാധിച്ചിട്ടുണ്ട്‌. ഒരു വിഷയത്തില്‍ മുജാഹിദുകളുടെ നിലപാടെന്താണെന്ന്‌ ചോദിച്ചാല്‍ ഇവിടത്തെ സുന്നികള്‍ വരെ അതെന്താണെന്ന്‌ പറയും. മുജാഹിദുകളുടെ ഏറ്റവും വലിയ പ്രതിയോഗികളായ ഇവിടത്തെ സുന്നികള്‍ക്കു വരെ തൗഹീദിന്റെ ആശയം പഠിപ്പിക്കാന്‍ കഴിഞ്ഞുവെന്നത്‌ വലിയ സംഭാവനയാണ്‌. അവരത്‌ സ്വീകരിച്ചോ ഇല്ലയോ എന്നത്‌ മറ്റൊരു വിഷയമാണ്‌.
രണ്ടാമത്തേത്‌ സുന്നത്തിനെ പഠിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്‌തതാണ്‌. നബി(സ)യുടെ ഒരൊറ്റ ഹദീസ്‌ പോലും അറിയാത്തവരായിരുന്നു ഇവിടത്തെ 99 ശതമാനം മുസ്‌ലിംകളും. ഇത്‌ അതിശയോക്തിയോടെ പറയുന്നതല്ല. ഹദീസ്‌ അഥവാ നബിയുടെ സുന്നത്ത്‌ പഠിക്കാനുള്ളതല്ല എന്ന്‌ വിശ്വസിച്ച സമൂഹത്തിന്റെ മുമ്പിലാണ്‌ ഹദീസ്‌ പഠനം വ്യാപകമാക്കുകയും സുന്നത്തിനെ പ്രാധാന്യപൂര്‍വം പുനഃസ്ഥാപിക്കുകയും ചെയ്‌തത്‌. ഹദീസിനെ ഇവിടത്തെ ജനതക്ക്‌ ആദ്യമായി മനസ്സിലാക്കിക്കൊടുത്തത്‌ മുജാഹിദ്‌ പ്രസ്ഥാനമാണ്‌. അതിന്‌ മുമ്പ്‌ സുന്നത്ത്‌ എന്താണെന്ന്‌ അറിയുമായിരുന്നില്ല. ചെയ്‌താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതും എന്നാണ്‌ സുന്നത്തിനെക്കുറിച്ച്‌ പറഞ്ഞുവന്നത്‌. നബിചര്യയാണ്‌ സുന്നത്ത്‌, അതനുസരിച്ചാണ്‌ ജീവിക്കേണ്ടത്‌ എന്ന്‌ പഠിപ്പിച്ചത്‌ മുജാഹിദ്‌ പ്രസ്ഥാനമാണ്‌.
ഖുര്‍ആന്‍ പഠനരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതും ഈ പ്രസ്ഥാനമാണ്‌. വിദ്യാഭ്യാസ വളര്‍ച്ചയിലെ പങ്കാണ്‌ മറ്റൊന്ന്‌. സമൂഹത്തിന്‌ അക്ഷരജ്ഞാനമുണ്ടാക്കാന്‍ വമ്പിച്ച ത്യാഗം സഹിച്ച പ്രസ്ഥാനമാണിത്‌. ഇത്‌, മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. അഹങ്കാരത്തോടെ പറയുന്നതല്ല ഇത്‌. ചരിത്രത്തിന്റെ സത്യം ഓര്‍മപ്പെടുത്തുകയാണ്‌. മുസ്‌ലിം സ്‌ത്രീകളുടെ വിദ്യാഭ്യാസ വളര്‍ച്ചയും ദീനീ ഉണര്‍വുകളും വളരെ പ്രധാനപ്പെട്ട സംഭാവനയാണ്‌. സ്‌ത്രീകളുടെ പള്ളിപ്രവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഓര്‍ക്കണം. ദീന്‍ അനുവദിച്ചുകൊടുത്ത കാര്യങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ നേടിക്കൊടുക്കാന്‍ എത്രകാലം ഈ പ്രസ്ഥാനം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്‌.
ചികിത്സാ രംഗത്ത്‌ സമുദായത്തിന്റെ സമീപനം മാറ്റിയതാണ്‌ മറ്റൊന്ന്‌. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്‌, അതുകൊണ്ട്‌ ചികിത്സിക്കണം എന്ന്‌ പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍,ലോകത്തുള്ള എല്ലാ മന്ത്രവാദങ്ങളും ഏറ്റെടുത്ത്‌ ഇസ്‌ലാമീകരിച്ച്‌ നടക്കുകയായിരുന്നു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ബഹുദൈവാരാധനയുള്ള രാജ്യമാണിത്‌. അതിന്റെ ചില ഭാഗങ്ങള്‍ മുസ്‌ലിം സമുദായവും ഏറ്റെടുത്തു. പിശാച്‌ സേവക്കു പകരം ജിന്ന്‌ സേവ, പ്രേതബാധക്കു പകരം റൂഹാനി എന്നിങ്ങനെ പേരുകള്‍ മാറ്റുക മാത്രമാണ്‌ ചെയ്‌തിരുന്നത്‌. ഇങ്ങനെ പൗരോഹിത്യത്തിന്റെയും `സിദ്ധന്മാ'രുടെയും വരുമാന മാര്‍ഗമാക്കി മുസ്‌ലിം സമുദായത്തെ മാറ്റിയിരുന്നു. ഇതില്‍നിന്ന്‌ അവരെ തിരിച്ചുകൊണ്ടുവന്ന്‌ നിര്‍ഭയരാക്കി. ചികിത്സക്ക്‌ മരുന്ന്‌ ഉപയോഗിക്കാനും അല്ലാഹുവില്‍ തവക്കുലാക്കാനും അവരെ പഠിപ്പിച്ചു.

കേരളീയ മുസ്‌ലിംകളുടെ രാഷ്‌ട്രീയ മുന്നേറ്റത്തില്‍ മുജാഹിദ്‌ പ്രസ്ഥാനം എന്ത്‌ സംഭാവനയാണ്‌ അര്‍പ്പിച്ചിട്ടുള്ളത്‌? എന്താണ്‌ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ സമീപനം?
മുസ്‌ലിംകള്‍ അരാഷ്‌ട്രീയ വാദികളാകണമെന്ന കാഴ്‌ചപ്പാട്‌ ഇസ്‌ലാമികമല്ലല്ലോ. അത്തരമൊരു നിലപാട്‌ മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. മുസ്‌ലിംകളുടെ രാഷ്‌ട്രീയ ശാക്തീകരണത്തിലും പ്രസ്ഥാനം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്‌. ഭരിക്കുന്നവര്‍ക്ക്‌ പിന്തുണ നല്‍കുകയെന്ന അന്ധമായ ശൈലിയുണ്ടായിരുന്നു നേരത്തെ. അതിനെതിരെ സ്വതന്ത്ര ചിന്ത ഉണ്ടാക്കിയതില്‍ പ്രസ്ഥാനം ഇടപെട്ടിട്ടുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള സമരത്തില്‍ ഇതിന്റെ ആദ്യ തലമുറ പങ്കുവഹിച്ചിട്ടുണ്ട്‌. അതിനു ശേഷം രാഷ്‌ട്രീയ നിലനില്‍പിനു വേണ്ടിയുള്ള സംഘടിത ശ്രമങ്ങളില്‍ പ്രസ്ഥാനത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌.

വക്കം മൗലവിയെയും കേരളത്തിലെ ഇസ്‌ലാഹി മൂവ്‌മെന്റിനെയും ലോക സലഫി പ്രസ്ഥാനത്തിലെ ഈജിപ്‌ഷ്യന്‍ ധാരയും സയ്യിദ്‌ റശീദ്‌ രിദയും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്‌?
തീര്‍ച്ചയായും അവരുടെ സ്വാധീനമുണ്ടായിട്ടുണ്ട്‌. എന്നാല്‍, അവരെ സ്വാധീനിച്ചത്‌ ആരാണെന്നതും പ്രധാനമാണ്‌. മുഹമ്മദ്‌ അബ്‌ദില്‍ വഹാബിന്റെ പ്രവര്‍ത്തനങ്ങളാണ്‌ മുഹമ്മദ്‌ ബ്‌നു അബ്‌ദുവിനെയും റശീദ്‌ രിദയെയും സ്വാധീനിച്ചത്‌. മുഹമ്മദ്‌ അബ്‌ദില്‍ വഹാബിന്റെ സലഫി ആശയങ്ങള്‍ ഈജിപ്‌ത്‌ വഴിയാണ്‌ കേരളത്തിലെത്തിയത്‌. ജമാലുദ്ദീന്‍ അഫ്‌ഗാനിയുടെ അല്‍ ഉര്‍വത്തുല്‍ വുസ്‌ഖയും റശീദ്‌ രിദായുടെ അല്‍മനാറുമൊക്കെയാണ്‌ സലഫീ ആശയങ്ങള്‍ ഇവിടേക്ക്‌ എത്തിച്ചത്‌. അതിനാല്‍, സലഫിയ്യത്തുതന്നെയാണ്‌ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തെ രൂപപ്പെടുത്തിയത്‌. ഓരോ പ്രദേശത്തിനും അനുസരിച്ച്‌ ചില മാറ്റങ്ങള്‍ അതില്‍ കാണാം. എന്നാല്‍ തൗഹീദ്‌ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്‌. അതുകൊണ്ട്‌ സലഫീ പ്രബോധനത്തിലും മാറ്റങ്ങളില്ല.

വക്കം മൗലവിയും ഐക്യസംഘവും രൂപപ്പെടുത്തിയ ആശയങ്ങളില്‍നിന്നും അജണ്ടകളില്‍നിന്നും പിന്നീട്‌ രൂപംകൊണ്ട കേരള നദ്‌വത്തുല്‍ മുജാഹിദീന്‌ എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്‌?
വളരെയേറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്‌. മുസ്‌ലിം ഐക്യസംഘം കെ.എന്‍.എമ്മിനെ പോെല അജണ്ടയും സംഘടിത രൂപവും ഉണ്ടായിരുന്ന സംഘടനയല്ല. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കാനും മുതലാളിമാര്‍ തമ്മിലുള്ള ഭിന്നിപ്പും മറ്റും പരിഹരിക്കാനുമാണ്‌ ഐക്യസംഘം രൂപീകരിച്ചത്‌.
കേരള ജംഇയ്യത്തുല്‍ ഉലമയും കേരള നദ്‌വത്തുല്‍ മുജാഹിദീനും രൂപീകരിക്കപ്പെട്ടതോടെയാണ്‌ വ്യവസ്ഥാപിതമായ സംഘടിത നവോത്ഥാന മുന്നേറ്റം ഉണ്ടായത്‌. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ അതിന്റെ സുവര്‍ണ കാലമാണ്‌. കെ.എന്‍.എം രൂപീകരിക്കപ്പെട്ടതിന്‌ ശേഷം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയ മാനങ്ങള്‍ ഉണ്ടായി. പണ്ഡിതന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രബോധനം, പ്രവാചക കാലത്തുണ്ടായിരുന്ന പോലെ വിശ്വാസികള്‍ ജനകീയമായി ഏറ്റെടുക്കാന്‍ തുടങ്ങി. ലോകത്ത്‌ ഈ ദൗത്യം ഇങ്ങനെ നിര്‍വഹിച്ച ഒരു പ്രസ്ഥാനത്തെ വേറെ കാണാന്‍ കഴിയില്ല. ഭൗതികതാല്‍പര്യങ്ങളില്ലാതെ വിശ്വാസ സംസ്‌കരണവും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചുപോവുക എന്ന നബിയുടെ ആഹ്വാനവും ഈ പ്രസ്ഥാനം പ്രയോഗവത്‌കരിച്ചു. പ്രമാണങ്ങളിലൂടെ പ്രശ്‌നങ്ങളെ കാണാന്‍ സമൂഹത്തെ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു.

അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള കേരളീയ മുസ്‌ലിം സമൂഹമല്ല ഇപ്പോഴുള്ളത്‌. 1990കളോടെ വലിയ മാറ്റങ്ങള്‍ മുസ്‌ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്‌. വിദ്യാഭ്യാസം, സാമ്പത്തികം, ജീവിത വീക്ഷണം, ഇസ്‌ലാമിക ബോധം തുടങ്ങിയവയിലെല്ലാം വലിയ പരിവര്‍ത്തനങ്ങളുണ്ടായി. പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഇടപെടേണ്ട ഒട്ടേറെ പുതിയ പ്രശ്‌നങ്ങള്‍ സമുദായത്തിലുണ്ടായിട്ടുണ്ട്‌. ഇതനുസരിച്ച്‌ പുതിയ അജണ്ടകള്‍ രൂപപ്പെടുത്താന്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ എത്രത്തോളം സാധിച്ചിട്ടുണ്ട്‌?
ഒരു മാറ്റവുമില്ലാതെ തൗഹീദ്‌ പ്രബോധനം ചെയ്യുകയെന്നതാണ്‌ സലഫി പ്രസ്ഥാനത്തിന്റെ പ്രഥമ ദൗത്യം. അവിടെ മാറ്റത്തെക്കുറിച്ച ചിന്തയില്ല. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ എന്നും നിര്‍വഹിക്കപ്പെട്ടത്‌ ഇതുതന്നെയാണ്‌. രണ്ടാമത്തേതാണ്‌ സുന്നത്തിന്റെ സ്ഥാപനം. എന്നാല്‍, മറ്റു പ്രശ്‌നങ്ങളില്‍ കാലത്തിനൊപ്പം നില്‍ക്കുന്നവരാണ്‌ മുജാഹിദുകള്‍. ഒരു പിന്തിരിപ്പന്‍ ആശയവും മുജാഹിദുകള്‍ക്കില്ല. ഞങ്ങളാണ്‌ മുന്നില്‍ നടന്നത്‌. വിദ്യാഭ്യാസ മേഖല ഉദാഹരണം. കാലത്തിനനുസരിച്ച മാറ്റങ്ങളും പരിഷ്‌കരണങ്ങളും ആ രംഗത്ത്‌ നടക്കുന്നുണ്ട്‌. എന്നാല്‍, മതരംഗത്ത്‌ യാതൊരു വിട്ടുവീഴ്‌ചയും മാറ്റവുമില്ലാതെ നാം മുന്നോട്ടുപോകും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ തൗഹീദി പ്രബോധനത്തിന്‌ രണ്ടാം സ്ഥാനം നല്‍കണം എന്ന അഭിപ്രായം ഉയര്‍ന്നുവന്നാല്‍ അത്‌ അംഗീകരിക്കാനാകില്ല. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു നടത്തി ജനങ്ങളെ വശീകരിച്ചുകൊണ്ടാകണം തൗഹീദ്‌ പറയേണ്ടത്‌ എന്ന ആശയം കടന്നുവന്നപ്പോള്‍തന്നെ അതിനെ പ്രതിരോധിച്ചു. ആ മാര്‍ഗം ഇസ്‌ലാമിന്റേതല്ല എന്ന്‌ അതിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടവരെ ഞങ്ങള്‍ താക്കീതു ചെയ്‌തു. പ്രീണിപ്പിച്ചോ പ്രലോഭിപ്പിച്ചോ അല്ല തൗഹീദ്‌ പ്രചരിപ്പിക്കേണ്ടത്‌. ഇതാണ്‌ മുജാഹിദ്‌ പ്രസ്ഥാനം തീവ്ര സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനത്തിന്റെ കാരണം.

മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിന്‌ സഹായകമാകുന്ന ഒട്ടേറെ കൂട്ടായ്‌മകള്‍ സമീപകാലത്ത്‌ രൂപപ്പെടുന്നുണ്ട്‌. ഇതില്‍ കെ.എന്‍.എമ്മിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ പ്രതീക്ഷിക്കാമോ?
തൗഹീദിന്റെ പ്രബോധനവും സുന്നത്തിനെയും ബിദ്‌അത്തിനെയും വേര്‍തിരിച്ച്‌ പഠിപ്പിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന ദൗത്യത്തിനു ശേഷം, നാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ചുനില്‍ക്കണം എന്ന കാര്യത്തില്‍ നമുക്ക്‌ അഭിപ്രായ വ്യത്യാസമില്ല. മതപരമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍, മുജാഹിദുകളും സുന്നികളും ജമാഅത്തുകാരും യോജിക്കുന്ന കാര്യങ്ങളാണ്‌ മഹാ ഭൂരിപക്ഷം. ധാര്‍മിക-വിദ്യാഭ്യാസ-സാമൂഹിക സംസ്‌കരണ രംഗത്തുള്ള ഏതു പ്രവര്‍ത്തനത്തിനും നമുക്ക്‌ യോജിച്ചു നിന്നു കൂടേ? വന്‍ പാപങ്ങളെ അംഗീകരിക്കുന്ന ആരും മുസ്‌ലിംകളിലില്ല. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇതില്‍ നിന്ന്‌ ആര്‍ക്കാണ്‌ മാറി നില്‍ക്കാനാവുക. ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ കൂട്ടായി നേതൃത്വം നല്‍കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇത്രയേറെ മതവിദ്യാഭ്യാസം നല്‍കിയിട്ടും യുവാക്കള്‍ ക്രിമിനലുകളായി വളരുന്നു! മൂല്യമുള്ള മതപഠനം നാം വളര്‍ത്തിയെടുക്കണം. അസഹിഷ്‌ണുത കാണിക്കാതിരുന്നാല്‍, ഓരോ മഹല്ലിലും ഒന്നു കൂടിയിരുന്നാല്‍, സമൂഹത്തെ ബാധിക്കുന്ന പൊതു പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ കൂട്ടായി ചര്‍ച്ച ചെയ്‌താല്‍, പരിഹാരം നിര്‍ദേശിച്ചാല്‍ ഏറെ ഫലപ്രദമായിരിക്കും. ഇതിനൊരു വേദിയുണ്ടാകണം. മുമ്പ്‌ ഉണ്ടാക്കിയ മുസ്‌ലിം സൗഹൃദവേദി നല്ല കാല്‍വെപ്പായിരുന്നു. പിന്നെ അതിന്‌ തുടര്‍ച്ചയുണ്ടായില്ല. അത്‌ മുന്നോട്ടുകൊണ്ടുപോകണം. കൃത്യമായ അജണ്ട നിര്‍ണയിക്കണം. തുടക്കം തന്നെ അലസിപ്പിരിയരുത്‌. പല സംയുക്ത യോഗങ്ങളിലും ഞാനത്‌ പറയാറുണ്ട്‌. പൊതു അജണ്ട വളരെ വേഗത്തില്‍ രൂപപ്പെടുത്താനാകും.

സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ പിന്തുണയുള്ള സ്വേഛാധിപതികളെ താഴെയിറക്കിയ പുതിയ ജനകീയ വിപ്ലവങ്ങള്‍ മുസ്‌ലിം നാടുകളില്‍ നടക്കുകയാണ്‌. അറബ്‌ വസന്തത്തെ കെ.എന്‍.എം എങ്ങനെ വിലയിരുത്തുന്നു?
അത്തരം വിഷയങ്ങളില്‍ ഞങ്ങള്‍ ധൃതിപ്പെട്ട്‌ അഭിപ്രായങ്ങള്‍ പറയാറില്ല. ഇതില്‍ ഞങ്ങളില്‍ വിവിധ വീക്ഷണങ്ങളുള്ള ആളുകളുണ്ടാകും. ഇപ്പോള്‍ ചില അറബ്‌ മുസ്‌ലിം നാടുകളില്‍ നടക്കുന്നത്‌ വെറും ബാഹ്യമായ രാഷ്‌ട്രീയ മാറ്റങ്ങളാണ്‌. ഇസ്‌ലാമിന്റെ പേരിലൊന്നുമല്ല അത്‌ വരുന്നത്‌. അതിനെ അനുകൂലിക്കണോ പ്രതിക്കൂട്ടിലാക്കണോ എന്നത്‌ ചരിത്രം തീരുമാനിക്കേണ്ടതാണ്‌. ആ രാഷ്‌ട്രങ്ങളിലെല്ലാം യാത്ര ചെയ്‌തിട്ടുള്ള ആളാണ്‌ ഞാന്‍. അവിടങ്ങളില്‍ എന്തെങ്കിലും തിരുത്തലുകള്‍ നടക്കണമെങ്കില്‍ ഒരുപാട്‌ കാലമെടുക്കും. അവ്വിധമുള്ള തിരിച്ചുപോക്കാണ്‌ അവിടെ നടന്നിരുന്നത്‌. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ തന്നെയാണ്‌ അതൊക്കെ സംഭവിച്ചിരുന്നത്‌. ഇപ്പോഴുണ്ടാകുന്ന രാഷ്‌ട്രീയ നീക്കങ്ങള്‍ ഓരോ രാജ്യത്തും പ്രത്യേകമാണ്‌, എല്ലായിടത്തും ഒന്നല്ല. അറബ്‌ വസന്തം എന്നു പറഞ്ഞ്‌ ലോക വ്യാപകമായി ചില താല്‍പര്യങ്ങളുടെ പേരില്‍ പിന്തുണ കൊടുക്കുകയാണ്‌. ഇസ്‌ലാമികമായ ഒന്നും എന്തായിരുന്നാലും ഈ മാറ്റത്തിനു പിന്നിലില്ല. ജനങ്ങള്‍ അധികാരത്തില്‍ വരുന്നു എന്ന ഒരു കാര്യം അതിലുണ്ട്‌. പാരമ്പര്യമായി അധികാരം കൈവശം വെച്ചവരായിരുന്നു അവിടങ്ങളിലെ സ്വേഛാധിപതികള്‍. അതെന്തായിരുന്നാലും നമുക്ക്‌ മറക്കാന്‍ പറ്റില്ല. അവരെല്ലാം രാജ്യത്തെ ചൂഷണം ചെയ്‌ത്‌ സുഖലോലുപരായി ജീവിച്ചവരാണ്‌. അതില്‍ നിന്നൊരു മാറ്റമുണ്ടായി എന്നത്‌ ശരിയാണ്‌. ഇനി ബോധപൂര്‍വം മുന്നോട്ട്‌ നയിക്കപ്പെട്ടാല്‍ നന്നായിത്തീരും. അതല്ല സോവിയറ്റ്‌ റഷ്യയില്‍ സംഭവിച്ചതുപോലെ സാര്‍ ചക്രവര്‍ത്തിയില്‍നിന്ന്‌ മറ്റു ചക്രവര്‍ത്തിമാരിലേക്ക്‌ മാറിയാല്‍ അത്‌ ഗുണകരമാകില്ല. അതുതന്നെയാണ്‌ അവിടങ്ങളിലും സംഭവിക്കാന്‍ പോകുന്നത്‌. ഇപ്പോഴുണ്ടായ മാറ്റങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്‌ പ്രധാനം.

ആശയപ്രചാരണ രംഗത്ത്‌ സംഘടന പുലര്‍ത്തിയ തീവ്രവും പ്രകോപനപരവുമായ ശൈലി പലപ്പോഴും വിമര്‍ശനവിധേയമായിട്ടുണ്ട്‌. ഇപ്പോള്‍ പുറത്താക്കപ്പെട്ട ചില നേതാക്കള്‍ അതില്‍ ഏറെ മുന്നിലായിരുന്നു. സമീപകാലത്ത്‌ കെ.എന്‍.എം നേരിടുന്ന പ്രതിസന്ധി കൂടി മുന്നില്‍ വെച്ച്‌ പ്രബോധന ശൈലിയിലും ഇതര മുസ്‌ലിം സംഘടനകളോടുള്ള നയനിലപാടുകളിലും ഗുണകരമായ മാറ്റം പ്രതീക്ഷിക്കാമോ?
തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുപോലെ ഒരു തീവ്ര ശൈലി മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. ചെറിയ കാര്യങ്ങള്‍ പര്‍വതീകരിച്ച്‌ ഞങ്ങള്‍ സമൂഹത്തില്‍ ഏറ്റുമുട്ടുകയാണെന്ന്‌ ചിലര്‍ പറയാറുണ്ട്‌. അത്‌ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്‌. ഞങ്ങളെ സംബന്ധിച്ചേടത്തോളം തൗഹീദും സുന്നത്തും വളരെ തീവ്രമായിത്തന്നെ പറയേണ്ടതാണ്‌. സാമൂഹിക ജീവിതത്തിലെ ഞങ്ങളുടെ ഇടപെടലുകളാകട്ടെ വളരെ മാതൃകാപരവും നല്ലതുമാണ്‌. വിവാഹന്വേഷണ വേളയില്‍ മുജാഹിദുകളെക്കുറിച്ച്‌ ദല്ലാളന്മാര്‍ പറയാറുണ്ട്‌; `വളരെ നല്ല കുട്ടിയാണ്‌. പക്ഷേ മുജാഹിദാണ്‌.' സ്വഭാവത്തിലും പെരുമാറ്റത്തിലും നല്ലവരാണെന്നത്‌ സമൂഹത്തിന്റെ അംഗീകാരമാണ്‌. അതേസമയം, `പക്ഷേ, മുജാഹിദാണ്‌' എന്നത്‌ ആദര്‍ശധീരതയെയാണ്‌ കുറിക്കുന്നത്‌. തീവ്രതയെന്ന്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞുകൂടാ.ഞാനും യുക്തിവാദി നേതാവ്‌ യു. കലാനാഥനും ഒരേ സ്ഥാപനത്തില്‍ 25 വര്‍ഷത്തോളം ഒരുമിച്ച്‌ ജോലി ചെയ്‌ത്‌ ജീവിച്ചവരാണ്‌. ഏറ്റവും അടുപ്പമുള്ളവരായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ അവര്‍ ഗവണ്‍മെന്റിന്‌ ഒരു നിവേദനം നല്‍കി. അതില്‍ 75 ശതമാനവും മുജാഹിദുകള്‍ക്ക്‌ യോജിക്കാവുന്നതായിരുന്നു. നമ്മള്‍ എതിര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ തന്നെയാണ്‌ അവര്‍ എതിര്‍ക്കുന്ന പലതും. ദൈവത്തിന്റെ അസ്‌തിത്വവും വിശ്വാസവും തുടങ്ങിയവയിലാണ്‌ അവരോട്‌ വിയോജിപ്പുള്ളത്‌. അദ്ദേഹവുമായുള്ള വ്യക്തിബന്ധത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മുജാഹിദുകള്‍ തീവ്ര സമീപനം ഉള്ളവരാണെന്ന്‌ നിങ്ങള്‍ക്ക്‌ എവിടെയും കാണാന്‍ കഴിയില്ല. കേരളത്തില്‍ മുസ്‌ലിം ഐക്യ ശ്രമം നടന്നിട്ട്‌ മുജാഹിദുകള്‍ എവിടെയെങ്കിലും പിറകോട്ട്‌ പോയിട്ടുണ്ടോ? മഹാന്മാരായ കെ.പി, സൈദ്‌ മൗലവി, ശൈഖ്‌ മൗലവി തുടങ്ങിയവരുടെ കാലം മുതലേ തുടരുന്നതാണിത്‌. എല്ലാ ഐക്യ ശ്രമങ്ങളുടെയും മുന്നില്‍ ഞങ്ങളുണ്ടായിട്ടുണ്ട്‌. `ഞങ്ങളെ മാറ്റിനിര്‍ത്തണം, എങ്കിലേ ഐക്യമുണ്ടാകൂ' എന്നാണ്‌ ചിലര്‍ പറഞ്ഞിരുന്നത്‌. ഞങ്ങളുടെ കൂടെ ഇരിക്കുന്നതിനും ഞങ്ങളോട്‌ സലാം പറയുന്നതിനുമാണ്‌ വിലക്കേര്‍പ്പെടുത്തിയത്‌. പിന്നെ ഞങ്ങള്‍ എങ്ങനെ തീവ്രവാദികളാകും? ഞങ്ങള്‍ തെറ്റായ ആശയങ്ങളെയാണ്‌ എതിര്‍ത്തത്‌, വ്യക്തികളെയല്ല.

കേരള നദ്‌വത്തുല്‍ മുജാഹിദീനില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ഉണ്ടായ ആഭ്യന്തര ശൈഥില്യം പ്രയാസകരമായ ഘട്ടത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍. ഇപ്പോഴത്തെ വെല്ലുവിളികളെ എങ്ങനെയാണ്‌ അതിജീവിക്കുക?
മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ വെല്ലുവിളികളില്ലെന്നാണ്‌ ഞങ്ങളുടെ വിശ്വാസം. പതിനായിരക്കണക്കിന്‌ ആളുകളുള്ള ഒരു ജനകീയ സമിതിയാണിത്‌. ഏതെങ്കിലും നിലക്കുള്ള കേഡര്‍ സ്വഭാവത്തിലുള്ള സംഘടനയല്ല. ഇതിന്റെ ആദര്‍ശം മനസ്സിലാക്കി വന്നവര്‍ക്കെല്ലാം ഇതില്‍ അംഗത്വം കിട്ടും. മെമ്പര്‍ഷിപ്പ്‌ ഇല്ലാതെയും ഇക്കൂട്ടത്തില്‍ ആളുകളുണ്ട്‌. മഹാഭൂരിപക്ഷവും അങ്ങനെയാണ്‌. ഇതില്‍ ഒരു പിഴച്ച സമീപനം, ഒരു തിരിച്ചുപോക്ക്‌ നാം അനുവദിക്കില്ല. `തിരിച്ചുപോക്ക്‌' എന്ന്‌ പ്രയോഗിച്ചത്‌ ബോധപൂര്‍വമാണ്‌. ജാഹിലിയ്യത്ത്‌ നാം അനുഭവിച്ചതാണ്‌. അതിലേക്കിനി ഇതിനെ തിരിച്ചുകൊണ്ടുപോകാന്‍ പാടില്ല. അത്‌ സമൂഹം സമ്മതിക്കില്ല. ഈ വിഷയത്തില്‍ സമൂഹം മൊത്തം ഞങ്ങളെ പിന്തുണക്കുകയാണ്‌. ചിലര്‍ താല്‍ക്കാലികമായ നേട്ടത്തിനു വേണ്ടി അവരെ പിന്തുണക്കുന്നുണ്ട്‌, അവര്‍ക്ക്‌ കൈയടി നല്‍കുന്നുണ്ട്‌. അതിന്റെയൊക്കെ അനന്തരഫലം എന്തായിരിക്കും എന്ന്‌ നമുക്കറിയാം. ഇങ്ങനെ പലര്‍ക്കും കൈയടി നല്‍കിയവര്‍ ഇന്നവരുടെ കൂടെയുണ്ടോ? എത്ര വാചാലതയുള്ളവര്‍, ജനങ്ങളെ ആകര്‍ഷിച്ചവര്‍ ഇവിടെ ഉണ്ടായിരുന്നു. അവരുടെ കൂടെയൊന്നും പക്ഷേ, ആളുണ്ടാകില്ല. മുജാഹിദ്‌ പ്രസ്ഥാനത്തിന്റേത്‌ സ്‌ഫുടം ചെയ്‌ത ആശയമാണ്‌. ഞങ്ങള്‍ക്കിപ്പോള്‍ ഒരു വെല്ലുവിളിയുമില്ല. നേതൃത്വത്തിലോ അണികളിലോ ഇല്ല. വളരെ താഴെ തട്ടില്‍ ചിലപ്പോള്‍ ഇതുണ്ടാകാം. അതിന്‌ ചിലര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടാകും. പക്ഷേ, അതൊന്നും ഈ പ്രസ്ഥാനത്തെ ബാധിക്കുകയില്ല.

അടുത്ത കാലത്ത്‌ സംഘടനക്കകത്ത്‌ ഉയര്‍ന്നുവന്ന ജിന്ന്‌ വിവാദത്തെ എങ്ങനെ നോക്കിക്കാണുന്നു?
ശിര്‍ക്ക്‌ പല സ്വഭാവത്തിലുണ്ട്‌. പല വഴികളിലൂടെയും അത്‌ കടന്നുവരും. നമുക്ക്‌ തന്നെ അറിയാനാകാത്ത ഒരുപാട്‌ ശിര്‍ക്കുണ്ട്‌. അവിടെ ഒരു മാനദണ്ഡമേ ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ. സ്രഷ്‌ടാവ്‌ (ഖാലിഖ്‌) ഒന്നേയുള്ളൂ. ബാക്കിയെല്ലാം സൃഷ്‌ടി (മഖ്‌ലൂഖ്‌) ആണ്‌. വളരെ വ്യക്തമായ തിരിച്ചറിവാണിത്‌. സ്രഷ്‌ടാവിനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. ആരാധനയുടെ രൂപത്തില്‍ വരുന്ന ഏത്‌ തേട്ടങ്ങളും സഹായ അഭ്യര്‍ഥനകളും - മലയാളത്തില്‍ അതിന്‌ എന്ത്‌ പേര്‌ പറഞ്ഞാലും ശരി- അതെല്ലാം അല്ലാഹുവോട്‌ മാത്രമേ പാടുള്ളൂ. അവരോട്‌ പറ്റുമോ, ഇവരോട്‌ പറ്റുമോ എന്നൊന്നും ചോദിക്കുന്നതിലര്‍ഥമില്ല. മഹാനായ പ്രവാചകനെ പോലും ആരാധിക്കാന്‍ പാടില്ല. ആ ഒരു അവസ്ഥയെ ഉപരോധിച്ചു നിര്‍ത്തുകയാണ്‌ നബി(സ) ചെയ്‌തത്‌. നബി(സ)യെ അമിതമായി ബഹുമാനിക്കുന്നതിനെതിരെ, മുന്‍ സമുദായങ്ങളുടെ മാര്‍ഗഭ്രംശം ചൂണ്ടിക്കാട്ടി താക്കീതു നല്‍കി. നബി(സ)യുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു സൃഷ്‌ടികളുടെ കാര്യം പറയേണ്ടതുണ്ടോ.
ഇപ്പോള്‍ ചിലര്‍ ജിന്ന്‌ വിവാദമാക്കുന്നു അത്തരമൊരു വിഷയം തന്നെ ഇവിടെ വരുന്നില്ല. ജിന്നും മലക്കും എല്ലാം സൃഷ്‌ടികളാണ്‌. ഒരു സൃഷ്‌ടിയോടും അദൃശ്യമായ (ഗൈബിയ്യ്‌) സഹായം തേടാന്‍ പാടില്ല. ഇത്‌ വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. വളരെ വ്യക്തമാണ്‌. ഇയ്യാക്ക നഅ്‌ബുദു വഇയ്യാക്ക നസ്‌തഈന്‍ - ഈ പ്രതിജ്ഞ ചൊല്ലാന്‍ തയാറുണ്ടെങ്കിലേ യഥാര്‍ഥ മുസ്‌ലിമായി മുന്നോട്ടു പോകാന്‍ പറ്റൂ. ലാ ഇലാഹ ഇല്ലല്ലാഹ്‌ പ്രഖ്യാപിക്കുന്നതോടെ ജീവിതാന്ത്യം വരെ മുറുകെ പിടിക്കേണ്ട പ്രതിജ്ഞയാണിത്‌. പിശാച്‌ വഴിതെറ്റിക്കാന്‍ ശ്രമിക്കും. പിശാചിന്‌ അനുയായികളുണ്ടാകും. ഉന്നതന്മാരായ പ്രവാചകന്‍മാരെയടക്കം വഴിപിഴപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിനെ അതിജീവിക്കുകയെന്നതാണ്‌ ജിഹാദ്‌. അന്ധവിശ്വാസ അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള സംഘടിത ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്‌. അങ്ങനെയേ ഇസ്‌ലാമിനെ തകര്‍ക്കാന്‍ കഴിയൂ. ഇന്നത്തെ രീതിയില്‍ മുന്നേറിയാല്‍ ഇസ്‌ലാം ഏറ്റവും വലിയ ആദര്‍ശ പ്രസ്ഥാനമായി മാറും. ഭരണവും ആധിപത്യവുമല്ല ഞാനുദ്ദേശിക്കുന്നത്‌. സമൂഹം സ്വീകരിക്കുന്ന മതവും ആദര്‍ശവും ഇസ്‌ലാമായി മാറും. 

Monday, 15 October 2012

ഈ മര്യാദകള്‍ പാലിച്ചുകൂടേ നമുക്ക്‌

സത്യം അറിയാനും അറിയിക്കാനുമാണ്‌ ആശയ സംവാദങ്ങള്‍. ജയിക്കാനും തോല്‍പിക്കാനും വേണ്ടിയല്ല. തെറ്റില്‍ നിന്ന്‌ ശരിയിലേക്കും ശരിയില്‍ നിന്ന്‌ കൂടുതല്‍ ശരിയിലേക്കുമുള്ള വളര്‍ച്ചയാകണമതിന്റെ ലക്ഷ്യം. അതിന്‌ സഹായകമാകുന്ന ഭാഷയും ശൈലിയും ഉപയോഗിക്കണം. അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും ബാധ്യതകള്‍ പൂര്‍ത്തീകരിക്കുകയും വേണം. മറ്റുള്ളവരെ തോല്‍പിക്കുക സംവാദത്തിന്റെ ലക്ഷ്യമാകുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നിഷ്‌ഫലമായിത്തീരുക മാത്രമല്ല, വഴിതെറ്റിപ്പോകാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അന്തസുള്ള ആശയ സംവാദത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്‌.

1) സത്യസന്ധത മുറുകെ പിടിക്കുക. സത്യവിശ്വാസിയുടെ മുഖമുദ്രയാണ്‌ സത്യസന്ധത. `എത്ര കയ്‌പേറിയതാണെങ്കിലും സത്യം പറയുക' എന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. നമ്മുടെ വാദങ്ങള്‍ക്ക്‌ അടിസ്ഥാനമായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ പൂര്‍ണമായും ശരിയാണെന്ന്‌ ഉറപ്പു വരുത്തണം. ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികള്‍, പ്രസംഗഭാഗങ്ങള്‍, സംഭവ വിവരണങ്ങള്‍ തുടങ്ങിയവയില്‍ കണിശമായും സത്യസന്ധത പാലിക്കണം. വാദങ്ങളില്‍ ജയിക്കാന്‍ വേണ്ടി കളവു പറയരുത്‌. കൃത്യമായി ബോധ്യപ്പെടാത്ത തെളിവുകള്‍ അവതരിപ്പിക്കരുത്‌. ഒരു ഉദ്ധരണിയില്‍ നിന്ന്‌ തനിക്ക്‌ എതിരുള്ള ഭാഗം വെട്ടിക്കളഞ്ഞ്‌ അനുകൂലമായവ മാത്രം ഉദ്ധരിക്കുന്നത്‌ സത്യസന്ധതയല്ല. ഇന്ന്‌ വിമര്‍ശനങ്ങളില്‍ പലരും സ്വീകരിക്കാറുള്ള തെറ്റായ തന്ത്രമാണിത്‌. ഇമാം വകീഉബ്‌നുല്‍ജര്‍റാഹ്‌ പറയുകയുണ്ടായി: ``ജ്ഞാനികള്‍ തങ്ങള്‍ക്ക്‌ അനുകൂലമായതും പ്രതികൂലമായതും ഉദ്ധരിക്കും. എന്നാല്‍ സ്വാര്‍ഥികള്‍ തങ്ങള്‍ക്ക്‌ അനുകൂലമായതു മാത്രം പകര്‍ത്തിയെഴുതും'' (അസ്സിയറു ലിദ്ദാറഖുത്‌നി-10/249). പ്രസംഗത്തില്‍ ഒരിക്കല്‍ മാത്രം പറഞ്ഞ വാചകം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പലതവണ ആവര്‍ത്തിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്‌. പലഭാഗങ്ങള്‍ മുറിച്ചെടുത്ത്‌ ഒന്നിച്ചുചേര്‍ത്ത്‌ വീഡിയോകള്‍ നിര്‍മിക്കുന്നു ചിലര്‍. എല്‍.സി.ഡി പ്രൊജക്‌ടറുകള്‍ ഉപയോഗിച്ചു നടത്തുന്ന വിമര്‍ശന പ്രസംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുള്ള വീഡിയോകളില്‍ കാണിക്കുന്ന കൃത്രിമങ്ങളും കള്ളത്തരങ്ങളും ഏറെയാണ്‌. ഒരു പുസ്‌തകത്തിലെ ഉദ്ധരണിയില്‍ കാണിക്കാന്‍ കഴിയുന്ന കൃത്രിമങ്ങളെക്കാള്‍ വളരെ കൂടുതലാണിത്‌. ഇതൊക്കെ ഇസ്‌ലാം വിലക്കിയ കളവിന്റെ പരിധിയില്‍ വരുമെന്ന ബോധം ചിലര്‍ക്കെങ്കിലും ഇല്ലാതെ പോകുന്നു. ഇമാം കൗസരി പറയുകയുണ്ടായി: ``ഒരു പണ്ഡിതന്റെ ഒന്നാമത്തെ നിര്‍ബന്ധ ബാധ്യതയാണ്‌ ഉദ്ധരണികളിലെ വിശ്വസ്‌തത'' (മഖാലാത്തുല്‍ കൗസരി-പേജ്‌:38).

2) നീതി പാലിക്കുക. ഏറ്റവും വലിയ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ്‌ നീതി. വിമര്‍ശനങ്ങളില്‍ പലപ്പോഴും നഷ്‌ടപ്പെടുന്നതും അതുതന്നെ. ``അല്ലാഹു നീതിയും നന്മയും കല്‍പിക്കുന്നു....'' (ഖുര്‍ആന്‍) എന്ന ആയത്ത്‌ ആശയസംവാദങ്ങളില്‍ ഏറെ പ്രസക്തമാണ്‌. സഹോദരന്റെ അവകാശങ്ങള്‍ അവന്‌ നല്‍കുന്നതാണ്‌ നീതി. ഒരാളുടെ വിശ്വാസങ്ങളും വാദങ്ങളും എന്താണെന്ന്‌ പറയാനുള്ള അവകാശം അയാള്‍ക്കുതന്നെ വകവെച്ചുകൊടുക്കുക, തന്റെ വാദങ്ങള്‍ ഒരാള്‍ വിശദീകരിച്ചു കഴിഞ്ഞാല്‍ അത്‌ മുഖവിലക്കെടുക്കുക, ഒരാള്‍ക്ക്‌ ഇല്ലാത്ത വാദങ്ങള്‍ അയാളില്‍ ആരോപിക്കാതിരിക്കുക, ഉദ്ധരണികളില്‍ കൃത്രിമം കാണിക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയവ സംവാദത്തിലെ നീതിയില്‍പെട്ടതാണ്‌. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലും എതിരാളികളുടെ വിമര്‍ശനങ്ങളെ ആധാരമാക്കിയും ഒരാളുടെ വാദങ്ങളെക്കുറിച്ച്‌ നിലപാട്‌ എടുക്കുന്നതും വിമര്‍ശിക്കുന്നതും അനീതിയാണ്‌. ലഭ്യമായ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുക, സാധ്യമാകുന്നിടത്തോളം ആളുകളില്‍നിന്ന്‌ നേരിട്ടുതന്നെ അവരുടെ നിലപാട്‌ മനസിലാക്കുക, മൂലഗ്രന്ഥങ്ങള്‍ പരിശോധിക്കുക, വാക്കുകള്‍ വളച്ചൊടിക്കാതിരിക്കുക തുടങ്ങിയവ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതിലെ നീതിയില്‍പ്പെടുന്നു. വ്യക്തികളോ സംഘടനകളോ തത്ത്വത്തിലോ പ്രയോഗത്തിലോ തിരുത്തിക്കഴിഞ്ഞ പഴയ നിലപാടുകളുടെ പേരില്‍ അവരെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്‌ അനീതിയാണ്‌.
ഒരു വ്യക്തിയോടോ സംഘടനയോടോ നമുക്കുള്ള വിയോജിപ്പ്‌ അവരോട്‌ അനീതി കാണിക്കാന്‍ കാരണമാകരുത്‌. അത്തരം അനീതികള്‍ തഖ്‌വ ചോര്‍ന്നു പോകുന്നതിന്റെ അടയാളമാണ്‌. ഖുര്‍ആന്‍ പറയുന്നു: ``ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ അവരോട്‌ അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്‌. നിങ്ങള്‍ നീതി കാണിക്കുക. അതാണ്‌ തഖ്‌വയോട്‌ ഏറ്റവും അടുത്ത്‌ നില്‍ക്കുന്നത്‌'' (5:8). ഹമ്പലി മദ്‌ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്‌നുഅബ്‌ദില്‍ ഹാദി പറയുന്നു: ``പക്ഷപാതിത്വം ഉപേക്ഷിക്കുകയും നീതിപാലിക്കുകയും ചെയ്യുന്നത്‌ അറിവ്‌ അന്വേഷിക്കുന്നവന്റെ ഏറ്റവും വലിയ അലങ്കാരമാണ്‌'' (നസ്വ്‌ബുര്‍റായ 1/355). സംസാരത്തിലും എഴുത്തിലുമുള്ള വൈകല്യങ്ങളില്‍ നിന്ന്‌ നീതിബോധം വ്യക്തികളെ സംരക്ഷിക്കുന്നു. ഒരാള്‍ക്കുള്ള അറിവും സ്ഥാനവും വകവെച്ചുകൊടുക്കണം. നമുക്ക്‌ വിയോജിപ്പുള്ളതുകൊണ്ട്‌ അദ്ദേഹത്തെ വിഡ്‌ഢി, തീവ്രവാദി എന്നൊക്കെ വിളിക്കുന്നത്‌ അനീതിയാണ്‌. ഇമാം അബൂഹനീഫയോട്‌ വിയോജിക്കുന്ന ഹമ്പലി പക്ഷക്കാരുടെ നേതാവായിരുന്ന ഇമാം യഹ്‌യബ്‌നു സഈദല്‍ഖത്വാന്‍ പറയുകയുണ്ടായി: ``ഞങ്ങള്‍ അല്ലാഹുവെ കളവാക്കുകയില്ല. ഇമാം അബൂഹനീഫയുടെ അഭിപ്രായങ്ങളില്‍ നിന്ന്‌ നല്ലതെന്ന്‌ തോന്നുന്നത്‌ ഞങ്ങള്‍ അംഗീകരിക്കും'' (താരീഖുഇബ്‌നു മുഈന്‍ 2/607). ഇമാം യഹ്‌യബ്‌നു മുഈന്‍ പറയുന്നു: ``മാലികിനെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം ഇമാം ആയിരുന്നു. ശാഫിഈയെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു. അബൂഹനീഫക്ക്‌ അല്ലാഹു കരുണ ചൊരിയട്ടെ, അദ്ദേഹവും ഇമാം ആയിരുന്നു'' (അതേ പുസ്‌തകം 2/163, അല്‍ഇന്‍തിഖാഅ്‌-67).

3) വിയോജിപ്പിന്റെ മേഖല നിര്‍ണയിക്കുക. എതിരഭിപ്രായങ്ങളുള്ള വിഷയങ്ങള്‍ ഏതൊക്കെയാണെന്നും, അതില്‍ തന്നെ ഏതേതു പോയിന്റുകളിലാണ്‌ ഭിന്നതയുള്ളതെന്നും കൃത്യമായി നിര്‍ണയിച്ചശേഷമേ ആശയസംവാദങ്ങളില്‍ ഏര്‍പ്പെടാവൂ. അത്‌ ചര്‍ച്ചകള്‍ സുഗമവും സുതാര്യവുമാക്കും. യോജിപ്പുള്ള വിഷയങ്ങളില്‍ സഹകരിക്കാവുന്ന അവസ്ഥ സൃഷ്‌ടിക്കും. കൃത്യത വരുത്താതെ വിമര്‍ശിക്കാന്‍ തുനിയുന്നതാണ്‌ അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക്‌ പലപ്പോഴും കാരണമാകുന്നത്‌. ചര്‍ച്ചകള്‍ കാടുകയറിപ്പോകാനും പുതിയ വിയോജിപ്പുകള്‍ സൃഷ്‌ടിക്കപ്പെടാനും ഇത്‌ വഴിവെക്കുന്നു. നിര്‍ണിത വിഷയങ്ങളില്‍നിന്ന്‌ ചര്‍ച്ചകള്‍ വഴിമാറിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിഷയങ്ങള്‍ ബോധപൂര്‍വം വഴിതിരിച്ചുവിടുന്നത്‌ ആരോഗ്യകരമായ സംവാദരീതിയല്ല.

4) ഉദ്ദേശ്യ ശുദ്ധിയെ നിഷേധിക്കരുത്‌. നമ്മുടെ വിയോജിപ്പ്‌ ആളുകളുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കാരണമാകരുത്‌. തെറ്റായ കാര്യങ്ങള്‍ എന്ന്‌ നാം കരുതുന്ന പലതും ശരിയായ ദീനീ പ്രവര്‍ത്തനം എന്ന നിലയിലും ആത്മാര്‍ഥതയോടെയുമായിരിക്കും പലരും നിര്‍വഹിക്കുന്നുണ്ടാവുക. ചിലരില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഉണ്ടാകാമെങ്കിലും അത്‌ വിയോജിപ്പുള്ള എല്ലാവരുടെയും ഉദ്ദേശ്യശുദ്ധിയെ ഒരുപോലെ നിഷേധിക്കാന്‍ കാരണമാക്കാവതല്ല. നാം മറ്റൊരാളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ തിരിച്ച്‌ ഇങ്ങോട്ടും അതേ നിലപാട്‌ സ്വീകരിക്കാം. അത്‌ വെറുപ്പിനും ശത്രുതക്കും കാരണമാകും. അതുകൊണ്ട്‌, സ്വന്തം ഉദ്ദേശ്യശുദ്ധി മറുപക്ഷക്കാരെ ബോധ്യപ്പെടുത്തുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെ നിഷേധിക്കാതിരിക്കുകയും ചെയ്യുക. ഇഖ്‌ലാസ്വ്‌ എല്ലാറ്റിന്റെയും അടിസ്ഥാനമാണല്ലോ. ``ദീന്‍ അല്ലാഹുവിന്‌ മാത്രമാക്കികൊണ്ട്‌ ആത്മാര്‍ഥതയോടെ അവന്‌ ഇബാദത്ത്‌ ചെയ്യുക'' (ഖുര്‍ആന്‍: 98/5).
5) തുല്യാവസരം നല്‍കുക. തന്റെ പക്ഷം വിശദീകരിക്കാന്‍ എടുക്കുന്ന അത്രയും സമയമോ അതിലേറെയോ മറുവീക്ഷണം പ്രകടിപ്പിക്കാന്‍ മറ്റുള്ളവര്‍ക്ക്‌ നല്‍കണം. ഇടക്കു കയറി സംസാരിക്കുക, ബഹളം വെച്ചുകൊണ്ട്‌ സംസാരം തടസപ്പെടുത്തുക തുടങ്ങിയവ മാന്യതക്ക്‌ നിരക്കാത്തതാണ്‌. നാം പറയുന്നത്‌ മറ്റുള്ളവര്‍ ശ്രദ്ധിച്ചു കേള്‍ക്കണം എന്ന്‌ ആഗ്രഹിക്കുന്നപോലെ, മറ്റുള്ളവര്‍ പറയുന്നത്‌ നാമും സൂക്ഷ്‌മതയോടെ കേള്‍ക്കണം. ഇത്‌ മറുവീക്ഷണക്കാരോട്‌ കാണിക്കുന്ന നീതിയും ആദരവുമാണ്‌.

6) അനാവശ്യ പ്രയോഗങ്ങള്‍ ഉപേക്ഷിക്കുക. വിഷയങ്ങള്‍ വൈജ്ഞാനികമായും അവധാനതയോടെയും അവതരിപ്പിക്കുക. അധിക്ഷേപം, വ്യക്തിഹത്യ, പരിഹാസം, നിന്ദ തുടങ്ങി ഇസ്‌ലാം വിലക്കിയ ദുഃസ്വഭാവങ്ങള്‍ തീര്‍ത്തും വര്‍ജിക്കുക. വലിയ മതപണ്ഡിതരെന്ന്‌ സ്വയം അവകാശപ്പെടുന്നവരും അനുയായികള്‍ പുകഴ്‌ത്തുന്നവരും സ്റ്റേജിലും പേജിലും നടത്തുന്ന വാക്‌പ്രയോഗങ്ങള്‍ ചിലപ്പോഴെങ്കിലും നമ്മുടെ തൊലിയുരിഞ്ഞ്‌ കളയുംവിധം തരംതാഴ്‌ന്നുപോകാറുണ്ട്‌. ഇങ്ങനെയൊക്കെ തര്‍ക്കിച്ചു കൊണ്ട്‌ മതസംഘടനകള്‍ ഏതു ദീനാണ്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌? അഭിപ്രായ ഭിന്നത ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഹസ്രത്ത്‌ ബിലാലിനെ, `കറുത്തവളുടെ മകനേ' എന്നുവിളിച്ച സ്വഹാബിയെ നബി കടുത്ത ഭാഷയില്‍ ശാസിക്കുകയുണ്ടായി. `നിന്നില്‍ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശമുണ്ട്‌' എന്നാണ്‌ നബി(സ) പറഞ്ഞത്‌. ഇതിലേറെ കടുത്ത പ്രയോഗങ്ങള്‍ മതവേദികളില്‍ കേള്‍ക്കേണ്ടിവരാറുണ്ട്‌, അതൊഴിവാക്കണം. ജാഹിലിയ്യത്തിന്റെ അംശങ്ങള്‍ പേറി നടക്കുന്നത്‌ മതപണ്ഡിതര്‍ക്ക്‌ ചേര്‍ന്നതല്ലല്ലോ.

7) സാഹോദര്യം കാത്തു സൂക്ഷിക്കുക. ഒരു സത്യവിശ്വാസിയോടുള്ള സാഹോദര്യ ബന്ധത്തിന്‌ സംവാദത്തിലൂടെ കോട്ടം തട്ടരുത്‌. ബന്ധങ്ങള്‍ മുറിച്ചു കളയരുത്‌. സ്‌നേഹവും സൗഹാര്‍ദവും വിയോജിപ്പികള്‍ക്കിടയിലും കാത്തുസൂക്ഷിക്കണം. ഇമാം ശാഫിഈയുടെ മഹത്തായ മാതൃക കാണുക. യൂനുസുബ്‌നു അബ്‌ദില്‍ അഅ്‌്‌ലാ പറയുന്നു; ഒരിക്കല്‍ ഇമാം ശാഫിഈയുമായി ഞാന്‍ സംവാദം നടത്തി. അദ്ദേഹത്തെക്കാള്‍ ബുദ്ധിമാനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. പിന്നീട്‌ ഞങ്ങള്‍ പിരിഞ്ഞു. ശേഷം എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ചുകൊണ്ടു പറഞ്ഞു: ``ചില വിഷയങ്ങളില്‍ നാം ഭിന്നാഭിപ്രായക്കാരാണെങ്കിലും നമുക്ക്‌ സാഹോദര്യബന്ധം നിലനിര്‍ത്തണം'' (സിയറുഅഅ്‌ലാമിന്നുബലാഅ്‌: 10/16). അലിയ്യുബ്‌നു മദീനിയും ഇമാം അഹ്‌മദുബ്‌നു ഹമ്പലും തമ്മില്‍ ചില വിഷയങ്ങളില്‍ സംവദിക്കുകയുണ്ടായി. രണ്ടു പേരും ശബ്‌ദമുയര്‍ത്തി സംസാരിച്ചു. അലി യാത്ര പറഞ്ഞ്‌ പോകാനിറങ്ങിയപ്പോള്‍ ,ഇമാം അഹ്‌മദ്‌ എഴുന്നേറ്റു ചെന്ന്‌ അദ്ദേഹം വന്ന മൃഗത്തിന്റെ മൂക്കുകയര്‍ പിടിച്ച്‌ കൂടെ ചെന്നു (അസ്സുന്ന ലില്‍ഖല്ലാല്‍ 355-369).

8) നന്മകള്‍ എടുത്ത്‌ പറയുക. മറുപക്ഷത്തിന്റെ വൈകല്യങ്ങളെ വിമര്‍ശിക്കുമ്പോഴും അവരുടെ നന്മകള്‍ എടുത്തുപറയുകയും ഗുണങ്ങളെ പ്രശംസിക്കുകയും ചെയ്യുക. നന്മകള്‍ ഒന്നും കാണാതെ, തെറ്റുകള്‍ മാത്രം തെരഞ്ഞുപിടിച്ച്‌ കുറ്റപ്പെടുത്തുന്ന ദോഷൈകദൃക്കുകളും വിമര്‍ശനത്തൊഴിലാളികളുമാകരുത്‌ ദീനീ പ്രവര്‍ത്തകര്‍. നല്ല മനസോടെ സമീപിച്ചാല്‍, മിക്കവരിലും വിമര്‍ശിക്കേണ്ട തിന്മകളെക്കാള്‍ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതല്‍. അതുകൊണ്ട്‌ അടച്ചാക്ഷേപിക്കുന്ന ശൈലി പ്രബോധകന്‌ ഒരിക്കലും ഭൂഷണമല്ല. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി മരണപ്പെട്ടപ്പോള്‍, ചന്ദ്രികയില്‍ ആദരണീയനായ എം.ഐ തങ്ങള്‍ എഴുതിയ പ്രൗഢലേഖനം അനുകരണീയ മാതൃകയാണ്‌. മൗലാനയുടെ ചില ചിന്തകളോടുള്ള വിയോജിപ്പ്‌ സൂചിപ്പിക്കുമ്പോള്‍ തന്നെ, അദ്ദേഹത്തിന്റെ മഹത്വം അംഗീകരിക്കുകയും വൈജ്ഞാനിക സംഭാവനകളെ ആവോളം പുകഴ്‌ത്തുകയും ചെയ്യുന്നുണ്ട്‌ ബഹുമാന്യനായ എം.ഐ തങ്ങള്‍.
മഹാനായ ഇബ്‌നുല്‍ ഖയ്യിമിന്റെ മാതൃകയുണ്ട്‌ ചരിത്രത്തില്‍. പണ്ഡിത ശ്രേഷ്‌ഠനായ ഹര്‍വിയുടെ `മനാസിലുസാഇരീന്‍' എന്ന ഗ്രന്ഥത്തിന്‌ `മദാരിജുസാലികീന്‍' എന്ന പേരില്‍ വിശദീകരണമെഴുതിയിട്ടുണ്ട്‌ ഇബ്‌നുല്‍ ഖയ്യിം. ഗ്രന്ഥകാരനോട്‌ ചില വിഷയങ്ങളില്‍ ഇബ്‌നുല്‍ ഖയ്യിം വിയോജിക്കുന്നു. അവയില്‍ ചിലതിന്‌ ഹര്‍വിക്കുവേണ്ടി ന്യായം കണ്ടെത്താന്‍ ശ്രമിക്കുന്നു. വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടിയ ശേഷം ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു: ``ശൈഖ്‌ ഹര്‍വിയുടെ ഈ പിഴവുകളൊന്നും അദ്ദേഹത്തിന്റെ നന്മകള്‍ നിഷേധിക്കാനോ അദ്ദേഹത്തെ തെറ്റിദ്ധരിക്കാനോ കാരണമാകുന്നില്ല. അറിവിലും നേതൃത്വത്തിലും സ്വഭാവ ഗുണങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയമാണ്‌. പ്രവാചകന്റേതൊഴികെയുള്ളവരുടെയെല്ലാം അഭിപ്രായങ്ങളില്‍ സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതുമുണ്ടാകും'' (മദാരിജുസാലികീന്‍).

9) സത്യം അംഗീകരിക്കുക. വിമര്‍ശനങ്ങളിലൂടെ വ്യക്തമാകുന്ന സത്യം അംഗീകരിക്കുകയും സ്വന്തം തെറ്റുകള്‍ തിരുത്തുകയും ചെയ്യുക. തെറ്റുകള്‍ ബോധ്യപ്പെട്ടിട്ടും സംഘടനാ വാശിയും പരാജയ ഭീതിയും മൂലം അതില്‍തന്നെ കടിച്ചു തൂങ്ങുന്നത്‌ സത്യവിശ്വാസികള്‍ക്ക്‌ ഭൂഷണമല്ല. ഇമാം ശാഫിഈ പറയുകയുണ്ടായി: ``ഒരാള്‍ ശരിയിലേക്ക്‌ വരാനും, അല്ലാഹുവിന്റെ സംരക്ഷണവും സഹായവും അയാള്‍ക്ക്‌ ലഭിക്കാനും ആഗ്രഹിച്ചുകൊണ്ടല്ലാതെ ഞാനൊരാളോടും ആശയസംവാദത്തില്‍ ഏര്‍പ്പെടാറില്ല. സത്യം എന്റെയോ അപരന്റെയോ നാവിലൂടെ അല്ലാഹു വെളിപ്പെടുത്തട്ടെ എന്ന്‌ പ്രതീക്ഷിച്ചു കൊണ്ടല്ലാതെ ഞാന്‍ സംവാദം നടത്താറില്ല'' (സ്വിഫത്തുല്‍ഫത്‌വ വല്‍മുഫ്‌തി വല്‍മുസ്‌തഫ്‌തി 2/251). തെറ്റുകള്‍ മനുഷ്യ സഹജമാണ്‌, തിരുത്തുകയും പശ്ചാത്തപിക്കുകയുമാണ്‌ വിശ്വാസികള്‍ ചെയ്യേണ്ടത്‌. തെറ്റുകള്‍ തുറന്നു സമ്മതിച്ചുകൊണ്ടോ, പ്രയോഗത്തില്‍ തിരുത്തികൊണ്ടോ ശരികള്‍ സ്വീകരിക്കാനുള്ള ആര്‍ജവവും വിശാല മനസും പണ്ഡിതരും സംഘടനകളും കാണിക്കണം. അതുപോലെ പ്രധാനമാണ്‌ തെറ്റുകള്‍ തിരുത്താനുള്ള സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക എന്നത്‌. കേരളത്തിലെ മതസംഘടനാ പരിസരത്തിന്റെ ഒരു വലിയ പോരായ്‌മയാണ്‌ തെറ്റുകള്‍ തിരുത്താനുള്ള അവസരവും അനുവാദവും പരസ്‌പരം വകവെച്ചുനല്‍കുന്നില്ല എന്നത്‌. വീഴ്‌ചകളും വൈകല്യങ്ങളും തിരുത്താന്‍ ശ്രമിക്കുന്നവരെ മാത്രമല്ല, ഒരു കാലത്ത്‌ ശരിയായിരുന്ന പഴയ നിലപാടില്‍ നിന്ന്‌ ഇക്കാലത്ത്‌ ശരിയായ പുതിയ നിലപാടിലേക്ക്‌ മാറുന്നതിനെ പോലും പരിഹാസത്തോടെയാണ്‌ മതവൃത്തങ്ങള്‍ സമീപിക്കാറുള്ളത്‌.
ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ തനിക്ക്‌ പിണഞ്ഞ തെറ്റ്‌ സന്തോഷത്തോടെ തിരുത്തിയ സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം ഉദ്ധരിച്ചിട്ടുണ്ട്‌ (അര്‍റൂഹ്‌-18). അബ്‌ദുല്ലാഹിബ്‌നുല്‍ ഹസനുല്‍ അമ്പരി തന്റെ തെറ്റായ നിലപാട്‌ തിരുത്തിക്കൊണ്ട്‌, അത്‌ ചൂണ്ടിക്കാണിച്ചവരോട്‌ പറഞ്ഞതിപ്രകാരമാണ്‌: ``അല്ലാഹു താങ്കള്‍ക്ക്‌ നന്മ വരുത്തട്ടെ, ഞാന്‍ തെറ്റ്‌ സമ്മതിച്ച്‌ എന്റെ അഭിപ്രായത്തില്‍നിന്ന്‌ പിന്‍വാങ്ങുന്നു. തെറ്റായ കാര്യത്തില്‍ തലയാകുന്നതിനെക്കാള്‍, ശരിയില്‍ ഒരു വാലാകുന്നതാണ്‌ എനിക്കിഷ്‌ടം'' (തഹ്‌ദീബുത്തഹ്‌ദീബ്‌ 7/17). തെറ്റ്‌ ചൂണ്ടിക്കാണിച്ചവനോട്‌, തിരുത്തുന്നയാള്‍ നന്ദി കാണിക്കുന്നതോടൊപ്പം തന്റെ അഭിപ്രായം സ്വീകരിച്ച്‌ ശരിയിലേക്ക്‌ വന്നവനോട്‌ തിരിച്ചും നന്ദി പ്രകടിപ്പിക്കണം.

10) പരസ്‌പരം ആദരിക്കുക. ആദരവും ബഹുമാനവും ഓരോ മനുഷ്യനും അര്‍ഹിക്കുന്നു. ആദര്‍ശമാര്‍ഗത്തിലെ സഹോദരന്മാരായ സത്യവിശ്വാസികള്‍ പ്രത്യേകിച്ച്‌. മറ്റു സംഘടനകളിലെ പണ്ഡിത നേതാക്കളോടു മാത്രമല്ല, സാധാരണ പ്രവര്‍ത്തകരോടും ആദരവു പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കണം.
ഇമാം മാലികിനോട്‌ ഒട്ടേറെ വിഷയങ്ങളില്‍ വിയോജിപ്പുണ്ടായിരുന്ന ഇമാം ശാഫിഈയുടെ പെരുമാറ്റരീതി നോക്കുക. ``മാലികിനെ ആദരിച്ചുകൊണ്ട്‌ ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പേജുകള്‍ വളരെ പതുക്കെ മാത്രമേ മറിക്കാറുണ്ടായിരുന്നുള്ളൂ; പേജുകള്‍ മറിഞ്ഞു വീഴുന്ന ശബ്‌ദം അദ്ദേഹം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്‌'' (അല്‍ മജ്‌മൂഉശര്‍ഹുല്‍മുഹദ്ദബ്‌ 1/66). ഇമാം ശാഫിഈ അബൂഹനീഫയോടുള്ള ആദരവു കാരണം സ്വന്തം അഭിപ്രായം മാറ്റിവെച്ച്‌ ഖുനൂത്‌ ഓതാതെ സ്വുബ്‌ഹ്‌ നമസ്‌കരിച്ച സംഭവം പ്രസിദ്ധമാണല്ലോ. അബൂഹനീഫയുടെ നന്മകള്‍ പുകഴ്‌ത്തിക്കൊണ്ട്‌ ഇമാം ശാഫിഈ പറഞ്ഞതിങ്ങനെ: ``ഞാന്‍ ബഗ്‌ദാദില്‍ നിന്നാണ്‌ വരുന്നത്‌. ഇമാം അബൂ ഹനീഫയെക്കാള്‍ ഭക്തിയും സൂക്ഷ്‌മതയും പാണ്ഡിത്യവും ഗ്രാഹ്യശേഷിയുമുള്ള ഒരാളെയും എനിക്ക്‌ കാണാനായിട്ടില്ല'' (സ്വിഫത്തുല്‍ഫത്‌വാ വല്‍ മുഫ്‌തി വല്‍മുസ്‌തഫ്‌തി-76).

11) പരസ്‌പരം പ്രാര്‍ഥിക്കുക. സത്യവിശ്വാസികള്‍ക്ക്‌ അന്യോന്യമുള്ള ബാധ്യതയാണ്‌ പ്രാര്‍ഥന. മതസംഘടനാ നേതാക്കളും പ്രഭാഷകരും മറുവീക്ഷണക്കാരായ നേതാക്കള്‍ക്കും അനുയായികള്‍ക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രാര്‍ഥിക്കുന്ന മാതൃക സ്വീകരിച്ചാല്‍ പരസ്‌പര ബന്ധങ്ങള്‍ വലിയൊരളവോളം മെച്ചപ്പെടും. അനഭിലഷണീയ വികാരങ്ങളില്‍ നിന്ന്‌ മനസിനെ ശുദ്ധീകരിക്കാന്‍ അത്‌ ഏറെ സഹായകമാകും. ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ മാതൃക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്‌. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ``ഇമാം ശാഫിഈക്ക്‌ വേണ്ടി പ്രാര്‍ഥിക്കാത്ത ഒരു നമസ്‌കാരവും കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നിര്‍വഹിച്ചിട്ടില്ല!'' മകന്‍ അബ്‌ദുല്ല ചോദിച്ചു: ``ഇങ്ങനെ പ്രാര്‍ഥിക്കാന്‍ മാത്രം ആരാണ്‌ ശാഫിഈ?'' ഇമാം അഹ്‌മദ്‌(റ) വിശദീകരിച്ചു: ``മകനേ, ശാഫിഈ ഭൂമിക്ക്‌ സൂര്യനെപ്പോലെയാണ്‌. ജനങ്ങള്‍ക്ക്‌ ആശ്വാസമാണ്‌. പിന്മുറക്കാരില്‍ ഈ രണ്ട്‌ ഗുണങ്ങളുമുണ്ടോ എന്ന്‌ നീ നോക്ക്‌'' (ഇഹ്‌യാഉലൂമിദ്ദീന്‍: 1/45). ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ വീക്ഷണ വ്യത്യാസമുള്ള ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിക്കുക മാത്രമല്ല, ആ മാതൃക തന്റെ മകന്‌ പകര്‍ന്നു കൊടുക്കുകയും ചെയ്‌തു! നമ്മുടെ മതസംഘടനാ നേതാക്കള്‍ സ്വയം ഇത്തരം ഉദാത്ത മാതൃകകള്‍ പാലിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്‌താല്‍ അതില്‍പരം നേട്ടമെന്തുണ്ട്‌; ഇഹലോകത്തും പരലോകത്തും! 

ആശയസംവാദത്തിന്റെ അന്തസ്സുള്ള വഴികള്‍

``അബ്‌ദുല്ലാഹിബ്‌നു ഉമറിന്‌ അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹം കളവു പറഞ്ഞതല്ല. മറവിയോ അബദ്ധമോ സംഭവിച്ചതാണ്‌.'' നബി പത്‌നി ആഇശ(റ)യുടെതാണ്‌ ഈ വാക്കുകള്‍. ഒരു ഹദീസ്‌ വിശദീകരിക്കവെ, ബന്ധുക്കള്‍ കരഞ്ഞാല്‍ മരിച്ചയാള്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടും എന്ന അഭിപ്രായം ഇബ്‌നുഉമര്‍(റ) പ്രകടിപ്പിക്കുകയുണ്ടായി. ഇതിനെ ഖണ്ഡിച്ചുകൊണ്ട്‌ തന്റെ നിലപാട്‌ വ്യക്തമാക്കുമ്പോഴാണ്‌ ആഇശ(റ) ഇങ്ങനെ പറഞ്ഞത്‌. അതിനവര്‍ സ്വീകരിച്ച ഭാഷയും ശൈലിയും ശ്രദ്ധേയമാണ്‌. ഇബ്‌നുഉമറിന്റെ വീക്ഷണം തെറ്റാണെന്ന്‌ പറയുമ്പോഴും അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ഥിക്കുന്നു. കളവു പറഞ്ഞുവെന്നാരോപിച്ച്‌ അദ്ദേഹത്തെ ഇകഴ്‌ത്താനോ അപമാനിക്കാനോ മുതിര്‍ന്നില്ല. മറവിയോ അബദ്ധമോ സംഭവിച്ചതാകാം എന്ന്‌ ന്യായവും ഇളവും കണ്ടെത്തുന്നു. അഭിപ്രായഭിന്നതകള്‍ പ്രകടിപ്പിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും ആശയസംവാദങ്ങളിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ സത്യവിശ്വാസികള്‍ പുലര്‍ത്തേണ്ട ഉന്നത സംസ്‌കാരത്തെയാണ്‌ ആഇശ(റ) ഇതിലൂടെ പഠിപ്പിക്കുന്നത്‌.

വീക്ഷണ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും, തന്നെക്കാള്‍ ഉത്തമനാണ്‌ ഉമര്‍(റ) എന്ന്‌ പറഞ്ഞ അബൂബക്കര്‍(റ), ഖലീഫയായിരിക്കെ സ്വാഭിപ്രായം ഉപേക്ഷിച്ച്‌ അലി(റ)യുടെ അഭിപ്രായം സ്വീകരിച്ച ഉമര്‍(റ), ജമല്‍ യുദ്ധത്തില്‍ തന്നോട്‌ ഏറ്റുമുട്ടിയവരെയും സ്വര്‍ഗത്തില്‍ സഹോദരന്മാരായി കാണാന്‍ കൊതിച്ച അലി(റ), ഇമാം ശാഫിഈക്കുവേണ്ടി പ്രാര്‍ഥിച്ച അഹ്‌മദ്‌ബ്‌നുഹമ്പല്‍, തന്റെ ഗ്രന്ഥമായ മുവത്വ മാത്രം പിന്തുടരാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുതെന്ന്‌ ഖലീഫയോട്‌ ആവശ്യപ്പെട്ട ഇമാം മാലിക്ക്‌(റ), ആദരവോടെ വിയോജിപ്പുകള്‍ പ്രകടിപ്പിച്ച്‌ ഇമാം മാലിക്കിന്‌ കത്തയച്ച ലൈഥ്‌ബ്‌നുസഅദ്‌.......അഭിപ്രായ ഭിന്നതകള്‍ക്കിടയിലും സ്‌നേഹ സാഹോദര്യത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാഴ്‌ചവെച്ച ശ്രേഷ്‌ഠ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്‌.
എന്നാല്‍, ആ മഹാരഥന്മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന മതപണ്ഡിതര്‍ക്കും സംഘടനകള്‍ക്കും അവരുടെ ഉയര്‍ന്ന മാതൃകകള്‍ എത്രത്തോളം പകര്‍ത്താന്‍ കഴിയുന്നുണ്ട്‌? സലഫുസ്സ്വാലിഹുകളുടെ വിശാല മനസ്‌കതയും സാംസ്‌കാരിക ഔന്നിത്യവും നമുക്ക്‌ കൈമോശം വന്നുപോകുന്നുണ്ടോ?

സംഭവലോകത്തെ മൗലിക പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ വില കുറഞ്ഞ മതതര്‍ക്കങ്ങളുടെ ഉല്‍പാദകരും പ്രചാരകരുമായി മതസംഘടനകള്‍ മാറാന്‍ പാടില്ല. ഒരിക്കലും അവസാനിക്കാത്തതും തീരുമാനങ്ങളിലെത്താന്‍ കഴിയാത്തതുമായ ഇജ്‌തിഹാദീ വിഷയങ്ങളില്‍ തര്‍ക്കിച്ച്‌ സമയവും ഊര്‍ജവും പാഴാക്കുന്നവര്‍, ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാവുന്ന ജനക്ഷേമ അജണ്ടകള്‍ അവഗണിച്ചു തള്ളുകയാണ്‌. തര്‍ക്കിക്കാന്‍ പഴുത്‌ തേടി നടക്കലും വിമര്‍ശനം സ്ഥിരം തൊഴിലാക്കലും മതവേദികളുടെ അലങ്കാരമായിത്തീരുന്നു. വലിയ നന്മകള്‍ പോലും കാണാതെ പോകുന്നവര്‍ ചെറിയ വീഴ്‌ചകള്‍ വരെ പൊലിപ്പിച്ചവതരിപ്പിക്കുന്നു. കാര്‍ക്കശ്യവും തീവ്രതയും ആദര്‍ശ പ്രതിബദ്ധതയായി വാഴ്‌ത്തപ്പെടുന്നു. മറുവീക്ഷണക്കാരെ ഏറ്റവും ശക്തമായി വിമര്‍ശിക്കുന്നവര്‍ക്ക്‌ സംഘടനകളില്‍ ഉയര്‍ന്ന സ്ഥാനവും അണികള്‍ക്കിടയില്‍ `ജനപ്രിയത'യും ലഭിക്കുന്നു. ആശയസംവാദങ്ങള്‍ കലഹത്തിനും കൊലപാതകത്തിനും വരെ കാരണമാകുന്നു. `മതപണ്ഡിതര്‍' നേതൃത്വം നല്‍കുന്ന സംവാദസദസുകള്‍ നിയന്ത്രിക്കാന്‍ ഒടുവില്‍ പട്ടാളവും പോലീസും ഇടപെടേണ്ടി വരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ തമ്മിലടിയും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച്‌ പ്രചരിപ്പിക്കുന്ന ഇമേജുകളും വീഡിയോകളും പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ്‌. വ്യക്തിഹത്യ നടത്താനും പരിഹസിക്കാനും വാക്കുകളും ഉദ്ധരണികളും വളച്ചൊടിക്കാനും ചീത്തപ്പേരുകള്‍ വിളിക്കാനും കളവു പറയാനുമൊന്നും മടിയില്ലാത്തവര്‍ മതസംഘടനകള്‍ക്ക്‌ വേണ്ടി ജിഹാദിനിറങ്ങുന്നു! വാദപ്രതിവാദങ്ങളിലെ ജയം മാത്രമാണ്‌ പലപ്പോഴും ലക്ഷ്യം. പ്രതിപക്ഷ ബഹുമാനം തൊട്ടുതീണ്ടാത്തവയാണ്‌ പലരുടെയും വിമര്‍ശനങ്ങള്‍. മതസംഘടനകള്‍ക്കിടയിലെ വാദപ്രതിവാദങ്ങള്‍ കണ്ടാല്‍ പലപ്പോഴും നാം സ്‌തബ്‌ധരായി നിന്നുപോകും; അല്ലാഹുവേ ഇതാണോ ഇസ്‌ലാം എന്ന്‌ ചോദിച്ചു പോകും!

എന്തുകൊണ്ട്‌ ഇങ്ങനെ?

സ്റ്റേജുകളിലും പേജുകളിലും നടക്കുന്ന ആശയ സംവാദങ്ങളില്‍ അനഭിലഷണീയവും ആക്ഷേപകരവുമായ സമീപനങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1) ആത്മാര്‍ഥതയുടെ അഭാവം. ദീനീ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാകേണ്ട യഥാര്‍ഥ വിശ്വാസവും (ഈമാന്‍) ഉദ്ദേശ്യ ശുദ്ധിയും (ഇഖ്‌ലാസ്‌) ചോര്‍ന്നു പോയാല്‍ തെറ്റായ വികാരങ്ങളും പ്രചോദകങ്ങളും തല്‍സ്ഥാനം കൈയടക്കും. സംഘടനാ മാത്സര്യം, നേതൃമോഹം, സാമ്പത്തിക നേട്ടം, രാഷ്‌ട്രീയ വളര്‍ച്ച തുടങ്ങിയ ഭൗതിക താല്‍പര്യങ്ങളുടെയും അസൂയ, പക, വിദ്വേഷം തുടങ്ങിയ മലിന വികാരങ്ങളുടെയും സ്വാധീനം ഉണ്ടാകുന്നതോടെ കര്‍മ്മങ്ങളില്‍നിന്ന്‌ ദീനീ സംസ്‌കാരം ചോര്‍ന്നു പോകും. ``സ്വാര്‍ഥത വിജയിച്ചാല്‍ അഭിപ്രായങ്ങള്‍ പിഴച്ചുപോകും'' എന്ന്‌ അബ്ബാസി ഖലീഫ മുഅ്‌തസ്വിം പറയുകയുണ്ടായി (താരീഖുബഗ്‌ദാദ്‌-2/311).

2) അല്‍പജ്ഞാനം. അറിവു നേടിയ പണ്ഡിതനെയും അറിവില്ലാത്ത പാമരനെയും പോലെയല്ല അല്‍പജ്ഞന്‍. അവിവേകവും അഹങ്കാരവും അയാളുടെ കൂടപ്പിറപ്പായിരിക്കും. അത്തരക്കാര്‍ മതനേതാക്കളാവുകയും പ്രസംഗപീഠങ്ങള്‍ പതിച്ചുകിട്ടുകയും ചെയ്‌താല്‍ `സംഘടന' മാത്രമല്ല ദീന്‍ തന്നെയും അപകടത്തിലാകും. ദീനിന്റെ യാഥാര്‍ഥ്യമറിയാത്ത, വിശുദ്ധ ഖുര്‍ആനിലും ഹദീസിലും സമഗ്രജ്ഞാനമില്ലാത്ത, നിദാന ശാസ്‌ത്രങ്ങളും നിയമനിര്‍ധാരണത്തിന്റെ ചരിത്രവും വികാസവും മറ്റും അറിയാത്ത ആളുകള്‍ ദീനീ വിഷയങ്ങളിലെ ആധികാരിക ശബ്‌ദങ്ങളായാല്‍ എന്തു സംഭവിക്കുമെന്നതിന്‌ മുസ്‌ലിം കേരളത്തിന്റെ വര്‍ത്തമാനം സാക്ഷി! `മുറി വൈദ്യന്‍ ആളെക്കൊല്ലും' എന്നാണല്ലോ!

3) അപ്രമാദിത്വം കല്‍പിക്കല്‍. മദ്‌ഹബിനും സംഘടനക്കും പണ്ഡിതാഭിപ്രായങ്ങള്‍ക്കും അപ്രമാദിത്വം കല്‍പിക്കുന്നു ചിലര്‍. ഒരിക്കലും തെറ്റുപറ്റാത്തവരാണ്‌ തങ്ങളെന്ന വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) പലതരം ദുഷ്‌പ്രവണതകളും സൃഷ്‌ടിക്കുന്നു. സംഘടനാ സങ്കുചിതത്വം, മതതീവ്രവാദം, മറ്റുള്ളവരെ പിഴച്ചവരും ശത്രുക്കളുമായി കാണല്‍, മതവൃത്തത്തില്‍നിന്ന്‌ പുറത്താക്കല്‍, കുടുംബബന്ധങ്ങള്‍ പോലും വിഛേദിക്കല്‍, സംഘടനക്ക്‌ വേണ്ടി കളവു പറയല്‍, അന്ധമായ അനുകരണം (തഖ്‌ലീദ്‌) തുടങ്ങിയവ ഉദാഹരണം. ഇജ്‌തിഹാദിന്‌ പ്രാമുഖ്യം നല്‍കുന്നവര്‍ക്കിടയില്‍തന്നെ ഒരുതരം വ്യക്തിപൂജാ സ്വഭാവമുള്ള തഖ്‌ലീദ്‌ കടന്നുവരുന്നത്‌ അതുകൊണ്ടാണ്‌. തങ്ങളുടെ നിലപാട്‌ മാത്രം ശരിയെന്ന്‌ വിശ്വസിക്കുന്നവരില്‍ `അതിര്‍കവിഞ്ഞ ആത്മാര്‍ഥത' കൂടിയുണ്ടായാല്‍ ചിത്രം പൂര്‍ണമാകുന്നു.

4) ആത്‌മസംസ്‌കരണത്തിന്റെ അഭാവം. ആത്മസംസ്‌കരണ പ്രക്രിയ (തര്‍ബിയ്യ, തസ്‌കിയ) നൈരന്തര്യം നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്‌ചവരുത്തുകയോ, അതൊരു അജണ്ടയായി എടുക്കാതെ അവഗണിച്ചു തള്ളുകയോ ചെയ്യുന്നവരില്‍, സാംസ്‌കാരിക-സദാചാര നിലവാരം ക്രമേണ കുറഞ്ഞുവരും. ഒരു ഘട്ടത്തില്‍ തിരിച്ചുപിടിക്കാനാകാത്തവിധം നന്മകള്‍, പരലോക ബോധം, തഖ്‌വ, ലജ്ജ തുടങ്ങിയവ നഷ്‌ടപ്പെടുകയും ചെയ്യും. എത്ര പ്രധാനപ്പെട്ട ഇസ്‌ലാമിക തത്ത്വം പ്രബോധനം ചെയ്യുന്നവരാണെങ്കിലും തര്‍ബിയ്യത്ത്‌ ചോര്‍ന്നുപോയാല്‍ പിന്നെ വ്യക്തിക്കോ സംഘടനക്കോ ഏറെ നാള്‍ മുന്നോട്ടുപോകാനാവില്ല. `പുറമെ വെള്ളതേച്ച ശവക്കല്ലറകള്‍ പോലെ' എന്ന്‌ യേശുക്രിസ്‌തു പറഞ്ഞ അവസ്ഥ വന്നുചേരും. മതപ്രവര്‍ത്തനങ്ങളുടെ പുറംമോടികളും ബഹളങ്ങളും കടന്ന്‌ അകത്തുചെന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന സംഘടനാ പരിസരമാണ്‌ കാണാനാവുക. ഇമാം മാലിക്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``സഹോദരാ, അറിവു നേടുന്നതിന്‌ മുമ്പ്‌ നീ ശ്രേഷ്‌ടസ്വഭാവങ്ങള്‍ സ്വായത്തമാക്കുക'' (അല്‍ഹുല്‍യ്യ 6/330). ഇബ്‌റാഹീമുബ്‌നു ഹബീബിനോട്‌, ഹദീസ്‌ നിവേദകനായ പിതാവ്‌ ഉപദേശിച്ചത്‌ ഇപ്രകാരമാണ്‌: ``മകനേ, നീ പണ്ഡിതന്മാരെ സമീപിക്കുക, അവരില്‍ നിന്ന്‌ അറിവ്‌ നേടുക. അവരുടെ സംസ്‌കാരവും സ്വഭാവവും മാതൃകകളും പകര്‍ത്തുക. ധാരാളം ഹദീസുകള്‍ ലഭിക്കുന്നതിനെക്കാളും എനിക്കിഷ്‌ടമതാണ്‌'' (അല്‍ ജാമിഉ ലില്‍ ഖത്വീബ്‌ 1/80).

5) ആള്‍ക്കൂട്ട മനഃശാസ്‌ത്രം. പരിഹാസോക്തികളും രൂക്ഷമായ പ്രയോഗങ്ങളും ചേരുവകളാകുമ്പോള്‍ വിമര്‍ശനങ്ങള്‍ വികാരജീവികളായ അണികള്‍ക്ക്‌ പ്രിയങ്കരമായിത്തീരും. പ്രസംഗകന്‍ സദസിനെ സ്വാധീനിക്കുക മാത്രമല്ല, ജനസഞ്ചയം പ്രസംഗകനെയും വികാരം കൊള്ളിക്കും. ഈ ആള്‍ക്കൂട്ട മനഃശാസ്‌ത്രം തെറ്റായ ശൈലികള്‍ സ്വീകരിക്കാന്‍ പലപ്പോഴും വിമര്‍ശന പ്രസംഗകരെ പ്രേരിപ്പിക്കുന്നു. അണികളുടെ ആവേശം പ്രസംഗങ്ങളിലേക്ക്‌ ആവാഹിക്കപ്പെടുമ്പോഴാണ്‌ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാത്ത വികാരപ്രകടനങ്ങള്‍ സ്റ്റേജില്‍ നടത്തിപോകുന്നത്‌. രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പറഞ്ഞത്‌ നിഷേധിക്കാനും മാറ്റിപറയാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ മതനേതാക്കളുടെ കാര്യം അതല്ലല്ലോ. മറുകക്ഷികള്‍ സൂക്ഷ്‌മദര്‍ശിനികളുമായി തക്കംപാര്‍ത്തിരിക്കുന്ന എല്‍.സി.ഡി പ്രൊജക്‌ടറുകളുടെ വര്‍ത്തമാനകാല മതപരിസരത്ത്‌ വിശേഷിച്ചും.

6) സ്വത്വപ്രതിസന്ധി. സംഘടനകള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ മറുപക്ഷക്കാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച്‌ ബഹളം സൃഷ്‌ടിക്കുന്നത്‌ ചിലര്‍ സ്വീകരിക്കാറുള്ള അതിജീവനതന്ത്രമാണ്‌. അകത്തുള്ള സംഘര്‍ഷങ്ങളില്‍നിന്ന്‌ അണികളെ തല്‍ക്കാലം മോചിപ്പിക്കാനും ജനശ്രദ്ധതിരിച്ചുവിടാനും മറ്റുള്ളവരെ ഇരകളാക്കുന്ന സമീപനം ചിലര്‍ സ്വീകരിക്കുന്നു.

7) ശരിയുടെ അഭാവം. സ്വന്തം വിശ്വാസങ്ങളിലും വാദങ്ങളിലും ശരി ഇല്ലാതിരിക്കുകയും തെറ്റുകള്‍ മറ്റുള്ളവര്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോള്‍, തിരുത്താനുള്ള മനസില്ലെങ്കില്‍ തെറ്റായ സംവാദരീതികള്‍ സ്വീകരിക്കേണ്ടി വരും. രണ്ടു വീക്ഷണമുള്ളവര്‍ ഒരേ വേദിയില്‍ സംവാദത്തിലേര്‍പ്പെടുകയും ഒരു കക്ഷി `അകപ്പെടുകയും' ചെയ്യുമ്പോള്‍, പിടിച്ചുനില്‍ക്കാനും ജയിച്ചുകയറാനും പ്രയോഗിക്കപ്പെടുന്ന പത്തൊന്‍പതാം അടവില്‍ അസഭ്യവര്‍ഷവും അടിപിടിയും വരെ ഉള്‍പ്പെടുന്നു.

എങ്ങനെ മറികടക്കാം

അപകടകരമായ വിതാനത്തിലേക്ക്‌ തരംതാഴ്‌ന്നു കഴിഞ്ഞ വിമര്‍ശനങ്ങളും വാദപ്രതിവാദങ്ങളും കൈയൊഴിഞ്ഞ്‌, ഇസ്‌ലാമിക സംസ്‌കാരം പ്രതിഫലിക്കുന്ന സംവാദരീതി വളര്‍ത്തിക്കൊണ്ടുവരാന്‍ മതസംഘടനകള്‍ മനസുവെക്കണം. ആദരവും പ്രതിപക്ഷ ബഹുമാനവും ഉള്‍ച്ചേര്‍ന്ന വിമര്‍ശനം ശീലിക്കണം. അത്തരമൊരു ഉയര്‍ന്ന നിലപാടിലേക്ക്‌ മതസംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും വളരാന്‍ കഴിയണമെങ്കില്‍, സംഘടനാ വാശിക്കിടയില്‍ മറന്നുപോയ ഇസ്‌ലാമിന്റെ ചില മൗലിക യാഥാര്‍ഥ്യങ്ങള്‍ നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്‌.

1) വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) ഉപേക്ഷിക്കുക. ഖുര്‍ആനും സുന്നത്തും മാത്രമാണ്‌ തെറ്റുപറ്റാത്ത വിശുദ്ധപദവിക്ക്‌ അര്‍ഹതയുള്ളത്‌. മതസംഘടനകള്‍ `ഇസ്‌ലാമിന്റെ പര്യായ പദം' അല്ല, പണ്ഡിതരും നേതാക്കളും നബിയോ അമീറുല്‍ മുഅ്‌മിനീനോ അല്ല. നൂറ്‌ ശതമാനം ശരിയുള്ള ഒരു പണ്ഡിതനും സംഘടനയും ലോകത്തില്ല. എന്റെ അഭിപ്രായം ശരിയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നതോടൊപ്പം അത്‌ തെറ്റാകാനുള്ള സാധ്യതയും അംഗീകരിക്കണം. മറുവീക്ഷണം തെറ്റാണെന്ന്‌ കരുതുന്നതോടൊപ്പം അത്‌ ശരിയാകാനുള്ള സാധ്യത വകവെച്ചുകൊടുക്കുകയും വേണം. മുഹമ്മദ്‌ നബിക്ക്‌ ശേഷം, പണ്ഡിതന്മാര്‍ക്കോ സംഘടനകള്‍ക്കോ `വഹ്‌യ്‌' ഇറങ്ങുന്നില്ല! ഇമാം ശാഫിഈ പറയുന്നു: ``പ്രവാചകനെപ്പോലെ അനുസരിക്കപ്പെടേണ്ടവനും അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടേണ്ടവനുമാണ്‌ താനെന്ന്‌ അവകാശപ്പെടുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല. അത്തരമൊരു വിശുദ്ധപദവി മുഹമ്മദ്‌ നബിക്ക്‌ ശേഷം ആര്‍ക്കും അല്ലാഹു നല്‍കിയിട്ടില്ല'' (ഈഖാളു ഹിമമി ഉലില്‍ അബ്‌സ്വാര്‍-സ്വാലിഹ്‌ ബിന്‍ മുഹമ്മദ്‌ അല്‍ ഉമരി-104). ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പലിന്റെ അനുഗൃഹീത മാതൃക കാണുക. ത്വലാഖുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ സംശയം ചോദിച്ചയാള്‍ക്ക്‌, `അപ്രകാരം ചെയ്യുന്നത്‌ ശരിയല്ല' എന്ന്‌ ഇമാം അഹ്‌മദ്‌ബ്‌നുഹമ്പല്‍ ഫത്‌വ നല്‍കി. അയാള്‍ ചോദിച്ചു: `അങ്ങനെ ചെയ്‌താല്‍ ശരിയാകുമെന്ന്‌' മറ്റൊരു പണ്ഡിതന്‍ എനിക്ക്‌ ഫത്‌വ തന്നാലോ?' ഇമാമിന്റെ മറുപടി വ്യക്തമായിരുന്നു: `എങ്കില്‍ നിനക്കത്‌ സ്വീകരിക്കാം.' എന്നു മാത്രമല്ല ശരിയാണെന്ന്‌ ഫത്‌വ നല്‍കുന്ന ഒരു പണ്ഡിതനെ ഇമാം അഹ്‌മദ്‌(റ) തന്നെ അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുകയും ചെയ്‌തു (സ്വിഫതുല്‍ ഫത്‌വാ വല്‍ മുഫ്‌തി വല്‍ മുസ്‌തഫ്‌തി-ഹംദാനുല്‍ ഹര്‍റാനി പേജ്‌:82, അല്‍മക്‌തബുല്‍ ഇസ്‌ലാമി, ബൈറൂത്ത്‌).
ഈ മാതൃക സ്വീകരിക്കാന്‍ മതസംഘടനകള്‍ക്ക്‌ കഴിഞ്ഞാല്‍, സ്വന്തം വഴി മാത്രം ശരി, മറ്റുള്ളവയെല്ലാം പിഴച്ചവ എന്ന സങ്കുചിത കാഴ്‌ചപ്പാടില്‍ നിന്ന്‌ ഒരു പരിധിവരെ രക്ഷപ്പെടാന്‍ കഴിയും. ഖാദീ ഇബ്‌നു അബ്‌ദില്‍ ഇസ്സിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``മുഹമ്മദ്‌ നബിയല്ലാത്ത ആര്‍ക്കെങ്കിലും ഒരാള്‍ അപ്രമാദിത്വം കല്‍പിക്കുകയും മാലിക്‌, അബൂഹനീഫ, ശാഫിഈ, അഹ്‌മദ്‌ബ്‌നുഹമ്പല്‍(റ) തുടങ്ങിയവരില്‍ ഒരാളുടെ അഭിപ്രായം നിര്‍ബന്ധമായും പിന്തുടരേണ്ട ശരിയും മറ്റുള്ളവരുടേത്‌ തെറ്റുമാണെന്ന്‌ വാദിക്കുകയും ചെയ്യുന്നവന്‍ വിഡ്‌ഢിയും വഴിതെറ്റിയവനുമാണ്‌. മറ്റുള്ളവരെ ഉപേക്ഷിച്ച്‌ ഒരാളെത്തന്നെ പിന്തുടരല്‍ നിര്‍ബന്ധമാണെന്ന്‌ വിശ്വസിക്കുന്നവനെ ഭയപ്പെടണം. പ്രവാചകനല്ലാത്ത ഒരാള്‍ക്കും ആ പദവിയില്ലെന്ന്‌ പണ്ഡിതന്മാര്‍ ഐകകണ്‌ഠ്യേന പറഞ്ഞിട്ടുണ്ട്‌. ഇമാമുമാരിലൊരാളോട്‌ പക്ഷപാതിത്വം കാണിക്കുന്നത്‌ ഒരു സ്വഹാബിയെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവരെ നിരാകരിക്കുകയും ചെയ്യുന്നതുപോലെയാണ്‌. മൂന്ന്‌ ഖലീഫമാരെ നിരാകരിച്ച്‌ അലിയെ മാത്രം അംഗീകരിച്ച ശിയാക്കള്‍ക്ക്‌ സംഭവിച്ചത്‌ അതാണ്‌. ഇത്തരം സമീപനത്തില്‍നിന്ന്‌ അല്ലാഹു നമ്മെ രക്ഷിക്കുമാറാകട്ടെ'' (അല്‍ഇത്തിബാഅ്‌-79, 80). മഹാന്മാരായ ഇമാമുമാരുടെ അവസ്ഥ ഇതാണെങ്കില്‍, അവര്‍ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്‌ രംഗത്തുവന്ന സംഘടനാ പണ്ഡിതരുടെ സ്ഥിതിയെന്തായിരിക്കും.!

2) വൈവിധ്യം അംഗീകരിക്കുക. ഗവേഷണാത്മക (ഇജ്‌തിഹാദ്‌) വിഷയങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന്‌ പണ്ഡിതരും സംഘടനകളും അംഗീകരിക്കണം. ഇസ്‌ലാം അനുവദിച്ചിട്ടുള്ള വീക്ഷണവ്യത്യാസങ്ങളെ നിഷേധിക്കുകയോ അസഹിഷ്‌ണുതയോടെ കാണുകയോ അരുത്‌. അഭിപ്രായവ്യത്യാസങ്ങള്‍ അല്ലാഹുവിനും റസൂലിനും വിടുക എന്നാണ്‌ ഇസ്‌ലാം കല്‍പിക്കുന്നത്‌. ഖുര്‍ആനിലും സുന്നത്തിലും അതിന്‌ പരിഹാരം അന്വേഷിക്കുക. എന്നിട്ടും ഏകാഭിപ്രായത്തിലെത്താനാകുന്നില്ലെങ്കിലോ? ഓരോരുത്തരും അവരവരുടെ ഇജ്‌തിഹാദ്‌ അനുസരിച്ച്‌ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുക. അത്തരം വിഷയങ്ങളില്‍ അവസാന വിധി അല്ലാഹുവിന്‌ വിടുക. ``അവര്‍ ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളില്‍ അല്ലാഹു തീര്‍പ്പു കല്‍പിക്കുന്നതാണ്‌'' (ഖുര്‍ആന്‍). 
എല്ലാ പണ്ഡിതരും സംഘടനകളും ഒരേ മേഖലയില്‍തന്നെ പ്രവര്‍ത്തിക്കണമെന്നും ഒരേ വിഷയം തന്നെ ഊന്നണമെന്നും നിര്‍ബന്ധമില്ലല്ലോ. മറ്റുള്ളവരെ നമ്മളാക്കാന്‍ വാശി പിടിക്കരുത്‌. ഗവേഷണം തെറ്റായാലും പ്രതിഫലമുണ്ടെന്ന പ്രവാചക വചനത്തിന്റെ ആനൂകൂല്യം മറുവീക്ഷണക്കാര്‍ക്ക്‌ വകവെച്ചുകൊടുക്കണം. അല്ലാഹു പ്രതിഫലം നല്‍കുന്ന ഒരാളെ നാം ആക്ഷേപിക്കുന്നത്‌ എന്തര്‍ഥത്തിലാണ്‌? ഇമാം അബൂഹാമിദില്‍ ഗസാലിയുടെ വാക്കുകള്‍: ``ഗവേഷകരും അവരെ പിന്തുടരുന്നവരും ന്യായങ്ങള്‍ ഉള്ളവര്‍ (മഅ്‌ദൂറൂന്‍) ആണ്‌. ചിലര്‍ അല്ലാഹുവിങ്കല്‍ ശരിയായ ഗവേഷണത്തിന്റെ പ്രതിഫലം ലഭിക്കുന്നവരാകും. മറ്റുചിലര്‍ രണ്ടു പ്രതിഫലങ്ങളില്‍ ഒന്നിന്‌ അര്‍ഹരും. ഒന്നാം വിഭാഗത്തോടൊപ്പം, പ്രതിഫലം ലഭിക്കുന്നതില്‍ രണ്ടാം വിഭാഗവും പങ്കാളികളാണ്‌. അതുകൊണ്ട്‌ ഇരുവിഭാഗത്തിനും അടുത്തടുത്ത സ്ഥാനമാണുള്ളത്‌. എങ്കില്‍ അവര്‍ പരസ്‌പരം ശത്രുത പുലര്‍ത്താവതല്ല, പക്ഷപാതിത്വം കാണിക്കാനും പാടില്ല. ശരി ആരുടെ പക്ഷത്താണെന്ന്‌ നിര്‍ണയിക്കപ്പെടാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും. രണ്ടു യാത്രികര്‍ക്ക്‌ ഖിബ്‌ലയെക്കുറിച്ച്‌ സംശയമായി. ഗവേഷണത്തില്‍ രണ്ടുപേരും രണ്ടു ദിശയാണ്‌ മനസിലാക്കിയത്‌. ഓരോരുത്തര്‍ക്കും അവര്‍ക്ക്‌ ശരിയെന്ന്‌ തോന്നുന്ന ദിശയിലേക്ക്‌ തിരിഞ്ഞ്‌ നമസ്‌കരിക്കാം. എന്നാല്‍ മറുവീക്ഷണക്കാരനെ ആക്ഷേപിക്കാനോ, എതിര്‍ക്കാനോ പാടില്ല. യഥാര്‍ഥത്തില്‍ ഖിബ്‌ല ഏതു ഭാഗത്തായിരുന്നുവെന്ന്‌ അല്ലാഹുവിനു മാത്രമല്ലേ അറിയൂ.'' (അല്‍ഖിസ്‌ത്വാസുല്‍ മുസ്‌തഖീം 78, സില്‍സിലത്തുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ-വാള്യം:37, 1960). പല തലങ്ങളില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന മതസംഘടനകളുടെ കാര്യത്തില്‍ ഏറെ പരിഗണനീയമാണ്‌ ഈ വസ്‌തുത.

3) ചരിത്രബോധം വളര്‍ത്തുക. ഇസ്‌ലാം, ചരിത്രത്തിലെ ഒരു മഹാപ്രവാഹമാണ്‌. ആദം നബി മുതല്‍ ലക്ഷത്തിലേറെ പ്രവാചകന്മാരിലൂടെ വിവിധ ദേശങ്ങളിലും കാലങ്ങളിലും ഒരേ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടു തന്നെ, വ്യത്യസ്‌തമായ ആവിഷ്‌കാരങ്ങളിലൂടെയാണ്‌ ഇസ്‌ലാം അന്ത്യപ്രവാചകന്റെ മുമ്പിലെത്തിയത്‌. മുഹമ്മദ്‌ നബിക്കു ശേഷം, വികാസ-സങ്കോചങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും നിരവധി ഘട്ടങ്ങള്‍ പിന്നിട്ടാണ്‌ അല്ലാഹുവിന്റെ ദീന്‍ നമ്മുടെ കൈകളില്‍ വന്നുചേര്‍ന്നത്‌. ഖലീഫമാര്‍, കര്‍മശാസ്‌ത്ര പണ്ഡിതര്‍, തത്ത്വചിന്തകന്മാര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരും അവരുടെ വൈജ്ഞാനിക-നാഗരിക സംഭാവനകളും ഇസ്‌ലാമിന്റെ ഒഴുക്കിന്‌ ഗതിവേഗം പകര്‍ന്നിട്ടുണ്ട്‌. അതൊരു വലിയ ലോകമാണ്‌. അതിലെ, ഈ കാലത്തെ തീരെ ചെറിയൊരു കണ്ണി മാത്രമാണ്‌ നമ്മള്‍. അതുകൊണ്ട്‌, മുഹമ്മദ്‌ നബിക്ക്‌ ശേഷം ഇസ്‌ലാം നേരിട്ടു പതിച്ചു കിട്ടിയത്‌ തനിക്കാണെന്ന്‌ ഒരു പണ്ഡിതനും തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച്‌, വിസ്‌മയിപ്പിക്കുന്ന വൈവിധ്യങ്ങളുള്ള ഈ മഹാപ്രവാഹത്തെക്കുറിച്ച ചരിത്രബോധം സ്വന്തം മനസിലും സമൂഹത്തിലും വളര്‍ത്തുക. അത്‌ വലിയ തോതില്‍ മഞ്ഞുരുക്കത്തിന്‌ കാരണമാകും.

4) ശത്രുതാപരമായ നിലപാടുകള്‍ ഒഴിവാക്കുക. മുസ്‌ലിം സമുദായത്തിനകത്ത്‌ ആഭ്യന്തര ശത്രുക്കളെ തെരയുന്ന പണി മതസംഘടനകള്‍ അവസാനിപ്പിക്കണം. മറുവീക്ഷണക്കാരെ സഹോദരങ്ങളായിക്കണ്ട്‌ സഹിഷ്‌ണുതയോടെ പെരുമാറാന്‍ ഓരോരുത്തരും മനസുവെക്കണം. ഭിന്നാഭിപ്രായങ്ങള്‍ക്ക്‌ തടസം നില്‍ക്കരുത്‌. അവ പ്രയോഗവല്‍ക്കരിക്കാന്‍ അനുവദിക്കാതെ ആരെയും ആട്ടിയോടിക്കരുത്‌. ഇമാമുമാരുടെ കാലശേഷം മദ്‌ഹബിന്റെ അനുയായികള്‍ മറ്റുള്ളവരോട്‌ കാണിച്ച അനീതിയും അക്രമവും മതസംഘടനകള്‍ പകര്‍ത്താന്‍ ശ്രമിക്കരുത്‌. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുക, ശാരീരികമായി കൈയേറ്റം ചെയ്യുക, സ്ഥാപനങ്ങളും പ്രചാരണ മാധ്യമങ്ങളും നശിപ്പിക്കുക, പരസ്‌പരം ഒറ്റു കൊടുക്കുക, ഭരണ-രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക... ഇതൊന്നും ദീനീ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവര്‍ക്ക്‌ ഒരിക്കലും ഭൂഷണമല്ല.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുന്നു: ``നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിനെക്കുറിച്ച്‌ പറയവെ ശാഫിഈ പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കാണാം: `ഇജ്‌തിഹാദീ വിഷയങ്ങളിലുള്ള അഭിപ്രായാന്തരങ്ങളെ കൈയ്യൂക്കുകൊണ്ട്‌ തിരുത്താന്‍ ശ്രമിക്കരുത്‌. തന്നെ പിന്തുടരണമെന്ന്‌ ഒരാളും ജനങ്ങളെ നിര്‍ബന്ധിക്കുകയുമരുത്‌. വൈജ്ഞാനികമായി തെളിവുകള്‍ നിരത്തി സംഭാഷണം നടത്താം. സത്യാവസ്ഥ ബോധ്യപ്പെടുന്നവര്‍ അംഗീകരിക്കും. മറുവീക്ഷണം തന്നെ വെച്ചുപുലര്‍ത്തുന്നവനെ അധിക്ഷേപിക്കാനോ ശത്രുത കാണിക്കാനോ പാടില്ല'' (മജ്‌മൂഉല്‍ ഫാതാവാ-30/79-81). ഏകോപിതാടിസ്ഥാനങ്ങള്‍ നിഷേധിക്കുന്നതു മാത്രമേ പണ്ഡിതന്മാര്‍ ആക്ഷേപകരമായി കണ്ടിരുന്നുള്ളൂ. ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളില്‍ പരസ്‌പരം ശത്രുത കാണിക്കാന്‍ പാടില്ല എന്ന്‌ ഇമാം നവവി പറഞ്ഞിട്ടുണ്ട്‌ (സ്വഹീഹു മുസ്‌ലിം-ശറഹുന്നവവി-2/23). ഇമാം ഗസാലിയുടെ വാക്കുകള്‍: ``പണ്ഡിതന്‍മാര്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു. ചിലര്‍ ചിലര്‍ക്ക്‌ മറുപടിയും പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പണ്ഡിതന്മാരെ സ്വാര്‍ഥികളും വിഡ്‌ഢികളുമെന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കാറുണ്ടായിരുന്നില്ല'' (അദബുല്‍ ഇഖ്‌തിലാഫ്‌ ഫീമസാഇലില്‍ ഇല്‍മി വദ്ദീന്‍-ദാറുല്‍ യൂസുര്‍-83). മുഹമ്മദ്‌ നബിയുടെ താക്കീത്‌ നാം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്‌: ``നിങ്ങള്‍ പരസ്‌പരം വിദ്വേഷം പുലര്‍ത്തരുത്‌, പരസ്‌പരം അസൂയ കാണിക്കരുത്‌, അന്യോന്യം ശത്രുക്കളാവുകയുമരുത്‌. സഹോദരന്‍മാരായ അല്ലാഹുവിന്റെ ദാസന്മാരാവുക.''

5) വിനാശകരമായ നിലപാടുകളില്‍ നിന്ന്‌ വിട്ടുനില്‍ക്കുക. സമൂഹത്തില്‍ നാശവും കുഴപ്പവും സൃഷ്‌ടിക്കുമെന്ന്‌ ആശങ്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടതാണ്‌. വിമര്‍ശനം ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ടാകും. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സാമൂഹിക സാഹചര്യങ്ങളുണ്ടാകും. ചില തെറ്റുകള്‍ക്കുനേരെ, അതിലേറെ ഗുരുതരമായ പരിണതി സൃഷ്‌ടിക്കപ്പെടുമെന്ന്‌ ഭയപ്പെടുന്ന സന്ദര്‍ഭത്തില്‍ നിശബ്ദരാകേണ്ടി വരും. സാഹചര്യങ്ങള്‍ പരിഗണിക്കാതെയും യാഥാര്‍ഥ്യബോധമില്ലാതെയും നടത്തുന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും വൈകൃതങ്ങളെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. പ്രബോധനരംഗത്ത്‌ മുറുകെപിടിക്കേണ്ട യുക്തിദീക്ഷ പ്രസക്തമാകുന്ന സന്ദര്‍ഭമാണിത്‌.
ഇമാം അബൂബകറുല്‍ ആജിരി പറയുന്നു: ``മുസ്‌ലിം സമൂഹത്തിനകത്ത്‌ നാശവും ശത്രുതയും സൃഷ്‌ടിക്കുംവിധം ഒരു വിഷയം ചര്‍ച്ചക്കുവന്നാല്‍ അതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കേണ്ടത്‌ പണ്ഡിതന്മാരുടെ ബാധ്യതയാണ്‌. അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ അതിലേറെ ഉത്തമമായ കാര്യങ്ങളിലേക്ക്‌ തിരിച്ചുവിടണം'' (അഖ്‌ലാഖുല്‍ ഉലമാഅ്‌-35). `ഫിത്‌ന' ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നിശ്ശബ്‌ദത പാലിക്കേണ്ടി വരുമെന്നും അങ്ങനെ മൗനമവംബിക്കുന്നവരെ ആക്ഷേപിക്കരുതെന്നും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ വിശദീകരിച്ചിട്ടുണ്ട്‌ (മജ്‌മൂഉഫതാവാ 24/253). സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍വേണ്ടി ഏറ്റവും ഉത്തമമായത്‌ (അഫ്‌ദല്‍) ഉപേക്ഷിച്ച്‌ അനുവദനീയം (ജാഇസ്‌) മാത്രമായത്‌ സ്വീകരിക്കാമെന്നും പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഉത്തമമായത്‌ ചെയ്യുന്നതിലേറെ പ്രധാനമാണ്‌ ഐക്യവും ഒരുമയും കാത്തുസൂക്ഷിക്കുന്നത്‌. ഖുറൈശികളില്‍ അകല്‍ച്ച സൃഷ്‌ടിക്കും എന്നു ഭയന്ന്‌ നബി(സ) കഅ്‌ബ പൊളിച്ചു പണിയാതിരുന്നത്‌ ഇതിന്ന്‌ തെളിവായി ഇബ്‌നുതൈമിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. നബി(സ) ആഇശ(റ)യോട്‌ പറഞ്ഞു: ജാഹിലിയ്യാ കാലത്തോട്‌ അടുത്ത്‌ നില്‍ക്കുന്നവരായിരുന്നില്ല നിന്റെ ജനമെങ്കില്‍, ഇബ്‌റാഹീം നബി സ്ഥാപിച്ച തൂണുകളില്‍ ഞാന്‍ കഅ്‌ബ പുതുക്കിപ്പണിയുമായിരുന്നു'' (ബുഖാരി). ജനങ്ങളെ മാനസികമായി അകറ്റാതിരിക്കാന്‍ വേണ്ടി നമസ്‌കാരത്തില്‍ `ബിസ്‌മി...' ഉറക്കെ ചൊല്ലാമെന്നും ഇബ്‌നുതൈമിയ ഫത്‌വ നല്‍കിയിട്ടുണ്ട്‌ (മജ്‌മുഉല്‍ ഫതാവാ 22/406, 407). ജനങ്ങളെ അടുപ്പിച്ചു നിര്‍ത്താനും മനസിണക്കാനും വേണ്ടി ഉത്തമമായത്‌ ഉപേക്ഷിച്ച്‌ അനുവദനീയമായത്‌ സ്വീകരിക്കാം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണിത്‌. ഖുനൂത്വിനെക്കുറിച്ച്‌ അല്ലാമ ഇബ്‌നുല്‍ ഖയ്യിമും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌. സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്‌ ഇല്ല എന്നതാണ്‌ ശരിയായ നിലപാടെന്ന്‌ വിശദീകരിച്ച ശേഷം, എന്നാല്‍ സ്ഥിരമായി ഖുനൂത്‌ ഓതുന്നത്‌ വെറുക്കപ്പെടേണ്ട ബിദ്‌അത്തല്ല എന്ന്‌ അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്‌തയാള്‍ സുന്നത്തിന്‌ എതിര്‌ പ്രവര്‍ത്തിച്ചവനാവുകയുമില്ല എന്നാണ്‌ ഇബ്‌നുല്‍ ഖയ്യിമിന്റെ വീക്ഷണം (സാദുല്‍മആദ്‌ 1/144).

6) പൊതു ഇടങ്ങള്‍ സൃഷ്‌ടിക്കുക. ഭിന്ന വീക്ഷണക്കാര്‍ക്ക്‌ ഒന്നിച്ചിരിക്കാനും, സ്‌നേഹത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കഴിയുന്ന പൊതുഇടങ്ങള്‍ സൃഷ്‌ടിക്കണം. യോജിപ്പുള്ള കാര്യങ്ങള്‍ ഒരുമിച്ചുനിന്ന്‌ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതു വേദികള്‍ അകല്‍ച്ച കുറക്കാന്‍ സഹായിക്കും. ആഘോഷവേളകളില്‍ പങ്കാളികളാവുക. വിവാഹം, സമ്മേളനങ്ങള്‍ തുടങ്ങിയവയിലേക്ക്‌ മറു വീക്ഷണക്കാരെയും ക്ഷണിക്കുക. രോഗസന്ദര്‍ശനം നടത്തുക, മരണാനന്തര കര്‍മങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുക. സംഘടനാപ്രസിദ്ധീകരണങ്ങളില്‍ ഇതര സംഘടനയിലെ എഴുത്തുകാര്‍ക്ക്‌ വിയോജിപ്പില്ലാത്ത എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതാന്‍ അവസരം നല്‍കുക (സംഘടനകളെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മാത്രമാണ്‌ ഇപ്പോള്‍ പൊതുവെ അനുവാദം നല്‍കപ്പെടുന്നത്‌). 

സ്‌നേഹത്തോടെ സംവദിച്ചുകൂടേ മതസംഘടനകള്‍ക്ക്‌

ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഒരേ ലക്ഷ്യത്തിലേക്കാണ്‌ ഒഴുകി പോകുന്നത്‌. ആ കൈവഴികളെല്ലാം അടച്ചുപൂട്ടി ഒറ്റ നദി മാത്രമാക്കുക അസാധ്യമാണ്‌. ഒരുപാട്‌ നദികള്‍ ഒഴുകിച്ചേരുമ്പോഴാണ്‌ സമുദ്രമുണ്ടാകുന്നത്‌. ഇസ്‌ലാമിക വിജ്ഞാന മണ്ഡലം സാഗരസമാനം തിരയടിക്കുന്നതും അതുകൊണ്ടുതന്നെയാണ്‌.

വായന, പഠനം, ചിന്ത, ഗവേഷണം എന്നിവക്ക്‌ ഇസ്‌ലാം നല്‍കിയ പ്രാധാന്യവും പ്രോത്സാഹനവും വൈജ്ഞാനിക വികാസത്തിനും സാംസ്‌കാരിക വളര്‍ച്ചക്കും വലിയ തോതില്‍ വഴി തുറക്കുകയുണ്ടായി. ആശയ വൈവിധ്യതയും വീക്ഷണ വൈജാത്യങ്ങളും കാഴ്‌ചപ്പാടുകളിലെ അന്തരങ്ങളും അതിന്റെ അനിവാര്യതയെന്നോണം പ്രത്യക്ഷപ്പെടുകയും ചെയ്‌തു. ചിന്താ-കര്‍മ മണ്ഡലങ്ങളില്‍ ഇങ്ങനെ രംഗത്തുവന്ന ഒട്ടേറെ ധാരകളും കൈവഴികളും ഇസ്‌ലാമിക ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. ഇസ്‌ലാമിക നാഗരികതയുടെ വികാസത്തോടൊപ്പം അവയും വളര്‍ച്ച പ്രാപിച്ചു. അനിവാര്യ കാരണങ്ങളാല്‍ ചിലത്‌ തളരുകയും രംഗം വിടുകയും ചെയ്‌തിട്ടുമുണ്ട്‌.
ഇസ്‌ലാമിക സംസ്‌കാരത്തെ സമ്പന്നമാക്കുന്ന ചിന്താധാരകളും കര്‍മശാസ്‌ത്ര സരണികളും നവോത്ഥാന പ്രസ്ഥാനങ്ങളും, സാഗരസമാനം പരന്നു കിടക്കുന്ന ഗ്രന്ഥശേഖരങ്ങളും ദീനീ മണ്ഡലത്തിലെ ആശയ വൈവിധ്യത്തിന്റെ ഉത്തമ നിദര്‍ശനമാണ്‌. വൈരുധ്യങ്ങളുടെയും ഭിന്നതകളുടെയും കേദാരമാണ്‌ അവയെന്ന്‌ പ്രത്യക്ഷ വായനയില്‍ ചിലര്‍ക്ക്‌ തോന്നാമെങ്കിലും ബഹുസ്വരതയുടെ ഒരു അഭൗമ സൗന്ദര്യം വിശാല മനസ്‌കരായ വിവേകമതികള്‍ക്ക്‌ അവയില്‍ ദര്‍ശിക്കാനാകും. അങ്ങനെവരുമ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹത്തിനകത്തെ അഭിപ്രായാന്തരങ്ങളെ ആരോഗ്യകരമായി സമീപിക്കാനും നിര്‍മാണാത്മകമായി ഉപയോഗപ്പെടുത്താനും സാധിക്കുകയുള്ളൂ.

ഇസ്‌ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനെ കുറിച്ചുതന്നെ ചിന്തിക്കുക. 14 നൂറ്റാണ്ടുകള്‍ പിന്നിട്ട്‌ നമ്മുടെ കൈകളില്‍ എത്തിനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്ന്‌ ഉണ്ടായിട്ടുള്ള വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എത്രയേറെയാണ്‌! പലതലങ്ങളില്‍, വ്യത്യസ്‌ത ഊന്നലുകളില്‍, വേറിട്ട ശൈലികളില്‍ വിരചിതമായ നൂറുകണക്കിന്‌ തഫ്‌സീറുകള്‍ ഖുര്‍ആന്‍ വിജ്ഞാനീയത്തിലെ അതുല്യ സംഭാവനകളാണ്‌. എന്തുകൊണ്ട്‌ ഇത്രയേറെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടായി! `അഹുലുസുന്നത്തി വല്‍ ജമാഅ' അംഗീകരിക്കുന്ന തഫ്‌സീറുകള്‍ തന്നെ നിരവധിയാണ്‌. തഫ്‌സീറുത്ത്വബ്‌രി, തഫ്‌സീറു ഇബ്‌നുഅത്വിയ്യ, തഫ്‌സീറുല്‍ ഖുര്‍ത്വുബി, തഫ്‌സീറു ഇബ്‌നു കഥീര്‍, തഫ്‌സീറുല്‍ ജലാലൈനി, തഫ്‌സീറു ഇബ്‌നുല്‍ ജൗസി, ഫത്‌ഹുല്‍ ഖദീര്‍... ഈ പട്ടികക്ക്‌ ഒരുപാട്‌ നീളമുണ്ട്‌. ഇവയെല്ലാം ഒരേ സ്വഭാവത്തിലുള്ളവയല്ല. നിയമ വ്യാഖ്യാനം, ചരിത്രം, പ്രബോധനം, ഭാഷാപഗ്രഥനം, സാഹിത്യം, വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി, ആത്മസംസ്‌കരണം തുടങ്ങി പലതലങ്ങളില്‍ ഊന്നല്‍ നല്‍കുന്ന തഫ്‌സീറുകളുണ്ട്‌. നിയമവിശകലനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന തഫ്‌സീറുകള്‍ തന്നെ, ഒരു ആയത്തിന്‌ ഒരൊറ്റ വിശദീകരണമല്ല നല്‍കുന്നത്‌. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്ത്‌ ജീവിച്ചിരുന്ന, അറബി ഭാഷയില്‍ പ്രാവീണ്യമുള്ള സ്വഹാബികള്‍ക്കിടയില്‍ തന്നെ ഖുര്‍ആനിലെ ചില ആയത്തുകള്‍ വിശദീകരിക്കുന്നതില്‍ ഭിന്നവിരുദ്ധമായ കാഴ്‌ചപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്‌. അഹ്‌ലുസുന്നത്ത്‌ അംഗീകരിച്ച തഫ്‌സീറുകളില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ കാണാം. എങ്ങനെയാണ്‌ ഇത്‌ സംഭവിക്കുന്നത്‌? ഖുര്‍ആന്‍ സൂക്തങ്ങളില്‍ പലവിധ വായനകള്‍ക്കുമുള്ള സാധ്യത പ്രകൃത്യാ അന്തര്‍ലീനമാണ്‌. അതുകൊണ്ട്‌, ഒരു ഖുര്‍ആന്‍ വ്യഖ്യാനം മതി, അതുമാത്രം ശരി, മറ്റുള്ളതെല്ലാം തെറ്റ്‌ എന്ന്‌ ശഠിക്കാന്‍ കഴിയില്ല. പല വ്യാഖ്യാനങ്ങളില്‍ ഖുര്‍ആനിന്റെ ആത്മാവിനോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്നതും തെളിവുകളുടെ പിന്‍ബലമുള്ളതും നമുക്ക്‌ ശരിയെന്ന്‌ തോന്നുന്നതുമായ വീക്ഷണം നല്ല ഉദ്ദേശ്യത്തോടെ സ്വീകരിക്കുക. വ്യാഖ്യാന ഭേദങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതക്കുള്ള തെളിവുകളില്‍ ഒന്നായി കാണുകയും ചെയ്യാം: ``ഭൂമിയിലെ മരങ്ങളെല്ലാം പേനകളാവുകയും സമുദ്രം (മഷിയായിത്തീരുകയും) വേറെ ഏഴു സമുദ്രങ്ങള്‍ മഷിയായി അതിനെ പോഷിപ്പിക്കുകയും ചെയ്യട്ടെ, എന്നാല്‍ പോലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതിത്തീരുന്നതല്ല'' (ലുഖ്‌മാന്‍ 27).

ഹദീസാണ്‌ ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം. പ്രവാചകന്‍ വിടപറഞ്ഞ്‌ ഏതാനും വര്‍ഷങ്ങള്‍ക്കകം ഹദീസ്‌ സമാഹാരങ്ങള്‍ ഉണ്ടായിത്തുടങ്ങി. ഇമാം അഹ്‌മദ്‌, ഇമാം മാലിക്‌, ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ തുടങ്ങി ഒട്ടേറെ പ്രമുഖ പണ്ഡിതരുടെ ഹദീസ്‌ ഗ്രന്ഥങ്ങളുണ്ട്‌. അവക്കെല്ലാം നിരവധി വിശദീകരണ കൃതികളുമുണ്ടായി. ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത്‌ ഒരേ രീതിയിലല്ല. വിഷയാധിഷ്‌ഠിതം, വ്യക്ത്യാധിഷ്‌ഠിതം, ഭാഷാവിശകലനം, ബലാബലം, ഫിഖ്‌ഹീ വീക്ഷണം... ഇങ്ങനെ വ്യത്യസ്‌ത മാനദണ്ഡങ്ങളില്‍ ഹദീസുകള്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. ജാമിഅ്‌, മുസ്‌നദ്‌, സുനന്‍, മുസ്വ്‌ഹഫ്‌, അഹ്‌കാം, മുസ്‌തദ്‌റക്‌, മുജ്‌മഅ്‌ തുടങ്ങിയ പേരുകളില്‍ അവ അറിയപ്പെടുന്നു. പല ഹദീസുകളുടെയും വിശദീകരണങ്ങളിലാകട്ടെ, അഭിപ്രായ ഭിന്നതകളുടെ വലിയൊരു ലോകം തന്നെയുണ്ട്‌. മുഹമ്മദ്‌ നബിയോടൊപ്പം ജീവിച്ച സ്വഹാബികള്‍ക്കിടയില്‍, നബി ജീവിച്ചിരിക്കെത്തന്നെ ഹദീസുകള്‍ മനസിലാക്കുന്നതില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നു. ബനൂഖുറൈദയിലെ നമസ്‌കാരത്തെ സംബന്ധിച്ച ഹദീസ്‌ വിശ്രുതമാണല്ലോ. നബിയുടെ കാലശേഷം ഹദീസുകളില്‍നിന്ന്‌ നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതില്‍ പ്രമുഖ സ്വഹാബിമാര്‍ക്കിടയിലുണ്ടായ വ്യത്യസ്‌താഭിപ്രായങ്ങള്‍ പ്രമുഖ ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്‌.

സ്വഹാബിമാര്‍ക്കിടയിലും, താബിഉകള്‍ക്കും അവരുടെ അടുത്ത തലമുറക്കുമിടയിലും ഖുര്‍ആനും ഹദീസും വിശദീകരിക്കുന്നതിലുണ്ടായ അഭിപ്രായാന്തരങ്ങള്‍ പ്രമാണങ്ങളുടെ വ്യത്യസ്‌ത വായനകള്‍ക്കുള്ള സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. പരസ്‌പരം അധിക്ഷേപിക്കാനോ ദുഷ്‌പ്രചാരണം നടത്താനോ മറുവീക്ഷണക്കാരെ ദീനീ വൃത്തത്തില്‍ നിന്ന്‌ പുറത്താക്കാനോ വിവേകമതികളായ പൂര്‍വികമഹത്തുക്കള്‍ അതിനെ ഉപയോഗപ്പെടുത്തുകയുണ്ടായില്ല. ദീനിന്റെ വിശാലതയുടെ സാക്ഷ്യങ്ങളായി അവയെ അടയാളപ്പെടുത്തുകയാണ്‌ അവര്‍ ചെയ്‌തത്‌. ഖലീഫ ഉമറുബ്‌നുഅബ്‌ദില്‍ അസീസിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്‌. ``പ്രവാചകന്റെ സ്വഹാബിമാര്‍ക്കിടയില്‍ വീക്ഷണ വൈജാത്യങ്ങള്‍ ഇല്ലാതിരിക്കുന്നത്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. കാരണം, ഒരേ ഒരു അഭിപ്രായമേ ഉള്ളുവെങ്കില്‍ ജനങ്ങള്‍ പ്രയാസപ്പെട്ടു പോകും. നാം പിന്തുടരേണ്ട നേതാക്കളാണ്‌ സ്വഹാബിമാര്‍. അവരിലൊരാളുടെ അഭിപ്രായം ഒരു വ്യക്തിക്ക്‌ പിന്തുടരാന്‍ സാധിച്ചാല്‍ അതില്‍ ഒരു വിശാലതയുണ്ടാകും.'' (ജാമിഉബയാനില്‍ ഇല്‍മി വ ഫള്‌ലുഹു 2/9). ഖാസിമുബ്‌നു മുഹമ്മദ്‌ പറഞ്ഞതിപ്രകാരമാണ്‌: ``സ്വഹാബിമാര്‍ക്കിടയിലെ വീക്ഷണ വൈജാത്യങ്ങള്‍ വഴി തീര്‍ച്ചയായും അല്ലാഹു നമുക്ക്‌ പ്രയോജനകരമായ കാര്യമാണ്‌ ചെയ്‌തിരിക്കുന്നത്‌. സ്വഹാബിമാരിലൊരാളെ പിന്‍പറ്റി ഒരു പ്രവൃത്തി ചെയ്യുന്ന വ്യക്തിക്ക്‌ അതിലൊരു വിശാലത അനുഭവപ്പെടും. ഒരു സ്വഹാബിയില്‍ കണ്ട നന്മയാണല്ലോ അയാള്‍ ചെയ്‌തിരിക്കുന്നത്‌.'' (Ibid 2/78) ഇമാം ബൈഹഖി സ്വഹാബിവര്യനായ അനസി(റ)ല്‍ നിന്ന്‌ ഉദ്ധരിക്കുന്നതിങ്ങനെ; അനസ്‌(റ) പറയുന്നു: ``ഞങ്ങള്‍, പ്രവാചകന്റെ സഖാക്കള്‍ യാത്ര പോകും, നോമ്പെടുത്തവനും നോമ്പുപേക്ഷിച്ചവനും ഞങ്ങളിലുണ്ടാകും. നമസ്‌കാരം പൂര്‍ത്തിയായി ചെയ്യുന്നവരും, ചുരുക്കി നിര്‍വഹിക്കുന്നവരും ഞങ്ങളിലുണ്ടാകും. നോമ്പെടുക്കുന്നവന്‍ നോമ്പുപേക്ഷിച്ചവനെ ആക്ഷേപിക്കില്ല; തിരിച്ചും. നമസ്‌കാരം ചുരുക്കിയവന്‍ പൂര്‍ണമായി നിര്‍വഹിക്കുന്നവനെയോ തിരിച്ചോ ആക്ഷേപിക്കില്ല'' (സുനനുല്‍ കുബ്‌റ).

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തും വീക്ഷണവ്യത്യാസങ്ങളും
വിശ്വാസകാര്യങ്ങളുടെ വിശദാംശങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ ഭിന്നനിലപാടുകളുണ്ട്‌. അഖീദയില്‍, അഹ്‌ലുസുന്നത്തിവല്‍ജമാഅത്ത്‌ അംഗീകരിച്ച അശ്‌അരി, മാതുരീദി, ഹമ്പലി സരണികള്‍ തമ്മില്‍ പല വ്യത്യാസങ്ങളും കാണാം. അശ്‌അരിയ്യത്തിന്‌ അകത്തുള്ള പണ്ഡിതന്മാര്‍ക്കു തന്നെ എല്ലാ വിഷയങ്ങളിലും ഒരേ നിലപാടല്ല ഉള്ളത്‌. ഹമ്പലിയത്തും അശ്‌അരിയത്തും തമ്മിലും പ്രകടമായ അന്തരങ്ങളുണ്ട്‌. ഇതൊന്നും പക്ഷേ, ദീനില്‍ നിന്ന്‌ പുറത്തുപോകും വിധം അടിസ്ഥാനങ്ങളെ നിഷേധിക്കുന്നതല്ല; അടിസ്ഥാനങ്ങളുടെ വിശദീകരണങ്ങളിലും വ്യാഖ്യാനങ്ങളിലുമാണ്‌.
കര്‍മശാസ്‌ത്രത്തില്‍ (ഫിഖ്‌ഹ്‌) ഉള്ള അഭിപ്രായാന്തരങ്ങളാകട്ടെ ഇതിലേറെയുണ്ട്‌. അഹ്‌ലുസുന്നത്ത്‌ അംഗീകരിച്ചിട്ടുള്ള പ്രമുഖമായ നാലു മദ്‌ഹബുകള്‍ മാലികി, ഹമ്പലി, ശാഫിഈ, ഹനഫി എന്നിവയാണ്‌. അവക്കു പുറമെ ളാഹിരി, ഇബാദി തുടങ്ങി വേറെയും മദ്‌ഹബുകളുണ്ട്‌. ഒരേ വിഷയത്തില്‍ തന്നെ പരസ്‌പരവിരുദ്ധ നിലപാടുകളുണ്ട്‌ നാല്‌ പ്രമുഖ മദ്‌ഹബുകള്‍ക്കും. സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌, ആഭരണങ്ങളുടെ സകാത്ത്‌, രക്തമൊലിച്ചാല്‍ വുദൂവിന്റെ സാധുത തുടങ്ങിയ വിഷയങ്ങളില്‍ ഇമാം ശാഫിഈ, അബൂഹനീഫ, മാലിക്‌(റ) തുടങ്ങിയവര്‍ പുലര്‍ത്തുന്ന വിരുദ്ധ നിലപാടുകള്‍ ഉദാഹരണം. സ്വഹാബിമാര്‍ക്കിടയില്‍ കര്‍മശാസ്‌ത്ര വിഷയങ്ങളിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളുടെ തുടര്‍ച്ചയാണ്‌ ഇത്‌. ഒരു മദ്‌ഹബില്‍ തന്നെ പിന്നീട്‌ രംഗത്ത്‌ വന്ന പണ്ഡിതന്മാര്‍ക്കിടയില്‍ പല വിഷയങ്ങളിലും അഭിപ്രായാന്തരങ്ങള്‍ കാണാം. ഗുരുനാഥന്മാരുടെ അഭിപ്രായങ്ങളെ ഖണ്ഡിച്ച ശിഷ്യഗണങ്ങള്‍ മദ്‌ഹബുകള്‍ക്കകത്തു തന്നെയുണ്ട്‌. എന്നിട്ടും അവരെല്ലാം അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്‌ ഉള്ളില്‍ തന്നെയാണ്‌ (വിശദാംശങ്ങള്‍ക്ക്‌ ഐ.പി.എച്ച്‌ പ്രസിദ്ധീകരിച്ച കര്‍മശാസ്‌ത്ര ഭിന്നതകള്‍ ചരിത്രവും സമീപനവും, മുസ്‌ലിം ഐക്യം സാധ്യതയും സാധുതയും എന്നീ കൃതികള്‍ കാണുക).

കര്‍മശാസ്‌ത്രത്തിലെ ഭിന്നവീക്ഷണങ്ങളില്‍ ഏതെങ്കിലുമൊരു അഭിപ്രായം മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെല്ലാം തെറ്റെന്നു പറഞ്ഞ്‌ തള്ളിപ്പറയുകയും എതിര്‍വീക്ഷണക്കാരെ തങ്ങളുടെ വൃത്തത്തിന്‌ പുറത്തു നിര്‍ത്തുകയുമല്ല അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ സമീപനം. മറിച്ച്‌ വീക്ഷണ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളുകയാണ്‌. അതുകൊണ്ടാണ്‌ പരസ്‌പരവിരുദ്ധമായ കര്‍മശാസ്‌ത്ര നിലപാടുള്ള ശാഫി, ഹനഫി, ഹമ്പലി, മാലികി മദ്‌ഹബുകള്‍ അഹ്‌ലുസുന്നത്തിവല്‍ ജമാഅത്തിന്‌ അകത്തുതന്നെ നിലകൊള്ളുന്നത്‌, ഫിഖ്‌ഹില്‍ ഒരഭിപ്രായം മാത്രം അംഗീകരിക്കുക എന്നതാണ്‌ നിലപാടെങ്കില്‍ ഒരു മദ്‌ഹബ്‌ സ്വീകരിച്ച്‌ മറ്റു മൂന്ന്‌ മദ്‌ഹബുകളെയും അഹ്‌ലുസുന്നയുടെ വൃത്തത്തില്‍നിന്ന്‌ പുറത്താക്കേണ്ടതാണ്‌. ഇമാം അബൂഹനീഫയും അനുയായികളും അഹ്‌ലുസുന്നയുടെ പുറത്താണെന്ന്‌ ശാഫിഈ മദ്‌ഹബുകാര്‍ക്കോ, തിരിച്ചോ അഭിപ്രായമില്ലല്ലോ. കര്‍മശാസ്‌ത്രത്തിന്റെ വിശദാംശങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിശാലവീക്ഷണങ്ങള്‍ അംഗീകരിച്ച്‌ പ്രവര്‍ത്തിക്കുകയും അത്തരം ധാരകളെയെല്ലാം ഒരേ സമയം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്‌ചപ്പാട്‌ അതുകൊണ്ട്‌ തന്നെ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ശരിയായ നിലപാടാണെന്ന്‌ മനസിലാക്കാം. മാത്രമല്ല, വിവിധ കര്‍മശാസ്‌ത്രസരണികളെയെല്ലാം, ഇജ്‌തിഹാദിന്റെ പേരില്‍ അപ്പാടെ നിരാകരിക്കുന്നത്‌ ഇസ്‌ലാമിക സമൂഹത്തിന്റെ നീണ്ട വൈജ്ഞാനിക പാരമ്പര്യത്തെ തള്ളിപ്പറയലാണ്‌.അത്തരമൊരു നിഷേധാത്മക സമീപനത്തോടെ ആരംഭിക്കുന്ന `സ്വതന്ത്ര ഇജ്‌തിഹാദാ'കട്ടെ പലപ്പോഴും അരാജകത്വത്തിനു കാരണമാവുകയും ചെയ്യുന്നു. കേരളത്തിലെ പല മതസംഘടനകളെയും ആഭ്യന്തര ശൈഥില്യത്തിലേക്ക്‌ നയിച്ചതില്‍ `സ്വതന്ത്ര ഇജ്‌തിഹാദി'ലൂടെ ഉണ്ടായ അരാജകത്വം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.
അഭിപ്രായാന്തരങ്ങളെയെല്ലാം നിഗ്രഹിച്ചുകൊണ്ട്‌, ഒരേയൊരു കാഴ്‌ചപ്പാടും വ്യാഖ്യാനവും ശരി എന്ന ഏകശിലാത്മകവാദം ഇസ്‌ലാമിക ദര്‍ശനം തിരസ്‌കരിക്കുന്നുവെന്നാണ്‌ ഈ ചരിത്ര വസ്‌തുതകള്‍ അടിവരയിടുന്നത്‌. ഒരു ചെടി മാത്രം വളരുകയും ഒരേ പൂവു മാത്രം വിരിയുകയും ചെയ്യുന്ന പൂന്തോട്ടത്തിന്റെ സൗന്ദര്യവും സൗരഭ്യവും അനാകര്‍ഷകമാണെന്ന പോലെയാണ്‌ ഏകശിലാത്മകതയെ ഇസ്‌ലാം കാണുന്നത്‌. മൗലിക വിഷയങ്ങള്‍ അംഗീകരിച്ച ശേഷം വിശാദംശങ്ങളിലെ വീക്ഷണ വൈജാത്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന ആശയവൈവിധ്യതയെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്ന വൈരുധ്യങ്ങളായല്ല, സൗന്ദര്യാത്മക നാനാത്വമായാണ്‌ ഇസ്‌ലാം കാണുന്നത്‌. ``സ്വഹാബികളുടെ ഏകോപിതാഭിപ്രായങ്ങള്‍ (ഇജ്‌മാഅ്‌) ഖണ്ഡിതമായ തെളിവാണ്‌. അവരുടെ വീക്ഷണ വ്യത്യാസങ്ങള്‍ അനുഗ്രഹവും വിശാലതയുമാണ്‌'' എന്ന്‌ പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെ. ഈ യാഥാര്‍ഥ്യം ചരിത്രത്തിലെ മഹാരഥന്മാരായ എല്ലാ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്‌. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ``നാശത്തിനും കുഴപ്പത്തിനും കാരണമാകാതിരിക്കുകയും ഉദ്ദേശ്യം അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കലുമാണെങ്കില്‍ വീക്ഷണവ്യത്യാസങ്ങള്‍ ഉപദ്രവകരമല്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ അത്‌ അനിവാര്യമാണ്‌. അടിസ്ഥാനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തെരഞ്ഞെടുക്കുന്ന വഴികളും ഒന്നായാല്‍ അഭിപ്രായ ഭിന്നത ഉണ്ടാകില്ല. എന്നാല്‍, അഭിപ്രായ ഭിന്നതകള്‍ സംഭവിച്ചാല്‍ അത്‌ സ്വഹാബികള്‍ക്കിടയിലെ വീക്ഷണ വ്യത്യാസങ്ങള്‍പോലെയാണ്‌, അത്‌ ഉപദ്രവകരമാവുകയുമില്ല'' (അസ്വവാഇഖുല്‍ മുര്‍സല: 2/519). ഈ തിരിച്ചറിവും യാഥാര്‍ഥ്യബോധവുമാണ്‌ ഇസ്‌ലാമിനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്‌. ഇസ്‌ലാമിക നാഗരികതയെ പുഷ്‌കലമാക്കിയ ചിന്താരീതികളും ആശയധാരകളും അനേകം കൈവഴികളിലൂടെ ചരിത്രത്തില്‍ ഒഴുകിപ്പരക്കുകയായിരുന്നു. അവയെല്ലാം ഒരേ സ്രോതസില്‍ നിന്നാണ്‌ ഉത്ഭവിച്ചത്‌. ഒരേ ലക്ഷ്യത്തിലേക്കാണ്‌ ഒഴുകി പോകുന്നത്‌. ആ കൈവഴികളെല്ലാം അടച്ചുപൂട്ടി ഒറ്റ നദി മാത്രമാക്കുക അസാധ്യമാണ്‌. ഒരുപാട്‌ നദികള്‍ ഒഴുകിച്ചേരുമ്പോഴാണ്‌ സമുദ്രമുണ്ടാകുന്നത്‌. ഇസ്‌ലാമിക വിജ്ഞാന മണ്ഡലം സാഗരസമാനം തിരയടിക്കുന്നതും അതുകൊണ്ടുതന്നെ.

അഭിപ്രായ ഭിന്നതകള്‍ രണ്ടു വിധം

ഇസ്‌ലാമിക സമൂഹത്തിനകത്തെ അഭിപ്രായ ഭിന്നതകള്‍ രണ്ടുവിധത്തിലുള്ളവയാണ്‌. ഒന്ന്‌, അനുവദനീയം (അല്‍ ഇഖ്‌തിലാഫുല്‍ മശ്‌റൂഅ്‌) രണ്ട്‌, ആക്ഷേപാര്‍ഹം (അല്‍ ഇഖ്‌തിലാഫുല്‍ മദ്‌മൂം).
പ്രമാണങ്ങളിലൂടെ ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതും ചരിത്രത്തിലുടനീളം മുസ്‌ലിം ഉമ്മത്ത്‌ ഏക കണ്‌ഠമായി അംഗീകരിച്ചതുമായ അടിസ്ഥാന വിഷയങ്ങളില്‍ (ഉസ്വൂല്‍) അഭിപ്രായാന്തരങ്ങള്‍ക്ക്‌ പഴുതില്ല. എന്നാല്‍ ഗവേഷണത്തിന്‌ (ഇജ്‌തിഹാദ്‌) അനുവാദമുള്ള ശാഖാ പ്രശ്‌നങ്ങളില്‍ (ഫുറൂഅ്‌) ഭിന്നവീക്ഷണങ്ങള്‍ ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്‌. കര്‍മശാസ്‌ത്രത്തിലും (ഫിഖ്‌ഹ്‌) ചിന്താപരവും (ഫിക്‌രിയ്യ), രാഷ്‌ട്രീയപരവും (സിയാസിയ്യ) ആയ വിഷയങ്ങളിലും ഉള്ള അഭിപ്രായാന്തരങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. അഖീദയുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലും വീക്ഷണവ്യത്യാസങ്ങള്‍ ഉണ്ടാകാം. നിയമനിര്‍മാണത്തിന്റെയും ഭരണത്തിന്റെയും അടിസ്ഥാന സ്രോതസ്‌ അല്ലാഹുവിന്റെ നിയമങ്ങളാണ്‌ എന്ന്‌ അംഗീകരിച്ച ശേഷം, തെരഞ്ഞെടുപ്പ്‌, ഭരണ നിര്‍വഹണം തുടങ്ങിയ വിഷയങ്ങളിലെ വ്യത്യസ്‌ത സമീപനങ്ങളാണ്‌ രാഷ്‌ട്രീയത്തില്‍ ഇസ്‌ലാം അംഗീകരിച്ചിട്ടുള്ളത്‌.
ഇജ്‌തിഹാദിന്‌ അനുവാദമുള്ള കര്‍മശാസ്‌ത്ര പ്രശ്‌നങ്ങളിലെ അഭിപ്രായാന്തരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്‌. സ്വഹാബികള്‍ക്കിടയില്‍ നിലനിന്നിരുന്ന വ്യത്യസ്‌ത വീക്ഷണങ്ങള്‍, താബിഉകളുടെയും അവരുടെ അടുത്ത തലമുറയുടെയും കാലത്തോടെ കൂടുതല്‍ വളരുകയാണുണ്ടായത്‌. പിന്നീട്‌, നാഗരിക വികാസത്തോടെ അഭിമുഖീകരിക്കേണ്ടിവന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക്‌ വിധി കണ്ടെത്താനായി നടത്തിയ ഗവേഷണങ്ങളും അഭിപ്രായാന്തരങ്ങള്‍ക്ക്‌ കാരണമായി. ഇന്ന്‌ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍മശാസ്‌ത്ര പണ്ഡിതര്‍ നല്‍കുന്ന ഫത്‌വകളില്‍ പല അന്തരങ്ങളും കാണാനാകും. ഇജ്‌തിഹാദീ വിഷയങ്ങളിലുള്ള ഈ വൈജാത്യങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ ദീന്‍ അത്‌ അനുവദിക്കുകയും ചെയ്‌തു. സര്‍വാംഗീകൃതമായ തത്ത്വമാണിത്‌. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഒരാളും മറ്റൊരാളെ ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ തെറ്റു ചെയ്‌തവനായി മുദ്രകുത്താനോ പാടില്ല. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ``വിധികളില്‍(അഹ്‌കാം) ഉള്ള ഭിന്നാഭിപ്രായങ്ങള്‍ എണ്ണി കണക്കാക്കാനാകത്തത്രയുമുണ്ട്‌. രണ്ട്‌ മുസ്‌ലിം സഹോദരന്മാര്‍ ഒരു വിഷയത്തില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുകയും അതിന്റെ പേരില്‍ പരസ്‌പരം അധിക്ഷേപിക്കുകയുമാണെങ്കില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഒരുമയും സാഹോദര്യവും നിലനില്‍ക്കുകയില്ല'' (മജ്‌മൂഉല്‍ ഫതാവാ 24/173). മദീനയിലെ ഏഴ്‌ പ്രമുഖ പണ്ഡിതരിലൊരാളായിരുന്ന ഖാസിമുബ്‌നു മുഹമ്മദ്‌ നമസ്‌കാരത്തില്‍ ഇമാമിനു ശേഷം ഫാത്തിഹ ഓതുന്ന വിഷയത്തില്‍ പറയുകയുണ്ടായി, ``നീ ഫാത്തിഹ ഓതിയാല്‍, പ്രവാചകന്റെ സഖാക്കളില്‍ നിനക്ക്‌ മാതൃകയുണ്ട്‌. നീ ഫാത്തിഹ ഓതുന്നില്ലെങ്കിലും സ്വഹാബികളില്‍ നിനക്ക്‌ തെളിവുണ്ട്‌'' (ജാമിഉ ബയാനില്‍ ഇല്‍മ്‌ 2/80).

എന്നു മാത്രമല്ല, ഒരു വിഷയത്തില്‍ ഒരഭിപ്രായം പുലര്‍ത്തുന്ന പണ്ഡിതന്‍, അതേ വിഷയത്തില്‍ മറ്റൊരു വീക്ഷണമുള്ള മദ്‌ഹബ്‌ പിന്തുടരാന്‍ അനുവാദം നല്‍കിയതും കാണാം. ഇമാം ഇബ്‌നു തൈമിയ്യ പറയുന്നു: ``വലിയ അശുദ്ധി ഉള്ളവനാണെന്ന കാര്യം മറന്നുകൊണ്ട്‌ ഒരാള്‍ ഇമാമായി നമസ്‌കരിച്ചു. പിന്നീട്‌ അത്‌ ഓര്‍മ വരികയും ചെയ്‌തു. എങ്കില്‍ ഇമാം വീണ്ടും നമസ്‌കരിക്കണം, മഅ്‌മൂമുകള്‍ നമസ്‌കരിക്കേണ്ടതില്ല. ഇതാണ്‌ മദീനക്കാരുടെ മദ്‌ഹബ്‌. എന്നാല്‍, അബൂഹനീഫയുടെ വീക്ഷണമനുസരിച്ച്‌ ഇമാമും മഅ്‌മൂമും നമസ്‌കാരം വീണ്ടും നിര്‍വഹിക്കണം. ഇമാം അബൂഹനീഫയുടെ പക്ഷക്കാരനായ അബൂയൂസുഫിന്‌ ഇത്തരമൊരു അനുഭവമുണ്ടായി. ഖലീഫയുടെ പകരക്കാരനായി ഒരിക്കല്‍ അദ്ദേഹം ജുമുഅ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി. തനിക്ക്‌ വലിയ അശുദ്ധി ഉണ്ടായിരുന്നുവെന്ന കാര്യം പിന്നീടാണ്‌ അദ്ദേഹം ഓര്‍ത്തത്‌. അദ്ദേഹം വീണ്ടും നമസ്‌കരിച്ചു. പക്ഷേ, ജനങ്ങളോട്‌ നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടില്ല. എന്തുകൊണ്ട്‌ ജനങ്ങളോട്‌ നിര്‍ദേശിച്ചില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: നമുക്ക്‌ ഒരു കാര്യം പ്രയാസകരമായിത്തീര്‍ന്നാല്‍ നാം മദീനക്കാരായ നമ്മുടെ സഹോദരങ്ങളുടെ അഭിപ്രായം സ്വീകരിക്കും'' (മജ്‌മൂഉല്‍ ഫതാവ 20/364,365).

സ്വന്തം വീക്ഷണം മാറ്റിവെച്ചുകൊണ്ട്‌ ഇമാം ശാഫിഈ കാണിച്ച മാതൃക മഹത്തരമാണ്‌. ഇറാഖില്‍ ചെന്നപ്പോള്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായം മാനിച്ച്‌ സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്ത്‌ ഉപേക്ഷിക്കുകയായിരുന്നു ഇമാം ശാഫിഈ. ഇജ്‌തിഹാദീ വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ക്ക്‌ അത്ര ഗൗരവമേ അവര്‍ നല്‍കിയിരുന്നുള്ളൂ. എന്നാല്‍, കര്‍മശാസ്‌ത്രത്തിലെ അനുവദിക്കപ്പെട്ട അഭിപ്രായ ഭിന്നതകള്‍ പോലും അംഗീകരിക്കാനും സഹിഷ്‌ണുതയോടെ കാണാനും കഴിയാത്ത സങ്കുചിതത്വവും പക്ഷപാതിത്വവും ചിലര്‍ പുലര്‍ത്തുന്നു. മദ്‌ഹബിന്റെ മഹാന്മാരായ ഇമാമുമാര്‍ക്ക്‌ ശേഷം രംഗത്തുവന്ന ചില അനുയായികള്‍ കടുത്ത മദ്‌ഹബ്‌ പക്ഷപാതികളും എതിര്‍ വീക്ഷണക്കാരോട്‌ വിരോധമുള്ളവരുമായി മാറിയതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്‌. വര്‍ത്തമാനകാലത്താകട്ടെ, അതിന്റെ അപകടകരമായ ആവര്‍ത്തനമാണ്‌ ചില മത സംഘടനകളില്‍നിന്നും നേതാക്കളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. നിര്‍വഹിച്ചാലും ഉപേക്ഷിച്ചാലും നമസ്‌കാരത്തിന്‌ ഭംഗം വരാത്ത സുബ്‌ഹ്‌ നമസ്‌കാരത്തിലെ ഖുനൂത്തിനെക്കുറിച്ച്‌, അത്‌ ചൊല്ലുന്നത്‌ വ്യഭിചാരത്തേക്കാള്‍ വലിയ പാപമാണെന്ന്‌ പ്രസംഗിക്കാന്‍ മത പ്രഭാഷകര്‍ ധൃഷ്‌ടരാകുന്നത്‌ എന്തുമാത്രം വേദനാജനകമാണ്‌.
അഭിപ്രായാന്തരങ്ങള്‍ ഇല്ലാത്തതും ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ടതുമായ ദീനിന്റെ അടിസ്ഥാന വിഷയങ്ങള്‍ നിഷേധിക്കുന്നത്‌ അധിക്ഷേപാര്‍ഹമായ മാര്‍ഗഭ്രംശമായിത്തീരും. എന്നാല്‍, അടിസ്ഥാന വിഷയങ്ങള്‍ അംഗീകരിച്ച ശേഷം അവയുടെ വിശദാംശങ്ങളിലും പ്രയോഗവത്‌കരണത്തിലും പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. ചിലത്‌ ഏറെ ഗൗരവമുള്ള തെറ്റും തിരുത്തപ്പെടേണ്ടതുമായിരിക്കും. എന്നാല്‍, അവയെ എങ്ങനെ തിരുത്തണം എന്നത്‌ പ്രധാനപ്പെട്ട വിഷയമാണ്‌. മുസ്‌ലിം സമൂഹത്തിനകത്തുള്ള ഗൗരവതരമായ പിഴവുകളെ സമീപിക്കേണ്ട രീതി എന്താണെന്ന്‌ ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിച്ചിട്ടുണ്ട്‌. അത്‌ നയപരമായ വിഷയമാണ്‌. മൗലികമായി ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ അംഗീകരിച്ച ശേഷം സംഭവിക്കുന്ന വിശ്വാസപരവും കര്‍മപരവുമായ വൈകല്യങ്ങള്‍ തിരുത്തുന്നതില്‍ തികഞ്ഞ ജാഗ്രതയും കവിഞ്ഞസൂക്ഷ്‌മതയും പുലര്‍ത്തേണ്ടതുണ്ട്‌. ഖുര്‍ആന്‍ പറയുന്ന യുക്തിബോധവും സദുപദേശവും മുറുകെപ്പിടിക്കണം. തെറ്റു ചെയ്യുന്നവരെ കൂടുതല്‍ തെറ്റിലേക്ക്‌ തള്ളിവിടുന്ന വിധം പ്രകോപനപരമായ ശൈലി സ്വീകരിക്കരുത്‌. അവരെ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി കണ്ട്‌ സാഹോദര്യം നിലനിര്‍ത്തി വേണം മുന്നോട്ടുപോകാന്‍. സത്യനിഷേധവും വ്യതിചലനവും രണ്ടാണെന്നോര്‍ക്കണം. മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിനും ശത്രുതാപരമായ കക്ഷിത്വത്തിനും നാശഹേതുവാകുന്ന കലഹത്തിനും കാരണമാകുന്ന വിധം പ്രവര്‍ത്തിക്കരുത്‌. സാഹോദര്യവും സ്‌നേഹബന്ധവും തകര്‍ക്കുംവിധം പെരുമാറരുത്‌. അപ്പോഴാണ്‌ വിയോജിപ്പുകള്‍ അധിക്ഷേപാര്‍ഹമാകുന്നത്‌.

തെറ്റ്‌ തിരുത്തുന്നതില്‍ അനുകരണീയ മാതൃകയാണ്‌ പ്രവാചകന്‍ ഹാറൂന്‍ (അ) സ്വീകരിച്ചിരുന്നതെന്ന്‌ ഖുര്‍ആന്‍ പറയുന്നു. മൂസാ നബി(അ) തൗറാത്ത്‌ വാങ്ങാന്‍ പോയപ്പോള്‍ പശുക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി ബനൂ ഇസ്രാഈല്യരിലെ ചില മുസ്‌ലിംകള്‍. ഹാറൂന്‍ നബിയുടെ സാന്നിധ്യത്തിലായിരുന്നു ഇത്‌. മൂസാ തിരിച്ചുവന്നപ്പോള്‍ രംഗം കണ്ട്‌ ക്ഷുഭിതനായി. ഖുര്‍ആന്‍ സംഭവം വിവരിക്കുന്നതിങ്ങനെ: ``മൂസാ ചോദിച്ചു: ഹാറൂന്‍, ഇവര്‍ വഴിപിഴച്ചു പോകുന്നത്‌ കണ്ടപ്പോള്‍ എന്നെ പിന്തുടരുന്നതില്‍ നിന്ന്‌ നിന്നെ തടഞ്ഞതെന്ത്‌? നീ എന്റെ കല്‍പന ധിക്കരിക്കുകയായിരുന്നോ? ഹാറൂന്‍ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീയെന്റെ താടിയും തലമുടിയും പിടിച്ചു വലിക്കല്ലേ. `നീ ഇസ്രാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, എന്റെ വാക്കിന്‌ കാത്തിരുന്നില്ല' എന്ന്‌ പറയുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു.'' (ത്വാഹാ 93,94).

അടിസ്ഥാനപരമായി തൗഹീദ്‌ അംഗീകരിച്ച മുസ്‌ലിംകളില്‍നിന്ന്‌ സംഭവിച്ച വിശ്വാസ വൈകല്യം നിസ്സാരമായിരുന്നില്ല. സാമിരിയുടെ ദുര്‍ബോധനത്തില്‍ പെട്ട്‌, പ്രത്യക്ഷത്തില്‍ ശിര്‍ക്കുതന്നെയാണവര്‍ ചെയ്‌തത്‌. പക്ഷേ, മുസ്‌ലിംകളുടെ ഗുരുതരമായ ഒരു വൈകല്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നതായിരുന്നു പ്രശ്‌നം. ഭിന്നിപ്പ്‌ (ഫിര്‍ഖത്ത്‌) ഉണ്ടാക്കാതെ തെറ്റ്‌ തിരുത്താന്‍ ശ്രമിക്കുക എന്നതായിരുന്നു ഹാറൂന്‍ നബിയുടെ സമീപനം. മൂസാ അത്‌ അംഗീകരിച്ചതായാണ്‌ ഖുര്‍ആന്‍ വിവരണത്തില്‍നിന്ന്‌ മനസ്സിലാകുന്നത്‌. അത്‌ തെറ്റായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നുമില്ല. അതേസമയം, ഹാറൂന്‍ അതിനെതിരെ നിശ്ശബ്‌ദനായിരുന്നുമില്ല. ``ഹാറൂന്‍ നേരത്തേ തന്നെ അവരോടിങ്ങനെ പറഞ്ഞിരുന്നു. എന്റെ ജനമേ, ഈ കാളക്കിടാവ്‌ വഴി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്‌. നിങ്ങളുടെ നാഥന്‍ പരമകാരുണികനാണ്‌. അതിനാല്‍ എന്നെ പിന്‍പറ്റുക. തന്റെ കല്‍പനയനുസരിക്കുക'' (ത്വാഹാ 90). വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നതിലും തെറ്റുതിരുത്തുന്നതിലും സഹിഷ്‌ണുതാ പൂര്‍ണവും ഗുണകാംക്ഷാ നിര്‍ഭരവുമായ ഇത്തരം ശൈലികളാണ്‌ വിവേകം. അതിനപ്പുറം സമുദായത്തിന്റെ കെട്ടുറപ്പ്‌ തകര്‍ത്ത്‌ ശൈഥില്യം വിതക്കുന്ന രീതി അധിക്ഷേപാര്‍ഹമാണ്‌. ``തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്‌തവരുമായി നിനക്കൊരു ബന്ധവുമില്ല; തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്‌'' (അല്‍അന്‍ആം 159).
അഭിപ്രായാന്തരങ്ങള്‍ അധിക്ഷേപാര്‍ഹമായി മാറുന്നത്‌, സ്വാര്‍ഥ താല്‍പര്യങ്ങള്‍ കടന്നുവരികയും തദടിസ്ഥാനത്തില്‍ കക്ഷി മാത്സര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുമ്പോഴാണ്‌. സംഘടനാ സങ്കുചിതത്വം, മേധാവിത്വത്തിനു വേണ്ടിയുള്ള മാത്സര്യം, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍, പണ്ഡിതന്മാര്‍ക്കിടയിലെ അസൂയ, മറു വീക്ഷണക്കാരെ അപഹസിച്ച്‌ പരാജയപ്പെടുത്താനുള്ള വാശി, അതിനുവേണ്ടിയുള്ള കുതന്ത്രങ്ങളും ദുഷ്‌പ്രചാരണങ്ങളും... ഇത്യാദി ദുഷ്‌പ്രവണതകള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സ്വാധീനം നേടുന്നത്‌ ഏറെ അപകടകരമാണ്‌. ശാഖാപരമായ വിഷയങ്ങള്‍ക്ക്‌ അടിസ്ഥാനങ്ങളുടെയോ അതിലേറെയോ സ്ഥാനം നല്‍കി സ്വാഭിപ്രായം സ്ഥാപിച്ചെടുക്കാനുള്ള ശ്രമവും അധിക്ഷേപാര്‍ഹമായ ഭിന്നതയാണ്‌. ഇമാം ശാഫിഈയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ``ഒരാള്‍ എന്നോട്‌ ചോദിച്ചു: പൗരാണികരും ആധുനികരുമായ പല പണ്ഡിതന്മാര്‍ ചില വിഷയങ്ങളില്‍ ഭിന്നിച്ചിരിക്കുന്നതായി കാണുന്നു. അതിനവര്‍ക്ക്‌ അനുവാദമുണ്ടോ? ഞാന്‍ പറഞ്ഞു: അഭിപ്രായ ഭിന്നത രണ്ടു വിധമുണ്ട്‌. ഒന്ന്‌, നിഷിദ്ധമായത്‌. അയാള്‍ ചോദിച്ചു: എന്താണ്‌ നിഷിദ്ധമായ ഭിന്നത? ഞാന്‍ പറഞ്ഞു: അല്ലാഹു ഖുര്‍ആനിലോ പ്രവാചകന്‍ മുഖേനയോ വ്യക്തമായ പ്രമാണം വഴി ഒരു കാര്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ അതറിഞ്ഞവന്‌ പിന്നെ അതില്‍ ഭിന്നിക്കാന്‍ അനുവാദമില്ല. എന്നാല്‍ ചിലത്‌, വ്യാഖ്യാനത്തിനും തുലനത്തിനും (ഖിയാസ്‌) സാധ്യതയുള്ളതാണ്‌. അത്തരം വിഷയങ്ങളില്‍ ഒരു പണ്ഡിതന്‍ വ്യാഖ്യാനത്തിനും ഖിയാസിനും സാധ്യതയുള്ള ഒരു അഭിപ്രായത്തിലെത്താം. അതില്‍ മറ്റൊരാള്‍ക്ക്‌ ഭിന്നാഭിപ്രായം ഉണ്ടാകാം. പ്രമാണ വായനയിലുണ്ടായ ഈ ഭിന്നത അദ്ദേഹത്തിന്‌ പ്രയാസകരമായിത്തീരും എന്ന്‌ എനിക്ക്‌ അഭിപ്രായമില്ല.' അയാള്‍ ചോദിച്ചു: ഇങ്ങനെ രണ്ടുതരം ഭിന്നതകള്‍ എന്ന്‌ വേര്‍തിരിക്കാന്‍ താങ്കള്‍ക്ക്‌ വല്ല തെളിവുമുണ്ടോ? ഞാന്‍ വിശദീകരിച്ചു: കക്ഷിത്വത്തെ (ഫിര്‍ഖ) അധിക്ഷേപിച്ചുകൊണ്ട്‌ അല്ലാഹു പറഞ്ഞിട്ടുണ്ട്‌. ``വ്യക്തമായ പ്രമാണം വന്ന ശേഷമല്ലാതെ വേദക്കാര്‍ ഭിന്നിച്ചിട്ടില്ല'' (അല്‍ബയ്യിന 4). ``വ്യക്തമായ പ്രമാണം വന്ന ശേഷം ഭിന്നിച്ചവരെ പോലെ നിങ്ങള്‍ ആകരുത്‌'' (ആലുഇംറാന്‍ 105). വ്യക്തമായ തെളിവുള്ള കാര്യത്തിലെ ഭിന്നതയെയാണ്‌ അല്ലാഹു അധിക്ഷേപിച്ചിട്ടുള്ളത്‌. എന്നാല്‍, ഇജ്‌തിഹാദ്‌ നിയമവിധേയമായിട്ടുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയാകാം'' (അര്‍രിസാല, ഇമാം ശാഫിഈ).
ദൗര്‍ഭാഗ്യകരമെന്നു പറയാം കേരളീയ മുസ്‌ലിം സമൂഹത്തില്‍ അഭിപ്രായ ഭിന്നതകളെച്ചൊല്ലിയുള്ള വാദകോലാഹലങ്ങള്‍ ചിലപ്പോള്‍ അനഭിലഷണീയവും ആക്ഷേപകരവുമായ വിതാനത്തിലേക്ക്‌ ആപതിക്കുന്നു. മതമാത്സര്യത്തിന്റെ ഘോരഗര്‍ജനങ്ങള്‍ മുഴങ്ങുന്ന സംഘടനാ വേദികളും `ശത്രുവിനെ'തിരെ വില്ല്‌ കുലച്ചുനില്‍ക്കുന്ന മത നേതാക്കളും മനസ്സില്‍ ഭീതി പടര്‍ത്താന്‍ പോന്നതാണ്‌. വിവേകത്തോടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്ന ഹാറൂന്‍ നബിയെ പോലുള്ള പക്വമതികള്‍ എത്ര പേരുണ്ട്‌? മറു വീക്ഷണക്കാരോടുള്ള ആദരവുകൊണ്ട്‌ സ്വാഭിപ്രായം മാറ്റിവെച്ച ഇമാം ശാഫിഈയെ പോലെ വിശാല മനസ്‌കരായ പണ്ഡിത നേതൃത്വത്തെ എവിടെ കാണാം? ഇമാം ഗസാലി താക്കീത്‌ നല്‍കിയ ദുഷ്‌ട പണ്ഡിതന്മാര്‍ (ഉലമാഉ സൂഅ്‌) രംഗം കൈയടക്കുന്നതിനെ നാം പേടിക്കണം. സമുദായത്തിലെ ഓരോ വിഭാഗവും മറുവിഭാഗങ്ങള്‍ക്കെതിരെ സത്യനിഷേധി (കാഫിര്‍), ബഹുദൈവാരാധകന്‍ (മുശ്‌രിക്‌), പുത്തന്‍വാദി (മുബ്‌തദിഅ്‌), ഹദീസ്‌ നിഷേധി തുടങ്ങിയ മുദ്രകള്‍ ചാര്‍ത്താനും ദീനില്‍നിന്ന്‌ പുറത്താക്കാനും ധൃഷ്‌ടരാകുമ്പോള്‍ ആരാണ്‌ സഹോദരാ, മുസ്‌ലിം സമുദായത്തില്‍ പിന്നെ ബാക്കിയുണ്ടാവുക? ഈ കാളപ്പോരും കോഴിപ്പോരും അവസാനിപ്പിച്ച്‌ നമുക്കെന്നാണ്‌ സ്‌നേഹത്തോടെ സംവദിക്കാനാവുക? 

Sunday, 5 August 2012

മുജാഹിദ്‌ നേതൃത്വത്തോട്‌ മുപ്പത്‌ ചോദ്യങ്ങള്‍



1. ഇബാദത്തിന്‌ `അനുസരണം', `അടിമത്തം' എന്നീ അര്‍ഥങ്ങളില്ലെന്ന്‌ ചില മുജാഹിദ്‌ പണ്ഡിതന്മാര്‍ പറയുന്നു (ഉദാ: സല്‍സബീല്‍ 1996 മെയ്‌ 20, നവംബര്‍ 20). `അനുസരണം, അടിമത്തം എന്നിങ്ങനെ അര്‍ഥമുണ്ടെന്ന്‌ മറ്റു ചില മുജാഹിദ്‌ പണ്ഡിതന്മാരും പറയുന്നു (ഉദാ: എ. അലവി മൗലവി, പി.കെ മൂസ മൗലവി, മുഹമ്മദ്‌ അമാനി മൗലവി- വിശുദ്ധ ഖുര്‍ആന്‍ വിവരണം, രണ്ടാം പകുതി, വാള്യം 2, പേജ്‌ 504). മുജാഹിദ്‌ പണ്ഡിതന്മാരുടെ ഈ വിരുദ്ധ നിലപാടുകളെക്കുറിച്ച്‌ എന്തു പറയുന്നു?
2. ഇബാദത്തിന്‌ അര്‍ഥം പറയുന്ന വിഷയത്തില്‍ ഇമാം റാസിക്കും ഇമാം ത്വബ്‌രിക്കും തെറ്റുപറ്റിയതായി മുജാഹിദ്‌ നേതാക്കള്‍ എഴുതിയിട്ടുണ്ട്‌ (സല്‍സബീല്‍ 1998 ഫെബ്രുവരി, സല്‍സബീല്‍ പുസ്‌തകം 2, ലക്കം 8, പേജ്‌ 45,46). യഥാര്‍ഥത്തില്‍ ഇമാം റാസിക്കും ത്വബ്‌രിക്കും ഈ വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ മുജാഹിദുകാര്‍ വിശ്വസിക്കുന്നുണ്ടോ?
3. അല്ലാഹുവിന്റെ `ഹാകിമിയ്യത്ത്‌' തൗഹീദിന്റെ ഭാഗമാണോ? ദീനീവിഷയങ്ങളിലെ ഹാകിമിയ്യത്ത്‌, ദുനിയാ കാര്യങ്ങളിലെ ഹാകിമിയ്യത്ത്‌ എന്നിങ്ങനെ രണ്ട്‌ ഹാകിമിയ്യത്തുകള്‍ ഉണ്ടോ? ഏതു പണ്ഡിതനാണ്‌ ഇങ്ങനെ വിഭജിച്ചിട്ടുള്ളത്‌?
4. പ്രമുഖ സലഫി പണ്ഡിതനായ അബുല്‍ കലാം ആസാദ്‌ ഹുകൂമത്തെ ഇലാഹിയെക്കുറിച്ച്‌ (ദൈവിക ഭരണത്തെക്കുറിച്ച്‌) ശക്തമായി എഴുതിയിട്ടുണ്ട്‌. ഹുകൂമത്തെ ഇലാഹിയുടെ ശക്തനായ വക്താവായിരുന്ന ആസാദിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? ആസാദിന്റെ ഹുകൂമത്തെ ഇലാഹിയും മൗദൂദിയുടെ ഹുകൂമത്തെ ഇലാഹിയയും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ എന്തൊക്കെ?
5. ഇസ്‌ലാമിന്‌ രാഷ്‌ട്രീയമുണ്ടോ? `ഇസ്‌ലാമിക രാഷ്‌ട്രം' എന്ന കാഴ്‌ചപ്പാട്‌ മുജാഹിദുകള്‍ അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയില്‍ എങ്ങനെയാണ്‌ ഇസ്‌ലാമിക രാഷ്‌ട്രീയം പ്രയോഗവല്‍കരിക്കേണ്ടത്‌?
6. `ഭരണമില്ലാതെ ദീനിന്‌ നിലനില്‍പില്ലെന്ന്‌' സലഫി പണ്ഡിതനായ ഇബ്‌നു തൈമിയ്യ അസ്സിയാസത്തുശ്ശര്‍ഇയ്യ എന്ന പുസ്‌തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദുകാര്‍ അംഗീകരിക്കുന്നുണ്ടോ?
7. ഇന്ത്യയിലെയും പാകിസ്‌താനിലെയും അഹ്‌ലെ ഹദീസ്‌ സംഘടനകള്‍ സലഫികളാണോ? അഹ്‌ലെ ഹദീസിന്റെ കര്‍മശാസ്‌ത്ര, രാഷ്‌ട്രീയ നിലപാടുകളെക്കുറിച്ച്‌ കെ.എന്‍.എമ്മിന്റെ അഭിപ്രായമെന്താണ്‌?
8. പാകിസ്‌താനിലെ സലഫി സംഘടനയായ ജംഇയ്യത്തു അഹ്‌ലെ ഹദീസ്‌, പാക്‌ ജമാഅത്തെ ഇസ്‌ലാമിയോടൊന്നിച്ച്‌ എം.എം.എ (മുത്തഹിദ മജ്‌ലിസെ അമല്‍) എന്ന രാഷ്‌ട്രീയ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെക്കുറിച്ച്‌ എന്തു പറയുന്നു?
9. ``മുഹമ്മദ്‌ നബി മക്കയില്‍തന്നെ രാഷ്‌ട്ര സ്ഥാപകനായിരുന്നു, മദീനയില്‍ മുഹമ്മദീയ ഭരണകൂടവും ഇസ്‌ലാമിക സാമ്രാജ്യവും സ്ഥാപിച്ചു, ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ പുരുഷനാകില്ലായിരുന്നു അദ്ദേഹം'' എന്ന്‌ മുജാഹിദ്‌ പാഠപുസ്‌തകമായ `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തില്‍ (പേജ്‌ 134,135) എഴുതിയിട്ടുണ്ട്‌. ഇത്‌ മുജാഹിദ്‌ വീക്ഷണമാണോ?
10. ശബാബ്‌ വാരിക (1996 മാര്‍ച്ച്‌ 15) `മുഹമ്മദ്‌ നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തിലെ മുകളിലുദ്ധരിച്ച ഭാഗം ഖുര്‍ആനിനും സുന്നത്തിനും എതിരാണെന്ന്‌ എഴുതിയിട്ടുണ്ട്‌. മുജാഹിദ്‌ പിളര്‍പ്പിനും വര്‍ഷങ്ങള്‍ മുമ്പാണിത്‌. ഈ വൈരുധ്യത്തെക്കുറിച്ച്‌ എന്തു പറയുന്നു?
11. ഇന്ത്യയിലെ മുസ്‌ലിംകള്‍ അക്രമികളെ പ്രതിരോധിക്കാന്‍ സായുധ ഗ്രൂപ്പ്‌ ഉണ്ടാക്കണം എന്ന്‌ മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1967 ജൂലൈ) ഇതില്‍നിന്നല്ലേ കേരളത്തിലെ മുസ്‌ലിം തീവ്രവാദിഗ്രൂപ്പുകള്‍ പ്രചോദനം ഉള്‍ക്കൊണ്ടത്‌?
12. മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന മുഹമ്മദലി ജിന്ന ഇന്ത്യ വിഭജിച്ച്‌ പാകിസ്‌താന്‍ സ്ഥാപിക്കണം എന്ന ദ്വിരാഷ്‌ട്രവാദം ഉയര്‍ത്തിയപ്പോഴാണ്‌ മുജാഹിദുകാര്‍ ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവായി പുകഴ്‌ത്തിയതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആഫിയത്തിനും വേണ്ടി പ്രാര്‍ഥിച്ചതും. (1947ല്‍ ജംഇയ്യത്തുല്‍ ഉലമായുടെ യോഗത്തിന്റെ മിനുട്‌സില്‍ ഇത്‌ കാണാം). അതുവഴി ജിന്നയുടെ ഇന്ത്യാ വിഭജനവാദത്തെ പിന്തുണക്കുകയല്ലേ മുജാഹിദുകള്‍ ചെയ്‌തത്‌?
13. ഖുര്‍ആനും ഹദീസും പഠിച്ചിട്ടില്ലാത്തയാളെന്ന്‌ പലരും എഴുതിയിട്ടുള്ള `ശീഈ' വിഭാഗക്കാരനായ മുഹമ്മദലി ജിന്നയെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അനിഷേധ്യ നേതാവെന്ന്‌ മുജാഹിദ്‌ പണ്ഡിതസംഘടന വിശേഷിപ്പിച്ചതിന്റെ ന്യായം എന്താണ്‌? മുജാഹിദുകള്‍ ശീഈകളെ നേതാവാക്കുകയല്ലേ ചെയ്‌തത്‌?
14. ഇസ്‌ലാം ശക്തമായ ഭാഷയില്‍ വിലക്കിയ പലിശയെന്ന വന്‍പാപത്തെ ഹലാലാക്കുകയല്ലേ മുജാഹിദ്‌ നേതാക്കള്‍ ചെയ്‌തത്‌ (മൗലവിയുടെ ആത്മകഥ- ഇ. മൊയ്‌തു മൗലവി പേജ്‌ 125, നാഷ്‌നല്‍ ബുക്‌സ്റ്റാള്‍) മുസ്‌ലിം ഐക്യസംഘം തകര്‍ന്നതും മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബ്‌ ഐക്യസംഘം വിട്ടതും അക്കാരണത്താലല്ലേ? അല്ലാഹു ഹറാമാക്കിയ പലിശ ഹലാലാക്കാന്‍ മുഹാജിദ്‌ പണ്ഡിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌?
15. പാകിസ്‌താന്‍വാദമുയര്‍ത്തിയിരുന്ന കാലത്ത്‌, മുസ്‌ലിം ലീഗില്‍ ചേരല്‍ വാജിബാണെന്ന്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ ഫത്‌വ ഇറക്കിയിരുന്നു (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌). ഇത്‌ പാകിസ്‌താനെ അനുകൂലിക്കുന്ന, ഇന്ത്യാ വിരുദ്ധ ഫത്‌വയല്ലേ? ലീഗില്‍ ചേരുന്നത്‌, ജമാഅത്ത്‌ നമസ്‌കാരവും സകാത്തും പോലെ ഫര്‍ദാണെന്ന അന്നത്തെ ഫത്‌വ മുജാഹിദുകാര്‍ ഇന്നും പിന്തുടരുന്നുണ്ടോ? കോണ്‍ഗ്രസ്‌ സോഷ്യലിസം പ്രചരിപ്പിച്ചതുകൊണ്ടാണ്‌ ലീഗില്‍ ചേരാന്‍ മുജാഹിദുകാര്‍ ഫത്‌വയിറക്കിയതെങ്കില്‍ 1967ല്‍ കമ്യൂണിസത്തോടൊപ്പം ലീഗ്‌ മുജാഹിദ്‌ നേതാക്കള്‍ കേരളം ഭരിച്ചതിനെ എന്തുകൊണ്ട്‌ എതിര്‍ത്തില്ല.'' ഇപ്പോഴും `മുജാഹിദ്‌ മാര്‍ക്‌സിസ്റ്റു'കാര്‍ ധാരാളമുണ്ടല്ലോ? അവരെകുറിച്ച്‌ എന്തു പറയുന്നു?
16. `കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ത്യയെ മഹാ നാശത്തിലേക്കാണ്‌ നയിക്കുന്നത്‌, മുസ്‌ലിംകള്‍ കോണ്‍ഗ്രസിനോടും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോടും ഒരേ നിലയില്‍ എതിര്‍ത്തുനിന്ന്‌ സമരം ചെയ്യണം' എന്ന്‌ മുജാഹിദുകാര്‍ എഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 മാര്‍ച്ച്‌, 1938 ഏപ്രില്‍). സ്വാതന്ത്ര്യ സമരം നയിച്ച കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ഇന്ത്യയുടെ ശത്രുക്കളായിരുന്ന ബ്രിട്ടനെയും കോണ്‍ഗ്രസ്സിനെയും ഒരുപോലെ കാണുകയും ചെയ്‌തതു വഴി സ്വാതന്ത്ര്യസമരത്തെ പിന്നില്‍നിന്ന്‌ കുത്തുകയല്ലേ മുജാഹുദുകള്‍ ചെയ്‌തത്‌? അത്‌ ദേശദ്രോഹമല്ലേ?
17. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയെ ഇസ്‌ലാമിന്റെ ശക്തനായ പോരാളിയായി വിശേഷിപ്പിച്ചുകൊണ്ട്‌ കെ.എം മൗലവി അദ്ദേഹത്തെ പുകഴ്‌ത്തി ലേഖനമെഴുതിയിട്ടുണ്ട്‌ (അല്‍മുര്‍ശിദ്‌ 1938 ഡിസംബര്‍). മുജാഹിദ്‌ നേതാവ്‌ കെ.എം മൗലവി പറഞ്ഞത്‌ തെറ്റായിരുന്നോ?
18. ഈജിപ്‌തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും ഹസനുല്‍ ബന്നാ, സയ്യിദ്‌ ഖുത്വ്‌ബ്‌ തുടങ്ങിയ ഇഖ്‌വാന്‍ നേതാക്കളെയും അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട്‌ മുജാഹിദ്‌ പ്രസിദ്ധീകരണത്തില്‍ മുജാഹിദ്‌ നേതാക്കള്‍ തന്നെ എഴുതിയ ലേഖനത്തെക്കുറിച്ച്‌ (അല്‍മുര്‍ശിദ്‌ 1966 സെപ്‌റ്റംബര്‍, ജൂണ്‍, 1967 മാര്‍ച്ച്‌)) എന്തു പറയുന്നു?
19. കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എടവണ്ണ ജാമിഅ നദ്‌വിയ്യ 2005ല്‍ പ്രസിദ്ധീകരിച്ച `അസ്സ്വലാഹ്‌' അറബി മാഗസിനില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതാക്കളെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും വളരെയേറെ പുകഴ്‌ത്തിയിട്ടുണ്ട്‌. മലയാള പ്രസിദ്ധീകരണങ്ങളില്‍ അവരെ ആക്ഷേപിക്കുകയും അറബി പ്രസിദ്ധീകരണത്തില്‍ പുകഴ്‌ത്തുകയും ചെയ്യുന്ന വൈരുധ്യത്തെ എങ്ങനെ കാണുന്നു? 
20. ജനാധിപത്യവ്യവസ്ഥയെ ആക്ഷേപിക്കുകയും ഇസ്‌ലാമിക ഭരണത്തെ മികച്ച മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്ന ലേഖനം മുജാഹിദ്‌ നേതാവ്‌ ഇ.കെ മൗലവി സ്വതന്ത്ര ഇന്ത്യയില്‍ എഴുതിയിട്ടുണ്ട്‌ (ചന്ദ്രിക നബിദിന വിശേഷാല്‍ പ്രതി, 1950 ജനുവരി 2) ഇതിനെക്കുറിച്ച്‌ മുജാഹിദുകാരുടെ അഭിപ്രായം എന്താണ്‌?
21. താറാവീഹ്‌ നമസ്‌കാരത്തിലെ റക്‌അത്തുകളുടെ എണ്ണം, സുബ്‌ഹിയിലെ ഖുനൂത്ത്‌ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേരളത്തിലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ഭിന്ന വിരുദ്ധ വീക്ഷണങ്ങളുണ്ടായതെങ്ങനെ? കേരളത്തിലെ മുജാഹിദുകളും ഗള്‍ഫ്‌ സലഫികളും തമ്മിലും അനേകം വിഷയങ്ങളില്‍ അഭിപ്രായഭിന്നത ഉണ്ടായതെങ്ങനെ? ശാഖാപരമായ വിഷയങ്ങളില്‍ ഇത്തരം അഭിപ്രായഭിന്നത ആകാമോ?
22. സലഫി പണ്ഡിതന്മാര്‍ പിന്തുണക്കുന്ന സലഫി രാജ്യമായി അറിയപ്പെടുന്ന സുഊദി അറേബ്യയുടെ ഭരണഘടന, ഖുര്‍ആനും സുന്നത്തും ഇസ്‌ലാമിക ശരീഅത്തും അനുസരിച്ചുള്ള ഭരണമാണ്‌ സുഊദിയുടേതെന്ന്‌ പ്രഖ്യാപിക്കുന്നു. ഇത്‌ `മതരാഷ്‌ട്രവും രാഷ്‌ട്രീയ ഇസ്‌ലാമു'മല്ലേ?
23. സലഫി ഭീകരതയും വഹാബി തീവ്രവാദവുമാണ്‌ ഇന്ന്‌ ലോകമെങ്ങും അറിയപ്പെടുന്ന മുസ്‌ലിംഭീരതയും തീവ്രവാദവുമെന്ന്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. ഉസാമ ബിന്‍ലാദിനും പാകിസ്‌താനിലെ ജമാഅത്തുദ്ദവയും അനേകം മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളും സലഫികളാണത്രെ. `സലഫി' തീവ്രവാദത്തെക്കുറിച്ച്‌ എന്തു പറയുന്നു?
24. കൊല്ലം ജില്ലയിലെ പറവൂരില്‍ മുജാഹിദുകളിലെ മടവൂര്‍ വിഭാഗം പള്ളി നിര്‍മിക്കാന്‍ ശ്രമം നടത്തിയപ്പോള്‍, പള്ളിക്കെതിരെ ആര്‍.എസ്‌.എസ്സുകാര്‍ക്ക്‌ കത്തയക്കുകയും അല്ലാഹുവിന്റെ ഭവനമായ പള്ളിയുടെ നിര്‍മാണം തടയുകയും ചെയ്‌തില്ലേ കെ.എന്‍.എം? കത്തിന്റെ കോപ്പി ശബാബ്‌ വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്‌ലാമിനെതിരായ ഗൂഢാലോചനയോളം അധഃപതിക്കാമോ?
25. `ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്ന ആദര്‍ശവാക്യം ദൈവരാജ്യം സ്ഥാപിക്കാനുള്ള ഏറ്റവും വമ്പിച്ച അഭൗതിക ഉപകരണമാണ്‌ (അത്തൗഹീദ്‌ പേജ്‌ 7,8). ജമാഅത്ത്‌ നമസ്‌കാരം പട്ടാള പരിശീലനവും ഗ്രാമപഞ്ചായത്തുമാണ്‌ (നമസ്‌കാര ചൈതന്യം- ഐ.എസ്‌.എം കൊച്ചിശാഖ 10.5.1968, പേജ്‌ 29-31) തുടങ്ങിയ മുജാഹിദ്‌ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഈ വിവരണങ്ങളെക്കുറിച്ച്‌ എന്തു പറയുന്നു?
26. ഗള്‍ഫ്‌ സലഫികളും സുഊദി അറേബ്യയും അഫ്‌ഗാനിലെ താലിബാനെ അംഗീകരിക്കുന്നുണ്ടോ? കെ.എന്‍.എം, ഹുസൈന്‍ മടവൂരിനെതിരെ അറബിയില്‍ തയാറാക്കി ഗള്‍ഫില്‍ പ്രചരിപ്പിച്ച ലഘുലേഖകളില്‍, ഹുസൈന്‍ മടവൂര്‍ താലിബാനെ എതിര്‍ക്കുന്നതായും ത്വാഗൂത്തിന്റെ കോടതികളില്‍ കേസ്‌ കൊടുക്കുന്നതായും പറയുന്നു (ആദര്‍ശവ്യതിയാനം ഒരു പുകമറ, പേജ്‌ 102-107). ഗള്‍ഫ്‌ സലഫികള്‍ താലിബാനെ അംഗീകരിക്കുകയും ത്വാഗൂത്തിയന്‍ കോടതികളെ എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ ഇത്തരമൊരു പ്രചാരണം നടത്തിയത്‌? കേരള മുജാഹിദുകള്‍ക്ക്‌ ഇങ്ങനെയൊരു വിശ്വാസം ഉണ്ടോ?
27. ജിന്ന്‌ ബാധയുടെ വിഷയത്തില്‍ മുജാഹിദുകാര്‍ ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരണം നടത്തി. പിന്നീട്‌ ഞങ്ങള്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ പ്രഖ്യാപിച്ചു. ഗൗരവപ്പെട്ട ഒരു വിഷയം വേണ്ടത്ര പഠിക്കാതെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയല്ലേ മുജാഹിദുകള്‍ ചെയ്യുന്നത്‌? ജിന്ന്‌ ബാധ വിഷയങ്ങളില്‍ പ്രചണ്ഡമായ പ്രചാരം നടത്തിയപോലെ, അതില്‍ കുടുങ്ങി തെറ്റായവിശ്വാസത്തിലെത്തിയവരെ മോചിപ്പിക്കാന്‍ പ്രചാരണം നടത്താത്തതെന്ത്‌? ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി ചെലവഴിക്കേണ്ട പണവും സമയവും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുംവിധം വിനിയോഗിക്കുകയല്ലേ ചെയ്‌തത്‌? മുസ്‌ലിംകള്‍ക്കിടയില്‍ അനാവശ്യ ചര്‍ച്ചകള്‍ സൃഷ്‌ടിക്കുകയെന്ന ജൂതഗൂഢാലോചനയുടെ വിജയമല്ലേ ജിന്ന്‌ വിവാദം?
28. പലിശാധിഷ്‌ഠിത ബാങ്കുകളുടെ ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നവരും, മതവിരുദ്ധമെന്ന്‌ നിങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുമായ മുജാഹിദുകാരെക്കുറിച്ച്‌ എന്താണഭിപ്രായം?
29. സമസ്‌ത ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മില്‍ വിശ്വാസപരമോ കര്‍മശാസ്‌ത്രപരമോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി അറിയില്ല. പക്ഷേ, സമസ്‌ത എ.പി വിഭാഗവുമായി നിരന്തര വാദപ്രതിവാദത്തിലേര്‍പ്പെടുന്ന മുജാഹിദുകാര്‍ എന്തുകൊണ്ട്‌ എ.പി വിഭാഗത്തോട്‌ നടത്തുന്നതുപോലെ ഇ.കെ വിഭാഗവുമായി നിരന്തരം അത്തരം വാദപ്രതിവാദങ്ങള്‍ നടത്താത്തത്‌? മുജാഹിദുകാരും ഇ.കെ സുന്നികളും മുസ്‌ലിം ലീഗുകാരായതുകൊണ്ടാണോ?
30. മുസ്‌ലിംകള്‍ അമുസ്‌ലിംകളെ ആത്മസുഹൃത്തുക്കളാക്കരുതെന്നും ഓണത്തിന്‌ ഹിന്ദുവിന്റെ വീട്ടില്‍നിന്ന്‌ ഭക്ഷണം കഴിക്കരുതെന്നും മുജാഹിദ്‌ നേതാവ്‌ ജുമുഅ ഖുത്വ്‌ബ നടത്തി. മാതൃഭൂമി വാരികയില്‍ (2006 നവംബര്‍ 12-18). എന്‍.പി ഹാഫിസ്‌ മുഹമ്മദ്‌ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ലേഖനം എഴുതി. മുഹാജിദ്‌ നേതാവിന്റെ ഈ വീക്ഷണം മുജാഹിദ്‌ പ്രസ്ഥാനം അംഗീകരിക്കുന്നുണ്ടോ? ഇത്‌ ഇസ്‌ലാമികമാണോ? ബഹുസ്വര സമൂഹത്തില്‍ സാമുദായികതയും വര്‍ഗീയതയും വളര്‍ത്തുകയല്ലേ ഇത്‌ ചെയ്യുന്നത്‌?

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Blogger Templates